എഴുത്ത്: ബഷീര് ബച്ചി
==============
ക്രിസ്മസ് വെക്കേഷൻ അവധിക്ക് തിരുവനന്തപുരത്ത് നിന്നും സ്വന്തം നാടായ മലപ്പുറത്തേക്ക് പോകുകയായിരുന്നു ഞാൻ. അവിടെ ഒരു സ്കൂളിൽ അദ്ധ്യാപകനാണ്..
റീസർവേഷൻ ടിക്കറ്റ് ഫുൾ ആയത് കൊണ്ട് ലോക്കൽ കമ്പാർട്ട്മെന്റിൽ കയറികൂടി ഒരു സീറ്റ് ഒപ്പിച്ചു അതിലിരുന്നു.
നേരെ മുൻവശത്ത് ഒരു പെൺകുട്ടി ഇരിക്കുന്നുണ്ട്.
മുഖം വിഷാദമാണ്..എന്തോ ആലോചിച്ചു പുറത്തേക്ക് നോക്കിയിരിക്കുന്നു. എവിടെയോ കണ്ടിട്ടുണ്ടല്ലോ ഈ മുഖം..!!
പെട്ടന്ന് അവളെ മനസിലായി..മുഖപുസ്തകത്തിലെ എന്റെ സുഹൃത്ത്..ഞാൻ അത്ഭുതത്തോടെ അവളെ വീണ്ടും നോക്കി..
കമന്റ്ബോക്സിൽ പരസ്പരം തമാശകളും ചളിയുമെറിഞ്ഞു എപ്പോഴും ആക്റ്റീവ് ആകാറുള്ള നസി. നസ്രിയ. നല്ലൊരു എഴുത്തുകാരി ആയിരുന്നു അവൾ..അവളുടെ ഉണ്ടകണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണശക്തിയുണ്ട്.
പ്രൊഫൈലിൽ അവൾ എപ്പോഴും സ്വന്തം ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്..ഞാൻ ആണെങ്കിൽ ഒരു മുഖമില്ലാത്ത ഐഡിയും. ആദ്യമായ് ആയിരുന്നു മുഖപുസ്തകത്തിലെ ഒരു സുഹൃത്തിനെ കാണുന്നത്. അതും യാദൃശ്ച്ചികമായി..
ഇന്നലെ അവളുടെ ഒരു പോസ്റ്റിന് താഴെയിട്ട കമന്റ് ഞാൻ മെല്ലെ ഉരുവിട്ടു..
മിഴികൾ മനോഹരമാണ് ആകർഷിക്കപ്പെടുന്നതും..
ഞാൻ പറഞ്ഞത് കേട്ടു അവൾ പെട്ടന്ന് എന്റെ മുഖത്തേക്ക് നോക്കി..ആ ഉണ്ടക്കണ്ണുകൾ തുറിച്ചിരുന്നു..ഇങ്ങനെ നോക്കല്ലേ പേടിയാകും. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..ഞാൻ ബച്ചി..മുഖപുസ്തകത്തിൽ നസിയുടെ സുഹൃത്ത് ആണ്.
അവൾ ആശ്ചര്യത്തോടെ എന്റെ മുഖത്തേക്ക് നോക്കി..മുഖത്തു ചിരി പടർന്നു.
സർപ്രൈസ് ആയല്ലോ..നാട്ടിൽ പോകുവാണോ..അവൾ ചോദിച്ചു..
അതെ..
നസി എന്താ ഇവിടെ..?
ഞാൻ എന്റെയൊരു കൂട്ടുകാരി ഇവിടെയുണ്ട് അവളെ കാണാൻ വന്നതാ..വെക്കേഷൻ അല്ലെ…ഞങ്ങളൊരു ടൂർ പ്ലാൻ ചെയ്തിരുന്നു. പക്ഷെ അത് മുടങ്ങി. അവളുടെ അമ്മമ്മക്ക് സുഖമില്ല. അത് കൊണ്ട് ഈ സമയം ടൂർ ഒന്നും വേണ്ടന്ന് അമ്മ പറഞ്ഞത്രേ..ഇനി തിരിച്ചു വീണ്ടും കോഴിക്കോട്ടേക്ക്..അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
അവളുടെ എഴുത്തുകളിൽ നിന്ന് അവൾക്ക് അച്ഛനും അമ്മയുമില്ലന്ന് ഞാൻ മനസിലാക്കിയിരുന്നു.
സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങിപോന്നതായിരുന്നുവത്രെ അവളുടെ അമ്മ. അച്ഛൻ വർഷങ്ങൾക്ക് മുൻപേ മരിച്ചു. രണ്ടു വർഷം മുൻപ് അമ്മയും..ഏക മകൾ..ജീവിതത്തിൽ ആരുമില്ലാത്ത ഒരു അനാഥ യായിരിക്കുന്നു അവൾ..അതിന്റെ വേദന മറക്കാൻ അവൾ മുഖപുസ്തകത്തിൽ ആയിരുന്നു അഭയം തേടിയിടുന്നത്..അവിടെ ധാരാളം സൗഹൃദങ്ങൾ..
അച്ഛൻ സർവീസിൽ ഇരിക്കെ മരണപെട്ടത് കൊണ്ട് ആ ജോലി അവൾക് ലഭിച്ചു. അവളും അധ്യാപിക യാണ്..ജീവിക്കാൻ ബുദ്ധിമുട്ട് ഇല്ലെങ്കിലും ആരുമില്ലാത്തവളുടെ വേദനകൾ അവൾ എഴുത്തുകളിലൂടെ പറയാറുണ്ടായിരുന്നു..
ഞങ്ങൾ നാളെയൊരു ടൂർ പോകുന്നുണ്ട്. കൂടെ പോരുന്നോ..അവൾ ചോദ്യരൂപേണെ എന്റെ മുഖത്തേക്ക് നോക്കി..
ഞാനും എന്റെ ഉമ്മ ഏട്ടന്മാർ അവരുടെ ഭാര്യമാർ ഒരു അനിയത്തി പിന്നെ ഞാനും..ഒരു അനിയത്തി കൂടെ ഉണ്ട്. കല്യാണം കഴിഞ്ഞു ആറു മാസമായതേ ഒള്ളു..അവൾക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷെ അവൾക്ക് ഇപ്പൊ വരാൻ കഴിയില്ല..ഗർഭിണി ആണ്..രണ്ടു മാസം..! പൂർണ വിശ്രമം വേണമത്രേ..! ടിക്കറ്റ് ഇത് വരെ ക്യാൻസൽ ചെയ്തിട്ടില്ല.
എവിടെക്കാണ് പോകുന്നത്..?
ട്രെയിനിൽ അജ്മീർ, ആഗ്ര ആൻഡ് ഡൽഹി. പത്തു ദിവസം പിടിക്കും തിരിച്ചു വരാൻ..
ട്രെയിൻ ഇറങ്ങും വരെ ആലോചിക്കാൻ സമയമുണ്ട്. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
എനിക്ക് അങ്ങനെ ആരെയും പരിചയമില്ലാതെ ഞാൻ…..
നിർബന്ധിക്കുന്നില്ല..നസിയുടെ ഇഷ്ടം..
ട്രെയിൻ ചൂളം വിളിച്ചു കൊണ്ട് യാത്ര തുടങ്ങികഴിഞ്ഞിരുന്നു കമ്പാർട്ട്മെന്റിൽ ഇപ്പൊ നിന്ന് തിരിയാൻ പോലും സ്ഥലമില്ലാതേയായി..
ഞങ്ങൾ പലതും സംസാരിച്ചു കൊണ്ടിരുന്നു. മുഖംപുസ്തകത്തിൽ നിന്ന് വന്ന വിവാഹം കഴിക്കാനുള്ള ഓഫറുകൾ..പ്രണയം പറഞ്ഞു പിന്നാലെ നടന്നവർ മെസ്സഞ്ചറിലെ ശല്യം..അത് പറഞ്ഞു അവൾ ഇടക്ക് പൊട്ടിച്ചിരിക്കുന്നത് കാണുമ്പോൾ ഞാനും ചിരിച്ചു പോകും..
പക്ഷെ കുറച്ചു നല്ല സൗഹൃദങ്ങളും ഉണ്ട് കേട്ടോ..അതിലൊരാൾ ആണ് ലക്ഷ്മി. അവളെ കാണാനാ ഇങ്ങോട്ട് വന്നത്. അവൾ പറഞ്ഞു…
ഇനി ആ ലിസ്റ്റിൽ എന്നെയും ഉൾപ്പെടുത്താം..ഞാൻ ചിരിയോടെ പറഞ്ഞു..അവൾ പുഞ്ചിരിച്ചു കൊണ്ട് തലയിളക്കി.
അവൾ നല്ലൊരു സംസാര പ്രിയയായിരുന്നു.. ഒറ്റപെട്ട ജീവിതത്തിൽ മനം മടുപ്പിക്കുന്ന മൗനം അവളെ വല്ലാതെ വലച്ചിരുന്നു. അത് കൊണ്ടാവാം..ഞാൻ നല്ലൊരു കേൾവിക്കാരനും..
ഉച്ചക്ക് ഏകദേശം മൂന്ന് മണിയോട് അടുത്ത് ട്രെയിൻ കുറ്റിപ്പുറം പിന്നിട്ടു..
എന്റെ സ്റ്റേഷൻ എത്താറായി കേട്ടോ..എന്ത് തീരുമാനിച്ചു. കൂടെ ഇറങ്ങുന്നോ..അതോ യാത്ര തുടരുന്നോ..
വീട്ടിൽ ഞാൻ വിളിച്ചു പറഞ്ഞോളാം കാര്യങ്ങൾ..
ഞാനും ഉണ്ട് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഈ ഒരു യാത്ര കൊണ്ട് ചിലപ്പോൾ അവൾ എന്നെ മനസിലാക്കിയിരിക്കാം എന്നെനിക്ക് തോന്നി. തിരൂർ സ്റ്റേഷൻ എത്തിയപ്പോൾ ഞങ്ങളിറങ്ങി..
ഞാൻ വീട്ടിലേക്ക് വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു. ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു..
എത്ര പെട്ടന്ന് ആണ് അവൾ മറ്റുള്ളവരോട് സൗഹൃദം പിടിച്ചു പറ്റുന്നത് എന്ന് ഞാൻ അതിശയത്തോടെ നോക്കി നിന്നു. ഉമ്മയും ഇത്താത്തമാരും അനിയത്തിയും അവളോട് നല്ല കൂട്ടായി കഴിഞ്ഞിരുന്നു..
രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ സിറ്റൗട്ടിൽ ഇരിക്കുമ്പോൾ അവൾ എന്റെ അരികിൽ വന്നു.
നന്ദി ബച്ചി
എന്തിന്..?
ഈ മനോഹരമായ ദിവസം എനിക്ക് തന്നതിന്..ഈ വീട്ടിലേക്ക് എന്നെ കൂടെ കൂട്ടിയതിനു, നിങ്ങളുടെ യാത്രയിൽ എന്നെയും ഉൾപെടുത്തിയതിന്, അങ്ങനെ ഒരുപാട്…അവളുടെ കണ്ണുകളിൽ നീർ തിളക്കം..
അതിന് എന്തിനാ നന്ദി..നീ എന്റെ നല്ല സുഹൃത്ത് അല്ലെ..?ഈ വെക്കേഷൻ നമ്മുക്ക് അടിച്ചു പൊളിക്കാം. ഞാൻ ചിരിച്ചു.
അവളുടെ കണ്ണുകളിൽ ആ സമയം വിരിഞ്ഞ ഭാവം എന്റെ മനസ്സിൽ ഒരുപാട് മോഹങ്ങൾ നിറച്ചു..
നസിയെ പോലെയൊരു പെൺകുട്ടി എന്റെ ജീവിതത്തിൽ വരികയെങ്കിൽ ജീവിതം എത്ര മനോഹരമാകുമെന്ന് ഞാൻ ചിന്തിച്ചു..
പിറ്റേന്ന് രാവിലെ 9മണിക്ക് ഞങ്ങൾ യാത്ര പുറപ്പെട്ടു..ആ യാത്രയിൽ അവൾ ഉമ്മയുടെ പ്രിയപ്പെട്ട മറ്റൊരു മകളായി കഴിഞ്ഞിരുന്നു..ഇത്താത്തമാർക്ക് അനിയത്തിയായും അനിയത്തിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയായും. അവൾ ആ യാത്ര നിറഞ്ഞു ആസ്വദിക്കുകയായിരുന്നു ജയിലിൽ നിന്ന് ലഭിച്ച പരോൾ പോലെ..
താജ്മഹലിനു മുമ്പിൽ നിന്ന് ഞാൻ അവളെ ചേർത്ത് പിടിച്ചു ഒരു സെൽഫി എടുത്തു. ആ സമയം അവളുടെ മിഴികളിലെ പിടച്ചിൽ. പ്രണയ ഭാവത്തോടെ എന്നിലേക്ക് ആഴ്ന്നിറങ്ങിയ നോട്ടം..ഞാനും അവളുടെ കണ്ണുകളിലേക്ക് നോക്കി..
മനസ്സിൽ പ്രണയം വന്നു നിറയുന്നത് ഞാനറിഞ്ഞു..പിന്നെ പിന്നെ എന്നരികിൽ വരുമ്പോഴുള്ള അവളുടെ പരിഭ്രമം. അവളുടെ മിഴികളിലെ തിളക്കം, ആ ഭാവം
അവൾ പറയാതെ തന്നെ ഞാൻ മനസിലാക്കുകയായിരുന്നു അവളുടെ മനസിലെ എന്നോടുള്ള പ്രണയം..
മടക്കയാത്രയിൽ അവൾ മൂകയായിരുന്നു.
മോൾക് എന്ത് പറ്റി? ഉമ്മ ഇടക്ക് ചോദിക്കുന്നത് കേട്ടു..
ഒന്നും ഇല്ലുമ്മാ..ഒരു തലവേദന പോലെ..ഞാനാ മടിയിൽ കിടന്നോട്ടെ..
അതിനെന്താ..അവളെ ഉമ്മ മടിയിൽ കിടത്തി തലയിൽ ഉഴിഞ്ഞു കൊണ്ടിരുന്നു. അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..
ട്രെയിൻ മംഗലാപുരം പിന്നിട്ടു..
നേരം പുലർച്ചെ അഞ്ചു മണിയോട് അടുക്കുന്നു..ഞാൻ എഴുന്നേറ്റു പ്രഭാത കൃത്യങ്ങൾ നിർവഹിച്ചു. വാതിലിനു അരികിൽ നിന്നു പുറത്തെ കാഴ്ച്ചകൾ നോക്കി നിന്നു..കനത്ത മഞ്ഞിൽ മുങ്ങിപ്പോയ ഗ്രാമപ്രദേശങ്ങൾ….
തണുത്ത കാറ്റ് ഏറ്റു ശരീരത്തിൽ വിറ പടർന്നപ്പോൾ ഞാൻ വാതിലടച്ചു തിരിഞ്ഞപ്പോൾ പിന്നിൽ അവൾ..നസി..
എന്തുപറ്റി..മടക്കയാത്രയിൽ ആകെ മൂഡോഫ് ആണല്ലോ..
ഒന്നുമില്ല..അവൾ പുഞ്ചിരിച്ചു.
ഞാൻ കോഴിക്കോട് ഇറങ്ങും..ഞാൻ ഒരുപാട് ആസ്വദിച്ച ദിവസങ്ങൾ ആണ് കടന്നു പോയത്..മറക്കില്ല ബച്ചിയെയും ബച്ചിയുടെ വീട്ടുകാരെയും..ഞാൻ ഇടക്ക് വരും കേട്ടോ. ആ വീട്ടിൽ ഞാൻ ഒറ്റയ്ക്ക് ജീവിച്ചു മടുത്തു. അവളുടെ കണ്ണുകൾ നിറഞ്ഞു..
വരുന്നോ ഞങ്ങളുടെ വീട്ടിലേക്ക് സ്ഥിരമായി താമസിക്കാൻ..ഞാനവളുടെ കണ്ണുകളിലേക്ക് കുസൃതിയോടെ നോക്കി..എന്റെ ഉമ്മയുടെ സ്വന്തം മരുമകൾ ആയി..
ആലോചിച്ചു പറഞ്ഞ മതീട്ടോ..ഇഷ്ടമാണ്..ഒരുപാട്..
അവൾ എന്റെ കണ്ണുകളിലേക്ക് നിമിഷങ്ങളോളം നോക്കി നിന്നു. പെട്ടന്ന് അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു എന്നെ മുറുക്കെ കെട്ടിപിടിച്ചു..അവളുടെ ഉടൽ വിറക്കുന്നുണ്ടായിരുന്നു..അവളുടെ കണ്ണീർ കൊണ്ടന്റെ നെഞ്ചിൽ നനവ് പടർന്നു..
ഞാനും അവളെ മുറുകെ കെട്ടിപിടിച്ചു. ആ നെറുകയിൽ ചുണ്ടമർത്തി..
ഇനി കോഴിക്കോട് ഇറങ്ങുന്നില്ല..നമുക്ക് വീണ്ടും മലപ്പുറത്തേക്ക് പോകാം..ഞാൻ ചിരിയോടെ പറഞ്ഞു..
ഉമ്മ സമ്മതിക്കുമോ..? ഉമ്മ തന്നെയാ എന്നോട് പറഞ്ഞത് തന്നെ കെട്ടിക്കോളാൻ..
എപ്പോ..അതൊക്കെ ഡൽഹിയിൽ വെച്ച് തീരുമാനമെടുത്തു.
അവളുടെ മുഖം സന്തോഷം കൊണ്ട് വിടരുന്നത് ഞാൻ കണ്ടു..
ഞാനവളുടെ കവിളുകളിൽ ചുംബിച്ചു.
അപ്പോഴവളുടെ മുഖം ഉദിച്ചുയരുന്ന സൂര്യനെപോലെ ലജ്ജ കൊണ്ട് ചുവന്നിരുന്നു..
ട്രെയിൻ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു ഞങ്ങളെയും കൊണ്ട്..
അകലെ ചക്രവാളത്തിൽ അപ്പോൾ സൂര്യൻ ഉദിച്ചു തുടങ്ങിയിരുന്നു..
~ബച്ചി