ഏട്ടത്തിയുടെ പ്രണയങ്ങൾ
Story written by Arun Nair
==============
കോളേജിലെ അലമ്പും അതിനു ശേഷമുള്ള ശോക കാലവും കഴിഞ്ഞു വീട്ടിൽ ആകെ മൂഡ് ഓഫ് ആയി ഇരിക്കുന്ന സമയത്താണ് അകന്ന ഒരു ബന്ധു വഴി ഗൾഫിൽ ഒരു ജോലി ശരിയായത്….കുറച്ചു പൈസ മുടക്കണമെങ്കിലും വലിയ കുഴപ്പമില്ലാത്ത ജോലി തന്നെയാണെന്ന് എനിക്കു തോന്നി….
അല്ലെങ്കിലും എന്റെ അവസ്ഥയുള്ള എല്ലാ ആൺപിള്ളേരും ആ സമയത്ത് അങ്ങനെയേ ചിന്തിക്കുകയുള്ളു…വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങിയാൽ അപ്പോൾ തുടങ്ങും നാട്ടുകാര് തെ ണ്ടികളുടെ പതിവ് ചോദ്യം
“”ജോലി ഒന്നും ശരിയായില്ല അല്ലേ…പഠിച്ചതൊക്കെ വെറുതേ ആയല്ലേ…. “”
എന്നിട്ടു ആശ്വസിപ്പിക്കും പോലെ ഒരു ഡയലോഗ് “”എല്ലാം ശരിയാകും മോനെ….”” എന്നിട്ടു മാറി നിന്നു കുറ്റവും പറയും
“”അവനൊക്കെ എവിടെ രക്ഷപെടാൻ…””
എന്നാൽ വീട്ടിൽ തന്നെയിരിക്കാം വച്ചാലോ ബന്ധുക്കൾ വല്ലോം വന്നു പോയാൽ അന്ന് അവിടെ എന്റെ വധം തന്നെയവർ നടത്തും….എല്ലാം കൊണ്ടും ആകെ ശോകമായ സമയത്താണ് ഈ ഓഫർ…..
അതുകൊണ്ട് തന്നെ കുറച്ചു കഷ്ടപ്പാട് ഉണ്ടെന്നു അറിഞ്ഞിട്ടും എനിക്കു ഇതുമതിയെന്നു ഞാൻ എന്റെ ഏട്ടനോട് പറഞ്ഞു…
ഏട്ടനെ കുറിച്ചു പറഞ്ഞില്ലല്ലോ ഏട്ടൻ ഒരു സംഭവം ഒന്നുമല്ലെങ്കിലും സ്നേഹത്തിന്റെ പര്യയം ആണെനിക്ക് എന്റെ ഏട്ടൻ….ചെറുപ്പത്തിലേ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയതാണ് അതിനു ശേഷം ഏട്ടന്റെ കഷ്ടപ്പാട് ആണ് എന്റെ തടിയും പഠിത്തവും എല്ലാം…
ഗൾഫിൽ ചെന്നു മൂന്ന് വർഷം കഴിഞ്ഞു മാത്രമേ തിരിച്ചു വരാൻ പറ്റു എന്നു പറഞ്ഞു തന്നെയാണ് എന്നെ ഇവിടുന്നു ഇടനിലക്കാരൻ വിട്ടത്….രണ്ടു വർഷം കഷ്ട്ടിച്ചു തട്ടി മുട്ടി വിട്ടപ്പോൾ ആണ് ഏട്ടൻ ഒരു പെണ്ണിനെ പോയി കണ്ടു ഇഷ്ടപ്പെട്ടു എന്നു പറഞ്ഞത്….ഒരു കാര്യം പെട്ടെന്നു തന്നെ കല്യാണം നടത്തണം അത് അവർക്കു ഡിമാൻഡ് ഉണ്ട്….ഞാൻ നിനക്കു വാട്സാപ്പിൽ ഫോട്ടോ അയച്ചു തരാം…നീയും കണ്ടിട്ട് എങ്ങനെ ഉണ്ടെന്നു പറ….
ഏട്ടന് ഇഷ്ടമായെങ്കിൽ എനിക്കും ഇഷ്ടം ആയെന്നു പറഞ്ഞു…ഇനി ഫോട്ടോ ഒന്നും വേണ്ട…കല്യാണം പെട്ടെന്ന് നടത്തണം എന്നുള്ളത് ആണ് വിഷമിപ്പിക്കുന്നത് ഏട്ടാ..ഞാൻ ലീവ് ചോദിച്ചു നോക്കട്ടെ…….
“”നിനക്ക് വരാൻ പറ്റുന്നില്ല എങ്കിൽ എനിക്കു ഇത് വേണ്ട മോനെ…നീ കൂടെയില്ലാത്ത എനിക്കു എന്ത് കല്യാണം….. “”
ഏട്ടന്റെ ഈ മറുപടി എന്നെ കൂടുതൽ ദുഃഖത്തിൽ ആക്കി…
ഏട്ടന് പെണ്ണിനെ ഇഷ്ടമായി പറഞ്ഞതുകൊണ്ട് ഞാൻ അറബിയുടെ കാലുപിടിച്ചു കരഞ്ഞു ഒരാഴ്ച ലീവ് ഒപ്പിച്ചു…എന്നിട്ടു സമയം തീരുമാനിച്ചു പറഞ്ഞാൽ മതി ഏട്ടാ എന്നു ഏട്ടനെ അറിയിച്ചു…
ഏട്ടൻ എന്നോട് കല്യാണത്തിന് രണ്ടു ദിവസം മുൻപ് എങ്കിലും വരാൻ പറഞ്ഞു എങ്കിലും എന്റെ അറബി എന്നെ ചതിച്ചതുകൊണ്ട് എനിക്കു കല്യാണ തലേദിവസം മാത്രമേ എത്താൻ കഴിഞ്ഞുള്ളു…നാട്ടിൽ എത്തിയതും പിന്നെ കല്യാണം അടിപൊളിയാക്കാൻ ഉള്ള നെട്ടോട്ടം ആയിരുന്നു….ഇനിയും ഏട്ടനെ അതും പറഞ്ഞു ബുദ്ധിമുട്ടിക്കാതെ എല്ലാം ചെയ്യണം. പോകും മുൻപ് എല്ലാം ശരിയാക്കണം…
തിരക്കായതു കൊണ്ട് ഏട്ടൻ താലി കെട്ടിയപ്പോൾ പോലും സത്യത്തിൽ ഞാൻ അവിടെ ഇല്ലായിരുന്നു….ഒരു നൂറു കാര്യത്തിന് അങ്ങോട്ടും ഇങ്ങോട്ടും കിടന്നോടി എന്റെ നടുവ് ഒടിഞ്ഞു. ഏട്ടത്തിയെ ഒന്നു കാണണല്ലോ എന്നു ഇടക്ക് ഓർത്തു എങ്കിലും പിന്നെ ഓർത്തു ഇപ്പോൾ കാര്യങ്ങൾ എല്ലാം ചെയ്യാം ഏട്ടത്തി വീട്ടിലോട്ടു തന്നെയല്ലേ വരുന്നത് അപ്പോൾ കാര്യമായി തന്നെ പരിചയപെടാമല്ലോ…
ഓടി നടക്കുന്നതിന്റെ ഇടയ്ക്കു ആണ് കോളേജിൽ കൂടെ പഠിച്ച തെ ണ്ടികൾ വന്നു ചോദിച്ചത്…
“”എടാ മനുവേ നീ നിന്റെ ഏട്ടത്തിയെ കണ്ടില്ലായിരുന്നോ…അതോ നിനക്ക് കണ്ടിട്ട് ആളെ മനസ്സിലാകാത്തത് ആണോ….??? “”
“‘എന്താടാ കാര്യം…എന്ത് പറ്റി…നമുക്ക് അറിയാവുന്നത് ആണോ…എന്തായാലും എന്റെ പഴയ സെറ്റ് അപ്പ് അല്ലല്ലോ അതുമതി ….. “” ഞാൻ ക്യൂരിയോസിറ്റി അടക്കാൻ വയ്യാതെ ചോദിച്ചു
“”ടാ ഇത് അവളെ കഴിഞ്ഞും പ്രശ്നം ആണ്…നമ്മുടെ സീനിയർ ആയി പഠിച്ച ആ വിനീത ഇല്ലേ,,,,അവൾ ആണ് പെണ്ണ്…നിനക്ക് എന്നാലും അവളുടെ ഫോട്ടോ കണ്ടിട്ടും മനസ്സിലായില്ല എന്നു വിശ്വസിക്കാൻ പറ്റുന്നില്ല….. “”
ഞാൻ ഒരു ഞെട്ടലോടെ ചോദിച്ചു
“‘ഏതാടാ നമ്മുടെ ബമ്പർ വിനീതയോ…ഈശ്വര…ഞാൻ ഏട്ടൻ കെട്ടുന്ന പെണ്ണിന്റെ ഫോട്ടോ കണ്ടില്ലെടാ….ഏട്ടന് ഇഷ്ടം ആയോ മാത്രം ചോദിച്ചുള്ളൂ…അവൾക്കു എത്ര കാമുകന്മാർ ഉണ്ടായിരുന്നു എന്നു അവൾക്കു പോലും അറിയില്ല ഇങ്ങനെ ഒരുത്തി തന്നെ വന്നല്ലോ എന്റെ പാവം ഏട്ടന്റെ തലയിൽ…… “”
“”എടാ അതൊക്കെ പോട്ടെ,,,മനു….അവളു പോക്ക് ആണെന്ന് മനസ്സിലായപ്പോൾ നീ അവളോട് പോയി കൊടുക്കുമോ ചോദിച്ചത് ഓർക്കുന്നില്ലേ…അന്ന് സീനിയോഴ്സും ആയുണ്ടായ പുകിൽ ഓർമയില്ലേ നിനക്ക്…നീ ഇനി എങ്ങനെ അവളുടെ മുഖത്ത് നോക്കും….””
“”എനിക്കു അറിയില്ലെടാ…അയ്യോ എന്റെ ഏട്ടന് ഈ ഗതി വന്നല്ലോ… “” ഏട്ടന് പറ്റിയ അബദ്ധം ഓർത്തപ്പോൾ എനിക്കു കരച്ചില് വന്നു പോയി….
“”എടാ എന്തായാലും ഞാൻ ഒന്നു നോക്കട്ടെ….ഇനി നിങ്ങൾക്ക് ആള് മാറിപോയതു ആണെങ്കിലോ…. “”
ഞാൻ കൂട്ടുകാരുടെ അടുത്തു നിന്നു ഏട്ടന്റെ അടുത്തേക്ക് പോയി ഒളിഞ്ഞു നോക്കി….ദൈവമേ,,,,ഇതവൾ തന്നെ ബമ്പർ….എന്റെ പാവം ഏട്ടൻ അവളെ കെട്ടിയതു ഭാഗ്യമായി,,സന്തോഷിച്ചു നിൽക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു ഞാൻ ഒരു നിമിഷം സ്തബ്ധനായി നിന്നു പോയി…
എന്റെ ഗതികേടിനു അവിടെ നിൽക്കുന്നത് ഏട്ടൻ കണ്ടു…എന്നെ അടുത്തേക്ക് ഫോട്ടോ എടുക്കാൻ വിളിച്ചു…ഞാനൊരു മരപ്പാവയെ പോലെ അവിടെ ചെന്നു നിന്നു…അതിനിടക്ക് ഏട്ടൻ അവൾക്കു എന്നെ പരിചയപെടുത്തുന്നുണ്ടായിരുന്നു….
“”ദേ ഇതാണ് എന്റെ മനുകുട്ടൻ…നീ കണ്ടിട്ടില്ലല്ലോ ഇതുവരെ…അതോ ഒരേ കോളേജിൽ പഠിച്ചത് ആയതുകൊണ്ട് കണ്ടിട്ടുണ്ടോ…. “”
ഇല്ല എന്നുള്ള മട്ടിൽ ഞാനും വിനീതയും തലയാട്ടി….
എനിക്കു ആകെ തലകറങ്ങും പോലെ തോന്നി…കല്യാണത്തിന് മുൻപ് ഞാനൊന്നു ഇവളുടെ ഫോട്ടോ കണ്ടിരുന്നു എങ്കിൽ..എന്റെ ഏട്ടന്റെ ഭാവി പോയല്ലോ….
കല്യാണത്തിന്റെ ബാക്കി കാര്യങ്ങൾ എല്ലാം ഞാൻ യാന്ത്രികമായി ചെയ്തു അല്ലേലും മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ ചെയ്യുന്നതെല്ലാം യാന്ത്രികമായി പോകുമെന്ന് ലാലേട്ടൻ പറയുന്നത് എത്ര വലിയ സത്യമാണ്….
എന്റെ ഏട്ടത്തി ആയി അവൾ വീട്ടിൽ വന്നു എങ്കിലും ഞാൻ അവളോട് മിണ്ടാൻ ഒന്നും പോയില്ല…എനിക്കു ഒരാഴ്ച ഒന്നു പെട്ടെന്ന് പോയാൽ മതിയെന്ന് ഉണ്ടായിരുന്നുള്ളു….രണ്ടു ദിവസം കഴിഞ്ഞിട്ടും ഞാനും അവളും ഒന്നും മിണ്ടാതെയിരുന്നത് കൊണ്ട് ഏട്ടൻ അവളെയും കൊണ്ടെന്റെ മുറിയിലോട്ടു വന്നു…
“”മനുക്കുട്ട…ഏട്ടന് ഒരു കാര്യം ചോദിക്കാനുണ്ട്…നിനക്ക് ഇവളെ ഇഷ്ടം ആയില്ലേ…..??? നിന്നോട് ഞാൻ പറഞ്ഞതല്ലേ ഫോട്ടോ നോക്കാൻ…അന്നേരം ചെയ്യാതെ ഇരുന്നിട്ട് ഇപ്പോൾ ഇഷ്ടം ആകാത്തത് പോലെ പിണങ്ങി ഇരിക്കുക ആണോ വേണ്ടത്…. “”
“”ഹേയ്,,,എനിക്കു ഇഷ്ട കുറവൊന്നും ഇല്ല ഏട്ടാ…ഏട്ടന് വെറുതേ ഓരോന്ന് തോന്നുന്നതാണ്…. “”
“”നിർത്തു മനു നിന്റെ നുണകൾ…ഏട്ടൻ നിന്നേ ഇന്നും ഇന്നലെയുമല്ല കാണാൻ തുടങ്ങിയത്…നിനക്ക് ഇവളെ ഇഷ്ടമായില്ല എന്നു നിന്റെ മുഖത്തു തന്നെയുണ്ട്…നീ കാര്യം പറയാതെ ഞാൻ പോകില്ല ഇവിടുന്നു….. “”
“”ഏട്ടാ അത്….ഞാൻ…. “”
എനിക്കു ഏട്ടനോട് എന്ത് പറയണമെന്ന് തന്നെ അറിയാതെ ഞാൻ നിന്നു വിക്കി…
“”എന്താടാ നിനക്കൊരു പരുങ്ങൽ…. “”
ഏട്ടത്തി വിനീതയോടായി ഏട്ടൻ ചോദിച്ചു
“”നിനക്കു എന്തെങ്കിലും അറിയുമോ…എങ്കിൽ നീ എങ്കിലും പറ എന്നോട്…അല്ലങ്കിൽ എനിക്കു ഭ്രാന്ത് പിടിക്കും ഇനി… “”
ശബ്ദം കേട്ടു അമ്മയും വന്നു അങ്ങോട്ട്
“”ഏട്ടാ… “” ഞാൻ ഏട്ടനെ വിളിച്ചു…
“”എനിക്കു വിനീതയെ നേരത്തെ അറിയാം… ‘”
പെട്ടന്ന് അമ്മ “”മനുകുട്ടാ ഏട്ടത്തിയെ പേര് വിളിക്കാതെയെന്നു എന്നോട് പറഞ്ഞു… “” ഞാൻ തലയാട്ടി…
“”ഏട്ടത്തി എന്റെ സീനിയർ ആയി പഠിച്ചതാണ്…ഇനി പറയുന്ന കാര്യം കേട്ടു ഏട്ടൻ തളരരുത്…. “”
“”ഞാൻ തളരാനും മാത്രം എന്ത് കാര്യം ആണ് മനു നിങ്ങൾ തമ്മിൽ ഉള്ളത്… “”
“”ഏട്ടാ,,,ഏട്ടത്തിക്ക് ഒരുപാട് ആൺപിള്ളേരുമായി മോശം ബന്ധം ഉണ്ടായിരുന്നു,,,അതെനിക്ക് അറിയാം…അതുകൊണ്ട് എന്തോ,,,എനിക്കിവരെ ഏട്ടത്തി ആയി കാണാൻ കഴിയുന്നില്ല……””
ഏട്ടൻ ഏടത്തിയുടെ നേരെ തിരിഞ്ഞു ചോദിച്ചു…
“”മനുകുട്ടൻ പറയുന്നത് സത്യമാണോ വിനീതെ… “”
“”അല്ല ഏട്ടാ,,,ഏട്ടത്തി കരഞ്ഞുകൊണ്ട് പറഞ്ഞു…അവൻ എന്നെ തെറ്റിധരിച്ചു വച്ചേക്കുകയാണ്..എനിക്കു നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നു അവരോടെല്ലാം ഞാൻ നല്ല കമ്പനിയുമായിരുന്നു…അതിൽ കൂടുതലൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല…ബാക്കി എല്ലാം ഇവന്റെ ചിന്തയുടെ കുഴപ്പം ആണ്…. “”
ഞാനപ്പോൾ എനിക്കു അവളുമായി ബന്ധം ഉണ്ടെന്നു സംശയം ഉള്ള ഓരോരുത്തരുടെ പേര് പറഞ്ഞു…
അവൾ എല്ലാം കേട്ടു ചിരിച്ചു…എന്നിട്ടു പറഞ്ഞു….
“”ഇവരെല്ലാം എന്റെ നല്ല സുഹൃത്തുക്കൾ ആണ്….ഇവരിൽ ആരോട് എങ്കിലും എനിക്കു പ്രണയം ഉണ്ടായിരുന്നു എങ്കിൽ ഇപ്പോളും വിവാഹം കഴിക്കാത്ത അവരെ ഉപേക്ഷിച്ചു ഒരു പാവം മനുഷ്യന്റെയും എന്റെയും ജീവിതം നശിപ്പിക്കണ്ട കാര്യമെനിക്ക് ഇല്ല…..
മനു,,,നീ ഇനി എങ്കിലും ആൾക്കാരെ കുറിച്ചു അകന്നു നിന്നു മനസ്സിൽ ഓരോന്നും മെനയാതെ,,,അടുത്തു നിന്നു മനസ്സിലാക്കി അഭിപ്രായം പറയു…പണ്ടേ നിനക്കു ഉള്ളതാണ് ഈ സ്വഭാവം….
ഒരു പെണ്ണ് ആൺപിള്ളേരും ആയി സൗഹൃദം സ്ഥാപിക്കുന്നു കരുതി അവൾ മോശം ആണെന്ന് ചിന്തിക്കാതെ ആ പെണ്ണിൻറെ മനസ്സ് കാണു…അവൾക്കൊരു ആങ്ങള ഉണ്ടോ നോക്കു…അവൾ അവരെ സൗഹൃദത്തിനും അപ്പുറത്തു ആങ്ങള ആയാണോ കാണുന്നത് നോക്കു…അങ്ങനെ അടുത്തറിഞ്ഞു അഭിപ്രായം പറയാൻ ശ്രമിക്കുക..അങ്ങനെ ആയാൽ മാത്രമേ നീ ഒരു നല്ല മനുഷ്യൻ ആകു…..””
ഏട്ടത്തി പറയുന്നത് കേട്ടു ഞാൻ ചമ്മി നാശമായി പോയി…
ഏട്ടൻ എന്നോടു പറഞ്ഞു…
“”നീ പറഞ്ഞ പേരുകളൊക്കെ എനിക്കും അറിയാം…എല്ലാവനും ഇവളുടെ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്…അതിലുപരി ഇവൾക്ക് ആങ്ങളമാരും ആണ്…ഇപ്പോൾ നിന്റെ വഴക്ക് മാറിയോ,,,അവളോട്…മാറിയെങ്കിൽ നമുക്ക് എല്ലാവർക്കും കൂടി ഒരു സിനിമയ്ക്കു പോകാം….നീ കുറച്ചു ദിവസമല്ലേ ഉള്ളു…ആകെ ഉള്ള ദിവസം നമുക്ക് അടിച്ചു പൊളിക്കാം…. “”
അമ്മയും ഏടത്തിയും എന്റെ മുഖം കണ്ടു ചിരിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഞാൻ ഏട്ടനോട് പറഞ്ഞു
“”അതെ ഏട്ടാ,,,,ഇനി ഒരു പ്രശ്നം കൂടിയുണ്ട്….””
“”അതെന്താടാ ഇനിയും നിന്റെ പ്രശ്നം…”” ഏട്ടൻ എന്നോടു ചോദിച്ചു….
ഏട്ടൻ ആണ് ചോദിച്ചത് എങ്കിലും ഞാൻ ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി നിന്നു….
“”അതെ ഏട്ടത്തി,,,ഞാൻ പോയി കഴിഞ്ഞു മറ്റേ കാര്യം ഏട്ടനോട് സമയം കിട്ടുംപോലെ പറഞ്ഞാൽ മതി കേട്ടോ…ഇപ്പോൾ പറഞ്ഞാൽ എന്നെ മനുകുട്ടാ വിളിക്കുന്ന ഏടത്തിയുടെ സ്നേഹസമ്പന്നൻ ആയ ഭർത്താവ് എന്നെ കൊ ന്നിട്ട് ജയിലിൽ പോയി കിടക്കുന്നത് ഏട്ടത്തി തന്നെ കാണേണ്ടി വരും……””
ഞാൻ ഇത്രയും ഏട്ടത്തിയോടായി പറഞ്ഞിട്ട് ഫ്രഷ് ആകാനായിട്ടു ഓടി….അന്നേരം ഏട്ടൻ എന്നോട് വിളിച്ചു ചോദിച്ചു…
“”അതെ മനുകുട്ടാ….കോളേജിൽ പഠിച്ചപ്പോൾ ചോദിച്ച കൊടുപ്പു കാര്യം ആണെങ്കിൽ അതിവൾ എന്നോട് പറഞ്ഞിട്ടുണ്ട്….ഇനി അതുമോർത്തു മോൻ കുളിമുറിയിൽ തന്നെയിരിക്കണ്ട……..””
ഞാൻ വീണ്ടും എല്ലാവരുടെയും മുൻപിൽ ഇളിഭ്യനായി നിന്നപ്പോൾ എന്റെ വീട്ടിൽ എല്ലാവരുടെയും ചിരി പൊട്ടി….അപ്പോൾ എന്റെ ഏട്ടത്തി പറഞ്ഞു….
“”മതി എല്ലാവരും കൂടി എന്റെ അനിയനെ കളിയാക്കിയത്…അവനൊരു ചേച്ചി ഇല്ലാത്ത കുഴപ്പം ആയിരുന്നു അത് ഞാൻ വന്നപ്പോൾ മാറിയല്ലോ….ഇനി എന്റെ അനിയൻ തെറ്റൊന്നും ചെയ്യില്ല,,,ആൾക്കാരെ മോശമായി വിലയിരുത്തില്ല…അതെനിക്ക് ഉറപ്പാണ്……””.
അമ്മയും ഏട്ടനും ഏട്ടത്തിയെ പോലെയൊരു പെണ്ണിനെ കിട്ടിയതിൽ സന്തോഷിക്കുമ്പോൾ ഞാൻ മനസ്സുകൊണ്ട് എന്റെ ഏടത്തിയുടെ കാലിൽ വീണു മാപ്പ് ചോദിക്കുകയായിരുന്നു…
A story by അരുൺ നായർ