Story written by Nithya Prasanth
===============
സിദ്ധാർഥിന്റെ കയ്യിൽ തൂങ്ങി എന്തൊക്കെയോ സംസാരിച്ചും തമാശകൾ പറഞ്ഞു ചിരിച്ചും നടന്നു പോകുന്ന പെൺകുട്ടിയെ നോക്കി അവൾ നിന്നു.
വല്ലാത്ത എന്തോ ഒരു വിഷമം ഉള്ളിൽ നിന്നും തികട്ടി വരുന്നുണ്ട്…പിന്നെ ദേഷ്യവും…
ആരായിരിക്കും അവൾ…????….
നഗരത്തിലെ പ്രശസ്തമായ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ യുവ ഡോക്ടർ ആണ് സിദ്ധാർഥ്. അവിടത്തെ തന്നെ പ്രൊഫസറും ഡോക്ടറും ആയ കിഷോർദത്തിന്റെ മകളാണ് ഡോക്ടർ ആയ വൈഗകിഷോർ.
കുറച്ചു നാളുകളായി തന്റെ ഉള്ളിലെ സ്നേഹം വാക്കിലൂടെയും നോക്കിലൂടെയും ഒക്കെയായി സിദ്ധാർഥിനെ അറിയിക്കുന്നു…എല്ലായിപ്പോഴും അവഗണന തന്നെ….ഒന്നും അറിയാത്ത ഭാവത്തിൽ ഉള്ള പെരുമാറ്റവും….എന്നാൽ കക്ഷി ക്ക് എല്ലാം മനസിലാവുന്നുമുണ്ട്…
വൈഗയുടെ നിൽപ്പ് കണ്ടപ്പോൾ കൂടെ ഉള്ള സുഹൃത്തുക്കൾക്ക് കാര്യം പിടി കിട്ടി…
“”ആരാണാവോ നിന്റെ സിദ്ധു വിന്റെ കൂടെ ഒരു സുന്ദരികുട്ടി ?””
എരിതീയിൽ എണ്ണ ഒഴിച്ചു കൊടുത്തു ഒരാൾ…പിന്നെ ഒരു കൂട്ടച്ചിരിയും…
പല്ലുഞ്ഞെരിച്ചുകൊണ്ട് അവരെ ഒന്ന് ദേഷ്യത്തിൽ നോക്കി വേഗത്തിൽ നടന്നു പോയി അവൾ…
“ഒന്ന് നിന്നെ..പറയട്ടെ…” അവർ വിളിച്ചിട്ടും അവൾ നിന്നില്ല
ഐ സി യു വിൽ ഉള്ള പേഷ്യന്റ്ന്റെ വിവരം ആനോക്ഷിക്കാനെന്ന മട്ടിൽ സിദ്ധുവിന്റെ റൂമിൽ കയറി.
അവിടെ ആളുടെ ചെയറിൽ അവൾ…
തറപ്പിച്ചോന്ന് നോക്കി…എന്നിട്ട് ചോദിച്ചു
“സിദ്ധാർഥ്???”
“ഇരിക്കു…ഇപ്പൊ വരും..” ചെറുതായി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
വൈഗ ഇരിക്കാതെ അസ്വസ്ഥതയോടെ മുറിവിട്ടു പോയി
തന്റെ റൂമിൽ നിന്നും ഇറങ്ങി പോകുന്ന വൈഗയെ കണ്ടു സിദ്ധാർഥ് അടുത്തേക്ക് ചെന്നു.
“ആരാത്…റൂമിൽ..” അവൾ ആകാംഷയോടെ ചോദിച്ചു.
“ഓ അതോ..എന്റെ സിസ്റ്ററാ….ശില്പ” അവളിലെ ഭാവമാറ്റം ശ്രദ്ധിച്ചുകൊണ്ട് അവൻ പറഞ്ഞു
ദേഷ്യവും വിഷമവും എല്ലാം ആ വാക്കുകൾ കേട്ടപ്പോൾ ഒലിച്ചു പോയി..ചെറിയ ചമ്മലോടെ അവനെ നോക്കി.
“ഓ…” പതിയെ തലയാട്ടികൊണ്ട് അവൾ പറഞ്ഞു. പിന്നെയൊന്നും മിണ്ടാതെ ആശ്വാസഭാവത്തോടെ പതിയെ അവിടന്നു നടന്നു.
ദീർഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് ആലോചനയോടെ അവനും റൂമിലേക്ക് പോയി.
💜💜💜💜💜
“ആരാ ഏട്ടാ അത്…ഇവിടെ എന്നെ കണ്ടിട്ട് ഇഷ്ടായില്ലാന്ന് തോന്നുന്നു…” ശില്പ അല്പം ഗൗരവത്തിൽ ചോദിച്ചു.
“അത് വൈഗ…റേഡിയോളജി ഡിപ്പാർട്മെന്റ്ലെ ക്ലിനിക്കൽ അസിസ്റ്റന്റ് പ്രൊഫസർ. “
“വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് മിണ്ടാതെ പോയി. എന്തോ ഒരു അധികാരത്തിലാ ഏട്ടനെ ചോദിച്ചത് .”
“മ്മ് ” മറുപടി ഒരു മൂളലിലൊതുക്കി
“ആൾക്കെന്തോ ഏട്ടനോടൊരു പോസ്സസ്സീവ്നെസ് ഉള്ളപോലെ. “
“മോളതൊന്നും ശ്രദ്ധിക്കേണ്ട” ശില്പ വിടാൻ ഉദ്ദേശം ഇല്ലെന്ന് മനസിലായപ്പോൾ അവളെ ഒന്ന് സൂക്ഷിച്ചു നോക്കികൊണ്ട് പറഞ്ഞു.
“മ്മ് എന്താ ഒരു ചുറ്റിക്കളി”
“എന്ത്…” ചെറിയ ദേഷ്യം ഉണ്ടായിരുന്നു സ്വരത്തിൽ.
“അവർക്കെന്താ ഏട്ടനോട്???”
“ആ…എനിക്കറിയില്ല” അലസമായ മറുപടി.
“മ്മ് എനിക്കു മനസിലാവുന്നുണ്ട്…..കാണാൻ കൊള്ളാം. എനിക്കിഷ്ടായി..ഏട്ടന് ചേരും…ഏട്ടന് ഇഷ്ടം ആണെങ്കിൽ പറഞ്ഞോട്ടോ…പാപ്പയോട് ഞാൻ പറയാം… “
“നീ ഒന്ന് പോയെ…ഇവിടെ അങ്ങനെ ഒന്നും ഇല്ല…” നെറ്റി ചുളിച്ചുകൊണ്ട് ചെറിയ കർശന സ്വരത്തിൽ പറഞ്ഞു.
“ഏട്ടനെന്താ മാര്യേജ്ന്റെ കാര്യം പറയുമ്പോൾ ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്?? എന്റെയും പപ്പയുടെയും കാര്യങ്ങൾ നോക്കി ഇങ്ങനെ ജീവിക്കാനാണോ…ഏട്ടന് സ്വന്തം ആയി ഒരു ലൈഫ് ഇല്ലാതെ എനിക്ക് സമാധാനം ഉണ്ടാവുമോ????”
“അതൊക്കെ നമുക്ക് പിന്നെ ആലോചിക്കാം മോളു..സമയമുണ്ട്….” അവളുടെ തലയിൽ മെല്ലെ തലോടിക്കൊണ്ട് സിദ്ധാർഥ് പറഞ്ഞു …
💜💜💜💜💜
ദിവസങ്ങൾ കൊഴിഞ്ഞു…വൈഗ യുടെ ഇഷ്ടത്തിനു ഒരു കുറവും വന്നില്ല….സിദ്ധുവിന്റെ അവഗണനയ്ക്കും മാറ്റം ഒന്നും ഉണ്ടായതുമില്ല…
“എന്താ കാണണം എന്ന് പറഞ്ഞത് “. സിദ്ധാർഥ് ചോദ്യഭാവത്തിൽ വൈഗയെ നോക്കി.
അവളുടെ കണ്ണുകളിൽ നനവ്. മുഖത്തു വിഷാദ ഭാവം. എന്തോ ഒന്ന് അവളെ അലട്ടുന്നുണ്ടെന്ന് അവനു തോന്നി.
“സിദ്ധു…വീട്ടിൽ എന്റെ വിവാഹം ഉറപ്പിക്കാനുള്ള തീരുമാനത്തിൽ ആണ്….”
“അതിനെന്താ…നല്ല കാര്യം ആണെങ്കിൽ…വൈഗക്ക് ഇഷ്ടം ആണെങ്കിൽ സമ്മതിച്ചുകൂടെ” സിദ്ധാർഥ് ഒരു കുസൃതി ചിരിയോടെ ചോദിച്ചു.
ആദ്യം ആയാണ് സിദ്ധാർഥ് തന്റെ മുഖത്തു നോക്കി ഇത്ര സന്തോഷത്തോടെ സംസാരിക്കുന്നത്. അത് ഇങ്ങനെ ഒരു കാര്യം പറയാൻ ആണല്ലോ. അവൾക് വിഷമം തോന്നി.
“എനിക്ക് ഇഷ്ടം ഒരാളോടെ ഉള്ളു…സിദ്ധുവിനോട് മാത്രം” ശബ്ദം നേർത്തിരുന്നുവെങ്കിലും ഉറച്ച സ്വരത്തിൽ പറഞ്ഞു.
പ്രതീക്ഷിച്ചിരുന്നത് കൊണ്ട് അവനിൽ ഞെട്ടലൊന്നും ഉണ്ടായില്ല…
“വൈഗ….ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം…എന്നെ മനസിലാക്കണം “
“ഇവിടെ ഉള്ള മറ്റു ആളുകളുടെ കൂട്ടത്തിൽ വച്ചു തന്നെ എനിക്ക് ഒരുപാട് ഇഷ്ടാ…ഓരോ കുസൃതി കളൊക്കെ പറഞ്ഞു പിന്നാലെ നടക്കുന്ന തന്നെ ഇഷ്ടപെടാതിരിക്കുന്നതെങ്ങിനെ. എന്നുവെച്ചു അതു പ്രണയം ഒന്നും അല്ലാട്ടോ…എല്ലാ സ്നേഹവും പ്രണയം ആവണമെന്നില്ല….”
“പിന്നെ താനൊക്കെ ജീവിക്കുന്ന പോലുള്ള കളർ ഫുൾ ആയ ജീവിതം ഒന്നും അല്ല എന്റേത്. ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുള്ളതാ…ഭീഷണിയും..ആളുകളുടെ പരിഹാസവും…സഹതാപവും…പപ്പ സാമ്പാദിച്ചു കൂട്ടിയ പണം കൊണ്ടൊന്നും ഈ അപമാനം ഒന്നും മറികടക്കാനാവില്ലായിരുന്നു. ഇപ്പോഴും എല്ലാം തീർന്നു എന്ന് പറയാനാകില്ല.”
“എന്റെ ജീവനും ജീവിതവും അവൾക്കു വേണ്ടിയാ…എന്റെ ഒരേയൊരു സഹോദരി…എനിക്കവൾ അനിയത്തിയല്ല..എന്റെ മകളുതന്നെയാ..ഞങ്ങളുടെ അമ്മ പോയശേഷം എട്ടാം മാസം മുതൽ ഞാനാ അവളെ വളർത്തിയെ…”
“ആറു വർഷങ്ങൾക്ക് മുൻപ് ന്യൂസ് പേപ്പറിൽ ഒക്കെ ഒരു വാർത്ത വന്നിരുന്നു…വൈഗ ശ്രദ്ധിച്ചിരുന്നോന്ന് അറിയില്ല…കോളേജ് വിദ്യാർത്ഥിനി യെ അബ്യുസ് ചെയ്യാൻ ശ്രമിച്ചു സീനിയർ വിദ്യാർത്ഥികൾ പോലീസ് പിടിയിലായത്.”
അത് പറയുമ്പോൾ അവന്റ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി.
“അത് ഞങളുടെ മോളായിരുന്നു. നിയമപരമായി നേരിട്ടു അവർക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുത്തു….പ്രതികൾക്ക് കൂട്ടുനിന്ന പോലീസ് കാരെ ഞാൻ കൈക്കരുത്തു കൊണ്ടും നേരിട്ടു.”
“അവർ ഇപ്പോൾ ജയിലിലാ..അടുത്ത വർഷം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങും..അവരുടെ കൂട്ടരിൽ നിന്നും ഭീഷണി ഉണ്ട്..ഒരുപാട് പണവും സ്വാധീനവും ഉള്ള ആളുകൾ…അവളെ വെറുതെ വിടില്ലാന്ന്. ഞാൻ വളരെ സീക്രെട് ആയി അനോഷിക്കാൻ ഒരു പ്രൈവറ്റ് നെറ്റ്വർക്ക്നെ ഏല്പിച്ചിട്ടുണ്ട്…അവരുടെ നീക്കങ്ങൾ അറിയാൻ.”
“പിന്നെ മോൾക് ഒരാളെ ഇഷ്ടാ..അവരുടെ വിവാഹവും ഉറപ്പിച്ചു….മോളോട് പറയാൻ പറ്റുമോ…നിന്റെ ജീവൻ അപകടത്തിലാണ് ഫാമിലി ലൈഫ് ലേക്ക് പോകേണ്ട എന്ന്…ഇല്ല….അത്കൊണ്ട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല…ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം മോൾക്ക് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല…ഒരു രണ്ടു വർഷം കൂടി എടുക്കും. എല്ലാം ഒന്ന് ഒതുങ്ങി തീരാൻ..”
“രണ്ടു വർഷം അല്ല എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരുന്നോളാം” ശ്വാസം അടക്കിപിടിച്ചു എല്ലാം കേട്ടുകൊണ്ടിരുന്ന വൈഗ പറഞ്ഞു..
“അങ്ങനെ ഞാൻ പറഞ്ഞെന്നെ ഉള്ളു….വേണ്ടി വന്നാൽ അവരെ തീർത്തിട്ടായാലും മോളുടെ ജീവിതം ഞാൻ കാക്കും…ആ ഒരു വിശ്വാസത്തിലാ ഇപ്പോൾ ജീവിക്കുന്നെ…വിവാഹം ഉറപ്പിച്ചിരിക്കുന്നെ….”
ഒന്ന് നിർത്തി തുടർന്നു
“എന്നെ കാത്തിരിക്കാൻ ഒരാളുണ്ടായാൽ എനിക്കിതൊന്നും ചെയ്യാൻ കഴിയില്ല..അതു കൊണ്ട് എനിക്ക് ബാധ്യതകൾ ഒന്നും വേണ്ട..അതുകൊണ്ടാവണം എന്റെ മനസിലേക്ക് ഈ തരത്തിലുള്ള ചിന്തകൾ ഒന്നും കയറാത്തത്…”
“എന്നോട് സ്നേഹം ഉണ്ടെങ്കിൽ…ബഹുമാനം ഉണ്ടെങ്കിൽ എന്റെ വാക്കുകൾക്ക് വില കൽപ്പിക്കണം ” അപേക്ഷാസ്വരത്തിൽ ആണ് അവസാനവാക്കുകൾ പറഞ്ഞു നിർത്തിയത്.
പരസ്പരം പറയാനുള്ളതെല്ലാം കഴിഞ്ഞപ്പോൾ മൗനം മാത്രം..
വൈഗ തന്നെ തന്നെ നോക്കി മെല്ലെ അടുത്തേക്ക് വരുന്നത് കണ്ട് “എന്താ” എന്ന അർത്ഥത്തിൽ സിദ്ധാർഥ് മുഖം ഉയർത്തി…
പെട്ടെന്ന് അവൾ മുന്നോട്ടു ചെന്നു അവനെ ഇറുകെ പുണർന്നു…പിന്നെ മെല്ലെ മുഖമുയർത്തി അവന്റെ മുഖത്തു തുരുതുരെ ചുംബിച്ചു…പെട്ടെന്നുണ്ടായ നീക്കത്തിൽ സ്തംഭിച്ചുപോയി അവൻ…ഞെട്ടൽ മാറിയപ്പോഴും അവളെ അടർത്തി മാറ്റിയില്ല…..
പിന്നെ പതിയെ അകന്നു മാറി…ദൃഷികൾ മാറ്റാതെ കുറച്ചു സമയം കൂടി അവൾ അങ്ങനെ നോക്കി നിന്നു.
“ബാധ്യതകൾ എല്ലാം തീർത്തിട്ട് വരുക യാണെങ്കിൽ ഞാൻ ഇവിടെ തന്നെ ഉണ്ടാകും..അത് വരെ ശല്യപെടുത്താൻ വരില്ല…” അതും പറഞ്ഞു അവൾ പെട്ടന്ന് പിന്തിരിഞ്ഞു നടന്നു….തിരിഞ്ഞു നോക്കാതെ….
അവസാനിച്ചു.
സ്നേഹപൂർവ്വം, നിത്യ പ്രശാന്ത്…