കോഴിക്കോട് അടുക്കാറായപ്പോൾ ഭാര്യയ്ക്ക് ഒരു മോഹം മിഠായിതെരുവ് ഒന്ന് കാണണമെന്ന്…

ഇതിലും വലിയ അബദ്ധം സ്വപ്നങ്ങളിൽ മാത്രം…

Story written by Saji Thaiparambu

===============

കണ്ണൂരിൽ നിന്നും യാത്ര പുറപ്പെടുമ്പോൾ മണി പതിനൊന്നായി.

കോഴിക്കോട് അടുക്കാറായപ്പോൾ ഭാര്യയ്ക്ക് ഒരു മോഹം മിഠായിതെരുവ് ഒന്ന് കാണണമെന്ന്.

ഞാനാലോചിച്ചപ്പോൾ ചെറിയേ ഒരു ആഗ്രഹമല്ലേ?

പുതിയ ബൈപാസ്സ് പാലം കയറാതെ വളഞ്ഞ് മുഠായിതെരുവിലെത്തി.

അവിടുത്തെ നിരന്ന് നില്ക്കുന്ന വലിപ്പം കുറഞ്ഞ കടകൾക്കുള്ളിൽ പല വർണ്ണങ്ങളിലുള്ള വില കുറഞ്ഞ വസ്ത്രങ്ങൾ കണ്ട് ഭാര്യയുടെ കണ്ണ് പുറത്തേക്ക് തള്ളി.

ഒടുവിൽ, കാറിന്റെ ഡിക്കിക്ക് ശ്വാസം മുട്ടുന്നത് വരെ, വസ്ത്രങ്ങളും, ചെരുപ്പുകളും, പാത്രങ്ങളും പല നിറത്തിലും രുചിഭേദത്തിലുമുള്ള അലുവകളും വാങ്ങി വച്ചു.

ഇനിയെന്ത് വാങ്ങണമെന്ന് ചിന്തിച്ച് നിന്ന ഭാര്യയെ എന്റെ പേഴ്സിന്റെ കനം കുറഞ്ഞത് കാണിച്ച് കണ്ണുരുട്ടിയപ്പോൾ പാവം വാലും ചുരുട്ടി കാറിലേക്ക് കയറിയിരുന്നു

കോഴിക്കോടിന്റെ തിരക്കേറിയ തെരുവിലൂടെ കാറ് ഇഴഞ്ഞ് നീങ്ങുമ്പോൾ പുറകിലിരുന്ന മോൾ വിൻഡൊ ഗ്ളാസ്സ് താഴ്ത്തി.

അകത്തേക്ക് കടന്നു വന്ന ഊഷ്ണ കാറ്റിനൊപ്പം, ദം ബിരിയാണിയുടെ മാസ്മരിക ഗന്ധവും കടന്ന് വന്നു.

“വാപ്പിച്ചീ…നമുക്ക് ബിരിയാണി കഴിക്കാം വിശക്കുന്നു.”

ഞാൻ പ്രതീക്ഷിച്ച പോലെ പുറകീന്ന് മോള് വിളിച്ച് പറഞ്ഞു.

ഭാര്യയും മകനും കൂടി അതിനെ സപ്പോർട്ട് ചെയ്തപ്പോൾ മസാലവാസനയുള്ള ഒരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി.

ബിരിയാണിയും കഴിച്ചിറങ്ങി, കാറിൽ കയറി യാത്ര തുടങ്ങിയപ്പോഴാണ്, അത് വരെ അടക്കി വച്ചിരുന്ന ഭാര്യയുടെ അമർഷം പുറത്ത് ചാടിയത്

“ഹോ എന്ത് ബ്ളേഡാണ് ഈ കടയിൽ, വരുന്ന വഴിയിൽ ഓട്ടോറിക്ഷയിൽ പാഴ്‌സൽ 60 രൂപ വച്ച് ബിരിയാണി വില്ക്കുന്നു ണ്ടായിരുന്നു, അത് വാങ്ങി കഴിച്ചാൽ മതിയായിരുന്നു.”

അത് കേട്ട് ഞാൻ അവളോട് ദേഷ്യപ്പെട്ടു.

“നിനക്കല്ലേലും വില കുറച്ച് കിട്ടുന്നതിനോടാ താത്പര്യം, “

അത് കൊണ്ടല്ലേ നിങ്ങളോടിത്ര താത്പര്യം എന്നവൾ മനസ്സിൽ പറഞ്ഞിട്ടുണ്ടാവും.

“എന്നാൽ പിന്നെ, ഏതെങ്കിലും യതീംഖാനയിൽ കയറി കഴിച്ചാൽ പോരായിരുന്നോ? അപ്പേൾ പിന്നെ പൈസ ഒന്നും കൊടുക്കണ്ടായിരുന്നല്ലോ?

അത് കേട്ടവൾ പൊട്ടിച്ചിരിച്ചു.

നഗരം വിട്ടിട്ട് വണ്ടി ഗുരുവായൂർ ബോർഡ് കണ്ട റോഡിലേക്ക് കയറി.

ബിരിയാണിയുടെമത്ത് പിടിച്ച് കുട്ടികൾ ഉറക്കത്തിലേക്ക് വീണു.

ബാക്ക് സീറ്റിൽ രണ്ടറ്റത്ത് ഇരുന്നവർ, ഉറങ്ങി തുടങ്ങിയപ്പോൾ, പരസ്പരം താങ്ങായി ഇരുവരുടെയും തോളുകൾ ഒട്ടിപ്പിടിച്ച്, സയാമീസ് ഇരട്ടകളെ പോലെയായി.

വാതോരാതെ സംസാരിച്ചിരുന്ന ഭാര്യയുടെ അനക്കം കേൾക്കാതെ തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് വായും പൊളിച്ചിരുന്ന് ഉറങ്ങുന്ന ശ്രീമതിയെയാണ്.

മുന്നിൽ ഉച്ചവെയിലേറ്റ് തിളങ്ങുന്ന വിശാലമായ പൊന്നാനി ചാവക്കാട് റോഡ് കണ്ട് ആവേശം മൂത്ത ഞാൻ ആക്സിലേറ്ററിൽ ആഞ്ഞ് ചവിട്ടി.

അഞ്ച് മണി കഴിഞ്ഞപ്പോൾ ഉച്ചയ്ക്ക് തിന്ന ബിരിയാണി ദഹിച്ചിട്ടാണെന്ന് തോന്നുന്നു. മോള് കണ്ണ് തുറന്ന് വെളിയിലേക്ക് നോക്കിയിരിക്കുന്നത്, ഞാൻ റിയർവ്യൂ മീറ്റിലൂടെ കണ്ടു.

“വാപ്പിച്ചീ…വാഴയ്ക്കാപ്പം വേണം?

റോഡരികിലെ ചായക്കടയിൽ ചില്ലിട്ട അലമാരയിൽ ഉറങ്ങിക്കിടക്കുന്ന രതീഷിനെ അവൾ കൃത്യമായി കണ്ടു പിടിച്ചു.

എന്തായാലും വൈകിട്ടത്തെ ചായ കുടിയും കഴിഞ്ഞ് കാറ് തൃശൂർ റോഡിൽ കയറുമ്പോൾ ഇരുട്ട് വീണിരുന്നു.

ഹെഡ് ലൈറ്റുകൾ മിഴി തുറന്നു. പക്ഷേ റോഡ് വ്യക്തമാകുന്നില്ല. എതിരെ വരുന്ന വണ്ടികളുടെ പ്രകാശത്തിൽ കണ്ണ് ചിമ്മി പോകുന്നു.

“നിനക്ക് മുൻവശം കാണാൻ പറ്റുന്നുണ്ടോ?

ഞാൻ ഇടത് വശത്തിരിക്കുന്ന ഭാര്യയോട് ചോദിച്ചു.

“പിന്നെ…എനിക്ക് നന്നായി കാണാം നിങ്ങള് മുഖവും കണ്ണും കഴുകി നോക്ക് രാവിലെ മുതൽ ഡ്രൈവ് ചെയ്യുന്നതല്ലേ?

ഭാര്യയുടെ ഉപദേശപ്രകാരം മുഖവും കണ്ണും കഴുകി ബാക്കി വെള്ളം കൊണ്ട് ഗ്ളാസ്സും കഴുകി വീണ്ടും വണ്ടി മുന്നോട്ടെടുത്ത്…

അപ്പോഴും സ്ഥിതി അത് തന്നെ

കൂനിന്മേൽ കുരു എന്ന് പറഞ്ഞത് പോലെ ചാറ്റൽ മഴയും തുടങ്ങി.

“സൈറാ..എന്റെ കണ്ണിനെന്തോ പ്രശ്നമുണ്ട് കെട്ടോ എനിക്ക് ഒട്ടും റോഡ് വ്യക്തമല്ല, ആകെ ഒരു  മൂടല് പോലെ ” ഞാൻ ആശങ്കയോടെ പറഞ്ഞു.

“ആണോ? അപ്പോൾ നിങ്ങളുടെ കണ്ണിന്റെ തന്നെയാ, നാളെ എന്തായാലും ഒരു കണ്ണ് ഡോക്ടറെ കാണിക്കണം, തല്ക്കാലം ഒരു കാര്യം ചെയ്യ് ഇവിടെ ഏതെങ്കിലും ലോഡ്ജിൽ ഒരു റൂമെടുത്ത് കിടക്കാം, എന്നിട്ട് നാളെ രാവിലെ ഡോക്ടറെ കണ്ടിട്ട് ആലപ്പുഴയ്ക്ക് പോകാം”

“ഉം ശരിയാ..ഈ രീതിയിൽ യാത്ര തുടരുന്നത് അപകടമാ, എന്തോ കാര്യമായ തകരാറ് കണ്ണിന് പറ്റിയിട്ടുണ്ട്, എറണാകുളത്ത് ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ തന്നെ കാണിക്കാം”

അങ്ങനെ തീരുമാനിച്ച് കൊണ്ട് ഞങ്ങൾ രാത്രിയിൽ എറണാംകുളം വരാപ്പുഴ റോഡ് സൈഡിലെ ഒരു ലോഡ്ജിൽ റൂമെടുത്തു, ഉറങ്ങുന്നതിന് മുൻപ് ഭാര്യ അറിയാവുന്ന നേർച്ചക്കാരെയൊക്കെ വിളിച്ച് സഹായമഭ്യർത്ഥിച്ച്, ഒരു വിധത്തിൽ നേരം വെളുപ്പിച്ചു.

ഒൻപത് മണിക്ക് തന്നെ എറണാകുളത്തെ പ്രശസ്തമായ ഐയ് ഹോസ്പിറ്റലിലെത്തി.

അഡ്മിഷൻ ടിക്കറ്റെടുത്തപ്പോഴാണ് ആശുപത്രിയുടെ ആഡ്യത്വം മനസ്സിലായത്…

അസിസ്റ്റന്റ് ഡോക്ടറുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം മെയിൻ ഡോക്ടർ പരിശോധിച്ചു.

പിന്നെ എക്സ് റേ, സ്കാനിങ്ങ്…

ഓരോന്നിനും ഓരോ വലിയ ബില്ലും തരാൻ അവർ ഒട്ടും മടി കാണിച്ചില്ല.

പേഴ്സിലെ കാശ് തീർന്നപ്പോൾ പിന്നെ കാർഡ് കൊടുത്തു സ്വൈപ്പ് ചെയ്തു.

എല്ലാ ടെസ്റ്റുകളും കഴിഞ്ഞപ്പോൾ ഉച്ചകഴിഞ്ഞു.

കലശലായ വിശപ്പ് സഹിച്ച് ഡോക്ടറുടെ മുറിയിൽ റിസൾട്ടുകളുമായി ചെന്നു.

എല്ലാം ഒന്ന് ഓടിച്ച് നോക്കിയിട്ട്, ഒന്ന് പുഞ്ചിരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

“ഒരു കുഴപ്പവുമില്ല നിങ്ങളുടെ കണ്ണ് 100 ശതമാനം പെർഫെക്ട് ആണ്”

അത് കേട്ട് സമാധാനമായെങ്കിലും അപ്പോൾ മൊബൈലിൽ വന്ന ബാങ്ക് ബാലൻസ് കണ്ട് ഞാൻ പകച്ചുപോയി.

ഒരു മാസത്തേക്കുള്ള കുടുംബ ബജറ്റിലേക്ക് മാറ്റിവച്ചിരുന്ന തുക മുഴുവൻ ആ ഹോസ്പിറ്റലിന്റെ അക്കൗണ്ടിലേക്ക് പോയി എന്നറിഞ്ഞപ്പോഴും ഭാര്യ പറഞ്ഞു വേറെ ഏതെങ്കിലും ഡോക്ടറെ കണ്ടാൽ മതിയായിരുന്നു എന്ന്.

എന്തായാലും, ഹോസ്പിറ്റലിൽ നിന്നിറങ്ങി ആലപ്പുഴ ലക്ഷ്യമാക്കി വണ്ടി പാഞ്ഞു.

ഭാര്യയെയും മക്കളെയും ഒപ്പം ലഗ്ഗേജുകളും വീട്ടിലിറക്കിയിട്ട് റെന്റിനെടുത്ത കാറ് തിരിച്ച് കൊടുക്കാനായി ചെന്നപ്പോഴാണ്, കാറിന്റെ ഓണറ് പറഞ്ഞത് കേട്ട് ഞാൻ ആകെ തളർന്ന് പോയത്.

“ഹല്ല, ഇക്കാ രണ്ട് ദിവസത്തേക്കാതിരുന്നോ ടൂറ് പോയത്, ഞാനോർത്തു ഇവിടെ അടുത്ത് എവിടെയെങ്കിലും പോയിട്ട് വൈകുന്നേരമിങ്ങ് വരുമായിരിക്കുമെന്ന്…അത് കൊണ്ടാ ഞാൻ ഇക്കാടെ അടുത്ത് ആ കംപ്ളയിന്റ് പറയാതിരുന്നത് “

“ങ്ഹേ, ഏത് കംപ്ളയിൽറ്?

“അല്ലാ…അതിന്റെ റൈറ്റ് സൈഡിലെ ഹെഡ് ലൈറ്റ് ബൾബ് കത്തുന്നില്ലായിരുന്നു, പക്ഷേ യാത്രയൊക്കെ സുഖമാതിരുന്നല്ലോ അല്ലേ?

ആ ചോദ്യത്തിന് മറുപടി പറയാൻ കെൽപില്ലാതെ തളർന്ന് പോയ മനസ്സും ശരീരവുമായി ഞാൻ വീട്ടിലേക്ക് നടന്നു.

~സജിമോൻ തൈപ്പറമ്പ്