എനിക്കും തോന്നി അതു തന്നെയാണ് നല്ലത് എന്ന്…ഒരു ഇരുപത് മിനിട്ട് കഴിഞ്ഞുള്ള ബസ് ആണേൽ തിരക്ക് കുറയും…

ബസ് കണ്ടക്ടർ

Story written by Rinila Abhilash

=============

ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ആ സംഭവം നടന്നത്. സാധാരണയായി കോളേജ് വിട്ടാൽ സ്റ്റാൻ്റിലെത്തി വൈകിട്ടത്തെ ബസ് പിടുത്തം വല്ലാത്തൊരു അനുഭവമാണ്. ടൗണിലെ ക്രിസ്ത്യൻ കോളേജിൽ പഠിക്കുന്ന ഞാനും കൂട്ടുകാരി ദീപയും ഒരുമിച്ചാണ് പോക്കും വരവും…..

ടൗണിൽ പ്രധാനപ്പെട്ട സ്കൂളുകൾ തന്നെ അഞ്ചോ ആറോ ഉണ്ട്. സ്റ്റാൻ്റിൽ എത്ര തന്നെ നേരത്തെ എത്തിയാലും നമ്മുടെ കുഞ്ഞനിയത്തിമാരുടെ തിക്കിതിരക്കി കയറുന്നവയ്ക്കിടയിൽ പെട്ട്…അന്തവും കുന്തവും കിട്ടാതെ വീണ്ടും പിന്നിലേക്ക് മാറുമ്പോഴേക്കും നമ്മുടെ മുടിയുടെ മുക്കാൽ ഭാഗവും തിരക്കിനിടയിൽ തന്നെയാവും…പിന്നെ അതും പിടിച്ച് വലിച്ച് നിരാശയോടെ….സ്റ്റോപ്പിൽ നിന്ന് ബസിനെ നോക്കി നിൽക്കാനേ ഞങ്ങൾക്ക് പറ്റാറുള്ളു….

ചില ദിവസങ്ങളിൽ ഭാഗ്യത്തിന് ബസ് നമ്മുടെ തൊട്ടു മുന്നിൽ ഡോർ വരത്തക്ക രീതിയിൽ നിർത്തും….എന്നാലും പിറകിലെതള്ളൽ കാരണം അൽപസമയം കയറാൻ പോലുമാകാതെ നിൽക്കും പിന്നെ ഒന്നും നോക്കില്ല””’ പിറകിലേക്ക് ഒരു തള്ളൽ കൊടുത്ത് ബസിനകത്തേക്ക്…..

അങ്ങനെയിരിക്കെ ദീപയാണ് പറഞ്ഞത് “ടീ…നമുക്ക് ഇച്ചിരി വൈകി പോയാ പോരെ…തിക്കിലും തിരക്കിലും പെടാതെ പോകാമല്ലോ എന്ന് ‘”

എനിക്കും തോന്നി അതു തന്നെയാണ് നല്ലത് എന്ന്…ഒരു ഇരുപത് മിനിട്ട് കഴിഞ്ഞുള്ള ബസ് ആണേൽ തിരക്ക് കുറയും…

പിറ്റേ ദിവസം ഞങ്ങൾ കാത്തു നിന്നു…..ആ സമയത്താണ് ലച്ചൂസ് എന്ന ബസ് വരുന്നത് കണ്ടത്. ഞങ്ങളുടെ റൂട്ടിൽ ഓടുന്ന ബസ്…പക്ഷേ കാര്യമായ തിരക്കുമില്ല….

ഞങ്ങൾ വളരെ സന്തോഷത്തോടെ ഓടിക്കേറി. (ഒരിക്കലും കരുതല്ലേ സീറ്റ് കിട്ടിയുള്ള ഒരു യാത്രയാണെന്ന്…ഓടിക്കയറുന്നത് ഡ്രൈവർ സീറ്റിൻ്റെ പിറകിലുള്ള ചില്ലിൽ ഉള്ള കമ്പിയിൽ പിടിക്കാൻ മാത്രമാണ്..ബസുകൾക്ക് ആവശ്യത്തിൽ കൂടുതൽ ഉയരവും എനിക്കാണേൽ ആവശ്യത്തിന് വേണ്ട പോലും ഉയരവുമില്ല…അതു കൊണ്ട് മുകളിലെ കമ്പി പിടുത്തം ഒഴിവാക്കാനാണ് )

അങ്ങനെ…ദാ വരുന്നു ബസ് കണ്ടക്ടർ…..

കണ്ടാൽ ആർക്കും ഒന്നു നോക്കാൻ തോന്നും…സുന്ദരൻ….സുമുഖൻ….സുശീലൻ,,,,,ഞങ്ങൾ 1.30 രൂപ കൊടുത്തു.

ഉടൻ ചോദിച്ചു: പാസ്

ബാഗ് തപ്പി നോക്കി….കാണുന്നില്ല….സാധാരണ അത്രയും തിരക്കായതിനാൽ പാസ് ചോദിക്കാറുമില്ല…

ദീപ അവളുടെ പാസ് കാണിച്ചു

“കാണുന്നില്ല” ഞാൻ വളരെ ഭയത്തോടെ വിക്കി വിക്കി പറഞ്ഞു.

പിന്നീട്…ഞാൻ ആ ബസിൽ ഉണ്ട് എന്ന് അറിയാത്ത ഒരാൾ പോലും ആ ബസിൽ ഉണ്ടായിരുന്നില്ല….അത്രയേറെ ഞാൻ കേട്ടു

,,,,ഒരുങ്ങി പുറപ്പെടാൻ മറന്നില്ലല്ലോ,,,, എന്നൊക്കെ പറഞ്ഞ് ആകെ സീൻ…..

“പുറമെ കാണുന്ന സൗന്ദര്യം ഉള്ളു….അകത്ത് മുഴുവൻ…..” ഞാൻ പലതും പറഞ്ഞു മനസിൽ…

വീട്ടിൽ ചെന്ന് നോക്കിയപ്പോൾ പാസ് ഭദ്രമായി ചോറ്റുപാത്രത്തിനടിയിൽ…..

പിറ്റേ ദിവസം ദീപ പറഞ്ഞു “നമുക്ക് അടുത്ത ബസിൽ പോകാടീ…ലച്ചൂസിൽ കയറണ്ട”

എനിക്കും തോന്നി അതാണ് നല്ലതെന്ന്…

പിന്നെ കുറച്ചു ദിവസം മറ്റൊരു ബസിൽ’

അങ്ങനെയിരിക്കെ ഇതേ കണ്ടക്ടർ തന്നെ ഞങ്ങൾ കയറുന്ന ബസിൽ……ദേഷ്യത്തോടെ തന്നെ പൈസ കൊടുക്കുമ്പോൾ കൂടെ പാസും കൊടുത്തു.,,,,അയാൾ അതിൽ മാർക്ക് ചെയ്ത് തിരിച്ചു തന്നു.

സത്യത്തിൽ അയാളല്ലല്ലോ തെറ്റുകാരൻ..എൻ്റെ ഭാഗത്തെ വീഴ്ചയല്ലേ…എന്നും…എങ്കിലും ഇത്രമാത്രം വഴക്ക് പറയണോ ഒരു പെൺകുട്ടിയെ എന്നും മാറി മാറി ചിന്തിച്ചു.

ഒരിക്കൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസിൽ കയറി ഇരിക്കുന്ന സ്കൂൾ കുട്ടിക്ക് പുസ്തകത്തിലെ എന്തെല്ലാമോ പറഞ്ഞു കൊടുക്കുന്നു

അതു കണ്ട ഡ്രൈവറാണ് പറഞ്ഞത്…അയാൾ എം.കോം വരെ പഠിച്ച ആളാണെന്ന്…എനിക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി. പിന്നെ മനസിൽ പറഞ്ഞു…മാന്യമായ ഒരു തൊഴിൽ ചെയ്യുന്ന അഭ്യസ്തവിദ്യൻ…നമുക്ക് ചുറ്റും എത്രയോ പേർ ഇങ്ങനെ ഉണ്ടാവും നാം അറിയാതെ….എനിക്ക് അയാളോട് വല്ലാത്ത ബഹുമാനം തോന്നി.

അങ്ങനെയിരിക്കെ ഒരു ദിവസം സ്റ്റാൻ്റിൽ എത്തിയപ്പോൾ റോഡിൽ നിറയെ സമരക്കാർ…ഏതോ പാർട്ടിയുടെ ധർണ….ബസ് നിർത്തിയിട്ടിരിക്കുകയാണ്….പെട്ടെന്നാണ് അന്തരീക്ഷം മാറി മറിഞ്ഞത്. ധർണക്കാരും പോലീസും ഏറ്റുമുട്ടുന്നു….ഞങ്ങൾ ബസിൽ നിന്നു കൊണ്ട് ഇവയെല്ലാം കാണുന്നുണ്ടായിരുന്നു…ബസ് മുന്നോട്ടെടുക്കാൻ ഡ്രൈവർ മടിച്ചു…സമയം 5.20 ആകാറായി….അവസാനം പോലീസെത്തി ബസ് മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടു

ഞങ്ങൾ ആശ്വസിച്ചു…ബസ് നീങ്ങിക്കൊണ്ടിരിക്കെയാണ് പൊടുന്നനെ ഒരു കല്ല് ബസിൻ്റെ ചില്ലിലും മറ്റു പലതും ബസിലെ ജനങ്ങൾക്ക് നേരെയും വന്നു പെട്ടത്…അതിൽ ഒരു കല്ല് നല്ല ലക്ഷ്യസ്ഥാനമായ എൻ്റെ തിരുനെറ്റിയിലും…പെട്ടെന്നൊരു തരിപ്പ്…എന്തോ ഒലിച്ചിറങ്ങുന്നു….മുന്നിലിരിക്കുന്ന കുട്ടിയാണ് “ചേച്ചീ…ബ്ലഡ് വരുന്നു” എന്ന് പറഞ്ഞത്.

പിന്നീട് ബോധംകെട്ട് ഒരു വീഴ്ച….ഒന്നുകിൽ പേടിച്ചിട്ടാവും അല്ലെങ്കിൽ കാര്യമായി പറ്റിയതിനാൽ…….

ബോധം വന്നു കണ്ണു തുറന്നപ്പോൾ ദീപയുണ്ട് കൂടെ…ഹോസ്പിറ്റലിലാണ്..ഡോക്ടറോട് സംസാരിക്കുന്ന നമ്മുടെ ചൂടൻ കണ്ടക്ടർ….ഞാൻ കണ്ണു തുറന്നപ്പോഴേക്കും ഓടിയെത്തി

“വേദനയുണ്ടോ….സ്റ്റിച്ച് ഇട്ടിട്ടുണ്ട്. പേടിക്കണ്ട ട്ടോ…ഞാനിവിടെ നിൽക്കാം.” എന്നൊക്കെ പറഞ്ഞു കൊണ്ട് എൻ്റെ ബെഡിനടുത്തുള്ള സ്റ്റൂളിൽ ഇരുന്നു…

”ഞാൻ നിൻ്റെ അമ്മയെ വിളിച്ചു പറഞ്ഞിട്ടുണ്ട്…അവരിപ്പോൾ എത്തും” ദീപ പറഞ്ഞു

ഞാൻ നോക്കിയപ്പോൾ അവളുടെ ഡ്രസിലും കണ്ടക്ടർ ചേട്ടൻ്റെ ഡ്രസ്സിലുമെല്ലാം ബ്ലഡ് ആയിട്ടുണ്ട്.

”ബസിൽ മറ്റാർക്കും സാരമായ പരിക്കില്ല” ദീപ പറഞ്ഞു

“ഞാൻ ചായ മേടിച്ചു വരാം നിങ്ങൾ സംസാരിക്ക്എന്നും പറഞ്ഞ് അദ്ദേഹം പുറത്തേക്ക് പോയി. ചായ മേടിച്ചു ഒരുമിച്ചു കുടിച്ചു. നേരം വല്ലാതെ ഇരുട്ടിയിരുന്നു. വീട്ടിൽ നിന്ന് അവരെത്തും വരെ ആശ്വാസവാക്കുകൾ പറഞ്ഞ്…ചിരിപ്പിക്കാൻ ശ്രമിക്കുന്ന… ഒരേട്ടൻ…

,,.ദീപയുടെ ഏട്ടനും പുറപ്പെട്ടിട്ടുണ്ട്.,,,,അമ്മയെയും കൂട്ടി വരുന്നത് ദീപുവേട്ടൻ (ദീപയുടെ ചേട്ടൻ ) ആണ്…അച്ഛൻ നാട്ടിലില്ലാത്ത സമയം ആയിരുന്നു അത്…

അന്ന് ഡിസ്ചാർജ് ആയി പോരും വരെയും അദ്ദേഹം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു….ബില്ല് അടച്ചതും അദ്ദേഹം തന്നെ…..

ഈ ഒരു സംഭവത്തോടെ ഒരു കാര്യം മനസിലായി. പുറമെ ഇങ്ങനെ ദേഷ്യം കാണിക്കുന്നുവെങ്കിലും ഉള്ളിൽനൻമയുള്ളവർ തന്നെ ആയിരിക്കാം ഇവരെല്ലാം എന്ന്….

*****************

വർഷങ്ങൾക്കിപ്പുറം താനിപ്പോൾ ജില്ലാ കോടതിയിൽ ടൈപ്പിസ്റ്റായി ജോലിക്ക് കയറി. എന്തോ ആവശ്യത്തിന് എറണാകുളത്തേക്ക് പോകുമ്പോൾ കണ്ടു…വീണ്ടും..നമ്മുടെ കണ്ടക്ടറെ…….

ബസിൽ ടിക്കറ്റ് മുറിച്ചു നൽകുന്ന KSRTC ബസിലെ കണ്ടക്ടർ……ചേട്ടന് എന്നെ കണ്ടപ്പോൾ തന്നെ മനസിലായി. തിരുനെറ്റിയിലെ അടയാളത്തിലേക്ക് ഒന്നെത്തി നോക്കി പുഞ്ചിരിച്ചു. കുശലം പറഞ്ഞു. ജീവിത പാതയിൽ എത്തിച്ചേർന്ന നല്ല സ്ഥാനത്തെ പറ്റി ഞങ്ങൾ തൃപ്തിയോടെ സംസാരിച്ചു. പക്ഷേ ഇന്നും ചേട്ടൻ്റെ പേര് മാത്രം അറിയില്ല…ആകെ അറിയാവുന്നത്…..ചൂടൻ…. എന്നു മാത്രമാണ്…ബസിലെ ഡ്രൈവർ ചേട്ടൻ വിളിക്കുന്ന വിളി…..

എന്താലേ….ചിലർ അങ്ങനെയാണ്..ചില മുറിപ്പാടുകൾ….അടയാളങ്ങൾ….നൻമ നിറഞ്ഞ മനസുകൾക്ക് നല്ലതല്ലേ വരൂ…

(വായിച്ചാൽ ഒരു വരി കുറിക്കുമല്ലോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യണേ)