എഴുത്ത്: അനില് മാത്യു
=============
ഈ ചെറുക്കൻ ഇതുവരെ എഴുന്നേറ്റില്ലേ? ചോദിച്ചു കൊണ്ട് അമ്മ അടുക്കളയിൽ നിന്ന് മുറിയിലേക്ക് വന്നു.
ഡാ, നിനക്ക് സ്കൂളിൽ പോകണ്ടേ? ശനിയാഴ്ചയും ഞായറാഴ്ചയും കിടന്ന് മറിഞ്ഞതിന്റെ ഷീണമാവും..എഴുന്നേറ്റു കുളിക്കാൻ നോക്കടാ.
ഉം..അലസമായി ഒന്ന് മൂളിയ ശേഷം വീണ്ടും പുതപ്പ് തലയിൽ കൂടി വലിച്ചിട്ട് ഞാൻ കിടന്നു.
ദേ മനുഷ്യാ..അവനോട് എഴുന്നേൽക്കാൻ പറയുന്നുണ്ടോ?വരാന്തയിൽ പത്രം നോക്കിക്കൊണ്ടിരുന്ന അച്ഛനോട് അമ്മ വിളിച്ചു പറഞ്ഞു.
ഡാ….
അഛന്റെ സ്വരം കേട്ടതും ഞാൻ പുതപ്പ് വലിച്ചെറിഞ്ഞു കണ്ണും തിരുമ്മി എഴുന്നേറ്റു.
ഉമിക്കരിയും കയ്യിലിട്ട് തിരുമ്മി കിണറിന്റെ അരികിലെ അലക്ക് കല്ലിൽ കയറിയിരുന്നു. കണ്ണിൽ നിന്ന് ഉറക്കം പോകുന്നില്ല. കണ്ണുമടച്ച് കുറച്ച് നേരം കൂടിയിരുന്നപ്പോൾ വീണ്ടും അമ്മയുടെ ശബ്ദം…
ഇന്ന് പരീക്ഷയുടെ പേപ്പറും വാങ്ങിച്ചോണ്ടിങ്ങു വാ…നിന്റെ ഉറക്കം ഞാൻ ശരിയാക്കിതരുന്നുണ്ട്.
ഒരു ഞെട്ടലോടെയാണ് ഞാനത് കേട്ടത്..
കർത്താവെ ഇന്ന് കണക്ക് പരീക്ഷയുടെ പേപ്പർ കിട്ടുമല്ലോ..ജയിക്കാൻ ഒരു വഴിയും കാണുന്നില്ല..സ്കൂളിന്നും അടി കിട്ടും ഇവിടുന്നും കിട്ടും..ഉറപ്പാ..
കുറേ നേരത്തെ തെറിവിളി കൂടെ കേട്ടശേഷം ഞാൻ ഒരുങ്ങി സ്കൂളിൽ പോകാനിറങ്ങി.
പോകുന്ന വഴിക്ക് വഴിയിലെ വേലിയ്ക്കൽ നിന്ന പാണലിന്റെ ഇല കുറച്ച് പറിച്ചു കാക്കി നിക്കറിന്റെ പോക്കറ്റിൽ തിരുകി. പാണലിന്റെ ഇല കയ്യിലുണ്ടെങ്കിൽ അടി കിട്ടില്ലെന്നുള്ളയൊരു വിശ്വാസം.
ക്ലാസ്സിലെത്തി..എല്ലാരും ടെൻഷനിൽ ആണ്. തോൽക്കുന്നത് എങ്ങനെയും സഹിക്കാം. കണക്ക് പഠിപ്പിക്കുന്ന ഗോപി സാറിന്റെ അടിയാണ് സഹിക്കാൻ പറ്റാത്തത്. അതാണ് പേടി.
ക്ലാസ്സ് തുടങ്ങാനുള്ള ബെല്ലടിച്ചപ്പോൾ ഹൃദയം പട പട മിടിയ്ക്കാൻ തുടങ്ങി. ആദ്യ പീരിയഡ് തന്നെ പുള്ളിയാണ്.
വരാന്തയിൽ കാല്പെരുമാറ്റം കേട്ടപ്പോൾ തന്നെ ക്ലാസ്സ് നിശബ്ദമായി. ഗോപി സാർ അതാ മന്ദം മന്ദം ക്ലാസ്സിലേക്ക് പ്രവേശിക്കുന്നു.
എല്ലാവരുടെയും നോട്ടം സാറിന്റെ കൈയ്യിലേക്കാണ്..പേപ്പറുണ്ട്..ഒപ്പം നീളമുള്ള ഒരു ചൂരലും…എന്റെ നെഞ്ചിലിപ്പോ പഞ്ചാരിമേളം നടക്കുകയാണ്.
അറ്റെൻഡൻസ് എടുത്ത ശേഷം സാറ് എല്ലാവരെയും ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു..ശരിക്കും നിങ്ങളൊക്കെ എന്തിനാ ഇങ്ങോട്ട് വരുന്നത്?
അത് കേട്ടതും സകല പ്രതീക്ഷയും പോയി..അപ്പൊ കാര്യായിട്ട് ഒന്നുമില്ല. ഞാൻ ചിന്തിച്ചു.
രണ്ടോ മൂന്നോ പേര് മാത്രം നന്നായി പഠിച്ചു..അവർക്ക് അതിനുള്ള മാർക്കും കിട്ടിയിട്ടുണ്ട്..ബാക്കിയുള്ളതെല്ലാം കോവർ ക ഴുതകളായി പോയല്ലോ..സാറ് തലയാട്ടിക്കൊണ്ട് പറഞ്ഞു.
സാറ് ഓരോരുത്തരെയായി വിളിച്ചു പേപ്പർ കൊടുത്തു തുടങ്ങി.
ഏറ്റവും കുറവ് മാർക്കുള്ളവരെ മുതലാണ് ആദ്യം വിളിച്ചത്..നാല് മാർക്ക് മുതൽ തുടങ്ങി..എട്ട് പത്ത്…പതിനാറ് തുടങ്ങിയ മാർക്കുകൾ കിട്ടിയവർ അവരുടെ പേപ്പറും അടിയും വാങ്ങി തൽസ്ഥാനത്ത് ച ന്തിയും തിരുമ്മി വന്നിരുന്നപ്പോൾ ഞാൻ ശരിക്കും പേടിച്ചു.
അമ്പതിലാണ് മാർക്ക്. നാല്പത് മാർക്കുകാരെയും വിളിച്ചിട്ടും എന്റെ പേര് വളിക്കാഞ്ഞപ്പോൾ ഞാൻ ഞെട്ടി..ഇതെന്ത് അത്ഭുതം?കർത്താവെ ഞാൻ ജയിച്ചോ? ഇനി രണ്ടു പേപ്പർ കൂടിയേ ബാക്കിയുള്ളൂ..അപ്പൊ എനിക്ക് അമ്പതിനടുത്ത് മാർക്കുണ്ട്..അതുറപ്പാ..ഞാൻ സന്തോഷം കൊണ്ട് കൈകൾ കൂട്ടി ഞെരിച്ചു.
ഇനി ഒരു പേപ്പർ കൂടി ബാക്കിയുണ്ട്.
ഇനി ഒരാൾക്ക് കൂടി പേപ്പർ കിട്ടാനുണ്ടല്ലേ? സാറ് വിളിച്ചു ചോദിച്ചു.
ഉണ്ട് സാർ..എന്റെ…ഞാൻ സന്തോഷത്തോടെ ചാടിയെഴുന്നേറ്റു.
മിടുക്കൻ…മോൻ ഇങ് വാ..സാറ് വിളിച്ചു.
വിജയിയെപ്പോലെ ഞാൻ കൈകൾ വിരിച്ച്, പെണ്ണുങ്ങളുടെ ഭാഗത്തേക്കൊക്കെയൊന്ന് നോക്കി ഡസ്കുകൾക്കിടയിലൂടെ നടന്ന് സാറിരിയ്ക്കുന്ന ടേബിളിന്റെ അടുക്കൽ എത്തി. എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കി.
മോൻ ഇങ്ങട്ട് ചേർന്ന് നിക്ക്..സാറ് പറഞ്ഞു.
ഞാൻ ചേർന്ന് നിന്നതും സാറിന്റെ കൈവിരൽ എന്റെ അകം തുടയിൽ ശക്തിയായി ചേർത്ത് കിഴുക്കി. ഞണ്ടിറുക്കുന്ന പോലെ. കാര്യമെന്തെന്നറിയാതെ സൈക്കിൾ ചവിട്ടുന്ന പോലെ ഞാൻ കാലുകൾ വേദന കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് കറക്കി.
കാര്യമെന്തെന്നറിയാതെ ഞാൻ പകച്ചു നിന്നപ്പോൾ സാറ് പേപ്പർ എന്റെ നേരെ എറിഞ്ഞു. എന്നിട്ട് പറഞ്ഞു..
“പരീക്ഷപ്പേപ്പറിൽ സ്വന്തം പേരെഴുതണമെന്ന് പോലും നിനക്കറിയില്ലേടാ മരങ്ങോടാ..കിട്ടിയതോ ആറ് മാർക്കും…”
അത് വരെ നിശബ്ദമായിരുന്ന ക്ലാസ്സിൽ പൊട്ടിച്ചിരികളുണർന്നു
എന്റെ സർവ്വ ആവേശവും അവിടെ കെട്ടടങ്ങി..പേപ്പറും വാങ്ങി തിരിച്ചു നടക്കുമ്പോ വീണ്ടും സാറിന്റെ ശബ്ദം..ഇതൂടെ വാങ്ങിച്ചോണ്ട് പോ
ഞാൻ തിരിഞ്ഞു നോക്കി..ചൂരലും കൊണ്ട് സാറ് മെല്ലെയെഴുന്നേറ്റു.
കാക്കി നിക്കറിന്റെ പിറകിൽ ചൂരൽ ആഞ്ഞു പതിക്കുമ്പോൾ അടി കിട്ടാതിരിക്കാൻ പറിച്ചു വച്ച പാണലിലയും ചിരിച്ചു..ഇമ്മാതിരി മണ്ടന് അടി കിട്ടിയില്ലേലെ ഉള്ളൂ കുഴപ്പം എന്നോർത്ത്..!!
~അനിൽ മാത്യു