ഒരിടത്തൊരു ഫയൽവാൻ….
Story written by Sai Bro
===============
മേരി….
എന്റെ വീടിന് വടക്കേലുള്ള ജോർജേട്ടന്റെ മോള്…
അവളിലാണ് എനിക്ക് അനുരാഗം തോന്നിയത്…
കുറേ കാലമായി മനസ്സിൽ കൊണ്ട് നടക്കണ ഒരു മോഹമാണ് മേരി…
പക്ഷെ എന്റെ പ്രണയം മേരിയേ അറിയിക്കാൻ എനിക്ക് കഴിഞ്ഞില്ല..
സദ്യ കഴിക്കുമ്പോൾ രണ്ടാമത് അവിയൽ ചോയ്ക്കാൻ പോലും പേടിക്കുന്ന ഈ ഞാൻ എങ്ങിനെ മേരിയുടെ മുന്നിൽ പോയി എന്റെ ഇഷ്ടം അവളോട് പറയും…
പക്ഷെ നാളുകൾ കഴിയുന്തോറും എന്റെ ഹൃദയഭാരം കൂടിതുടങ്ങി…
ദൂരെനിന്നും മേരി വരുന്നത് കാണുമ്പോഴേ ചങ്കിൽ പഞ്ചവാദ്യം മുഴങ്ങിതുടങ്ങും..
അവളൊന്നു ചിരിച്ചുകണ്ടാൽ, പിന്നെ പറയണ്ട…ആകെപ്പാടെ ഒരു എടങ്ങേറാണ്..
അങ്ങനിരിക്കെ ഒരൂസം ഞാൻ രണ്ടും കല്പിച്ചു മേരിയെ വഴീല് തടഞ്ഞു നിർത്തി…
ന്താ സായി ???
കണ്ണും കൂർപ്പിച്ചൊള്ള മേരിടെ ചോദ്യം കേട്ടപ്പോ ഞാനൊന്ന് പതറി… തല കറങ്ങുന്നതുപോലെ ഒരു തോന്നൽ…
അതുപിന്നെ, എനിക്ക്….ഞാൻ…ഞാൻ മേരിനെ കല്യാണം കഴിച്ചോട്ടെ…
ഒരുവിധത്തിൽ ഒറ്റശ്വാസത്തിൽ ഞാൻ സംഭവം അവളെ അറിയിച്ചു…
ഒരു നിമിഷത്തെ നിശബ്ദത,
അതിനു ശേഷം മേരി സംസാരിച്ചുതുടങ്ങി….
സായിനെ എനിക്ക് ഇഷ്ടാ, പക്ഷെ ഇയാൾക്ക് ഒരു കുറവുണ്ട്..അത് നികത്തിയാൽ ഞാൻ സമ്മതിക്കാം കല്യാണത്തിന്..
എന്റെ പൊന്നുംകട്ടെ നിന്നെ കെട്ടാൻ ഈ ചാലക്കുടിപ്പുഴ മണ്ണിട്ട് നികത്താൻ വരെ ഞാൻ തയ്യാറാണ്…
പറ, എന്താ എനിക്കുള്ള കുറവ് ??എങ്ങന്യാ ഞാനത് നികത്തണ്ടേ ??
ആകാംഷയോടുകൂടി മേരിയോട് ഞാൻ ചോദിച്ചു…
ഇയാൾക് ധൈര്യം ഇച്ചിരി കുറവാണോ എന്നൊരു സംശയം ഉണ്ടെനിക്ക്..ഇപ്പോത്തന്നെ കണ്ടില്ലേ, എന്നോട് ഇഷ്ട്ടാണ് എന്നുപറയാൻ തന്നെ സായി കാണിച്ച വെപ്രാളം…
മേരി പറഞ്ഞു നിർത്തി…
മേരി പറഞ്ഞത് സത്യം തന്ന്യാ…ഞാനൊരു പെടിതോണ്ടാൻ തന്നെയാണ്..പക്ഷെ എന്റെ ആ കുറവ് എങ്ങന്യാ ഞാൻ നികത്തണ്ടേ ??
എന്റെ അപ്പനെ സായി തല്ലി തോല്പിക്കണം….
അങ്ങിനെ ആണെങ്ങിൽ ആരൊക്കെ എതിർത്താലും സായിക്ക് മിന്നുകെട്ടാൻ വേണ്ടി ഈ മേരി കഴുത്ത് കുനിച്ചു നിന്നിരിക്കും…ഇത് സത്യം…
അതും പറഞ്ഞു മേരി വീട്ടിലേക്ക് നടന്നുപോയി
മേരിയുടെ വാക്കുകൾ കേട്ട ഞാൻ തലയിൽ തേങ്ങവീണ പ ട്ടിയെ പോലെ അലക്ഷ്യമായി എങ്ങോട്ടോ നടന്നു…
സ്വന്തം അപ്പനെ തല്ലി തോല്പ്പിക്കാൻ ആണ് മേരി ആവശ്യപ്പെട്ടിരിക്കുന്നത്…
അതുമാത്രമല്ല പ്രശ്നം…
ജോർജേട്ടൻ….പണ്ടത്തെ ഫയൽവാൻ…
ആറടി ഉയരവും നൂറുകിലോ തൂക്കവുമുള്ള ആജാനുബാഹു….
തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിൽ മത്സരിച്ചു ഒരു എമണ്ടൻ കാളയെ ഒറ്റയടിക്ക് നിലംപരിശാക്കിയ പുരുഷകേസരി…
ആ പുള്ളിക്കാരനെ ഈ ഞാൻ തല്ലി തോൽപിക്കണം എന്നൊക്കെ പറഞ്ഞാൽ… ?
ന്നാലും എന്തിനാണാവോ സ്വന്തം അപ്പനെ തല്ലാൻ മേരി എന്നോട് പറഞ്ഞത്… ?
ഇനി അബദ്ധവശാൽ തല്ലൂടി ജോർജേട്ടൻ തോറ്റാൽ മേരിയെ അയാൾ എനിക്ക് കെട്ടിച്ചു തരോ… ??
ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങൾ എന്റെയുള്ളിൽ ഗുമുഗുമാ നുരഞ്ഞുപൊന്തി….
ഏറെ സമയം കൂട്ടിയും ഗുണിച്ചും ഹരിച്ചും നോക്കിയിട്ടും ശിഷ്ടം കിട്ടാതെ വന്ന ഞാൻ ഒടുവിൽ ഒരുറച്ച തീരുമാനമെടുത്തു…
മേരിയുടെ അപ്പൻ ജോർജേട്ടനെ തോൽപ്പിച്ച് മേരിയെ എന്റെ മണവാട്ടിയാക്കുക…
പിറ്റേന്ന് രാവിലെമുതൽ എന്റെ സ്റ്റീൽ ബോഡിയിൽ നിറയെ കാച്ചിയഎണ്ണ തേച്ചുപിടിപ്പിച് വീടിന്ടെ മുറ്റത്ത് അപ്പുറത്ത് മുറ്റമടിക്കുന്ന മേരി കാൺകെ ഞാൻ ചില കസർത്തുകൾ കാണിച്ചു തുടങ്ങി….
വെട്ടുകല്ല് എടുത്ത് ഉയർത്തുക, തേങ്ങയുടെ ചകിരി കടിച്ചു പറക്കുക, മുളച്ചുവരുന്ന അടക്കമരത്തെ കാലുകൊണ്ട് ആഞ്ഞ് പ്രഹരിക്കുക, തുടങ്ങിയ ധീരകൃത്യങ്ങൾ അതിൽ ഉൾപ്പെടുന്നു…
രണ്ട് ആഴ്ച്ചകാലം അങ്ങിനെ കടന്നുപോയി….
കസർത്തു പലതും കാണിച്ചിട്ടും എന്റെ ശരീരത്തിൽ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായില്ല…
പകരം ഉണ്ടായിരുന്ന ധൈര്യവും ആത്മവിശ്വാസവും ചോർന്നു പോയപോലെ ഒരു തോന്നൽ…
അങ്ങനെ ഒരീസം പള്ളിയിൽ പോകുന്നവഴിക്ക് ഞാൻ ജോർജേട്ടന്റെ അടുത്തേക്ക് ചെന്നു….
എന്താ സായി അവിടെ നിന്നു പരുങ്ങുന്നെ ??
എന്റെ നിൽപ്പും ഭാവവും കണ്ട ജോർജേട്ടൻ വാത്സല്യത്തോടെ ചോയിച്ചു…
പുള്ളിക്കാരന് പണ്ടേ എന്നെ വല്യ കാര്യമാണ്…എവിടെവെച്ചു കണ്ടാലും ചിരിക്കും, എന്തേലും കുശലവും ചോദിക്കും…
ഞാൻ ജോർജേട്ടനെ അടിമുടി ഒന്ന് നോക്കി…
അങ്ങേരുടെ അടുത് ഞാൻ നിൽക്കുമ്പോ കരിമ്പനചോട്ടിൽ കരയാമ നിക്കണപോലുണ്ട്….
ന്ടെ കർത്താവെ, ഈ പുള്ളിക്കാരനെ ആണോ ഞാൻ ഇടിച്ചു മലർത്തേണ്ടത്….?
നടന്നത് തന്നെ…
എന്റെ നിൽപ്പിലെ പന്തികേട് മനസിലാക്കിയ ജോർജേട്ടൻ തോളത്ത് കയ്യിട്ട് കാര്യമാരാഞ്ഞു….
മേരിയെ എനിക്ക് ഇഷ്ട്ടാണ് ജോർജേട്ടാ…അവളെ വിവാഹം കഴിക്കാനും താല്പര്യമുണ്ട്..
അവളോട് ഇതേപ്പറ്റി സംസാരിച്ചപ്പോൾ അപ്പനെ തല്ലിതോൽപ്പിച്ചാൽ മാത്രേ അവൾ ഈ വിവാഹത്തിന് സമ്മതിക്കു എന്നാണ് പറയുന്നത്…ചേട്ടനെ തല്ലി തോൽപ്പിക്കാനുള്ള ആരോഗ്യം എനിക്കില്ല..പക്ഷെ എനിക്ക് മേരിയെ വേണം….ഞാൻ ന്താ ചെയ്യാ ജോർജിജേട്ടാ… ??
രണ്ടുമൂന്ന് നിമിഷത്തെ നിശബ്ദത വന്നു ഞങ്ങൾക്കിടയിൽ….
ഞാൻ മുഖം ഉയർത്തി ജോർജേട്ടനെ ഒന്ന് സൂക്ഷിച്ചു നോക്കി…
കണ്ണുകൾ നിറയുന്നുണ്ടോ പുള്ളിയുടെ…മുഖം വലിഞ്ഞു മുറുകിയിട്ടുണ്ട്….എന്താണാ മനസ്സിൽ എന്ന് മനസിലാക്കാൻ പറ്റുനില്ല…
ഒരു ദീർഘശ്വാസത്തിന് ശേഷം അദ്ദേഹം സംസാരിച്ചു തുടങ്ങി….
അപ്പനെ തല്ലാൻ മേരി ആവശ്യപ്പെട്ടപ്പോൾ നിനക്ക് എന്ത് തോന്നി സായി..?
അതിനൊരു ഉത്തരം നൽകാൻ എനിക്കായില്ല…
അവളുടെ സ്ഥാനത്തു ആരായാലും ഇതും ഇതിനപ്പുറവും പറയും…സ്വന്തം അമ്മയെ കൊ ന്ന അപ്പനെ ഏത് മകൾക്കാ സായി ഇഷ്ടപെടാൻ കഴിയാ……. ?
എനിക്കൊന്നും മനസിലാകുന്നുണ്ടായില്ല…
ജോർജേട്ടൻ മേരിയുടെ അമ്മയെ കൊ ന്നെന്നോ… ?
അപ്പൊ ഇപ്പൊ അവിടെയുള്ള സ്ത്രീ ആരാ ?
അവരെ മേരി അമ്മ എന്നാണല്ലോ വിളികുന്നത്…
ഞാൻ പത്തിൽ പഠിക്കുമ്പോൾ ആണെന്ന് തോനുന്നു മേരിയും കുടുംബവും വീടിനടുത് താമസമാക്കുന്നത്…
അതിനുമുൻപ് നടന്ന സംഭവങ്ങളാണോ ഇതൊക്കെ ??
ഒന്നും പിടികിട്ടുന്നില്ല അല്ലേ സായി…താൻ ഇപ്പോൾ കാണുന്നത് എന്റെ രണ്ടാംഭാര്യയാണ്..ആദ്യഭാര്യയിൽ ഉണ്ടായ കുട്ടിയാണ് മേരി..മേരിയുടെ അമ്മയെ വിവാഹം കഴിക്കുന്ന സമയത്ത് ഞാനൊരു തികഞ്ഞ മ ദ്യപാനി ആയിരുന്നു..വീട്ടിൽ അതേച്ചൊല്ലി എന്നും വഴക്കും പതിവായിരുന്നു..
എന്റെ ശാരീരികവും മാനസികവുമായുള്ള പീ ഡനങ്ങൾ സഹിക്കാൻ കഴിയാതെ ഒരുദിവസം മേരിയുടെ അമ്മ ആ ത്മഹത്യ ചെയ്തു..
കുറച്ചു നാളുകൾക്കു ശേഷം ഞാൻ വീണ്ടും വിവാഹം കഴിച്ചു,….അപോഴെക്കും ഞാനാകെ മാറിയിരുന്നു..പഴയ കാര്യങ്ങൾ ഓർത്തുള്ള പശ്ചാത്താപം ആയിരുന്നു മനസുനിറയെ…
അങ്ങിനെയാണ് ഞാനും കുടുംബവും ഇങ്ങോട്ട് താമസം മാറുന്നത്…
എല്ലാവരും എല്ലാതും മറന്നു..പക്ഷെ മേരി മാത്രം പഴയതൊന്നും മറന്നില്ല..
അമ്മയുടെ മരണത്തിനു കാരണക്കാരനായ അപ്പനെ അവൾ വെറുത്തു…ഒരുതരം വൈരഗ്യ ബുദ്ധിയോടെയായിരുന്നു മേരി എന്നോട് പെരുമാറിയിരുന്നത്…
നിനക്കറിയോ സായി, എന്റെ മോൾ പത്ത് വർഷത്തിൽ കൂടുതലായി ഈ അപ്പനോട് മിണ്ടീട്ട്….
ഒന്നും പറയാതെ തിരിഞ്ഞു നടന്ന എന്നെ പിറകിൽ നിന്ന് വിളിച്ചു ഒന്നുടെ പറഞ്ഞുതന്നു ജോർജേട്ടൻ…
മേരിയുടെ മുന്നിൽവെച്ചു നീയെന്നെ തല്ലുമ്പോൾ തിരിച്ചു തല്ലാൻ ഞാൻ ഈ കൈ പോക്കില്ല..
കാരണം ഈ അപ്പന് തല്ലുകൊള്ളുമ്പോ എന്റെ മോൾക്ക് സന്തോഷം ആവുമെങ്കിൽ അതാണ് എന്ടെയും സന്തോഷം..പിന്നെ നിന്നെപോലെ ഒരു മരുമോനെ കിട്ടാനല്ലേ, സാരല്യ ഞാൻ നിന്ടെ തല്ലുകൊണ്ടോളം…
ഒരു വിതുമ്പലോടെ ജോർജേട്ടൻ പറഞ്ഞവസാനിപ്പിച്ചു…
അങ്ങനെ ഒരു ഞായറാഴ്ച ദിവസം ഞാൻ മേരിയുടെ വീടിന് മുൻപിലെത്തി…
പെട്ടെന്ന് എന്നെ കണ്ട മേരി ആദ്യം ഒന്ന് അമ്പരന്നു…
എന്നിട്ട് ചോദ്യഭാവത്തിൽ എന്നെയൊന്ന് നോക്കി.
മേരി, അപ്പനെ വിളിക്ക്..
ഞാനല്പം ഗൌരവത്തിൽ പറഞ്ഞു…
മുണ്ടും മാടികുത്തി, കയ്യും തെറുത്തു കയറ്റി അക്ഷോഭ്യനായി നിൽക്കുന്ന എന്നെ മേരി സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു..
എന്റെ ശബ്ദം കേട്ടിട്ടാവണം ജോർജേട്ടൻ പടിയിറങ്ങി വന്നു….
ചേട്ടാ, ഞാൻ ചേട്ടനെ തല്ലി തോൽപ്ക്കാൻ വന്നതാ, അപ്പനെ തല്ലിതോല്പിച്ചാൽ മാത്രേ മേരി എനിക്ക് താലി കെട്ടുവാൻ കഴുത്ത് നീട്ടി തരൂ.
ഞാനത്രയും പറഞ്ഞപ്പോൾ ജോർജേട്ടൻ കോലായിൽ നിൽക്കുന്ന മേരിയെ ഒന്ന് നോക്കി…
ആ നോട്ടത്തെ നേരിടാനാകാതെ മേരി തല കുനിച്ചു നില്പുണ്ടായിരുന്നു…
സമയം കളയാതെ വന്ന കാര്യം തീർത്തിട്ട് പോ എന്ന് പറയാതെ പറഞ്ഞത് ജോർജേട്ടൻ എന്റെ മുന്നിൽ നിന്നു…
സർവശക്തിയും എടുത്തു കൈചുരുട്ടി ഞാനൊന്നാഞ്ഞടിച്ചു ജോർജേട്ടന്റെ വയറ്റിൽ…
ഒന്ന് തടയാൻ പോലും ആ മനുഷ്യൻ ശ്രമിച്ചില്ല…
മലപോലുള്ള ആ ശരീരം ഒന്ന് ഉലഞ്ഞു…അത്രമാത്രം..
കണ്ണടച്ച് പിടിച്ചു ഞാൻ ഒന്നുടെ കൈവീശി അടിച്ചു അയാളെ…
ഒരു ഞെരക്കത്തോടെ ആ വലിയ ശരീരം താഴേക്ക് പതിച്ചു…
വീണടത്തു നിന്നും ജോർജേട്ടൻ എണീറ്റില്ല, ഞാൻ അദ്ദേഹത്തെ താങ്ങിപിടിച്ചു എണീപ്പിക്കാൻ ശ്രമിക്കുമ്പോൾ മേരി എന്റെ സമീപത്തേക്ക് ഓടിവന്നു…
മേരി, ഇത് നിന്ടെ അമ്മയെ കൊന്ന ആ പഴയ ആളല്ല…പഴയകാര്യങ്ങൾ ഓർത്തുള്ള പാശ്ചാപത്താലും, സ്വന്തം മകളുടെ അവഗണനയാലും നോവുന്ന മനസും ജരാനരകൾ ബാധിച്ച ശരീരവുമുള്ള നിന്ടെ അപ്പനാണ് ഈ കിടകുന്നത്..
ഈ അവസ്ഥയിലെങ്കിലും ഇദ്ദേഹത്തോടുള്ള നിന്ടെ പക ഉപേക്ഷിക്കണം മേരി…
അത്രയും പറഞ്ഞു ജോർജേട്ടനെ എണീപ്പിച്ചു തിണ്ണയിൽ ഇരുത്തി മേരിയെ ഒന്ന് നോക്കുകപോലും ചെയ്യാതെ തിരിഞ്ഞു നടക്കുമ്പോൾ എനിക്കറിയാമായിരുന്നു മേരിയുടെ ഒരു വിളി എന്നെ തേടി എത്തുമെന്ന്…