ആ ഭീകരശബ്ദം കേട്ട് അടുക്കളയിൽ ദോശ ചുട്ടുകൊണ്ടിരുന്ന അമ്മ കയ്യിൽ  ചട്ടുകവുമായി അന്ധാളിച്ചു ഓടിവന്നു..

നിള…

Story written by Sai Bro

=============

രാവിലെ എഴുന്നേറ്റു കണ്ണാടിയുടെ മുന്നിൽ നിന്നപോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടത്..

തലമുടിക്കിടയിലും താടിരോമങ്ങൾക്കിടയിലും നീണ്ട നരച്ച രോമങ്ങൾ പ്രത്യക്ഷപെട്ടിരിക്കുന്നു..

“അമ്മേ “

ആ ഭീകരശബ്ദം കേട്ട് അടുക്കളയിൽ ദോശ ചുട്ടുകൊണ്ടിരുന്ന അമ്മ കയ്യിൽ  ചട്ടുകവുമായി അന്ധാളിച്ചു ഓടിവന്നു..

എന്താടാ വിളിച്ചു കൂവുന്നെ ?

ഇതുകണ്ടോ, എന്റെ തലമുടിയും താടിയും നരച്ചു..

അതിന് ?

ഞാൻ പെണ്ണ് കേട്ടീട്ടില്യ..

അതിന്?

മാങ്ങാതൊ ലി, ഇങ്ങനെ ചോദ്യം ചോയ്ച്ചു നീക്കാണ്ട്, എനിക്കൊരു പെണ്ണിനെ കണ്ടുപിടിച്ചു എന്റെ കല്യാണം നടത്താൻ നോക്ക്..അമ്മക്ക് കുശുമ്പു കാണിക്കാൻ ഒരു മരുമോള് ഈ കുടുംബത്തിൽ വേണ്ടെന്നാണോ ??

എന്റെ ചോദ്യശരങ്ങൾ ഏറ്റു അമ്മ അന്തംവിട്ടു നിൽക്കുമ്പോൾ മേശയിൽനിന്നും കത്രിക കൈക്കലാക്കി തലയിലെയും താടിയിലേക്കും വെള്ളിരോമങ്ങളെ കടയടക്കം വെട്ടിമാറ്റാനുള്ള തത്രപാടിലായിരുന്നു ഞാൻ..

കുളിയും കഴിഞ്ഞു കാവിമുണ്ട്ചുറ്റി അമ്പലത്തിലേക്ക് ഓടുമ്പോഴാണ് അമ്പലം പ്രസിഡണ്ട് ഉണ്ണ്യേട്ടൻ ഇന്നലെ ഏല്പിച്ച ദൗത്യം ഓർമ്മവന്നത്..

അമ്പലത്തിൽ ഉത്സവം കൊടിയേറാൻ ഇനി കഷ്ടിച്ച് ഒരു മാസമേ ഒള്ളു..ഈ കൊല്ലം ഒരു പുതുമയുണ്ട് ഉത്സവത്തിന്‌,..കൊടിയേറ്റിന്ടെ അന്ന്  ക്ഷേത്രത്തിന് ചുറ്റുമുള്ള വീടുകളിലെ നൂറോളം വീട്ടമ്മമാർ പങ്കെടുക്കുന്ന ഒരു മെഗാ തിരുവാതിരക്കളി അമ്പലംകമ്മിറ്റി ഒരുക്കിയിട്ടുണ്ട്..ചേച്ചിമാരെ തിരുവാതിര പഠിപ്പിക്കുന്നതിനായി പ്രശസ്തയായ ഒരു നൃത്ത അദ്ധ്യാപികയെ കണ്ടെത്തുകയും ചെയ്തു പ്രസിണ്ടന്റ് ഉണ്ണ്യേട്ടൻ…

ആഴ്ചയിൽ നാല് ദിവസം ടീച്ചറെ വീട്ടിൽനിന്നും അമ്പലത്തിൽ എത്തിക്കുകയും തിരികെ കൊണ്ട് വിടുകയും വേണം..ആ ഉത്തരവാദിത്വം പ്രത്യേകിച്ച് ജോലിയും കൂലിയും ഇല്ലാത്ത എനിക്കാണ് ഉണ്യേട്ടൻ ഏല്പിച്ചു തന്നിരിക്കുന്നത്…

അമ്പലത്തിലെത്തി ഉണ്യേട്ടന്റെ കയ്യിൽനിന്നും കാറിന്റെ ചാവിയും വാങ്ങി ടീച്ചറുടെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴാണ് സൈഡ് സീറ്റിൽ കിടന്നിരുന്ന ഉത്സവ നോട്ടീസ് കണ്ടത്..

നോട്ടീസിലേക്ക് കണ്ണ് പരതിയപ്പോൾ നൃത്ത അധ്യാപികയുടെ പേര് കണ്ടു..

“നിള “

ആഹാ, കൊള്ളാലോ പേര്..

ഒന്ന്‌രണ്ട്‌ തവണ വഴി തെറ്റിയെങ്കിലും പറഞ്ഞ സമയത്ത്തന്നെ കാർ ടീച്ചറുടെ വീടിന് മുൻപിൽ എത്തിച്ചപ്പോൾ ഞാനെന്ടെ ഡ്രൈവിങ്ങിൽ ഒന്ന് അഹങ്കരിച്ചു..

ഹോൺ നീട്ടിമുഴക്കി അതികം കാത്തിരിക്കേണ്ടി വന്നില്ല ടീച്ചർ ആയിരിക്കണം ഒരു സ്ത്രീ ഓടിവന്നു ഗേറ്റ് തുറന്ന് കാറിന്റെ പിറകിൽ കയറി..

സോറിട്ടോ, അല്പം താമസിച്ചതിൽ ക്ഷമിക്കണം, വണ്ടി കത്തിച്ചു വിട്ടോ മാഷെ…

അത് കേട്ടപ്പോൾ കണ്ണാടിയിലൂടെ പിറകിൽ ഇരിക്കുന്നവളെ ഞാനൊന്നു നോക്കി..

നൃത്തദ്ധ്യാപിക എന്ന് കേട്ടപ്പോൾ ഏകദേശം നാൽപത് വയസ് കഴിഞ്ഞ മദ്ധ്യവയസ്കയുടെ രൂപമായിരുന്നു മനസ്സിൽ..

എന്റെ എല്ലാ മുൻധാരണകളേയും തകിടംമറിച്ചായിരുന്നു നിള ടീച്ചറുടെ വരവ്..

ഏകദേശം ഇരുപത്തിയഞ്ചു വയസ് കാണും ടീച്ചർക്ക്‌, വട്ടമുഖം, നെറ്റിയിൽ വൃത്താകൃതിയിലുള്ള  ചുവന്ന പൊട്ട്, കരിമഷി എഴുതിയ പരൽമീൻ കണ്ണുകൾ, അണിഞ്ഞിരിക്കുന്ന ചുവന്ന സാരി അവരുടെ സൗന്ദര്യത്തെ ജ്വലിപ്പിക്കുന്നതുപോലെ…

ഒന്നൂടെ ശ്രദ്ധിച്ചപ്പോൾ ടീച്ചർടെ മുഖത്തു പാറി പറന്ന്കിടക്കുന്ന മുടിയിഴകളിൽ പലതും വെള്ളിനൂൽ പോലെ നരച്ചിരിക്കുന്നതായി കണ്ടു..

ആഹാ, ന്നാ ശരി, ഞാനും വളർത്താൻ പുവാ ഇനി നരച്ച മുടിയും തടീം…ഞാൻ മനസിൽ പറഞ്ഞു..

അമ്പലമുറ്റത്തെത്തിയപ്പോൾ ഉണ്ണ്യേട്ടൻ നിറചിരിയോടെ നിള ടീച്ചറെ സ്വാഗതം ചെയ്തു..ഇങ്ങോട്ടുള്ള യാത്ര ടീച്ചറെ  ക്ഷീണിപിച്ചു കാണില്ലെന്ന് വിശ്വസിക്കുന്നു എന്ന് ഉണ്യേട്ടൻ കുശലം പറഞ്ഞപ്പോൾ വളരെ സിംപിൾ ആയിത്തന്നെ ടീച്ചറുടെ മറുപടി വന്നു..

കാർ ഡ്രൈവ് ചെയ്ത പുള്ളിക്ക് പിറകിലും കണ്ണുള്ളതുകൊണ്ട് യാത്ര വളരെ ആസ്വദിച്ചു. ഒട്ടും മുഷിച്ചിൽ തോന്നിയില്ല ട്ടോ..

അത്കേട്ട് ഉണ്ണ്യേട്ടൻടെ കൂർത്തനോട്ടം എനിക്കുനേരെ നീണ്ടപ്പോൾ താനേ തലകുനിഞ്ഞു..

അപ്പൊ കണ്ടൂലെ ടീച്ചറെ ഞാൻ കണ്ണാടിയിലൂടെ നോക്കിയത്..കാണാൻ ഭംഗി ഉള്ളോണ്ടല്ലേ നോക്കിയത്, അതിലെന്താ തെറ്റ്, ഞാൻ ഇനീം നോക്കും..

അത്രേം മനസ്സിൽ പറഞ്ഞോണ്ട് ഞാനെന്റെ പാട്ടിനുപോയി..

നിള ടീച്ചറുടെ കീഴിൽ അമ്മമാരുടെയും ചേച്ചിമാരുടെയും തിരുവാതിരകളി പഠനം കേമം തന്നെ ആർന്നു..ടീച്ചറുടെ കൈവിരലുകളിൽ മുദ്രകൾ വിരിയുന്നത് മറ്റുള്ളവർക്കൊപ്പം നിന്ന് ആരാധനയോടെ ഞാനും നോക്കി കണ്ടു..ടീച്ചറുടെ സൗന്ദര്യവും ഹൃദയം തുറന്നുള്ള പെരുമാറ്റവും ഞങ്ങളുടെ നാട്ടുകാർക്കെല്ലാർക്കും അവരെ പ്രിയങ്കരി ആക്കി മാറ്റി..

പിറകിലും കണ്ണുള്ളവൻ എന്ന് ആദ്യമേ വിശേഷിപ്പിച്ചതുകൊണ്ടാവണം നിളടീച്ചറോട് സംസാരിക്കാൻ മടിയായിരുന്നു എനിക്ക്..കാറിൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകളിൽ എന്നും നിശ്ശബ്ദതയായിരുന്നു ഞങ്ങൾക്കിടയിൽ..

ഒരൂസം രണ്ടുംകല്പിച്ചു ഞാൻ ടീച്ചറോട് സംസാരിച്ചു തുടങ്ങി..എന്റെ വാ തുറക്കാൻ കാത്തുനിന്നതുപോലെയായിരുന്നു നിള ടീച്ചർ..ചറപറാ സംസാരമായിരുന്നു ഞങ്ങൾതമ്മിൽ പിന്നങ്ങോട്ട്..

ടീച്ചറുടെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചുപോയി എന്നും വീട്ടിൽ അമ്മ മാത്രേ ഒള്ളു എന്നും അതിനിടയിൽ ഞാൻ മനസിലാക്കി

അല്ല മാഷെ, തന്റെ തലയിലും താടിയിലും കൊറേ നര വീണിട്ടുണ്ടല്ലോ, വയസ്സ് കൊറേ ആയോ, അതോ ഇതാണോ ഇപ്പോഴത്തെ ട്രെന്റ് ?

പിറകിൽനിന്നും ടീച്ചറുടെ ചോദ്യം കേട്ടപ്പോഴാണ് കണ്ണാടിയിൽ ഞാൻ മുഖം ശ്രദ്ധിച്ചത്..

ശരിയാണ്, താടിയിലും തലയിലും നരച്ച മുടിയിഴകൾ ഒരുപാടായി..

അല്ല ടീച്ചറെ, ഇങ്ങടെ തലയിലും വെള്ളിനൂലുകൾ ഒരുപാടായല്ലോ എന്ന് ഞാനൊരു മറുചോദ്യം ഉയർത്തിയപ്പോൾ ടീച്ചർ മറുപടിപറയാതെ വെറുതെയൊന്നു പുഞ്ചിരിച്ചു..

എന്തൊക്കെയായാലും ആ വെള്ളിനൂലുകൾ ടീച്ചറുടെ ഭംഗി കൂട്ടിയിട്ടേ ഒള്ളൂട്ടോ..

ആണോ, ഞാനിത് പിഴുതു കളയണം എന്നോർത്തിരിക്കുവായിരുന്നു, ഇനീപ്പോ അത് അവിടെത്തന്നെ ഇരിക്കട്ടെ, കളയുന്നില്ല..

പിറകിൽ നിന്നും ടീച്ചറുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സ് നിറഞ്ഞപോലെ..

എത്ര ദിവസായി വീടിന്റെ പടിവരെ വന്നുപോകുന്നു, ഇന്നേതായാലും വീട്ടിൽ കയറീട്ടു പൂവാം..

ടീച്ചറുടെ ആ ക്ഷണം നിരസിക്കാൻ മനസ്സ് അനുവദിച്ചില്ല, അതുകൊണ്ടുതന്നെ ഒഴിവുകഴിവുകൾ പറയാൻ നിൽക്കാതെ ടീച്ചറുടെ പിറകെ വീട്ടിലേക്ക് നടന്നു..

വൃത്തീം വെടിപ്പുമുളള ഒരു ചെറിയ വീട്, ടീച്ചറെപ്പോലെ തന്നെയായിരുന്നു ടീച്ചറുടെ അമ്മയും..ഹൃദ്യമായ പെരുമാറ്റം..ടീച്ചർഅകത്തോട്ടു പോയപ്പോൾ അമ്മ എനിക്കൊപ്പം തിണ്ണയിലിരുന്നു ഏറെ നേരം സംസാരിച്ചു..

അടുക്കളയിൽ അല്പം പായസം ഇരുപ്പുണ്ടെന്നും അത് ഒരുഗ്ലാസ്സ് കഴിച്ചിട്ട് പോയാൽ മതിയെന്നും അമ്മ പറഞ്ഞപ്പോൾ ഒരു ഗമക്ക് വേണ്ടി ഞാനത് സ്നേഹപൂർവ്വം നിരസിച്ചു. അത് അമ്മക്ക് വിഷമം ആയെന്നു തോന്നുന്നു, മുഖം അല്പം വാടിയതുപോലെ..

എന്തൂട്ട് പായസാ അമ്മേ, പാലട ആണോ ?

അപ്പുറത്തുനിന്നും ഉയർന്ന  ടീച്ചറുടെ ചോദ്യത്തിന് അതെ എന്ന് അമ്മ മറുപടി നൽകിയതോടെ എന്റെ വായ്ക്കകത്ത് തിരമാല അടിച്ചു തുടങ്ങി..

‘പാലട പ്രഥമൻ ‘ എന്റെ ഒടുക്കത്തെ വീക്ക് പോയന്റ്..ഈശ്വരാ ഇതാണോ ഇത്രേംനേരം ഞാൻ വേണ്ടാന്ന് പറഞ്ഞത്..

എന്റെ മനസ്സ് വായിച്ചിട്ടെന്നോണം ഒരു ഗ്ലാസ്‌ നിറയെ പായസവുമായി അമ്മ അരികിലെത്തി..അമ്മ അടുത്തൂന്നു മാറിയതും ഒറ്റവലിക്ക് ഗ്ലാസ്‌ ഞാൻ കാലിയാക്കി..പോരാഞ്ഞിട്ട് ചൂണ്ടുവിരൽ ഗ്ലാസ്സിനകത്തിട്ടു കറക്കി വിരലിൽ പറ്റിപ്പിടിച്ചിരിക്കുന്ന പായസതുള്ളിയെ നാവുകൊണ്ട് നക്കിയെടുക്കുമ്പോൾ അതാ തൊട്ടുമുമ്പിൽ “നിള ടീച്ചർ “

ഇനീം വേണോ പായസം ?

ടീച്ചറുടെ ചോദ്യം കേട്ടപ്പോൾ അറിയാതെ വേണം എന്ന അർത്ഥത്തിൽ തലയാട്ടിപോയി..

എന്തിനുപറയുന്നു നാല് ഗ്ലാസ്‌ പാലടപ്രഥമൻ കുടിപ്പിച്ചു വയറും നിറപ്പിച്ചാണ് നിളടീച്ചർ അന്ന് വീട്ടിൽനിന്നും എന്നെ പറഞ്ഞയച്ചത്..

തിരികെ കാറോടിക്കുമ്പോൾ പായസം കുടിച്ചുവീർത്ത എന്റെ വയറും ആ സന്തോഷത്താൽ നിറഞ്ഞ ഹൃദയവും എന്നോട് മന്ത്രിച്ചു..

നീ നിളയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു..

അമ്പലത്തിൽ കൊടിയേറ്റു കഴിഞ്ഞതും ചെറിയൊരു കരിമരുന്നു പ്രയോഗത്തിന് പിറകെ തിരുവാതിരക്കളി ആരംഭിച്ചു..അന്തരീക്ഷത്തിൽ ഉയർന്ന തിരുവാതിരപാട്ടിനൊപ്പം സെറ്റ്മുണ്ടുടുത്ത ചേച്ചിമാരുടെ ദ്രുത ചലങ്ങൾ..

നാട്ടുകാർക്കൊപ്പം തിരുവാതിരക്കളി ആസ്വദിച്ചിരിക്കുന്ന നിളടീച്ചറുടെ  തൊട്ടുപിറകിൽ ഞാനും ഇരിപ്പുണ്ടായിരുന്നു…വെള്ളിനൂലുകൾ പോലെ പറക്കുന്ന ആ നീണ്ട മുടിയിഴകളിൽനിന്നും ഉത്ഭവിക്കുന്ന കാച്ചിയ എണ്ണയുടെ ഗന്ധവും ആസ്വദിച്ചുകൊണ്ട്..

പറഞ്ഞതിലും കൂടുതൽ തുക ദക്ഷിണ നൽകിയാണ് ഉണ്ണ്യേട്ടനും നാട്ടുകാരും നിളടീച്ചറെ അന്ന് യാത്രയാക്കിയത്..അത്രക്കും ഗംഭീരമായിരുന്നു തിരുവാതിരക്കളി..

തിരിച്ചു വീട്ടിലോട്ടുള്ള യാത്രയിൽ ടീച്ചർ പതിവില്ലാതെ എനിക്കൊപ്പം കാറിനു മുൻസീറ്റിൽ ഇരുപ്പുറപ്പിച്ചു. പരിപാടി നന്നായതുകൊണ്ടാവാം ടീച്ചർ പതിവിൽകവിഞ്ഞു ആഹ്ലാദവതിയായിരുന്നു..

പക്ഷെ എന്റെ ഇടനെഞ്ഞിൽ എന്തോ ഒരു സങ്കടം..കരിങ്കല്ല് കയറ്റിവച്ചിരിക്കുന്നതു പോലൊരു ഭാരം.. ഉള്ളിലെ ഇഷ്ടം നിളയോട് പറയണം എന്നുണ്ട്, പക്ഷെ മനസിന്‌ ധൈര്യം പോരാ..

ഉള്ളിൽ ഒരു വീർപ്പുമുട്ടലോടെ ഞാനിരുന്നു ടീച്ചറുടെ വീടിന്റെ പടി എത്തുംവരെ.

‘അമ്പലത്തിൽ കയറി തൊഴുതപ്പോൾ കുറി വരയ്ക്കാൻ മറന്നു പോയി, മാഷിന്റെ നെറ്റിയിലെ ചന്ദനം കണ്ടപ്പോഴാണ് അതോർമ്മവന്നത്..കാറിൽ നിന്നും ഇറങ്ങാൻ നേരത്ത് എന്റെ നെറ്റിയിലേക്ക് നോക്കി നിളടീച്ചർ പതിയെ പറഞ്ഞു..

ഒരു നിമിഷം, പെട്ടെന്ന് തോന്നിയ ഒരാവേശത്തിനു ഞാനൊന്ന്  മുന്നോട്ടാഞ്ഞു നിളയുടെ നെറ്റിതടം എന്റെ നെറ്റിയിലേക്ക്  ചേർത്തു പിടിച്ചു..

നാസികകൾ ചേർന്നുരുമ്മി, അധരം അധരത്തോട് ചേരാതെ ചേർന്നു, ചുടു നിശ്വാസം ഇരു കവിൾതടങ്ങളും ഏറ്റുവാങ്ങി..എന്റെ നെറ്റിയിലെ ചന്ദനവും കുങ്കുമവും നിളയുടെ നെറ്റിയിൽ പടർന്നു..

********************

അച്ഛാ, ഈ അമ്മേടെ മുടിമുഴുവനും എന്താ ഇങ്ങനെ വെളുത്തിരിക്കണേ ?

മൂന്ന് വയസുള്ള കടിഞ്ഞൂൽ പുത്രിയുടെ സംശയംകേട്ട് ഞാൻ അടുക്കളയിൽ പായസം ഇളക്കികൊണ്ടിരിക്കുന്ന പ്രിയതമയുടെ നരച്ചമുടിയിഴകളെ നോക്കിയൊന്നു പുഞ്ചിരിച്ചു..

അത് അമ്മക്ക് വയസായത്‌കൊണ്ടാ മോളു..

അപ്പൊ അച്ഛന്ടെ മുടി വെളുത്തിട്ടില്ലലോ, അച്ഛന് വയസാവൂലെ ?

ഏയ്‌, നിന്റെ അമ്മയെപ്പോലെ ഈ അച്ഛന് വയസായിട്ടില്ല, അച്ഛനിപ്പോഴും ചെത്ത്‌ പയ്യനല്ലേ മോളു..

ഉവ്വാ, തലനിറയെ കറുത്തകളറും തേച്ചു നടക്കുവാ കിഴവൻ, എന്നിട്ട് എന്നെ കുറ്റം പറയാൻ വന്നേക്കുന്നു..അച്ഛനും മോളും ഇങ്ങുവാ പാലടപായസം ചോദിച്ചു..ശരിയാക്കി തരാം..

അടുക്കളയിൽനിന്നും നിളയുടെ പിറുപിറുക്കൽ ഉയരുമ്പോൾ ഉമ്മറകോലായിലെ തറയിൽ  കുഞ്ഞികാലടികൾ ഉറപ്പിച്ചുചവിട്ടി, കൈ വിരലുകളിൽ മുദ്രകൾ വിരിയിക്കാൻ ശ്രമിക്കുന്ന ഞങ്ങളുടെ പോന്നുമോളുടെ തിരുവാതിരക്കളി ചുവടുകൾ ആസ്വദിക്കുകയായിരുന്നു ഞാൻ..

~Sai Bro