തൻ്റെ കയ്യും പിടിച്ച് നടക്കുന്ന അഞ്ചുവയസ്സുകാരൻ്റെ മുഖത്തേക്ക് അവൾ നോക്കി. മുഖം വാടിയിട്ടുണ്ട്…

Story written by AK Khan

============

എം ആർ ഐ ടെസ്റ്റിൻ്റെ റിസൾട്ടും വാങ്ങി ഓൺകോളജി വിഭാഗത്തിലേക്ക് നടക്കുമ്പോൾ വിലാസിനിയുടെ ചിന്ത മുഴുവൻ തൻ്റെ മകനെ ഓർത്തായിരുന്നു.

അവളുടെ ദിവസങ്ങൾ വിധിക്കപ്പെട്ടതാണ്..മരിക്കാൻ തനിക്ക് പേടിയില്ല. എത്രയോ തവണ ആ ത്മഹത്യക്ക് ശ്രമിച്ചതുമാണ്. എന്നാൽ അപ്പോഴൊക്കെ തൻ്റെ മകൻ്റെ മുഖം കൺമുന്നിൽ തെളിയും.

അവൾക്ക് അവനെ ഓർത്തായിരുന്നു വിഷമം. തൻ്റെ കാലശേഷം അവൻ്റെ ജീവിതം എങ്ങനെ ആയിരിക്കും….?അവൻ്റെ ജീവിതം തെരുവിലേക്ക് വലിച്ചെറിയപ്പെടുമോ? പാവം കുട്ടി!!!എല്ലാരും ഉണ്ടായിട്ടും അനാഥനായി വളരേണ്ടിവരുന്ന തൻ്റെ മകൻ്റെ അവസ്ഥ ഓർത്തപ്പോൾ അവളുടെ കണ്ണുകളിൽ ഈറനണിഞ്ഞു.

തൻ്റെ കയ്യും പിടിച്ച് നടക്കുന്ന അഞ്ചുവയസ്സുകാരൻ്റെ മുഖത്തേക്ക് അവൾ നോക്കി. മുഖം വാടിയിട്ടുണ്ട്. സ്ഥിരമായുള്ള ആശുപത്രി വരവ് അവനിലും മടുപ്പുണ്ടാക്കിയിട്ടുണ്ടാവാം.

സ്കാനിങ് റിസൾട്ട് പരിശോധനാ മുറിയിൽ എൽപ്പിച്ചതിനു ശേഷം വിലാസിനി മകനോടൊപ്പം മുന്നിലെ കസേരയിൽ ചെന്നിരുന്നു. തിരക്ക് കുറവാണ്. കസേരകൾ ഒഴിഞ്ഞ് കിടക്കുന്നു. തൻ്റെ ഊഴവും കാത്ത് അവൻ്റെ കയ്യും പിടിച്ച് അവൾ അവിടെയിരുന്നു.

എന്തൊക്കെയോ ഓർത്ത് അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.

പ്രണയവിവാഹം ആയിരുന്നു അവളുടെത്. ഭർത്താവ് രാജേഷ്!കോളേജിലെ തൻ്റെ സീനിയർ ആയിരുന്നു. വിദ്യാർത്ഥിരാഷ്ട്രീയത്തിലെ രണ്ടാളുടെയും സജീവ പ്രവർത്തനവും, ആശയങ്ങൾ തമ്മിലുള്ള പൊരുത്തവുമൊക്കെ ആവാം…എപ്പഴോ തങ്ങളുടെ ബന്ധം പ്രണയത്തിലേക്ക് വഴിമാറി.

എന്തുകൊണ്ടോ ഈ ബന്ധത്തിന് തൻ്റെ വീട്ടുകാർ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.  തുടർച്ചയായുള്ള താക്കീതുകൾക്കും വിലക്കുകൾക്കുമൊടുവിൽ, എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് എന്നെന്നേക്കുമായി അവിടെന്ന് പടിയിറങ്ങുമ്പോൾ തൻ്റെ മനസ്സിൽ രാജേഷ് മാത്രമായിരുന്നു.

ഭർത്താവിൻ്റെ വീട്ടിൽ ആദ്യമൊക്കെ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും മകൻ്റെ നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെ അവർ കല്യാണത്തിന് സമ്മതിച്ചു.

വിവാഹശേഷം തങ്ങളുടെ ജീവിതം സന്തോഷത്തോടെ തന്നെ മുന്നോട്ടു പോയി. എന്നാൽ അമ്മായിയമ്മയ്ക്ക് തന്നോടുള്ള മനോഭാവം മാറിയിരുന്നില്ല. ഒരു മരുമകളായി പോലും അവർ തന്നെ സ്വീകരിച്ചിരുന്നില്ല. ഭർത്താവിൻ്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചിരുന്നു. രാജേഷ് പുറത്ത് വല്ലോം പോയാൽ പിന്നെ ആ വീട് മൗനമാണ്.

എന്നിരുന്നാലും തനിക്ക് രാജേഷിനെയും രാജേഷിന് തന്നെയും ജീവനായിരുന്നു. അതിനിടയിൽ തങ്ങൾക്ക് ഒരു മകൻ ജനിച്ചു. ജീവിതം സന്തോഷഭരിതമായി തന്നെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

എന്നാൽ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. ഒരു ദിവസം വീടിൻ്റെ പിന്നാമ്പുറത്ത് തുണി അലക്കി കൊണ്ടിരിക്കുമ്പോൾ ആണ് പെട്ടെന്നൊരു തലവേദന വന്ന് കുഴഞ്ഞ് വീഴുന്നത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ച് പരിശോധനാ വിധേയമാക്കി. തൻ്റെ ജീവിതം തകർത്ത് കൊണ്ടുള്ള ഒരു വിധിയായിരുന്നു അന്ന് ഡോക്ടർമാർ കുറിച്ചത്.

“”ലുക്കീമിയ “”

താൻ ആകെ തകർന്നിരുന്നു. അതിലുപരി രാജേഷിൻ്റെ വിഷമം കൂടെ കണ്ടുനിക്കാൻ തനിക്ക് ആവുമായിരുന്നില്ല. പരസ്പരം തമ്മിലുള്ള സംസാരം പിന്നിട് അങ്ങോട്ട് കുറഞ്ഞു. ജീവിതത്തിൻ്റെ തുലാസ് അവിടം മുതൽ താഴാൻ തുടങ്ങി. താൻ ഒരു രോഗിയായി അവഗണിക്കപ്പെടുവാണോ എന്നുള്ള ചിന്ത പോലും തന്നെ വല്ലാതെ അലട്ടിയിരുന്നു.

ഇതിനിടയിൽ അമ്മായിയമ്മയുടെ ക്രൂ രമായ പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവരുടെ കുത്തുവാക്കുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും. ഒരു ക്യാ ൻസർ രോഗിയായ ഭാര്യയെ തൻ്റെ മകന് വേണ്ട എന്നുള്ള സംസാരം വരെ അവരുടെ വായിൽ നിന്ന് കേൾക്കാൻ തുടങ്ങി. ആദ്യമാദ്യം താൻ അത് വലിയ കാര്യമാക്കിയില്ലെങ്കിലും ഒരു ദിവസം:

എൻ്റെ മകൻ്റെ ജീവിതം നശിപ്പിക്കാനായി ആണോ നീ ഇങ്ങോട്ടേക്കു കെട്ടിയെടുത്തത്…ഞാനപ്പഴെ പറഞ്ഞതാണ് ഈ ബന്ധം ശെരിയവുല്ല എന്ന്….കെട്ടില്ലല്ലോ!

രാജേഷ് ഉമ്മറത്തിരിപ്പുണ്ടയിരുന്നു. അമ്മ തുടർന്നു…

ഇന്ന് രണ്ടിലോരു തീരുമാനം എനിക്കറിയണം. രാജേഷേ, നീ ഉടനെ തന്നെ ഒരു വക്കീലിനെ ചെന്ന് കാണണം…ഇനിയും ഇത് ഇങ്ങനെ തുടർന്നാൽ….

അമ്മേ….!

എന്ത് അമ്മേ…നിന്നേ ചികിത്സിച്ച് എൻ്റെ മകൻ്റെ ജീവിതം നശിക്കുന്നത് ഞാൻ കണ്ട് നിക്കണോ പിന്നെ…അതും നിസ്സാര രോഗമോ? നിന്നെ ചികിത്സിക്കാനും മരുന്ന് വാങ്ങാനും അല്ല എൻ്റെ മോൻ കഷ്ടപ്പെടുന്നത്…അതിനു നിൻ്റെ ത ള്ളയോടും ത ന്തയോടും പോയി പറ. അതുകൊണ്ട് നീ എത്രെയും പെട്ടന്ന് നിൻ്റെ സാധനങ്ങളും എടുത്ത് ഇവിടെ നിന്ന് ഇറങ്ങണം….

വിലാസിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ രാജേഷിൻ്റെ മുഖത്ത് നോക്കി. എന്നാൽ അമ്മ പറഞ്ഞതിനെതിരെ യാതൊരു എതിർപ്പും ആ മുഖത്ത് കണ്ടില്ല. അന്നാദ്യമായി രാജേഷിൻ്റെ മുഖം അവഗണന കൊണ്ട് തിരിയുന്നത് വിലാസിനി കണ്ടു.

മൂന്ന് വയസ്സുള്ള തൻ്റെ മകനെയും കൊണ്ട് അന്ന് ആ വീട് വിട്ട് ഇറങ്ങുമ്പോൾ ഇനി എന്ത്? എങ്ങോട്ട്….എന്നതിനെ കുറിച്ച് യാതൊരു ധാരണയും തനിക്കില്ലായിരുന്നു. കണ്ണീരോടെ നടന്നകലുമ്പോളും രാജേഷ് പുറകിൽ നിന്ന് വിളിക്കും എന്ന് കരുതി. എന്നാൽ അതുണ്ടായില്ല!

പിന്നീട് അങ്ങോട്ട് കഷ്ടപ്പാടുകളുടെ ലോകം തന്നെ ആയിരുന്നു. ഒരു മുറി വാടയ്ക്ക് സംഘടിപ്പിച്ചു അങ്ങോട്ടേക്ക് താമസം മാറി. ചെറിയ ജോലികൾക്ക് ശ്രമിച്ചിരുന്നു. എന്നാൽ തൻ്റെ അസുഖത്തെ പറ്റിയറിയുമ്പോൾ പല അവസരങ്ങളും നഷ്ടമായി. അവസാനം ഗതിയില്ലാതെ ഒന്ന് രണ്ട് വീടുകളിൽ വീട്ട്ജോലികൾക്ക് പോകാൻ തുടങ്ങി.

ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ വേ ശ്യാവൃത്തി എടുത്താണ് ജീവിക്കുന്നത് എന്നും കരുതി അടുത്ത് വന്നവരെയൊക്കെ ചൂലെടുത്ത്  ആട്ടിപ്പയിച്ചു. പലപ്പോഴും ആ ത്മഹത്യക്ക് ശ്രമിച്ചെങ്കിലും ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂൽപ്പാലമായി മകൻ എപ്പഴും കടന്നു വന്നിരുന്നു. സാഹചര്യങ്ങൾ ആണല്ലോ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്….പിന്നീട് അങ്ങോട്ട് അവനു വേണ്ടിയായി തൻ്റെ ജീവിതം. അമ്മയും മകനും മാത്രമായിട്ടുള്ള ഒരു ലോകത്തേക്ക് ഞങ്ങൾ ചുരുങ്ങി.

ഇതിനിടയിൽ അവളുടെ  രോഗം മൂർച്ഛിക്കാൻ തുടങ്ങി. ആദ്യമൊക്കെ കീമോയും റേഡിയേഷനും ഒക്കെ ചെയ്ത് പിടിച്ച് നിന്നെങ്കിലും ഇപ്പൊ അതും ചെയ്യാനാവാത്ത സാഹചര്യമാണ്. കീമോ ചെയ്തു മുടിയൊക്കെ കൊഴിഞ്ഞു. ഡോക്ടർമാരും കയ്യ് മലർത്തി തുടങ്ങി. ഓരോ ദിവസം കഴിയുംതോറും തൻ്റെ നാളുകൾ കുറഞ്ഞു വരുന്നു എന്നുള്ള സത്യം ഒരു നോമ്പരത്തോടെ അവൾ തിരിച്ചറിഞ്ഞു.

വിലാസിനി….വിലാസിനി

നഴ്സിൻ്റെ നീട്ടിയുള്ള വിളി കേട്ടാണ് വിലാസിനി ചിന്തകളിൽ നിന്ന് എഴുന്നേറ്റത്. അവൾ അകത്തേക്ക് ചെന്നു.

പരിശോധന കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴും വിലാസിനിയുടെ മുഖത്ത് യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ല. ഡോക്റ്റർമാർ കയ്യൊഴിഞ്ഞ സ്ഥിതിക്ക് ഇനി ഏതു നിമിഷവും തൻ്റെ വിധിക്കായി കാത്തു നിൽക്കാം…

തൻ്റെ മകൻ്റെ അവശത കണ്ടിട്ടെന്നോണം വിലാസിനി അവനെയും കൊണ്ട് ഒരു ഹോട്ടലിൽ കയറി. ഒഴിഞ്ഞ് കിടന്നിരുന്ന ഒരു മേശപ്പുറത്തിരുന്നതിനു ശേഷം മകനൊരു ഊണു പറഞ്ഞു. ഊണ് വന്നപ്പോൾ അത് ആർത്തിയോടെ കഴിക്കുന്ന തൻ്റെ മകൻ്റെ കണ്ണിലെ തിളക്കമായിരുന്നു അവളുടെ വിശപ്പിനുള്ള ശമനം.

അമ്മ കഴിക്കുന്നില്ലേ….?

ഇല്ല മോനെ..അമ്മയ്ക്ക് വിശപ്പില്ല, മോൻ കഴിച്ചോ….

അത് പറഞ്ഞാൽ പറ്റില്ല…അമ്മയും കഴിക്കണം

ഇതും പറഞ്ഞു കൊറച്ച് ചോറ് സൈഡിലോട്ട് മാറ്റി വച്ചിട്ട് അമ്മയുടെ നേർക്ക് അവൻ പ്ലേറ്റ് നീട്ടുമ്പോൾ അറിയാതെ അവളുടെ കണ്ണിൽ നിന്ന് രണ്ട് തുള്ളി ഇറ്റ് വീണിരുന്നു.

പാടത്തൂടെ തൻ്റെ മകൻ്റെ കയ്യും പിടിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ വിലാസിനിയുടെ മനസ്സ് സ്വസ്ഥത കേട്ടിരുന്നു.

ഇനി എത്ര നാൾ!?,,,തൻ്റെ മകൻ……..!

ഉത്തരം കിട്ടാതെ കരയാനെ അവൾക്ക് കഴിഞ്ഞുള്ളൂ.

************************

രാജേഷേ, നീ മറ്റൊരു വിവാഹം കഴിക്കണം…എത്ര നാൾ എന്ന് വച്ചാൽ ഇങ്ങനെ ഒറ്റതടിയായി ജീവിക്കുക…?

അമ്മയുടെ സംസാരം കേട്ടാണ് രാജേഷ് കണ്ണ് തുറന്നത്. അയാൾ ഒന്നും മിണ്ടിയില്ല.

ടേബിളിൽ വച്ചിരുന്ന ചായയും എടുത്ത് കൊണ്ട് അയാൾ ഉമ്മറത്ത് വന്നിരുന്നു.

വിലാസിനി പോയതിനു ശേഷം മറ്റൊരു വിവാഹത്തെ പറ്റി അയാൾ ചിന്തിച്ചിട്ടില്ല. നിയമപരമായി അവൾ ഇപ്പഴും രാജേഷിൻ്റെ ഭാര്യയാണ്.

പെട്ടന്ന് വിലാസിനിയുടെ മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു. കുറ്റബോധം കൊണ്ടോ എന്തോ, കഴിഞ്ഞ് പോയതോക്കെ ഒരിരമ്പലായി അയാളുടെ ഉള്ളിലേക്ക് കടന്നു വന്നു.

താൻ അവളോട് ചെയ്തത് ഒട്ടും ന്യായീകരിക്കാൻ പറ്റുന്നതല്ല. തന്നെ വിശ്വസിച്ച് തന്നോടൊപ്പം ഇറങ്ങി വന്നതാണ് അവൾ. ആ അവളെ ആണ് താൻ…..

ഒത്തിരി കഷ്ടപ്പെട്ട് കാണും പാവം.ഒരിക്കൽ പോലും തനിക്ക് അവളെ ചെന്ന് കാണാൻ തൊന്നിയില്ലലോ….തൻ്റെ മകൻ!! അവനിപ്പോ…? അച്ഛൻ ജീവിച്ചിരുന്നിട്ടും അഛനില്ലതെ വളരേണ്ടി വരുന്ന തൻ്റെ കുഞ്ഞിനെയോർത്തപ്പോൾ അയാളുടെ ഉള്ളൊന്നു നീറി…എന്തൊക്കെയാണ് താൻ ചെയ്ത കൂട്ടിയത്!!!? അവളുടെ അവസ്ഥ മനസ്സിലാക്കി ഒരിക്കെ പോലും താനവളെ ചേർത്ത് പിടിക്കാൻ ശ്രമിച്ചിട്ടില്ല…അയാൾ കുറ്റബോധം കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു.

ഇല്ല!! തൻ്റെ മകൻ അച്ഛനില്ലാതെ വളരാൻ പാടില്ല. ഇപ്പൊ തന്നെ പോയി അവരെ കൂട്ടിക്കൊണ്ട് വരണം. വിലാസിനിക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ചികിത്സ തന്നെ കൊടുക്കണം.

അയാൾ തീരുമാനിച്ചുറപ്പിച്ചു.

പെട്ടന്ന് തന്നെ അകത്ത് ചെന്നു കുപ്പായം മാറ്റി അയാൾ പുറത്തിറങ്ങി.

വണ്ടിയും എടുത്ത് വിലാസിനിയുടെ വീട് ലക്ഷ്യമാക്കി കുതിച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

രാജേഷ് അവർ താമസിക്കുന്ന മുറിക്ക് മുന്നിൽ എത്തി. വണ്ടി സ്റ്റാൻഡ് ഇട്ടു വച്ചിട്ട് അയാൾ വാതിലിൽ ചെന്ന് മുട്ടി. അകത്ത് നിന്ന് അനക്കമൊന്നും കേൾക്കുന്നില്ല. അപ്പോഴാണ് വാതിൽ ചാരിയിട്ടെക്കുവാണെന്ന് രാജേഷിന് മനസ്സിലായത്. അയാൾ അകത്തേക്ക് പ്രവേശിച്ചു.

മുറിയിലൊന്നും ആരുമില്ല. അയാൾ അടുക്കള ലക്ഷ്യമാക്കി നടന്നു. അവിടെ കണ്ട കാഴ്ച അയാളെ സ്തബ്ദനാക്കി.

വിലാസിനി താഴെ മരിച്ചു കിടക്കുന്നു. മൂക്കീന്നും വായിന്നുമോക്കെ ചോര ഒലിക്കുന്നുണ്ട്. തൻ്റെ മകൻ അടുത്തിരുന്നു അമ്മയെ വിളിച്ച് കരയുന്നു.

ഭൂമി പിളർന്ന് പാതാളത്തിലേക്ക് താഴ്ന്ന് പോയെങ്കിൽ എന്ന് രാജേഷ് ഒരു നിമിഷം ചിന്തിച്ചു. അയാൾക്ക് അത് താങ്ങാൻ കഴിഞ്ഞില്ല. നെഞ്ച് പിളരുന്ന വേദനയോടെ അയാൾ അവളുടെ മുഖത്തേക്ക് നോക്കി. അയാളുടെ കണ്ണുകളിൽ നിന്ന് ചാലുകൾ രൂപപ്പെട്ടു.

രാജേഷ് ഓടി ചെന്ന് തൻ്റെ മകനെ കെട്ടിപ്പിടിച്ചു. ആ പിഞ്ചു ബാലൻ ഒന്നും മനസ്സിലാവാതെ അയാളെ നോക്കി…

മോൻ്റെ അച്ഛനാ ഞാൻ….മോൻ്റെ അച്ഛൻ

നിറഞ്ഞ കണ്ണുകളോടെ അയാള് അത് പറയുമ്പോൾ അൽഭുതത്തോടെ അവൻ അയാളെ നോക്കി..

രാജേഷ് അവനെ കെട്ടപ്പിടിച്ചു മാറി മാറി ചുംബിച്ചു. ഒരു പക്ഷെ വിലാസ്നിയെ ഇറക്കി വിട്ടല്ലായിരുന്നെങ്കിൽ അവൾ ഇന്ന് ജീവിച്ചിരുന്നേനെ…

അയാൾ കണ്ണീരോടെ ഓർത്തു.

പെട്ടന്ന് അയാളുടെ കയ്യിൽ രണ്ട് തുള്ളി ര ക്തം വന്ന് വീണു. അയാൾ അതിശയത്തോടെ തലയുയർത്തി നോക്കി.

തൻ്റെ മകൻ്റെ മൂക്കിൽ നിന്നും രക്തം ഇറ്റിറ്റായി അപ്പഴും വീണുകൊണ്ടിരുന്നു.

~എ കെ