എയ്ഞ്ചൽ മേരി തോമസ്….
Story written by Neeraja S
=================
വെളുപ്പിന് നടക്കാനിറങ്ങുമ്പോൾ ഇടത്തോട്ടോ വലത്തോട്ടോ എന്ന ചിന്തയിൽ അൽപനേരം നിന്നു. ദൂരെയായി രണ്ടുപേർ നടന്നു പോകുന്നത് കണ്ടപ്പോൾ ആവഴി തന്നെ പോകാമെന്ന് തീരുമാനിച്ചു.
പുതിയസ്ഥലം..ആരെയും പരിചയമില്ല. പെട്ടെന്നൊരു മാറ്റം പ്രതീക്ഷിച്ചിരുന്നില്ല. ഉന്നതങ്ങളിൽ പിടിപാടുള്ള ആരോ കളിച്ച കളിയിൽ തന്റെ ജോലി ഇങ്ങോട്ട് തെറിച്ചു. അവരുടെ വേണ്ടപ്പെട്ടവർ ഇന്നുമുതൽ താനിരുന്ന കസേരയിൽ ഇരിക്കും.
മുന്നിൽ നടക്കുന്നവർ വളരെ പതുക്കെയാണ് നടക്കുന്നത്. ഒരു അരമണിക്കൂർ നടന്നിട്ട് തിരികെ പോന്നു. സ്ഥലം എന്തായാലും കൊള്ളാം. നല്ല ഭംഗിയുള്ള പ്രദേശം. ജോലി താലൂക്ക് ഓഫീസിൽ ആയതുകൊണ്ട് വരും ദിവസങ്ങളിൽ കൂടുതൽ ആൾക്കാരെ കാണാനും പരിചയപ്പെടാനും സാധിക്കും..
രാവിലെ നടക്കാൻ പോകുമ്പോൾ കുറച്ചു മുൻപിലായി ആ രണ്ടുപേർ ഉണ്ടാകും. വളരെ പതുക്കെ നടക്കുന്നതുകൊണ്ടു എന്നും അവരെ കടന്നു മുൻപിൽ പോകാറുണ്ട്. പ്രായമായ സ്ത്രീയും ചെറുപ്പക്കാരനും. ചെറുപ്പക്കാരന് ഇരുപത്തഞ്ചിൽ കൂടുതൽ പ്രായം കാണില്ല. ആ സ്ത്രീക്ക് എന്തായാലും എഴുപത്തഞ്ചു വയസ്സ് എങ്കിലും കാണും.
എത്ര സന്തോഷത്തോടെ കൂട്ടുകൂടിയാണ് അവർ നടക്കുന്നത്. ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു കാഴ്ച അന്യമാണ്.
ഒരാഴ്ച കഴിഞ്ഞപ്പോൾ അവരുമായി സംസാരിച്ചു തുടങ്ങി. പിന്നെ പിന്നെ നടപ്പും അവരുടെ ഒപ്പമായി. പുലർ വേളകളിൽ സന്തോഷകരമായ ഒരു നടത്തം. മനസ്സിന് നല്ല ഉണർവ് കിട്ടി. ശ്രീഹരിയും അവന്റെ മുത്തശ്ശിയും. മുത്തശ്ശിയുടെ പേര് ഏഞ്ചൽ മേരി തോമസ് എന്നാണ് പറഞ്ഞത്. പേരുകൾകേട്ടപ്പോൾ ചെറിയ ഒരുപൊരുത്തക്കേട് ഫീൽ ചെയ്തു.
കൂടുതൽ അടുത്ത് കഴിഞ്ഞപ്പോൾ ഒരുദിനം തുറന്നുതന്നെ ചോദിച്ചു. രണ്ടുപേരും ഒരേസ്വരത്തിൽ ഞാൻ പറയാമെന്ന് പറഞ്ഞു വഴക്കായി. അവസാനം മുത്തശ്ശി തന്നെ വിജയിച്ചു. തൊണ്ട ഒന്ന് ശരിയാക്കി പഴയകാല സ്മരണകളിലേക്ക്. ശ്രീഹരിയും ഞാനും കേൾവിക്കാരായി…
എനിക്ക് അന്നു പ്രായം അൻപത്തിയഞ്ചു ആകുന്നു. ഭർത്താവ് മരിച്ചിട്ടു കുറച്ചു വർഷങ്ങൾ ആയി. ഒരു മകൻ ഉണ്ടായിരുന്നു. അവൻ അമേരിക്കയിൽ ആണെന്ന് പറയുന്നു. നാടുമായുള്ള എല്ലാ ബന്ധവും മുറിച്ചെറിഞ്ഞു പോയതാണ്. സത്യത്തിൽ ആ വലിയവീട്ടിൽ ഞാൻ ഒറ്റയ്ക്കായിരുന്നു.
രാവിലെ വന്ന് ജോലികൾ ചെയ്യാനും ഭക്ഷണം പാകം ചെയ്യാനും ഒരു സ്ത്രീ വരുന്നുണ്ട്. ഭക്ഷണം കഴിക്കാൻ മാത്രമാണ്…അതും വല്ലപ്പോഴും താഴത്തെ നിലയിലേക്ക് ഇറങ്ങിപ്പോകുക. കൂടുതലും റൂമിലേക്ക് കൊണ്ടു വരാൻ പറയുകയാണ് ചെയ്യുക.
മരിക്കുന്നതുവരെ തിന്നാലും തീരാത്ത സ്വത്തുക്കൾ ഉള്ളതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അലസമായി ജീവിതം തള്ളിനീക്കുന്നു. ആയിടയ്ക്കാണ് ഞാൻ പോലും അറിയാതെ ചിലർ എന്റെ ഏകാന്തതയിലേക്ക് കടന്നുവന്നത്.
ഒരു മതിലിനപ്പുറം പുല്ലുമേഞ്ഞ ഒറ്റമുറിവീട്. എത്രയോ കാലങ്ങളായി ആൾതാമസമില്ലാതിരുന്ന ആ ചെറിയവീട്ടിൽ ഒരുകുടുംബം താമസം ആരംഭിച്ചു. അച്ഛനും അമ്മയും രണ്ടു കുട്ടികളും. മൂത്ത മകൾക്കു നാലുവയസ്സ് പ്രായം വരും ഇളയ ആൺകുട്ടിക്ക് ഒന്നര വയസ്സും.
പകൽ മുഴുവൻ ആ അമ്മയും കുട്ടികളും അവിടെ തനിച്ചാണ്. അഞ്ചു മണി കഴിയുമ്പോൾ അയാൾ എത്തും. അതിനു ശേഷമാണു ഭക്ഷണം പാകം ചെയ്യുന്നത്. മുറ്റത്തിന്റെ അരികിലായി അടുപ്പ് കൂട്ടി ഭാര്യ ഭക്ഷണം പാകംചെയ്യുമ്പോൾ അയാൾ കുട്ടികളുടെ കൂടെ കളിക്കുന്നുണ്ടാവും. നന്നായി പാടുന്ന അയാൾ മക്കൾക്ക് വേണ്ടി എപ്പോഴും എന്തെങ്കിലുമൊക്കെ പാടിക്കൊണ്ടിരിക്കും.
ഭക്ഷണം കഴിച്ചു കഴിഞ്ഞു കുട്ടികളെ ഉറക്കി പിന്നെയും അവർ കുടിലിന്റെ തിണ്ണയിൽ ഇരുന്നു സംസാരിക്കുന്നത് കാണാം. അയാളുടെ റേഡിയോ അപ്പോൾ നിർത്താതെ പാടുന്നുണ്ടാവും. ചിലപ്പോഴൊക്കെ അവർ തന്റെ ജനലിലേക്ക് നോക്കി പുഞ്ചിരിക്കാറുണ്ട്.
അയാൾ പകൽ ജോലിക്ക് പോകുമ്പോൾ അവരുടെ കാവൽക്കാരി താനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെയുള്ള ദിനങ്ങൾ ഒരു ചെറിയശബ്‌ദം കേൾക്കുമ്പോൾ ശ്രദ്ധിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ചിരിയും കളിയും കണ്ടിരിക്കാൻ നല്ല രസമാണ്. എന്റെ വിരസമായ ദിനങ്ങൾ അങ്ങനെ സന്തോഷപൂർണമായി.
ഒരു ദിവസം ബഹളം കേട്ടുകൊണ്ടാണ് പകൽ ഉറക്കത്തിൽനിന്നും ഉണർന്നത്. വേഗത്തിൽ ജനൽ തുറന്നു. അവരുടെ വീടിന്റെ മുൻപിൽ ആരൊക്കെയോ കൂടിനിൽക്കുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ഒരു വാഹനം വന്നുനിന്നു. ആരൊക്കെയോ ചേർന്ന് തുണിയിൽ പൊതിഞ്ഞ ഒരു ശരീരം അവരുടെ മുറ്റത്തു ഇറക്കിവച്ചു. അതെ അയാൾ എങ്ങനെയോ മരണപ്പെട്ടു.
ഒരു സങ്കടം വന്ന് മൂടിയത് പെട്ടെന്നാണ്. ഇനി അവൾ ആ പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട്. ജനൽ ചാരി…ഇനിയുള്ള കാഴ്ചകൾ തനിക്കു കാണണ്ട.
ഒരു ദിവസം കഴിഞ്ഞാണ് അടച്ചിട്ടിരുന്ന ജനൽ പാതി തുറന്നത്. കുട്ടികൾ മുറ്റത്തു കളിക്കുന്നു. അവൾ കുടിലിന്റെ തിണ്ണയിൽ തലയും താഴ്ത്തി ഇരിക്കുന്നു. ജനൽതുറക്കുന്ന ശബ്‌ദംകേട്ട് തല ഉയർത്തി നോക്കി. ആഴങ്ങളിൽ എവിടെയോ തറയ്ക്കുന്ന ശൂന്യമായ നോട്ടം.
പാവം….ചെറിയ പെൺകുട്ടി ഇനിയെങ്ങനെ മുന്നോട്ട് ജീവിക്കും. പതുക്കെ ജനൽചാരി വീണ്ടും തളർന്നു കിടന്നു. പതിവായി കേൾക്കുന്ന പാട്ട് കേൾക്കാതെ ആയതോടെ ഉറക്കവും വന്നില്ല. രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ പതിയെ ജനൽ തുറന്നു അവരുടെ വീട്ടിലേക്കു നോക്കിയിരുന്നു.
അടുത്തപകൽ ഉച്ചമയക്കത്തിൽ ആയിരുന്നു. ബഹളം കേട്ടാണ് എഴുന്നേറ്റത്. ജനൽതുറന്നു നോക്കി. ഞെട്ടിപ്പോയി…ഏതോ ഒരുത്തൻ ദൈവമേ…അയാൾ ആ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു.
ജനൽ മലക്കെ തുറന്നു ശബ്‌ദമുയർത്തി വിളിച്ചു. അയാൾ തിരിഞ്ഞു ജനലിന്റെ നേർക്കു നോക്കി എന്തൊക്കെയോ ചീത്തവാക്കുകൾ വിളിച്ചുപറഞ്ഞു. ഇനി എന്താണ് ചെയ്യുക. അവൾ അയാളോട് പൊരുതുന്നുണ്ടായിരുന്നു. വിശപ്പും ക്ഷീണവും ഏറെനേരം അവൾക്കു ജയിക്കാനായില്ല. തലമുടിയിൽ ചുറ്റിപ്പിടിച്ചു ഭിത്തിയിൽ ഇടിപ്പിച്ചതോടെ അവൾ മയങ്ങി വീണു..
ഇളയകുട്ടി കരഞ്ഞുകൊണ്ട് അവളെ വിളിക്കുന്നു. മൂത്തകുട്ടിയെ വലിച്ചുകൊണ്ടയാൾ കുടിലിൽ കയറി വാതിൽ അടയ്ക്കുന്നതുകണ്ട് വിറച്ചു പോയി. നീര് വന്ന് വേദനിക്കുന്ന കാൽ എങ്ങനെയാണു തറയിൽ ചവിട്ടി എഴുന്നേറ്റത് എന്നറിയില്ല. സർവ്വശക്തിയുമെടുത്ത് ഇറങ്ങിയോടി.
കിതച്ചു കൊണ്ട് വാതിലിൽ ആഞ്ഞടിച്ചലറി.. “ഞാൻ പോലീസിനെ വിളിച്ചിട്ടുണ്ട്. മര്യാദക്ക് വാതിൽ തുറന്നോ… “
ഭാഗ്യത്തിന് വാതിൽ തുറന്നു. എന്തൊക്കെയോ ചീത്തവാക്കുകൾ വിളിച്ചു പറഞ്ഞുകൊണ്ട് അയാൾ ഓടി മറഞ്ഞു. പേടിച്ചരണ്ട കുട്ടി ഓടിവന്ന് കെട്ടിപ്പിടിച്ചു. നന്നായി വിറക്കുന്നുണ്ടായിരുന്നു.
“മോൾ പേടിക്കണ്ട കെട്ടോ..ഇനിയാരും വരാതെ അമ്മച്ചി നോക്കിക്കോളാം..”
“എന്താണ് മോൾടെ പേര്..? “
“അർച്ചന..”
“അനിയന്റെ പേരോ…? “
“ശ്രീഹരി..”
“കൊള്ളാലോ നല്ല പേര്.”
കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകാതെ അവളുടെ ചിതറിയ ശബ്‌ദം..
“എനിക്ക് വിശക്കുന്നു “
ഒരു നിമിഷം പകച്ചുപോയി..അവളുടെ കണ്ണുകളിൽ വിശപ്പിന്റെ ദയനീയത തിളങ്ങി നിന്നു. ഉപദ്രവിക്കാൻ വന്ന ആ വൃത്തികെട്ടവനോടും അവൾ ഇത് തന്നെ പറഞ്ഞിട്ടുണ്ടാകാം..
പെട്ടെന്നുതന്നെ അവളുടെ അമ്മയുടെ മുഖത്ത് വെള്ളം കുടഞ്ഞെഴുന്നേൽപിച്ചു..ചെറിയ കുഞ്ഞിനെ ഒക്കത്തെടുത്ത് അവളുടെ കൈ പിടിച്ചു വീട്ടിലേക്കു നടന്നു.
“വിശപ്പാണ് ഒരുവന്റെ ഏറ്റവും വലിയ ദുഃഖം. വിശക്കുന്നവനു ആഹാരം നല്കുന്നവനാണ് അവന്റെ ദൈവവും. നാമെല്ലാം ചെറിയ ദൈവങ്ങൾ ആകണം”
പെട്ടെന്ന് ശ്രീഹരി ഇടയിൽ കയറി.
“ദൈവമേ.. ഒന്ന് നിർത്താമോ… “
“ഒരുവന്റെ കണ്ണിൽ നിന്നും അവന്റെ ദാരിദ്ര്യം തിരിച്ചറിയാൻ നമുക്ക് കഴിയണം..മരിക്കുമ്പോൾ സമ്പാദിക്കുന്നതൊന്നും കൂടെ കൊണ്ടുപോകാൻ ആർക്കും കഴിയില്ല..”
“മതി തള്ള് ഒന്ന് നിർത്തു അമ്മച്ചി… “
അവനെ നോക്കി കണ്ണിറുക്കിക്കൊണ്ടു മറുപടി വന്നു..
“അന്നു തുണിയില്ലാതെ എന്റെ എളിയിൽ കേറിയിരുന്ന ചെക്കനാണ് ഇപ്പോൾ തള്ള് നിർത്താൻ പറഞ്ഞു കളിയാക്കുന്നത്…”
“പിന്നെ.. ഞാൻ നിക്കർഒക്കെ ഇട്ടിട്ടുണ്ടായിരുന്നു. “
“ഓ പിന്നെ.. “
അടി മൂക്കുന്നതിനുമുൻപ് ഇടയിൽ കയറി.
“എനിക്ക് ഓഫീസിൽ പോകാനുള്ളതാ..നമുക്ക് തിരിച്ചു നടക്കാം..”
അവരുടെ വീടിനടുത്തെത്തിയപ്പോൾ അമ്മച്ചിയുടെ ക്ഷെണം വന്നു.
“സമയം കിട്ടുമ്പോൾ വാ…അയൽവക്കം അല്ലേ. “
മറുപടിയൊന്നും പറഞ്ഞില്ല. ഗേറ്റ് തുറന്ന് കയറുന്നതിനിടയിൽ ശ്രീഹരി അമ്മച്ചിയോട് പറയുന്നത് കേട്ടു.
“കെട്ടുപ്രായംകഴിഞ്ഞ പെണ്ണൊരൊണ്ണം അകത്തുണ്ട്. ചുമ്മാ അമ്മച്ചി പണിയുണ്ടാക്കരുത്. “
“അതുകൊണ്ടല്ലേടാ മണ്ടാ..ആ സാറിനോട് വരാൻ പറഞ്ഞത്. നല്ല പയ്യൻ കൂടാതെ സർക്കാർ ഉദ്യോഗസ്ഥനും”
“ഹോ..കിളവിയുടെ കാഞ്ഞബുദ്ധി.. “
“നിന്നെ ഇന്ന് ഞാൻ…” അവർ ശ്രീഹരിയുടെ ചെവിയിൽ പിടിച്ചു തിരുമ്മി, തോളിൽ കൈയിട്ടു ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു.
താൻ പോയിക്കാണും എന്നോർത്താണ് അവർ അത് പറഞ്ഞതെന്ന് തോന്നുന്നു. ഇടയ്ക്കു തിരിഞ്ഞു നോക്കിയ ശ്രീഹരിയുടെ മുഖം വിളറുന്നത് കണ്ടു. അമ്മച്ചികൂടി തിരിഞ്ഞു നോക്കുന്നതിനു മുൻപ് സ്ഥലം കാലിയാക്കി.
ഇനി വേഗത്തിൽ റെഡിയാകണം അല്ലെങ്കിൽ ഓഫീസിൽ എത്താൻ വൈകും.. ‘നാളെ എന്തായാലും അവരുടെ വീട് വരെ ഒന്നുപോകണം വിളിച്ചതല്ലേ ചെന്നില്ലെങ്കിൽ എന്തു വിചാരിക്കും..’ കതക് തുറന്ന് വീട്ടിലേക്കു കയറുമ്പോൾ ഉള്ളിലിരുന്നു കെട്ടുപ്രായം കഴിഞ്ഞ മനസ്സ് മന്ത്രിച്ചു.