പത്തൊൻപതാം വയസിൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് ജോലി കിട്ടിയത്…ഡിഗ്രി എക്സാം കഴിഞ്ഞു വെറും ഒരു മാസമേ ആയുളൂ.

_upscale _blur

നിനക്കായ്‌ വീണ്ടും….

എഴുത്ത്: ആഷാ പ്രജീഷ്

================

“എന്തിനാണ് മോളെ ഇനിയും നീ പ്രതീക്ഷിക്കുന്നത്?”

അമ്മയുടെ ചോദ്യം കേട്ടെങ്കിലും കേൾക്കാത്ത ഭാവത്തിൽ അവൾ മുന്നിലിരുക്കുന്ന ചായ ചുണ്ടോടടുപ്പിച്ചു…

“അമ്മക്ക് നിന്റെയീ കഷ്ടപ്പാട് കാണാൻ വയ്യ…”

“എന്റമ്മ രാവിലെ തന്നെ ഓരോന്നു പറഞ്ഞു ഒള്ള മൂഡ് കളയല്ലേ…ഞാൻ വല്ലതും കഴിച്ചിട്ട് പൊയ്ക്കോട്ടേ…”

ഇവളോട് പറഞ്ഞിട്ട് കാര്യമില്ല എന്നമട്ടിൽ തല വെട്ടിച്ചുകൊണ്ട് മീനാക്ഷിയമ്മ മൃദുലയുടെ പാത്രത്തിലേക്ക് ഒരിഡ്ഡലി കൂടി വച്ചു കൊടുത്തു…

“വേണ്ടമ്മ..മതി..ഇനിയും വൈകിയാൽ ബസ് മിസ്സാകും…”

അവൾ പറഞ്ഞിട്ട് വേഗത്തിൽ പുറത്തെ ഇളം തിണ്ണയിലേക്ക് നടന്നു…ലക്ഷ്മിയമ്മയാണെങ്കിൽ മകളെ നോക്കി നെടുവീർപ്പിട്ടു.

പുറത്തേക്കിറങ്ങി യാത്ര ചോദിച്ചു പടിയിറങ്ങുന്ന മകളെ അവർ അലിവോടെ നോക്കി…

“ഞാൻ ചോദിച്ചതിന് നീ മറുപടി തന്നില്ല…ഇനിയും പ്രതീക്ഷിക്കുന്നുണ്ടോ എന്റെ മോൾ….?”

“പ്രതീക്ഷിക്കാതെ പിന്നെ…നഷ്ടപ്പെടുത്തികളയാൻ പറ്റോ അമ്മേ…അങ്ങനെയങ്ങു ഉപേക്ഷിച്ചു കളയാൻ പറ്റോ?” അത് പറഞ്ഞിട്ട് അമ്മയുടെ മുഖത്ത് നോക്കാതെ അവൾ പടിയിറങ്ങി…

മുറ്റം കടന്ന് റോഡിലേക്കിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ ഒരു നിമിഷം തെക്കേ തൊടിയിലേക്ക് പാഞ്ഞു. അവിടെ അസ്ഥിത്തറയിൽ വിശ്രമം കൊള്ളുന്ന അച്ഛന്റെ ആത്മാവിനോട് ഒരു നിമിഷം മൗനമായി യാത്ര ചോദിച്ചു അവൾ.

തന്റെ കണ്ണുകൾ ഈറനണിഞ്ഞത് ആരും കാണാതിരിക്കാൻ അവൾ മുഖം താഴ്ത്തി ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടന്നു.

ബസ് റെയിൽവേ ക്രോസിൽ എത്തിയപ്പോൾ പതിവ് പോലെ കേരള എക്സ്പ്രെസ് കൂകി വിളിച്ച് മുന്നിലൂടെ കടന്നു പോയി…

ട്രെയിൻ കാണുന്നത് തന്നെ ഇപ്പൊ പേടിയാണ്…മനുഷ്യന്റെ ജീവൻ അപഹരിക്കാൻ വേണ്ടി മാത്രം കൂകി വിളിച്ചു വരുന്നപോലെ….

ഹൃദയം നുറുങ്ങുന്ന വേദന!!!

മൃദുല ട്രെയിൻ പോയ ഭാഗത്തേക്ക് നോക്കി…അവളുടെ മനസിലേക്ക് അച്ഛന്റെ മുഖം കടന്നു വച്ചു..അച്ഛനെന്നാൽ മൃദുലക്ക് ജീവനായിരുന്നു..അവളുടെ മനസിലേക്ക് പഴയകാല ഓർമ്മകൾ കടന്നു വന്നു.

********************

പത്തൊൻപതാം വയസിൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് ജോലി കിട്ടിയത്…ഡിഗ്രി എക്സാം കഴിഞ്ഞു വെറും ഒരു മാസമേ ആയുളൂ.

“ഈ ചെറിയ കൊച്ചിനെ നിങ്ങൾ ദൂരേക്ക് പറഞ്ഞയക്കയാണോ???”

അച്ഛമ്മ അന്ന് കുറെ ദേഷ്യത്തോടെയാണ് ചോദിച്ചത്…

“ചെറിയ കുട്ടിയോ?? ഞാനോ???”

ഞാൻ അച്ഛനെ നോക്കി ചിരിച്ചു….അച്ഛൻ എന്നെയും…

ഈ അച്ഛമ്മേടെ ഒരു വർത്തമാനം…

ദൂരെ ഒരു കമ്പനിയിൽ ഫ്രണ്ട് ഓഫീസിൽ ആണ് ജോലി…സ്റ്റാഫിന് താമസിക്കാൻ ഹോസ്റ്റൽ ഒക്കെയുണ്ട്…അതും മൈക്കിൾസാറും ആനിയമ്മയും നടത്തുന്ന കമ്പനി…എന്ത് പേടിക്കാനാണ്..അച്ഛൻ പണിക്ക് പോകുന്ന വലിയസാറിന്റെ മൂത്തമകനും മരുമകളുമാണ്…കഴിഞ്ഞ ക്രിസ്തുമസിനു വന്നപ്പോൾ മൃദുലയെ കണ്ടതാണ്…അവളുടെയാ മിടുക്കും ചുറുചുറുക്കുമൊക്കെ കണ്ടപ്പോൾ മുന്നോട്ട് വച്ച ഓഫറാണ്…തന്നെ പോലെ ഒരു പെണ്ണിന് സ്വപ്നം കാണാൻ കഴിയാത്ത ജോലി…അച്ഛമ്മേടെ വാക്കും കേട്ടിരുന്നു ഇത് നഷ്ടപ്പെടുത്താൻ വയ്യ…വീട്ടിലെ സമ്പത്തിക സ്ഥിതിയും മോശമാണ്..അങ്ങനെ ഞാനും പോയി…വീട് വിട്ട് ദൂരേക്ക്..പത്തൊൻപതാം വയസിൽ ജോലിക്കാരിയായി…

ആദ്യമൊക്കെ ഭയങ്കര സങ്കടമായിരുന്നു..അച്ഛനെ വല്ലാതെ മിസ്സ്‌ ചെയ്തു…പിന്നെ പിന്നെ ശീലമായി..പൊരുത്തപ്പെട്ടു…ആ ജോലിസ്ഥലവും സാഹചര്യവുമായി…

അഞ്ചു വർഷം…അതിനിടക്ക് പലപ്രാവശ്യം വീട്ടിൽ വന്ന് പോയി…ഏട്ടത്തിയുടെ വിവാഹം നല്ല രീതിയിൽ നടത്താൻ പറ്റി…

“മതി മോളെ…വല്ല നാട്ടിലും പോയുള്ളു ജോലി…ഇനി ഇങ്ങ് പോര്…”

അച്ഛൻ നിർബന്ധം പിടിച്ചു തുടങ്ങി..

“ഇനി പെണ്ണിനെ കെട്ടിച്ചു വിടാൻ നോക്കാം…” ഏട്ടത്തിയും നിർബന്ധം പിടിച്ചു..

അങ്ങനെ അവിടെ നിന്ന് എന്നെന്നേക്കുമായി ഒരു മടക്കയാത്ര..ആ യാത്രയിലാണ് അവരെ കണ്ടു മുട്ടിയത്…രാഹുലും മീനയും!!

ന്യൂലി മാരീഡ് ആണ്..വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം..ഹണിമൂൺ ട്രിപ്പ്‌ കഴിഞ്ഞു മടങ്ങുന്നു…അവരുടെ സ്വർഗത്തിൽ കട്ടുറുമ്പാവണ്ട എന്ന് കരുതി ഞാൻ അവരെ കൂടുതൽ മൈൻഡ് ചെയ്യാതെ എന്റെ സീറ്റിൽ അങ്ങനെ സ്വസ്ഥമായി പുറം കാഴ്ചകൾ കണ്ടങ്ങനെ ഇരുന്നു…എന്നാൽ രാഹുലാകട്ടെ ഇങ്ങോട്ട് വന്നു പരിചയപെട്ടു…നന്നായി ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ഒരു ഏട്ടൻ..മീനയും പാവം ഒരു പെൺകുട്ടി…

മൂന്നു ദിവസത്തെ ഒന്നിച്ചുള്ള യാത്ര.അവരുമായി കൂടുതൽ അടുത്തു..അവരും പാലക്കാട്‌ തന്നെയാണ് താമസിക്കുന്നത്..റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ അവരുടെ വീട്ടിലേക്ക്….

രാത്രി നന്നേ ഇരുട്ടിയപ്പോഴാണ് ട്രെയിൻ സ്റ്റേഷനിൽ എത്തിയത്…പാവം അച്ഛൻ..ഉച്ചയായപ്പോൾ മുതൽ സ്റ്റേഷനിൽ കാത്തു നിൽക്കുന്നതാണ്..ട്രെയിൻ മൂന്നു മണിക്കൂറോളം ലേറ്റ് ആയിരുന്നു..

കുറെ അധികം ലഗേജ് ഉണ്ടായിരുന്നു എനിക്ക്…അതെല്ലാം എടുത്ത് പുറത്തേക്കിറങ്ങാൻ രാഹുലേട്ടൻ കൂടെ സഹായിച്ചു. എല്ലാം എടുത്ത് പുറത്തേക്കിറങ്ങിയപ്പോൾ അതാ തന്നെ തപ്പി നടക്കുന്ന അച്ഛൻ..അച്ഛനെ കണ്ടതും സന്തോഷത്തോടെ പാഞ്ഞു ചെന്നു കെട്ടിപിടിച്ചു.

“എന്റെ മോൾ ആകെ ക്ഷീണിച്ചല്ലോ??” അച്ഛന്റെ പതിവ് പരാതി…

“പോ അച്ഛാ..ഞാൻ ക്ഷീണിച്ചിട്ടൊന്നുമില്ല വണ്ണം വയ്ക്കല്ലേ ചെയ്തേ…പിന്നെ അച്ഛൻ വന്നിട്ട് ഒരുപാട് നേരായി അല്ലെ…ട്രെയിൻ കുറെ ലേറ്റ് ആയിരുന്നു അച്ഛാ…”

ഇങ്ങനെ അച്ഛനോട് ചറപറ സംസാരിച്ചിരുന്നപ്പോഴാണ് ഒരു കൂട്ടം ഓർത്തതു..വീട്ടിൽ എല്ലാർക്കും വേണ്ടി വാങ്ങിയ സാധനങ്ങൾ അടങ്ങിയ ബാഗ്..അത് ഇരുന്ന സീറ്റിന്റെ അടിയിൽ ഭദ്രമായി വച്ചതാണ്. അതെടുക്കാൻ മറന്നു പോയി…

പെട്ടന്നുള്ള ഓർമയിൽ ഞാൻ ഒരൂട്ടം മറന്നു..എന്ന് പറഞ്ഞു സ്റ്റേഷൻ വിടാൻ തുടങ്ങിയ ട്രെയിനിലേക്ക് ചാടി കയറാൻ തുടങ്ങിയത്…കാലൊന്നു ഇടറി…നിയത്രണം വിട്ട് പ്ലാറ്റഫോമിലൂടെ നിരങ്ങി നീങ്ങിയത് മാത്രം ഓർമയുണ്ട്…ആരോ ഓടി വന്നു കാലിൽ പിടിച്ചു വലിച്ചു മാറ്റി..തല എവിടെയോ ചെന്നിടിച്ചു ബോധം പോയി…കണ്ണുതുറന്നപ്പോൾ ഹോസ്പിറ്റലിൽ ആണ്…

“ആർ യൂ ഓക്കേ നൗ!!!

ആയാസപ്പെട്ട് കണ്ണുതുറന്നപ്പോൾ കേട്ടത് ആ ശബ്‍ദമാണ്…

“നെറ്റിൽ നല്ല വേദനയുണ്ട്.. വേറെ കുഴപ്പമൊന്നുമില്ല അച്ഛാ…എന്താ ശരിക്കും സംഭവിച്ചേ…ഞാൻ ട്രെയിനിന്റെ അടിയിൽ പോകേണ്ടതായിരുന്നു അല്ലെ..ആരാ അച്ഛാ എന്നെ രക്ഷിച്ചേ…

അടുത്തു വന്നിരുന്നു സ്നേഹത്തോടെ തന്റെ കൈത്തണ്ടയിൽ തലോടുന്ന അച്ഛനെ നോക്കി അവൾ…

അച്ഛന്റെ മാളു ഇപ്പൊ അതൊന്നും അറിയണ്ട…കണ്ണടച്ച് കിടന്നോ..അച്ഛനിപ്പോ വരാം…

ആകെ വരിഞ്ഞു മുറുകിയ മുഖഭാവത്തോടെ അയാൾ പുറത്തേക്ക് പോയി…

“ഈ പെങ്കൊച്ചിനെ രക്ഷിക്കാൻ ശ്രമിച്ചതാണ്…ഇനിയൊന്നും ചെയ്യാനില്ലെന്ന പറഞ്ഞെ..ഇപ്പൊ വെന്റിലേറ്ററിൽ ആണ്..

ആ വാക്കുകൾ കേട്ടാണ് മയക്കം വിട്ട് മൃദുല ഉണർന്നത്…

അവൾ പകപ്പോടെ ചുറ്റും നോക്കി..അവൾക്കൊന്നും മനസിലായില്ല..തന്നെ രക്ഷിക്കാൻ നോക്കി ആരെങ്കിലും അപകടത്തിൽ പെട്ടോ…

വേറെ പരിക്കൊന്നും ഇല്ലാത്തതു കൊണ്ട് അവളെ അന്ന് തന്നെ ഡിസ്ചാർജ് ചെയ്തു…ഡിസ്ചാർജ് ആയപ്പോഴേക്ക് അവളെ കൊണ്ടുപോകാൻ ഏട്ടനും ഏട്ടത്തിയും വന്നു..

“മോളെ അച്ഛന് നിന്നോടൊരു കാര്യം പറയാനുണ്ട്..വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് വളരെ ഗൗരവമുള്ള എന്തോ കാര്യം സംസാരിക്കാനായി അടുത്തെത്തിയത്..വിവാഹകാര്യം തന്നെ..ഞാൻ മനസിലുറച്ചു.

“നമുക്ക് നാളെ ഒരു സ്ഥലം വരെ പോകാനുണ്ട്. മോൾക്ക്‌ അന്ന് അപകടം പറ്റിയതിന്റെ ചില തെളിവെടുപ്പും മറ്റും ഉണ്ട്. അതിനു നമുക്ക് നാളെ അവിടെ വരെ ഒന്ന് പോകണം..നമ്മളെ കൊണ്ടു കഴിയുന്നത് നമുക്ക് ചെയ്തു കൊടുക്കാം…

ഒരു നെടുവീർപ്പോടെ അച്ഛൻ പറഞ്ഞു നിർത്തി…

“ഞാൻ ഓർക്കുന്നു അച്ഛാ…അന്ന് എന്നെ രക്ഷിക്കാൻ ശ്രമിച്ചു ആരെങ്കിലും അപകടത്തിൽ പെട്ടായിരുന്നോ…ഉറക്കത്തിൽ കണ്ട ഒരു സ്വപ്നം പോലെ ആരോ അങ്ങനെ വന്നു പറഞ്ഞതായി ഒരു ഓർമ…

ഹോസ്പിറ്റലിൽ വച്ചു കേട്ട ആ വാക്കുകൾ അവൾ ഓർമയിലേക്ക് കൊണ്ടു വരാൻ ശ്രമിച്ചു…

“ഉവ്വ് മോളെ..നിയത്രണം തെറ്റി പ്ലാറ്റഫോമിൽ നിന്ന് താഴേക്ക് പതിക്കാൻ തുടങ്ങിയ മോളെ രക്ഷിച്ചത് ആ ചെറുപ്പക്കാരനാണ്..എന്നാൽ ആ പയ്യനാവട്ടെ ട്രെയിൻ തട്ടി ഗുരുതരമായ പരിക്കുകൾ പറ്റി…തലക്കാണ് പരിക്ക്..ഇപ്പോഴും ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്…നിന്നെ കൂടുതൽ സങ്കടപെടുത്തണ്ടെന്നു കരുതി അന്ന് പറയാതിരുന്നേ…

കുറെ നേരത്തെ മൗനത്തിനു ശേഷം അച്ഛനിതു പറയുമ്പോൾ എന്റെ ഹൃദയം നിലച്ചു പോയി…

ദൈവമേ..എന്റെ അശ്രദ്ധ കൊണ്ടു ഒരാൾക്ക് ഇത്ര വലിയ അപകടമോ…??

എന്റെ നിർബന്ധം സഹിക്ക വയ്യാതെയാണ് അപകടം പറ്റിയ ആ ചെറുപ്പക്കാരനെ കാണാൻ എന്നെയും കൂട്ടി അച്ഛൻ ഹോസ്പിറ്റലിൽ പോയത്…ഇന്റൻസീവ് കെയർ യൂണിറ്റിന്റെ മുൻപിൽ ആരുടെയോ തോളിൽ തല ചായച്ചു തളർന്നിരിക്കുന്ന മീനയെ കണ്ടപ്പോൾ തകർന്നു പോയി…അപ്പൊ രാഹുലട്ടനാണോ എന്നെ രക്ഷിക്കാൻ നോക്കി അപകടം പറ്റിയത്…ഓടി ചെന്നു അവളെ കെട്ടിപിടിച്ചു കരഞ്ഞു. എന്നെ കണ്ടതും ആ പെൺകുട്ടി കുറെ കരഞ്ഞു…അവസാനം ബോധരഹിതയായി നിലം പതിച്ചു…

എനിക്ക് രാഹുലട്ടനെ കാണാൻ പറ്റിയില്ല…ഞാൻ അവിടെ നിന്നു മടങ്ങിയത് തകർന്ന ഹൃദയത്തോടെയാണ്…പിന്നീട്ടുള്ള ദിവങ്ങളത്രയും പ്രാർത്ഥന മാത്രമാണ് കൂട്ടിനുണ്ടായത്..ആ ഏട്ടന് ജീവൻ തിരിച്ചു കൊടുക്കണേ എന്ന പ്രാർഥന…പക്ഷെ ആരോടും ചോദിച്ചില്ല. ആരോടും അന്വേഷിച്ചുമില്ല…പേടിയായിരുന്നു…അസുഖകരമായ വാർത്ത കേൾക്കേണ്ടി വരുമോ എന്ന പേടി….

ഇടക്കിടക്ക് അച്ഛൻ പോയി അന്വേഷിക്കുന്നുണ്ടായിരുന്നു എന്ന് തോന്നുന്നു. എന്തായാലും എന്നോടൊന്നും പറഞ്ഞില്ല…

ഏകദേശം രണ്ടു മാസങ്ങൾ കഴിഞ്ഞു കാണും. വിവാഹകാര്യത്തിൽ ഏട്ടത്തിയും അമ്മയുമൊക്കെ വല്ലാതെ നിർബന്ധം പിടിച്ചു തുടങ്ങിയ സമയം.

“അച്ഛാ..ആ രാഹുലേട്ടൻ..ആൾക്ക്…

ഞാൻ വളരെ പേടിയോടെയാണ് അച്ഛനോട് ചോദിച്ചത്..അരുതാത്തതു എന്തു തന്നെയായാലും കേൾക്കാൻ തയ്യാറാണ് എന്ന മട്ടിൽ…

ഇത്രയും നാൾ അച്ഛൻ അതെക്കുറിച്ചൊന്നും പറയാതിരുന്നത് തന്റെ മനസ് മനപ്പൂർവം മുറിപ്പെടുത്തണ്ട എന്ന് കരുതിയാവും.

“മോൾക്ക്‌ കാണണോ അയാളെ…ഞാൻ കൊണ്ടുപോകാം..മോൾ ഇങ്ങോട്ടു ചോദിക്കട്ടെ എന്ന് കരുതിയാണ് അച്ഛനിരുന്നത്…

അച്ഛന്റെ വാക്കുകൾ എന്നിൽ കുളിർമഴയായി…

ദൈവമേ മീന..പാവം കുട്ടി..അവളുടെ പ്രാർത്ഥനയാവാം…ഞാൻ ചിന്തിച്ചു…

അച്ഛന്റെ കൂടെ അവരുടെ വീട്ടിലേക്ക് പോകുമ്പോൾ ഞാൻ അത്ഭുതപെട്ടു. ഏതോ അടുത്ത ബന്ധുവീട്ടിലേക്ക് പോകുന്നപോലെ അച്ഛൻ എന്തൊക്കെയോ പലഹാരങ്ങൾ വാങ്ങുന്നു.

ഓട്ടോയിൽ ആണ് പോയത്..വഴി അച്ഛന് നല്ല നിശ്ചയമുള്ള പോലെ…

”അച്ഛൻ പോയിരുന്നു അല്ലെ..രാഹുലേട്ടന്റെ അടുത്ത്…” ഞാൻ സംശയത്തോടെ അച്ഛനെ നോക്കി…

“ആരുമില്ല മോളെ അവർക്ക്..പാവങ്ങൾ…ഒരു സഹായത്തിനു പോലും ആരുമില്ല…പോയി അന്വേഷിക്കാതെ എങ്ങനെ….”

അച്ഛന്റെ വാക്കുകൾ എന്നെ അത്ഭുതപെടുത്തി..മകളുടെ ജീവൻ രക്ഷിച്ചവനോടുള്ള നന്ദിയാവാം…എനിക്ക് അച്ഛനെ ഓർത്ത് അഭിമാനം തോന്നി.മതിൽകെട്ടിനുള്ളിൽ മനോഹരമായ ഒരു കുഞ്ഞു വാർക്ക വീട്…

കാളിങ് ബെൽ അടിച്ചപ്പോൾ തന്നെ രാഹുലേട്ടന്റെ അമ്മ വന്നു..അവരെ കണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നി..ഞാൻ കാരണം അല്ലെ…എന്റെ കണ്ണുകൾ അവിടമാകെ പരതിതുടങ്ങി..

മീനയെവിടെ???

അവർ ഞങ്ങളെ രാഹുലേട്ടൻ കിടക്കുന്ന മുറിയിലേക്ക് കൂട്ടി കൊണ്ടു പോയി…നിറയെ ആയുർവേദമരുന്നിന്റ മണമുള്ള മുറി…അവിടെ കട്ടിലിൽ ക്ഷീണിച്ചു തളർന്ന ഒരു രൂപം!! ഒരു നോട്ടമേ നോക്കിയുള്ളു…കരഞ്ഞു കൊണ്ടു ഞാൻ പുറത്തേക്കോടി…

“വാ മോളെ നമുക്ക് മടങ്ങി പോകാം…” ആ അമ്മയുടെ കൈകളിൽ പിടിച്ചു കരഞ്ഞു കൊണ്ടിരുന്ന എന്നെ അച്ഛൻ വിളിച്ചു..

“മീനയെവിടെ??? അവളെ കാണണ്ടേ..അവളോട് എനിക്ക് ക്ഷമ ചോദിക്കണം..എന്തിനാ എന്നെ രക്ഷിക്കാൻ നോക്കിയേ..ഞാൻ മരിച്ചു പൊയ്ക്കോട്ടേ..എന്നാലും എനിക്കീ അവസ്ഥ കാണാൻ വയ്യ..മീനയുടെ ജീവിതം ഞാൻ കാരണമാണ് ഇങ്ങനെ ആയത്…

“അവളിവിടെ ഇല്ല മോളെ..” ആ അമ്മ കരഞ്ഞു കൊണ്ടു പറഞ്ഞു…കൂടുതൽ ചോദ്യമോ പറച്ചിലോ നടത്താതെ അച്ഛനെന്നെ കൂട്ടി കൊണ്ടു പോന്നു അവിടെ നിന്ന്…

“മോൾക്കറിയോ?? ആ കുട്ടിയെ അവളുടെ വീട്ടുകാർ കൂട്ടികൊണ്ട് പോയി..ആവതില്ലാതെ അനങ്ങാൻ വയ്യാത്ത അയാളെ ഇനി അവർക്കു വേണ്ടത്രേ…ഇപ്പൊ ആ അമ്മയും മകനും മാത്രമേ ഒള്ളൂ…ചികിത്സകൾക്കും മറ്റുമായി ആ കിടപ്പാടം വരെ പണയത്തിലാക്കി ആ പാവങ്ങൾ..ഇനി അവർക്ക് നമ്മളെ ഒള്ളൂ മോളെ ഒരു സഹായത്തിനു..ആയുർവേദം നോക്കുന്നുണ്ട്..എവിടെ എങ്കിലും കിടത്തി ചികിത്സ ചെയ്താൽ എണീറ്റ് നടക്കാറാകും എന്നാണ് പറഞ്ഞത്.അതിനൊക്കെ കുറെ പണം വേണം..റെയിൽവേയിൽ നിന്ന് പണം കിട്ടും. എന്നാൽ അതിനു കാലതാമസം ഉണ്ട്..”

ഓട്ടോയിൽ ഇരുന്ന് അച്ഛൻ പറഞ്ഞ വാക്കുകളായിരുന്നു എന്റെ മനസ്സിൽ. വിവാഹത്തിലേക്കെന്നു പറഞ്ഞു എന്റെ പേരിൽ തരക്കേടില്ലത്ത ഒരു തുക ബാങ്കിൽ ഉണ്ടായിരുന്നു..പിന്നൊന്നും ആലോചിച്ചില്ല..ആ പണമത്രയും എടുത്ത് അച്ഛനെ ഏല്പിച്ചു. ആ തുക മേടിക്കുമ്പോൾ അച്ഛന്റെ മുഖത്തെ ഭാവമെന്താണെന്ന് എനിക്ക് മനസിലാക്കാനായില്ല..

ദൂരെ ഒരു ഉഴിച്ചിൽ കേന്ദ്രത്തിൽ രാഹുലേട്ടനെ അഡ്മിറ്റ്‌ ചെയ്‌തെന്ന് അച്ഛൻ പറഞ്ഞു. എന്നാൽ എനിക്ക് അദ്ദേഹത്തെ ഒന്ന് പോയി കാണാൻ തോന്നിയില്ല..ആ അവസ്ഥയിൽ കാണാൻ വയ്യ..ആ മനുഷ്യന്റെ ജീവിതം തകർത്ത പാപിയല്ലേ ഞാൻ…എന്നാലും മീനക്കെങ്ങനെ അദ്ദേഹത്തെ ഉപേക്ഷിച്ചു പോകാൻ തോന്നി. അയാൾക്ക്‌ അവളോടുള്ള ഇഷ്ടം അറിഞ്ഞതാണ് അന്ന്..അസൂയ തോന്നിപോയി അന്ന്. അതുപോലെ ഒരാളെ തനിക്കും കിട്ടണേ എന്ന് ആഗ്രഹിച്ചു പോയ നിമിഷങ്ങൾ..ആ സ്നേഹം മറന്നു അവൾക്കെങ്ങനെ അദ്ദേഹത്തെ ഉപേക്ഷിച്ചു പോകാൻ തോന്നി. ദൈവമേ എല്ലാത്തിന്റെയും കാരണകാരി ഞാനാണല്ലോ. അങ്ങനെയൊക്കെ ചിന്തിച്ചു തുടങ്ങി ഞാൻ…

“മോളെ അച്ഛനൊന്ന് പണി സ്ഥലത്തു കുഴഞ്ഞു വീണു…”

ഒരു ദിവസം ഉച്ചയായപ്പോൾ ഫോണിലേക്ക് ഒരു കാൾ വന്നു..അവിടെ ജീവന്റെ ജീവനായ അച്ഛനെയും എനിക്കു നഷ്ട്ടമായി…താങ്ങാൻ വയ്യാത്ത നഷ്ടം…നികത്താൻ വയ്യാത്ത വേർപാട്…

തളർന്നു പോയ അമ്മയുടെ മുൻപിൽ ഞാൻ എന്റെ തളർച്ച അറിയിക്കാതെ ശ്രമിച്ചു..

ആയിടക്കാണ് അംഗൻവാടിയിൽ ടീച്ചറായി ജോലി കിട്ടിയത്.ആശ്വാസം തോന്നി..അച്ഛനെ നഷ്ടപ്പെട്ട സങ്കടം ആ കുരുന്നുകളുടെ കളികളിലും ചിരിയിലും ഞാൻ മറക്കാൻ ശ്രമിച്ചു..അച്ഛനും പോയതോടെ രാഹുലേട്ടനേയും അമ്മയെയും കുറിച്ചായി ചിന്ത…

ആരോടൊക്കെയോ ചോദിച്ച് അവിടെ ചെന്നു ആ ആയുർവേദകേന്ദ്രത്തിൽ..ആ അമ്മയെ കണ്ടു..ഏട്ടനെയും…മെല്ലെ എഴുന്നേറ്റ് ഇരിക്കാറായിരിക്കുന്നു ആൾക്ക്..ഓർമയും തിരിച്ചു കിട്ടി തുടങ്ങി..എന്നെ നോക്കി ചിരിച്ചു..ഞാനും..

പിന്നീടങ്ങോട്ട് കൈയ്യിലുള്ള സ്വർണവും പണവും എല്ലാം ആ ഏട്ടന്റെ ചികിത്സക്കയി ചെലവാക്കി തുടങ്ങി..അതിന്റെ പേരിൽ ഏട്ടത്തി കുറെ കലഹിച്ചു. ഇപ്പൊ അമ്മയും…

എന്നാലും എനിക്ക് പ്രതീക്ഷയുണ്ട്..രാഹുലേട്ടൻ പഴയ പോലെ ആകും…ആകണം…കാരണം ആ അമ്മയ്ക്ക് ലോകത്ത് ആകെയുള്ളത് ആ മകൻ മാത്രമാണ്…ഇപ്പൊ തനിക്കും…

താൻ പോലുമറിയാതെ ആ ഏട്ടൻ തന്റെയും ആരൊക്കെയോ ആയി മാറിക്കഴിഞ്ഞു…

ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചു ആയുർവേദകേന്ദ്രത്തിലെത്തിമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു…ഇപ്പൊ ഒരു മാസത്തിൽ കൂടുതലായി ഒന്ന് വന്നിട്ട്..

അമ്മക്ക് വിഷമമായി കാണും കാണാഞ്ഞിട്ട്…ഏട്ടന് പരിഭവവും…അങ്ങനെ ചിന്തിച്ചു കൊണ്ടാണ് അകത്തേക്ക് പ്രവേശിച്ചത്…

“എന്താ മോളെ ഇങ്ങോട്ടു..അവരൊക്കെ പോയല്ലോ???

വാതിൽക്കൽ നിൽക്കുന്ന സെക്യൂരിറ്റി ചേട്ടൻ പറഞ്ഞപ്പോ വിശ്വാസം വന്നില്ല..വേഗം പോയി വൈദ്യനെ കണ്ടു…

“ആള് പെട്ടന്നാണ് ഓക്കേ ആയതു..പൂർണ ആരോഗ്യവനായി…മോളെ വിളിച്ച് പറഞ്ഞില്ലേ…കൂട്ടത്തിലുള്ള ആരോ ചില ബന്ധുക്കൾ വന്നാണ് കൊണ്ടു പോയത്.

ആ വാക്കുകൾ!!! പൂർണ ആരോഗ്യവാനായെന്ന്….ഇതിൽ പരം ഒരു സന്തോഷമുണ്ടോ തനിക്ക്…

മടങ്ങി വീട്ടിൽ ചെന്നപ്പോൾ അമ്മയെ കെട്ടിപിടിച്ചു സന്തോഷം പങ്കു വച്ചു…നേരം ഇരുട്ടുവോളം  തെക്കേ തൊടിയിൽ അച്ഛനോട് സംസാരിച്ചു…പക്ഷെ ആ സന്തോഷം മെല്ലെ സങ്കടതിന് വഴി മാറുകയായിരുന്നു..

“എന്തേ പോയപ്പോൾ എന്നോട് പറഞ്ഞില്ല..സുഖയീന്നു എന്തേ എന്നോടൊന്നു വിളിച്ചു പറഞ്ഞില്ല…

അല്ല തന്നോട് പറയാൻ ഞാനാരാണ് അവരുടെ…??

എന്നാലും ഒന്ന് പറയാൻ തോന്നിയില്ലല്ലൊ?? ഒന്ന് കാണാൻ തോന്നിയില്ല്ലലോ???

“ഇനി നമ്മൾ ചിലവാക്കിയ കാശൊക്കെ തിരിച്ചു തരണ്ടേ എന്നോർത്തു മുങ്ങിയതാവും ആ അമ്മയും മകനും..’ ഏട്ടത്തിയുടെ വക സംസാരം കൂടെ കേട്ടപ്പോൾ ആകെ ദേഷ്യം തോന്നി…

“പണം കൊടുത്തു എന്നതിനപ്പുറം ഒരടുപ്പവും ഒരിഷ്ടവും തോന്നിയിട്ടില്ലേ??

അവൾക്ക് ഓർതോർത്തിരിക്കെ കരച്ചിൽ വന്നു.

പിന്നെ മെല്ലെ മെല്ലെ മറക്കാനുള്ള ശ്രമമായിരുന്നു…ആ അമ്മയെയും മകനെയും..

“മോളെ എത്ര കാലമാണ് ഇങ്ങനെ..ദേ ഇപ്പൊ ഒരാലോചന വന്നിട്ടുണ്ട്..അശോകേട്ടന്റെ ഒരു കൂട്ടുകാരൻ വഴി വന്നതാണ്. അവർക്ക് സ്ത്രീധനം ഒന്നും വേണ്ട. നീ എതിർപ്പൊന്നും പറയരുത്..

ഒരു ദിവസം ഏട്ടത്തി വിളിച്ചു പറഞ്ഞു..

ഞാൻ ഒന്നും മിണ്ടിയില്ല..മിണ്ടിയാലും കാര്യമില്ല. ഏട്ടത്തി രണ്ടിലൊന്ന് തീരുമാനിച്ചാണ്..

ചായ കൊണ്ടു പോയി കൊടുത്തത് അമ്മയാണ്…

“നീയൊന്ന് അവിടെ വന്നു നിന്നാൽ മതി. അവരൊന്നു കണ്ടിട്ട് പോകട്ടെ..ഏട്ടത്തിയുടെ വാക്കുകളെ ധിക്കരിക്കുന്നതെങ്ങനെ..ഒരു മരപ്പാവ കണക്കെ പോയി നിന്നു..അവരുടെ മുൻപിൽ..തന്നെ പെണ്ണുകാണാൻ വന്നവരുടെ മുൻപിൽ..

“തലയൊന്ന് പൊക്കി നോക്ക് മോളെ…എന്നാലല്ലേ ചെക്കനെ കാണാൻ പറ്റൂ…

എവിടെയോ കേട്ടു മറന്ന ശബ്‍ദം…

രാഹുലേട്ടന്റെ അമ്മ!!!

അതെ ചിരി!”” അന്ന് ട്രെയിനിൽ വച്ചു കണ്ടപ്പോഴുള്ള അതെ രൂപം..

പരിസരം മറന്നു തന്നെ നോക്കുന്ന രാഹുലേട്ടൻ!!! ആ കണ്ണുകളിൽ തിളങ്ങുന്ന പ്രണയം വായിച്ചെടുക്കുകയായിരിന്നു മൃദുല…

പെട്ടന്നാണ് പിന്നിൽ നിന്ന ഏട്ടത്തി കൈത്തണ്ടയിൽ നുള്ളിയത്..എന്റെ പെട്ടന്നുള്ള ചമ്മിയ ഭാവം അവിടെ ഒരു പൊട്ടിച്ചിരിക്ക് വകയൊരുക്കി..

ശുഭം..

ആഷ് ✍️✍️