ജനകൻ….
Story written by Susmitha Subramanian
=============
“നാളെ മാഡം വരുന്നുണ്ട്…”
” ഇനി ഏതു മാഡം ? ” ഞാൻ ചോദിച്ചു .
“വരുമ്പോൾ കാണാമല്ലോ…നിന്റെ അടുത്ത ഇരിക്കുന്നെ “
പുതിയ ഓഫിസിൽ വന്നിട്ട് അധികം ആയിട്ടില്ല. വർക്ക് പ്രഷറും മറ്റും കൊണ്ട് ഇവിടം ഇപ്പോഴേ മടുത്തു തുടങ്ങി. സാലറി നോക്കി ജോലി തിരഞ്ഞെടുക്കണ്ടായിരുന്നു എന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്. ഇവിടെ ഉള്ളവരെ പോലും മുഴുവനായിട്ട് പരിചയപ്പെട്ടിട്ടില്ല, പരിചയപെട്ടവർ ആയിട് ഒത്തുപോകാനും പറ്റുന്നില്ല. ഇനി ഏതാണപ്പാ പുതിയൊരു അവതാരം…
പിന്നീടറിഞ്ഞു , പാർവതി…ഇവിടുത്തെ സ്റ്റാഫ് ആണ്. ആരോടും വല്യ കൂട്ടൊന്നുമില്ലാത്ത, സ്വന്തം ജോലി മാത്രം നോക്കി ഇരിക്കുന്ന ആൾ…
തനിക്കുമുകളിൽ ആരുമില്ലെന്നുള്ള ചിന്തയാണ് അവൾക്കെന്നു പലരും പറഞ്ഞു. അച്ഛൻ മരിച്ചതിന്റെ ലീവിൽ പോയിരിക്കുകയായിരുന്നു. നാളെ വരും…
വീട്ടിൽ എത്തിയിട്ടും അവളുടെ ചിന്തയായിരുന്നു. ഇത്രയും ദിവസം ക്യാബിനിൽ എങ്കിലും സമാധാനമുണ്ടായിരുന്നു. ഇനിയിപ്പോ അതിനെ കൂടെ സഹിക്കേണ്ടി വരുമല്ലോയെന്നു വിചാരിച്ചു എനിക്ക് ശെരിക്കും ദേഷ്യം വന്നു….
പിറ്റേന്നു പാർവതി വന്നു…വളരെ മോഡേൺ ആയ കുട്ടി…ഞാൻ ചിരിച്ചപ്പോൾ വളരെ കഷ്ടപ്പെട്ടു തിരിച്ചു ചിരിച്ചതായി തോന്നി. എന്നോട് ഒന്നും തന്നെ സംസാരിച്ചില്ല. ഭക്ഷണം കഴിക്കുമ്പോൾ മാത്രം മറ്റുള്ളവരുടെ ഒപ്പം ഇരിക്കും. വളരെ കുറച്ചു മാത്രം സംസാരിക്കും. പെട്ടെന്ന് എല്ലാവരോടും കേറി സംസാരിക്കുന്ന എനിക്ക് പോലും പാറുവിനോട് മിണ്ടിത്തുടങ്ങാൻ മൂന്നാല് ദിവസം എടുത്തു….
‘പാർവതിക്ക് വല്യ മാറ്റമാണ് വന്നിരിക്കുന്നത്’
‘പഴയതു പോലെയൊന്നുമല്ലല്ലോ .’
‘സംസാരത്തിൽ ഒക്കെ ഒരു മയം. ‘
‘ഇപ്പൊ അതിന്റെ പേനയോ പെൻസിലോ വല്ലതും എടുത്താൽ ദേഷ്യപെടലൊന്നുമില്ല.’
തിരിച്ചു വന്ന പാർവതിയെ കുറിച്ച് പലരും അത്ഭുതത്തോടെ സംസാരിച്ചു…
‘അച്ഛൻ മരിച്ചത് കൊണ്ടാകും.’
ഈ പറഞ്ഞതുമാത്രം എന്റെയുള്ളിൽ മുഴച്ചു നിന്നു.
ഉച്ചയ്ക്കു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ എല്ലാവരോടുമായി പാറു പറഞ്ഞു…
“ഞാൻ ഇവിടുന്നു നിർത്തുകയാണ്. രണ്ടാഴ്ച കൂട്ടിയെ കാണു. സ്വന്തമായി ഒരു ബുട്ടീക് തുടങ്ങാൻ പോകുന്നു. അച്ഛൻ കണ്ടു വച്ച ഓഫീസ് ആണ്. അത് തന്നെ എടുക്കണം. വൈകിയാൽ ചിലപ്പോൾ അത് പോകും. അച്ഛന്റെ ആഗ്രഹമായിരുന്നു…”
പൂർത്തിയാകാത്ത ആ വാചകത്തിനവസാനം അവളുടെ തേങ്ങലാണ് ഞാൻ കേട്ടത്.
പിന്നീടുള്ള ഉച്ച നേരങ്ങളിലെല്ലാം അവളുടെ ബുട്ടീക്കിനെ കുറിച്ചുള്ള സ്വപ്നങ്ങളും ആഗ്രഹങ്ങളും കേൾക്കാം. അതിലൊക്കെയും അവളുടെ അച്ഛൻ നിറഞ്ഞു നിന്നു….
“അച്ഛന്റെ ആഗ്രഹമായിരുന്നു സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്നുള്ളത് !”
“ഈ ചപ്പാത്തി അമ്മ ഉണ്ടാക്കിയതാണ്. സാധാരണ അച്ഛനാണ് ചപ്പാത്തി ഉണ്ടാകാറ്…” അച്ഛൻ ഉണ്ടാക്കുന്ന കറികളെ കുറിച്ചും അച്ഛന്റെ ഇഷ്ടങ്ങളെ കുറിച്ചുമെല്ലാം അവളന്നു സംസാരിച്ചു
“അച്ഛന്റേതായിട്ടുള്ള ഒന്നും തന്നെ ഞങ്ങൾ കളഞ്ഞിട്ടില്ല. അച്ഛന്റെ ഡ്രസ്സ് , അച്ഛന്റെ വാച്ച് , അച്ഛന്റെ കണ്ണട ഒന്നും….” മുഴുവനാകാതെ അവസാനിപ്പിക്കുന്ന ഓരോ വാചകങ്ങളിലും അച്ഛനോടുള്ള അവളുടെ ഇഷ്ടം മുഴച്ചു നിൽക്കും…
“അമ്മ പറയാറുണ്ട് എന്നെയും കൂടെ വിവാഹം ചെയ്തഴപ്പിച്ചാൽ അമ്മ അച്ഛന്റെ അടുത്തേക് പോകുമെന്ന്….അച്ഛനെ അത്രയ്ക്….. “
“ഓഫീസിൽ പെയിന്റ് അടിക്കുകയാണ്. ഞാൻ പോയി നോക്കാമെന്നു പറഞ്ഞതാണ്. ചെറിയച്ഛൻ നോക്കിക്കൊള്ളാമെന്ന്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്നെയേ വിടുമായിരുന്നുള്ളു…ഞാൻ ഇരിക്കേണ്ട സ്ഥലം അല്ലെ….എനിക്കല്ലേ അറിയൂ എങ്ങനെ വേണമെന്ന്…ഇനിയിപ്പോൾ എല്ലാവരെയും ബോധിപ്പിച്ചേ ജീവിക്കാൻ പറ്റൂ. എന്റെ കല്യാണമൊക്കെ ഓർത്തിട്ട് പേടിയാകുന്നു. ഞങ്ങള്ക് അച്ഛനെ നേരെ കാണാൻ പറ്റുന്നില്ല എന്നെ ഉളളൂ. അച്ഛൻ ഉള്ളത് പോലെ തന്നെയാണ്. പക്ഷെ നാട്ടുകാർക്ക് അങ്ങനെയല്ലല്ലോ…അച്ഛനില്ലായിമ വല്യ പാടാഡോ…. ” പാറു വന്നു പറഞ്ഞപ്പോൾ എനിക്കെന്തോ മണൽക്കാറ്റു കൊള്ളുന്ന പോലെ തോന്നി .
ഓഫീസിലെ അവളുടെ അവസാന ദിവസം പറഞ്ഞു, “ഡ്രൈവിംഗ് പഠിക്കണം. അച്ഛൻ കുറെ നോക്കിയതാണ്. ഇത്രയും നാൾ പൊക്കമില്ലാത്തതിന്റെ പേരും പറഞ്ഞു പഠിക്കാതെ ഇരുന്നാണ്. അച്ഛൻ ഉണ്ടായിരുന്നു എല്ലായിടത്തും ഓടാൻ. ഒന്നും ഉണ്ടായിരുന്നില്ല അച്ഛന്…രാവിലെ നടക്കാൻ പോയതാ…സൈലന്റ് അറ്റാക്ക് ആയിരുന്നു…പോയി….”
“അച്ഛൻ , അച്ഛൻ , അച്ചൻ….ഇവളെന്താ അച്ഛൻ എപ്പോഴും ഒപ്പം ഉണ്ടാകുമെന്നു കരുതിയാണോ ജീവിച്ചത്….” പാറു കേൾക്കാതെ ആരോ പറഞ്ഞു .
“പെണ്കുട്ടികൾക് അച്ഛനോടാകും ഇഷ്ടം….” സൂപ്പർവൈസർ ചേച്ചി പറഞ്ഞു
പാർവതിയെ കുറിച്ച് മറ്റുള്ളവർ പറഞ്ഞുള്ളൊരു രൂപമേ അല്ലായിരുന്നു നേരിട് എനിക്ക് കിട്ടിയത്….അവൾ ശരിക്കും അച്ഛൻ കുട്ടി തന്നെ ആയിരുന്നു. എങ്കിലും അച്ഛൻ എപ്പോഴും ഒപ്പം ഉണ്ടാകുമെന്നു കരുതിയുമല്ല അവൾ ജീവിച്ചത്. എല്ലാം ഒറ്റയ്ക്കു ചെയ്യാൻ അറിയുന്ന കുട്ടിതന്നെയാണ് പാർവതി. അവൾക് അച്ഛൻ വല്ലാത്തൊരു ധൈര്യമായിരുന്നു. നല്ലൊരു സുഹൃത്തായിരുന്നു.
ആരോ പറഞ്ഞത് പോലെ അച്ഛൻ തുഴയുന്ന തോണിയിലെ യാത്രക്കാരാവാനാണ് പലർക്കും ഇഷ്ടം. പെട്ടെന്നൊരു ദിവസം തുഴക്കാരൻ നഷ്ടമാകുന്ന തോണിയുടെ അവസ്ഥായായിരുന്നു അവളുടെ വീട്ടിന്റെ….തുഴ കൈമാറി കിട്ടിയത് അവൾക്കും….
“എഡോ , ഇഷ്ടമുള്ളവർ കൂടെ ഉള്ളപ്പോൾ തന്നെ അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ നോക്കണം. ആരെപ്പോൾ എന്നൊന്നും പറയാൻ പറ്റില്ല. എന്നെപോലെ ഉഴപ്പരുത്….” എന്നിട്ടൊരു ക്ഷീണിച്ച ചിരിയും സമ്മാനിച്ചു പാർവതി പോയി.
മരണം ക്രൂരമായൊരു സത്യമാണ്. അത് പ്രിയപെട്ടവരുടേതാകുമ്പോൾ എത്രപെട്ടെന്നാണ് നമ്മൾ മറ്റൊരാളായി മാറുന്നത്? ഒരാളെ നമ്മുടെ ജീവിതത്തിൽ എത്രത്തോളം ചേർത്ത് വച്ചിട്ടുണ്ടെന്നറിയാൻ അയാളുടെ അഭാവം സംഭവിക്കണം. പെട്ടെന്ന് ഞാൻ ഓർത്തത് മുരുകൻ കട്ടാക്കട സാറിന്റെ വരികളാണ്
‘നഷ്ടപ്പെടും വരേ നഷ്ടപ്പെടുന്നതിൻ നഷ്ട-
മെന്താണെന്നതോർക്കില്ല നാം…’