പ്രതികാരം…
Story written by Keerthi S Kunjumon
================
“എന്താ അഞ്ജു ഇന്നും നീ കരഞ്ഞോ…..ആനന്ദ് സർ എന്താ പറഞ്ഞെ …….?”
“ഇതിപ്പോ രണ്ടീസം ആയല്ലോ… “
“ഇവിടെ ആദ്യായിട്ടൊന്നും അല്ലല്ലോ മാർക്ക് കുറയണത്…മറ്റു പലർക്കും കുറഞ്ഞിട്ടില്ലേ….”
“പിന്നെന്താ നിന്നെ മാത്രം വിളിപ്പിച്ചു ഇത്ര വഴക്ക് പറയാൻ….. ഇതെന്താ വെള്ളരിക്ക പട്ടണോ…? “
“ഏത് വലിയ ആൾ ആയാലും , ഇന്ന് ഇത് ചോദിച്ചിട്ട് തന്നെ കാര്യം…കാരണം അറിയണോല്ലോ…”
ആരഭിക്ക് കലി അടക്കാൻ ആയില്ല…..
അഞ്ജലി അപ്പോഴേക്കും ആരഭിയെ പിന്നോട്ട് വലിച്ചു..
ഒന്നും ചോദിക്കേണ്ട എന്ന ഭാവത്തിലുള്ള അഞ്ജലിയുടെ നിൽപ്പ് കണ്ടപ്പോൾ ആരഭിക്കും ഏറെ വിഷമം തോന്നി…
“എന്റെ അഞ്ജുവേ , എങ്കിൽ നീയാ കണ്ണൊന്നു തുടയ്ക്ക്….”
ഇനി മനുവേട്ടൻ എങ്ങാനും ഇത് കണ്ടു വന്നാ , പിന്നെ ചോദ്യായി , പറച്ചിൽ ആയി…”
“പിന്നെ എന്നെ പറയരുത് … “
“ആ അല്ലെങ്കിലും ഇന്നലെ ഞാൻ പറഞ്ഞതല്ലേ, ഏട്ടനോട് പറയാം എന്ന് , അപ്പൊ അതും പറ്റില്ല….”
വീണ്ടും അഞ്ജലിയിൽ അരുത് എന്ന ഭാവം…അവൾ പതുക്കെ കണ്ണുകൾ തുടച്ചു……
അവർക്കരികിലേക്ക് വന്ന മനുവിനൊപ്പം ഇരുവരും നടന്നു…
അഞ്ജലി എന്ന അഞ്ജുവും , ആരഭി എന്ന അഭിയും ആത്മമിത്രങ്ങൾ ആണ് , കളിക്കൂട്ടുകാരികൾ….
മിണ്ടാപ്രാണിയായ അഞ്ജുവിന്റെ ശബ്ദമായി , അവളുടെ മനസ്സറിഞ്ഞു എപ്പോഴും അഭി ഒരു നിഴൽപോലെ കൂടെ ഉണ്ടാകും…
ഒപ്പം അഞ്ജുന്റെ ജീവനായ അവളുടെ സ്വന്തം മനുവേട്ടനും…..
ചികിത്സയുടെ ഭാഗമായി ഒരുപാട് ക്ലാസുകൾ അഞ്ജലിക്ക് നഷ്ടമായപ്പോൾ , അത് മാർക്കിനെയും ബാധിച്ചു…
കാര്യങ്ങൾ നേരുത്തെ അറിയുന്ന അധ്യാപകർ അവളെ ഒരുപാട് സഹായിച്ചു , എല്ലാത്തിനും ഉപരിയായി ആരഭിയും….
പക്ഷേ കർക്കശക്കാരനായ അവരുടെ പ്രിൻസിപ്പാൾ ആനന്ദ് വർമ്മ മാത്രം അവളെ പരസ്യമായി തന്നെ ശകാരിച്ചു…
ഇടയ്ക്കിടെ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു , വഴക്ക് പറയാനും തുടങ്ങി….
സ്കൂളിന്റെ സമ്പൂർണ വിജയത്തിന് കോട്ടം തട്ടുന്ന ഒന്നും അയാൾ അവിടെ വെച്ച് പൊറുപ്പിക്കില്ല എന്ന് എല്ലാർക്കും നന്നായി അറിയാമായിരുന്നു….
“അഞ്ജുനെ കണ്ടില്ലല്ലോ , അവളിതെവിടെ പോയി ….?”
“ഇന്നലെ വൈകിട്ടു കൂടി വീട്ടിൽ വന്നതാ…”
“എന്നിട്ട് ഇന്ന് ക്ലാസ്സിൽ വരില്ല എന്നൊരു വാക്ക് പോലും പറഞ്ഞില്ല…”
“ഇനി വല്ല പനിയും പിടിച്ചോ …? “
“ഇന്നലെ കരഞ്ഞുവിളിച്ചല്ലേ പോയത് , പേടിപ്പനി ആകും…”
“പേടിത്തൊണ്ടി…ഹ്മ്മ്….മനുവേട്ടനോട് ചോദിക്കാം…”
ടീച്ചർ ക്ലാസ്സ് എടുക്കുമ്പോഴും , ആരഭിയുടെ മനസ്സിൽ അഞ്ജുവിനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു ….
ഇന്റർവെൽ സമയത്തു ആരഭി ഓടി മനുവിന്റെ ക്ലാസ്സിന് മുന്നിൽ എത്തി , മനുവിനെയും ക്ലാസ്സിൽ കണ്ടില്ല…
മറ്റുകുട്ടികളോട് തിരക്കിയപ്പോൾ അവനും ഇന്ന് ക്ലാസ്സിൽ വന്നില്ലെന്ന് ആരഭിക്ക് അറിയാൻ കഴിഞ്ഞു…
“ഇവരിതെവിടെ പോയി , എവിടെ പോയാലും നേരുത്തെ പറയാറുണ്ടല്ലോ…”
“ഇനി ഇങ്ങ് വരട്ടെ മിണ്ടില്ല ഞാൻ രണ്ടാളോടും…”
അവൾ പരിഭവത്തോടെ പിറുപിറുത്തു…..
കുറച്ചു കഴിഞ്ഞപ്പോൾ , പ്യൂൺ അലക്സ് അങ്കിൾ ക്ലാസ്സിൽ വന്ന് ടീച്ചറോട് എന്തോ പറഞ്ഞിട്ട് പോയി….
“ഓൾ ഓഫ് യൂ പ്ലീസ് ഗോ ടൂ സ്കൂൾ ഓഡിറ്റോറിയം , വീ ഹാവ് ആൻ അസംബ്ലീ….”
ടീച്ചർ നിർദ്ദേശം നൽകി പുറത്തേക്ക് ഇറങ്ങി….
“ഇപ്പൊ അസംബ്ലീയോ , ഈ സമയത്തു…..?
എല്ലാവരും സംശയത്തോടെ ചോദിച്ചു….
“വളരെ ദുഃഖകരമായ ഒരു വാർത്തയാണ് എനിക്ക് നിങ്ങളെ അറിയിക്കാൻ ഉള്ളത്….”
“10 ബീയിലെ അഞ്ജലി സത്യദാസ് , ഒരപകടത്തിൽ നമ്മളെയൊക്കെ വിട്ടു പിരിഞ്ഞു “
ആനന്ദ് വർമ്മ അത് പറഞ്ഞു അവസാനിപ്പിക്കുമ്പോഴേക്കും ആരഭിയുടെ ബോധം മറഞ്ഞിരുന്നു…
ആരൊക്കെയോ ചേർന്ന് അവളെ താങ്ങി എടുത്തു…..
ഇടയ്ക്കു കരഞ്ഞു തളർന്നു പാതി ബോധത്തിൽ നോക്കുമ്പോൾ അവൾ തന്റെ അമ്മയുടെ മടിയിൽ ആയിരുന്നു….
തണുത്തു വിറങ്ങലിച്ച അഞ്ജുവിന്റെ ശരീരത്തിന് അരികിൽ അവളിരുന്നു…
അഞ്ജുവിന്റെ അമ്മ വാവിട്ട് നിലവിളിച്ചു , ആ നിലവിളികളിൽ ഒറ്റ ചോദ്യം മാത്രം ആയിരുന്നു…
“എന്തിനാ മോളെ നീ ഇങ്ങനെ ചെയ്തത്…”
“ആത്മഹത്യ ചെയ്തതാ , എന്താണാവോ കാരണം….? “
“ആർക്കറിയാം…ഇപ്പോഴത്തെ കുട്ട്യോൾ അല്ലെ , ചെറുത് എന്തേലും മതീല്ലോ…”
“പക്ഷേ അതൊരു പാവമാർന്നു…..മിണ്ടാൻ കഴിയാത്ത കുട്ടിയല്ലേ , ഉള്ളിൽ എന്തേലും സങ്കടം ഉണ്ടാർന്നിരിക്കും…”
“ഇനി വല്ല പ്രേമനൈരാശ്യവും ആണോ?”
അവിടെ കൂടി നിന്നവരിൽ നിന്ന് പല അഭിപ്രായങ്ങളും വന്നു…അവയെല്ലാം ആരഭിയെ വീണ്ടും വേദനിപ്പിച്ചു…..
മനുവും ആരഭിയും നിർജീവമായി ഇരു കോണുക്കളിൽ ഇരുന്നു…ആ മുഖങ്ങളിൽ ഇപ്പോൾ നിസ്സംഗ ഭാവം മാത്രം….
“വേണ്ട ന്റെ അഞ്ജുനെ കത്തിച്ചു കളയല്ലേ…അവൾക്ക് വേദനിക്കും ….”
“വേദനിച്ചാലും ഒന്ന് ഉറക്കെ കരയാൻ പോലും പറ്റില്ലല്ലോ…..വേണ്ട എന്റെ അഞ്ജുനെ കത്തിച്ചു കളയല്ലേ….”
ആരഭി അലമുറയിട്ട്കൊണ്ട് ചിതയ്ക്ക് അരികിൽ ഇരുന്നു…ആരൊക്കെയോ ചേർന്ന് പിടിച്ചു മാറ്റുമ്പോഴേക്കും അവളുടെ ബോധം മറഞ്ഞിരുന്നു…
********************
അരണ്ട വെളിച്ചമുള്ള ആ മുറിയിൽ പൂക്കളാൽ അലങ്കരിച്ച പട്ടുമെത്തയിൽ ആനന്ദ് വർമ്മ ഇരുന്നു….
അയാൾക്ക് മുന്നിലേക്ക് അംഗലാവണ്യം വഴിഞ്ഞൊഴുകുന്ന ഒരു സ്ത്രീ കടന്നു വന്നു…..
ചുവന്ന പട്ട് ചുറ്റി , കുങ്കുമപൊട്ടണിഞ്ഞു , കരിങ്കൂവള കണ്ണുകളിൽ കണ്മഷി എഴുതി , അഴിച്ചിട്ട കേശവും , ചൊടികളിൽ പുഞ്ചിരിയുമായി ശൃങ്കാര ഭാവത്തിൽ അവൾ നിന്നു…
“സ്വപ്നമോ…സത്യമോ…”
അയാൾക്ക് വിശ്വസിക്കാൻ ആയില്ല…..
“ഇന്നത്തെ രാത്രി നല്ലൊരു ഐറ്റത്തെ തന്നെ തരപ്പെടുത്തി തരാം , ഫ്രഷ് ആണ് എന്നൊക്കെ അലക്സ് പറഞ്ഞപ്പോഴും ഇത്രയും പ്രതീക്ഷിച്ചില്ല…”
മനസ്സിൽ അവളുടെ ചിന്ത ഉണർന്നപ്പോൾ, അയാളുടെ സിരകളിൽ അഗ്നി പടർന്നു….
അവൾ ഒഴിച്ച് നൽകിയ പെ ഗ്ഗിൽ നിന്ന് ഓരോ സിപ് അകത്താക്കുമ്പോഴും അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു…
പതുക്കെ അയാളുടെ ബോധം നശിച്ചു…
മയക്കത്തിൽ നിന്ന് ആനന്ദ് വർമ്മ കണ്ണ് തുറന്നപ്പോൾ മുന്നിൽ അതെ പുഞ്ചിരിയോടെ അവൾ ഉണ്ടായിരുന്നു…
അവളുടെ ഉടലഴകിൽ ഉന്മത്തനായി , കാ മം പൂണ്ട് പിടഞ്ഞെണീക്കവേ അയാളെ എന്തോ ഒന്ന് പിന്നോട്ട് വലിച്ചു….
തന്റെ കൈകാലുകൾ ബന്ധനത്തിലാണെന്ന് അയാൾ തിരിച്ചറിഞ്ഞു…
പെട്ടന്നവളുടെ ശൃങ്കാര ഭാവം രൗദ്രമായി…..
കണ്ണുകൾ അഗ്നിഗോളങ്ങൾ പോലെ ജ്വലിച്ചു….ശരീരം വിറകൊണ്ടു…
പ്രതികാരത്തിന്റെ കനലുകൾ അവളിൽ ആളിപ്പടർന്നു…
“അഴിച്ചുവിടടി ***** ന്റെ മോളെ ….” അയാൾ ആക്രോശിച്ചു …
അവൾ അയാളെ ആഞ്ഞടിച്ചു….
അവളുടെ കോപാഗ്നിയുടെ തീഷ്ണതയിൽ അയാൾ സ്തബ്ധനായി….
“അഭി മതി….ഇനി കാര്യങ്ങൾ പറഞ്ഞിട്ട് ആവാം….എങ്കിലേ ഇവന്റെ വേദന ആസ്വദിക്കാൻ ഒരു ത്രില്ല് ഉണ്ടാകു …”
മുറിയിലേക്ക് മറ്റൊരാൾ കടന്നു വന്നു , ഒത്തവണ്ണവും ,പൊകാവുമുള്ള ഒരു മനുഷ്യൻ….
“നിങ്ങളൊക്കെ ആരാ…എന്തിനാ എന്നെ കെട്ടിയിട്ടിരിക്കുന്നത് , അഴിച്ചുവിട് , ഇല്ലെങ്കിൽ നീയൊക്കെ അനുഭവിക്കും…”
“ച്ചി …നിർത്ത.ടാ….” , അവൾ അലറി…
“നിനക്കറിയണമല്ലേ….എട്ട് വർഷം മുൻപ് , സൈന്റ്റ് ജൂഡ് കോൺവെൻറ് സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിച്ച ഒരു അഞ്ജലിയെ നിനക്ക് ഓർമ്മയുണ്ടോ…..”
അയാൾ സംശയത്തോടെ അവളെ നോക്കി…
“നിനക്കെങ്ങനെ ഓർമ വരും എത്രയോ പേരിൽ ഒരുവൾ അല്ലെ…വ്യക്തമായി പറഞ്ഞു തരാം…”
“അഞ്ജലി സത്യദാസ് ഒരു പാവം മിണ്ടാപ്രാണി…നിന്റെ കാ മം നശിപ്പിച്ചു കളഞ്ഞ ഒരു പാവം പെണ്ണ്…”
“ആരോടും ഒന്നും പറയാൻ കഴിയാതെ എന്റെ അഞ്ജു ……”
അവളുടെ വാക്കുകൾ മുറിഞ്ഞു….കണ്ണുകളിൽ നനവ് പടർന്നു….
ആനന്ദ് വർമ്മയുടെ മുഖത്തു അപ്പോഴും ഭയവും സംശയവും ഒരുപോലെ നിഴലിച്ചു…
“ഞാൻ ആരാണെന്ന് അറിയോ നിനക്ക് , അവളുടെ ശബ്ദം , അവളുടെ മനസ്സും മനസ്സാക്ഷിയും , അവളുടെ സ്വന്തം അഭി, ആരഭി …..”
“ആ നിൽക്കുന്ന മനുഷ്യനെയും നീ അറിയും , കുഞ്ഞുപെങ്ങളുടെ മരണത്തിൽ മനംനൊന്ത് നീറി പുകഞ്ഞു കഴിയുന്ന അവളുടെ ഏട്ടൻ , മനു…..മനു സത്യദാസ്…”
മനുവിന്റെ കണ്ണുകളിലും പകയുടെ തീക്കനൽ നീറിപ്പുകഞ്ഞു…
“നീ അവളെയും , അവളുടെ സ്വപ്‌നങ്ങളെയും പി ച്ചി ചീ ന്തിയപ്പോൾ നശിച്ചുപോയത് രണ്ട് കുടുംബങ്ങൾ കൂടിയാണ്….”
“എന്റെ അഞ്ജു ഞങ്ങളെ വിട്ടു പോയതിന്റെ കാരണം പോലും അറിയാതെ സ്വയം നീറി , ഒടുവിൽ ഭ്രാ ന്താശുപത്രിയിലെ ഏകാന്തതയിൽ എനിക്ക് നഷ്ടമായത് ജീവിതത്തിലെ വിലപ്പെട്ട നാല് കൊല്ലങ്ങളാണ്…..”
“നീ എന്താ കരുതിയത് , മിണ്ടാൻ കഴിയാത്തതുകൊണ്ട് ആരും ഒന്നും അറിയില്ലെന്നോ… “
“ഭ്രാ ന്തമായ നാല് വർഷങ്ങൾ എന്നെ തേടി ആ സത്യം മറഞ്ഞിരുന്നു….”
“ഞങ്ങളുടെ പ്രിയപ്പെട്ട ഓർമ്മകൾക്ക് ഇടയിൽ അവൾ ഒളിപ്പിച്ച കത്തിൽ എല്ലാ സത്യവും പകൽ പോലെ വ്യക്തമായിരുന്നു….”
“നന്മയുടെ മുഖം മൂടി അണിഞ്ഞ നിന്റെ ഉള്ളിലെ ചെ ന്നായയെ തിരിച്ചറിയാൻ വൈകിപ്പോയി ……”
അല്ലെങ്കിൽ ഞങ്ങളുടെ അഞ്ജു… “
ആരഭിയുടെ ശബ്ദം നേർത്തു….അവ ഒരു തേങ്ങലായി മാറി…
“മതി അഭി , ഇനി അധികം വിശദീകരണം ഒന്നും വേണ്ട ഈ നാ യയോട്…..”
“ഈ നാല് വർഷവും നിന്റെ പുറകെ രാവും പകലും ഞങ്ങൾ ഉണ്ടായിരുന്നു….”
“നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിക്കാൻ ഞങ്ങൾ എടുത്ത സമയം, നിനക്ക് ആയുസ്സു നീട്ടി കിട്ടി…”
“ഇന്ന് ആ നഷ്ടങ്ങളുടെ അവസാനത്തെ കണക്കെടുപ്പ് ദിവസം ആണ്…..”
“എന്റെ കുഞ്ഞനിയത്തിയുടെ ചോ രക്ക് പകരം ചോദിക്കുന്ന ദിവസം….”
“ഇത് നിനക്ക് വേണ്ടി വിരിച്ച വലയാണ് , നിന്റെ സഹായി അലക്സിനെ സ്വാധീനിക്കാൻ ഞങ്ങൾക്ക് അധികം പരിശ്രമിക്കേണ്ടി വന്നില്ല…”
മനുവിന്റെ കൈകാലുകൾ അയാളുടെ ശരീരത്തിൽ അമർന്നു..അവൻ അയാളെ പൊതിരെ തല്ലി…
ആരഭി , ഒരു കസേര വലിച്ചിട്ടു അവർക്കരികിൽ ഇരുന്നു അയാളുടെ വേദനകൾ ആസ്വദിച്ചു….
” നീ കരയുന്നോ…നിന്റെ ശബ്ദം പോലും പുറത്ത് വരാൻ പാടില്ല…. “
“നീ പി ച്ചി ചീ ന്തിയപ്പോൾ എന്റെ അഞ്ജുവിനും ഉറക്കെ ഒന്ന് കരയാൻ പോലും കഴിഞ്ഞില്ല…..”
“നിനക്കും വേണ്ട ഈ നാവ്…അരിഞ്ഞു കളഞ്ഞേക്ക് അഭി ….”
മനുവിന്റെ വാക്കുകൾ ആരഭിയിലെ പക ഉണർത്തി…..ആനന്ദിനെതിരെ മൂർച്ചയുള്ള ക ത്തിയുമായവൾ പാഞ്ഞടുത്തു….
“വേണ്ട , ദയവ് ചെയ്തു എന്നെ വെറുതെ വിടണം…നിങ്ങൾക്ക് എത്ര പണം വേണമെങ്കിലും ഞാൻ തരാം , എന്ത് വേണമെങ്കിലും ചെയ്യാം…”
“എങ്കിൽ എന്റെ അഞ്ജുനെ തിരികെ താ….എനിക്ക് നഷ്ടമായ നാല് കൊല്ലങ്ങൾ തിരികെ താ….ഞങ്ങളുടെ കുടുംബങ്ങളുടെ സന്തോഷം തിരികെ താ…..” അവൾ പൊട്ടിത്തെറിച്ചു…
“ഈ കൈകൾ..ഈ വിരലുകൾ…ഇവയല്ലേ എന്റെ അഞ്ജുവിനെ ഉപദ്രവിച്ചത് , അവളുടെ മാനം കവർന്നത്….”
“ഒരു ഭ്രാ ന്തി നിന്റെ ജീവൻ എടുക്കാൻ പോകുകയാണ്….”
“കള്ളന്മാർക്കും , പീ ഡന വീരന്മാർക്കും മാത്രമല്ല , ഭ്രാ ന്തിക്ക് വേണ്ടിയും നിയമത്തിൽ പഴുതുകൾ ഉണ്ട്…..”
“ഞാൻ നശിച്ചാലും , നീ ഇല്ലാതാകണം…വേദന തിന്ന് ഇഞ്ചിഞ്ചായി മരിക്കണം….”
ആരഭി ഉറക്കെ ചിരിച്ചു….അയാളുടെ ഉള്ളിൽ ഭയം ഇരച്ചു കയറി….
അവളുടെ കത്തിയിൽ ചുടുര ക്തം പുരണ്ടു…
അയാളുടെ ശബ്ദം പിന്നെ ഉയർന്നില്ല , നേരിയ ഞരക്കം മാത്രം…
ചോ ര വാർന്നൊലിച്ച കൈകൾ ആനക്കാനാകാതെ അയാൾ വേദനകൊണ്ട് പിടഞ്ഞു….
“മരിക്കും മുന്നേ നീ ഒന്നുകൂടെ അറിഞ്ഞോളു…..”
“അഞ്ജുവിന്റെ കത്തും , ഒപ്പം നീ നശിപ്പിച്ച നിന്റെ മറ്റു ശിഷ്യകളുടെ വിവരങ്ങളും തെളിവുകൾ സഹിതം നിന്റെ മകൾക്കും ഭാര്യക്കും നൽകിയിട്ടുണ്ട്…..”
“രാഷ്‌ട്രപതിയുടെ കയ്യിൽ നിന്നും മികച്ച അധ്യാപകനുള്ള മെഡൽ നേടിയ ഈ അച്ഛന്റെ പൊന്നു മോൾടെ തല ഇനി എന്നും താഴ്ന്നിരിക്കും…”
“ആ മെഡൽ കാണുമ്പോൾ അവൾക്ക് വെറുപ്പ് തോന്നും , അവൾ നിന്നെ ശപിക്കും….”
മനുവിന്റെ ചുണ്ടിൽ പ്രതികാര സാഫല്യത്തിന്റെ പുഞ്ചിരി വിടർന്നു…
ആ മുറിക്കുള്ളിൽ ചുടുചോ.രയുടെ ഗന്ധം നിറഞ്ഞു….തെറിച്ചു വീണ ചോ രത്തുള്ളികൾ ആരഭിയുടെ കുങ്കുമ ചുവപ്പിലും , ചെഞ്ചൊടികളിലും , ചുവന്ന പട്ടിലും ഇഴുകി ചേർന്നു…
മനുവിനെ നോക്കി നിഗൂഢമായി ഒന്ന് പുഞ്ചിരിച്ചുകൊണ്ടവൾ കണ്ണുനിറച്ചു ….
അപ്പോൾ അവൻ മനസ്സിൽ പറഞ്ഞു ,
” അഭി , നീ ഒരുപാട് മാറിയിരിക്കുന്നു…
നിഷ്കളങ്ക ആയ ആ പാവം പതിനഞ്ചുകാരിയിൽ നിന്നും , പെണ്ണിനെ പി ച്ചി ചീ ന്തിയവന്റെ ജീവനെടുത്ത് പകവീട്ടിയ പ്രതികാര രുദ്രയായുള്ള മാറ്റം…..
കാലം നിന്നെ പോലെ ഒരുപാട് സ്ത്രീകളിൽ വരുത്തിയ മാറ്റം…..
~Keerthi S Kunjumon