തന്റെ മകൾ വിവാഹംകഴിഞ്ഞ രാത്രിയിൽ പൂർവ കാമുകനോത്ത് ഒളിച്ചോടിപ്പോയതു അവർ പറയുമ്പോൾ…

ആഴമുള്ള മുറിവുകൾ….

Story written by Ammu Santhosh

===========

“മകളല്ലേ എന്ത് ചെയ്താലും ഒരമ്മ ക്ഷമിക്കുമല്ലോ?”

വീണ ജയന്തിയോട് പറഞ്ഞു. യാദൃശ്ചികമായി വഴിയിൽ വെച്ചു കണ്ടതായിരുന്നു ആ പഴയ കൂട്ടുകാരികൾ. ഒരു കോഫീ കുടിച്ചു കൊണ്ട് വിശേഷം പറയുന്നതിനിടെയാണ് വീണ എല്ലാം പറയുന്നത്.

തന്റെ മകൾ വിവാഹംകഴിഞ്ഞ രാത്രിയിൽ പൂർവ കാമുകനോത്ത് ഒളിച്ചോടിപ്പോയതു അവർ പറയുമ്പോൾ ജയന്തിയുടെ ഉള്ളു പിടഞ്ഞു പോയി

“ആദ്യമൊക്കെ അവളെ അന്വേഷിച്ചു പോലുമില്ല. ഞങ്ങളും ആകെ പ്രതിസന്ധിയിലായി പോയിരുന്നു. അവൾ വിവാഹം കഴിച്ച പയ്യന്റെ വീട്ടുകാർ, അവരുടെ അപമാനം, കേസ്, കോടതി..കുറെ സഹിച്ചു. വർഷം ഒന്ന് കഴിഞ്ഞു അതൊക്കെ നേരെയാക്കിയെടുക്കാൻ. അവൾക്ക് അങ്ങനെ ഒരു പ്രണയം ഉണ്ടെന്നറിഞ്ഞിരുന്നെങ്കിൽ ഞങ്ങളതു നടത്തി കൊടുത്തേനെ. പറഞ്ഞില്ല…അതൊക്കെ ഞങ്ങളെ വേദനിപ്പിച്ചിരുന്നു. ഒറ്റ മകൾ ആയിരുന്നു അവൾ. പിന്നെ പിന്നെ കാലം കഴിഞ്ഞു..അമ്മയല്ലാതെ ആര് ക്ഷമിക്കാൻ. ഇപ്പൊ വീട്ടിൽ വന്നോട്ടെ എന്ന് ചോദിച്ചു ദിവസവും ഫോൺ വിളിയാണ്..ഒരിക്കൽ ഞാൻ ചോദിച്ചു നി എന്താ അന്ന് പറയാതിരുന്നത് എന്ന്. അവളെ സ്നേഹിക്കുന്ന ചെക്കന്റെ വീട്ടുകാർ സമ്മതിച്ചില്ല പോലും. നമ്മൾ അറിഞ്ഞാൽ പിന്നെ പോയി പ്രശ്നം വല്ലോം ഉണ്ടാക്കിയാലോ എന്ന് കരുതി എന്ന്. നമ്മളെ ഓർത്തില്ല അവൾ. ഇപ്പൊ ഒരു കുട്ടിയായപ്പോ അമ്മയെ ഓർമ വന്നു..അതിരിക്കട്ടെ നിനക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ ആയോ “

“അതെ…മോളുണ്ട് കൂടെ. ഒരു സാധനം വാങ്ങാൻ പോയി. ദേ വരുന്നുണ്ട് “

ജീൻസും ടോപ്പും ധരിച്ച ഒരു മിടുക്കികുട്ടി ചുറുചുറുക്കോട് നടന്നു വന്നു

“എന്റെ മകൾ പൂർണിമ..മോളെ ഇത് വീണ. അമ്മയുടെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു “

“ഹായ് ആന്റി “

അവൾ ചിരിച്ചു

“മോൾക്ക് എന്താ കുടിക്കാൻ ?”

“ചായ മതി “

അവൾ കസേര വലിച്ചിട്ട് ഇരുന്നു

“പഠിച്ചു കഴിഞ്ഞുവോ?”

“Yes..ജോലിയായി. ഇവിടെ കാനറാ ബാങ്കിൽ “

“ആഹാ അമ്മയും മകളും ഇവിടെ ആകുമ്പോൾ അച്ഛനും മോനും ഒറ്റയ്ക്ക് ആകുമല്ലോ..കുക്കിംഗ്‌ ഒക്കെ എങ്ങനെയാ “

“അതവർ ചെയ്തോളും..ഞങ്ങളുടെ വീട്ടിൽ എല്ലാരും കുക്ക് ചെയ്യും.”

അവൾ ചിരിച്ചു

“കല്യാണം ഒക്കെ..?”

“ഫിക്സ് ചെയ്തു…” ജയന്തി പറഞ്ഞു

“പയ്യൻ എവിടെ ആണ്?”

“ചെന്നൈയിൽ ആണ്..പേര് അർജുൻ “

“ഓ ജോലി അവിടെ ആവും അല്ലെ?”

“അതെ ജോലി അവിടെ തന്നെ ബാങ്കിൽ. പക്ഷെ തമിഴൻ ആണ് കക്ഷി..ഒന്നിച്ചു ജോലി ചെയ്തപ്പോൾ ഉണ്ടായ ഒരു അഫയർ..” ജയന്തി പറഞ്ഞു

വീണ അത്ഭുതം കൂറുന്ന മിഴികളോടെ നോക്കി

“എന്നിട്ട് നിങ്ങൾ സമ്മതിച്ചോ?”

“അവൾ ആദ്യം തന്നെ പറഞ്ഞിരുന്നു എതിർക്കാൻ റീസൺ ഒന്നുമില്ല. പിന്നെ അവരുടെ വീട്ടിൽ കുറച്ചു പ്രോബ്ലം ഉണ്ടായിരുന്നു. അത് തീരാൻ വെയിറ്റ് ചെയ്തു.”

ജയന്തി പറഞ്ഞു

പൂർണിമയാണ് പിന്നെ സംസാരിച്ചത്

“ആന്റി അവർക്ക് ഒരു പാട് ഡൗട്സ് ഉണ്ടായിരുന്നു. അച്ഛനും അമ്മയും പോയി സംസാരിച്ചു. എന്നിട്ടും അവർ convince ആയില്ല. മലയാളിപെൺകുട്ടികൾ തന്റെടികൾ ആണെന്നായിരുന്നു അവരുടെ വിചാരം. അവരുടെ മകനെ ഞാൻ ഇങ്ങോട്ട് കൊണ്ട് പോന്നാലോ എന്നൊക്കെ ഒരു പേടി..വിവാഹം രജിസ്റ്റർ ചെയ്യാം എന്നൊക്കെ അർജുൻ ഒടുവിൽ പറഞ്ഞു..no way എന്ന് ഞാനും..നമ്മുടെ പേരെന്റ്സ് കഷ്ടപ്പെട്ടു ഇത്രയും വളർത്തിയിട്ട് ഒരു സുപ്രഭാതത്തിൽ അവരെ വേദനിപ്പിച്ചു കൊണ്ട് ഒരു future തിരഞ്ഞെടുക്കുന്നത് നല്ലതാണെന്നു എനിക്ക് തോന്നിയില്ല..കാത്തിരിക്കാമല്ലോ. ധൃതി വേണ്ടല്ലോ..പിന്നെ ഇടക്കൊക്കെ ഞാനങ്ങോട്ട് പോകും അവര്ക്കിഷ്ടമല്ല എങ്കിലും സംസാരിക്കും. പാവം മനുഷ്യരാണ്. അത് കൊണ്ടാണ് പേടിയും..എനിക്ക് അവരെ വലിയ ഇഷ്ടാണ്..അത് കൊണ്ട് തന്നെ ഈഗോ ഒന്നുല്ല. മിണ്ടിയില്ലെങ്കിലും ഞാനിടിച്ചു കയറി ചെല്ലും..പിന്നെ പിന്നെ അവർക്കും എന്നെ ഇഷ്ടായി മനസിലായി..”

പൂർണിമ ചിരിച്ചു

“എല്ലാത്തിനും ഉപരി സ്വന്തം ഇഷ്ടത്തിന് തോന്നിയ പോലെ പോയാൽ അമ്മ എന്നെ വീട്ടിൽ കയറ്റത്തില്ല ആന്റി. ഈ കാണും പോലെ ഒന്നുമല്ല she is very bold “

വീണയുടെ മുഖം ഒന്ന് വിളറി. ജയന്തിയും ഒന്ന് വല്ലാതായി

“മക്കളാണെന്നുള്ള പ്രിവിലേജ് ഒന്നും ഞങ്ങൾ രണ്ടു മക്കൾക്കും അമ്മ തരില്ല ട്ടോ ആന്റി..പിന്നെ അമ്മയും അച്ഛനും ഒത്തിരി സ്നേഹിച്ചു തന്നെ ആണ് വളർത്തിയെ അപ്പൊ എന്റെ ഒരിഷ്ടം വന്നപ്പോൾ അവരെ വേദനിപ്പിക്കുന്നത് ശരിയാണോ?”

വീണ ആ ശിരസ്സിൽ ഒന്ന് തലോടി

“മിടുക്കി മോളാ കേട്ടോ നിന്റെ ഭാഗ്യം “

ജയന്തി പുഞ്ചിരിച്ചു

“അമ്മ ആണെന്ന് കരുതി എല്ലാമൊന്നും ക്ഷമിക്കണം എന്നില്ല വീണ. ഞാൻ ആ ഒരു ചിന്താഗതി ഉള്ള അമ്മയാണ്. നമ്മൾ വേദനിക്കുമോ എന്ന് ചിന്തിക്കാതെ പോകുന്ന മക്കളോട് ക്ഷമിക്കുക. ദേഹോപദ്രവം ചെയ്യുന്ന മക്കൾക്ക് എതിരെ പോലും കേസ് കൊടുക്കാതിരിക്കുക. അത് ഒക്കെ വിഡ്ഢിത്തം ആണ്. പണ്ടെന്നോ ആരോ ഉണ്ടാക്കി വെച്ചിരിക്കുന്ന അമ്മ എന്ന മഹനീയ പീഠത്തിൽ നിന്നിറങ്ങി വരാൻ ഉള്ള മടി. അത് ഒന്നും വേണ്ട..”

വീണ തലയാട്ടി

“അപ്പൊ ശരി..ഇറങ്ങട്ടെ ” അവർ എഴുന്നേറ്റു

തിരിച്ചു പോരുമ്പോൾ ബസിലിരുന്ന് വീണ ഓർത്തത് മുഴുവൻ മകളെ കുറിച്ചായിരുന്നു

അവളെ വളർത്തിയത്. അവളുടെ അച്ഛൻ അന്ന് നാട്ടിലില്ല. താൻ ഒറ്റയ്ക്ക്.ജോലിക്ക് പോകണം കുഞ്ഞിനെ നോക്കണം..അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു താൻ. എന്നിട്ടും പറഞ്ഞില്ല കല്യാണം നിശ്ചയിച്ചപ്പോ ചോദിച്ചു ആരെങ്കിലും ഉണ്ടോ മോളെ ഉള്ളിൽ. ഉണ്ടെങ്കിൽ അമ്മയോട് പറയില്ലേ എന്ന് ഒരു ഭാവവ്യത്യാസവുമില്ലാതെ പറഞ്ഞു. കല്യാണം കഴിഞ്ഞു. അവൾ പോയി എന്ന് കേട്ടപ്പോൾ ബോധമറ്റ് വീണ് പോയി. എങ്ങനെ വളർത്തിയ കുഞ്ഞാണ്..

വീട് എത്തിയപ്പോൾ അവർ ചിന്തകളിൽ നിന്നുണർന്നു

“അമ്മേ ഞങ്ങൾ അങ്ങോട്ട് വരട്ടെ?”

വൈകുന്നേരം ഫോൺ ചെയ്തപ്പോൾ മകൾ ചോദിക്കുന്നു

“ഞങ്ങൾ രണ്ടു പേർക്കും ജോലിക്ക് പോകണ്ടേ അമ്മേ കുഞ്ഞിനെ നോക്കണം. അവന്റെ വീട്ടുകാർ സപ്പോർട്ട് ചെയ്യില്ല..അമ്മ പിന്നെ എന്റെ അമ്മയല്ലേ ഞാൻ എന്ത് ചെയ്താലും അമ്മ ക്ഷമിക്കും എന്ന് എനിക്ക് അറിഞ്ഞൂടെ..പ്ലീസ് അമ്മേ”

“എനിക്ക് ബുദ്ധിമുട്ട് ആണ് “

അവർ തണുത്ത സ്വരത്തിൽ പറഞ്ഞു

“അമ്മേ…”

“അതെ അമ്മയാണ്. അടിമ അല്ല വേലക്കാരിയും അല്ല. നി ഒരു സെർവന്റിനെ വെയ്ക്കുക അല്ലെങ്കിൽ ലീവ് എടുക്കുക. എനിക്ക് ജോലിക്ക് പോകണം..തിരക്കുണ്ട് ശരി വെയ്ക്കട്ടെ “

മറുവശത്തു നിന്ന് പറയുന്നത് കേൾക്കാൻ നിൽക്കാതെ അവർ ഫോൺ വെച്ചു

“അമ്മ പോലും അമ്മ…ആവശ്യം വരുമ്പോൾ മാത്രം പുന്നാരം പറയാൻ ഉള്ള രണ്ടു അക്ഷരം…”

അവർ പിറുപിറുത്തു കൊണ്ട് സാരികൾ മടക്കി അലമാരയിൽ വെയ്ക്കാൻ തുടങ്ങി

~അമ്മു സന്തോഷ്