തന്നോട് എങ്ങനെ പറയണം എന്നറിയില്ല, താൻ പറഞ്ഞില്ലേ ഞാൻ കുറിച്ചിട്ട ഓരോ വരികളിലും പ്രണയം ഉണ്ടെന്ന്…

അവളെയും തേടി….

എഴുത്ത്: നിരഞ്ജൻ എസ് കെ

:::::::::::::::::::::::

“ഋതുക്കൾ മാറി മറയും ശിശിരത്തിനപ്പുറം വീണ്ടും വസന്തം വരും അന്നൊരുനാൾ നിനക്കായ്‌ ഞാൻ വീണ്ടും വരുംbഎന്നെയും എന്റെ പ്രണയത്തെയും പകുത്തുനൽകുവാൻ”

ഡയറിയിൽ ഒട്ടിച്ചുവച്ച പേപ്പറിലെ വരികളിലൂടെ വിരലോടിക്കുമ്പോൾ വിച്ചുവിന്റെ മനം ഒന്ന് വിങ്ങി. പത്താം ക്ലാസ്സിലെ അവസാന പരീക്ഷയുടെ ദിവസം ഒന്ന് നേരിട്ട് സംസാരിക്കാൻ പോലും കഴിയാതെ ഇടനാഴിയിലെ രണ്ടറ്റത്തുനിന്നും കണ്ണുകളാൽ യാത്ര പറയുമ്പോൾ തനിക്ക് തരാനായി അവളുടെ കൂട്ടുകാരിയുടെ കയ്യിൽ കുറിച്ച് കൊടുത്ത വരികൾ…

ഓർമ്മകൾ പിന്നിലേക്ക് പായുമ്പോൾ മനസ്സ് പിടഞ്ഞു. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്റെ ക്ലാസ്സിലേക്ക് കയറിവന്ന ആ നുണക്കുഴിക്കാരി തപസി

അവളുമായി കൂട്ടുകൂടാൻ അധികം താമസിച്ചില്ല പഠനത്തിൽ ക്ലാസ്സിൽ ഒന്നാം സ്ഥാനത്തു തന്നെ ആയതിനാൽ മുൻബെഞ്ചിൽ തന്നെ ആയിരുന്നു താൻ തന്റെ തൊട്ടപ്പുറത്തെ ബെഞ്ചിൽ തപസിയും

നിഷ്കളങ്കത്വം തുടിക്കുന്ന മുഖത്ത് ചന്ദനക്കുറിയുമായി അവൾ ചിരിക്കുമ്പോൾ വിരിയുന്ന അവളുടെ നുണക്കുഴി ഏതൊരാളെയും അവളിലേക്ക് ആകർഷിക്കും

പുതിയതായി വന്ന ഗവണ്മെന്റ് ഹോസ്പിറ്റലിലെ നഴ്സിന്റെ മകളാണ് അവളെന്നത് വൈകാതെ തന്നെ അറിഞ്ഞു

തങ്ങളുടെ ചങ്ങാത്തം മറ്റുള്ള കൂട്ടുകാർക്കിടയിൽ പരസ്പരം തങ്ങളുടെ പേര് വിളിച്ചു കളിയാക്കാൻ ഇട വന്നതോടെ ഒരുതരം പേടിയോടെ ആയിരുന്നു അവളോട് മിണ്ടുന്നതു തന്നെയും

വലിയ വീട്ടിൽ താമസിക്കുന്ന നേഴ്സിന്റെ മകളായ അവളും അന്നന്നത്തെ അന്നത്തിനായി ഹോട്ടലിൽ മരിച്ചു പണിയെടുക്കുന്നവന്റെ മകനായ താനും തമ്മിലുള്ള അന്തരം എന്തോ അവളോട് പിന്നെ കൂട്ടുകൂടാൻ മനസ്സ് അനുവദിച്ചില്ല

വർഷം രണ്ടു കഴിഞ്ഞെങ്കിലും ഒന്നിച്ചൊരു ക്ലാസ്സിലായിരുന്നു രണ്ടാളും ക്ലാസ്സിലെ ഏതോ ഒരു ചെക്കൻ എന്റെ പേര് വിളിച്ചു അവളെ കളിയാക്കിയപ്പോൾ

അതേടാ ഞാനും വിഘ്‌നേഷും തമ്മിൽ ഐ ലവ്യു ആണ് നിനക്കെന്താ പ്രശ്നം എന്ന് ചോദിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ ഒന്ന് അത്ഭുതപ്പെട്ടു

അല്ലേടാ എന്ന് അവൾ എന്നെ നോക്കി കൂടെ പറഞ്ഞപ്പോൾ അറിയാതെ എവിടുന്നോ ഉം എന്ന് എന്നൊരു മൂളൽ ഉയർന്നു വന്നു….

അവിടുന്നങ്ങോട്ട് വീണ്ടും ഞങ്ങളുടെ ബന്ധം ദൃഢമാകുകയായിരുന്നു ഇതിനിടയിൽ എപ്പോഴോ അവൾ മനസ്സിൽ എന്തെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ബന്ധത്തിൽ എത്തിയിരുന്നു സൗഹൃദത്തിനും അപ്പുറം എന്തൊക്കയോ ആയി മാറി അവൾ…

പത്താം ക്ലാസ്സിലെ ഓണപ്പരീക്ഷയ്ക്കപ്പുറമുള്ള അവധിയിൽ അവൾ സ്വന്തം വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ മുതൽ മനസ്സിൽ എന്തോ ഒരു വല്ലാത്ത അവസ്ഥ

പത്തുദിവസം എങ്ങനെയോ തള്ളിനീക്കി സ്കൂൾ തുറന്ന ദിവസം നേരത്തെ സ്കൂളിൽ എത്തി ഓരോ മിനിറ്റിലും അവൾക്കായി കണ്ണുകൾ തിരഞ്ഞു കൊണ്ടിരുന്നു നിരാശയായിരുന്നു ഫലം…അന്നത്തെ ദിവസം അവൾ സ്കൂളിലേക്ക് എത്തിയിരുന്നില്ല അടുത്ത ദിവസവും സ്കൂളിൽ എത്തിയപ്പോൾ തിരഞ്ഞത് അവളെ ആയിരുന്നു. ഇല്ല ഇന്നും അവൾ വന്നിട്ടില്ല….

മനസ്സില്ലാ മനസ്സോടെ ക്ലാസ്സിൽ ഇരുന്നു ബെല്ലടിച്ചു പത്തു മിനിറ്റ് കഴിഞ്ഞതും ക്ലാസ്സിലേക്ക് ഓടിക്കിതച്ചെത്തിയ അവളെ കണ്ടതും മനസ്സിൽ മഞ്ഞു പെയ്യുന്ന പോലൊരു സുഖം…ചിരിച്ചു കൊണ്ട് അവൾ ക്ലാസ്സിലേക്ക് കേറിയതല്ലാതെ ഒന്നും മിണ്ടാതെ അവൾ നടന്നു പോയതിൽ എന്തോ ഒരു വിഷമം…ഇന്റർവെൽ സമയത്ത് അവളെ തനിച്ചു കണ്ടതും വിളിച്ചു…

തപസീ…..എന്താ ഇന്നലെ വരാതിരുന്നത്…

ഞങ്ങൾ ഇന്ന് തിരിച്ചു വന്നേയുള്ളു…..

നിന്നെ കാണാതെ ആകെ ടെൻഷൻ അടിച്ചു കുറേ ദിവസം കാണാതെയും മിണ്ടാതെയും ഇരുന്നപ്പോൾ എന്തോ പോലെ ആയിരുന്നു വെക്കേഷൻ വേണ്ടായിരുന്നു എന്ന് വരെ തോന്നിപ്പോയി…

ഹ്മ്മ്

നീ എന്താ ഒന്നും പറയാത്തത് തപു…നിനക്ക് എന്നെ കാണണം എന്നൊന്നും തോന്നിയില്ലേ….

അവൾ ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷം കെട്ടിപ്പിടിച്ചൊരു ഉമ്മയായിരുന്നു മറുപടി….

എനിക്കും നിന്നെ എത്രത്തോളം മിസ്സ്‌ ചെയ്തു എന്നറിയോ പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

ശേഷം അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ തെളിഞ്ഞ ആ നുണക്കുഴിയിൽ താൻ വീണു എന്നവന് മനസ്സിലായി….

ഇതൊക്കെയും പുറത്ത് നിന്നൊരാൾ നോക്കി കാണുന്നത് അവരറിഞ്ഞില്ല

അവിടുന്നങ്ങോട്ട് പരസ്പരം കത്തുകൾ കൈമാറിയും ഇടനാഴിയിലൂടെ കൈകൾ കോർത്തും ക്ലാസ്സിൽ നിന്നും കണ്ണുകൾ കൊണ്ട് കഥ പറഞ്ഞും പ്രണയം കൈമാറിയ നിമിഷങ്ങൾ….

പത്താം ക്ലാസ്സ്‌ പബ്ലിക് എക്സാം അടുത്തപ്പോൾ ആയിരുന്നു സ്ഥിരം കഥകളിലും സിനിമകളിലൂമെന്ന പോലെ അവരുടെ പ്രണയവും വീടുകളിൽ അറിഞ്ഞത്പരസ്പരം കാണാനോ സംസാരിക്കാനോ പറ്റാത്ത നാളുകൾ പഠനം പോലും കൈവിട്ട് പോകുമെന്ന അവസ്ഥ അവസാനം അവൾ പരീക്ഷയ്ക്ക് വരുമെന്ന് അറിഞ്ഞപ്പോൾ മുതൽ കാത്തിരിപ്പായിരുന്നു അവസാനം ആ ദിനങ്ങൾ വന്നെത്തിയപ്പോൾ ദിവസവും അവൾക്ക്‌ കൂട്ടായി ഒരാൾ കൂടെ ഉണ്ടായിരുന്നു.കണ്ണുകൾ കൊണ്ടുള്ള ദയനീയമായ നോട്ടത്തോടെ ഓരോ ദിവസവും കടന്നു പൊയ്ക്കൊണ്ടിരുന്നു അവസാന നാൾ പരീക്ഷ കഴിഞ്ഞിറങ്ങുമ്പോൾ അവൾ കരഞ്ഞു കൊണ്ട് തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ട് നടന്നകലുന്നത് നോക്കി നിൽക്കേണ്ടി വന്നു….കൂടെ ഉണ്ടായിരുന്ന കൂട്ടുകാരിയുടെ കയ്യിൽ ഒരു പേപ്പർ തനിക്കായി ഏല്പിച്ചിരുന്നു പിന്നെ അവസാനമായി തന്നോട് പറയാനായി ഏല്പിച്ച കാര്യവും കൂട്ടുകാരി പറഞ്ഞു….

“എന്റെ അമ്മയ്ക്ക് പ്രണയമിഷ്ടമല്ല അത് കൊണ്ട് എന്നെ ഇവിടെ നിർത്തില്ല ഞങ്ങൾ ഇവിടുന്ന് പോകും എങ്ങോട്ടെന്നറിയില്ല പക്ഷേ ഞാൻ മറക്കില്ല കാത്തിരിക്കും “

കണ്ണിൽ നനവ് പടർന്നതും ചിന്തകളിൽ നിന്നും വേർപെട്ടു കണ്ണുകൾ തുടച്ചു….നീണ്ട എട്ട് വർഷങ്ങൾ അവളെ തിരയാത്ത സ്ഥലങ്ങൾ ഇല്ല അന്വേഷിക്കാത്ത നാടുകളുമില്ല….

ഫേസ്ബുക്ക്‌,ഇൻസ്റ്റാഗ്രാം അങ്ങനെ തുടങ്ങി പലയിടത്തും അവളെ തിരഞ്ഞു നിരാശയായിരുന്നു ഫലം

ഇടയ്ക്ക് വച്ചായിരുന്നു ഒരു പ്രൊഫൈൽ ബയോ കണ്ടത്

“കാത്തിരിപ്പാണ് നിന്നിലേക്കലിയാനുള്ള വസന്തത്തിനായ്”

എന്തോ ഒരു വലിയ നിധി കിട്ടിയത് പോലെ ആയിരുന്നു പ്രൊഫൈൽ തുറന്നു നോക്കി നിലാവുള്ള രാത്രിയിൽ മാനത്തേക്ക് നോക്കി പുറംതിരിഞ്ഞു നിൽക്കുന്ന ഒരു പെൺകുട്ടി ബാക്കി ഒന്നും തന്നെ കാണാൻ കഴിയുന്നില്ല പ്രൊഫൈൽ ലോക്ക് ആണ്

റിക്വസ്റ്റ് അയക്കുമ്പോൾ അവളായിരിക്കണേ എന്നുള്ള പ്രാർത്ഥന ആയിരുന്നു

മൂന്നു ദിവസം കഴിഞ്ഞിട്ടും റെസ്പോണ്ട് ഇല്ല.ഇനി അത് അവൾ ആയിരിക്കില്ലേ….ഒരുപക്ഷെ അവൾ താൻ കാത്തിരിക്കുന്നത് പോലെ കാത്തിരിക്കുന്നുണ്ടാകുമോ….ചെറുപ്രായത്തിൽ തോന്നിയ ആ ഒരിഷ്ടം ഇന്നും മനസ്സിൽ ഉണ്ടാകുമോ കല്യാണം കഴിഞ്ഞു കാണുമോ….അങ്ങനെ അങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നു

പെട്ടന്ന് എന്തോ ചിന്തിച്ച് ലാപ്ടോപിലേക്ക് അവൻ കൈ നീട്ടി എന്നിട്ട് ഫേസ്‌ബുക്ക് ഓപ്പൺ ചെയ്തു പിൻ പോസ്റ്റ്‌ ഒന്നുകൂടെ നോക്കി അവൾ കുറിച്ചു തന്ന വരികൾ ….

ശേഷം വീണ്ടും കുറിച്ചു ” കാലചക്രം മാറി മറഞ്ഞിരിക്കുന്നു കൈയെത്തിപ്പിടിക്കാവുന്ന ദൂരത്തുനീ എന്നെ മാടി വിളിക്കുന്നു “

വീണ്ടും ദിവസങ്ങൾ കടന്നു പോയി ഇടയ്ക്ക് എപ്പോഴോ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്ത നോട്ടിഫിക്കേഷൻ കണ്ടു പ്രൊഫൈൽ തുറന്നു നോക്കി. കുറേ എഴുത്തുകൾ മാത്രം….

മെസ്സേജ് അയച്ചു നോക്കി റിപ്ലൈ ഒന്നുമില്ലായിരുന്നു

കുറച്ചു ദിവസത്തിന് ശേഷം ഒരു മെസ്സേജ്…

മാഷേ എഴുത്തൊക്കെ കൊള്ളാം കേട്ടോ…. നന്നായിട്ടുണ്ട്…

ഒരു ചിരിക്കുന്ന സ്മൈലി തിരിച്ചയച്ചു….അവളാണോ എന്ന് ചോദിക്കാൻ തുനിഞ്ഞതും മനസ്സ് തടഞ്ഞു.ഒരു പരിചയം ഇല്ലാത്ത സംസാരം മാഷേ എന്നുള്ള വിളി ഇനി അത് അവൾ ആയിരിക്കില്ലേ….

എന്തായാലും കാഷ്വാൽ ആയി പരിചയപ്പെടാം എന്ന് കരുതി….

എന്താ ശരിക്കും പേര്

പേര് എന്തായാലെന്താ മാഷേ ഫേക്ക് ഒന്നുമല്ല….

ഹേയ് ഞാൻ അതുകൊണ്ട് ചോദിച്ചതല്ല ഇങ്ങനൊരു പേര് ഏകാന്തതയെ പ്രണയിച്ചവൾ…..

ഏകാന്തത അത് എന്താണെന്ന് ആലോചിച്ചാൽ തന്നെ കിട്ടും ഉത്തരം…

പെട്ടന്നവൾ പറഞ്ഞതും മറുത്തൊന്നും പറയാതെ മൂളി

മാഷിന്റെ പേര് ഒറിജിനൽ ആണോ ….

അത് എന്റെ നിക്നെയിം ആണ് പിന്നെയുള്ളത് അച്ഛന്റെ പേരും വിച്ചു വിനായക്

അപ്പൊ ഒറിജിനൽ പേര് എന്താ….

ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്ന് താനല്ലേ ഇപ്പൊ ഇങ്ങോട്ട് പറഞ്ഞേ അപ്പൊ ഈ പേര് തന്നെ വിളിച്ചോളൂ….

അപ്പൊ ശരി പിന്നെ കാണാം….

അവളുടെ റിപ്ലൈ വന്നതും പച്ചവെളിച്ചം മാഞ്ഞു അപ്പോഴും ചിന്ത അവളുടെ ആ പേര് തന്നെ ആയിരുന്നു ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു ചാറ്റിങ്ങിലൂടെ പരസ്പരം നന്നായി പരിചയപ്പെട്ടു എങ്കിലും അവളുടെ ഫോട്ടോയോ പേരോ പറയാൻ തയ്യാറായില്ല പക്ഷേ അവളോട് ചാറ്റ് ചെയ്യുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം താൻ കുറിക്കുന്ന വരികൾക്ക് മറുപടിയെന്നോണം അവളുടെ എഴുത്തുകൾ അവളിലേക്കു കൂടുതൽ അടുപ്പിച്ചു. മനസ്സിൽ തപസിക്കല്ലാതെ ഒരാൾക്കും സ്ഥാനം കൊടുത്തിട്ടില്ല പക്ഷേ അറിയില്ല എന്താണ് സംഭവിക്കുന്നത് എന്ന് ചാറ്റിങ്ങിലൂടെ അവൾ പറഞ്ഞ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ അതവളകാനും സാധ്യതയുണ്ട്

ചാറ്റിങ്ങിന് ഇടയിലെപ്പോഴോ വീണ്ടും ആ പേര് കടന്ന് വന്നു.വീണ്ടും ചോദിച്ചു ശരിക്കും താൻ എന്തിനാ ഇങ്ങനൊരു പേര് തിരഞ്ഞെടുത്തത്…

മറുപടി രണ്ട് സ്മൈലി ആയിരുന്നു ശേഷം തുടർന്നു.ഏകാന്തത എല്ലാർക്കും ആസ്വാദ്യകാരമല്ല പക്ഷേ എനിക്കിഷ്ടമാണ്…എകാന്തതയിൽ ഓർമ്മകളുമായി കൂട്ടിരിക്കാൻ ഒറ്റയ്ക്ക് അങ്ങനെ ഇരിക്കുമ്പോൾ എന്റെ ചെറുപ്പകാലം മനസ്സിൽ തെളിയും അതിന്റെ ഓർമ്മകൾ അതാണെനിക്കേറെയും പ്രിയപ്പെട്ടത്…

കൊള്ളാം അത്രയ്ക്ക് പ്രിയപ്പെട്ട എന്താടോ ചെറുപ്പത്തിൽ ഉണ്ടായത്….ഒന്നുമറിയാത്ത ഭാവത്തിൽ അവൻ ചോദിച്ചു…..

അതൊക്കെയുണ്ട് ….

ചാറ്റുകൾ നീണ്ടുകൊണ്ടേ ഇരുന്നു ബന്ധങ്ങൾ അടുക്കുന്നത് പോലെ മനസ്സും അടുത്തു അതവളാണ് എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടേ ഇരുന്നു

വിച്ചു ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ….

ഉണ്ട് നിന്നെ തന്നെ തപസീ എന്ന് ഉറക്കെ വിളിച്ചു പറയണം എന്നുണ്ടായിരുന്നു പക്ഷേ മൗനം വരിച്ചു….

എന്തേ ചോദിച്ചത്…

നിന്റെ ഓരോ വരികളിലും പ്രണയം ഫീൽ ചെയ്യുന്നു. കുറിച്ചിട്ട ഓരോ വരികളും ആർക്കോ വേണ്ടി കാത്തിരിക്കുന്നത് പോലെ….

അത് നിനക്ക് വേണ്ടിയാണ് നിനക്ക് വേണ്ടി മാത്രം മനസ്സ് മന്ത്രിച്ചു….

അത് പിന്നെ…..

ഏത് പിന്നെ എന്താണ് ഒരു കള്ളത്തരം

ഹേയ് ഒന്നൂല്ല

ഒന്നും പറയേണ്ട എനിക്ക് എല്ലാം മനസ്സിലാകും….

എന്താ താൻ പറഞ്ഞേ….

ഒന്നൂല്ല….

പറ ശരിക്കും തന്റെ പേരെന്താണ് തനിക്ക് എന്നെ അറിയാമോ….

തൽകാലം ഈ പേര് തന്നെ ഇരിക്കട്ടെ

അല്ല എനിക്ക് തന്നെ പരിചയപ്പെടുമ്പോൾ തന്നെ അടുത്ത ബന്ധം ഉള്ള ഒരാളെപ്പോലെ തോന്നിയിരുന്നു…

മുൻപരിചയമോ….നമ്മളോ….

അതേ എനിക്ക് അങ്ങനെ തോന്നുന്നു…..

ചിലപ്പോൾ ഉണ്ടായിരിക്കാം അവൾ ചിരിയോടുകൂടെ റിപ്ലൈ അയച്ചു….

എന്തിനാണ് ഈ ഒളിച്ചുകളി പറഞ്ഞു കൂടെ ആരാണെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ അടുത്ത മെസ്സേജ് ടൈപ്പ് ചെയ്തു

തന്നോട് എങ്ങനെ പറയണം എന്നറിയില്ല താൻ പറഞ്ഞില്ലേ ഞാൻ കുറിച്ചിട്ട ഓരോ വരികളിലും പ്രണയം ഉണ്ടെന്ന് അതേ ഫീലിംഗ് തന്നെ ആണ് തന്നോട് സംസാരിക്കുമ്പോഴും….

എന്താ പറഞ്ഞത്…

അതേ പ്രണയിക്കുന്നു ഞാൻ വരികളിലൂടെ നിന്നെ…

താൻ എന്നെ കണ്ടിട്ട് പോലുമില്ല എന്നിട്ടാണോ ഇങ്ങനൊക്കെ പറയുന്നത്…

പ്രണയിക്കാൻ ഒരാളെ കാണണമെന്നുണ്ടോ മനസ്സ് കൊണ്ടല്ലേ പ്രണയം നിന്നോട് സംസാരിക്കുമ്പോൾ ആദ്യം മുതൽ എനിക്ക് ആ ഫീൽ ഉണ്ടായിരുന്നു….

എങ്കിൽ നമുക്കൊന്ന് മീറ്റ് ചെയ്താലോ….

അവൾ പറഞ്ഞതും വിച്ചു അത്ഭുതപ്പെട്ടു

തീർച്ചയായും…

നേരിട്ട് കാണുമ്പോൾ ഇപ്പൊ തോന്നിയ പ്രണയം ഒക്കെ പോകുമോ മാഷേ….

ഇല്ല ഒരിക്കലുമില്ല….

ഞാനിത് വിശ്വസിച്ചോട്ടെ….

വിച്ചു എന്ന വിഘ്‌നേഷിന് ഒരു വാക്കെയുള്ളു അന്നും ഇന്നും എന്ന് മനസ്സിൽ ഉരുവിട്ട് കൊണ്ട് തുടർന്നു

വിശ്വസിക്കാം….

എങ്കിൽ പിന്നെ നമുക്ക് നാളെ കാണാം സ്ഥലം ഞാൻ പറയാം വിച്ചു വന്നാൽ മതി….

ശരി…..

ചാറ്റ് അവസാനിപ്പിച്ചവൾ പോകുമ്പോൾ അവനുറപ്പായിരുന്നു അതവൾ തന്നെ ആണെന്നത് ചാറ്റിങ്ങിന് ഇടയിൽ കടന്ന് വന്ന പഴയകാല ഓർമ്മകൾ ഒന്നിച്ചു പഠിച്ചപ്പോൾ ഉണ്ടായ ചെറിയ ചെറിയ കാര്യങ്ങൾ എല്ലാം തന്നെ അവൾ ആ എകാന്തതയിൽ ഓർത്തുകൊണ്ടിരിക്കുന്നു അതവളാണ് തൻ്റെ പാതി ഇന്നും താൻ ജീവനെക്കാളേറെ സ്നേഹിക്കുന്ന തപസ്സി

പതിയെ വീണ്ടും അവളുടെ പ്രൊഫൈൽ നോക്ക പുതിയ കുറച്ചു വരികൾ കുറിച്ചിരിക്കുന്നു ….

“പകല്‍ വെളിച്ചത്തിന്റെ ഉറ്റു നോട്ടങ്ങളില്‍ എന്റെ ഓര്‍മ്മകള്‍ വെന്തുരുകുന്നു..രാവിന്റെ നിശബ്ദതയില്‍ എന്റെ ഓര്‍മ്മകള്‍ വേദനയുടെ താരാട്ടില്‍ മയങ്ങുന്നു പ്രതീക്ഷയുടെ തിരിനാളം എന്നിലേക്കുറ്റുനോക്കുന്നു “

അത് വായിച്ചതും അവൻ മറുപടിയെന്നോണം കുറിച്ചു

ഓര്‍മയുടെ തീരത്ത്‌ സ്വപ്‌നങ്ങള്‍ ഒന്നൊന്നായി തിരയെടുക്കുമ്പോള്‍ ഏകാന്തതയുടെ ഉപ്പു കലര്‍ന്ന വേദന പ്രതീക്ഷയുടെ ഉദയത്തിനായി കാത്തിരിക്കുന്നു ….

അടുത്ത ദിവസം അവൾ പറഞ്ഞ സ്ഥലത്തേക്ക് ബൈക്കുമായി കുതിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം നീണ്ട എട്ട് വർഷത്തെ കാത്തിരിപ്പ് അതിന് വിരാമം കുറിക്കാൻ പോകുന്നു കുറച്ചു സമയത്തെ കാത്തിരിപ്പിനൊടുവിൽ അവൻ കണ്ടു തൻ്റെ അടുത്തേക്ക് നടന്നു വരുന്ന അവളെ

നീലകളർ ചുരിദാർ കാറ്റത്തു പാറിപറക്കുന്ന ഇടതൂർന്ന മുടിയിഴകൾ നെറ്റിയിൽ ഒരു ചന്ദനക്കുറി കണ്ണെടുക്കാതെ അവൻ അവളെ നോക്കി….ഹൃദയം പടപടാ മിടിക്കുന്നത് പോലെ അവന് തോന്നി മാസ്ക് വച്ചതിനാൽ മുഖം വ്യക്തമല്ല. മനസ്സിൽ ആകെ ഒരു പരിഭ്രമം

വിച്ചു…..

അതെ…

പതിയെ അവൾ അടുത്തായി ഇരുന്നു…കുറേ സമയം ആയോ വന്നിട്ട്….

അവളെ തന്നെ വീണ്ടും ഉറ്റുനോക്കിക്കൊണ്ട് ഇരിക്കുന്ന അവൻ അവളുടെ ചോദ്യത്തിൽ ഒന്ന് ഞെട്ടി…

ഹേയ് ഇല്ല കുറച്ചു സമയം ആയതേ ഉള്ളൂ….പറയുമ്പോഴും അവന്റെ ശ്രദ്ധ അവളുടെ മുഖത്തായിരുന്നു മുൻപരിചയമുള്ള കണ്ണുകൾ….

വിഘ്‌നേഷിന് എന്നെ മനസ്സിലായില്ലേ…

തന്റെ ശരിയായ പേര് അവൾ പറഞ്ഞതും അവൻ കൗതുകത്തോടെ അവളെ നോക്കി

അവൾ പതിയെ മാസ്ക് ഊരി…

താൻ ഇരുന്ന ഇരുപ്പിൽ താഴേക്ക് പോകുന്നത് പോലെ അവന് തോന്നി തപസ്സിയല്ല മുഖത്ത് ആ നുണക്കുഴി ഇല്ല അപ്പോൾ തന്റെ പ്രതീക്ഷകൾ….മനസ്സിൽ ആകെ പരിഭ്രാന്തി പരന്നു….

അനുപമ നീ….

പത്താം ക്ലാസ്സിൽ വച്ചാണ് അവസാനമായി കണ്ടത് എങ്കിലും നല്ല ഓർമ്മ ആണല്ലോ നിനക്ക് വിച്ചൂ…

പതിയെ മുഖത്തു സന്തോഷം വരുത്തി ഒന്ന് ചിരിച്ചു

എന്ത്‌ പറ്റി വിച്ചൂ ഒരു അസ്വസ്ഥത പോലെ….

അനുപമ അത് ഞാൻ…

നിന്നെ ഞാൻ എങ്ങനെ തിരിച്ചറിഞ്ഞു എന്നാണോ ആലോചിക്കുന്നത് ….

വിച്ചു സംശയത്തോടെ അവളെനോക്കി…

അന്ന് ഞാൻ നിനക്ക് എഴുതി തന്ന വരികൾ അല്ലേ തൻ്റെ fb ബയോ

നീ എഴുതി തന്നതോ….

പിന്നല്ലാതെ

അപ്പൊ തപസ്സി…

അവള് പറഞ്ഞു നിന്റെ സങ്കടം മാറ്റാൻ എന്തേലും ചെയ്യണം എന്ന് അപ്പൊ പിന്നെ എനിക്ക് തോന്നിയ വഴി ആയിരുന്നു അത്

നോ ഞാനിത് വിശ്വസിക്കില്ല….

അതെന്താ തൻ്റെ സങ്കടം എനിക്ക് മാറ്റിക്കൂടെ എനിക്കും ഇഷ്ടായിരുന്നെടോ തന്നെ… ഇന്നിപ്പോ വിച്ചു തന്നെ എന്നോട് പറഞ്ഞില്ലേ എന്നെ ഇഷ്ട്ടം ആണെന്ന് ഒരു കാരണവശാലും ഉപേക്ഷിക്കില്ല എന്ന്….

അത് അനു ഞാൻ…. നീ…..

ഇതാണ് ഞാൻ ചോദിച്ചത് നീ എന്നെ നേരിട്ട് കണ്ടാൽ ഇഷ്ടം ഉണ്ടാകുമോ അതോ പോകുമോ എന്ന്….

എന്ത്‌ പറയണം എന്നറിയാതെ അവൻ കുഴങ്ങി

അനൂ ഞാൻ…

എന്ത്‌ പറ്റി വിച്ചൂ വരികളിലൂടെ ഒക്കെ പ്രണയിച്ചത് അല്ലേ നമ്മൾ ഒരുപാട് പ്രതീക്ഷകൾ തന്നിട്ട് എന്നിട്ടിപ്പോ….

അനു ഞാൻ എനിക്ക് എന്ത്‌ പറയണം എന്നറിയില്ല ഞാൻ നീ തപസ്സി ആണെന്ന് കരുതിയിട്ടാണ്….

ഓഹോ അപ്പൊ ഈ കാണിച്ച സ്നേഹം ഒക്കെ

സത്യമാണ് ഞാൻ തപസ്സി ആണെന്ന് കരുതിയാണ് അങ്ങനൊക്കെ….എനിക്ക് അവളെ അല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല അനു എന്നോട് ക്ഷമിക്കണം…

പറഞ്ഞു തീരുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു…..

അപ്പൊ നീ തപസ്സിയെ അല്ലാതെ വേറെ ആരെയും കെട്ടില്ലേ…..

ഇല്ല എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ തപസ്സി മാത്രമേ ഉണ്ടാകുള്ളൂ അനു എന്നോട് ക്ഷമിക്കണം തെറ്റുപറ്റിപ്പോയതാണ് എനിക്ക്….

ഹലോ മാഷേ കൂടുതൽ ക്ഷമാപണം ഒന്നും വേണ്ടാട്ടോ പൊട്ടി ചിരിച്ചു കൊണ്ടവൾ പറഞ്ഞു

എന്താ സംഭവം എന്നറിയാതെ അവൻ അവളെ നോക്കി…

താൻ ഇപ്പോഴും ആ പഴയ നിഷ്കു വിഘ്‌നേഷ് തന്നേ ആണല്ലേ അന്നും ഇന്നും നിങ്ങൾക്കിടയിലെ മീഡിയേറ്റർ ഞാനാണല്ലോ ഡാ പൊട്ടാ നിന്റെ മനസ്സിൽ ഇപ്പോഴും അവൾ തന്നെ ആണോ എന്നറിയാൻ ഞങ്ങൾ ഒന്ന് പ്ലാൻ ചെയ്തതാ ഈ ഡ്രാമ

അവൻ ഒന്നും മനസ്സിലാവാത്ത പോലെ അവളെ നോക്കി

പണ്ട് പത്താം ക്ലാസ്സിൽ വച്ച് നിനക്ക് ഉമ്മ തരാൻ കാവൽ നിർത്തിയത് മുതൽ ഇന്ന് വരെ നടന്ന കാര്യങ്ങൾക്ക് ഞാനും കൂട്ടുണ്ടായിരുന്നു പക്ഷേ ചാറ്റ് ചെയ്തത് ഒന്നും ഞാനല്ല കേട്ടോ അവള് തന്നാ നിന്റെ പിറകിൽ നോക്ക് ദേ നിന്റെ തപസ്സി

തിരിഞ്ഞതും പിന്നിൽ കണ്ട തപസ്സിയെ കണ്ട് കണ്ണുകൾ വിടർന്നു

നിറഞ്ഞ കണ്ണുകൾ പരസ്പരം കൊരുത്തു ഇരു കൈകളും നീട്ടി അവളെ തന്നിലേക്ക് മാടിവിളിച്ചു അവളെ ചേർത്ത് പിടിക്കുമ്പോൾ അവർ മനസ്സിൽ ഒരേ സമയം കുറിച്ചു

ഇനി നമ്മൾക്കായുള്ള വസന്തമാണ് ഈ വസന്തകാല സായന്തനത്തില്‍ നീ എന്നിലേക്കലിയുന്നു വരിക,എന്‍റെയരികത്തിരിക്കുക …ഹൃദയപാത്രത്തിലെ മധു നീ നുകരുക ഉള്‍പ്പുളകങ്ങളില്‍ ഇനി സ്വയം മറക്കട്ടെ..ഇത്തിരി നേരം…………