അത്ര മേൽ സ്നേഹിച്ചോരാത്മാവ്…
Story written by Ammu Santhosh
================
“ദേ കൊച്ചേ നിന്റെ അപ്പൻ ഇങ്ങനെ പോയാ ഇങ്ങേരെ ഞാനങ്ങു കെട്ടും കേട്ടോ. എന്റെ കർത്താവെ എന്നാ മു രടൻ ആണ് ഇങ്ങേര്..നീ എങ്ങനെ സഹിക്കുന്നെടി കൂവേ?”
നിമ്മിച്ചേച്ചിയുടെ വാക്കുകൾ കേട്ട് ഞാനങ് പൊട്ടിച്ചിരിച്ചു പോയി. എന്റെ അപ്പനെ കെട്ടും പോലും. നടന്നത് തന്നെ. ആയ കാലത്ത് പപ്പ സമ്മതിച്ചില്ല നല്ല സുന്ദരി പെൺപിള്ളേർ വന്നു ക്യു നിന്നു എന്നൊക്കെ പപ്പയുടെ അമ്മച്ചി പറയുന്നേ കേട്ടിട്ടുണ്ട്. എന്റെ അമ്മയെ അത്ര ഇഷ്ടമായിരുന്നു പപ്പക്ക്. എന്റെ അമ്മ നല്ല സുന്ദരി ആയിരുന്നു കേട്ടോ. കന്യാമാതാവിന്റെ വിശുദ്ധി നിറഞ്ഞ മുഖം. നല്ല പാലപ്പത്തിന്റ നിറം. എന്നാ അടക്കവും ഒതുക്കവു ആണെന്നോ…
ശബ്ദം പുറത്തു കേൾക്കത്തില്ലായിരുന്നു. അമ്മച്ചി പറഞ്ഞു കേട്ട അറിവാ അതൊക്കെ എനിക്ക് ആ മുഖവും നിറവും മത്രേം ഓർമ്മയുള്ളൂ. ഞാൻ തീരെ കൊച്ചായിരുന്നെന്നെ..ഞാനും പപ്പയും അമ്മയും കൂടി ബൈക്കിൽ പോവാരുന്നു. ഒരു ലോറി വന്നിടിച്ചതാ. ഞാൻ അങ്ങ് തെറിച്ചു പോയി. പപ്പ നോക്കി കിടക്കുമ്പോളാ അമ്മയുടെ ദേഹത്തൂടെ..
പപ്പയുടെ തെറ്റല്ല. എന്നിട്ടും ഇന്നും സങ്കടമാ പപ്പക്ക്. പിന്നെ പപ്പാ ചിരിച്ചിട്ടില്ല. ഭയങ്കര പരുക്കൻ സ്വഭാവമായി. എല്ലാത്തിനും ദേഷ്യം, വാശി..എന്നോട് വലിയ സ്നേഹാ. പക്ഷെ കാണിക്കത്തില്ല.
പെൺപിള്ളേർ അടങ്ങി ഒതുങ്ങി വീട്ടിലിരുന്നോണം ആ രീതിയാണ്. സ്ട്രിക്ട് എന്ന് പറഞ്ഞാൽ എന്നെ ഇടവലം വിടുകേല. അത്രക്ക് സ്ട്രിക്ട്. എനിക്ക് ചിലപ്പോൾ ദേഷ്യം വരും. ഞാൻ വല്ലോം പറഞ്ഞാൽ നല്ല അടി വെച്ച് തരും. അത് പേടിച്ചു ഞാൻ അങ്ങ് അനുസരിക്കും.
പപ്പാ പോലിസാ കേട്ടോ. പാവം പപ്പായുടെ കയ്യിൽ പെടുന്നവന്റെ കഷ്ടകാലമാ. അവനെ ഇടിച്ചു പപ്പടമാക്കും..എത്ര സസ്‌പെൻഷൻ ആയീന്നാ..ഇപ്പൊ ദേ ഇങ്ങോട്ട് വന്നതും അങ്ങനെയാ…പണിഷ്മെന്റ് ട്രാൻസ്ഫർ…
ഞങ്ങൾ വാടകക്ക് താമസിക്കുന്നത് നിമ്മി ചേച്ചിയുടെ വീട്ടിലാ. ചേച്ചി പഠിത്തം ഒക്കെ കഴിഞ്ഞു ജോലി ചെയ്യുവാ. പപ്പയോടു ചേച്ചിക്ക് എന്തോ ഒന്നുണ്ട്. ഞാൻ എന്റെ പപ്പയെ പൊക്കിപ്പറയുവല്ല കേട്ടോ. എന്റെ പപ്പാ മമ്മൂട്ടിയെ പോലെയാ ഭയങ്കര സുന്ദരനാ. പിന്നെ നിമ്മി ചേച്ചി നോക്കിയില്ലെങ്കിലല്ലെ അത്ഭുതം ഉള്ളു? പപ്പക്ക് പക്ഷെ ചേച്ചിയെ കണ്ണെടുത്താൽ കണ്ടൂടാ. പിന്നെ ഇത്രയും സൗകര്യത്തിനു വേറെ ഒരു വീട് കിട്ടാനില്ലാത്ത കൊണ്ടാ സഹിക്കുന്നെ.
നിമ്മി ചേച്ചിയെ കണ്ടതിൽ പിന്നെയാ ഞാൻ ശരിക്കും സന്തോഷം എന്താ എന്നറിഞ്ഞേ..ഒത്തിരി കഥ പറഞ്ഞു തരും ചേച്ചി. നന്നായി പാടും. സ്കൂളിൽ എന്ത് പ്രോഗ്രാം ഉണ്ടെങ്കിലും എന്നെ ചേർക്കും. എന്നിട്ട് അതിനെല്ലാം സമ്മാനം വാങ്ങി തരും. പഠിക്കാനുള്ള വിഷയങ്ങൾ പറഞ്ഞു തരുന്നത് എന്ത് രസായിട്ടാ. കഥ പറയും പോലെ. എന്നെ വലിയ ഇഷ്ടാ ചേച്ചിക്ക്…
എന്നെ പുറത്തു കൊണ്ട് പോകാൻ ചോദിച്ചതിന് പപ്പാ നല്ല ചീത്ത പറഞ്ഞു കണ്ണ് പൊട്ടിച്ചു ചേച്ചിയുടെ. എന്നാലും ഞങ്ങൾ പോയി. ഒരു സിനിമ ഒരു ഐസ്ക്രീം അത്രേ ഒക്കെ ഉള്ളു. പക്ഷെ അതെന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമായിരുന്നു ചേച്ചിയുടെ വിരലിൽ കോർത്തു പിടിച്ചു കാഴ്ചകൾ കണ്ടു റോഡിലൂടെ നടക്കുമ്പോൾ എനിക്ക് എന്ത് സന്തോഷം ആയിരുന്നെന്നോ.
ചേച്ചിയുടെ തമാശകൾ..പൊട്ടിച്ചിരികൾ..ഇടക്ക് എന്നെ ചേർത്ത് പിടിക്കും. അപ്പൊ തോന്നും ചേച്ചി എന്റെ അമ്മയാണെന്ന്..അത്ര കരുതൽ ആണ് സ്നേഹം ആണ്. നിധിമോൾക്ക് ഏത് ഐസ്ക്രീം വേണം വാനിലയോ പിസ്തയോ..? മോൾക്ക് കട്ലറ്റ് വേണോ? ജ്യൂസ് വാങ്ങട്ടെ? ക്ഷീണം ഉണ്ടോടാ…ഇങ്ങനെ ഇങ്ങനെ…
പക്ഷെ ഞങ്ങൾ അന്ന് വീട്ടിൽ വന്നപ്പോൾ പപ്പാ മുറ്റത്തുണ്ട്. കയ്യിൽ വലിയ ചൂരലും. ഞാൻ ചേച്ചി യുടെ പിന്നിൽ ഒളിച്ചു. പക്ഷെ എന്നെ വലിച്ചു മുറ്റത്തോട്ട് തള്ളി പപ്പാ എന്നെ തല്ലി. ഒരു അടിയെ അടിച്ചുള്ളു. ചേച്ചി മുന്നിൽ വന്നു മറഞ്ഞു. പാവം പപ്പയുടെ അടി മുഴുവൻ ആ ദേഹത്താ കൊണ്ടത്. കണ്ണടച്ച് നിന്നു ഏറ്റുവാങ്ങി പാവം. അമ്മച്ചി ഓടി വന്നു പിടിച്ചില്ലായിരുന്നെങ്കിൽ പപ്പാ കൊ ന്നേനെ.
“നിധിമോളുടെ അമ്മ ജീവിച്ചിരുന്നെങ്കിൽ ഇന്ന് നിങ്ങളെ വെറുത്തേനെ…” ചേച്ചി പൊട്ടിത്തെറിച്ചത് കേട്ട് പപ്പാ അനങ്ങാതെ നിക്കുന്ന കണ്ടു. ആ മുഖം ദേഷ്യം കൊണ്ട് ചുവന്നു
“അതിനെ വല്ലപ്പോഴും ഒന്ന് പുറത്തു കൊണ്ട് പോണം സ്കൂളും വീടും മാത്രം അല്ല ലോകം. അതിന്റ അമ്മ ഉണ്ടായിരുന്നെങ്കിൽ….”
“മതി ഇറങ്ങിപോടീ..അവൾക്ക് അമ്മയില്ല. എന്റെ കുഞ്ഞിന് അമ്മ ഇല്ല. അതിങ്ങനെ ആവർത്തിക്കണ്ട. അതിന്റ അമ്മയാകാനും നോക്കണ്ട. അവൾക്ക് പപ്പാ മതി..കേട്ടല്ലോ…” പപ്പാ അലറി
“നിങ്ങൾ നന്നാവില്ല…” ചേച്ചിദേഷ്യത്തോടെ പറഞ്ഞിട്ട് ഇറങ്ങി പോയി.
അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും പപ്പക്ക് നല്ല മനസ്താപമുണ്ടായിരുന്നു കേട്ടോ. അമ്മാതിരി അടി അല്ലെ അടിച്ചേ..എന്നോട് പതിവില്ലാതെ വലിയ സ്നേഹം ആയിരുന്നു. രാത്രി വന്നു എന്റെ അരികിൽ കിടന്നു തലോടുന്നതും ഉമ്മ വെക്കുന്നതും ഒക്കെ ഞാൻ അറിഞ്ഞു. അപ്പൊ എന്റെ പപ്പാ കരയുന്നുണ്ടായിരുന്നു. പപ്പയുടെ കണ്ണീർ എന്റെ തലയിൽ മഴ പോലെ പെയ്തു കൊണ്ടിരുന്നു. പപ്പയെ വിഷമിപ്പിക്കുന്നതൊന്നും ചെയ്യില്ല എന്ന് ഞാൻ അപ്പൊ തീരുമാനിച്ചു.
നിമ്മി ചേച്ചിയെ രണ്ടു മൂന്നു ദിവസം കാണാഞ്ഞപ്പോൾ പതിവില്ലാതെ പപ്പാ തന്നെ എന്നോട് ചോദിച്ചു. നിന്റെ ചേച്ചി എവിടെ എന്ന്.
അങ്ങനെ ആ ഞായറാഴ്ച പപ്പയും ഞാനും കൂടി ചേച്ചിയുടെ വീട്ടിൽ ചെന്നു. ചേച്ചിക്ക് പനി ആയിരുന്നു എന്ന് പറഞ്ഞു. വെറുതെയ പപ്പയോടു പിണങ്ങിയ വരാതിരുന്നേ. എനിക്ക് മനസിലായി. ആൾ ക്ഷീണിച്ചു വല്ലാണ്ടായി. പപ്പാ ഇടക്കൊക്കെ ചേച്ചിയെ നോക്കുന്നത് ഞാൻ കണ്ടു പക്ഷെ ചേച്ചി നോക്കുന്നില്ല. അതെന്താണാവോ..
ഇപ്പൊ ചേച്ചി വീട്ടിൽ വന്നു എത്ര ബഹളം വെച്ചാലും പപ്പാ ഇപ്പൊ വഴക്ക് ഒന്നും പറയാറില്ല. വീട്ടിൽ ഉണ്ടെങ്കിൽ മുറിയിൽ ഇരിക്കും. ചേച്ചിയുടെ കയ്യിലും കാലിലും ഒക്കെ അന്നത്തെ അടിയുടെ പാട് കരിനീലിച്ചു കിടപ്പുണ്ടായിരുന്നു. ഇടക്ക് എപ്പോഴോ ഞാൻ അടുക്കളയിൽ അമ്മച്ചിയുടെ അടുത്ത് നിന്നു പുറത്തേക്ക് വന്നപ്പോൾ പപ്പാ ചേച്ചിയോട് എന്തോ പറയുന്നതും ആ കൈയിൽ അടി കൊണ്ട പാടുകളിൽ തൊടുന്നതും കണ്ടു ഞാൻ അങ്ങോട്ട് പോകാൻ മടിച്ചു. ഞാൻ സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ട് അതൊക്കെ. ചേച്ചിയുടെ മുഖം താഴ്ന്നു ചുവന്നിരുന്നു.
പപ്പയെന്താ പറഞ്ഞെ എന്ന് ഞാൻ പിന്നെ ചോദിച്ചു. സോറി പറഞ്ഞതാ ചേച്ചി മെല്ലെ ചിരിച്ചു. എനിക്കും സന്തോഷമായി.
ചേച്ചിക്ക് ഒരു കല്യാണാലോചന വന്നത് ആ സമയത്തായിരുന്നു. ഡോക്ടർ ആണത്രേ…എന്നോടും പപ്പയോടും ഒന്നിച്ചാണ് ചേച്ചി അത് പറഞ്ഞത്. ചേച്ചി കല്യാണം കഴിച്ച് പോയാൽ ഞാൻ വീണ്ടും ഒറ്റയ്ക്കാകുമല്ലോ എന്നോർത്ത് സങ്കടപ്പെട്ട് പപ്പയുടെ മുഖത്തേക്ക് നോക്കുമ്പോൾ ആ കണ്ണും നിറഞ്ഞിരിക്കുന്നു. അന്ന് സ്കൂൾ വിട്ട് വന്നപ്പോൾ ചേച്ചിയുടെ സ്കൂട്ടി മുറ്റത്തുണ്ട്. പപ്പയുടെ കാറും ഉണ്ട്
“ഞാൻ എന്താ പറയേണ്ടത്?” ചേച്ചി ചോദിക്കുന്നു
“സമ്മതം പറയണം…” പപ്പാ പറയുന്നു
“ഉള്ളിൽ തട്ടി പറയുവാണോ ഇത്?”
“പിന്നല്ലാതെ. നല്ല ബന്ധം ആണ്. നന്നായി വരും…”
“ദേ പോലിസ് ആണെന്നൊന്നും നോക്കുകേല ഒരിടി വെച്ചു തരും കേട്ടോ. എന്റെ മനുഷ്യാ നിങ്ങളെ എനിക്ക് ഭയങ്കരഇഷ്ടാണെന്നു…”
“എനിക്ക് അതില്ലെങ്കിലോ?” പപ്പയുടെ ശബ്ദം
ചേച്ചിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. ഞാൻ സ്കൂൾ വിട്ട് വന്നത് അവർ അറിഞ്ഞില്ല.
“ശര്യാ എന്നെ ഇഷ്ടമാവില്ല. അറിയാം. ഞാനാരാ ബഹളക്കാരി, തന്നിഷ്ടക്കാരി, അഹങ്കാരി..കാണാനും ആവറേജ്. നിധിമോളുടെ അമ്മയുടെ ഭംഗി ഒന്നുല്ല എനിക്ക്. ഞാൻ….”
ചേച്ചി കരയുന്ന ശബ്ദം കേൾക്കാം..
“ക്ഷമിക്ക് എന്നോട്..സ്നേഹിച്ചു പോയതിന്..നിങ്ങളെ പിരിയുന്നതിലും വേദന മോളെ പിരിയുന്നതിലാ. മോളെ പിരിയുന്നത് ഓർക്കുമ്പോൾ ചത്താലോ എന്ന തോന്നുക അത്ര വേദനയാ..” പൊട്ടിക്കരയുന്ന ശബ്ദം
:പക്ഷെ ഞാൻ ഇനി ശല്യപ്പെടുത്തുകേല..ഈ മുന്നിൽ വരികേല..പോവാ…” അതും പറഞ്ഞു ചേച്ചി ഓടിയിറങ്ങി പോയി.
ചേച്ചിയുടെ സ്കൂട്ടി അകന്ന് പോയി കഴിഞ്ഞാണ് പപ്പാ എന്നെ കണ്ടത്. ഞാൻ എല്ലാം കേട്ടെന്നു. പപ്പക്ക് മനസ്സിലായിക്കാണും
“പപ്പാ എന്തിനാ നുണ പറഞ്ഞത്?” ഞാൻ ചോദിച്ചു പപ്പാ മുഖം തിരിച്ചു കളഞ്ഞു
“പപ്പക്ക് ഇഷ്ടം ല്ലേ ചേച്ചിയെ? പിന്നെ എന്തിനാ കള്ളം പറഞ്ഞത്? ചേച്ചി പാവമല്ലേ? പപ്പയോടെന്തു സ്നേഹാ ചേച്ചി ക്ക്? എന്നെ എന്തിഷ്ട…” ഞാൻ കരഞ്ഞു. പപ്പാ എന്നെ നെഞ്ചോട് ചേർത്ത് നിർത്തി
“മോൾക്ക് വളരുമ്പോൾ മനസിലാകും എല്ലാം…” അപ്പൊ ആ ഒച്ചയും ഇടറിയിരുന്നു.
പക്ഷെ ചേച്ചിക്ക് ആക്‌സിഡന്റ് ആയിന്നറിഞ്ഞപ്പോ ഞാൻ അത് വരെ കണ്ട പപ്പയെ ആയിരുന്നില്ല പിന്നെ. ഒരു ഭ്രാ ന്തനെ പോലെ പപ്പാ ആശുപത്രിയിലേക്ക് ഓടി.എന്നെ പോലും മറന്നു കൊണ്ട്..
മൂന്നു ദിവസം..ചേച്ചിയുടെ ബോധം മറഞ്ഞ മൂന്നു ദിവസം ആ ആശുപത്രിയിൽ പപ്പാ നിന്നു ഒരു ഇറ്റു വെള്ളം കുടിക്കാതെ..ആഹാരം കഴിക്കാതെ എല്ലാം മറന്ന്..എന്റെ പപ്പാ ചേച്ചിയെ ജീവനെ പോലെ സ്നേഹിക്കുന്നു എന്ന് തിരിച്ചറിഞ്ഞത് ആദ്യം ഞാൻ തന്നെയാണ്.
ഇന്ന് ഞങ്ങൾ ഞാനും പപ്പയും ചേച്ചിയും ഈ നാട്ടിൽ നിന്നു പോവാണ്. ഇത് പണിഷ്മെന്റ് ട്രാൻസ്ഫർ അല്ല കേട്ടോ. എന്റെ പപ്പാ ഒത്തിരി മാറി. ദേഷ്യം വാശി ഒക്കെ പോയി..ചേച്ചിയുടെ വീട്ടുകാർക്ക് ആദ്യം എതിർപ്പ് ആയിരുന്നു എങ്കിലും പപ്പയെ മനസിലാക്കിയപ്പോ അത് ഇല്ലാതായി..ചേച്ചി ഇപ്പോഴും പഴയ പോലെ തന്നെ എന്റെ ഒപ്പം കളിച്ച് എന്നെ ലാളിച്ചു സ്നേഹിച്ച്…അപ്പൊ പപ്പാ കളിയാക്കുമ്പോൾ ചേച്ചി പറയും
ഞാൻ ആദ്യം സ്നേഹിച്ചത് എന്റെ നിധിമോളെയാണ്..എന്റെ മോളു കഴിഞ്ഞേയുള്ളു എനിക്കി ലോകത്തിലെന്തും…
പപ്പാ ചിരിക്കും എനിക്ക് അപ്പൊ തോന്നുക എന്തെന്നോ എന്റെ അമ്മയുടെ ആത്മാവ് ആണ് നിമ്മിച്ചേച്ചിയിൽ എന്ന്..എന്നെ കൊതി തീരെ സ്നേഹിച്ചു മതിയാവാതെ പോയ ആ പാവം ആത്മാവ്…