അതും പറഞ്ഞ് ദിലീപ് കട്ടിലിൽ കിടന്ന ഒരു ബെഡ്ഷീറ്റെടുത്ത് നിലത്ത് വിരിച്ചിട്ട് മാറി കമിഴ്ന്ന് കിടന്നു…

നഗരവാസിയും നാട്ടിൻ പുറവും

Story written by Saji Thaiparambu

=============

“നിന്റെ ഭാഗ്യമാ മോളേ, ദിലീപിനെ പോലൊരു പയ്യനെ ഭർത്താവായി കിട്ടിയത് “

കല്യാണം കഴിഞ്ഞ് ചെറുക്കന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോൾ അമ്മ, ശ്രീജയോട് പറഞ്ഞു.

“എനിക്കറിയാമ്മേ എന്നാലും നിങ്ങളെയൊക്കെ വിട്ട് പോകുന്നതിന്റെ ഒരു വിഷമമേയുള്ളു”

“ഓഹ് അതൊക്കെ നീ അവിടെ ചെന്ന് കഴിയുമ്പോൾ മാറിക്കോളും പണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു”

പുറകിൽ നിന്ന സീത ചിറ്റ, അവളെ സമാധാനിപ്പിച്ചു.

”ങ്ഹാ ,മോളേ പിന്നൊരു കാര്യം, ദിലീപ് ഒരു നാട്ടിൻ പുറത്ത് കാരനാ, മാത്രമല്ല നിന്നെ പോലെ പഠിപ്പും പത്രാസുമൊന്നും ഉണ്ടാവില്ല. അത് കൊണ്ട് നീ നിന്റെ നഗര പരിഷ്കാരങ്ങളൊന്നും അവന്റെ നേരെ കാട്ടരുത് കെട്ടാ”

“ഓഹ്, എന്റമ്മേ..ഞാൻ നോക്കീം കണ്ടും നിന്നോളാം, ഈ അമ്മയുടെ ഒരു കാര്യം “

എല്ലാവരോടും യാത്ര പറഞ്ഞ് ശ്രീജ, ദിലീപിനോടൊപ്പം കാറിന്റെ പിൻസീറ്റിലേക്ക് കയറിയിരുന്നു.

കാറ് നഗരാതിർത്തി വിട്ട്, നെൽപാടങ്ങൾ അതിരിടുന്ന ചെമ്മൺ പാതയിലേക്ക് കയറി

കുറച്ച് ദൂരം ഓടിക്കഴിഞ്ഞപ്പോൾ ഒരു നാരോ ബ്രിഡ്ജിറങ്ങി കാറ് ഒറ്റയടിപ്പാതയുടെ മുന്നിൽ നിന്നു

“ദാ, ആ കാണുന്നതാ വീട്”

അത് വരെ മൗനിയായിരുന്ന ദിലീപ് ശ്രീജയോട് പറഞ്ഞു.

ചുറ്റിനും കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പച്ചപുതച്ച നെൽപാടത്തിന് നടുവിൽ പഴയ നാല് കെട്ട് പോലൊരു വലിയ ഇരുനില വീട് കണ്ട് ശ്രീജ അമ്പരപ്പോടെ നിന്നു.

“എന്താ ശ്രീജേ നോക്കി നില്ക്കുന്നത് , കയറി വരു, ആ കാണുന്ന വയല് മുഴുവൻ നമ്മുടെ തന്നാ, എല്ലാം നമുക്ക് പിന്നീട് നടന്ന് കാണാം “

ദിലീപ് ശ്രീജയെ അകത്തേക്ക് ക്ഷണിച്ചു.

രാത്രിയിൽ, പാല് നിറച്ച ഗ്ളാസ്സുമായി മുറിയിലേക്ക് വരുമ്പോൾ അവിടെ ദിലീപിനെ കാണുന്നില്ല.

ഗ്ളാസ്സ് മേശപ്പുറത്ത് വച്ച് ശ്രീജ മുറിക്ക് പുറത്തിറങ്ങി വരാന്തയിലേക്ക്
നടക്കുമ്പോൾ.ഹാളിൽ വച്ചിരിക്കുന്ന ടിവിയുടെ മുന്നിൽ അതാ ഇരിക്കുന്നു ദിലീപ്

“ങ്ഹാ, ഇവിടെ വന്നിരിക്കുവായിരുന്നോ?

ശ്രീജ.അവന്റെ അടുക്കലേക്ക് വന്നു.

അപ്പോഴാണവൾ ദിലീപിനെ ശ്രദ്ധിച്ച് നോക്കിയത്.

ടിവിയിലെ സീരിയല് കണ്ട്, അതിലെ നായികയോടൊപ്പം അവനും കരയുകയായിരുന്നു.

“അയ്യേ…ഇതെന്താ ഈ കാട്ടുന്നെ, ദിലീപേട്ടനെന്തിനാ കരയുന്നത് “

“എനിക്ക് സഹിക്കുന്നില്ല ശ്രീജേ, പാവം ദീപ്തിയോട് എത്ര നാളായിട്ട് ആ ത ള്ള പോര് കാണിക്കുവാ,അതിന് ചോദിക്കാനും പറയാനും ആരുമില്ലാഞ്ഞിട്ടല്ലേ?”

മൂക്ക് തുടച്ച് കൊണ്ട് ദിലീപൻ പറഞ്ഞ മറുപടി കേട്ട്, ശ്രീജ അന്ധാളിച്ച് പോയി.

ഈശ്വരാ, പെണ്ണുങ്ങളെപ്പോലെ ഈ ആണുങ്ങളും സീരിയലിന് അഡിക്ടാണോ

അവൾ മനസ്സിൽ ഉച്ചരിച്ച് കൊണ്ട് ഒന്നും മിണ്ടാതെ മുറിയിലേക്ക് തിരിച്ച് നടന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ദിലീപ് മുറിയിലേക്ക് വന്നു.

“ങ്ഹാ , താൻ ഉറങ്ങിയില്ലാരുന്നോ?

“ഹേയ് ഇല്ല, അങ്ങനെ ഉറങ്ങാൻ പറ്റിയ ദിവസമാണോ ഇന്ന് “

“ങ്ഹേ, അതെന്താ അങ്ങനെ പറഞ്ഞത്”

ദിലീപ് ഒന്നും മനസ്സിലാകാത്ത പോലെ ചോദിച്ചു.

“അല്ല..ഞാൻ പറഞ്ഞെന്നെയുള്ളു. “

ശ്രീജ അമളി പറ്റിയത് പോലെ പറഞ്ഞു.

“ഈ ഫാനെന്തിനാ ഓണാക്കിയത്, എനിക്ക് അലർജിയുള്ളത് കൊണ്ട് വർഷങ്ങളായി ഞാൻ ഫാൻ ഓൺ ചെയ്യാറില്ല”

ദിലീപ് വേഗം ഫാനിന്റെ സ്വിച്ച് ഓഫ് ചെയ്തപ്പോൾ ശ്രീജ ഞെട്ടി.

ഈശ്വരാ, വീട്ടിൽ വച്ച് മഴക്കാലത്ത് പോലും ഫാനില്ലാതെ താൻ കിടന്നുറങ്ങിയിട്ടില്ല എന്നവൾ ഓർത്തു.

ഫാൻ ഓഫ് ചെയ്തപ്പോൾ ചൂട് കൊണ്ട് അവൾ ആകെ വിയർത്ത് കുളിച്ചു.

“എന്നാൽ പിന്നെ നമുക്ക് നേരത്തെ കിടക്കാം, രാവിലെ മുതൽ ഒരേ നില്പല്ലേ നല്ല ക്ഷീണമുണ്ട് ”

അതും പറഞ്ഞ് ദിലീപ് കട്ടിലിൽ കിടന്ന ഒരു ബെഡ്ഷീറ്റെടുത്ത് നിലത്ത് വിരിച്ചിട്ട് മാറി കമിഴ്ന്ന് കിടന്നു.

“ഇതെന്താ താഴെ കിടക്കുന്നത് “

അവൾ ആകാംക്ഷയോടെ ചോദിച്ചു

“ഹോ, എനിക്ക്  തറയിൽ കിടന്നാലേ ഉറക്കം വരു, ഈ കട്ടിലും ബെഡ്ഡു മൊക്കെ കല്യാണം പ്രമാണിച്ച് നിനക്ക് വേണ്ടി മേടിച്ചതാ, നീ അതിൽ കിടന്നോളു “

ശ്രീജ എല്ലാം കേട്ട് അന്തം വിട്ടിരുന്നു.

ചൂട് സഹിക്കാൻ വയ്യാതെ അവൾ ഉടുത്തിരുന്ന സാരി ഉരിഞ്ഞ് അഴയിൽ ഇട്ടിട്ട്, വീട്ടിൽ നിന്ന് കൊണ്ട് വന്ന ബാഗ് തുറന്ന് ഒരു നൈറ്റിയെടുത്തു.

“ആ ലൈറ്റ് ഓഫ് ചെയ്തിട്ട് ഡ്രസ്സ് മാറ്, നഗരത്തിൽ പഠിച്ചിട്ടും ഇതൊന്നും ആരും പറഞ്ഞ് തന്നില്ലേ “

ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ദിലീപ് അപ്പോഴും കമിഴ്ന്ന് കിടക്കുകയായിരുന്നു.

എന്റെ ഭഗവതീ എന്നെ ഇങ്ങനെ പരീക്ഷിക്കല്ലേ ?

അവൾ മനസ്സുരുകി പ്രാർത്ഥിച്ചു.

താഴെ നിന്നുയരുന്ന ദിലീപിന്റെ കൂർക്കംവലിയും മുകളിൽ നിന്നുള്ള 38 ഡിഗ്രി ചൂടും താങ്ങാനാവാതെ ശ്രീജ കട്ടിലിൽ കുത്തിയിരുന്ന് നേരം വെളുപ്പിച്ചു.

ബാഗ് തുറന്ന്, ടൂത്ത്ബ്രഷ് എടുത്ത് കൊണ്ട് അവൾ പുറത്തെ ബാത്റൂമിലേക്ക് ചെന്നു.

അവിടെ ടൂത്ത് പേസ്റ്റിന് പകരം ഒരു പാട്ടയിൽ ഉമിക്കരി, ഇരിക്കുന്നത് കണ്ടു.

ടൂത്ത് പേസ്റ്റ് പോലുമെത്താത്ത കുഗ്രാമമാണോ ഇത്

പല്ല് തേച്ച് കഴിഞ്ഞപ്പോഴാണ് വയറിനകത്തൊരു അസ്വസ്ഥത

അവൾ പെട്ടെന്ന് കുളിമുറിയിൽ നിന്നിറങ്ങി അതിനോട് ചേർന്ന് നില്ക്കുന്ന അടുത്ത മുറിയിലേക്ക് കയറി

പുറമേയുള്ള കാഴ്ച്ചയിൽ അത് ശൗ ചാലയം തന്നെയാണെന്ന് അവൾ ഉറപ്പിച്ചിരുന്നു.

മൂല പൊട്ടിയ ആസ് ബസ് റ്റോസ് ഷീറ്റ് കൊണ്ട് മറച്ച വാതിൽ തുറന്ന് അകത്തേക്ക് കയറിയ ശ്രീജ ശരവേഗത്തിൽ പുറത്തേക്ക് ചാടി.

ഹോ! ബസ് സ്റ്റാന്റിലെ ക ക്കൂസ് ഇതിലും എത്രയോ ഭേദമാ ഇവിടുള്ളവരൊന്നും മനുഷ്യരല്ലേ

ശ്രീജയ്ക്ക് അതിനകത്തെ രംഗം മനസ്സിലോർത്തപ്പോൾ ഓക്കാനം വന്നു.

“അയ്യോ അതെന്തിനാ തുറന്നത്, ഞങ്ങളാരും കഴിഞ്ഞ പ്രളയത്തിന് ശേഷം അതിൽ കയറിയിട്ടില്ല. അന്ന് അതിൽ നിറയെ പാമ്പുകളെ കണ്ടത് കൊണ്ട് എല്ലാവരും സന്ധ്യമയങ്ങുമ്പോൾ ദാ ആ കാണുന്ന കുറ്റിക്കാട്ടിൽ പോയി കാര്യം സാധിക്കും, തത്ക്കാലം ശ്രീജ ഒന്ന് പിടിച്ച് വയ്ക്ക്, വൈകുന്നേരമാവട്ടെ, ചേച്ചിയൊക്കെ പോകുമ്പോൾ അവരോടൊപ്പം പോകാം”

അത് കേട്ട് ശ്രീജയ്ക്ക് തന്റെ തൊലി ഉരിയുന്നത് പോലെ തോന്നി.

ദേഷ്യവും സങ്കടവുംകൊണ്ടവളുടെ നിയന്ത്രണം വിട്ടു.

“എന്തിനാ..നിങ്ങളെന്നോടീ ചതി ചെയ്തത്, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ പ്ളീസ്, എന്നെ എന്റെ വീട്ടിൽ കൊണ്ട് വിട്ടേക്കു, ഞാൻ എങ്ങൊയെങ്കിലും ജീവിച്ചോളാം”

അവന്റെ മുന്നിൽ കൈകൂപ്പി നിന്നവൾ പൊട്ടിക്കരഞ്ഞുപോയി.

“ആങ്ഹാ, അങ്ങനങ്ങ് പോയാലോ?അതിനാണോ എന്റെ മോൻ നിനക്ക് വേണ്ടി ആ കാണുന്ന പുതിയ വീട് പണിതത്. അവൻ നാട്ടിൻ പുറത്ത് കാരനാണെങ്കിലും ഒരു നഗരവാസി പെണ്ണിനെ മാത്രമേ കല്യാണം കഴിക്കൂ എന്നവൻ പണ്ടേ പറയുമായിരുന്നു. അതിന് വേണ്ടി എല്ലാ തയ്യാറെടുപ്പുകളും അവൻ നേരത്തെ തുടങ്ങിയിരുന്നു.”

ദിലീപിന്റെ അമ്മയാണത് പറഞ്ഞത്.

”അതേ, ശ്രീജേ..ഇത് ഞങ്ങളുടെ പഴയ വീടാ, ഒരു മാസം മുൻപേ ഞങ്ങളവിടുന്ന് താമസം മാറിയിരുന്നു,

ആ കാണുന്ന പുതിയ വീട്ടിലേക്ക് താമസമാക്കിയത്, ഒരു സർപ്രൈസായിട്ട് നേരിട്ട് കാണിക്കാമെന്ന് കരുതിയാ നിന്നോടും നിന്റെ വീട്ടുകാരോടും ഞങ്ങൾ ഒന്നും പറയാതിരുന്നത്,

പിന്നെ ഇന്നലെ നിന്റെ അമ്മ, ഞാനൊരു നാട്ടിൻ പുറത്ത് കാരനാണെന്നൊക്കെ നിന്നോട് പറയുന്നത് ഞാൻ കാറിലിരുന്ന് കേട്ടിരുന്നു. അതിന് നിന്നെയൊന്ന് കബളിപ്പിക്കാമെന്ന് കരുതിയാ ഞാൻ വീട്ടുകാരോട്, നിന്നെ വെറുതെയൊന്ന് പറ്റിക്കാനാണെന്ന് കളവ് പറഞ്ഞ് ഇങ്ങനൊരു സീൻ ക്രിയേറ്റ് ചെയ്തത്, പിന്നെ നിന്റെ അമ്മ പറഞ്ഞത് പോലെ ഞാനൊരു തനി കൺട്രി യൊന്നുമല്ല കെട്ടോ, അതൊക്കെ വഴിയേ നിനക്ക് മനസ്സിലായിക്കോളും. ഇനിയും നിനക്ക് വീട്ടിൽ പോകണമെങ്കിൽ ആ കാണുന്ന നമ്മുടെ ബംഗ്ളാവിൽ ഒന്നാന്തരം യൂറോപ്യൻ ക്ളോസറ്റും ബാത്ത് സിങ്കും ഒക്കെയുള്ള അറ്റാച്ച്ഡ് ബാത്റൂമുണ്ട്, വേഗം പോയി ഫ്രഷായി വന്നോളു, എന്നിട്ട് നമുക്കൊരുമിച്ച് പോകാം പോർച്ചിൽ കിടക്കുന്ന പുതിയ കാറുമെടുത്തോണ്ട് എന്ത് പറയുന്നു.”

“ദുഷ്ടാ..എന്നെ പറ്റിക്കുവായിരുന്നല്ലേ “

സന്താഷവും അത്ഭുതവും കൊണ്ടവൾ പരിസരം നോക്കാതെ ഇരു കൈകൾ കൊണ്ടും അവന്റെ നെഞ്ചിൽ ഇടിച്ച് കൊണ്ട് ആ മാറിലേക്ക് മുഖം അമർത്തി.

~സജിമോൻ തൈപറമ്പ്