ദലമർമ്മരങ്ങൾ….
Story written by Neeraja S
=================
രഘു ആമിയെ കയ്യിലെടുത്ത് അപ്പുവിന്റെ കയ്യും പിടിച്ച് വാതിൽകടന്ന് പുറത്തേക്ക് ഇറങ്ങിയതും ഞെട്ടിപ്പിടഞ്ഞുപോയി. ഗേറ്റിനു വെളിയിൽ, കാറിൽ ചാരി രണ്ടു കൈയും കെട്ടി തന്നെനോക്കി നിൽക്കുന്ന സീതാലക്ഷ്മി. എങ്ങനെയാണ് ലച്ചു തന്നെ തിരക്കി ഇത്രയും ദൂരം വന്നത്. തന്റെ ഈ ഒളിയിടം എങ്ങനെ അവൾ കണ്ടെത്തി.
ശരീരം തളരുന്നത് പോലെ തോന്നി. ചുറ്റിനും തിളങ്ങുന്ന പകൽവെളിച്ചം മാത്രം. യാഥാർത്ഥ്യ ലോകത്തേക്ക് തിരിച്ചെത്താൻ അൽപസമയം എടുത്തു. രഘു തലയുയർത്തി നോക്കുമ്പോൾ കാർ പാഞ്ഞു പോകുന്നതാണ് കണ്ടത്. തന്റെ ജീവിതത്തിലെ വസന്തകാലം കഴിഞ്ഞിരിക്കുന്നു. രഘു കുട്ടികളെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞു.
**********************
വളരെ വേഗത്തിൽ കാർ പായുന്നുണ്ടെങ്കിലും വേഗത പോരാ എന്ന് തോന്നി സീതാലക്ഷ്മിക്ക്…
യാത്രയിൽ തനിക്കിനി മുന്നോട്ട് പോകേണ്ട എന്നൊരു തോന്നൽ…തീർന്നു എല്ലാം…കണ്ണുകൾ നിറഞ്ഞൊഴുകി പലപ്പോഴും കാഴ്ച മറച്ചു.
ഒരു വലിയ വഞ്ചനയുടെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുന്നു. എന്നോടിങ്ങനെ ചെയ്യാൻ എങ്ങനെ തോന്നി…?
ഹൃദയം നുറുങ്ങുന്ന വേദന…മനസ്സിലൊരു സങ്കട കടൽ..വണ്ടി കടൽ തീരത്തുള്ള റോഡിലൂടെയാണ് പോകുന്നത്..
“ജയൻ…ബീച്ചിനടുത്തു നിർത്തണം…”
“ശരി മാഡം…”
ബീച്ചിൽ ധാരാളം ആളുകൾ. കുട്ടികൾ ഓടി കളിക്കുന്നു..എല്ലാവരും സന്തോഷത്തിലാണ്. സീതാലക്ഷ്മി പതിയെ തിരക്കില്ലാത്ത ഒരു ചാരുബെഞ്ചിന് നേർക്ക് നടന്നു.
കടലും ആകാശവും എല്ലാം വിളറി വെളുത്തിരിക്കുന്നു തന്റെ ജീവിതം പോലെ..
ഒരു ചെറുപ്പക്കാരൻ വന്നപ്പോൾ മുതൽ സംശയിച്ച് നോക്കുന്നുണ്ടായിരുന്നു. അവൻ പതിയെ അടുത്തുവന്നു..
“മാഡം… കഥകളൊക്കെ എഴുതുന്ന സീതാലക്ഷ്മി…”
“ഞാൻ കഥകൾ വായിച്ചിട്ടുണ്ട്..ഇപ്പോൾ ഇവിടെ..ഫാമിലിയും ഉണ്ടോ കൂടെ..”
ദേഷ്യം എവിടെ നിന്നൊക്കെയോ പറന്നു വന്നു.
“ഞാൻ ആരെങ്കിലും ആകട്ടെ..നിങ്ങൾക്ക് എന്ത് വേണം..ശല്യം ചെയ്യാതെ പോകുന്നുണ്ടോ..? നാശങ്ങൾ..”
അവന്റെ മുഖം പെട്ടെന്ന് മ്ലാനമായി..ഒന്നും മിണ്ടാതെ അവൻ തിരികെ നടന്നു…ദൂരെയുള്ള ഒരു ബെഞ്ചിൽ അവനും സ്ഥാനംപിടിച്ചു…ഇടയ്ക്കിടയ്ക്ക് ആരോ വരുന്നത് പ്രതീക്ഷിച്ച് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു..
സീതാലക്ഷ്മി കണ്ണുകളടച്ച് പതിയെ ബെഞ്ചിൽ ചാരിയിരുന്നു…
അമ്മയുടെ മുഖമാണ് ആദ്യം ഓർമ്മ വന്നത്..പെട്ടെന്ന് മനസ്സിൽ ഒരു നിലവിളക്ക് തെളിച്ച പോലെ പ്രകാശം പരന്നു..അമ്മ, ഏട്ടൻ, ഏടത്തി, വീട്…എല്ലാവരെയും കുറിച്ച് ഓർത്തപ്പോൾ മനസ്സിൽ ചെറിയൊരു സമാധാനം വന്നു നിറയുന്നതായി തോന്നി
തന്റെ എഴുത്തുകളിലൂടെ വായനക്കാരെ മുഴുവൻ…എപ്പോഴും ശുഭകരമായി മാത്രം ചിന്തിക്കണം എന്ന് പഠിപ്പിക്കുന്ന താൻ മാത്രം എന്താണ് സ്വന്തം കാര്യം വന്നപ്പോൾ ഇങ്ങനെയായിപ്പോയത്…അതു പാടില്ല.
സീതാലക്ഷ്മി മാനസികമായി ചില തയ്യാറെടുപ്പുകൾ നടത്തി. തന്നെ തോൽപ്പിക്കാൻ ആരെക്കൊണ്ടും ആവില്ല..താൻ ജീവിക്കും..
ഉറച്ച മനസ്സോടെ കണ്ണു തുറന്നപ്പോൾ…വിളറി വെളുത്തിരുന്ന ആകാശവും ഭൂമിയും ചുവന്നു തുടുത്തിരിക്കുന്നു. അസ്തമയ സൂര്യൻ കൈ വീശി ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു മറയുന്നു. മനസ്സിൽ ആകെ ഒരു സമാധാനം..
കടല വിറ്റു കൊണ്ടിരുന്ന ചെറിയ പയ്യനെ കൈകാട്ടി വിളിച്ചു.
“ഒരു പൊതിക്ക് പത്തുരൂപ..മാഡം”
ഒരു പൊതി വാങ്ങി 100 രൂപ കൊടുത്തു. ബാലൻസ് വേണ്ട എന്ന് പറഞ്ഞപ്പോൾ ആ കുഞ്ഞു കണ്ണുകളിലെ നക്ഷത്രത്തിളക്കം കൂടി.
അവൻ ആരെയോ ഉറക്കെ വിളിച്ചു കൊണ്ട് തിരിഞ്ഞോടി. കുഞ്ഞിപെങ്ങളെ ആവാം വിളിയിൽ ഉള്ള വാത്സല്യം അതാണ് കാണിക്കുന്നത്..അല്പസമയം കൂടി അവിടെയിരുന്ന് ചുറ്റുമുള്ള വരെയൊക്കെ നോക്കിക്കൊണ്ടിരുന്നു. അപ്പോഴാണ് ദൂരെ ബെഞ്ചിൽ ഇരിക്കുന്ന ചെറുപ്പക്കാരൻ ശ്രദ്ധയിൽ പെട്ടത്…പാവം…
സീതാലക്ഷ്മി എഴുന്നേറ്റ് ഐസ്ക്രീം വിൽപ്പനക്കാരന്റെ നേർക്ക് നടന്നു.
“രണ്ട് കോൺ ഐസ്ക്രീം…വാനില മതി “
ഐസ്ക്രീം വാങ്ങി ചെറുപ്പക്കാരന്റെ അടുത്തേക്ക് നടന്നു. ബെഞ്ചിൽ അവന്റെ സമീപത്തായിരുന്നു. ഐസ്ക്രീം നീട്ടി..
“കഴിക്കൂ…”
“വേണ്ട മാഡം…” അവന്റെ ശബ്ദത്തിൽ സങ്കടം നിറഞ്ഞു.
“സാരമില്ല…ക്ഷെമിക്കുക. ഞാൻ അല്പം ഡിസ്റ്റർബ്ട് ആയിരുന്നു. ഇപ്പോൾ ശരിയായി..”
“മാഡം…ഒത്തിരി സമയം ആയി…പോയാലോ…… ?” കാർ ഡ്രൈവർ ജയനാണ്.
“ശരി മോനെ..കാണാം..ഒത്തിരി താമസിച്ചു…ഏറെ ദൂരം പോകാനുണ്ട്. “
അവനോട് യാത്ര പറഞ്ഞ് തിരിഞ്ഞു നടന്നു.
പോകുന്ന വഴിയിൽ കടല വിറ്റു നടന്ന പയ്യൻ ഒരു ചെറിയ പെൺകുട്ടിയുടെ കൂടെയിരുന്ന് ഐസ്ക്രീം കഴിക്കുന്നുണ്ടായിരുന്നു… കണ്ടതും അവൻ ചാടിയെണീറ്റു…
“ഇരുന്നോ…ഇരുന്നോ… “
പതിയെ അവന്റെ തോളിൽ തട്ടിയപ്പോൾ ആ കുഞ്ഞുകണ്ണുകൾ കൂടുതൽ പ്രകാശിച്ചു.
കാറിന്റെ അടുത്തേക്ക് നടക്കുമ്പോൾ സീതാലക്ഷ്മിയുടെ മനസ്സ് കൈപ്പിടിയിൽ ആയിരുന്നു. ആകാശത്തിന് അങ്ങേ ചെരുവിലായി ചന്ദ്രക്കല..പെട്ടെന്ന് പഴയ ഒരു പാട്ടാണ് ഓർമ്മ വന്നത്..
“തേരെ..മേരെ…സപ്നെ.. അബ്..എക്ക് രംഗ്.. ഹേ…”
കോളേജിൽ പഠിച്ചിരുന്ന കാലത്ത് മഹാ റൗഡിയായ ചന്ദ്രൻ തന്റെ പുറകെ കുറച്ചുനാൾ നടന്നിരുന്നു…കൂട്ടുകാരികൾ കളിയാക്കി ആ പാട്ട് പാടുമായിരുന്നു…
“ചന്ദ്രൻ മോഹിച്ച പെണ്ണെ….നക്ഷത്രം നിന്നെ വിളിപ്പൂ…”
ആ സ്മരണയിൽ ഒരു ചെറു പുഞ്ചിരി വിടർന്നു.
“ജയാ…പോകാം”
ഡോർ തുറന്ന് കയറിയിരുന്നു…കണ്ണുകളടച്ച് പതിയെ ചാരി ഇരിക്കുമ്പോൾ ഒരു ചെറിയ പാട്ട് ചുണ്ടിലും മനസ്സിലും നിറഞ്ഞു.
***********************
സീതാലക്ഷ്മി പോയതിനു ശേഷം എത്ര നേരം അങ്ങനെ കണ്ണ് നിറച്ചു ഇരുന്നുവെന്ന് രഘുവിന് ഓർമ ഉണ്ടായിരുന്നില്ല…വസ്ത്രം ഉലയുന്ന ശബ്ദം..ഗൗരിയാണ്..
“എന്താണ് സാർ..എന്തു പറ്റി..മുഖം ആകെ വല്ലാതെ ഇരിക്കുന്നല്ലോ.. ?”
“ഒന്നുമില്ല ഗൗരി..വളരെ വേണ്ടപ്പെട്ട ഒരാൾ മരിച്ചിരിക്കുന്നു…എനിക്ക് ഇപ്പോൾ തന്നെ പോകണം.. “
ഗൗരിയുടെ മുഖത്തേക്ക് നോക്കാതെ വേഗം വസ്ത്രം മാറിയിറങ്ങി. തിരികെ കാറിൽ വരുമ്പോൾ..ചിന്തകൾ മനസ്സിൽ ചാടി കളിച്ചുകൊണ്ടിരുന്നു. തന്റെ മുൻപിലുള്ള ഈ പരീക്ഷ എങ്ങനെ നേരിടും…ലച്ചുവിനോട് എന്തു പറയും. സ്നേഹിച്ചു വിവാഹം കഴിച്ചവരാണ്…ഹൃദയം നുറുങ്ങുന്ന വേദന..അവിടെ വരെ ചെല്ലുന്നതിനു മുൻപ് ഹൃദയം പൊട്ടി മരിക്കട്ടെ…
അപ്പുവും ആമിയും..അവർ എന്ത് തെറ്റ് ചെയ്തു…കുഞ്ഞുങ്ങളുടെ സ്മരണയിൽ വീണ്ടും തളർന്നു. ആകസ്മികമായി ജീവിതത്തിലേക്ക് കടന്ന് വന്നതാണ് ഗൗരി..ഒരിക്കലും ആഗ്രഹിച്ചതല്ല. വിധി..അതിനെ തടുക്കാനാവില്ല..ഇനിയുള്ള ജീവിതവും വിധി പോലെ വരട്ടെ..
************************
മലർക്കെ തുറന്നു കിടക്കുന്ന ഗേറ്റ് കടന്ന് വണ്ടി പോർച്ചിൽ നിർത്തി…ഒരു വിങ്ങലിൽ ദേഹം വിറയ്ക്കുന്നു..ഡോറിൽ മുട്ടുന്നതിന് മുൻപ് കതക് തുറക്കപ്പെട്ടു…
ലെച്ചു മുൻപിൽ..തല താഴ്ത്തി നിന്നു. എന്ത് ശിക്ഷയും സ്വീകരിക്കാം..ലച്ചു കതക് തുറന്നിട്ട് പോയി കഴിഞ്ഞിരിക്കുന്നു. പതിയെ തുറന്ന് കിടന്ന വാതിലിലൂടെ അകത്തേക്ക് കടന്നു.
“കുളിച്ചിട്ടു വരൂ…ഭക്ഷണം എടുത്ത് വയ്ക്കാം.”
ലച്ചു തിരിഞ്ഞു നിന്ന് പറഞ്ഞു..ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച നേരത്ത്…മുഖത്തെ കടുപ്പം കണ്ടപ്പോൾ ഒന്നും മിണ്ടാതെ മുറിയിലേക്കു നടന്നു.
കുളിച്ച് വസ്ത്രം മാറി വന്നപ്പോൾ മേശയിൽ ഭക്ഷണം എടുത്ത് വച്ചിരിക്കുന്നു..ലെച്ചു ഭക്ഷണം കഴിച്ചു കൊണ്ട് ടിവി കാണുന്നു…സാധാരണ രണ്ടുപേരും കൂടിയാണ് ടിവിയ്ക്ക് മുൻപിൽ ഭക്ഷണവുമായി ഇരിക്കുക..കഴിച്ചു കഴിഞ്ഞ് കൈ കഴുകി വന്നപ്പോൾ അടുത്ത നിർദേശം..
“കിടന്നോളു എനിക്ക് അല്പം എഴുതാനുണ്ട്..”
“ലച്ചൂ….”
വിളിയിൽ എല്ലാ സ്നേഹവും സങ്കടവും കലർന്നിരുന്നു..ചോദ്യഭാവത്തിൽ മുഖം ഉയർന്നു…ആ കണ്ണുകളെ നേരിടാനായില്ല..തിരിഞ്ഞു റൂമിലേക്ക് നടന്നു.
*************************
എഴുതുവാനുണ്ട് എന്ന് പറഞ്ഞെങ്കിലും ഉള്ളിലെ അക്ഷരങ്ങൾ വറ്റിയിരിക്കുന്നു..എഴുത്തു മുറിയിൽ മേശയിൽ തല ചേർത്ത്..ഇനി ഒരിക്കലും പഴയതു പോലെ തനിക്ക് എഴുതാനാവില്ല…ഉള്ളിൽ ചീറിയടിക്കുന്ന സങ്കട കടൽ..വേഗത്തിൽ കണ്ണിൻ കോണിലേക്കു ആർത്തിരമ്പി വന്നു കഴിഞ്ഞു…മനസ്സിന്റെ ഭാരം തീരുന്നതു വരെ. മതി വരുവോളം കരഞ്ഞു….പതിയെ കിടപ്പു മുറിയിലെത്തിയപ്പോൾ രഘു കട്ടിലിനോരം ചേർന്ന് ചെരിഞ്ഞു കിടക്കുന്നു…പകലത്തെ യാത്രയുടെ ക്ഷീണം കൊണ്ടാവാം കണ്ണുകൾ അടഞ്ഞു പോകുന്നു….
************************
“അമ്മേ..”
പതിഞ്ഞ നിലവിളിയോടെ ചാടി എഴുന്നേറ്റു..കണ്ടത് സ്വപ്നമാണെന്ന് തിരിച്ചറിയാൻ സമയം വേണ്ടി വന്നു…ഒരു ഭ്രാ ന്തൻ തന്നെ പിടിക്കാനായി ഓടിക്കുന്നു…ഒരു കുന്നിൽ മുകളിലേക്കാണ് ഓടുന്നത്..വേഗത്തിൽ ഓടി കുന്നിൻ മുകളിൽ എത്തിയപ്പോൾ അങ്ങ് ദൂരെയായി രെഘുവേട്ടൻ. സർവ്വശക്തിയും എടുത്തോടി…ഓടിച്ചെന്നു രെഘുവേട്ടനെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു..തനിക്ക് ഇനി ആരെയും പേടിക്കണ്ട…ആശ്വാസത്തോടെ നിൽക്കുമ്പോൾ..തന്റെ കൈ വിടുവിച്ചു തിരിഞ്ഞു നോക്കിയ ഏട്ടന്റെ മാറോടു ചേർന്ന് മറ്റൊരു പെൺകുട്ടി..രണ്ടു പേരും തന്നെ പരിചയമില്ലാത്ത ഭാവത്തിൽ നോക്കുന്നു…അവിശ്വസനീയതയോടെ നിൽക്കുമ്പോൾ ഭ്രാന്തൻ തന്നെ ബലമായി പിടിച്ച് കഴിഞ്ഞിരുന്നു…സ്വപ്നമായിരുന്നു എല്ലാം…
രാത്രിയുടെ ഇരുട്ടിൽ പെട്ടെന്ന് പേടി തോന്നി..അല്പം കൂടി രഘുവിന്റെ അടുത്തേക്ക് നീങ്ങി കിടന്നു…ഇരുളിൽ ഏകാന്തതയിൽ ഒറ്റപ്പെട്ടിരിക്കുന്നു…പതിയെ ചെരിഞ്ഞു നോക്കി…വീണ്ടും വിഷമവൃത്തത്തിലേക്ക്…
തനിക്കും രെഘുവേട്ടനും ഇടയിൽ ആരോ ഉണ്ട്…ഒരു സ്ത്രീയുടെ അടക്കിപ്പിടിച്ച ചിരി കേട്ടപോലെ…ഇടയിൽ ഒരു പെണ്ണുടൽ. പെട്ടെന്ന് എഴുന്നേറ്റു ലൈറ്റ് ഇട്ടു…ആരും ഇല്ല തനിക്ക് തോന്നിയതാണ്.
ഇനി ഉറക്കം വരില്ല..ഗോവണി ഇറങ്ങി താഴെ വന്നു…ടിവി ഓണാക്കി പതിയെ അതിലേക്കു കണ്ണ് നട്ടു ചാരിയിരുന്നു. വേണമെങ്കിൽ പൊട്ടിത്തെറിക്കാം, കുറ്റപ്പെടുത്താം…എല്ലാത്തിനും രെഘുവേട്ടന് ന്യായങ്ങൾ ഉണ്ടാവും…ഒതുങ്ങേണ്ടവർ ഒതുങ്ങുക തന്നെ വേണം..ബന്ധങ്ങളിൽ നിന്ന് ആയാലും..
**********************
ഉറക്കം എഴുന്നേറ്റപ്പോൾ അരികിൽ ലച്ചുവിനെ കണ്ടില്ല…സാധാരണ ഒന്നിച്ചാണ് എഴുന്നേൽക്കുന്നത്…താഴെ നിന്നും ടിവി യുടെ സൗണ്ട് കേൾക്കാം..ഭക്തിഗാനങ്ങൾ ആണ് കേൾക്കുന്നത്…എഴുന്നേറ്റു ബാത്റൂമിൽ പോയി വന്നു…
താഴേക്ക് ചെല്ലാൻ എന്തോ ഒരു മടി..ചുറ്റിപ്പറ്റി അൽപനേരം കൂടി മുറിയിൽ തങ്ങി..പിന്നെ ഓർത്തു എന്ത് വന്നാലും നേരിട്ടല്ലേ പറ്റു..താഴത്തെ നിലയിലേക്കു ഇറങ്ങി ചെന്ന് ചുറ്റിനും നോക്കി..ആരെയും കാണുന്നില്ല..ടീപ്പോയിൽ ഒരു കടലാസും അതിന് മുകളിലായി ഒരു പേനയും അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്…..
രെഘുവേട്ടന്…നമ്മൾ ഏറെ ദൂരം അകലെ ആയിരിക്കുന്നു..ഇനി ഒരു തിരിച്ചു വരവ് അത് അസാധ്യമാണ്..ഞാൻ ജയനെ പറഞ്ഞ് വിട്ടിട്ടുണ്ട്..കുഞ്ഞുങ്ങളെയും അവരുടെ അമ്മയെയും കൂട്ടിക്കൊണ്ടു വരാൻ..ആ കുഞ്ഞുങ്ങൾ അച്ഛന്റെ തണലിൽ വേണം ജീവിക്കാൻ..വിഷമിക്കണ്ട..എല്ലാം നല്ലതിനാണെന്നു കരുതുക. സ്നേഹപൂർവ്വം….
സീതാലക്ഷ്മി…
രണ്ടു തുള്ളി കണ്ണുനീർ വീണ് ആ പേരിനെ നനച്ചു കൊണ്ട് ഒഴുകിയിറങ്ങി..
********************
മൂകാംബികയായിരുന്നു ലക്ഷ്യം…ഏറെ നാൾ ആയുള്ള ആഗ്രഹമാണ്…അവിടെ കുറച്ച് ദിവസം തങ്ങണം അത്കഴിഞ്ഞ് നേരെ തന്റെ വീട്ടിലേക്ക്….രഘുവിന്റെ കൂടെ യാത്രകൾ പോയിട്ടുണ്ട്..ബസിനു പോകാം എന്ന് പറഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ല..ഏസിയുടെ തണുപ്പിൽ അടച്ചുമൂടി കാറിലുള്ള യാത്ര എന്നും വെറുത്തിരുന്നു..ഇപ്പോൾ ജാലകത്തിനോട് ചേർന്നിരുന്നു പുറത്തേക്കു മനസ്സ് തുറന്നൊരു യാത്ര…ഒപ്പം കൂട്ടായി ഇഷ്ട ഗാനങ്ങളും…ചില ബന്ധനങ്ങൾ അഴിച്ചു മാറ്റി…സ്വതന്ത്രയായി ആഗ്രഹിച്ച പോലെ ലച്ചു തന്റെ യാത്ര തുടർന്നു…
(ശുഭം)