ആശങ്കയോടെ മുഖത്തേക്ക് നോക്കി. ഒന്നും മിണ്ടാതെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി…

മിന്നാമിനുങ്ങുകൾ…

Story written by Neeraja S

================

“രജനി..നമുക്ക് ഇത് വേണ്ടെന്നു വച്ചാലോ..??

ഞെട്ടിപ്പോയി..കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസം ആകുന്നതേ ഉള്ളൂ. ഇപ്പോൾ തന്നെ ആൾക്കാർ ചോദിച്ചു തുടങ്ങിയിരിക്കുന്നു.

“അതെന്താ..അങ്ങനെ പറയുന്നത്..ഇതൊക്കെ ഒരു ഭാഗ്യമാണെന്നല്ലേ പറയുന്നത്..? “

ആശങ്കയോടെ മുഖത്തേക്ക് നോക്കി. ഒന്നും മിണ്ടാതെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ചിലപ്പോൾ ഇത്രയും പെട്ടെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. വൈകിട്ട് വന്നപ്പോൾ പതിവിനു വിപരീതമായി മ ദ്യപിച്ചിട്ടുണ്ടായിരുന്നു.  വിളമ്പിക്കൊടുത്ത ഭക്ഷണം ഒന്നും മിണ്ടാതെ കഴിച്ചു.

അടുക്കളയിലെ ജോലി ഒതുക്കുമ്പോഴും അതിനു ശേഷം ഭക്ഷണം കഴിക്കുമ്പോഴും അമ്മയും മോനും കൂടി ഉമ്മറത്തിരുന്നു പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു.

റൂമിൽ ചെല്ലുമ്പോൾ സി.ഗരറ്റ് പുകച്ചുകൊണ്ട് കട്ടിലിൽ തലയിണ ചാരിവച്ചു കിടപ്പുണ്ടായിരുന്നു.

“ഞാൻ പറഞ്ഞ കാര്യത്തിന് രജനി അഭിപ്രായം ഒന്നും പറഞ്ഞില്ലല്ലോ..? “

“ഞാൻ എന്തു പറയാൻ..എന്തായാലും എന്റെ കുഞ്ഞിനെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. വേറെ എന്തു വേണമെങ്കിലും ഞാൻ… “

പറഞ്ഞു മുഴുവനാക്കുന്നതിനുമുൻപ് സി ഗരറ്റ് എറിഞ്ഞിട്ട് ചാടി എണീറ്റു.

“ഈ വീട്ടിൽ ഞാൻ പറയുന്നതുപോലെ കാര്യങ്ങൾ നടന്നാൽ മതി. നാളെ രാവിലെ റെഡി ആയിക്കോണം. ആശുപത്രിയിൽ എല്ലാം പറഞ്ഞ് ഏർപ്പാട് ചെയ്തിട്ടുണ്ട്.. “

“ഇല്ല…ഞാൻ സമ്മതിക്കില്ല.. “

കരഞ്ഞുകൊണ്ട് കാലിൽ വീണു. കല്യാണം കഴിഞ്ഞ ഉടനെ കുട്ടികൾ വേണ്ടെന്നുള്ള തീരുമാനം…ആദ്യത്തെ കൺമണിയെ കൊ ന്നു കളഞ്ഞിട്ട് പിന്നെ ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാകാതെ…ജീവിതം നരകമായ ചിറ്റയുടെ മുഖമായിരുന്നു ഉള്ളിൽ.

കാൽ വലിച്ചെടുത്തു കൊണ്ട് അയാൾ ചീറി..

“ഇത് എന്റെയാണെന്നു എന്താടീ ഉറപ്പ്..ചിലയവളുമാരുണ്ട് വയറും വീർപ്പിച്ചോണ്ടു വന്നിട്ട് പാവപ്പെട്ടവന്മാരുടെ തലയിൽ കെട്ടിവയ്ക്കും..”

” എന്നെ നീ അക്കൂട്ടത്തിൽ കാണണ്ട.. “

മരവിച്ചിരുന്നു പോയി. അയാളുടെ മനസ്സിലിരിപ്പ് വ്യക്തമായിരിക്കുന്നു. ഒരു സ്ത്രീയുടെ അഭിമാനത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. എങ്ങനെ പ്രതികരിക്കും. എങ്ങനെ  അതിജീവിക്കും..

തറയിൽ ഭിത്തിയിൽ ചാരിയിരുന്നു രാത്രി മുഴുവൻ കരഞ്ഞു..അതൊരു പെൺകുഞ്ഞാവും എന്ന് ഉറപ്പുണ്ടായിരുന്നു..തന്റെ മകൾ..

അച്ഛന് വേണ്ടാത്ത മകളെ തനിക്ക് മാത്രമായി എന്തിന്..

രാവിലെ ഒന്നും മിണ്ടാതെ കൂടെപ്പോയി..തിരികെ വരുമ്പോൾ സന്തോഷത്തോടെ അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..ഭർത്താവ് എന്ന വ്യക്തിയോടുള്ള സ്നേഹം മനസ്സിലെവിടെയോ ഉറഞ്ഞു പോയിരിക്കുന്നു..

സ്നേഹമില്ലായ്മയിൽ മാസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും..യാന്ത്രികമായി ദിനങ്ങൾ തള്ളി നീക്കി..വയറ്റിൽ ഉള്ളതിനേക്കാൾ സ്നേഹം മറഞ്ഞു നിൽക്കുന്ന മകളോടായിരുന്നു..

എപ്പോഴും കൂടെ ഉള്ളപോലെ ഒരു തോന്നൽ. അദൃശ്യമായ ആ കുഞ്ഞുസ്നേഹത്തിന്റെ ഓർമയിൽ ജീവിതം മുന്നോട്ട് പോയി.

അയാളുടെയും അമ്മയുടെയും ആഗ്രഹംപോലെ മകനാണ് പിറന്നത്..രണ്ടുപേരും സന്തോഷം കൊണ്ട് മതിമറന്നു.

എത്ര കുഞ്ഞുങ്ങൾ പിറന്നാലും കടിഞ്ഞൂൽ കണ്മണിയോട് ഒരിറ്റു സ്നേഹം കൂടുതൽ ആയിരിക്കുമെന്ന് പറയുന്നത്പോലെ മോൻ എപ്പോഴും കൂടെ ഉണ്ടെങ്കിലും മോളുടെ ചിന്തകൾ അതിനെല്ലാം മുകളിൽ ഉയർന്നു നിന്നു.

കുഞ്ഞിന് ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്നു എപ്പോഴും പനി. വയറ്റിലായിരുന്നപ്പോൾ താൻ വേണ്ട വിധത്തിൽ ശ്രദ്ധിച്ചില്ല എന്നൊരു കുറ്റബോധം എപ്പോഴും ഉണ്ടായിരുന്നു.

ഒന്നാംപിറന്നാൾ ആഘോഷമാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഒരു രാത്രിയിൽ പനി കൂടി..വണ്ടിവിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യക്കുറവ് കാരണം പനി താങ്ങാൻ കുഞ്ഞിനായില്ല..അങ്ങനെ ആകെ ആശ്രയമായ മോനും വിട്ടുപിരിഞ്ഞു.

എല്ലാവരുടെയും കണ്ണിൽ മകൻ മരിച്ച അമ്മയായി താൻ നിറഞ്ഞപ്പോൾ. രണ്ടു മക്കൾ മരിച്ച ഹതഭാഗ്യയായ അമ്മയായിരുന്നു ഞാൻ.

സാരമില്ല ചെറുപ്രായമല്ലേ..ഇനിയും കുട്ടികൾ ഉണ്ടാകുമെന്ന് പറഞ്ഞ് എല്ലാവരും സമാധാനിപ്പിച്ചു. വിരസമായ കുറെ മാസങ്ങൾ കടന്നുപോയി. ഏകാന്തതയിൽ ഒറ്റപ്പെട്ടു മടുത്തിരിക്കുന്നു ജീവിതം.

മകൻ മരിച്ചതോടെ ആയാളും അമ്മയും തമ്മിൽ വർത്തമാനം തീരെ കുറഞ്ഞിരുന്നു. അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ല. അയാൾ മ ദ്യപിച്ചു വരാത്ത ദിനങ്ങൾ ചുരുക്കമായിരുന്നു.

മ ദ്യപിച്ചു വരുന്ന ദിവസങ്ങളിലെല്ലാം അയാൾ അമ്മയുമായി വല്ലാതെ വഴക്കിട്ടു..കരച്ചിലും ചീത്തവിളിയും കഴിഞ്ഞ് എപ്പോഴെങ്കിലും വന്നു കിടക്കും.

ഒരു ദിവസം പതിവ് ചീത്തവിളിയും കരച്ചിലും കഴിഞ്ഞ് വന്നുകിടന്നപ്പോൾ ചോദിച്ചു..

“എന്തിനാണ് പ്രായമായ അമ്മയെ ഇങ്ങനെ ചീത്തവിളിക്കുന്നത്..നിങ്ങൾക്ക് ചീത്തവിളിക്കാനും തല്ലാനും ഞാൻ ഉണ്ടല്ലോ.. “

“അവർ കാരണമാണ് എനിക്ക് ഈ ഗതി വന്നത്…എനിക്ക് ഇനി കുഞ്ഞുങ്ങൾ ഉണ്ടാവില്ല..അവർ പറഞ്ഞിട്ടാണ് ഞാൻ…”

തുടർന്ന് പറയുന്നതിന് മുൻപ് അയാൾ ഉറക്കത്തിലേക്കു വഴുതി വീണിരുന്നു..

വേഗത്തിൽ അമ്മയുടെ മുറിയിലേക്ക് ചെന്നു..അമ്മ കിടക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു..

“എനിക്ക് സത്യം അറിയണം…എന്തിനാണ് അമ്മയുടെ മകൻ ഇങ്ങനെ സങ്കടപ്പെടുന്നത്..അമ്മയെ ഇങ്ങനെ ചീത്ത വിളിക്കുന്നത്.. “

കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു..ചോദ്യം ആവർത്തിച്ചപ്പോൾ..അതും അല്പം ഉച്ചത്തിൽ ചോദിച്ചപ്പോൾ അവർ പതുക്കെ പറഞ്ഞു..

“അവന്റെ ജാതകത്തിൽ രണ്ടു കുഞ്ഞുങ്ങൾ എന്നാണ് എഴുതിയിരുന്നത്..മകൻ ജനിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് സംശയമായി..ആദ്യത്തെ കുഞ്ഞും അവന്റെ തന്നെ ആയിരുന്നോ എന്ന്.. “

“അങ്ങനെ ആകുമ്പോൾ ജാതകപ്രകാരം ഇനി അവന് കുഞ്ഞുങ്ങൾ ഉണ്ടാവില്ല..എങ്ങനെ ആയാലും ഇനി കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ എത്തിയത് അങ്ങനെയാണ്..”

“നീ അവനെ ഏതെങ്കിലും രീതിയിൽ ചതിച്ചാൽ അവന് മനസ്സിലാക്കാൻ വേണ്ടിയാണു നിന്നെ അറിയിക്കാതെ എല്ലാം ചെയ്തത്… “

“എന്റെ വീണ്ടുവിചാരം ഇല്ലാത്ത ചിന്തകൾ ആയിരുന്നു എല്ലാത്തിനും പിന്നിൽ..നിന്നെ എനിക്ക് വിശ്വാസമില്ലായിരുന്നു. നീ അവനെ ചതിക്കുമെന്ന് എനിക്ക് തോന്നിപ്പോയി.. “

അവർ കരഞ്ഞു തുടങ്ങിയപ്പോൾ ഒന്നും മിണ്ടാതെ മുറിയിൽ നിന്നും ഇറങ്ങി പോന്നു..

അതിരാവിലെ എഴുന്നേറ്റ് ജോലിയെല്ലാം തീർത്തു..അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ മാത്രം ബാഗിലെടുത്തു..ഇറങ്ങി നടക്കുമ്പോൾ അമ്മയും മകനും ഉമ്മറത്തുതന്നെ ഉണ്ടായിരുന്നു. ആരും ഒന്നും ചോദിച്ചില്ല..എനിക്ക് പറയാനും.

പുതിയൊരു ജീവിതം സ്വപ്നം കണ്ടിറങ്ങി നടക്കുമ്പോൾ ഒറ്റയ്ക്കാണെന്നൊരു തോന്നൽ ഉണ്ടായിരുന്നില്ല..തന്റെ മകൾ..അവൾ കൂടെയുണ്ട്.

വീട്ടിൽ വന്നു ആറുമാസം കഴിഞ്ഞപ്പോഴാണ് ആ ആലോചന വന്നത്…ചെറുപ്പത്തിൽ തന്നെ  കുടുംബത്തിന്റെ ചുമതലകൾ മുഴുവൻ തലയിൽ ചുമന്നു ജീവിക്കാൻ മറന്നുപോയവൻ…പ്രായം കൂടിപ്പോയതുകൊണ്ടു വിവാഹ കമ്പോളത്തിൽ വിലകുറഞ്ഞുപോയ ആ പാവം മനുഷ്യനെ സ്വീകരിക്കാൻ ഒരു മടിയും ഉണ്ടായിരുന്നില്ല.

രണ്ടു വർഷങ്ങൾക്കിപ്പുറം ഇപ്പോഴും തന്റെ മകൾ കൂടെയുണ്ട്..പഴയതുപോലെ അദൃശ്യസാന്നിധ്യം ആയിട്ടല്ല. എനിക്ക് കാണാം..കൊഞ്ചിക്കാം..അവളെ പൊന്നുപോലെ സ്നേഹിക്കുന്ന അച്ഛനും അവൾക്കുണ്ട്.

അന്ന്..ചിന്തിച്ചു തീരുമാനം എടുത്തില്ലായിരുന്നു എങ്കിൽ ആ നരകത്തിൽ, സ്നേഹമില്ലായ്മയിൽ ഒറ്റപ്പെടലിൽ എരിഞ്ഞടങ്ങി പോകുമായിരുന്നു എന്റെ ജന്മം. അതെ ജീവിതം ഒന്നേ ഉള്ളൂ..അതെങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്.