കൂടപ്പിറപ്പ്…
Story written by Dhanya Shamjith
============
അമ്മാ…ലേശം മീഞ്ചാറൂടി…
പാതിയായ ചോറ് പ്ലേറ്റിൽ ബാക്കിയായപ്പോൾ ദത്തൻ വിളിച്ചു പറഞ്ഞു.
ആകെ ഒരിച്ചിരി ചോറൂണ്ട് അയ്നാണോ നെനക്കിനീം മീഞ്ചാറ്…ഇപ്പ തന്നെ എത്രാം വട്ടാ, ഇനിയിതേ ബാക്കിളളൂ , ഇന്നാ മിണുങ്..മീഞ്ചട്ടി അപ്പാടെ മേശമ്മേൽ വച്ചു ഗൗരിയമ്മ.
ഹ, എന്താമ്മാ ഒരു സ്നേഹോല്ലാത്ത പോലെ, ഇച്ചിരി മീങ്കറിയല്ലേ ചോയ്ച്ചുള്ളൂ..അയ്നാണോ കവിയൂർ പൊന്നമ്മേടെ പോലത്തെ ഈ മൊഖം സ്ത്രീധനത്തിലെ മീനേടെപോലാക്കി വച്ചിരിക്കണത്…
പറയുമ്പ പറയുമ്പ ഓരോന്ന് കിട്ടണേലേ എന്റെ മോൻ പോയൊരു പെണ്ണ്കെട്ട്, നെനക്ക് വച്ച് വെളമ്പി ഞാ മേലാണ്ടായി…
ആ കൈയ്യോണ്ട് എന്ത്ണ്ടാക്കിയാലും അയിനൊരു പ്രത്യേകരുചിയാ, ആ രുചി വേറെ ആര്ണ്ടാക്കിയാലും കിട്ടോയെന്റെ ഗൗരീമ്മേ….അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി. അയഞ്ഞിട്ടുണ്ട്..ഇനീപ്പം സെന്റി തുടങ്ങും. അവൻ ചട്ടിയിലെ കറി പ്ലേറ്റിലോട്ട് ഒഴിക്കാൻ തുടങ്ങി.
ഓ…അല്ലെങ്കീപ്പം വേണ്ട പ്ലേറ്റിനേക്കാളും രസം മീഞ്ചട്ടിയാ. അവൻ പ്ലേറ്റിലെ ചോറ് ചട്ടിയിലിട്ടു.
ആ ചട്ടി ബാക്കി വച്ചേക്കണേ, നാളേം കറി വക്കാനുള്ളതാ.
ഈ ഗൗരിയമ്മയ്ക്ക് ഇണ്ടാക്കാനേ അറിയൂ കഴിക്കാനറിഞ്ഞൂടാ, കാലിയായ മീഞ്ചട്ടീലോട്ട് ദേയീ ചോറിങ്ങനെയിട്ട് ഒരു പെരട്ട് പെരട്ടിയാലുണ്ടല്ലോ..ഹാ…ഒരൊന്നൊന്നര രുചിയാ നാവീന്ന് കപ്പലോടും…കഴിച്ച് നോക്ക്,,ദത്തൻ ഒരുരുളയെടുത്ത് അമ്മയ്ക്ക് നീട്ടി.
എനിക്കെങ്ങുംവേണ്ട, അവർ മുഖം തിരിച്ചു.
കെറുവിക്കാതെ ഇതങ്ങോട്ട് കഴിച്ചേ ഗൗരിയേ,,ഇല്ലേൽ ഞാനും കഴിക്കല് നിർത്തുവേ….അവൻ കൃത്രിമ ദേഷ്യത്തോടെ വീണ്ടും ചോറുരുള നീട്ടി.
അതു കേട്ട് ചിരിയോടെ അവർ വാ തുറന്നു.
അങ്ങനെ….ഇപ്പഴാ ഗൗരി മിടുക്കിയായത് അവൻ ചിരിച്ചു. ന്തായാലും കറി സൂപ്പറായിട്ട്ണ്ട്,,എന്നും വക്കണേക്കാലും…
ഞാ വച്ചതല്ലടാ, ഇതാ നമ്പൂരിപ്പെണ്ണ് വച്ചതാ.
നമ്പൂരിപ്പെണ്ണോ….അവൻ കണ്ണ് മിഴിച്ചു.
അതേടാ, നീയറിയൂലേ മ്മടെ തെക്കേമനക്കലെ പട്ടേരിപ്പാടിനെ ആൾടെ ചെറുമോള്.
ആ കൊച്ചോ?അതിനിവിടെന്ത് കാര്യം അതും മീങ്കറി വയ്ക്കാൻ. ദത്തനൊന്നും മനസിലായില്ല.
നാട്ടീക്കൂടെ തെ ണ്ടി നടക്കാതെ വല്ലപ്പഴും വീട്ടിലിരിക്കണം ന്നാലെ കാര്യങ്ങളൊക്കെ അറിയൂ,,ഇന്നലെ എനിക്കൊട്ടും വയ്യായിരുന്നു മുറ്റത്തൂന്ന് തിണ്ണേലോട്ട് കാല് വെച്ചതേഓർമ്മേള്ളൂ കണ്ണിലാകെ ഒരിരുട്ടാ വീണൂന്ന് തോന്നീപ്പഴാ അവള് വന്നത്. പിന്നെ ആ കൊച്ച് അകത്തേക്ക് പിടിച്ച് കെടത്തി, കഞ്ഞി വെള്ളം എടുക്കാൻ പോയപ്പ അടുക്കളേല് ഒന്നുമായിട്ടില്ലാന്ന് കണ്ട് അതോരോന്ന് ചെയ്യാൻ തൊടങ്ങി, വേണ്ടാന്ന് പറഞ്ഞിട്ടും കൂട്ടാക്കീല…പാത്രങ്ങൾ എടുക്കുന്നതിനിടയിൽ ഗൗരിയമ്മ പറഞ്ഞു.
അത് ശരി ന്നിട്ട് ആ കൊച്ചിനെ കൊണ്ട് മീനും വാങ്ങിച്ച് കറി വപ്പിച്ച് അല്ലേ? ബ്രാഹ്മണ ശാപം കിട്ടൂട്ട അമ്മേ…ദത്തൻ പറഞ്ഞു.
പിന്നേ ശാപം…മീൻ കൊണ്ടന്നതേ അവളാ. ഇവടെ മാത്രല്ല കൊറച്ച് നാളായി ഈ കരേല് മുഴോനും അവളാ മീൻ കൊടുക്കണേ.
അമ്മ ഇതെന്തൂട്ടാ പറയണേ എനിക്കൊന്നും മനസിലായില്ലട്ടാ. ദത്തൻ മുഖം പിന്നേയും മിഴിച്ചു.
നീ ഊര് ചുറ്റാൻ പോയേക്കുവല്ലായിരുന്നോ അതാ ഒന്നും അറിയാഞ്ഞേ. കരുതണപോലല്ലടാ മനയ്ക്കലെ കാര്യം വല്യ കഷ്ടാ, പണ്ടത്തെ ജന്മിത്വത്തിൽ അഹങ്കരിച്ചേന് കിട്ടിയ ശിക്ഷ. വിറ്റും മുടിച്ചും ദാനം കൊടുത്തും സ്വത്തെല്ലാം തീർന്നു പഴയ പ്രതാപക്കെ പോയപ്പോ കടം വാങ്ങലായി, തിരിയെ കൊടുക്കാൻ പറ്റാണ്ടായപ്പോ കടക്കാര് കേറി ഒള്ളതെല്ലാം പെറുക്കിക്കൂട്ടി. ബാക്കിയായത് പട്ടേരീം, നങ്ങേമേം മാത്രാ…ആര്ടേയോ ദയ കൊണ്ട് ഒരു ചായ്പ്പ് കിട്ടി അവിടാ ഇപ്പോ അവര്..പട്ടേരിക്ക് ഒന്നിനും വയ്യ, എത്ര നാളാ പട്ടിണി കിടക്കുക വയറിനും എത്ര നാൾ സമാധാനം പറയും, ജോലി ചോദിച്ച് ചെന്നിടത്തൊക്കെ ആവശ്യം വേറെയായിരുന്നു…മറ്റൊരു വഴീം കാണാണ്ടായപ്പഴാ അവള് മ്മടെ മമ്മദിനെ കാണണേ ഓനാണെങ്കി കച്ചോടൊക്കെ നിർത്തി മോന്റൊപ്പം ദുബായി പോവാൻ നിക്കാർന്നു.
ആദ്യമയാള് സമ്മയ്ച്ചില്ല പിന്നെ അവൾടെ അവസ്ഥ അറിഞ്ഞപ്പം സമ്മതിച്ചു. അന്ന് തൊട്ട് മനക്കലെ നങ്ങേമ മീൻ വിൽക്കാനിറങ്ങി. ഇതാണ് കഥ.
ഗൗരിയമ്മ പറഞ്ഞ് നിർത്തി.
വാ പിളർന്ന് നിൽക്കുകയായിരുന്നു ദത്തൻ. അവന്റെ ഉള്ളിലൂടെ മറക്കുടയാൽ മറഞ്ഞു നീങ്ങുന്ന ഒരു പാവാടക്കാരിയുടെ രൂപം മിന്നി മറഞ്ഞു.
ഇപ്പഴും അയ്ന്റ കാര്യം കഷ്ടാ, ഇക്കാര്യം പറഞ്ഞ് സമുദായത്തീന്ന് വെലക്കീത്രേ, നാട്ടാരും മോശല്ല പാത്തും പതുങ്ങീം കുറ്റം പറച്ചിലാ. അതിന്റെയൊരു വിധി. എന്തായാലും ഇന്നലെ അവള് ഇല്ലായിരുന്നേ എന്റെ മോനിന്ന് അമ്മേടെ ശവമടക്കിന്റെ ചോറ് തിന്നാർന്നു, അതെങ്ങനാനേരത്തിനും കാലത്തിനും ഒരു പെണ്ണ് കെട്ടി കൊണ്ടരാൻ പറഞ്ഞാ കേൾക്കോ അതില്ല..അതും പറഞ്ഞ് ഗൗരിയമ്മ അടുക്കളയിലേക്ക് നടന്നു.
ദത്തൻ ഒരു നിമിഷം അമ്മ പോയത് നോക്കി നിന്നു പിന്നെ ഒരു നിശ്വാസത്തോടെ പുറത്തേക്കിറങ്ങി..
**************
ദത്തോയ്, എപ്പ എത്തീടാ സർക്കീട്ട് കഴിഞ്ഞ്….കവലയിലെ ചായപ്പീടികക്കാരൻ കുമാരേട്ടനാണ്…
ഇന്നലെ രാത്രി..അവൻ ചിരിച്ചു.
സർക്കീട്ടൊക്കെ നിർത്താറായീട്ടോദത്താ ഗൗരിയേച്ചിക്ക് പ്രായം കൂടുവാ.
ഓ….അത് ചുമ്മ ഗൗരിക്ക് ഇപ്പഴും പതിനേഴാ കുമാരേട്ടാ…
അത് സത്യം, പണ്ടേ ഓൾടെ അത്രം ചന്തൊള്ള ഒരൊറ്റ പെണ്ണും ഇന്നാട്ടി ഉണ്ടാർന്നില്ല ട്ടാ, ഓളിതിലേ പൊസ്തകേം കയ്യേ പിടിച്ച് പോവുമ്പം ഞങ്ങളങ്ങനെ നോക്കി നിക്കും..ആ ചന്തം ഇപ്പഴും കൊറഞ്ഞിട്ടില്ല. അയാൾ ചിരിച്ചു.
കുമാരേട്ടോ……ഓള് ഇപ്പന്റെ അമ്മയാട്ടാ ദത്തൻ ചിരിച്ചു. അതു കണ്ട് അയാളും…
മീനേയ്….നല്ല പെടക്കണ മീനേയ്…
കൂക്കിവിളി കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്..മീൻകുട്ട കെട്ടിവച്ച സൈക്കിളും ഉന്തിക്കൊണ്ട് നടന്നു വരുന്ന നങ്ങേമയെ കണ്ട് ദത്തനൊന്ന് വല്ലാതായി. ഓണക്കാലത്ത് കൂടയ്ക്കുള്ളിൽ കാക്കപ്പൂവുമിറുത്ത് നടന്ന നങ്ങേമ. ഇപ്പോ….
കുമാരേട്ടോ….ദേ നിങ്ങളിന്നലെ പറഞ്ഞ മാന്തള്, കുട്ടയിൽ നിന്നൊരു പൊതിയെടുത്ത് അവൾ അയാൾക്കു നീട്ടി, പിന്നെ കാലിലുരുമ്മി നടന്ന പൂച്ചയ്ക്ക് ഒരു പിടി വാരിയിട്ടു.
നീയിത് ശീലാക്കിയാ ഈ പൂച്ച പിന്നെ പിറകേന്ന് മാറില്ലട്ടാ. ദത്തൻ അവളുടെ അടുക്കലെത്തി.
ഓ,,തിന്നട്ടെ വെശന്നിട്ടല്ലേ , നാളേക്കിരുന്നാ ചീഞ്ഞ് പോണ സാധനല്ലേ, വെശപ്പിന്റെ ദെണ്ണം നന്നായിട്ടറിയണോൾക്കേ ഈറ്റിങ്ങളേം അറിയാൻ പറ്റൂ. അവൾ ചിരിച്ചു.
ദത്തേട്ടനല്ലേ…
അപ്പോ അറിയാം അല്ലേ..
ഗൗരിയമ്മ പറഞ്ഞ് നല്ലോണം അറിയാം, പിന്നെ പണ്ട് തൊടീല് ആരും കാണാണ്ട് കളിക്കാൻ കൂടണയാളെ അത്ര പെട്ടന്ന് മറക്കാൻ പറ്റോ. അതും പറഞ്ഞവൾമുന്നോട്ട് നടന്നു. അത് കണ്ട് ദത്തനും.
************
ദത്താ….ദത്താ…..ഒന്നെണീറ്റേ രാവിലെ തന്നെ അമ്മയുടെ വിളി കേട്ടാണ് അവൻ കണ്ണു തുറന്നത്.
ന്താ ഗൗരീയേ ഒന്നൊറങ്ങാനും സമ്മയ്ക്കൂലേ. അവൻ പിറുപിറുത്തു.
ഒന്നെണീക്ക് ചെക്കാ….മ്മടെയാ പട്ടേരി മരിച്ചൂന്ന്,
അതു കേട്ടവൻ ചാടിയെഴുന്നേറ്റു.
ആര് നങ്ങേമേടെ മുത്തശ്ശനോ. രണ്ടൂസം മുന്നേ അവളെ കണ്ട് വർത്താനം പറഞ്ഞേ ഉള്ളൂ.
ആ….ഇന്നലെ രാത്രീല് വയ്യായ്ക കൂടീന്ന്, ആശൂത്രീലെത്തിക്കണേന് മുന്നേ കഴിഞ്ഞൂന്ന്. അപ്രത്തെ രാധയാ പറഞ്ഞേ പാവം ആ കൊച്ച് തനിച്ചായി. ചായ ഗ്ലാസ് മേശയിൽ വച്ച് അവർ തിരികെ പോയി.
ദത്തനൊരു നിമിഷം അവിടെത്തന്നെയിരുന്നു പിന്നെ ധൃതിയിൽ കുളിമുറിയിലേക്ക് നടന്നു.
പറ്റില്യാന്ന് പറഞ്ഞാ പറ്റില്യ, ദഹനത്തിന് വേറെന്താച്ചാ വഴി ആവാം ആചാരപ്രകാരം കർമ്മം നടത്തി സംസ്കാരം നടത്താൻ സമുദായത്തിന്റെ ഒരടിമണ്ണ് പോലും പ്രതീക്ഷിക്കണ്ട.
നിങ്ങളങ്ങനെ പറഞ്ഞാലെങ്ങനാ , മരിച്ചവരോടും വേണോ വിദ്വേഷം.
കുലമഹിമ നോക്കാതെ കണ്ണി കണ്ട ചത്തതിനേം ചീഞ്ഞേനേമൊക്കെ വാരി നടക്കണ ജന്തുക്കൾക്കുള്ളതല്ല ആ മണ്ണ് . ഉറ്റോരും, സമുദായോം പടിയടച്ച് പിണ്ഡം വച്ചതാ പണ്ടേ.
ഉയർന്നു കേൾക്കുന്ന വാക്കുതർക്കങ്ങൾക്കിടയിലേക്കാണ് ദത്തൻ ചെന്നത്..
ന്താ കുമാരേട്ടാ….അവൻ ചോദിച്ചു.
എന്ത് പറയാനാ ദത്താ ഒടുക്കത്തെയൊരു ജാതീം സമുദായോം. ചത്ത് കെടക്കണ ശവത്തോടും ദയവില്ലാത്ത വകകള്, അവർക്ക് ആചാരം നടത്തി സംസ്കരിക്കാൻ പറ്റൂലന്ന്.
അവന്റ കണ്ണുകൾ അകത്തേക്ക് പാളി. വരാന്തയുടെ ഓരത്ത് കണ്ണീരുണങ്ങിയ മുഖവുമായി അവൾ ഇരിക്കുന്നുണ്ടായിരുന്നു.
നിങ്ങളിങ്ങനെ വാശി പിടിക്കരുത്, മരിച്ചു കഴിഞ്ഞാ പിന്നെന്തിനാ ഇത്ര വൈരാഗ്യം..ദത്തൻ അവരുടെ അടുക്കലേക്ക് ചെന്നു.
പറയാനുള്ളത് ഞങ്ങൾ പറഞ്ഞു അതിനൊരു മാറ്റവുമില്ല…പ്രമാണിയായ നമ്പൂരി കടുപ്പിച്ചു.
കഷ്ടം തന്നെ…മനുഷ്യനങ്ങ് ചൊവ്വേല് താമസാക്കാൻ ഒരുങ്ങുമ്പഴും ഇവടെ ജാതീ ടെം മതത്തിന്റേം പേരിലൊള്ള തർക്കം തീർന്നിട്ടില്ല. അല്ല ഒന്നു ചോയ്ക്കട്ടെ. പെറന്ന് വീണപ്പം നെറ്റീല് എഴുതി ഒട്ടിച്ചിട്ടുണ്ടായിരുന്നോ നമ്പൂരിം നായര്ന്നും. പണ്ട് കാട്ടീക്കൂടെ ഉടു തുണീലാണ്ട് പച്ചയെറച്ചീം തിന്ന് നടന്ന ഒരു കാലമിണ്ടാർന്നു നമുക്കെല്ലാർക്കും അന്നീ പറഞ്ഞ ജാതീംഅയിത്തോം ഒന്നൂണ്ടായിരുന്നില്ല.
ഈ കൊച്ച് ചെയ്തതില് ഒരയിത്തോം ഇല്ല, വയറ് വെശന്ന് ചാവാറായപ്പോ കിട്ടിയ പണി ചെയ്തു അല്ലാതെ കക്കാനും മോട്ടിക്കാനും പോയില്ലല്ലോ..അന്നീ പറഞ്ഞ വല്യ നമ്പൂരി മാര് എവിടായിരുന്നു? തമ്മി തല്ലാനുള്ളതല്ല മതം , മനുഷ്യനെ മനുഷ്യനായി കാണാനുള്ള കഴിവാ വേണ്ടത്.
എന്റെ പറമ്പിലുണ്ട് ആറടിമണ്ണ്. അവിടെ ഒരു ജാതീം മതോം ഇല്ല . കുമാരേട്ടാ നിങ്ങൾ അതിന് എന്താ വേണ്ടേന്ന് വച്ചാ ചെയ്യ്.
ഉള്ളിലുയർന്ന അമർഷം മുഴുവൻ പുറത്തേക്കു വന്നു ദത്തനിൽ നിന്നും. അവൻ നങ്ങേമയ്ക്കരികിലേക്ക് ചെന്നു. അവനെ കണ്ടതും അവൾ നിറഞ്ഞു തൂവിയ മിഴിയോടെ എഴുന്നേറ്റു.
സഹതാപം കൊണ്ടാണ് ന്ന് കരുതണ്ട,,ആ മണ്ണ് നിങ്ങക്കും അവകാശപ്പെട്ടതാ. പണ്ട് ദാനം ചെയ്ത് കളഞ്ഞവകയില് അതും ഉണ്ടായിരുന്നു….മാത്രല്ല ഒരു കടം ബാക്കിയാ,, ഇന്നെന്റെ ഗൗരിയമ്മ ജീവനോടെയിരിക്കണതിന് താനാ കാരണം അതിന് പകരം വയ്ക്കാൻ ഒന്നും തെകയില്ല.
വേറൊന്നും പറയണില്ല, എന്റെ കൂടെ വന്നൂടെ….അവൻ അവളുടെ മുഖത്തേക്ക് നോക്കി.
നിർവികാരമായിരുന്നു ആ മുഖം.
ഞാൻ നാട് തെണ്ടി നടക്കണവനാ, അമ്മയ്ക്കാണെ വയസ്സും കൂടി വരുവാ, എപ്പഴും പറയും നീയൊരു പെണ്ണിനെ കൂട്ടിക്കൊണ്ട് വന്നാ മിണ്ടീം പറഞ്ഞുമിരിക്കാൻ എനിക്കൊരാളാവുംന്ന്…അമ്മേടെ ആഗ്രഹൊന്നും നടത്തി കൊടുക്കാതിരുന്നിട്ടില്ല ഇതേവരെ. അതു കൊണ്ട് ചോദിക്കുവാ നങ്ങേമ വരുവോ എന്റൊപ്പം,,എന്റെ അമ്മയ്ക്ക് ഒരു കൂട്ടായി, എനിക്കൊരു കൂട്ടായി. ഒരു കൂടപ്പിറപ്പായി…ചോദ്യത്തോടൊപ്പം അവൾക്കു നേരെ കൈ നീട്ടി ദത്തൻ.
അപേക്ഷയുടെ ആ സ്വരത്തിൽ അവളൊന്നു വിതുമ്പി, പിന്നെയാ നീട്ടിയ കയ്യിൽ പിടിച്ചു…ദത്തനെ നോക്കിയൊന്നു വാടി ചിരിച്ചു..
അതെങ്ങനെ ശരിയാവും, എന്ത് നാട്ടുനടപ്പാ അത്…ശബ്ദമുയരും മുൻപേ ദത്തൻ കൈയുയർത്തി.
മിണ്ടരുത് ആരും,,ഇതിന്റെ ന്യായോം ന്യായക്കേടും നോക്കി വരുന്നവർക്ക് ദത്തന്റെ ഈ കൈയ്യാവും മറുപടി പറയുക.
രൂക്ഷമായ അവന്റെ വാക്കുകൾക്കു മുന്നിൽ പതറി നിന്നവർക്കു മുന്നിലൂടെ നങ്ങേമയുടെ കൈ ചേർത്തു പിടിച്ചു ദത്തൻ..അവന്റെ തോളോരം ചേർന്ന് ചുവടുവയ്ക്കവേ അവളുടെ മിഴികൾ മുറ്റത്ത് ഓരത്തിരിക്കുന്ന സൈക്കിളിലേക്ക് നീണ്ടു..
കുമാരേട്ടനോട് പറഞ്ഞ് അത് നമുക്കങ്ങട് എടുപ്പിക്കാം..ചെയ്യണ ജോലി വേണ്ടാന്ന് വക്കണ്ട,, ഒരാൾക്കൂടി ചെലവിന് തരാൻ പറ്റാഞ്ഞിട്ടല്ല ട്ടോ. സ്വന്തായി അധ്വാനിച്ച് ഒരു രൂപയാണേൽ കൂടി കിട്ടുന്നതാ സുഖം അതെന്ത് ജോലിയായാലും..ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായിട്ടെന്ന പോലെ അവൻ പറഞ്ഞു.
ആ പറച്ചിലിൽ അവളുടെ മനസു നിറഞ്ഞു,,അവളാ കൈകളിൽ ഇറുകെ പിടിച്ചു കൊണ്ട് വിളിച്ചു.
ഏട്ടാ……