അടുത്ത ജൻമം
എഴുത്ത്: കവിരാജ്
===============
അവൻ തൻ്റെ കണ്ണുകൾ പതിയെ തുറക്കാൻ ശ്രമിച്ചു, കൺപോളകൾക്ക് വല്ലാത്ത ഭാരം..എത്ര നേരമായി ഉറങ്ങുന്നു എന്നറിയില്ല, താൻ ഉറങ്ങുകയായിരുന്നോ…അല്ല…
എടുക്കുന്ന ശ്വാസത്തിന് മരുന്നിൻ്റെ രൂക്ഷഗന്ധം. കൈകാലുകളും തലയും അനക്കാൻ നോക്കി, പറ്റുന്നില്ല. ശരീരം മുഴുവൻ ഒരു മരവിപ്പ്. താനേതോ ഹോസ്പിറ്റലിൻ്റെ ഐ.സി.യു വിലാണെന്ന് തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു.
മേലാസകലം എന്തൊക്കെയോ ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നു. മൂക്കും വായും പൊതിഞ്ഞ് വച്ചിരിക്കുന്ന ആ ഓക്സിജൻ മാസ്ക് ഒന്നെടുത്തുമാറ്റി ദീർഘമായി ശ്വസിക്കണമെന്നവനുതോന്നി, പറ്റുന്നില്ല…ചുണ്ടുകൾ പോലും ഒന്നനക്കാൻ വയ്യ. ഞാൻ എങ്ങനെ ഇവിടെയെത്തി….ഓർത്തെടുക്കാൻ അവൻ ഒരുപാട് ശ്രമിച്ചു.
ഒരു മൂടൽമഞ്ഞിലൂടെയെന്ന പോലെ അവ്യക്തമായി എന്തൊക്കെയോ തെളിയുന്നു…
അവസാനത്തെ തൻ്റെ ഓർമ്മകളുടെ കണ്ണ് തുറക്കുന്നത് ഒരു മഞ്ഞവെളിച്ചത്തിലേക്കാണ്. ബൈക്കിലായിരുന്നു താൻ. എതിരെ ഒരു വാഹനം ബ്രൈറ്റ് ലൈറ്റ് ഇട്ട് ചീറിപ്പാഞ്ഞു വരുന്നതും താൻ ബൈക്ക് സൈഡിലേക്ക് ഒതുക്കുന്നതും മാത്രം ഓർമ്മയുണ്ട്…
ഞാൻ ഇവിടെ എത്തിയിട്ട് എത്ര സമയമായിരിക്കും, മണിക്കുറുകളോ..ദിവസങ്ങളോ..അറിയില്ല….ഒന്നു മാത്രം അറിയാം, ബോധവും ഉപബോധവുമില്ലാത്ത ഏതോ ശൂന്യതയിൽ ആയിരുന്നു താനിതുവരെ.
എന്നാൽ ഇപ്പോൾ തനിയ്ക്ക് കേൾക്കാം. അടുത്ത് ആരൊക്കെയോ സംസാരിക്കുന്നുണ്ട്. നഴ്സ്മാർ ആയിരിയ്ക്കും. ബോധത്തിൻ്റെ കണികകൾ വീണ്ടും പതിയെ മറയാൻ തുടങ്ങുമ്പോൾ നെറ്റിയിൽ തണുത്ത ഒരു സ്പർശം. അതാരാണെന്ന് മനസ്സിലാക്കാൻ അവനാ മുഖം കാണേണ്ടി വന്നില്ല. രണ്ട് വർഷം മുൻപ് ആ കൈകൾ പിടിച്ചാണ് ഞാനവളെ എൻ്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.
“ഏട്ടാ കേൾക്കണുണ്ടോ, ഒന്ന് കണ്ണ് തുറന്നെന്നെ നോക്ക്വോ “
ഏങ്ങലടിച്ചു പറയുന്ന ആ വാക്കുകൾ അവന് കേൾക്കാം. അവൻ്റെ കണ്ണുകൾ പാതി തുറന്ന്തന്നെയാണിരിക്കുന്നത്. ഇപ്പോൾ അവ്യക്തമായി തനിക്കവളെ കാണാം.
അവൻ ഓർത്തു, പണ്ട് കല്യാണം കഴിഞ്ഞ നാളുകളിൽ അവൾ തന്നെ കളിയാക്കിയിരുന്നതാണ്. എപ്പോഴും കണ്ണുകൾ പകുതി തുറന്നേ ഉറങ്ങൂ എന്ന്. “അല്ലെങ്കിൽ എന്നെ ആരെങ്കിലും തട്ടിക്കൊണ്ട് പോകുമോ എന്ന പേടിയാണല്ലെ” എന്ന്. കാന്താരിപ്പെണ്ണ്. നീ ഇങ്ങനെ കരയല്ലെ, എനിയ്ക്ക് നിന്നെ കാണാം…നീ പറയുന്നത് കേൾക്കാം..എന്തെങ്കിലും ഒന്നു പറയൂ പെണ്ണെ….
പണ്ട് നീയൊരു വായാടിയായിരുന്നു. ഞാൻ ജോലി കഴിഞ്ഞ് വന്നാൽ ചെവിതലകേൾപ്പിക്കില്ല. അടുക്കളയിൽ പാറ്റയെ കണ്ട് പേടിച്ചത് മുതലുളള കാര്യങ്ങൾ പറയാനുണ്ടാകും നിനക്ക്. എങ്കിലും എന്ത് രസമായിരുന്നു നീ സംസാരിക്കുന്നത് കേട്ടിരിയ്ക്കാൻ. പറയുന്നതെല്ലാം ഞാൻ മൂളിക്കേൾക്കുമ്പോൾ നീ എന്നെ ‘മൂങ്ങയാണോ എപ്പഴും ഇങ്ങനെ മൂളാൻ’ എന്ന് പറഞ്ഞ് കളിയാക്കിയതൊന്നും ഞാൻ മറന്നിട്ടില്ലാട്ടൊ.
ഉറങ്ങാൻ കിടക്കുമ്പോൾ നീ എൻ്റെ നെഞ്ചിലേയ്ക്ക് തലവച്ച് ഇനി എന്നെ പാടി ഉറക്കിക്കോ എന്ന് പറയാറില്ലെ. എൻ്റെ പെണ്ണെ…ഈ നെഞ്ചിലേയ്ക്ക് ഒന്നു തലചേർത്ത് വയ്ക്കൂ….ഞാൻ പാടട്ടെ എപ്പൊഴും നിനക്കായ് പാടുന്ന പാട്ട്. ‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ എന്നോമലുറക്കമായ് ഉണർത്തരുതേ…’
ഒരു നഴ്സ് അവൻ്റെ ബെഡിനടുത്തേക്ക് ചെന്നു. ഇൻജക്ഷനാണെന്ന് തോന്നുന്നു, അവൻ ഒന്നും അറിയുന്നില്ല. അവൻ്റെ പാതിതുറന്ന കണ്ണുകൾ അപ്പോഴും അവളിലേക്കാണ്.
‘പെണ്ണെ..എന്തെങ്കിലും ഒന്നുപറയൂ…നീ ഇങ്ങനെ മിണ്ടാതിരുന്നാൽ…എനിക്കുറക്കം വരുന്നു..എൻ്റെ കണ്ണുകൾ അടഞ്ഞ് പോകുന്നു. ഇനി ഞാനുണരമോ ഈ ഉറക്കത്തിൽ നിന്ന്.’
എനിയ്ക്കറിയാം നിനക്കെന്നോട് പിണക്കമാണെന്ന്. കഴിഞ്ഞ കുറേ നാളുകളായ് പഴയ പോലെ നീ എന്നോട് സംസാരിയ്ക്കാറില്ല, അല്ല ഞാൻ പഴയപോലെ നിന്നെ കേൾക്കാറില്ല. നിനക്കെന്നും പരാതിയായിരുന്നു ഞാനെപ്പൊഴും മൊബൈലിലാണെന്ന്.
ശരിയാണ്, വാട്ട്സ്ആപ്പും..ഫേസ് ബുക്കും…പഴയ ഫ്രണ്ട്സും…ഗ്രൂപ്പും ചാറ്റിംഗും… ഇടയ്ക്കെപ്പോഴോ ഞാൻ നിന്നെ മറന്നു. നിനക്ക് തരാൻ സമയമില്ലാതായപ്പോൾ മനപ്പൂർവ്വം നീ നിൻ്റെ സംസാരം കുറച്ചു. പക്ഷെ ഇന്ന് ഇപ്പോൾ എൻ്റെ അടുത്തിരിയ്ക്കാൻ, ഏങ്ങലടിച്ചു കരയാൻ നീ മാത്രമേ ഉളളൂ..എന്നോട് ക്ഷമിയ്ക്കൂ…
നീ പറയാറില്ലെ, ഇനിയും ഒരു ജൻമമുണ്ടെങ്കിൽ എൻ്റേതായിത്തന്നെ ജനിയ്ക്കണമെന്ന്..അന്ന് ഞാൻ നിന്നെ കളിയാക്കുമായിരുന്നു, നമുക്ക് ഒരേയൊരു ജൻമമേ ഉളളൂ എന്ന് പറഞ്ഞ്..അല്ല എനിക്കിനിയും വേണം ഒരുപാട് ജൻമങ്ങൾ..നിൻ്റെ കൂടെ..നിൻ്റെ സംസാരം കേൾക്കാൻ..നിന്നെ പാട്ടുകൾ പാടി ഉറക്കാൻ…
വേദനകളും മറ്റൊന്നും അറിയാതിരുന്ന അവൻ….തൻ്റെ ഹൃദയതാളം മാത്രം അറിഞ്ഞിരുന്ന അവന് മനസ്സിലായി ആ താളവും പതിയെ നിലയ്ക്കുകയാണ്. ആരൊക്കെയോ തൻ്റെ അടുത്തേക്ക് ഓടി വരുന്നുണ്ട്.
‘വേഗം ഡോക്ടറെ വിളിയ്ക്ക് ‘ എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞാരോ പുറത്തേക്ക് ഓടുന്നുണ്ട്.
“ഒന്ന് പുറത്തേക്ക് നിൽക്കൂ”.. അവളോടാരോ പറയുന്നത് കേട്ടു.
“അരുത്…അവളെ പറഞ്ഞ് വിടരുത്…അതാണെൻ്റെ ജീവതാളം..അതെന്നിൽ നിന്ന് പറിച്ചെടുക്കരുത്.” ഒന്നാർത്ത് നിലവിളിയ്ക്കാൻ അവന് തോന്നി. പക്ഷെ ആ നിലവിളി ഉയർന്നത് അവളിൽ നിന്നായിരുന്നു..തനിയ്ക്കത് കേൾക്കാം..ആരോ ബലമായി അവളെ പുറത്തേക്ക് പിടിച്ച് കൊണ്ട് പോകുന്നു.
പാതിതുറന്ന കണ്ണുകളിൽ അവൻ അവളെ അവസാനമായി ഒന്നു കണ്ടു. ഞാനടക്കില്ല പെണ്ണേ….ഈ കണ്ണുകൾ..
ഇതു നിനക്കായ് തുറന്നിരിയ്ക്കും ഇനി
‘അടുത്ത ജൻമം’