അകമേ താല്പര്യം ഇല്ലാതിരുന്നതിനാലാവാം കാണാനിരുന്ന താൻ തീരുന്നതിനുമുൻപ് സെറ്റിയിലിരുന്നു ഉറങ്ങിപ്പോയി…

ഞാനും ഒരു വർണ്ണ പട്ടമായിരുന്നു…

Story written by Neeraja S

================

ഞായറാഴ്ച..വിരസമായ അവധിദിനം…എന്നും മനുവും ഉണ്ടാകും കൂടെ..ബീച്ചിലെ മണലിലൂടെ നടക്കാനും…കടല വാങ്ങി കൊറിച്ചുകൊണ്ട്…ആകാശത്തിനു കീഴിലുള്ള എന്തിനെക്കുറിച്ചും ചർച്ച ചെയ്യാനും…സിമന്റ് കൊണ്ടുള്ള ചാരുബെഞ്ചിൽ അലസമായി ചാരിക്കിടന്നു മുന്നിലൂടെ കടന്നുപോകുന്ന ഓരോരുത്തരെയും അളന്നുമുറിച്ചു തിട്ടപ്പെടുത്താനും…

ഇന്ന് താനൊറ്റയ്ക്കാണ്…മനുവിന് ഗസ്റ്റ് ഉണ്ടെന്നു വിളിച്ചു പറഞ്ഞിരുന്നു..എങ്കിലും പതിവ് മുടക്കാതെ…സോഫ്റ്റ്‌വെയർ എഞ്ചിനീയറെന്ന ലേബൽ ജീവിതത്തിൽ ഒട്ടിച്ചു ചേർത്തിട്ടു വർഷങ്ങൾ കുറെ ആയിരിക്കുന്നു..

ആറുദിവസത്തെ ടെൻഷൻ നിറഞ്ഞ ജീവിതം കുടഞ്ഞു കളഞ്ഞിട്ട് അടുത്ത ആറുദിവസത്തേക്കുള്ള ബാറ്ററി റീചാർജ് അതാണ് ഈ ഒറ്റദിവസം കൊണ്ട് നേടുന്നത്.

കുട്ടികൾ ചിലപ്പോൾ വാശി പിടിക്കാറുണ്ട്..തന്റെ കൂടെ ബീച്ചിൽ വരാൻ…ചിലപ്പോഴൊക്കെ സാധിച്ചു കൊടുക്കാറുണ്ട്…കുടുംബത്തോടൊപ്പം വരുമ്പോഴെല്ലാം മനുവും ഭാര്യയെയും കുട്ടികളെയും കൂട്ടി വരും…അവർ ബീച്ചിൽ കളിക്കുമ്പോൾ ഞങ്ങൾ പതിവുപോലെ ആൾക്കാരെ എണ്ണിയിരിക്കും…

ഇന്ന് പതിവിലും കൂടുതൽ തിരക്കുണ്ടായിരുന്നു കടപ്പുറത്തു..ഏതോ സംഘടനയുടെ വോളന്റിയേഴ്‌സ് ആണെന്ന് തോന്നുന്നു..ഒരേപോലുള്ള യൂണിഫോമിട്ട് അവിടെയും ഇവിടെയുമായി ഓടിനടക്കുന്നു…

യൂണിഫോമിട്ട ഒരു പെൺകുട്ടി കടലിലേക്ക് ഇറങ്ങി നടക്കാൻ ശ്രമിക്കുന്ന വൃദ്ധനെ തിരികെ ബലമായി കൈയിൽ പിടിച്ച് സ്നേഹത്തോടെ ശകാരിച്ചുകൊണ്ട് അടുത്തുകൂടി കടന്നുപോയി…

അലസമായി കടലിൽ ഇറങ്ങുകയും കയറി വരുകയും ചെയ്യുന്നവരെയും നോക്കി ചാരുബെഞ്ചിൽ ഇരുന്നു…മണലിൽകൂടി ദൂരെ നിന്നും വരുന്ന ഒരു നഗ്നപാദമാണ് ആദ്യം കണ്ണിൽ പെട്ടത്..

സുന്ദരിയായ ഒരു സ്ത്രീ…ചെറിയ കറുപ്പ് ബോർഡർ ഉള്ള ചാരകളർ സാരി ധരിച്ചിരിക്കുന്നു. തനിക്കേറ്റവും ഇഷ്ടമുള്ള കളർ. കൈകളിലേക്ക് അലസമായി വീണുകിടക്കുന്ന സാരി ഊർന്നുവീഴാതെ പിൻ ചെയ്തിരുന്നു..ഒരു തുമ്പ് മണലിലൂടെ വലിയുന്നുണ്ടായിരുന്നു.

നെറ്റിയിൽ വൃത്താകൃതിയിലുള്ള സിന്ദൂരപൊട്ട്..ഒറ്റക്കൽ മൂക്കൂത്തി അസ്തമയസൂര്യന്റെ കിരണങ്ങളേറ്റ്  വെട്ടിത്തിളങ്ങുന്നു..

അടുത്തുവന്നപ്പോൾ ഒരു സ്ത്രീയെ അങ്ങനെ നോക്കുന്നത് ശരിയല്ലല്ലോ എന്നോർത്ത് അവരുടെ കാലടികൾ മണലിൽ പതിയുന്നത് നോക്കി തലതാഴ്ത്തി ഇരുന്നു…കടന്നുപോയി എന്ന് ഉറപ്പിച്ചിട്ടാണ് തലയുയർത്തി നോക്കിയത്…കെട്ടിവയ്ക്കാത്ത നീണ്ടമുടി കാറ്റിൽ പാറിപ്പറന്നു പിൻഭാഗം മറച്ചു ചിതറിക്കിടക്കുന്നു..

അലസമായി നടന്നു പോകുന്ന അവരെ കണ്ടപ്പോൾ പെട്ടെന്ന് അശ്വതിയെ ഓർമ്മവന്നു..താൻ വിവാഹം കഴിക്കുമ്പോൾ അവൾക്ക് ധാരാളം മുടി ഉണ്ടായിരുന്നു…ഇപ്പോൾ എന്തുമാത്രം മുടി ഉണ്ടാകും…?? ഓർത്തെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു..ഭാര്യയ്ക്ക് എന്തോരം മുടി ഉണ്ടെന്നുപോലും അറിയാൻപാടില്ലാത്ത ശുംഭൻ..

വിവാഹനാളുകളിൽ എന്തായിരുന്നു സ്നേഹം..കുട്ടികൾ ആയതോടെ അവളും കുട്ടികളും മാത്രമുള്ള ലോകത്തേക്ക് അവൾ ചുരുങ്ങി…എന്നുപറയാൻ പറ്റില്ല..അങ്ങനെ ആയിരിക്കും എന്നുകരുതി താൻ അകന്നുവെന്ന് വേണം പറയാൻ…രണ്ടു ധ്രുവങ്ങളിലായിരിക്കുന്നു ജീവിതം…

ചിന്തയിൽ മുഴുകി..ചുറ്റുപാടും വിസ്മരിച്ചു ഇരുന്നുപോയി… ‘ഇവിടെ ഇരുന്നോട്ടെ’ എന്ന ചോദ്യമാണ് ചിന്തയിൽനിന്നും ഉണർത്തിയത്..

ചോദ്യം വന്നഭാഗത്തേക്ക് നോക്കിയപ്പോൾ..അത് അവരായിരുന്നു..അല്പംമുൻപ് മുന്നിലൂടെ കടന്നുപോയവൾ..

“അതിനെന്താ..ഇരുന്നോളൂ..വേണമെങ്കിൽ ഞാൻ മാറിയിരിക്കാം.. “

“വേണ്ട..ഒരാൾകൂടെ ഇരിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ..എന്തെങ്കിലുമൊക്കെ സംസാരിക്കാമല്ലോ.. “

പരസ്പരം പരിചയപ്പെട്ടു..നിർത്താതെ അവർ സംസാരിച്ചുകൊണ്ടിരുന്നു..അവരുടെ സംസാരം കേട്ടിരുന്നപ്പോൾ മനുവിനെ ഓർമ്മവന്നു…അവനും ഇങ്ങനെയാണ്..മറുപടിയൊന്നും പറയണമെന്നില്ല…നിർത്താതെ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും..

മാഷേ എന്നുള്ള വിളിയാണ് ചിന്തയിൽ നിന്നും തിരികെ എത്തിച്ചത്..

“ഞങ്ങൾ ഈ എഴുത്തുകാർ പരസ്പരം അങ്ങനെയാണ് വിളിക്കുക..വർണ്ണവും, വർഗ്ഗവും, ജാതിയും മതവുമൊന്നും ഞങ്ങൾ നോക്കാറില്ല…എല്ലാവരെയും ഒറ്റ കണ്ണിലൂടെ വീക്ഷിക്കുന്നവർ… “

“അങ്ങനെ വിളിക്കാവല്ലോ അല്ലേ.. “

“അതിനെന്താ വിളിച്ചോളൂ..പക്ഷെ ഞാനൊരു എഴുത്തുകാരനല്ല കെട്ടോ..പാവമൊരു വൈറ്റ് കോളർ ജോലിക്കാരനാണ്… “

“സാർ എന്നായിരിക്കും എല്ലാവരും വിളിക്കുന്നത് അല്ലേ..ഞാൻ എന്തായാലും മാഷേന്ന് വിളിക്കും.. “

അതുംപറഞ്ഞു പൊട്ടിച്ചിരിച്ചു…അതും ഉറക്കെ..സ്ത്രീകൾ ഇത്രയുമുറക്കെ ചിരിക്കാമോ..? ഒരു പൊതുസ്ഥലത്തു വച്ച്. അതും അന്യപുരുഷനോട്  തമാശപറഞ്ഞ്..ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ.? ചുറ്റിനും നോക്കി…

എല്ലാവരുടെയും ശ്രദ്ധ..കടലിലേക്കാണ്..തിരമാലകൾ തീരത്തുവന്നു മണൽതരികളെ ചുംബിച്ചു തിരികെപോകുന്നു…വീണ്ടും കൂടുതൽ ആവേശത്തോടെ മടങ്ങിയെത്തുന്നു…

“ഞാനും ഒരു വർണ്ണ പട്ടമായിരുന്നു…”

“ആഹാ..ഇയാള് പാടുമോ..കൊള്ളാലോ.. “

“ഇത് പാട്ടല്ലല്ലോ മാഷേ…പരസ്യമല്ലേ…ടീവിയിൽ എപ്പോഴും കാണുന്നത്..മാഷ് ടീവി കാണാറില്ലേ… “

“ടീവിയങ്ങനെ കാണാറില്ല..വല്ലപ്പോഴും മൊബൈലിൽ സിനിമ കാണാറുണ്ട്.. “

“അത് നന്നായി… “

വീണ്ടും പൊട്ടിച്ചിരി പ്രതീക്ഷിച്ചതാണ്…പക്ഷെ എന്നെ അമ്പരപ്പിച്ചുകൊണ്ട് അവൾ വിങ്ങിക്കരഞ്ഞു തുടങ്ങി…

“അതെ മാഷേ…ഒരു കാലത്തു ഞാനുമൊരു പട്ടമായിരുന്നു…പാറിപ്പറക്കാൻ ഒരാകാശം മുഴുവൻ സ്വന്തമായി ഉണ്ടായിരുന്ന വർണ്ണപട്ടം..”

“അച്ഛനും അമ്മയും ഏട്ടനും ബന്ധുക്കളും എല്ലാവരുംകൂടി നിറങ്ങൾ ചാലിച്ചു മനോഹരമാക്കിയ പട്ടം…ചെറിയൊരു ചരട്..അതും ഞാൻ സ്വയംബന്ധിച്ചു അമ്മയുടെ കൈയിൽ കൊടുത്തിരുന്നത്…മാത്രമായിരുന്നു ആകെയുണ്ടായിരുന്ന ബന്ധനം.. “

“നന്നായി എഴുതുമായിരുന്നു…ലോകത്തിൽ ആകാശത്തിനു കീഴിലുള്ള എന്തിനെക്കുറിച്ചും..നിമിഷ എന്ന എന്റെ പേരിനോട് ചേർത്തു നിമിഷകവി എന്നാണ് എല്ലാവരും വിളിച്ചിരുന്നത്.. “

ഏതോ ഓർമയിൽ കുറച്ചുനേരം മിണ്ടാതെയിരുന്നു…പിന്നെ നിറഞ്ഞൊഴുകുന്ന കണ്ണുനീരിനൊപ്പം ഉറക്കെ പൊട്ടിച്ചിരിച്ചു…

കാഴ്ചയിൽ മുപ്പതിലേറെ പ്രായംതോന്നും…മടിച്ചു മടിച്ചാണ് ചോദിച്ചത്..

“വിവാഹം….കുട്ടികൾ….? “

“വിവാഹം അതൊക്കെ അതിന്റെതായ സമയത്ത് നടന്നു…മാഷേ എനിക്കൊരു മോൻ ഉണ്ട്‌..ഇപ്പോൾ പഠിക്കുന്നത്… “

കുറച്ചുനേരം ആലോചിച്ചിരുന്നു…എന്നിട്ട് വിഷമത്തോടെ കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞു..

“ഞാൻ ഓർക്കുന്നില്ല..നാലിലോ അഞ്ചിലോ ആണെന്ന് തോന്നുന്നു.. “

വീണ്ടും പൊട്ടിച്ചിരി മുഴങ്ങി…ഒപ്പം മൂളിപ്പാട്ടും

“ഞാനും ഒരു വർണ്ണപട്ടമായിരുന്നു… “

പതിയെ ഒരുകാര്യം മനസ്സിലായി…അടുത്തിരുന്നു കരയുകയും ചിരിക്കുകയും ചെയ്യുന്നവൾ…എന്തോ കുഴപ്പമുണ്ട്‌…ചെറിയൊരു ഭയം മനസ്സിൽ നിറഞ്ഞുതുടങ്ങി… 

“മാഷ് ഇപ്പോഴെന്താണ് ചിന്തിക്കുന്നതെന്ന് ഞാൻ പറയട്ടെ.. എനിക്ക് ഭ്രാന്ത് ആണോന്നല്ലേ. “

വീണ്ടും പൊട്ടിച്ചിരി മുഴങ്ങി…

പെട്ടെന്ന് നിശബ്ദത നിറഞ്ഞതുകൊണ്ട് പതിയെ തലചെരിച്ചു നോക്കി. കടലിലേക്ക് നോക്കിയിരി ക്കുന്ന മുഖം വലിഞ്ഞുമുറുകിയിരുന്നു..

“മാഷേ…ഈ ലോകത്തുള്ള എല്ലാവരും ഒരുപോലെയല്ല അല്ലേ…വിവാഹം കഴിച്ചുചെന്ന വീട്ടിൽ…അതൊരു കൂടായിരുന്നു…പാറിപ്പറന്നു നടന്ന ഒരു കിളിയെ അടച്ചിടാൻവേണ്ടി പണികഴിപ്പിച്ച ഒരു സ്വർണ്ണക്കൂട്… “

“ഒന്നും എഴുതാൻ കഴിയാതെ ഉള്ളിൽ അക്ഷരങ്ങൾ കുന്നുകൂടി..ചിതറിത്തെറിച്ചുപോയി എന്റെ ഹൃദയം…”

“അത്തരം അവസ്ഥകളെ അതിജീവിക്കുന്നവർ ധാരാളം ഉണ്ടാകാം…പക്ഷെ എനിക്ക് അതിനായില്ല…വെറും കുറച്ചു കടലാസുകളും ഒരു പേനയും മതിയായിരുന്നു എനിക്ക്…എന്റെ ജീവിതത്തിലെ വർണ്ണങ്ങൾ ചോർന്നുപോകാതെ സംരക്ഷിക്കാൻ…  “

“കിളിയുടെ മനസ്സറിയാൻ വേടൻ ഒരിക്കലും ശ്രമിക്കാറില്ല..എന്ന്മനസ്സിലാക്കണമായിരുന്നു. കൈവിട്ടുപോയ മനസ്സിനെ ചിലപ്പോഴൊക്കെ ഞാൻ ചേർത്തുപിടിക്കാൻ ശ്രമിക്കാറുണ്ട്… “

“ചിലപ്പോൾ…എന്നെങ്കിലും…ഞാനും വളരും വലുതാകും…” വീണ്ടും ചിരി.

“മാഷേ…ഭാര്യയുടെ പേരെന്താ… “

“അശ്വതി… “

“ഓ..അപ്പോൾ ‘അച്ചു’ ന്നായിരിക്കും വിളിക്കുന്നത് അല്ലേ…സുന്ദരിയാണോ…”

ചെറുതായി മൂളി…കല്യാണം കഴിഞ്ഞ നാളുകളിൽ ‘അച്ചു’ എന്നായിരുന്നു വിളി..എല്ലാ സ്നേഹവും കലർത്തി താൻ അച്ചു എന്ന് വിളിക്കുമ്പോൾ ആ മുഖത്തെ സന്തോഷം കാണണം…അവളുടെ അച്ഛന്റെയോ ഏട്ടന്റെയോ ഒക്കെ സ്നേഹം ആ വിളിയിലൂടെ അവളിലേക്ക്‌ ഒഴുകി എത്തുന്നതുപോലെ തോന്നി എന്നൊരിയ്ക്കൽ കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞിരുന്നു…

മോൻ പിറന്നു കഴിഞ്ഞപ്പോൾ അമ്മയാണ് വിലക്കിയത്… 

“നിനക്ക് നാണമില്ലേ അച്ചു..കിച്ചു എന്നൊക്കെ വിളിക്കാൻ..ഇനി കൊച്ചിനെ കൊഞ്ചിച്ചാൽ മതി..പേര് ഉണ്ടല്ലോ അതങ്ങു വിളിച്ചാൽ മതി..ഇതൊരുമാതിരി… “

ശരിയാണ് അമ്മയും അച്ഛനും പെങ്ങന്മാരും തുടങ്ങി തന്റെ കുടുംബത്തിലുള്ള എല്ലാവരും അശ്വതി എന്നാണ് വിളിക്കുന്നത്…ഇനി പരാതി വേണ്ട…അശ്വതി എന്ന് നീട്ടിവിളിച്ചപ്പോൾ ആ കണ്ണുകളിൽ ഒരു പിടച്ചിൽ കണ്ടു..

അമ്മയായതിന്റെ സന്തോഷം ഉത്തരവാദിത്തം..അതെല്ലാം മായ്ച്ചുകളഞ്ഞു.

“മാഷേ…എവിടെപ്പോയി… ” ഒരു പൊട്ടിച്ചിരി അടുത്തു മുഴങ്ങി.

“മാഷിന് ഏറ്റവുംഇഷ്ടമുള്ള പാട്ട് ഏതാ… “

“പറഞ്ഞാൽ പാടി തരുമോ.. “

“തീർച്ചയായും…മാഷ് പറഞ്ഞോ.. “

ഇഷ്ടമുള്ള പാട്ട്…അങ്ങനെ പറയാൻ…നല്ല ഇടിപ്പടം മാത്രം സെലക്ട്‌ ചെയ്തു കാണുകയാണ് പതിവ്..വർഷങ്ങൾ പിന്നിലേക്ക് ഓടിച്ചുനോക്കി…ഓർമയിൽ വന്നതൊരു ലൗ സോങ് ആണ്…അതെങ്ങനെ പാടാൻപറയും…

“ഒരു പാട്ട് സെലക്ട്‌ ചെയ്യാൻ ഇത്രയും സമയം വേണോ….ഇനിപ്പോ ഞാൻ തന്നെ ഒരെണ്ണം പാടാം… “

എനിക്ക് ചെറുതായി പരിഭ്രമം തോന്നി…ഇനി ഇവിടിരുന്നു പാടിയിട്ട് ആള്കൂടിയാൽ ആകെ സീനാകും..വിഷയം മാറ്റാനായി മറ്റൊരു ചോദ്യം തേടിപ്പിടിച്ചുകൊണ്ട് വന്നപ്പോഴേക്കും…

“പറയാൻ…മറന്ന…പരിഭവങ്ങൾ….വിരഹാർദ്രമാം…മിഴികളോർക്കേ… “

കണ്ണുകളടച്ച് സ്വരം താഴ്ത്തി മധുരമായി അവർ പാടിതുടങ്ങി..അശ്വതിയ്ക്കും ഈ പാട്ട് ഇഷ്ടമാണ്…പണ്ട് അവൾ ഈപാട്ട് മൂളുന്നത് കേട്ടിട്ടുണ്ട്..ചെറിയരോർമ്മ മിന്നി മാഞ്ഞു..

പാടി തീർന്നപ്പോൾ അവരുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…ഏതോ സ്മരണയിൽ കടലിലേക്ക്നോക്കി നിശബ്ദമായി കുറച്ചു നേരം…

“മാഷിന് കേൾക്കണോ…കോളേജിൽ പഠിച്ചിരുന്ന കാലത്ത് എനിക്കൊരു പ്രിയകൂട്ടുകാരി ഉണ്ടായിരുന്നു…ഞാൻ പാടുമ്പോൾ അവൾ അതിനൊപ്പിച്ചു നൃത്തം ചെയ്യുമായിരുന്നു.. “

“അതൊക്കെ ഒരു കാലം… “

ദൂരെനിന്നും യൂണിഫോം ധരിച്ച ഒരുപെൺകുട്ടി നടന്നുവരുന്നത് കണ്ടപ്പോൾ വീണ്ടും ആമുഖം വാടി…

“മാഷേ എനിക്ക് പോകാൻ നേരം ആയി….ഇത്രയുംനേരം സഹിച്ചതിനു നന്ദിയുണ്ട്‌ കെട്ടോ.. “

പ്രിയമുള്ള ആരോ പെട്ടെന്ന് യാത്രപറഞ്ഞ് പോകുന്നതുപോലൊരു സങ്കടം എന്നിലും നിറഞ്ഞു..അവരുടെ കൂടെയിരുന്നു നേരം പോയതറിഞ്ഞില്ല…

ദൂരെ നിർത്തിയിട്ടിരിക്കുന്ന വാഹനം ഒരു മാനസികആരോഗ്യ കേന്ദ്രത്തിന്റെയാണെന്ന് അവർ ചൂണ്ടികാണിച്ചപ്പോഴാണ് ശ്രദ്ധിച്ചത്…

വിളിക്കാൻ വന്ന പെൺകുട്ടിയോട് ഇപ്പോൾ വരാം എന്ന് കൈകൊണ്ടു കാണിച്ചിട്ട് അവർ പോകാനായി എഴുന്നേറ്റു..

“മാഷേ…ഒരു സത്യം പറയട്ടെ…ഇപ്പോഴെനിക്ക് ഭ്രാന്തില്ല..ഒരിക്കൽ മനസ്സിന്റെ താളം നഷ്ടപ്പെട്ടിരുന്നു എന്നുള്ളത് നേരാ..പക്ഷെ ഇപ്പോൾ വെറുതെ അഭിനയിക്കുന്നു.. ഭ്രാന്തിയുടെ വേഷം… “

” ഇപ്പോഴത്തെ ജീവിതം ഞാനെപ്പോഴോ ഇഷ്ടപ്പെട്ടുപോയി…മകനെ ഓർത്തുമാത്രമേ എനിക്ക് സങ്കടം ഉള്ളൂ..പക്ഷെ അവൻ അവന്റെ അച്ഛന്റെയും വീട്ടുകാരുടെയും കൂടെ ഹാപ്പിയായി ജീവിക്കുന്നു..”

“ഞാൻ കൂടെയില്ലെങ്കിലും അവൻ സന്തോഷവാനാണ്. കുറച്ചു നാൾകൂടി ഇങ്ങനെ കഴിയണം എന്നൊരാഗ്രഹം… “

“ഭ്രാന്തി… ” അതുംപറഞ്ഞ് പൊട്ടിചിരിച്ചുകൊണ്ടു ചെരിപ്പിടാത്ത കാല്പാദംകൊണ്ട് മണൽ തട്ടിത്തെറിപ്പിച്ചു അലസമായി…കാത്തു നിൽക്കുന്ന പെൺകുട്ടിയുടെയടുത്തേക്ക് നടന്നു..

എന്തിനെന്നറിയാത്ത ഒരുസങ്കടം ഹൃദയത്തിൽ ചുറ്റിതിരിയുന്നുണ്ടായിരുന്നു… പെട്ടെന്ന് അശ്വതിയുടെ മുഖമാണ് മനസ്സിലേക്ക് ഓടിയെത്തിയത്…അവൾ കുറച്ചുനടന്നിട്ട് തിരിഞ്ഞുനോക്കി കണ്ണിറുക്കി കാണിച്ചപ്പോൾ അശ്വതിയുടെ ഛായതോന്നി..

വിവാഹം കഴിഞ്ഞു ആദ്യമായി വീട്ടിൽപോയിട്ട് തിരികെവന്നപ്പോൾ അച്ചുവിന്റെ ബാഗിൽ ഭദ്രമായി സൂക്ഷിച്ച ചിലങ്കകൾ ഉണ്ടായിരുന്നു..പുതുമോടിയിൽ അതിനൊക്കെ വല്യപ്രാധാന്യം കല്പിച്ചുകൊടുത്തു…

ഒരിക്കൽ വീട്ടിലാരും ഇല്ലാതിരുന്ന ഒരുദിവസം ചിലങ്ക എടുത്തണിഞ്ഞു..തന്നെ ബലമായിപിടിച്ച് സെറ്റിയിൽ ഇരുത്തി…ക്രിക്കറ്റും ഫുട്ബോളുമൊക്കെ ഹരമായി കൊണ്ടുനടന്നിരുന്ന തനിക്ക് ബോറടിക്കുമെന്ന് ഉറപ്പായിരുന്നു…

അകമേ താല്പര്യം ഇല്ലാതിരുന്നതിനാലാവാം കാണാനിരുന്ന താൻ തീരുന്നതിനുമുൻപ് സെറ്റിയിലിരുന്നു ഉറങ്ങിപ്പോയി…കണ്ണ് തുറന്നപ്പോൾ മുന്നിലാരും ഉണ്ടായിരുന്നില്ല.

മോന് ഒരുവയസ്സ് കഴിഞ്ഞപ്പോഴാണ്…തടി വല്ലാതെ കൂടിയിട്ടുണ്ട് അല്പം കുറയ്ക്കണമെന്ന ആവശ്യവുമായി മുന്നിൽവന്നത്..അടുത്ത വീട്ടിലെ ചേച്ചിയുടെകൂടെ ഡാൻസ് പ്രാക്ടീസ് ചെയ്യാൻ പൊയ്ക്കോട്ടേ എന്ന് അനുവാദം ചോദിച്ചു.

“പാട്ടും കൂത്തുമൊന്നും വേണ്ട…ചുമ്മാ ആൾക്കാരെകൊണ്ട് പറയിപ്പിക്കാൻ..വീട്ടിലിരുന്നു വ്യായാമംചെയ്താലും വണ്ണം കുറയും.. “

അൽപനേരം കണ്ണുനിറച്ചു മിണ്ടാതെ നിന്നു..പിന്നെ താൻപറഞ്ഞത് അംഗീകരിച്ചമട്ടിൽ തലയാട്ടി സമ്മതിച്ചു.

അല്പസമയം മുൻപ് തന്റെകൂടെയിരുന്നു സംസാരിച്ച സ്ത്രീയുടെ വാക്കുകൾ പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തി…

“മാഷേ…സ്ത്രീകൾ ഒത്തിരി സഹിക്കും…അവരുടെ പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു  വേണ്ടി…പക്ഷെ അവരുടെ ഉള്ളിൽ എപ്പോഴും ഒരുചിത എരിയുന്നുണ്ടാവും…നഷ്ടസ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം കനലായി അവിടെ നീറിനീറി കിടക്കുന്നുണ്ടാകും… “

“എന്നെങ്കിലുമൊരിക്കൽ എല്ലാം നേടുമെന്ന പ്രത്യാശയിൽ ജീവിക്കും അവർ…അങ്ങനെയു ള്ളവരുടെ ഇടയിൽ ഞാനൊക്കെ വെറും പാഴുകൾ. കാത്തിരിക്കാൻ ക്ഷമയില്ലാതെ  ചിതറിപ്പോയ ജന്മം.. “

അശ്വതിയും അതുപോലെ എല്ലാംസഹിച്ചു ജീവിക്കുകയാണോ…ഉള്ളിൽ വല്ലാത്തൊരു തിക്കുമുട്ടൽ…അടുത്തുള്ള ഡാൻസ് സ്കൂളുകളുടെ വിവരം സെർച്ച്‌ചെയ്യാൻ ഗൂഗിളിൽ ടൈപ്പ് ചെയ്തുകൊടുത്തു. ഇതൊരു തുടക്കമാകട്ടെ..അച്ചു..അവളുടെ ആഗ്രഹം പോലെ അവളായി ജീവിക്കട്ടെ..

അതെ ഇന്നുമുതൽ എന്റെ ഭാര്യയും ഒരു വർണ്ണ പട്ടമാകും..പാറിപറക്കാനുള്ള ആകാശം താൻ കാണിച്ചുകൊടുക്കും…ഇഷ്ടംപോലെ പറന്നുയരട്ടെ.

ദൂരെ…ആരെങ്കിലും കയറാനുണ്ടോന്ന് ഒന്നുകൂടി എണ്ണിനോക്കുന്ന യൂണിഫോംധാരികൾക്കു ഇടയിൽ..വാഹനത്തിന്റെ വിൻഡോസീറ്റിൽ ഇരുന്നു രണ്ടുകണ്ണുകൾ അയാളെത്തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു…അയാൾ വിഷമിച്ചു തലതാഴ്ത്തി കണ്ണുനിറച്ചിരുന്നിട്ട്…പുഞ്ചിരിയോടെ എഴുന്നേറ്റു വേഗത്തിൽനടന്നു പോകുന്നതുകണ്ടപ്പോൾ ആ കണ്ണുകൾ തിളങ്ങി.