ബഹളങ്ങൾ കേട്ട് അടുത്ത വീട്ടിലുള്ളവർ വരുന്നതും , സംസാരിക്കുന്നതുമൊക്കെ അറിഞ്ഞെങ്കിലും അവൻ പുറത്തേക്കിറങ്ങിയില്ല…

ഹൃദയങ്ങളിലൂടെ…. ഭാഗം 01

എഴുത്ത്: കർണൻ സൂര്യപുത്രന്‍

=============

“ചിറ്റ എന്തൊക്കെ പറഞ്ഞാലും  ഞാനിതിനു സമ്മതിക്കില്ല.. ” പ്രദീപ്‌ തീർത്തു പറഞ്ഞു…പുറത്തേക്കിറങ്ങാൻ തുനിയവേ ഒന്നുകൂടി അവൻ യശോദയെ നോക്കി..

“ഈ ഭൂമിയിൽ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരേയൊരാൾ ചിറ്റ മാത്രമാ..ഈ കാര്യത്തിൽ ചിറ്റയെ എതിർക്കേണ്ടി വരുന്നതിൽ സങ്കടംണ്ട്…പക്ഷേ കഴിഞ്ഞതൊന്നും മറക്കാൻ  എന്നെക്കൊണ്ട് പറ്റില്ല…ഇനിയും ഇക്കാര്യം പറഞ്ഞാൽ ഞാൻ എങ്ങോട്ടെങ്കിലും പോകും… ജീവിതം വെറുത്ത് നിൽക്കുകയാ…”.

“കണ്ണാ…നീയും അവളും എനിക്കൊരുപോലാ…ഒരു തെറ്റു പറ്റി..എന്ന് വച്ചു ജീവിതകാലം മുഴുവൻ അവളതിന് അനുഭവിക്കണോടാ?.. “

“ഞാൻ പറയാനുള്ളത് പറഞ്ഞു.. “

അവൻ പുറത്തേക്ക് ഇറങ്ങിപ്പോയി..ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടതും യശോദ കസേരയിലേക്ക് തളർന്നിരുന്നു…

വർക്ക് ഷോപ്പിന്റെ സൈഡിൽ ബൈക്ക് നിർത്തി പ്രദീപ്‌ അകത്തു പോയി ഡ്രസ്സ്‌ മാറി..ഓണർ സനീഷ് അകത്തേക്ക് തലയിട്ടു…

“പ്രദീപേ…ആ ബാദുഷേടെ ബ്രേക്ക്‌ ഒന്ന് അഡ്ജസ്റ്റ് ചെയ്തു കൊടുക്ക്…അവർക്ക് ട്രിപ്പിനുള്ള സമയമായി..അതുകഴിഞ്ഞ് കൃഷ്ണകൃപയുടെ ഗിയർബോക്സ്‌ ഇറക്കണം…മറ്റുള്ളതൊക്കെ അതിന് ശേഷം  നോക്കിയാ മതി.”

അവൻ തലയാട്ടി…സനീഷ്  അവനെയൊന്ന് നോക്കി..

“ഇന്നലെ ഇവിടുന്ന് അടിച്ചത് പോരാഞ്ഞിട്ട് വേറെയും വാങ്ങി കേറ്റി..അല്ലേ?”

“ഏയ്…ഇല്ല സനിയേട്ടാ…”

“നീ കള്ളം പറയണ്ട..നിന്നെ ഇന്നലെ രാത്രി വൈശാഖ് ബാറിനു മുന്നിൽ കണ്ടവരുണ്ട്..”

പ്രദീപ്‌ തലകുനിച്ചു  നിന്നതേയുള്ളൂ…

“കാര്യം നീയെന്റെ പണിക്കാരനാ…ആഴ്ചയ്ക്ക് കൂലി കൃത്യമായി  തരുന്നുമുണ്ട്..നീ ക ള്ളുകുടിച്ചാലും പെണ്ണ് പിടിച്ചാലും അതൊന്നും എന്നെ ബാധിക്കില്ല..പക്ഷേ നിന്നോടുള്ള സ്നേഹം കൊണ്ട് പറയുന്നതാണെന്ന് കൂടിയാൽ മതി…ഒന്ന് നിയന്ത്രിക്കെടാ…നീ  മറ്റുള്ളവരുടെ കൂടെ പോയാൽ  കണക്കില്ലാതെ വെള്ളമടിക്കും എന്നറിയാവുന്നത് കൊണ്ടാ ഞാൻ  രണ്ടെണ്ണം ഒഴിച്ചു തരുന്നത്..അതും കഴിച്ചു വീട്ടിൽ പോയി കിടന്നുറങ്ങട്ടെ എന്ന് കരുതി..പക്ഷെ നീ കൂടുതൽ വഷളാവുകയാണ്…കാശ് പിന്നേം ഉണ്ടാക്കാം…ആരോഗ്യം പോയാൽ പിന്നെ ദുഖിച്ചിട്ട് കാര്യമില്ല…”

“ഞാനനുഭവിക്കുന്ന വേദന സനിയേട്ടന് ഊഹിക്കാൻ പോലും പറ്റില്ല…നാലെണ്ണം കൂടുതൽ അടിക്കുന്നത് കുറച്ചു നേരമെങ്കിലും ഒന്നുറങ്ങാൻ വേണ്ടി മാത്രമാ…ഞാനിങ്ങനെ പൊയ്ക്കോളാം..മരിക്കുന്നത് വരെ  ജീവിച്ചു തീർക്കണ്ടേ..?”

കുറച്ചു ബനിയൻ വേസ്റ്റും ടൂൾബോക്സും എടുത്ത് അവൻ പുറത്തിറങ്ങി ബാദുഷ ബസിന്റെ അടുത്തേക്ക് നീങ്ങി…അവനെ കണ്ടതും അതിലെ ജീവനക്കാർക്ക് ആശ്വാസമായി..

“ഒന്ന് വേഗം നോക്ക് മോനേ….ട്രിപ്പ്‌ മിസ്സാക്കാൻ പറ്റില്ല..കുറച്ചെങ്കിലും ആൾക്കാരെ കിട്ടുന്നത് ഈ  സമയത്താണ്..”  കണ്ടക്ടർ പറഞ്ഞു…

പ്രദീപ്‌ ബസിനടിയിലേക്ക് കയറുന്നത്  സനീഷ്  നോക്കി നിന്നു..വലിയ വാഹനങ്ങൾക്കായുള്ള ആ വർക്ക്‌ ഷോപ്പിലെ ഏറ്റവും മിടുക്കനായ ജോലിക്കാരനാണ് പ്രദീപ്‌…അവനവിടെ ഉള്ളത് കൊണ്ടു മാത്രം വരുന്ന വണ്ടികളും ഉണ്ട്‌….എല്ലാവർക്കും നല്ലത് മാത്രമേ പറയാനുള്ളൂ..പക്ഷേ  ഒരേയൊരു കുഴപ്പം മാത്രം..

മ ദ്യപാനം….അമിതമായി…..അവനെ വര്ഷങ്ങളായി അറിയുന്നത് കൊണ്ട് സനീഷിന് കുറ്റപ്പെടുത്താനും കഴിയില്ല…..

ഉച്ചയായപ്പോൾ പ്രദീപ്‌ , സനീഷിന്റെ അടുത്തെത്തി.

“ഞാൻ പൊയ്ക്കോട്ടേ…”?

“എന്താടാ? സുഖമില്ലേ?”

“മനസ്സ് ശരിയല്ല…”

“നീ പൊയ്ക്കോ…ബാറിൽ കിടന്നുറങ്ങരുത്…വീട്ടിൽ പൊക്കോണം “

അവൻ ഒന്നും മിണ്ടാതെ ഡ്രസ്സ്‌ മാറി  ബൈക്കുമെടുത്ത് നേരെ ടൗണിലേക്ക് പോയി….ബാറിലിരുന്ന് മൂന്നാമത്തെ പെഗ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചിറ്റയുടെ കാൾ വന്നത്…

“നീ എവിടാ കണ്ണാ.?”

“എന്താ?”.

“അധികം കഴിക്കരുത്…അത് പറയാനാ..”

വേദനയോടെ യശോദ പറഞ്ഞു…

“ഞാൻ ഉച്ചവരെയേ ജോലിക്ക് ഉണ്ടായിരുന്നുള്ളൂ എന്ന് സനിയേട്ടൻ വിളിച്ചു പറഞ്ഞ് അല്ലേ?”

“ഉവ്വ്..നിന്റെ കാര്യത്തിൽ പേടിയുള്ള ചിലരെങ്കിലും ഉണ്ട്‌ എന്ന് മനസിലായല്ലോ? അവളുടെ കാര്യം പറഞ്ഞത് കൊണ്ടാണ് നീ  ഇന്ന് കുടിക്കുന്നതെങ്കിൽ, ക്ഷമിച്ചേക്ക്. ഇനി ഞാൻ മിണ്ടുന്നില്ല പോരേ… “

യശോദ ഫോൺ  വച്ചു..കുറച്ച് നേരം  ചിന്തിച്ചിരുന്ന ശേഷം അരലിറ്റർ ബ്രാ ണ്ടി പൊതിഞ്ഞ് വാങ്ങി അവൻ വീട്ടിലേക്ക് ബൈക്ക് ഓടിച്ചു…മുറ്റത്തു എത്തുമ്പോൾ ചിറ്റ തൊടിയിൽ വീണ മാങ്ങ പെറുക്കി വരികയായിരുന്നു..

“കൈകഴുക്..ഞാൻ ചോറെടുക്കാം..”

“വേണ്ട..ഞാൻ  കഴിച്ചു …” അവൻ കള്ളം പറഞ്ഞു മുറിയിലേക്ക് നടന്നു. ബാത്‌റൂമിലെ ടാപ്പിൽ നിന്നും വെള്ളമെടുത്തു മ ദ്യത്തിൽ ചേർത്ത് കുടിച്ചു…പുറത്തിറങ്ങി കട്ടിലിലേക്ക് ചാഞ്ഞു…വെറും വയറ്റിലേക്ക് വീണ്ടും വീണ്ടും മ ദ്യം പ്രവേശിച്ചപ്പോൾ ശരീരം കോപിച്ചു…മനം പുരട്ടൽ രൂക്ഷമായതോടെ അവൻ വീണ്ടും ബാത്‌റൂമിൽ കയറി…അതുവരെ അകത്തേക്ക് ചെന്നതെല്ലാം  ഒറ്റയടിക്ക് വെളിയിൽ വന്നു…ഷവർ ഓൺ ചെയ്തു പ്രദീപ്‌ അതിന്  ചുവട്ടിൽ ഇരുന്നു…എല്ലാം മറക്കണം എന്ന ഉദ്ദേശത്തോടെ കഴിച്ച മ ദ്യത്തിനൊപ്പം പുറത്ത് വന്നത്  ദുർഗന്ധമുള്ള ഓർമകളും കൂടിയാണെന്ന് അവൻ മനസിലാക്കി..നെറുകയിലേക്ക് വീഴുന്ന  വെള്ളത്തിന്റെ താളത്തിൽ അവൻ ശ്രദ്ധയൂന്നി കണ്ണുകളടച്ചു…..

****************

ആറാം ക്ലാസ്….

മൂന്നാമത്തെ പിരീഡ് സുന്ദരൻ മാഷ് കണക്ക് ക്ലാസ്സ്‌ എടുക്കുകയാണ്…പ്യൂൺ കുമാരേട്ടൻ കയറി വന്ന് എന്തോ പറഞ്ഞു..

“പ്രദീപേ…ഓഫീസ് റൂമിലേക്ക് പോ..”

പരിഭ്രമത്തോടെ അവൻ  എഴുന്നേറ്റ് ഓഫിസിലേക്ക് നടന്നു…അവിടെ കസേരയിൽ  തളർന്നിരിക്കുന്ന രണ്ടാം ക്ലാസുകാരി മാനസ….

“പനിയുണ്ടെങ്കിൽ എന്തിനാ മോനേ ഇവളെ സ്കൂളിൽ കൊണ്ടു വന്നത്?”
കമല ടീച്ചർ കുറ്റപ്പെടുത്തി…അവൻ മെല്ലെ അവളുടെ അടുത്തേക്ക് പോയി…

“അമ്മ പറഞ്ഞു കുഴപ്പമില്ലെന്ന്…അതോണ്ടാ ടീച്ചറെ…”

“വാ…ഡോക്ടറെ കാണിക്കാം…എന്നിട്ട് വീട്ടിൽ പൊയ്ക്കോ…” മാനസ ഞെട്ടലോടെ അവന്റെ കയ്യിൽ പിടിച്ചു…

“വേണ്ടേട്ടാ….സൂചി വെക്കും…എനിക്ക് പേടിയാ…” കുഞ്ഞു കണ്ണുകൾ നിറഞ്ഞു..

“ഇല്ല വാവേ…നമുക്ക് പ്രേമൻ ഡോക്ടറുടെ അടുത്ത് പോവാം..മുട്ടായി മരുന്ന് തരും..” പ്രദീപ്‌ ആശ്വസിപ്പിച്ചു…

സ്കൂളിന് തൊട്ടടുത്താണ് ഹോമിയോ ഡോക്ടർ പ്രേമന്റെ വീട്…അടുത്തെങ്ങും വേറെ ആശുപത്രി ഇല്ല…കമലടീച്ചർ കൂടെ വന്നു..പരിശോധനയ്ക്ക് ശേഷം ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പിയിൽ വെള്ള ഗുളികകൾ ചെറു ചിരിയോടെ  ഡോക്ടർ നീട്ടി..

“പേടിക്കാനൊന്നുമില്ല…ഭക്ഷണത്തിനു ശേഷം നാലു ഗുളിക വീതം കഴിച്ചാൽ  മതി… “

“പ്രദീപേ, ഞാൻ വീട്ടിലേക്ക് വരണോ?അതോ അനിയത്തിയെയും കൊണ്ട് നീ പോകുമോ?” വെളിയിലിറങ്ങി കമല ടീച്ചർ ചോദിച്ചു..

“ഞാൻ പൊയ്ക്കോളാം “

“മോളെ, പുറത്തിറങ്ങികളിക്കരുത്..മരുന്ന് കഴിച്ച് പുതച്ചു മൂടി കിടക്കണം..കേട്ടല്ലോ?”

മാനസ തലയാട്ടി…പ്രദീപ്‌ അവളുടെയും തന്റെയും ബാഗുകൾ ഒരു കൈയിൽ പിടിച്ചു…മറു കയ്യാൽ അവളെ ചേർത്തു നിർത്തി നടന്നു….സ്കൂളിനടുത്ത് തന്നെയാണ് വീട്..രാമൻ നമ്പ്യാരുടെ തെങ്ങിൻ തോപ്പിലൂടെ നടന്നാൽ  വേഗം  വീടെത്താം…ഇന്നലെ രാത്രി മുതൽ അവൾക്കു പനിക്കോളുണ്ടായിരുന്നു..പക്ഷേ രാവിലെ അമ്മ തൊട്ടു നോക്കി..

“സ്കൂളിൽ പോവാണ്ട് ഇവിടിരുന്നു കളിക്കാനല്ലേ? ഇപ്പൊ പനിയൊക്കെ മാറി..”

അമ്മയോട് മറുത്തൊന്നും പറഞ്ഞില്ല..അച്ഛനുണ്ടായിരുന്നെങ്കിൽ വിടില്ലായിരുന്നു…വീട് തോറും നടന്നു തവണ വ്യവസ്ഥയിൽ തുണിക്കച്ചവടം നടത്തുന്ന അച്ഛൻ രാത്രിയാണ് തിരിച്ചെത്തുക.

“ഏട്ടാ..കാല് വേദനിക്കുന്നു..”  തളർന്ന ശബ്ദത്തിൽ  മാനസ പറഞ്ഞു…

“ബാ…ഏട്ടൻ വാവയെ എടുക്കാം…”. രണ്ടു ബാഗും ചുമലിൽ ഇട്ട്  അവൻ കുഞ്ഞനിയത്തിയെ എടുത്തു..അവളുടെയും ബാഗിന്റെയും ഭാരം താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല…എന്നാലും അവൻ പതിയെ മുന്നോട്ട് നടന്നു..മാനസ അവന്റെ തോളിലേക്ക് മുഖം ചായ്ച്ചു….ചെമ്മൺ പാതയിൽ നിന്നും വീട്ടു മുറ്റത്തേക്കുള്ള കൽ പടവുകൾ കയറിയപ്പോഴേക്കും പ്രദീപ് കിതച്ചു പോയി…വാതിൽ അടഞ്ഞു കിടക്കുന്നു..അമ്മ വീട്ടിലെ പണിയെല്ലാം തീർത്തിട്ട് പുറകിലുള്ള  ഖദീജുമ്മയുടെ ഉമ്മറത്തിരുന്നു നാട്ടു വർത്തമാനം പറയുന്നുണ്ടാകും…

“മോളിവിടെ ഇരിക്ക്…ഏട്ടൻ അമ്മയെ വിളിച്ചിട്ട് വരാട്ടോ..”

“ഞാനും വരുന്നേട്ടാ….”  അവളുടെ ദേഹം  ചെറുതായി വിറയ്ക്കുന്നുണ്ട്..അവൻ ബാഗുകൾ ഉമ്മറത്തു വച്ച് അവളെ  വീണ്ടുമെടുത്തു..വടക്കു വശത്തുകൂടെ പുറകിലേക്ക് നടന്നു…അച്ഛനുമമ്മയും കിടക്കാറുള്ള റൂമിന്റെ ജനലരികിൽ എത്തിയപ്പോൾ അകത്തു നിന്നും എന്തോ ശബ്ദം കേട്ട് അവൻ നിന്നു…

ചിതലരിച്ചു തുടങ്ങിയ മരത്തിന്റെ ജനൽപ്പാളി അവൻ കുറച്ചു തുറന്നു…അകത്തെ കട്ടിലിൽ രണ്ടുമനുഷ്യർ കരിനാഗങ്ങളെ പോലെ പു ളയുന്നു…പൂർണന ഗ്നരായ അതിൽ ഒരാൾ സ്വന്തം അമ്മയും മറ്റേത് ചിട്ടികാശ് പിരിക്കാൻ വരുന്ന തോമസ് ചേട്ടനും ആണെന്ന് ഞെട്ടലോടെ ആ പതിനൊന്നുകാരൻ മനസ്സിലാക്കി…

മാനസ കാര്യമറിയാതെ നോക്കുകയാണ്…പ്രദീപ്‌ കൈയാൽ അവളുടെ കണ്ണുകൾ മറച്ചു പിടിച്ചു..എന്നിട്ട് തിരികെ നടന്നു…

അനിയത്തി എന്തോ ചോദിക്കുവാൻ തുടങ്ങും മുൻപേ അവൻ സംസാരിച്ചു…

“വാവയ്ക്ക് ഏട്ടൻ വാച്ചും കണ്ണടയും ഉണ്ടാക്കി തരട്ടെ…?”

അവൾ സന്തോഷത്തോടെ തലയാട്ടി…അവളെയുമെടുത്ത്  പ്രദീപ്‌ രാമൻ നമ്പ്യാരുടെ തോട്ടത്തിലെത്തി…നല്ല തണലുള്ള ഒരിടത്ത് അവളെയിരുത്തി…പച്ചോല കൊണ്ട് വാച്ചും കണ്ണടയും ഉണ്ടാക്കി കൊടുത്തപ്പോൾ ആ കുഞ്ഞു മുഖം വിടർന്നു…പ്രദീപിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു…കുറേ സമയം അങ്ങനെ പോയി…

“വാവേ…വിശക്കുന്നുണ്ടോ?”

“ഉം..”

അവൻ എണീറ്റ് അവളെയെടുത്തു..മമ്മദിക്കയുടെ ചായക്കടയിലേക്ക് നടന്നു..ഓലമേഞ്ഞ  ഒരു ചെറിയ കടയാണ് അത്…മമ്മദിക്ക  പഴയൊരു റേഡിയോ ട്യൂൺ ചെയ്യുകയാണ്…

“അല്ലാ ഇതാരപ്പാ…ഇന്ന് സ്കൂളിൽ പോയില്ലേ? “

മുൻവശത്തെ പല്ലിന്റെ ശൂന്യത തുറന്നു കാട്ടി അയാൾ ചിരിച്ചു..

“മമ്മദിക്കാ..ഒരു പാലും  ബന്നും തരുമോ? അച്ഛൻ വന്നിട്ട് പൈസ തരാം…”

“അതിനെന്താ  തരാല്ലോ”….

പ്രദീപ്‌ മാനസയെ  ബഞ്ചിലിരുത്തി….

“ഏട്ടാ…മസാല ബന്ന് മതി…”.

അവൾ അവന്റെ കൈയിൽ തോണ്ടി…അത് കേട്ടിട്ടാവണം ഒരു മസാല ബൺ  മമ്മദിക്ക അവൾക്കു കൊടുത്തു…പാലിന്റെ ചൂടാറ്റി  മുന്നിൽ വച്ചു..

“നിനക്കൊന്നും വേണ്ടേ മോനേ?”

“വേണ്ടിക്കാ, നിക്ക് വിശപ്പില്ല..”

“അമ്മ വീട്ടിലില്ലേ?”

അവൻ പരിഭ്രമത്തോടെ  മാനസയെ നോക്കി..അവളെന്തെങ്കിലും പറഞ്ഞാലോ..അവൾ  ശ്രദ്ധപൂർവം  ബണ്ണിനകത്തെ മധുരം നുള്ളിയെടുക്കുകയാണ്…

“അമ്മ മാമീടെ വീട്ടിൽ പോയതാ…താക്കോൽ വയ്ക്കാൻ മറന്നു..”

കള്ളം പറയുന്നത് പാപമാണെന്ന്  സരസ്വതി ടീച്ചർ പഠിപ്പിച്ചിട്ടുണ്ട്…പക്ഷേ ചില സമയത്ത് കള്ളങ്ങൾ അനിവാര്യമാണെന്ന വലിയ പാഠം അവൻ തിരിച്ചറിയുകയായിരുന്നു…പാൽ കുടിച്ചതിനു ശേഷം പോക്കറ്റിൽ നിന്നു ബോട്ടിലെടുത്തു നാലു  ഗുളികകൾ മാനസയെക്കൊണ്ട് കഴിപ്പിച്ചു…അതിന് ശേഷം രണ്ടു പേരും എഴുന്നേറ്റ് നടന്നു…

ആമ്പൽകുളത്തിനരികിലെ  ചെമ്പകചോട്ടിൽ അനിയത്തിയെ ചേർത്തു പിടിച്ചിരിക്കുമ്പോൾ എന്തു ചെയ്യണം എന്നറിയാതെ അവന്റെ കുഞ്ഞുഹൃദയം തേങ്ങുകയായിരുന്നു…അമ്മയോട് വല്ലാത്ത വെറുപ്പ് തോന്നുന്നു…തോമസ് ചേട്ടൻ അച്ഛന്റെ കൂട്ടുകാരനാണ്….ഇടയ്ക്കിടെ വീട്ടിൽ വരാറുമുണ്ട്…താടി മാമൻ എന്നാണ്  മാനസ അയാളെ വിളിച്ചിരുന്നത്..

“ഏട്ടാ…പോകാം…”? അവൾ  ചോദിച്ചു.

അവൻ വീണുകിടന്ന ചെമ്പകപ്പൂക്കൾ  പെറുക്കിയെടുത്ത് വാഴനാരിൽ കോർത്തു മാലയുണ്ടാക്കി അവൾക്കു നീട്ടി…പിന്നെ അവളുടെ ശ്രദ്ധ അതിലേക്ക് മാറി….നേരം കുറേ ആയി എന്ന് മനസിലായതോടെ അവൻ അവളെയും കൂട്ടി വീട്ടിലേക്ക് നടന്നു…വീടിനടുത്തു എത്താറായപ്പോൾ തുണിക്കെട്ട് നിലത്തിറക്കി വച്ച് , റോഡരികിൽ പശുക്കളെ മേയ്ക്കുകയായിരുന്ന ഭവാനിച്ചേച്ചിയോട് സംസാരിച്ചു നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ അവന് കുറച്ച് ആശ്വാസമായി…

“മക്കള് സ്കൂളിൽ പോയില്ലേ?”

“വാവയ്ക്ക് പനിക്കുന്നത് കൊണ്ട് തിരിച്ചു വന്നതാ… “

“ന്റെ സുന്ദരിക്കുട്ടിക്ക് എന്തു പറ്റിയതാ…?” അയാൾ മാനസയെ വാരിയെടുത്തു…

“അച്ഛൻ വള വാങ്ങിയോ?”

“വാങ്ങിച്ചല്ലോ…ഇതാ ഈ  സഞ്ചിയിലുണ്ട്..വീട്ടിലെത്തിയിട്ട് തരാട്ടോ…” അവളുടെ കവിളിൽ ഉമ്മ കൊടുത്തുകൊണ്ട് അയാൾ പുഞ്ചിരിച്ചു എന്നിട്ട് ഒരു കയ്യിൽ തുണിക്കെട്ട് എടുത്ത് മുന്നോട്ട് നടന്നു…

“അമ്മ ഇനിയും വന്നില്ലേ? നിങ്ങള് ചായക്കടയിൽ പോയെന്ന് മമ്മദ് പറഞ്ഞു..”

അച്ഛന്റെ ചോദ്യത്തിന് മുന്നിൽ പ്രദീപ് ഒന്ന് പകച്ചു…അവനെന്തെങ്കിലും പറയുന്നതിന് മുൻപ് മാനസ  സംസാരിച്ചു…

“അമ്മ വീട്ടിലുണ്ടല്ലോ…താടി മാമനും അമ്മേം…വാതിൽ തുറന്നില്ല…അതോണ്ടാ ഏട്ടനും ഞാനും കളിക്കാൻ പോയത്..” നിഷ്കളങ്കമായ വാക്കുകൾ കേട്ട് ഞെട്ടലോടെ അച്ഛൻ പ്രദീപിനെ നോക്കി…അവൻ തലകുനിച്ചു നില്കുകയാണ്..

“എന്താ കണ്ണാ വാവ പറയുന്നത്?”

അവനൊന്നും മിണ്ടിയില്ല…അയാൾ അവന്റെ താടിയിൽ പിടിച്ചുയർത്തി…കരയുകയാണെന്നു കണ്ടതോടെ ആ മനുഷ്യന്റെ  ആധി വർദ്ധിച്ചു..

“മോൻ പറ…”

അവൻ കണ്മുന്നിൽ കണ്ടത് തുറന്നു പറഞ്ഞു…അച്ഛന്റെ മുഖഭാവം മാറുന്നത് പേടിയോടെ അവൻ കണ്ടു…അയാൾ  മാനസയെയും എടുത്ത് വേഗത്തിൽ വീട്ടിലേക്ക് നടന്നു…അച്ഛന്റെയൊപ്പം എത്താൻ പ്രദീപിന് ഓടേണ്ടി വന്നു….

വീട്ടിലെത്തിയ ഉടൻ അവൻ അനിയത്തിയെയും കൊണ്ട് മുറിയിൽ കയറി കതകടച്ചു….അടുക്കളയിൽ നിന്നും അടിയുടെയും നിലവിളിയുടെയും ശബ്ദം ഉയർന്നതും  മാനസ ഭയന്നു വിറച്ചു…കട്ടിലിൽ അവളെ കിടത്തിയ ശേഷം അവനും കയറി കിടന്നു പുതപ്പെടുത്ത് തലമുതൽ പാദം വരെ പുതച്ചു..അടുക്കളയിലെ ബഹളം വ്യക്തമായി കേൾക്കാം…

“രാപകലില്ലാതെ നിനക്കൊക്കെ വേണ്ടി കഷ്ടപ്പെടുന്ന എന്നോട് ഇത് വേണമായിരുന്നോടീ?..ഇതിലും ഭേദം എന്നെ കൊ ല്ലുന്നതായിരുന്നു….”

“ദേ, മറ്റുള്ളവരുടെ വാക്കു കേട്ട്  അനാവശ്യം പറഞ്ഞാലുണ്ടല്ലോ…ചിട്ടിയുടെ കാശ് വാങ്ങാൻ അങ്ങേര് വന്നെന്നത് സത്യമാ..ഉടനെ പോവുകേം ചെയ്തു…നാട്ടുകാർ ഓരോന്ന് പറഞ്ഞുണ്ടാക്കുന്നതാ “

“നാട്ടുകാരല്ലെടീ….എന്റെ പിള്ളേര് നേരിട്ട് കണ്ടതാ….സുഖമില്ലാത്ത കൊച്ചിനെ സ്കൂളിലേക്ക് നിർബന്ധിച്ചു പറഞ്ഞയച്ചത് നിനക്ക് കണ്ടവന്റെ  കൂടെ കിടക്കാനായിരുന്നു അല്ലേ..?”

വീണ്ടും ഒരടിയുടെയും പാത്രങ്ങൾ  വീണുടയുന്നതിന്റെയും ശബ്ദങ്ങൾ…

“ഇനിയെന്നെ തൊടരുത്…” അമ്മയുടെ അലർച്ച…

“അതേ…എല്ലാം സത്യമാ..ഇതെന്റെ വീടാ..എന്റെ അച്ഛൻ തന്ന പൈസക്ക് വാങ്ങിയ  വീട്…ഇവിടെ എനിക്കിഷ്ടമുള്ളത് പോലെ ജീവിക്കും..തനിക്കു പറ്റില്ലെങ്കിൽ ഇറങ്ങി പോടാ……***–“

അവസാനം അമ്മയുടെ വായിൽ നിന്നും വന്ന വാക്കു കേട്ടയുടനെ അവൻ  മാനസയുടെ കാത് പൊത്തി..ഈ വാക്ക് ഒരിക്കൽ സ്കൂളിൽ പറഞ്ഞതിന്  ശങ്കരൻ മാഷ് രതീശനെ ചൂരൽ കൊണ്ടടിക്കുകയും ബഞ്ചിൽ കേറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്…

“അമ്മ ചീത്തയാണ് അല്ലേ ഏട്ടാ…?”

പുതപ്പിനുള്ളിൽ നിന്നും താഴ്ന്ന സ്വരം….പ്രദീപ്‌ അവളെ  കെട്ടിപ്പിടിച്ചു….മറുപടി ഒന്നും പറഞ്ഞില്ല..പക്ഷേ അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു..

അതേ…അമ്മ ചീത്തയാണ്…ചീത്ത….

അതൊരു കാ ളരാത്രി  തന്നെയായിരുന്നു..ബഹളങ്ങൾ കേട്ട് അടുത്ത വീട്ടിലുള്ളവർ വരുന്നതും , സംസാരിക്കുന്നതുമൊക്കെ അറിഞ്ഞെങ്കിലും അവൻ പുറത്തേക്കിറങ്ങിയില്ല..മണിക്കൂറുകൾ കടന്ന് പോയി….മാനസ  തളർന്നുറങ്ങിക്കഴിഞ്ഞു…അവൻ  അവളുടെ നെറ്റി തൊട്ടു നോക്കി..ചൂട് കുറഞ്ഞിട്ടുണ്ട്….തന്നെ ചുറ്റിയ അവളുടെ കുഞ്ഞു കൈ മെല്ലെ എടുത്ത് മാറ്റിയ ശേഷം അവൻ  എഴുന്നേറ്റ് പുറത്തേക്ക് നടന്നു..അച്ഛനെ അവിടെങ്ങും കണ്ടില്ല…അവരുടെ റൂമിൽ അമ്മ കമിഴ്ന്നു കിടക്കുന്നുണ്ട്…അവന് വല്ലാത്ത ഭയം തോന്നി…

കഠിനമായ വിശപ്പ് ഉണ്ട്‌..അവൻ  ഒച്ചയുണ്ടാക്കാതെ അടുക്കളയിൽ കയറി…നിലം മുഴുവൻ ചിതറിയ പാത്രങ്ങൾ…മൂലയിലെ കുടത്തിൽ നിന്ന് കുറച്ചു വെള്ളമെടുത്തു കുടിച്ച് അവൻ  തിരിച്ചു വന്നു കിടന്നു….

“കണ്ണാ…ഉറങ്ങിയോ?”.കുറെ കഴിഞ്ഞപ്പോൾ അടുത്ത് നിന്ന് ചോദ്യം..അച്ഛനാണ്..

അവനൊന്നും മിണ്ടാതെ ഉറക്കം നടിച്ചു…ക ള്ളിന്റെ മണമടിക്കുന്നുണ്ട്…അച്ഛൻ തന്റെയും  മാനസയുടെയും കവിളിൽ ഉമ്മ വച്ചതും  എഴുന്നേറ്റ് പോയതുമൊക്കെ അറിഞ്ഞെങ്കിലും അവൻ അനങ്ങിയില്ല..ആ മനസ്സിൽ ചിന്തകൾ  പക്വതയാർജിക്കുകയായിരുന്നു….

രാവിലെ എഴുന്നേറ്റു ടോയ്‌ലെറ്റിൽ പോയി വരുമ്പോൾ മുടി വാരിക്കെട്ടിക്കൊണ്ട് മുന്നിൽ അമ്മ…പകയോടെയുള്ള അമ്മയുടെ നോട്ടം കണ്ടപ്പോൾ തന്നെ അവന് പേടിയായി….മുറിയിൽ കയറി പെട്ടെന്ന് വസ്ത്രം മാറ്റി…മാനസയെ വിളിച്ചെഴുന്നേൽപ്പിച്ചു…അവളുടെ ഡ്രസ്സും മാറ്റിപ്പിച്ചു…ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ അവന്റെയും അവളുടെയും  കുറച്ചു ഡ്രെസ്സുകൾ എടുത്ത് വച്ചു..കഴിഞ്ഞ ഓണത്തിന് അച്ഛൻ വാങ്ങി തന്ന  ഭണ്ഡാരം പൊളിച്ചു..ആകെയുണ്ടായിരുന്ന കുറച്ചു നാണയങ്ങളും രൂപയും പോക്കറ്റിൽ ഇട്ടു.

“ഇതെന്തിനാ ഇപ്പൊ എടുക്കുന്നെ ? “

“പറയാം…മോള് വാ..”

“എവിടെക്കാ ഏട്ടാ?”

“നമ്മളിനി ഇവിടെ നില്കുന്നില്ല…ഇവിടാർക്കും നമ്മളെ  വേണ്ട “

“അയ്യോ…പിന്നെവിടെ പോകാനാ “?

“അതൊക്കെയുണ്ട് വാവേ..”

ഒരു സ്കൂൾ ബാഗിൽ രണ്ടു പേരുടെയും പുസ്തകങ്ങളും  നിറച്ച ശേഷം അതെടുത്തു തോളത്തിട്ടു…സഞ്ചിയുമെടുത്ത്  അവളുടെ കൈയും പിടിച്ച് പ്രദീപ്‌ മെല്ലെ മുറി വിട്ടിറങ്ങി…കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു..അമ്മ കുളിക്കുകയാണ്…അച്ഛന്റെ ചെരിപ്പ് പുറത്തില്ല..ഇന്നലെ രാത്രി എങ്ങോട്ടോ പോയതാവാം..ബസ് സ്റ്റോപ്പിലിരിക്കുമ്പോൾ മാനസ വീണ്ടും ചോദിച്ചു..

“നമ്മളെങ്ങോട്ടാ?..പറ  ഏട്ടാ?”

“ചിറ്റയുടെ വീട്ടിലേക്ക്..”

“സത്യായിട്ടും?” അവളുടെ മുഖം തെളിഞ്ഞു…യശോദ ചിറ്റയെ രണ്ടുപേർക്കും ഒത്തിരിയിഷ്ടമാണ്…അമ്മയുടെ അനിയത്തി…ഭർത്താവ് നേരത്തെ മരിച്ചു…ഭാഗം വയ്ക്കുമ്പോൾ കിട്ടിയ തറവാട്ടിൽ  അവർ ഒറ്റയ്ക്ക് താമസിക്കുകയാണ്…

ബസ് വന്നു…അവൻ അവളെ പിടിച്ചു കയറ്റി..പിന്നാലെ അവനും കയറി..

“എവിടെക്കാ മക്കളേ..?” കണ്ടക്ടർ  അടുത്തെത്തി…

“ഇല്ലിപ്പറമ്പ് തീപ്പെട്ടിക്കമ്പനിയുടെ മുന്നിൽ..” പൈസ കൊടുത്തു കൊണ്ട് അവൻ പറഞ്ഞു…

ബസ് ആടിയുലഞ്ഞ് മുന്നോട്ട് നീങ്ങി….ഒരു പുതിയ അദ്ധ്യായം ആരംഭിക്കുകയാണ്…

തുടരും….