മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
വർദ്ധിച്ച് വരുന്ന നെഞ്ചിടിപ്പോടെയാണ് ഗായത്രിയെ സ്വീകരിക്കാൻ ഒരുങ്ങിയത്. അവളുടെ നോട്ടം എന്നിലേക്ക് എത്തിയ നിമിഷം കുറ്റബോധത്തോടെ തല താഴ്ന്നു പോയിരുന്നു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും അവളെ.. ശൂന്യത ഒഴികെ ഒന്നും മനസ്സിലേക്കോ നാവിൻ തുമ്പിലേക്കോ എത്തിയില്ല….
ചിന്തകളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗായത്രി പ്രസരിപ്പോടെ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു . “എന്നെ കണ്ടിട്ട് ഒരു ഞെട്ടല് പോലുമില്ലല്ലോ മാളുവിന്..സർപ്രൈസ് തരാൻ വന്ന ഞാനാകെ ചമ്മി പോയല്ലോ?.
എന്നാലും തന്നെ എങ്ങനെയാ മാളു ഞാൻ ‘ ഏടത്തിന്ന് ‘ വിളിക്കാ “
നെഞ്ചിൽ ഒരു കൂരമ്പ് കൊണ്ടത് പോലെ തോന്നി എനിക്ക്. ഗായുവിൻറെ കാലിൽ മുറുകെപ്പിടിച്ച് സാഷ്ടാംഗം മാപ്പ് പറയണമെന്ന് തോന്നി. മനസ്സ് കല്ലായതു പോലെ. കണ്ണുനീര് പോലും ഭൂമിയിലേക്കുള്ള വഴി മറന്നു നിൽക്കുന്നു.
“നിങ്ങളെ പിന്നെ പരസ്പരം പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ…? നിങ്ങളുടെ ഇടയിൽ ഞാൻ ആണല്ലോ പുതുമുഖം..”
നിസ്സാര മട്ടിലുള്ള സിദ്ധുവിൻറെ സംസാരം കേട്ടതും ഞാൻ അതിശയത്തോടെ നോക്കി.അപ്പോൾ ഞാനാരാണെന്ന് സിദ്ധു ആദ്യമേ തിരിച്ചറിഞ്ഞിട്ടുണ്ട്…ഒരു വാക്കെങ്കിലും ആദ്യമേ പറയാമായിരുന്നില്ലേ എന്നോട്.. സിദ്ധു ഗായുവിൻറെത് ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാനൊരു വഴിമുടക്കിയായി നിങ്ങളുടെ ജീവിതത്തിലേക്ക് കയറി വരില്ലായിരുന്നു. ഇനി ഞാനെന്തു വേണം എന്ന മട്ടിൽ നിസ്സഹായതയോടെ സിദ്ധുവിനെ നോക്കി.
“നീയിങ്ങനെ നോക്കണ്ട. കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയ നേരത്ത് ഞാൻ വിവാഹിതനായ വിവരം പറഞ്ഞു നമ്മളുടെ ഫോട്ടോ അയച്ചു കൊടുത്തു ഗായത്രിക്ക്. റിസപ്ഷൻ കഴിഞ്ഞ സമയത്താണ് ഇവൾ തിരികെ വിളിക്കുന്നത്. .ഇവളെ കേട്ട് കഴിഞ്ഞതും എൻറെ തീരുമാനം തെറ്റിയിട്ടില്ല എന്ന് മനസ്സിലായി..
പണ്ട് ഇവളുടെ കണ്ണീര് കണ്ടു ദൈവങ്ങളെ പോലെ സഹായിച്ച പ്രണയജോഡിയിലെ നായികയാണ് എൻറെ ഭാര്യയായി എത്തിയിരിക്കുന്നത് എന്നറിഞ്ഞു. അകമ്പടിയായി ഇവളുടെ ഉപദേശവും നിന്നെ സങ്കടപ്പെടുത്താതെ നെഞ്ചോട് ചേർത്ത് പിടിച്ചോളാൻ…”
“എന്നിട്ടെന്തേ ഗായത്രിയെക്കുറിച്ച് അന്ന് എന്നോട് പറയാതിരുന്നത്?.ഒരു സൂചനയെങ്കിലും തരാമായിരുന്നു എനിക്ക്…” ഒരു അലർച്ച പോലെയാണ് ഞാൻ അത് പറഞ്ഞത് . എൻറെ ഭാവമാറ്റം കണ്ട് സിദ്ധുവും അത് പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു . സത്യങ്ങളൊക്കെ അന്നേ അറിഞ്ഞിരുന്നെങ്കിൽ വലിയൊരു തെറ്റ് ഒഴിവാക്കാമായിരുന്നു. കൂട്ടുകാരിയുടെ കാമുകനെ ഒരു ഭാര്യയുടെതായ എല്ലാ അർത്ഥത്തിലും അവകാശത്തിലും ഞാൻ സ്വന്തമാക്കില്ലായിരുന്നു.. പ്രാണനെ പോലെ സ്നേഹിക്കില്ലായിരുന്നു…
“ഞാനും പറയണമെന്ന് തന്നെയാണ് കരുതിയത്.. ഗായത്രിയാണ് തടഞ്ഞത്.. തൻറെ മനസ്സ് ഒക്കെ ഒന്ന് ഫ്രീ ആയിട്ട്.. എന്നെ ഉൾക്കൊള്ളാൻ തനിക്ക് ആവുന്ന കാലത്ത്.. ഒരു സർപ്രൈസ് പോലെ അവതരിക്കാമെന്ന്..”
സിദ്ധുവിൻറെ സംസാരം കേട്ട് കഴിഞ്ഞതും തലകുമ്പിട്ട് ഇരിക്കാനേ കഴിഞ്ഞുള്ളൂ. ഗായത്രിയെ മനസ്സിൽ പ്രണമിച്ചു പോയി. തൻറെ കൂട്ടുകാരി കാമുകനാൽ ഉപേക്ഷിക്കപ്പെട്ടതറിഞ്ഞപ്പോൾ ഒരു ഭാര്യക്കായി കരുതിവച്ച അത്രയും സ്നേഹം പകർന്നു കൊടുത്തു ആരുടെ മുന്നിലും തോറ്റു പോകാതിരിക്കാൻ നെഞ്ചോട് ചേർത്ത് പിടിക്കാൻ പറഞ്ഞവളെ തൊഴുക അല്ലാതെ എന്താ ചെയ്യേണ്ടത്… ഈ മനുഷ്യരുടെ സ്നേഹത്തിന് മുന്നിൽ ഞാൻ കടുകുമണിയേക്കാൾ ചെറുതാവുന്നത് പോലെ തോന്നി.. ചെറുതായി ചെറുതായി ശൂന്യതയിലേ ക്ക് മറഞ്ഞു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ…ഞാനില്ലായ്മയാണ് ഈ ജീവിതങ്ങൾക്ക് നന്മ എന്ന് തോന്നി.. എന്നിട്ടും എന്നെ ചേർത്തു നിർത്തുന്നു…ഇത്ര സ്നേഹം…അല്ല സഹതാപം.. ആരും ആരോടും കാണിക്കാതിരിക്കട്ടെ…ഇതെന്നെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു..
“ഞാൻ അവളെ പൊന്നുപോലെയാണ് നോക്കുന്നത്.. അവൾ ക്കെന്നെ ജീവനാണ് എന്നൊക്കെയാണല്ലോ സിദ്ധുവേട്ടൻറെ പറച്ചില്..പക്ഷേ ഞാൻ ഇപ്പോൾ കാണുന്ന മാളുവിൻറെ മുഖം മൊത്തം സങ്കടം ആണല്ലോ?.. സ്നേഹം എല്ലാം ഏട്ടൻറെ വാചകത്തിൽ മാത്രമേയുള്ളൂ.. ഏട്ടൻ തന്നോട് വല്ല തട്ടിപ്പും കാണിക്കു ന്നുണ്ടെങ്കിൽ എന്നോട് പറഞ്ഞോണം മാളു …നമുക്ക് വഴിയുണ്ടാക്കാം..”
ഗായത്രി യുടെ വാക്കുകൾ കേട്ടതും എൻറെ നിയന്ത്രണം വിട്ടു പോയിരുന്നു. ഞാൻ പൊട്ടി പൊട്ടി കരഞ്ഞു.
അത് കണ്ടതും എൻറെ ഒരു വശത്ത് സിദ്ധുവും മറ്റൊരു വശത്ത് ഗായുവും വന്നിരുന്നു എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കാൻ തുടങ്ങി.
“ഇങ്ങനത്തെ ഓരോ നെഗറ്റീവ് ചിന്തകൾ ആണ് ഇവളുടെ കുഴപ്പം.. അച്ഛനെയോ മുത്തശ്ശിയോ ഓർത്ത് ആയിരിക്കും ഇപ്പോഴത്തെ കരച്ചിൽ. അല്ലെങ്കിൽ പഴയതെന്തെങ്കിലും ഓർത്ത്.. ഇവളുടെ ഈ മനസ്സാണ് എൻറെ പ്രധാന ശത്രു. എൻറെ പരിശ്രമങ്ങളെല്ലാം പാഴായി പോകുന്നത് അതിൻറെ മുന്നിലാണ്..” സിദ്ധു നിസ്സഹായനായി ഗായത്രിയെ ബോധിപ്പിക്കുന്നത് കേട്ടു .
“എന്തിനാ മാളു നീ ഇങ്ങനെ സങ്കടപ്പെടുന്നത്..മരിച്ചു പോയവരെ വിട്ടു കളയുക.. ജീവനായി സ്നേഹിച്ചിട്ടും ഉപേക്ഷിച്ചിട്ട് പോയവരെ മറന്നു കളയൂ. നമ്മളെ ആത്മാർത്ഥമായിട്ട് സ്നേഹിച്ചിരുന്നുവെങ്കിൽ എന്തിൻറെ പേരിലായാലും അവർ നമ്മളെ കൈ വിട്ടു കളയുമായിരുന്നില്ല. സ്നേഹം നടിക്കുന്ന കള്ളനാണയങ്ങളെ ഹൃദയത്തിൽ നിന്നും പുറത്താക്കി അവിടം ശുദ്ധികലശം ചെയ്തെടുക്കണം. നമുക്ക് വിധിച്ചത്..നമ്മളെ അർഹിക്കുന്നത് ഒരുനാൾ നമ്മളെ തേടിയെത്തും… മോശമായി സംഭവിച്ചതിനെല്ലാം പരിഹാരമായി സിദ്ധു ചേട്ടനെ പോലെ ഒരാളെ കിട്ടിയില്ലേ നിനക്ക്.. ഇത്രയും സ്നേഹമുള്ള ഒരു ഭർത്താവ്.. അപ്പച്ചിയെ പോലൊരു അമ്മായിയമ്മ .സരോവരം പോലൊരു വീട്.ഇതൊക്കെ സൗഭാഗ്യമായി കണ്ടു സന്തോഷിക്കാൻ ശ്രമിക്കൂ….”
ഗായത്രി പറഞ്ഞു നിർത്തിയതും സിദ്ധു എഴുന്നേറ്റ് മുറിയിലേക്ക് പോകുന്നത് കണ്ടു. ആ നെഞ്ചിലെ ഇപ്പോഴത്തെ വേദന എനിക്ക് മനസ്സിലാകും. കണ്ണിൽ നിന്നും ഉരുണ്ടു വീഴുന്നതിനെ പിടിച്ചു നിർത്താൻ കഴിഞ്ഞു കാണില്ല. ഇനിയും ആ കണ്ണീര് ഞാൻ കാണാതിരിക്കരുത് എന്ന് തോന്നി.
മുകളിലേക്ക് കോണി കയറിപ്പോകുന്ന സിദ്ധുവിനെ തന്നെ നോക്കിയിരിക്കുന്ന ഗായുവിനെ കണ്ടു. അവളുടെ സ്ഥാനത്ത് എന്നെ പ്രതിഷ്ഠിച്ചു സങ്കൽപ്പിച്ചു നോക്കി.
കണ്ണേട്ടന് ഒന്ന് നോക്കിയതിന് ഞാൻ പണ്ട് ശപിച്ച പെൺകുട്ടികളെ ഓർമ്മവന്നു. അവരോട് വല്ലതും ചിരിച്ച് സംസാരിച്ചതിന് കണ്ണേട്ടനോട് വഴക്ക് ഉണ്ടാക്കിയത് ഓർമ്മവന്നു. ഗായുവിൻറെ സ്ഥാനത്ത് നിൽക്കുമ്പോൾ അവൾക്ക് സംഭവിച്ചതൊന്നും ഒരിക്കലും എനിക്ക് ന്യായീകരിക്കാൻ കഴിയില്ല. കണ്ണേട്ടൻ എന്നോട് ചെയ്തതിനേക്കാൾ വലിയ ക്രൂരതയാണ് സിദ്ധു അവളോട് ചെയ്തിരിക്കുന്നത്.ഏതോ ഒരു നിമിഷത്തിൽ ഏതോ ഒരു പെണ്ണിനോട് തോന്നിയ പശ്ചാത്താപത്തിൽ ഗായത്രിക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവിതം തന്നെയാണ്. സിദ്ധു എന്നും അവളോട് തെറ്റുകാരൻ ആണ്. എന്നോട് തോന്നിയ സഹതാപം കാരണം അവൾക്കു മുന്നിൽ തലതാഴ്ത്തി നിൽക്കേണ്ടി വരുന്ന എൻറെ സിദ്ധുവിനെ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല.. വീണ്ടും എൻറെ ചിന്തകളിൽ അഗ്നി താണ്ഡവം തീർക്കുന്നു..
“മാളു ഞാൻ ഇറങ്ങുവാ..” സിദ്ധു ഹോസ്പിറ്റലിൽ പോകാൻ ഒരുങ്ങി നിൽക്കുന്നു. ബ്രേക്ക്ഫാസ്റ്റ് പോലും ഞാൻ കൊടുത്തിട്ടില്ല. ചോദിച്ചപ്പോൾ വിശപ്പില്ല എന്ന് പറഞ്ഞു. പ്രാതലിൽ ആണ് ഒരു ദിവസത്തിൻറെ ഊർജ്ജം എന്ന് നിർത്താതെ പറഞ്ഞിരുന്ന മനുഷ്യനാണ്.. ഇപ്പോൾ വിശപ്പ് ഇല്ലാന്ന് പറയുന്നത്..
“നീ ഗായത്രിക്ക് വല്ലതും കൊടുക്കാൻ നോക്ക്.. വയറു വിശന്നാൽ അവളെ സഹിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. അതുമല്ല നാളെ കഴിഞ്ഞാൽ അവൾ അങ്ങ് പോകും.. ഇവളെ പട്ടിണിക്കിട്ടു എന്നെങ്ങാനും അമ്മ അറിയണം.. ആളുടെ തനിനിറം അപ്പോൾ അറിയാം.. അതുകൊണ്ട് അതിഥി സൽക്കാരം ഒട്ടും കുറയ്ക്കണ്ട..”
സിദ്ധുവിൻറെ സംസാരം കേട്ടതും എനിക്ക് ചിരി വന്നു. ഞാനല്ലേ ഇവിടത്തെ യഥാർത്ഥ അതിഥി.. ആ എന്നെ അല്ലേ ഇവർ വീട്ടുകാരിയെപ്പോലെ സ്ഥാനം നൽകി സ്നേഹിക്കുന്നത്. ഇത് ഗായത്രിക്ക് അവകാശപ്പെട്ട വീടാണ്. സിദ്ധു അവളുടേതാണ്.. അമ്മ അവളുടെ സ്വന്തം ആണ്.. എല്ലാം എല്ലാം അവളുടേത് മാത്രം..
“ഫ്ലൈറ്റ് നാളെയല്ലേ.. അതിന് മുൻപേ എൻറെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കിട്ടണമായിരുന്നു. അതില്ലാതെ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല..” ഗായത്രി ആത്മഗതമെന്നോണം പറയുന്നത് കേട്ടു.
അത്ര പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞത് പോലും സിദ്ധു കേട്ടിരിക്കുന്നു എന്ന് മറുപടി വന്നപ്പോൾ മനസ്സിലായി.
“ഞാൻ H R റിൽ പറഞ്ഞു വയ്ക്കാം.. നീ ഒരു ഓട്ടോ പിടിച്ച് ഉച്ചയ്ക്ക് എങ്ങാനും വന്ന് ഒപ്പിട്ടു വാങ്ങിക്കോ.. മാളുവിനെയും കൂടെ കൂട്ടിക്കോ.. ഇവിടെ തനിച്ച് ഇരുത്തണ്ട.. കൂട്ടത്തിൽ നാളത്തെക്കുള്ള ഫ്ലൈറ്റ് റ ടിക്കറ്റ് ട്രാവൽസിൽ നിന്നും വാങ്ങിച്ചോ..”
” ഉത്തരവ് രാജാവേ .. പിന്നെ മാളുവിനേ കൂട്ടുന്ന കാര്യം എന്നോട് സിദ്ധുവേട്ടൻ പറഞ്ഞിട്ട് വേണ്ട..വലിയ ഭർത്താവ് ചമയാതെ ഒന്ന് പോ മാഷേ…”
സിദ്ധു അവളെ നോക്കി ഹൃദ്യമായി ചിരിക്കുന്നത് കണ്ടു. സിദ്ധുവിൻറെ കണ്ണുകളിലെ ആ നക്ഷത്ര തിളക്കം ഞാനിതുവരെ കണ്ടിട്ടില്ല എന്ന് തോന്നി. എൻറെ മുന്നിൽ എത്ര സ്നേഹം അഭിനയിച്ചാലും സത്യമെന്തെന്ന് ആ കണ്ണുകളിൽ തെളിഞ്ഞു നിൽപ്പുണ്ട്.
ഗായത്രി നാളെ യാത്രയാവുകയാണ് എന്ന് ഓർത്തതും ഞാൻ പെട്ടെന്നെഴുന്നേറ്റു. എനിക്കും എന്തെങ്കിലും ചെയ്തേ പറ്റൂ.
“ഗായുവിന് സിദ്ധുവിൻറെ കൂടെ തന്നെ ഹോസ്പിറ്റലിൽ പോയിക്കൂടെ.. പോകുന്ന വഴിക്ക് ബ്രേക്ക് ഫാസ്റ്റും കഴിച്ചോളൂ.. ഇവിടെ ഫുഡ് ഉണ്ടാക്കാൻ സാധനം ഒന്നും ഇരിപ്പില്ല.. ഉണ്ടായിരുന്ന ബ്രെഡ് ഞാൻ കഴിച്ചു പോയി. കുറച്ചുനേരം ഒറ്റക്കിരിക്കാൻ എനിക്ക് ഒട്ടും പേടിയില്ല..ഗായത്രി പെട്ടെന്ന് തന്നെ തിരിച്ചു വന്നാൽ മതി..”
എന്തുകൊണ്ടോ എൻറെ വാക്കുകൾ രണ്ടാളും എതിർത്തില്ല. ഒരുമിച്ച് യാത്ര ചെയ്തു അവർക്കും കൊതി തീർന്നിട്ടില്ല എന്ന് തോന്നി .
“എന്നാൽ ഞാൻ ഒന്ന് ഫ്രഷായി പെട്ടെന്ന് വേഷം മാറിയിട്ട് വരാം..”. കാറ്റിൻറെ വേഗത്തിൽ ഗായത്രി അകത്തേക്ക് പോകുന്നത് കണ്ടു.
സിദ്ധു പാർക്കിംഗിലേക്ക് നടക്കുന്നത് കണ്ടതും ഞാൻ മുറ്റത്തിറങ്ങി സിദ്ധുവിൻറെ അടുത്തേക്ക് ചെന്നു. എന്നെ കണ്ടിട്ടാവണം ചില്ലു ഗ്ലാസ് താഴ്ത്തി എന്നെ കേൾക്കാൻ എന്ന പോലെ മുഖം പുറത്തേക്കിട്ടു. കുനിഞ്ഞുനിന്ന് ആ മുഖം കൈകളിലെടുത്തു. എൻറെ ഉള്ളിലെ അടങ്ങാത്ത സ്നേഹവും കടപ്പാടും നന്ദിയും പ്രണയവും എല്ലാം ഒരുമിച്ച് ചേർത്ത് വെച്ച് നെറ്റിയിൽ ആഴത്തിൽ ചുണ്ടുകൾ അമർത്തി.
“ഇതെന്താ പതിവില്ലാത്ത ഒരു സ്നേഹം.. അതും വീട്ടുമുറ്റത്ത്.. ഗായു എങ്ങാനും കണ്ടോണ്ട് വന്നാൽ എല്ലാം തീരും..” ഞാൻ അകന്നു മാറിയതും സിദ്ധു ഭയത്തോടെ അകത്തേക്ക് നോക്കുന്നത് കണ്ടു. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. പിന്തിരിഞ്ഞ് നടന്ന് വരാന്തയിൽ എത്തിയതും ഗായത്രി ഒരുങ്ങി വന്നു.
“ഞാൻ പെട്ടെന്ന് വന്നേക്കാം..” അവൾ യാത്ര പറഞ്ഞിറങ്ങി. മുൻവശത്തെ ഡോർ തുറന്ന് കയറി. ഇരുന്നതും വണ്ടി നീങ്ങി തുടങ്ങി. കാഴ്ചയുടെ അവസാനം വരെ ഞാൻ ആ യാത്ര നോക്കി നിന്നു.. അവരുടെ യാത്ര തുടരട്ടെ.. ദീർഘയാത്രയിൽ ഇടിച്ചു കയറിയവരൊക്കെ ഇടവഴിയിൽ ഇറങ്ങി പോകട്ടെ..
ധൃതിയിൽ സിദ്ധുവിൻറെ മുറിയിലേക്ക് നടന്നു. താക്കോലിട്ടു പൂട്ടിയ അലമാര വീണ്ടും തുറന്നു. എൻറെ സർട്ടിഫിക്കറ്റ് , സ്വർണാഭരണങ്ങൾ, മെഡിക്കൽ റിപ്പോർട്ട് , അത്യാവശ്യം വേണ്ട ചുരിദാറുകൾ എല്ലാം എടുത്ത് ബാഗിൽ നിറച്ചു വെച്ചു. സിദ്ധു ഡൽഹിയിൽ നിന്നും കൊണ്ടുവന്ന സാരി എന്തുകൊണ്ടോ അവിടെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല.അതെങ്കിലും എനിക്കിരിക്കട്ടെ എന്ന് കരുതിബാഗിൽ എടുത്തു വച്ചു. സ്കൂളിൽ കൊണ്ടുപോകുന്ന ബാഗ് എടുത്തു നോക്കി. കഴിഞ്ഞ മാസത്തെ ശമ്പളം അതുപോലെ ഇരിപ്പുണ്ട്. പരസഹായ മില്ലാതെ പിടിച്ചുനിൽക്കാൻ തൽക്കാലത്തേക്ക് അതുമതി. പോരാത്തതിന് അച്ഛൻ തന്ന ആഭരണങ്ങളും കൂട്ടിനുണ്ട്.
അച്ഛൻ അവസാനമായി എന്നോട് ആവശ്യപ്പെട്ടത് ഓർമ്മവന്നു. സിദ്ധുവിൻറെ സന്തോഷമായിരിക്കണം എൻറെയും സന്തോഷംഎന്നത്.അത് നടപ്പിൽ വരുത്തണം. മനസ്സിൽ ഒരുവളെ പ്രതിഷ്ഠിച്ചു മറ്റൊരുവളുടെ മുന്നിൽ. അതും ഒരു കുഞ്ഞിനെ പോലും തിരികെ നൽകാൻ കഴിവില്ലാത്തവളുടെ മുന്നിൽ അഭിനയിച്ച തീർക്കാനുള്ളതല്ല സിദ്ധുവിൻറെ ജീവിതം. ഈ ഒഴിഞ്ഞു പോക്ക് ഞാൻ നൽകുന്ന എൻറെ പ്രണയ സമ്മാനമാണ്..നിനക്കായുള്ള എൻറെ സ്നേഹ സമ്മാനം.
ഒരു കടലാസു തുണ്ട് കയ്യിലെടുത്തു. വിറക്കുന്ന വിരൽ തുമ്പിൽ നിന്നും അക്ഷരങ്ങൾ ഊർന്നു വീഴുന്നു.
“ഒരാളുടെ ആരെങ്കിലും ആകാൻ എളുപ്പമാണ്..പക്ഷേ അയാളുടെ എല്ലാമെല്ലാം ഒരാളായി മാത്രം മാറിപ്പോവുക എന്നത് ഭാഗ്യമുള്ളവർക്ക് മാത്രമേ കഴിയൂ..തീർച്ചയായും അതായിരിക്കും അയാളുടെ പ്രണയം. ജീവിതത്തിൽ നമ്മുടെ പ്രണയത്തെ കണ്ടെത്താൻ സാധിച്ചാൽ അയാളുടെ സന്തോഷങ്ങൾക്ക് മുന്നിൽ തോറ്റു കൊടുക്കണം . ഞാൻ എൻറെ പ്രണയത്തെ കണ്ടെത്തിയിരിക്കുന്നു. സിദ്ധുവും അത് തന്നെ ചെയ്യുക..സഹതാപമോ അനുകമ്പയോ കടപ്പാടോ ഇവ ഒന്നിനെയും കൂട്ടുപിടിച്ച് അധികകാലം ആർക്കും ജീവിക്കാനാവില്ല. അഭിനയം മടുപ്പാണ് എന്ന് തിരിച്ചറിയുന്ന കാലം തോറ്റു പോയെന്നു തോന്നും. ആത്മാർത്ഥ സ്നേഹത്തോട് ഒപ്പം സന്തോഷത്തോടെ ജീവിക്കു.. ഞാൻ പടിയിറങ്ങുന്നു..ഒരിക്കലും എന്നെ തേടി വരരുത്.. അപേക്ഷയാണ്. കൂട്ടത്തിൽ മീനു ചേച്ചിയെ കൂടി സിദ്ധുവിനെ ഏൽപ്പിക്കുന്നു.. എൻറെ കുറവ് അറിയിക്കാതെ ചേർത്തുപിടിക്കണം… എല്ലാത്തിനും നന്ദി……..”
കഴുത്തിൽ കിടക്കുന്ന താലിയും മാലയും ഊരി കത്തിന് മുകളിൽ വെച്ചു. സിദ്ധുവിൻറെ കഴുത്തിൽ നിന്നും അത് ഊരിയെടുത്തു എൻറെ കഴുത്തിൽ ചാർത്തി തന്ന നിമിഷം ഓർമ്മ വന്നു. ഈ മുറിയിൽ സിന്ധുവിനൊപ്പം ചിലവഴിച്ച പ്രണയ നിമിഷങ്ങൾ കണ്മുന്നിൽ കാണുന്നു. ഹൃദയം വേദനയാൽ പുളഞ്ഞു നീറുന്നുണ്ടെങ്കിലും കണ്ണീർ വന്നില്ല. ഇനി അങ്ങോട്ടുള്ള യാത്രയിലും അങ്ങനെ തന്നെ ആയിരിക്കും. ഒറ്റയ്ക്കുള്ള യാത്രയിൽ കണ്ണുനീർ പോലും കൂട്ടിന് വേണ്ട. ഞാൻ സന്തോഷവതിയാണ്. സിദ്ധുവിൻറെ സന്തോഷത്തിൽ ഞാനെൻറെ സന്തോഷം കാണുന്നു.
വീട് പൂട്ടി താക്കോൽ ചെടിച്ചട്ടിക്ക് താഴെ വെച്ചു. ആരും കാണുന്നതിനു മുൻപേ എത്താൻ പറ്റുന്നത്ര ദൂരത്തേക്കുള്ള ഒളിച്ചോട്ടം.. ഓടിപ്പോകുന്ന സിദ്ധു വിൻറെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന വഴികളിലേക്ക് കാലം എന്നെ പിന്തിരിഞ്ഞു നടത്താതിരിക്കട്ടെ…
തുടരും..
‘നിനക്കായ് ‘ എന്ന ടൈറ്റിലിനോട് നീതി പുലർത്തിയെ പറ്റു .ആരും മാളുവിനെ ഓർത്തു വിഷമിക്കേണ്ട..കഥ തീർച്ചയായും ഹാപ്പി എൻഡിങ് ആയിരിക്കും.