ഒരു പ്രതീക്ഷയും തരാത്തവർ താങ്ങായി നിന്നപ്പോൾ കൂട്ടുകാരെ മനസ്സിലാക്കിയതിലും എനിക്ക്  തെറ്റി എന്ന് മനസ്സിലായി…

Story written by Manju Jayakrishnan

==============

“ഏട്ടാ കയ്യിൽ  കിട്ടുന്നത് മുഴുവൻ  ഇങ്ങനെ  ചിലവാക്കല്ലേ…ആറ്റിൽ  കളഞ്ഞാലും അളന്നു കളയണം എന്നാ  “

അവളുടെ ഉപദേശം എനിക്ക് തീരെ  പിടിച്ചില്ല…ദേഷ്യം കൊണ്ട് ഞാൻ പല്ലിറുമ്മി..

പെണ്ണിന്റെ  തലയണമന്ത്രം കേട്ട്  പ്രവർത്തിക്കുന്ന പെൺകോന്തൻമ്മാർ  ഉണ്ടാകും..ഞാൻ അങ്ങനെ അല്ല…മാത്രവുമല്ല എന്റെ  വേണ്ടപ്പെട്ടവർക്കാണ് ഞാൻ പൈസ അയക്കുന്നത്….

കണ്ണു നിറഞ്ഞു അവൾ ഒന്നും പറയാതെ പോയി….

അവൾ പറഞ്ഞതിലും കാര്യമുണ്ട്…ഈയിടെ സ്ഥിരം  അയക്കുന്ന തുകയ്ക്ക് പുറമെ  അതും  ഇതും പറഞ്ഞു വീട്ടുകാർ നല്ലൊരു  തുക പിന്നെയും വാങ്ങിക്കുന്നുണ്ട്…കൂടാതെ  കൂട്ടുകാരുടെ പട തന്നെ വേറെ ഉണ്ട്..കൂടാതെ എവിടുന്നോ  പൊട്ടി  മുളച്ച കുറേ ബന്ധുക്കളും

ക്രെഡിറ്റ്‌ കാർഡ് ഉള്ളതുകൊണ്ട്  കാര്യങ്ങൾ ഓടുന്നു…അവൾ  പറഞ്ഞതു പോലെ ഒരു മാസം ശമ്പളമെങ്ങാനും  മുടങ്ങിയാൽ കത്തിക്കൽ തീർന്നു…

കൂട്ടുകാരും ബന്ധുക്കളും ഒക്കെ  സഹായം ചോദിക്കാറുണ്ട്….

“നീ എന്റെ മേത്തു മുള്ളിയതാ….എന്റെ  കയ്യിലിരുന്നു വളർന്ന കുട്ടിയാ ” എന്ന്  പറഞ്ഞു  തുടങ്ങുമ്പോൾ തന്നെ ഇപ്പൊ  ഞാൻ മാനത്തു കാണാറുണ്ട്..

ആരോടും “പറ്റില്ല ” എന്ന്  പറഞ്ഞു  ശീലിക്കാത്തത്  കൊണ്ട്  ആരെയും  നിരാശരാക്കാറില്ല……

“നിന്നെ ഊറ്റുവാ ” എന്ന് അച്ഛൻ  പലതവണ  പറഞ്ഞിട്ടും പല  ബന്ധുക്കൾക്കും കടം മേടിച്ചു വരെ  ഞാൻ കൊടുത്തിട്ടുണ്ട്…

“നിങ്ങൾക്കുള്ളത്  കുറയുമോ  എന്ന്  പേടിയാണോ ” എന്ന് ചോദിക്കുമ്പോൾ  അച്ഛനും പിന്നെ ഉപദേശം കൊണ്ട്  വരാറില്ല

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഇടിത്തീ പോലെ കൊറോണ  വരുന്നത്….

ആദ്യം ശമ്പളം  കുറച്ചു….വീട്ടുകാർക്ക്  കഷ്ടിച്ച് ആദ്യമാസം കാശ്  അയച്ചു  കൊടുത്തു…കയ്യിൽ  കാശ്  എടുക്കാനില്ലാതായപ്പോൾ ഞാൻ  “ഇല്ല ” എന്ന് പറയാനും പഠിച്ചു

കൂടെ  നിന്ന കട്ടചങ്ക്‌സ്  ഒക്കെ  ‘കെട്ട ചങ്ക്സ്സ് ‘ ആകാൻ  അധികം  സമയം  വേണ്ടി  വന്നില്ല..നന്നായി  പതപ്പിച്ചു  നിന്നവർ  ഒക്കെ  നന്നായി  ഒഴിവാക്കാൻ  തുടങ്ങി…

കഴിഞ്ഞ പിറന്നാളിന്  ആശംസകൾ  കൊണ്ട്  വീർപ്പുമുട്ടിച്ചവർ  ഇത്തവണ  എല്ലാം മനഃപൂർവം  മറന്നു…എത്ര  വേഗം  ആണ് മനുഷ്യൻ മാറുന്നത് എന്ന് ഞാൻ ഓർത്തു….

ഒരു  പ്രതീക്ഷയും  തരാത്തവർ  താങ്ങായി നിന്നപ്പോൾ  കൂട്ടുകാരെ മനസ്സിലാക്കിയതിലും എനിക്ക്  തെറ്റി എന്ന്  മനസ്സിലായി… ‘ഒന്നുമില്ലായ്മ’ യിൽ കൂടെ നിൽക്കുന്നവരെ തന്നെയാണ് ചേർത്തു നിൽക്കേണ്ടത്

അതിന്റെ ഇടക്ക് മോൾക്ക്‌ വയ്യാതായി….

ഉണ്ടായിരുന്നപ്പോൾ സഹായിച്ചവർ  ഒക്കെ ഓരോ ഒഴിവു പറഞ്ഞു  തടിതപ്പി….

പലരും  ഫോൺ  പോലും എടുക്കാതെ  ആയി….

ഹോസ്പിറ്റലിൽ ബിൽ കെട്ടാൻ  പറ്റാതെ  വന്നപ്പോൾ അവളുടെ കുഞ്ഞു അരഞ്ഞാണം ഭാര്യ കയ്യിൽ വച്ചു  തന്നപ്പോൾ എന്റെ നെഞ്ചു പൊട്ടി…

അവൾ കുറ്റപ്പെടുത്താത്തത് എന്നെ  കൂടുതൽ സങ്കടപ്പെടുത്തി..

“വെറുപ്പുണ്ടോടി എന്നോട്?… “

എന്ന്  ചോദിച്ചപ്പോൾ എല്ലാം  ശരിയാകും എന്ന് പറഞ്ഞു അവൾ  ആശ്വസിപ്പിച്ചു…

ഒടുവിൽ ജോലി കൂടി പോയപ്പോൾ എന്റെ നിയന്ത്രണം വിട്ടു…

വീട്ടിലേക്ക്  വിളിക്കുമ്പോൾ  ഒക്കെ  കാശ് കിട്ടാതെയുള്ള അവരുടെ  പരിഭവം എന്നെ കൂടുതൽ  വിഷമിപ്പിച്ചു…

അവിടുത്തെ വലിയ വാടക കൂടെ  താങ്ങാൻ പറ്റാതെ നാട്ടിലേക്ക്  തിരിക്കാൻ ഞങ്ങൾ  തീരുമാനിച്ചു..

“എന്റെ കയ്യിൽ ഒന്നും ഇല്ലെടി…..വീട്ടുകാരിൽ നിന്നും കൂടുതൽ  പ്രതീക്ഷിക്കേണ്ട…എന്തെങ്കിലും  ബിസിനസ് തുടങ്ങേണ്ടേ “

മുന്നിൽ  ശൂന്യത  ആയിരുന്നു….

‘എന്തെങ്കിലും  വഴി കാണും  ഏട്ടാ…’

അവളുടെ  ആത്മവിശ്വാസം എന്നെ  അതിശയിപ്പിച്ചു

ഈ  ‘ഓട്ടക്കാലണ’ യെ  വീട്ടുകാർ  ആട്ടിപ്പായിക്കും എന്നെനിക്  ഉറപ്പായിരുന്നു….

വിദേശത്ത്  നിന്നു പോരുന്നു എന്നറിഞ്ഞിട്ടും വീട്ടുകാർ വിളിക്കാത്തത് എന്നെ  നിരാശപ്പെടുത്തി…

അല്ലെങ്കിൽ  അച്ഛന്  വില കൂടിയ  സ്കോച്ച്, അമ്മക്ക്  വള , അനിയന്  ഷർട്ട്‌  എന്നൊക്കെ  നൂറു  ആവശ്യങ്ങൾ  പറഞ്ഞു  വിളിക്കുന്നതാണ്

“വാടക  വീട്  നോക്കാടി അല്ലേ ” എന്ന്  ചോദിക്കുമ്പോൾ  “ഏട്ടന്റെ  ഇഷ്ടം  പോലെ  ചെയ്യൂ… ” എന്നവൾ  മറുപടി  നൽകി…

യാതൊരു   സഹായവും  ചെയ്യാത്ത  കൂട്ടുകാരൻ ആണ് ക്വാറന്റീനുള്ള  സൗകര്യം ചെയ്തു തന്നത് എന്നത്  എന്നെ  അത്ഭുതപ്പെടുത്തി

വീട്ടുകാർ ഒന്ന് വിളിക്കുക പോലും  ചെയ്യാത്തത് എന്നെ കൂടുതൽ  വിഷമിപ്പിച്ചു….

“ആണായാലും  പെണ്ണായാലും കാര്യം  ആരു പറഞ്ഞാലും  കേൾക്കണം  എന്ന പാഠം ഞാൻ  പഠിച്ചു “…അവൾ പറഞ്ഞതു  പോലെ  കുറച്ചു  കാശ്  മിച്ചം  പിടിച്ചിരുന്നു  എങ്കിൽ..”. ഞാൻ  ആലോചിച്ചു

വീട്ടിൽ ചെന്ന്  അവരോട്  രണ്ടു  വാക്ക്  പറഞ്ഞില്ലെങ്കിൽ  നെഞ്ചു  പൊട്ടും   എന്ന്  എനിക്ക്  തോന്നി….

വീട്ടുകാർക്ക്  മുന്നിൽ ഞാൻ  പെയ്തുതോർന്നു…

“വാടീ  പോകാം..ഇനി ഇവിടെ നമുക്കാരും ഇല്ല  “

എന്ന്  പറഞ്ഞു അവളുടെ  കൈ  പിടിക്കുമ്പോൾ അവളുടെ മാസ്സ്  ഡയലോഗ്

“ഏട്ടൻ വേണോങ്കിൽ പൊക്കോ ഞാൻ  എങ്ങോട്ടും ഇല്ല എന്ന് “

കണ്ണും തള്ളി  നിക്കുമ്പോൾ  അച്ഛൻ  എന്റെ  തോളിൽ പിടിച്ചു..എന്നിട്ട്  പറഞ്ഞു  “കേറിവാടാ  മക്കളേ ” എന്ന്

കയ്യിലൊരു പാസ്സ്  ബുക്കും വച്ചു  തന്നു…അതിലെ തുക കണ്ടു  ഞാൻ  ഞെട്ടി…

നിന്റെ കയ്യിൽ ആണെങ്കിൽ നീ ഇത്  പൂത്തിരി കത്തിക്കും…

നിന്റെ  സ്വഭാവം  അറിയാവുന്ന  കൊണ്ട്  നിന്റെ ഭാര്യ  കൂടി  അറിഞ്ഞോണ്ട്  ആണ് ഞാനിതൊക്കെ ചെയ്തത്…നീ  അയച്ചു  തന്ന ഒറ്റ പൈസ  ഞാൻ  എടുത്തിട്ടില്ല..ഞങ്ങൾക്ക് വേണ്ടത് ഈ  മണ്ണ്  തരുന്നുണ്ട്

ഒരു അവസ്ഥ  വരാതെ  നീ  ഒന്നും  പഠിക്കില്ല എന്ന്  ഞങ്ങൾക്ക്  അറിയാമായിരുന്നു…

ആവശ്യം ഉള്ളവരെ  നമ്മൾ  സഹായിക്കണം…പക്ഷെ  ഒരിക്കലും  നമ്മുടെ  ഭാവി അവതാളത്തിൽ  ആക്കിക്കൊണ്ട് ആവരുത് അത്…

നിന്റെ കൂട്ടുകാരൻ ഞാൻ  പറഞ്ഞിട്ടാണ്  നിനക്കുള്ള  എല്ലാ സഹായവും  ചെയ്തു  തന്നത്….

ഉള്ളുനിറഞ്ഞു  അച്ഛനെ  നെഞ്ചോടു  ചേർക്കുമ്പോൾ  പറഞ്ഞു  പോയ ‘പാഴ്  വാക്കിന്‌ ‘ ഞാൻ  ഈശ്വരനോടു മാപ്പ്  ചോദിക്കുകയായിരുന്നു….