ഇവിടെ ഇരുന്നുകൊണ്ട് തനിക്കു വരുന്നവരെയും പോകുന്നവരെയും വ്യക്തമായി കാണാം..ആരെക്കെ വരും എന്നറിയാലോ…

ഇനി ഞാനുറങ്ങട്ടെ…

Story written by Neeraja S

===============

നീണ്ടുനിവർന്നു വെള്ളപുതച്ചു കിടക്കുന്ന ശരീരത്തെ അടിമുടി ഒന്ന് നോക്കി..കൊള്ളാം ച ത്തു കിടക്കുമ്പോഴും കാണാൻ ഒരു ഭംഗി ഒക്കെയുണ്ട്. ഭാര്യയും മകളും പെങ്ങള് കുട്ടിയും പിന്നെ ചില അടുത്ത ബന്ധുക്കളും ചുറ്റിനും ഇരുന്ന് ഇടയ്ക്കിടെ കണ്ണുനീർ തുടക്കുന്നുണ്ട്..അവരുടെ കലാപരിപാടി നടക്കട്ടെ…

ഓമനപുത്രൻ എവിടെയാണെന്ന് നോക്കാം…അതിനു മുൻപ് ഞാൻ ആരാണെന്നും എന്താണെന്നും പറഞ്ഞില്ലല്ലോ…

എന്റെ പേര് രവിചന്ദ്രൻ..കേൾക്കാൻ ഒരു പഞ്ച് ഒക്കെ ഉണ്ട്‌ അല്ലേ..എല്ലാവരും രവി എന്ന് വിളിച്ചപ്പോൾ ഒരാൾ മാത്രം എന്നെ ‘ചന്ദ്രൂ..’ എന്ന് വിളിച്ചിരുന്നു..അതാരാണെന്നൊക്കെ പിന്നെ പറയാം..

ഇന്ന് വെളുപ്പിന്  ബാത്ത് റൂമിൽ തെന്നിവീണ് തല തറയിൽ ഇടിച്ചു ഞാൻ ഇഹലോകവാസം വെടിഞ്ഞു…അങ്ങനെയാണ് എല്ലാവരും പറയുന്നത്…ശരിയാണ് ഞാൻ മരിച്ചു..എന്റെ ശവശരീരമാണ് ആ നീണ്ടു നിവർന്നു കിടക്കുന്നത്..

എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അത് സാധിക്കാതെ..മരിച്ചു പോകുന്നവർ പിന്നെയും പുനർജനിക്കും അല്ലെങ്കിൽ യ ക്ഷിയാകും ( യ ക്ഷിയുടെ പുല്ലിംഗം എന്താണോ എന്തോ.. ) എന്നൊക്കെ പറഞ്ഞു കേട്ടിരിക്കുന്നു. എനിക്ക് അതിനൊന്നും നേരമില്ല..ഇവിടെ ഒരു ജന്മം ജീവിച്ചതുതന്നെ ധാരാളം. ഒരു ആഗ്രഹമുണ്ട് അത് സാധിച്ചിട്ടു എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കണം.

വലിയ സിറ്റ്ഔട്ട്‌..മധ്യഭാഗത്തായിട്ടാണ് എന്റെ ശരീരം കിടത്തി വെള്ള പുതപ്പിച്ചിരിക്കുന്നത്..അതിനടുത്തായി എന്റെ സ്ഥിരം ചാരുകസേരയിലാണ് ഇപ്പോൾ ഞാൻ..ചത്തുപോയ ഒരാളുടെ അതും അയാൾ എപ്പോഴും ഇരിക്കുന്ന കസേരയിൽ ഇന്നത്തെ ദിവസം ഇരിക്കാൻ എന്തായാലും ആരും മടിക്കും അതുകൊണ്ട് വിശാലമായി ഇവിടെ തന്നെ ഇരിക്കാം എന്നോർത്തത്…

ഇവിടെ ഇരുന്നുകൊണ്ട് തനിക്കു വരുന്നവരെയും പോകുന്നവരെയും വ്യക്തമായി കാണാം..ആരെക്കെ വരും എന്നറിയാലോ…

വിവരം അറിഞ്ഞു ആദ്യം ഓടി വന്നത് എപ്പോഴും വഴക്കുണ്ടാക്കുന്ന അയൽവാസിയായിരുന്നു. ഇന്നലെയും കൂടി അങ്ങോട്ടും ഇങ്ങോട്ടും ത ന്തക്കു വിളിച്ചതാണ്…അതാവും ആ മുഖത്ത് ഇത്രയും വിഷമം.

ബന്ധു ജനങ്ങൾ ഓരോരുത്തരായി വന്നു കൊണ്ടിരിക്കുന്നു…അടുത്ത ബന്ധുക്കൾ വരുമ്പോൾ ചുറ്റിനും ഇരുന്ന് കരയുന്നവർക്കു എവിടെ നിന്നൊക്കെയോ കരച്ചിൽ വരും. സംഘം ചേർന്നു കൂട്ടക്കരച്ചിൽ നടത്തും..പിന്നെ വരുന്നവരെയും പോകുന്നവരെയും നോക്കി ഇടയ്ക്കു വരാത്ത കണ്ണുനീർ തുടച്ചു അങ്ങിനെ ഇരിക്കും.

ആ കൂട്ടത്തിൽ എന്റെ പെങ്ങളുകുട്ടി മാത്രമാണ് ആത്മാർത്ഥമായി കരയുന്നത്..മടിയിലിരിക്കുന്ന കുഞ്ഞുവാവ പേടിച്ചാലോ എന്നോർത്ത്..എല്ലാം ഉള്ളിലൊതുക്കി ഏട്ടന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നു.

സൽപുത്രനെ കണ്ടില്ലല്ലോ..കൂട്ടുകാരുടെ ഇടയിൽ കാണും. മുറ്റത്തിന്റെ അരികിലേക്ക് എത്തിനോക്കി..വിചാരിച്ചതുപോലെ കുറെ മുടിയും താടിയും വെട്ടാത്ത ഫ്രീക്കന്മാരുടെ ഇടയിൽ അവനും ഇരിപ്പുണ്ട്..ഒരു കൈയിൽ ഫോൺ..മറുകൈ വിരൽ കൊണ്ട് ഇടയ്ക്കിടെ തോണ്ടി കളിക്കുന്നുമുണ്ട്.

തമ്മിൽ വല്യ പിണക്കം ആയിരുന്നെങ്കിലും തന്റെ അച്ഛൻ മരിച്ചപ്പോൾ..ഹൃദയം നിലച്ചപോലെയായി ജീവിതത്തിൽ തനിച്ചായപോലെ..ആ സ്നേഹം ഇനി ഇല്ലെന്നുള്ള ചിന്തയിൽ ഒരുനിമിഷം പോലും കണ്ണ് മാറ്റാതെ ആ മുഖത്തേക്ക് നോക്കി അടുത്തിരുന്നു. ചങ്കു പൊട്ടുന്ന വേദനയോടെ..ഇപ്പോഴത്തെ തലമുറ അല്പം കഠിനം തന്നെ..

സ്വാതന്ത്ര്യത്തിന് മേലുള്ള ഒരു പൂട്ടായിട്ടാണ് അച്ഛന്മാരെ കാണുന്നത്. എല്ലാവരും അങ്ങനെയല്ല   ചുരുക്കം ചില ഭാഗ്യവാന്മാരും ഉണ്ട്‌. തനിക്കു ഭാഗ്യം ഒട്ടും ഇല്ലാതെ പോയി. രണ്ടു മക്കൾ..രണ്ടും തലതിരിഞ്ഞു പോയി..എത്ര സ്നേഹിച്ചാലും കാണാൻ കണ്ണില്ലാത്ത മക്കൾ..എന്തിനുമേതിനും വളംവച്ചു കൊടുക്കുന്ന അമ്മയാണ് അവർക്കു എല്ലാം..

കോളേജിൽ എത്തിയിട്ട്…പക്വതയായിട്ട് ഫോൺ മേടിച്ചു കൊടുത്താൽ മതിയെന്നായിരുന്നു തന്റെ നിലപാട്..അമ്മ മക്കൾക്ക്‌ രണ്ടിനും അവർ ആവശ്യപ്പെട്ടപ്പോൾ ഫോൺ വാങ്ങി നൽകി..

മോൾ പത്തിലും മോൻ പ്ലസ്ടുവിലും ആയതേ ഉള്ളൂ. രണ്ടുപേർക്കും പ്രണയം ഉണ്ടത്രേ..കേട്ടപ്പോൾ ചിരിയാണ് വന്നത്..താനൊക്കെ ഇരുപത്തിയഞ്ചു വയസ്സായിട്ടും ആ ഭാഗത്തേക്ക് നോക്കാൻ എന്തു പേടിയായിരുന്നു..ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം ടൈംപാസ്സ്..നടക്കട്ടെ…

ഒന്നുരണ്ടു തവണ ഉപദേശിക്കാൻ ചെന്നപ്പോഴെല്ലാം അവൾ ഇടയിൽ ചാടിവീണു. അവർക്കു ചിന്തിക്കാൻ ഉള്ള പ്രായം ആയത്രേ..നല്ലതും ചീത്തയും അവർ കണ്ടെത്തിക്കോളും എന്റെ സഹായം അവർക്കു വേണ്ടെന്ന്. മൗനമായി പിൻവാങ്ങി.

ഇടയ്ക്കു തനിക്കിട്ടൊന്നു കുത്താനും അവൾ മറക്കാറില്ല..അപ്പന്റെ സ്വഭാവമാണ് മക്കൾക്ക്‌ രണ്ടിനും കിട്ടിയിരിക്കുന്നതെന്ന്..തനിക്കും പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നു..അതിന്റെ പക തീർക്കുന്നതാണ്.

പെട്ടെന്ന് എല്ലാവരും നിൽക്കുന്ന സ്ഥലത്തു നിന്നും ഒരു അടക്കംപറച്ചിൽ. എല്ലാവരും തമ്മിൽ തമ്മിൽ എന്തോ പറയുന്നു…എല്ലാവരുടെയും നോട്ടം കയറി വരുന്ന ആ ആളിലേക്കാണ്.. 

കണ്ടപ്പോൾ കണ്ണെടുക്കാൻ ആയില്ല..  ഹൃദയം വല്ലാതെ തുടിക്കുന്നു. അവൾ ഒരിക്കൽ എന്റെ പ്രിയപ്പെട്ടവൾ ആയിരുന്നു..എന്തു രസമായിരുന്നു ആ കാലം..

അച്ഛന്മാർ തമ്മിൽ നല്ല കൂട്ട് ആയിരുന്നു. മക്കളെ തമ്മിൽ കെട്ടിക്കാം..എന്നൊരു വാക്കിന്റെ ബലത്തിൽ പൂത്തുലഞ്ഞ പ്രണയം. ലൈസൻസ് ഉള്ളതു കൊണ്ട് ആരെയും ഒളിച്ചു നടക്കണ്ടായിരുന്നു. എങ്കിലും ആരും കാണാതെ ഇടവഴിയിൽ വച്ചു കാണുന്നത് ഒരു രസമായിരുന്നു..

അന്നത്തെ കാലത്തു പുസ്തകങ്ങളിലൂടെ ആയിരുന്നു പ്രണയം ഒഴുകി പരന്നിരുന്നത്..വായിക്കുന്ന പുസ്തകങ്ങളിലെ നല്ല നല്ല പ്രണയ വാചകങ്ങളുടെ അടിയിൽ പെൻസിൽ കൊണ്ട് അടിവര ഇടും. എന്നിട്ട് കൈമാറും. അങ്ങനെ എത്രയോ പുസ്തകങ്ങൾ വായിച്ചു കൈമാറിയിരുന്നു.

ഇടയ്ക്കെപ്പോഴോ നിസ്സാര കാരണങ്ങൾ പറഞ്ഞു വല്യ കൂട്ടുകാർ ആയിരുന്ന അച്ഛന്മാർ പരസ്പരം കണ്ടാൽ വഴക്കിടുന്ന അവസ്ഥയിലായി..ഓരോ ദിനവും വഴക്കു മൂത്തുകൊണ്ടിരുന്നു..അവളുടെ അച്ഛനാണ് ആദ്യം പ്രഖ്യാപിച്ചത്.. ‘എന്റെ മോളെ നിന്റെ മോനെക്കൊണ്ട് കെട്ടിക്കാൻ എനിക്ക് മനസ്സില്ലെന്നു..നിന്റെ മോളെ ആർക്കു വേണം’ എന്ന് പറഞ്ഞ് അച്ഛൻ പുച്ഛിച്ചു തള്ളി

ഇടയിൽ പെട്ടുപോയതു ഞങ്ങൾ രണ്ടുപേരും ആയിരുന്നു. ആരും അറിയാതെ ഒരു സുപ്രഭാതത്തിൽ അവളുടെ അച്ഛൻ ഒരു പട്ടാളക്കാരനുമായി അവളുടെ കല്യാണം ഉറപ്പിച്ചു.

നീയെങ്ങാനും അവളുടെ പിറകെ പോയാൽപ്പിന്നെ ഞാൻ ജീവനോടെ കാണില്ലെന്ന അച്ഛന്റെ വാശി ജയിച്ചു..അന്ന് പിണങ്ങിയതാണ് അച്ഛനോട്..മരണംവരെ അത് തുടർന്നു..പുറമേ പിണക്കം നടിച്ചാലും ഉള്ളിൽ പിണക്കമില്ലായിരുന്നു.

തന്റെ വിവാഹവും അധികം താമസിയാതെ നടന്നു. അച്ഛൻ കണ്ടെത്തിയ പെൺകുട്ടി..ആറുമാസം കൊണ്ട് അച്ഛന് തന്നെ മതിയായി. ‘അടക്കവും ഒതുക്കവും ഇല്ലാത്ത ചാട്ടക്കാരി’ എന്നാണ് അച്ഛന് അവളെക്കുറിച്ച് ഉണ്ടായിരുന്ന അഭിപ്രായം. അച്ഛൻ ഓരോ തവണ അവളുടെ മുൻപിൽ തോൽക്കുമ്പോഴും താൻ ഉള്ളിൽ ചിരിച്ചിരുന്നു. ‘അങ്ങനെ വേണം’ എന്ന് മനസ്സിൽ പറയുകയും ചെയ്തു.

അധികനാൾ കഴിഞ്ഞില്ല പട്ടാളക്കാരൻ മരിച്ചപ്പോൾ അവൾ തിരിച്ചു വീട്ടിലേക്കു പോന്നു. പൊടിപ്പും തൊങ്ങലും വച്ച് നാട്ടുകാർ പറഞ്ഞതെല്ലാം അതേപടി വിഴുങ്ങിയ ഭാര്യ അന്ന് തുടങ്ങിയ വഴക്ക് ഇന്നലെ രാത്രിവരെ തുടർന്നു.

അവൾ പാവം…ചങ്കിൽ തീകോരിയിട്ടുകൊണ്ടു വിധവാ വേഷത്തിൽ ഗ്രാമത്തിലൂടെ നടന്നപ്പോൾ അതിലും വലിയ തീകോരി എന്റെ ചങ്കിലിടുന്നുണ്ടായിരുന്നു ഭാര്യ..

എപ്പോഴും അവളുടെ പേര് ഞങ്ങളുടെ ഇടയിൽ ചുറ്റിത്തിരിഞ്ഞു. അമ്മയുടെ വർത്തമാനത്തിലും പെരുമാറ്റങ്ങളിൽ നിന്നും ചിലതൊക്കെ ഊഹിച്ചു മക്കളും തന്നെ അകറ്റി നിർത്തി.

സാരിത്തുമ്പുകൊണ്ടു മറച്ചു കൈയിൽ കരുതിയിരുന്ന ഒരു റോസാപ്പൂവ് എടുത്തു ദേഹത്തുവച്ചു…കൈകൂപ്പി തൊഴുത് അൽപനേരം കണ്ണടച്ച് നിന്നിട്ട് അവൾ തിരിഞ്ഞു നടന്നു..

അവളുടെ കൺകോണുകളിൽ വെള്ളം നിറഞ്ഞു തിളങ്ങി നിന്നു..ആരെയും നോക്കാതെ സാരി വലിച്ചുപുതച്ചു കൊണ്ട് തല ഉയർത്തിപ്പിടിച്ചു നടന്നുവരുന്നു. തന്റെ ചാരുകസേരയ്ക്ക് അടുത്ത് വന്നപ്പോൾ അതിലേക്കു ഒന്ന് നോക്കി.

എന്റെ ആത്മാവിന്റെ ആഴങ്ങളിൽ വരെ എത്തി നിന്നു ആ നോട്ടം..എനിക്കും കരച്ചിൽ വന്നു. പാവം എത്ര ആഴത്തിലുള്ള സ്നേഹമായിരുന്നു..അവൾക്ക് തന്നോട്… “ചന്ദ്രൂ..” എന്ന വിളിയിൽ അവളുടെ എല്ലാ സ്നേഹവും ഒളിപ്പിച്ചിരുന്നു.

വിധി എന്ന് പറഞ്ഞു സമാധാനിക്കാം. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഒന്നിച്ചു ജീവിക്കാം എന്നൊന്നും ഞാൻ കരുതുന്നില്ല..എത്ര ജന്മം കഴിഞ്ഞാലും തനിക്കു നല്ലതൊന്നും വരാൻ പോകുന്നില്ല.

തനിക്കു വേണ്ടി കൊണ്ടുവച്ച പൂവ് എവിടെ..കൊള്ളാം..ഭാര്യ അതെടുത്തു കൈയിൽ വച്ച് ഞെരിക്കുന്നു. ഒറ്റയ്ക്കായിരുന്നു എങ്കിൽ ചിലപ്പോൾ അവൾ ആ പൂ തിന്നുവായിരുന്നു..അതോർത്തപ്പോൾ ചിരി വന്നു. ചത്താലും വൈരാഗ്യം മാറാത്ത ജന്തു.

പെട്ടെന്ന് ചുറ്റിനും ഇരുന്നവർ ഉച്ചത്തിൽ കരയുന്നത് കണ്ടു..അവളും കൈയിൽ ഞെരിച്ചുകൊണ്ടിരുന്ന പൂ താഴെയിട്ട് ഉച്ചത്തിൽ നിലവിളിച്ചു..അമ്മയും ഇളയ അനിയനും വന്നതാണ് അങ്ങ് ഡൽഹിയിൽ നിന്ന്…

അമ്മയെ കണ്ടപ്പോൾ പെട്ടെന്ന് സങ്കടം വന്നു. ജീവനോടെയിരിക്കെ മക്കൾ മരിക്കുന്നത് ഏത് അമ്മയ്ക്ക് സഹിക്കാൻ പറ്റും.

അനിയൻ ഡൽഹിയിൽ സ്ഥിരതാമസം ആക്കിയിരുന്നു. അവനും അവന്റെ ഭാര്യയ്ക്കും ജോലിയുണ്ട്..ഇവിടെ ആണെങ്കിൽ മൂത്ത മരുമോളും ആയിട്ട് എന്നും വഴക്ക്. പതുക്കെ അമ്മ സ്ഥിരതാമസം അനിയന്റെ കൂടെയാക്കി. അവർക്കും അതൊരു ആശ്വാസം ആയിരുന്നു.

അമ്മയ്ക്ക് പ്രായം അല്പം കൂടിയ പോലെ തോന്നി. കണ്ടിട്ട് രണ്ടുമൂന്നു മാസം ആയി. അടുത്തുവന്നു നിന്ന് ചങ്കിൽ കൈ ചേർത്ത് വിതുമ്പി കരഞ്ഞു കുറച്ചു നേരം. അമ്മയ്ക്ക് തന്റെ ദേഹത്തു തൊടണം എന്നാഗ്രഹമുള്ളപോലെ തോന്നി. പക്ഷെ മരണം എന്ന ഭീകരമായ അവസ്ഥയോടുള്ള ഇഷ്ടക്കുറവ് കൊണ്ടാകാം അൽപനേരം കൂടി മുഖത്തേക്ക് നോക്കി കരഞ്ഞിട്ട് അടുത്തുള്ള കസേരയിൽ ഇരുന്നു.

മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്ന തിനിടയിൽ അമ്മയ്ക്ക് ഉറക്കം വരുന്നുണ്ടെന്നു തോന്നുന്നു. ദീർഘ ദൂരം യാത്ര കഴിഞ്ഞു വന്നതല്ലേ. ആരോ പിടിച്ച് അകത്തുപോയി കിടക്കാം എന്നുപറഞ്ഞു കൊണ്ടുപോകുന്നത് കണ്ടു.

പാവം എന്റെ അനിയൻ അവൻ കാലിൽ പിടിച്ച് കിടന്ന് കരയുന്നു..ഒത്തിരി ഇഷ്ടമായിരുന്നു എന്നോട്..ഒരേ പാത്രത്തിൽ ഉണ്ട്‌ ഒരു മനസ്സോടെ ജീവിച്ചതല്ലേ..അച്ഛൻ മരിച്ചു കഴിഞ്ഞ് അച്ഛന്റെ സ്ഥാനത്തു താനായിരുന്നു അവന്റെ മനസ്സിൽ. ഇത്രയും പെട്ടെന്ന് ഏട്ടൻ പോകും എന്നവൻ കരുതിയിട്ടുണ്ടാവില്ല.

അവന്റെ കൂട്ടുകാർ വന്നു ആശ്വസിപ്പിച്ചു പിടിച്ച് എഴുന്നേൽപ്പിച്ചു പുറത്തേക്കു കൊണ്ടുപോയി. പിന്നെയും പലരും വന്നുംപോയും ഇരിക്കുന്നു.

എനിക്ക് ഒരാളെ കാണാൻ ഉണ്ടായിരുന്നു.  അവനെ കാത്താണ് ഞാൻ ഇവിടെ ഇങ്ങനെ നോക്കിയിരിക്കുന്നത്..വരാതിരിക്കുമോ…ചത്തുകിടക്കുമ്പോഴും ദൈവത്തോട് പ്രാർത്ഥിക്കണം എന്നാണോ.

എന്നാൽ പിന്നെ ആയിക്കോട്ടെ…

“എന്റെ കള്ളകൃഷ്ണാ..ഞാൻ നോക്കിയിരിക്കുന്ന ആളെ എന്റെ കണ്മുന്നിൽ എത്തിച്ചാൽ..മുകളിൽ ചെല്ലുമ്പോൾ അവിടുത്തെ അമ്പലത്തിൽ ഒരു പാൽപായസം കഴിപ്പിച്ചേക്കാം..അവിടെ ഉള്ളവർ സമ്മതിച്ചാൽ.. “

പിന്നെയും വന്നവരുടെ കൂടെയൊന്നും നോക്കിയിരുന്ന ആളെ കണ്ടില്ല. ‘ഇനിയാരും കാണാൻ വരാനില്ല. എങ്കിൽപിന്നെ ബാക്കി കാര്യങ്ങൾ നോക്കാമായിരുന്നു.’ പലരും അക്ഷമരായി തുടങ്ങി.

എന്റെ പുക കാണാൻ എന്താ തിടുക്കം..കൂടുതൽ തിടുക്കം കാണിക്കുന്നവനെ ഒന്ന് എത്തിനോക്കി.അമ്മാവൻ..എന്നും അച്ഛനോടും തന്നോടും വഴക്കു മാത്രം ഉണ്ടാക്കിയിരുന്ന മഹാൻ..

ദൂരെനിന്നും ആരോ നടന്നു വരുന്നുണ്ട്..എന്റെ കൃഷ്ണാ ചതിക്കല്ലേ..ഞാൻ കാത്തിരിക്കുന്ന ആളായിരിക്കണേ..

ഭാഗ്യം…ദൈവം ചതിച്ചില്ല…അതവൻ തന്നെ…

രാവിലെ എഴുന്നേറ്റു ബാത്‌റൂമിൽ കയറി കതക് അടക്കാൻ തുടങ്ങിയപ്പോഴാണ് ആദ്യത്തെ അടി തലയ്ക്കു പുറകിൽ കിട്ടിയത്. തിരിഞ്ഞു നോക്കാൻ പറ്റിയില്ല..പക്ഷെ അവന്റെ ഒരു കൈയിൽ പിടുത്തം കിട്ടി..സർവ്വ ശക്തിയും എടുത്തു തിരിച്ചൊടിച്ചു..മിന്നായം പോലെ മുഖം കണ്ടെങ്കിലും ബോധം പോയി. അത്രയ്ക്ക് കടുത്തതായിരുന്നു കിട്ടിയ അടി.

എന്റെ പെണ്ണുമ്പിള്ളയ്ക്ക് കൂടി ഇതിൽ പങ്കുണ്ടെന്നുറപ്പാണ്..അവൾക്കൊള്ളത് ദൈവം കൊടുത്തോളും. പക്ഷെ എനിക്ക് അവനെ ഒന്ന് കാണണം. ആരാണെന്ന് ഒന്നറിയാൻ വേണ്ടി മാത്രം..എന്റെ അവസാന ആഗ്രഹം.

നടന്നു വന്ന ആൾ അടുത്തെത്തി. ഒരുകൈ ബാന്റേജ് ഇട്ട് പൊതിഞ്ഞു കഴുത്തിൽ നിന്നും നീണ്ടു കിടക്കുന്ന ചരടിൽ  തൂക്കിയിട്ടിരിക്കുന്നു.

‘ഹാ കൊള്ളാം…അവളുടെ അകന്ന ബന്ധത്തിലുള്ള ഒരു വായിനോക്കി…അവനെ കാണുന്നത് തന്നെ തനിക്കിഷ്ടമല്ല. അവൻ കേറി വന്നു ശവത്തിന്റെ  കാൽചുവട്ടിലായി കണ്ണുമടച്ചു അൽപനേരം നിന്നു. എന്തൊരു അഭിനയം. അവനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി..അവളുടെ മുഖത്തെ ഭാവമാറ്റം കാണാൻ വേണ്ടി നോക്കി ഇരിക്കുവായിരുന്നു..’

അവളുടെ മുഖത്തുനിന്നും എല്ലാം മനസ്സിലായി. രണ്ടും കൂടി പ്ലാൻ ചെയ്തു തട്ടിക്കളഞ്ഞതാണ്. എന്തായാലും വേണ്ടില്ല. അവരോട് നന്ദിയൊണ്ട്. എനിക്കാണെങ്കിൽ ഈ ജീവിതം എന്നേ മടുത്തു. വീടിനും വേണ്ട വീട്ടുകാർക്കും വേണ്ട. ആ ത്മഹത്യ ചെയ്യാനുള്ള ധൈര്യവും തനിക്കില്ല.

ബാക്കി ഉള്ളവർ സന്തോഷത്തോടെ ജീവിക്കട്ടെ. ഇനി ആഗ്രഹങ്ങൾ ഒന്നും ബാക്കിയില്ല. സമാധാനത്തോടെ പോകാം. മക്കളുടെ രണ്ടുപേരുടെയും മുഖത്തേക്ക് ഒന്നുകൂടി നോക്കി. അറിവാകുന്നതുവരെ കൈയിൽ തൂങ്ങി നടന്ന കുഞ്ഞുങ്ങളാണ്. എന്നെങ്കിലും അവർ അച്ഛനെ ഓർക്കാതിരിക്കില്ല..എന്തായാലും ദൈവം നല്ലത് വരുത്തട്ടെ.

ഇനി കത്തിക്കുവോ തിന്നുവോ എന്താണെന്നു വച്ചാൽ ചെയ്യട്ടെ. വെള്ളപ്പുതപ്പിനു കീഴിലെ ചെറുചൂടിൽ നല്ല സുഖം. ഇനി ഒന്നുറങ്ങണം. സ്വസ്ഥമായി…