അപ്രതീക്ഷിതമായി അന്നെന്റെ അച്ഛനും അമ്മയും വന്നു. എനിക്കുള്ള ഒരു വിലപ്പെട്ട സമ്മാനവുമായി…

Written by Neelima

============

ഇതിലെ വത്സല എന്ന കഥാപാത്രം സാങ്കല്പികമല്ല എന്ന് വേദനയോടെ പറഞ്ഞ് കൊണ്ട് തുടങ്ങട്ടെ…..

***************

ഉറക്കെയുള്ള ആരുടെയോ സംസാരമാണ് എന്നെ ഉണർത്തിയത്. കാതുകൾക്ക് തികച്ചും അരോചകമായിരുന്നു ആ ശബ്ദം. അടുത്ത് കിടക്കുന്ന ആൾ നല്ല ഉറക്കമായത് കൊണ്ട് ഒന്നും അറിയുന്നുണ്ടായിരുന്നില്ല. പതിയെ എഴുന്നേറ്റു ഒരു ജനൽപ്പാളി തുറന്നിട്ടു…

സൂര്യ കിരണങ്ങൾ ഭൂമിയെ പുൽകാൻ തുടങ്ങുന്നതേ ഉള്ളൂ. നേരിയ വെളിച്ചം പരന്നു തുടങ്ങിയിരുന്നു. മുറ്റത്തെ മുല്ല നിറഞ്ഞു പൂത്തു സുഗന്ധം പരത്തിയിരുന്നു. പക്ഷെ അതാസ്വദിക്കാൻ കഴിയാത്ത വിധം അസഹനീയമായിരുന്നു ആ ശബ്ദം. ഒരു സ്ത്രീ ശബ്ദമാണ്.  വളരെ ഉച്ചത്തിൽ ആരെയോ ചീത്ത പറയുകയാണ്. വാക്കുകൾ ഒട്ടും സ്ഫുടമായിരുന്നില്ല, ഒരു മ ദ്യപാനിയുടേത് പോലെ…

ഞാൻ അവരെ കാണാനായി ഒന്നുകൂടി തല എത്തിച്ചു നോക്കി. കുറച്ചു ദൂരെ ഒരു സ്ത്രീരൂപം കണ്ടു. 40 ൽ അധികം പ്രായം ഉണ്ടാകും. നൈറ്റി ആണ് വേഷം…അത് മുകളിലേയ്ക്ക് ഉയർത്തി കുത്തി വച്ചിട്ടുണ്ട്. പൈപ്പിൽ നിന്നും വെള്ളം എടുക്കുന്നതിനിടെ ആരെയോ ശകാരിക്കുകയാണ്.  മുന്നിലേയ്ക്ക് നോക്കിയാണ് സംസാരം. പക്ഷെ അവിടെ ആരെയും ഞാൻ കണ്ടില്ല….

ഒരുപക്ഷെ അയാൾ എനിക്ക് കാണാൻ കഴിയാത്ത മറവിൽ ആയിരിക്കാം. കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ശബ്ദം കേൾപ്പിക്കാതെ ജനൽ അടച്ച് കുറ്റിയിട്ടു. ഫ്രഷ് ആയി അടുക്കളയിലേയ്ക്ക് ചെന്നു…

വിവാഹം കഴിഞ്ഞിട്ട് മൂന്ന് ദിവസമേ ആകുന്നുണ്ടായിരുന്നുള്ളൂ. വീടും വീട്ടുകാരെയും പരിചയമായി വരുന്നതേയുള്ളൂ…

എന്നെ കണ്ട ഉടനെ അമ്മ ചിരിയോടെ ഒരു കപ്പ്‌ ചായ കയ്യിൽ എടുത്ത് തന്നു

“”ആരാ അമ്മേ അത് ? ആ ഉറക്കെ സംസാരിക്കുന്നത് ?””

“”അതോ ? അത് വത്സലയാ മോളേ…..വീണ്ടും പിരി ഇളകീന്നാ  തോന്നണത്. മുൻപ് വല്ലപ്പോഴുമേ ഉണ്ടായിരുന്നുള്ളൂ….ഇപ്പൊ ഇടയ്ക്കിടെ വരുന്നുണ്ട് ….””

“”അപ്പോൾ ഭ്രാ ന്താണോ അമ്മേ ?”” ഒരല്പം ഭയത്തോടെയാണ് ഞാൻ ചോദിച്ചത്

“”മോള് പേടിക്കൊന്നും വേണ്ട. ആരെയും ഉപദ്രവിക്കത്തൊന്നുമില്ല..ഇങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും. മുൻപ് അവളുടെ ചേച്ചിടെ മോള് ഇവിടെ ഉണ്ടായിരുന്നപ്പോ ഇങ്ങനെ ഉണ്ടായാൽ ഉടനെ ആശുപത്രിയിൽ കൊണ്ട് പോകും. അവര് കൊടുക്കുന്ന ഗുളിക കഴിക്കുമ്പോ വേഗം മാറും. ആ കൊച്ചു കെട്ടി പോയിക്കഴിഞ്ഞപ്പോ കൊണ്ട് പോകാനാളില്ലാതെയായി……അതൊക്കെ പോട്ടെ. മോളവളെ കണ്ടോ ?””

“”മ്മ്…എന്താ അമ്മേ ?””

“”വേണ്ടായിരുന്നു. കണി കാണാൻ കൊള്ളില്ല മോളേ. കണ്ടാൽ അന്നത്തെ ദിവസം പോക്കാ….അച്ചട്ടാ…എനിക്ക് അനുഭവമുണ്ട് . “”

അമ്മ പറഞ്ഞത് കേട്ടപ്പോൾ ഒരു വല്ലായ്ക് തോന്നി. പറഞ്ഞത് സത്യമാകുമോ ? പക്ഷെ എന്റെ അനുഭവം നേരെ മറിച്ചായിരുന്നു. അപ്രതീക്ഷിതമായി അന്നെന്റെ അച്ഛനും അമ്മയും വന്നു. എനിക്കുള്ള ഒരു വിലപ്പെട്ട സമ്മാനവുമായി. ഞാൻ ഏറെ ആഗ്രഹിച്ച ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ഓർഡർ !

അത് കയ്യിൽ വാങ്ങുമ്പോൾ നിറഞ്ഞ സന്തോഷത്തിനിടയിലും ഞാൻ ഓർത്തത് അവരെക്കുറിച്ചാണ്. അവര് ദുശ്ശകുനമല്ല….അങ്ങനെ വിചാരിക്കുന്നവർക്കാണ് കുഴപ്പം. ആരും ആരുടേയും ശകുനമോ ദുശ്ശകുനമോ ആകുന്നില്ല. മാറേണ്ടത് നമ്മുടെ ചിന്ദാഗതിയാണ്

പിന്നീടും പലപ്പോഴും അവരെ കണ്ടു. ചിലപ്പോൾ നോർമൽ ആയിരിക്കും. അങ്ങനെ ഉള്ളപ്പോൾ എന്നോട് കുശലം ചോദിക്കും. വീട്ടുകാരെക്കുറിച്ചു അന്വേഷിക്കും. മോളേ എന്ന് വിളിക്കും. രാമായണവും ഭാഗവതവും നാരായണീയവുമൊക്കെ ഉറക്കെ സ്പഷ്ടമായി ഈണത്തിൽ വായിക്കും…

മറ്റ്‌ ചിലപ്പോൾ പിച്ചും പേയും പറയും. ഉറക്കെ അലറും…തൊട്ടു മുന്നിലുള്ള ഏതോ അദൃശ്യനായ ശത്രുവിനെ ചീത്ത പറയും. അറപ്പു തോന്നുന്ന വാക്കുകളിൽ ഉച്ചത്തിൽ ദേഷ്യപ്പെടും. പക്ഷെ ആരെയും അവർ ഉപദ്രവിചില്ല.

ഇടയ്ക്കെപ്പോഴോ നോർമൽ ആയിരുന്നപ്പോൾ അവർ അമ്മയോട് സംസാരിക്കുന്നത് കേട്ടു

“”ഇന്നലത്തെ മഴയത്ത് വീട് അത്രേം ചോരാണ് ചേച്ചി. അതോണ്ട് ഇന്ന് തൊട്ട് അമ്മൂന്റെ വീട്ടിലാ… 5000 രൂപയ്ക്ക് വാടകയ്ക്ക് കൊടുക്കാനിരുന്നതാ പെണ്ണ്. എനിക്കായൊണ്ട് മൂവായിരത്തിനു തന്നു. പിന്നെ ആമിയും കുട്ടനും കൂടെ നാല് സെന്റ് അവർക്ക് കൊടുക്കാൻ പറഞ്ഞു ചേച്ചി. വിലയ്ക്ക്…എന്നാൽ എനിക്ക് വീടും ശെരിയാക്കിത്തരാമെന്ന്. പക്ഷെ അണ്ണൻ സമ്മതിച്ചില്ല. എനിക്ക് വല്ല നക്കാപ്പിച്ചയും തന്ന് അവര് വസ്തു എടുക്കുമെന്ന അണ്ണൻ പറയണത്. അണ്ണൻ പറയണതാ ശരി .””

അവര് പോയിക്കഴിഞ്ഞു ഞാൻ അമ്മയോട് ചോദിച്ചു

“”ആരാ അമ്മേ ഈ അമ്മു ?””

“”അമ്മു അവളുടെ അനിയത്തീടെ മോളാ…അവര് മൊത്തം അഞ്ച് മക്കളാ…നാലാമത്തതാ വത്സല…ഇവളുടെ പന്ത്രണ്ടാമത്തെ വയസിലാ അച്ഛൻ മരിക്കണത്. അന്ന് തൊടങ്ങിയതാ ഈ പ്രാന്ത്. അച്ഛൻ എന്ന് വച്ചാ വത്സലയ്ക്ക് ജീവനായിരുന്നു

അന്ന് കുറച്ചു നാള്  ആശുപത്രിയിൽ ആയിരുന്നു. പിന്നെ ഇടയ്ക്കിടെ ഇങ്ങനെ വരും. അപ്പോഴൊക്കെ ആശുപത്രിയിൽ കൊണ്ട് പോകും. മരുന്ന് കഴിക്കുമ്പം മാറും. ഇപ്പൊ വന്നാല്  അയാള്, അവളുടെ അണ്ണൻ , കൊണ്ട് പോകത്തൊന്നുമില്ല. പണ്ട് കൊടുത്ത മരുന്ന് വാങ്ങിച്ചു കൊടുക്കും. ആശുപത്രിയിൽ കൊണ്ട് പോയാൽ പൈസ ചെലവല്ലേ ?

ആ പൊളിഞ്ഞു വീഴാറായ വീടും 8 സെന്റും അവളുടെ പേരിലാ .അതിന്റെ ആധാരമൊക്കെ അവളുടെ അണ്ണന്റെ കയ്യിലാ. ഓരോന്ന് പറഞ്ഞു  അവളുടെ അടുത്തുന്നു ഉടനെ എല്ലാം എഴുതി വാങ്ങും അയാള്…

പിന്നെ മാസം 1000 രൂപ അവൾക്ക് പെൻഷൻ കിട്ടും “”

“”1000 രൂപ വച്ചെങ്ങനെയാ അമ്മേ അവര് മാസം വാടക കൊടുക്കുന്നത് ? “”

“”വത്സലേടെ അമ്മ മരിക്കുന്നതിന് മുൻപ് അവളുടെ പേരില് കുറച്ചു കാശ് ബാങ്കിൽ ഇട്ടിരുന്നു. അവർക്ക് എന്തോ ചെറിയ ജോലി ഉണ്ടായിരുന്നു. അവര് മരിച്ചതിനു ശേഷമാ ഇവളുടെ അവസ്ഥ ഇങ്ങനെ ആയത്. അതിന്റെ പലിശ കൂടി എടുക്കുമായിരിക്കും .””

“”എന്നാലും അമ്മേ…ഇങ്ങനെ സുഖമില്ലാത്ത ഒരാളിന്റെന്നു വാടക വാങ്ങുന്നത് ശെരിയാണോ ? അതും ബന്ധുക്കൾ …..”” വല്ലാത്ത വിഷമത്തോടെയാണ് ഞാനത് ചോദിച്ചത്.

“”പൈസ കാണുമ്പോ പിന്നെ എന്തോന്ന് സ്വന്തൊം ബന്ധോം ആണ് മോളേ….ഇതിപ്പോ ആ കൊച്ചു ചോതിച്ചതാണോ അവളുടെ അണ്ണൻ കള്ളം പറഞ്ഞതാണോ എന്നാർക്കറിയാം ? ഇവളെ പറ്റിക്കാൻ എളുപ്പമാണെന്ന് അയാൾക്കും അറിയാം. കുഴപ്പൊന്നും ഇല്ലാത്തപ്പോ തിന്നാനുള്ളതൊക്കെ തനിയെ ഉണ്ടാക്കും. വയ്യാതായാൽ പിന്നെ ഒന്നും ഉണ്ടാക്കൂല്ല…

അയൽക്കാരോടും ബന്ധുക്കളോടുമൊക്കെ പോയി ചോദിക്കും. കൊടുത്തില്ലെങ്കിൽ അവിടെ നിന്നു അവരെയൊക്കെ ചീത്ത വിളിക്കും. ആ സ്വത്തു എടുക്കാൻ ഇനി എന്നാണോ എന്തോ അയാൾ അവളെ വി ഷം കൊടുത്തു കൊ ല്ലണത് ? “”

വിഷമത്തോടെ അമ്മ അതും പറഞ്ഞു ഉള്ളിലേയ്ക്ക് പോയപ്പോൾ ഞാനും ആലോചിച്ചത് അവരെക്കുറിച്ചാണ്. വത്സലയെക്കുറിച്ച്…

സാമാന്യം ഭേദപ്പെട്ട കുടുംബത്തിൽ ജനിച്ചു, അമ്മയുടെയും അച്ഛന്റെയും സ്നേഹം അനുഭവിച്ചു വളർന്നു. അച്ഛന്റെ മരണത്തോടെ മാനസിക നില തെറ്റി ഭ്രാ ന്തിയായി. അമ്മയുടെ മരണം വരെ അവർക്ക് ആശ്രയം ഉണ്ടായിരുന്നു….ഇപ്പോൾ ആർക്കും വേണ്ടാത്തവളായി…എല്ലാപേർക്കും ഒരു ഭാരമായി… ഒരു പക്ഷെ ഇതൊക്കെ അവരുടെ അമ്മ നേരത്തേ മനസിലാക്കിയിട്ടുണ്ടാവണം. അതല്ലേ അവരുടെ പേരിൽ കാശും സ്വത്തും കരുതി വച്ചത്

പിറ്റേന്നും അവരെന്നോട് സംസാരിച്ചു, വളരെ സ്നേഹത്തോടെ……അപ്പോഴുള്ള അവരുടെ പെരുമാറ്റം വീക്ഷിക്കുമ്പോൾ അവർക്ക് അസുഖം ഉണ്ടെന്ന് വിശ്വസിക്കാൻ കൂടി പ്രയാസമായിരുന്നു. സഹോദരന് അവരോടുള്ള സ്നേഹത്തെക്കുറിച്ചു അവർ വാചാലയാകുന്നത് കണ്ടപ്പോൾ അത് വരെ കണ്ടിട്ടില്ലാത്ത ആ മനുഷ്യനോട് എനിക്ക് വെറുപ്പ് തോന്നി. സ്വബോധമില്ലാത്ത കൂടെപ്പിറപ്പിനെപ്പോലും പറ്റിക്കുന്നവനെ മനുഷ്യൻ എന്നെങ്ങനെ വിളിക്കും ?

രണ്ട് ദിവസത്തിനിപ്പുറം അവരുടെ ഉച്ചത്തിലുള്ള സംസാരം ഞാൻ വീണ്ടും കേട്ടു

“”വീണ്ടും ഇളകി എന്നാ തോന്നണത്….ഇനി കുറച്ചു ദിവസത്തേയ്ക്ക് ചെവി തല കേൾക്കാൻ ഒക്കില്ല . “” പറഞ്ഞു കൊണ്ട് അമ്മ ഉള്ളിലേയ്ക്ക് പോകുന്നത് കണ്ടു.

ഇത്തവണ ഞാൻ അവരുടെ സംസാരം ശ്രദ്ധിച്ചു. എന്തോ ഒരു കൗതുകം തോന്നി. ആരെയോ ശകാരിക്കുകയാണ്.

“”എനിക്കറിയാടാ…നീ സ്നേഹം കാണിക്കണത് എന്തിനാണ് എന്നെനിക്കറിയാടാ….എന്റെ പ്രമാണോം കെട്ടിപിടിച്ചു അവിടെ ഇരുന്നോ…ചാവണേനു മുമ്പ് ഞാനത് വല്ല അനാഥാലയത്തിനും എഴുതി കൊടുക്കും നോക്കിക്കോ…ചത്താലും നിനക്ക് അത് തരൂല്ലേടാ ….”” പിന്നെ കേട്ടത് അറപ്പ് തോന്നുന്ന കുറേ ചീത്തയും

എനിക്ക് അത്ഭുതം തോന്നി. ഈ അവസ്ഥയിലാണ് അവർക്ക് അവരുടെ സഹോദരന്റെ തനി നിറം വെളിവായത്. അപ്പോൾ ഏതാവസ്ഥയെയാണ് ഭ്രാ ന്ത്‌ എന്ന് വിശേഷിപ്പിക്കേണ്ടത് ? ഏത് അവസ്ഥയിലാണ് അവർക്ക് ബോധം ഉള്ളത് ?

ഭ്രാ ന്ത്‌ എന്നത് ഭയം മരിക്കുന്ന അവസ്ഥ കൂടിയാണ്. മരണത്തോടുള്ള ഭയം ഇല്ലാതാകുന്ന അവസ്ഥ ! ജീവിക്കണം എന്നുള്ള മോഹം അസ്തമിക്കുന്ന അവസ്ഥ ! അപ്പോൾ മാത്രമാണ് നമ്മുടെ ഉള്ളിൽ മൂടി വച്ച പലതും മറ നീക്കി പുറത്തു വരുന്നത്. അതാണ് സത്യം.

അവരോടെനിക്ക് സഹതാപം തോന്നി. അപ്പോൾ അവർ എല്ലാം അറിഞ്ഞിരുന്നോ ? എന്തോ ഒരു ഭയം അവരെ എല്ലാം ഉള്ളിലൊതുക്കാൻ പ്രേരിപ്പിക്കുകയായിരുന്നൊ ? അറിയില്ല…..

അവരുടെ ഭ്രാന്തു പിന്നീട് കുറഞ്ഞില്ല. അവർ പലപ്പോഴും ആരോടോ സംസാരിക്കുന്നത് കേട്ടു. ഒന്നുകിൽ അത് അവരുടെ തന്നെ പ്രതി രൂപത്തോടാകാം…അല്ലെങ്കിൽ അമ്മയുടെ ആത്‌മാവ്‌ എന്ന സങ്കല്പത്തോട്….

ഇടയ്ക്ക് സംസാരം വല്ലാതെ കുഴഞ്ഞിരിക്കും. പറയുന്നത് മനയിലാക്കാനാകാത്ത വിധം! അപ്പോഴൊക്കെ അമ്മ പറയും…

“”ഇന്ന് ഡോസ് കൂട്ടി കൊടുത്തുന്നാ തോന്നണത്…ഇങ്ങനെ പോയാൽ അധികം നാള് കാണില്ല …. “”

ദിനം കഴിയും തോറും അവസ്ഥ കൂടുതൽ ദയനീയമായിക്കൊണ്ടിരുന്നു. നിലവിളികൾ ഉച്ചത്തിലായി….രാത്രിയെന്നോ പകലെന്നോ ഇല്ലാതെ….എന്റെ രാത്രികൾ ഉറക്കമില്ലാത്തവയായി….അവരുടെ മരണത്തിനായി എപ്പോഴോ ഞാനും ആഗ്രഹിച്ചു. അത് ദേഷ്യം കൊണ്ടായിരുന്നില്ല. മറിച്ചു സഹതാപം മാത്രമായിരുന്നു…

എന്നാൽ സഹതാപം പോലും തോന്നാത്ത മനുഷ്യർ ഉണ്ടായിരുന്നു ചുറ്റിനും. പരസ്യമായി അവരുടെ മരണത്തിന് മുറവിളി കൂട്ടയവർ!

ഒരു ദിവസം രാവിലെ ഉറക്കമുണർന്നു താഴേയ്ക്ക് ചെന്ന എന്നെക്കാത്ത് അമ്മ നിൽപ്പുണ്ടായിരുന്നു…

“”മോളേ….നമ്മുടെ വത്സല പോയി. എപ്പോഴാണെന്നൊന്നും അറിഞ്ഞൂടാ….ഞാൻ ഒന്നങ്ങോട്ടേയ്ക്ക് പോകുവാ…മോള് മോനോട് പറഞ്ഞേക്ക്….””

അന്നാദ്യമായി ഒരു മരണം എന്നെ വേദനിപ്പിച്ചില്ല.  മറിച്ചു അതെന്റെ മനസിന്‌ ആശ്വാസം പകരുകയാണ് ചെയ്തത്…

എന്തിനായിരുന്നു ഇങ്ങനെ ഒരു സൃഷ്ടി ? സനാഥയായി ജനിച്ചു അനാഥായയെപ്പോലെ, ഭ്രാ ന്തിയായി ജീവിച്ച് അനാഥയായി മരണം…….എന്തിനോ വേണ്ടി ജനിച്ചു ജീവിച്ച് മരിച്ചവർ !

എന്ത് നേടി അവർ ? ഇത് വരെ എല്ലാ ജീവിതങ്ങൾക്കും ഒരർത്ഥം ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ ,എന്താണ് ഇങ്ങനെ ഒരു ജന്മത്തിന്റെ അർത്ഥം ? ഉദ്ദേശം ? മറ്റുള്ളവർക്ക് പരിഹസിക്കാനായി മാത്രം ഒരു ജന്മം ആയിരുന്നില്ലേ ? ദൈവത്തിന്റെ വികൃതികളിൽ ഒന്ന് !!!

മരണം ചില ജന്മങ്ങൾക്കെങ്കിലും ഒരാശ്വാസമാണ്…അനുഗ്രഹമാണ്…..പീ ഡനങ്ങളിൽ നിന്നുള്ള  മോചനമാണ് …..ഇവിടെയും അതങ്ങനെ തന്നെയാണ്.

അവരുടെ മരണം ഒരു മനസിനെപ്പോലും വേദനിപ്പിക്കില്ല…ഒരു കണ്ണ് പോലും അവർക്കായി ഈറനണിയില്ല. എല്ലാപേരും ആഗ്രഹിച്ചതാണത്….ഒരുവേള ഈ ഞാൻ പോലും!!!

അവസാനിച്ചു