ഞാൻ അടുത്തിരുന്ന കൂട്ടുകാരൻ രതീഷിനോട് എനിക്ക് പെണ്ണിനോട് സ്വകാര്യമായി സംസാരിക്കണമെന്ന് അടക്കം പറഞ്ഞു…

Story written by Saji Thaiparambu

=============

പെണ്ണിന് ലേശം പ്രായക്കുറവാണെന്ന് പറഞ്ഞപ്പോൾ അത് ഇരുപത്തിയൊന്ന് വയസ്സാണെന്ന് ഒരിക്കലും കരുതിയില്ല.

നാല്പത്തി രണ്ടാമത്തെ വയസ്സിൽ അമ്മയുടെയും അമ്മാവൻമാരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ആദ്യത്തെ പെണ്ണ് കാണലിന് വന്നത്.

നല്ല പ്രായത്തിൽ കല്യാണം കഴിച്ചിരുന്നെങ്കിൽ എന്റെ മോളാകാനുള്ള പ്രായമേ ആ കുട്ടിക്കുള്ളു.

അമ്മാവന്മാരും പെണ്ണിന്റെ വീട്ടുകാരും തമ്മിൽ പൊരിഞ്ഞ സൗഹൃദത്തിലിരുന്ന് ഗൗരവമായി കല്യാണക്കാര്യം ചർച്ച ചെയ്യുകയാണ്.

ഞാൻ അടുത്തിരുന്ന കൂട്ടുകാരൻ രതീഷിനോട് എനിക്ക് പെണ്ണിനോട് സ്വകാര്യമായി സംസാരിക്കണമെന്ന് അടക്കം പറഞ്ഞു.

“മോളേ…നിങ്ങള് തമ്മില് എന്തെങ്കിലും ചോദിക്കാനും പറയാനുമുണ്ടെങ്കിൽ ആയിക്കോ, ഞങ്ങൾ കുറച്ച് നേരം പുറത്ത് നില്ക്കാം “

അത് മനസ്സിലായിട്ടെന്നോണം പെണ്ണിന്റെ അച്ഛൻ ആ കുട്ടിയോട് വിളിച്ച് പറഞ്ഞു.

എല്ലാവരും പുറത്തിറങ്ങിയപ്പോൾ ആ കുട്ടി, ഞാനിരുന്ന സോഫാസെറ്റിയുടെ മറ്റേ അറ്റത്ത് എനിക്കഭിമുഖമായി വന്നിരുന്നു.

എനിക്കെന്തോ ഉമിനീര് വറ്റി തൊണ്ടയുണങ്ങിയിട്ട് ചോദ്യങ്ങളൊന്നും പുറത്തേക്ക് വരുന്നുമില്ല.

“എന്താ എന്നോടൊന്നും ചോദിക്കാനില്ലേ?” ഒടുവിൽ സഹികെട്ടിട്ടാണെന്ന് തോന്നുന്നു, ആ കുട്ടി തന്നെ ഒരു മുഖവുരയിട്ടു.

“ഉം, ഉണ്ട്…ചോദിക്കുന്നതിൽ അർത്ഥമില്ലെന്നറിയാം, എന്നാലും ഒരു ഫോർമാലിറ്റിക്ക് വേണ്ടി ചോദിച്ചോട്ടെ?ഇത്രയും പ്രായമുള്ള എന്നെ കുട്ടിക്ക് ഭർത്താവായി സ്വീകരിക്കാൻ കഴിയുമോ?”

മറുപടിയായി ആദ്യമൊരു മന്ദഹാസമായിരുന്നു അവളെനിക്ക് തന്നത് എന്നിട്ട് പറഞ്ഞു.

“അല്ലാതെ വേറെ വഴിയില്ലല്ലോ, എന്നെപ്പോലെ ജാതകദോഷമുള്ള കുട്ടികൾക്ക് സ്വപ്നം കാണാൻ അവകാശമില്ലല്ലോ?”

ഓഹ് അപ്പോൾ അതാണ് കാര്യം

പക്ഷേ, അവളുടെ വാക്കുകൾ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ഗതികേട് കൊണ്ട് തന്റെ ഭാര്യയാകുന്നു എന്നല്ലേ അവൾ പറഞ്ഞതിനർത്ഥം.

“ഇല്ല.കുട്ടീ, കുട്ടിക്കതിന് അധികം പ്രായമൊന്നുമായിട്ടില്ലല്ലോ? കുറച്ച് കൂടെ വെയ്റ്റ് ചെയ്താൽ കുട്ടി ആഗ്രഹിക്കുന്നത് പോലെ ഒരു നല്ല ഭർത്താവിനെ കിട്ടും, എന്നെക്കാൾ സുന്ദരനും ചെറുപ്പക്കാരനുമായ ഒരാളെ “

ഞാനത് പറഞ്ഞെങ്കിലും എന്റെ സംസാരത്തിൽ കടുത്ത നിരാശ നിഴലിച്ചിരുന്നു.

അത് കേട്ടവൾ പൊട്ടിച്ചിരിച്ചു.

“കിട്ടുമായിരിക്കും, പക്ഷേ ! അയാൾ ചേട്ടനെപ്പോലെ യോഗ്യനായിരിക്കണമെന്നില്ലല്ലോ ?

“യോഗ്യതയോ? എന്ത് യോഗ്യത?അപ്പോൾ ചൊവ്വാദോഷമെന്ന് കുട്ടി പറഞ്ഞത്?

ഞാനാകെ കൺഷ്യൂഷനായി.

“അത് ഞാൻ വെറുതെ പറഞ്ഞതാ, ചേട്ടന് പ്രായമായി പോയത് ചേട്ടന്റെ തെറ്റ് കൊണ്ടല്ലല്ലോ? സ്വന്തം കാര്യങ്ങൾ മാറ്റി വച്ച്, മുഴുവൻ സമയവും നാട്ട്കാർക്ക് വേണ്ടി ഓടി നടന്നിട്ടല്ലേ?

“ങ്ഹേ…അപ്പോൾ കുട്ടിക്ക് എന്നെ നേരത്തെ അറിയാമായിരുന്നോ?

അവളുടെ വാക്കുകൾ എന്നെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു.

“പിന്നേ…ചേട്ടനെ അറിയാത്തവരായിട്ട് ആരുണ്ട് ഈ നാട്ടിൽ…നാട്ടുകാരുടെ എന്താവശ്യത്തിനും രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, ഓടി നടക്കുന്ന താങ്കൾക്ക് അവരിലൊരാളായ എന്നെ പൊന്നുപോലെ നോക്കുമെന്നെനിക്കുറപ്പുണ്ട്. ഞാനോർമ്മ വച്ച നാള് മുതൽ കാണുന്നതല്ലേ ചേട്ടനെ…എന്നെ അറിയില്ലെങ്കിലും ചേട്ടനെ എനിക്ക്  നന്നായറിയാം. ഒട്ടും തന്നെ കറപ്ഷനില്ലാത്ത വ്യക്തിത്വം എന്നും ആരാധനയോടെയേ നോക്കീട്ടുള്ളു ഞാൻ, ചേട്ടനാണ് എന്നെ പെണ്ണ് കാണാൻ വരുന്നതെന്നറിഞ്ഞപ്പോൾ, ഈശ്വരനോട് പ്രാർത്ഥിക്കുകയായിരുന്നു ഞാൻ, നിങ്ങൾക്ക് എന്നെ ഇഷ്ടമകണെയെന്ന്”

“ങ്ഹേ..അതെന്തിനാ?”

“അതോ ? അത് പിന്നെ, എന്റെ കൂട്ടുകാരൊക്കെ ചേട്ടന്റെ ഫാനായിരുന്നു, അപ്പോൾ, അങ്ങനൊരാളെ എനിക്ക് നഷ്ടപ്പെട്ടാൽ സഹിക്കാൻ പറ്റില്ലല്ലോ? ഞാനുമൊരു പെണ്ണല്ലേ ?

അതും പറഞ്ഞവൾ ലജ്ജയോടെ തല കുനിച്ചപ്പോൾ പുറത്ത് പോയവർ.തിരിച്ച് കയറി വന്നത് എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു.

“അല്ലാ, നിനക്ക് കുട്ടിയെ ഇഷ്ടപ്പെട്ടെങ്കിൽ നമുക്ക് ഇതങ്ങോട്ട് ഉറപ്പിക്കാമായിരുന്നു, എന്തേ?

“അല്ലാ അമ്മാവന്മാർക്കിഷ്ടമാണെങ്കിൽ പിന്നെ ഞാനെന്ത് പറയാനാ?

മൂത്തമ്മാവനത് ചോദിച്ചപ്പോൾ പെട്ടന്ന് ഞാൻ വിനയാന്വിതനായി കൊണ്ട് പറഞ്ഞു.

~സജിമോൻ തൈപറമ്പ്.