ചിത്രശലഭങ്ങളുടെ വീട്….
Story written by Neeraja S
==============
എഴുപതാം പിറന്നാൾ ആയിരുന്നു ഇന്ന്…മക്കളും കൊച്ചുമക്കളും ബന്ധുക്കളും പിന്നെ കുറച്ച് അടുത്ത സുഹൃത്തുക്കളും. ബഹളങ്ങൾ എല്ലാം ഒതുങ്ങി….
വന്നവർ തിരിച്ചു പോയിരിക്കുന്നു നീളൻ വരാന്തയിൽ ഞാൻ തനിച്ചാണ്…
എന്നെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ…
ഞാൻ മാധവൻ..എഴുപത് വയസ്സ്..റിട്ടയേർഡ് വില്ലേജ് ഓഫീസർ..രണ്ട് വർഷം മുൻപ് ഒരു ചെറിയ സ്ട്രോക്ക് വന്നു…കുറച്ചു നാൾ കിടപ്പായിരുന്നു..ഇപ്പോൾ ദൈവാനുഗ്രഹം കൊണ്ട് വീൽ ചെയറിൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകാം..
എന്റെ ഭാര്യ സത്യഭാമ..ഞാൻ ഭാമ എന്ന് വിളിക്കും..പകലത്തെ ഓട്ടവും തിരക്കും കാരണം അല്പം വിശ്രമിക്കാൻ റൂമിലേക്ക് പോയി…എനിക്ക് എന്ത് വിശ്രമിക്കാൻ..ഞാൻ എപ്പോഴും വിശ്രമത്തിൽ അല്ലെ…മക്കളെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ…മൂന്നു മക്കൾ..മൂത്തവൾ ഭർത്താവിന്റെ കൂടെ ഗൾഫിൽ..രണ്ടാമൻ അമേരിക്കയിൽ ആണ്..മൂന്നാമത്തെ മോൾ അവളും ഗൾഫിലാണ്..വിഷുവിനും ഓണത്തിനും തുടങ്ങിയ അവധികൾക്കൊക്കെ ചിലപ്പോൾ മക്കൾ വരാറുണ്ട്…
മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്ന പഴമൊഴി പോലെ..അവർ വരും പോകും..ഇവിടെ ഞാനും ഭാമയും ജോലിക്കാരിയും പിന്നെ ഡ്രൈവറും മാത്രം…
പുതിയ സംവിധാനങ്ങൾ വന്നതോടെ നേരിട്ട് അമേരിക്കയിൽ ഇരിക്കു ന്നവരോട് സംസാരിക്കാലോ…പിന്നെ എന്തിനാണ് വരുന്നത്…എങ്കിലും മക്കളെയും കൊച്ചുമക്കളെയും നേരിട്ട് കാണുമ്പോൾ ഉള്ള സുഖം അവർക്ക് പറഞ്ഞാൽ മനസ്സിലാവില്ലല്ലോ..അവർ അതറിയാൻ ഇനിയും ഏറെ ദൂരം പോകേണ്ടിയിരിക്കുന്നു…
നാലര ഏക്കർ പറമ്പും ഒരു വീടും…വീട് നാലുകെട്ട് ആണ് കെട്ടോ…ഇമ്മിണി കാശ് പൊടിഞ്ഞു..എങ്കിലും ആഗ്രഹിച്ചു പണിയിപ്പിച്ചതാണ്…സമ്പാദ്യം എന്ന് പറയാൻ ഇതേ ഉള്ളൂ…പിന്നെ മക്കളെ എല്ലാവരെയും പഠിപ്പിച്ചു..നല്ല നിലയിൽ വിവാഹം കഴിപ്പിച്ചു…എല്ലാവരും പറയുന്നത് പോലെ ഇപ്പോൾ വിശ്രമ കാലമാണ്…
എനിക്ക് ഏറ്റവും ഇഷ്ടം ഈ നീളൻ വരാന്തയിൽ ഇങ്ങനെ പുറത്തേക്കും നോക്കി ഇരിക്കുന്നതാണ്…പിന്നെ എന്റെ മുറിയും. ഒരു സൈഡിൽ വല്യ അലമാര മുഴുവൻ പുസ്തകങ്ങളാണ്…ജനൽ തുറന്നാൽ തൊടിയിൽ ഓടി നടക്കുന്ന അണ്ണാറക്ക ണ്ണനെയും പല തരം കിളികളെയും കാണാം…അവയെ ഒക്കെ നോക്കി ഇരിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം സന്തോഷം സമാധാനം പറഞ്ഞറിയിക്കാൻ വയ്യ…
തുറന്നിട്ട ജനലിലൂടെ ഇടയ്ക്ക് ചിത്രശലഭങ്ങൾ കയറി വരും…രാത്രിയിൽ ചിലപ്പോൾ മിന്നാമിനുങ്ങുകളും..എന്ത് രസമാണ് അവയെ നോക്കി കിടക്കാൻ..
“അതേ…പിറന്നാള് കാരന് ഇന്ന് ക്ഷീണ മൊന്നുമില്ലേ… ??”
വസ്ത്രം ഉലയുന്ന ശബ്ദം അടുത്തടുത്ത് വരുന്നു…ഭാമയാണ്..ഇനി ഇവിടെ ഇരിക്കാൻ സമ്മതിക്കില്ല..
“പോയേക്കാം…ഇനി ഞാൻ കാരണം ആരും ബുദ്ധിമുട്ടണ്ട.. “
വീൽ ചെയർ പതുക്കെ മുറിയുടെ നേർക്കു ഉരുണ്ടു…നാളെ മക്കൾ എല്ലാവരും തിരിച്ചു പോകും..അധിക ദിവസം നിൽക്കാൻ അവർക്കാവില്ലല്ലോ..രാത്രി ഭക്ഷണത്തിനു ശേഷം എല്ലാവരും നാലു കെട്ടിന്റെ മുറ്റത്ത് ഒത്തുകൂടി…കളി ചിരികൾക്കിടയിൽ മകൻ ആണ് വിഷയം അവതരിപ്പിച്ചത്…
“അച്ഛാ..ഞങ്ങൾക്ക് ഇങ്ങനെ ഇടയ്ക്കു വന്നും പോയും ഇരിക്കാൻ ബുദ്ധിമുട്ടാണ്..ഞങ്ങൾ മൂന്നു പേരും കൂടി ഒരു തീരുമാനം എടുത്തിട്ടുണ്ട്…അച്ഛനും അമ്മയും അത് അനുസരിക്കണം. ഞങ്ങളുടെ അപേക്ഷ ആണ്… “
“എന്തിനാ കുട്ടാ മുഖവുര…പറഞ്ഞോ..എന്താണെന്നു നോക്കട്ടെ…പറ്റുന്നതാണെങ്കിൽ വേണ്ടത് ചെയ്യാം.. “
മൂത്ത മകളാണ് ബാക്കി പൂരിപ്പിച്ചത്…
“നിങ്ങൾ രണ്ട് പേരും എത്ര നാൾ ഇങ്ങനെ ഒറ്റയ്ക്ക് കഴിയും…അമ്മയ്ക്ക് ഒരു വയ്യായ്ക വന്നാൽ ആരുണ്ട് രണ്ട് പേരെയും നോക്കാൻ…അതുകൊണ്ട് രണ്ട് പേരെയും ഞങ്ങളുടെ കൂടെ കൊണ്ട് പോകാൻ തീരുമാനിച്ചു…. “
ഇളയവളുടെ ഊഴം ആയിരുന്നു അടുത്തത്…
“അമ്മയ്ക്ക് എന്റെയും മായേച്ചിയുടെയും കൂടെ മാറി മാറി നിൽക്കാലോ…അച്ഛൻ കുട്ടന്റെ കൂടെ പോകട്ടെ…അവിടെ അമേരിക്കയിൽ ആകുമ്പോൾ കുറച്ച് കൂടി നല്ല ചികിത്സയും കിട്ടും”
കുറച്ച് നേരത്തേക്ക്…ഒരു നിശബ്ദത പരന്നു..വീൽ ചെയറിന്റെ ചുവട്ടിലായി പടിയിൽ ഇരിക്കുന്ന ഭാമയുടെ കണ്ണിൽ കണ്ണുനീർ വീഴാൻ മടിച്ചു വിതുമ്പി നിൽക്കുന്നത് കാണാമായിരുന്നു..
നിശബ്ദതയെ ഭേദിച്ചു കൊണ്ട് കുട്ടന്റെ സ്വരം വളരെ ദൂരത്തു നിന്നെന്ന പോലെ കേട്ടു.
“ഞങ്ങൾ അഭിപ്രായം പറഞ്ഞു…ബാക്കി തീരുമാനം നിങ്ങളുടേതാണ്…എന്തായാലും നിങ്ങളെ ഇവിടെ ഒറ്റയ്ക്കാക്കി ഞങ്ങൾ പോകുന്നില്ല…ഞങ്ങൾക്ക് പോകുകയും വേണം.. “
കുട്ടന്റെ സ്വരത്തിലെ കടുപ്പം ഒന്നുകൂടി തളർത്തി…മിണ്ടാതെ താഴേക്ക് നോക്കി ഇരിക്കുന്ന ഭാമയുടെ ചുമലിൽ തൊട്ടു…
“എനിക്ക് ഒന്ന് കിടക്കണം.. “
മുറിയിലേക്കു പോകുമ്പോൾ വീൽ ചെയറിൽ പിടിച്ച് കൊണ്ട് ഭാമ ഈ ലോകത്തെങ്ങുമല്ലെന്ന് തോന്നി…..പതിയെ കിടക്കയിലേക്ക് വീഴുമ്പോൾ ഹൃദയം വല്ലാതെ വേദനിക്കുന്നു ണ്ടായിരുന്നു..
“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മൾ എന്നും ഒന്നിച്ചു തന്നെ ആയിരിക്കും ഭാമേ….നിന്റെ മുഖം കണ്ടു കൊണ്ട് വേണം എനിക്ക് മരിക്കാൻ…എന്താ വേണ്ടതെന്നു എനിക്കറിയാം…നീ സങ്കടപ്പെടണ്ട… “
കല പില ശബ്ദത്തോടെ കൊച്ച് മക്കൾ എല്ലാവരും മുറിയിലേക്കെത്തി…അച്ഛമ്മയോടും മുത്തച്ഛനോടും ശുഭരാത്രി പറയാൻ വന്നതാണ്….അവർക്ക് അറിയില്ലല്ലോ ഇന്ന് തങ്ങൾക്കു ശുഭരാത്രി ആകില്ല എന്ന്….എല്ലാവരും പോയിട്ടും കുട്ടന്റെ മകൾ അമ്മു മാത്രം അച്ഛമ്മയുടെ കൈ പിടിച്ച് അടുത്തിരുന്നു….മുഖത്ത് കണ്ണുനീർ കണ്ടിട്ടാവണം..
“അച്ഛമ്മ വിഷമിക്കണ്ട…അവർ പറയുന്ന തൊന്നും കാര്യമാക്കണ്ട…അത് മാത്രമല്ല ഒരു കാരണവശാലും ഇവിടെ നിന്നുംപോകുകയും അരുത്….ഈ വീടും സ്ഥലവും വിറ്റു കിട്ടുന്ന കാശ് വീതിച്ചെടുക്കാനാണ് അവരുടെ പ്ലാൻ…ഇന്നലെ അവർ എല്ലാവരും കൂടി പറയുന്നത് ഞാൻ കേട്ടതാണ്…. “
കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞിരുന്നു പോയി…അപ്പോൾ അതാണ് പ്ലാൻ…തങ്ങളെ സ്നേഹത്തോടെ കൂട്ടിക്കൊണ്ടു പോയിട്ട്….കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ആണ് ഈ ജന്മത്തിൽ മക്കൾ ആയി പിറക്കുന്നത് എന്ന് പറയുന്നത് തന്റെ കാര്യത്തിൽ ശരിയായി വന്നിരിക്കുന്നു…
എങ്കിലും കുട്ടനും മായയ്ക്കും ഉമയ്ക്കും ഇങ്ങനെ തോന്നിയല്ലോ…ഒരാൾ പോലും തങ്ങളുടെ മനസ്സ് കണ്ടില്ലല്ലോ…
“മുത്തച്ഛന് ഒരു കാര്യം കൂടി കേൾക്കണോ…അമ്മ അച്ഛനോട് പറയുന്നത് കേട്ടു…നമുക്ക് അച്ഛനെ കൂടെ കൂട്ടിയാൽ മതി എന്ന്..അതിന് കാരണവും പറഞ്ഞു…സ്നേഹം കൊണ്ടല്ല…അച്ഛമ്മയ്ക്ക് അസുഖങ്ങൾ ഒന്നും ഇല്ലല്ലോ..ഇനിയും ഏറെ നാൾ ജീവിക്കും..പക്ഷെ മുത്തച്ഛൻ ആകെ ക്ഷീണിതൻ ആണ്…അധികം താമസിയാതെ മരിക്കും ത്രേ…”
പെട്ടെന്ന് ഭാമ ചാടി എഴുന്നേറ്റു…ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു….
“അവന്റെ ഭാര്യ പറഞ്ഞത് മുഴുവൻ അവൻ വെള്ളം തൊടാതെ വിഴുങ്ങി അല്ലെ…ഏറ്റവും കൂടുതൽ സ്നേഹിച്ചതും ലാളിച്ചതും അവനെ അല്ലെ.. “
“ഭാമേ…നീയൊന്നടങ്ങു..അമ്മു പറഞ്ഞു തീരട്ടെ..”
“അച്ഛമ്മ….ഇതൊന്നും അവരോടു ചോദിക്കരുത്…അമ്മ അറിഞ്ഞാൽ എന്നെ കൊ ല്ലും..എനിക്ക് എന്തിഷ്ടമാണെന്നറിയാമോ ഈ വീടും തൊടിയും….ഇത് ഇങ്ങനെ തന്നെ നിന്നാൽ വല്ലപ്പോഴും വന്നു നിൽക്കാലോ…. “
അമ്മു ശുഭരാത്രി നേർന്നു പോയിക്കഴിഞ്ഞും ഭാമയുടെ ദേഷ്യവും സങ്കടവും കുറഞ്ഞില്ല…
“ഭാമേ….അവർക്ക് ഈ സ്വത്ത് വേണമെങ്കിൽ എടുത്തോട്ടെ….പക്ഷെ നമ്മളെ പിരിക്കാൻ അവർക്കാവില്ല…നമുക്ക് ഏതെങ്കിലും വൃദ്ധസദനം നോക്കാം…നമ്മുടെ പെൻഷൻ കൊണ്ട് ചിലവുകൾ നടത്താം… “
“എന്റെ കൂടെ ജോലി ചെയ്തിരുന്ന ആന്റണി ഒരു സ്നേഹസദനം നടത്തുന്നുണ്ട്…അവിടെ സൗകര്യം കുറവാണ്…വാടക കെട്ടിടം ആണെന്നാണ് കേട്ടത്…എന്നാലും വേണ്ടില്ല ഞാൻ പറഞ്ഞാൽ നമുക്ക് അല്പം സ്ഥലം തരാതിരിക്കില്ല…. “
പിന്നെയും പലതും പറഞ്ഞെങ്കിലും ഭാമയുടെ കരച്ചിലിന് ശമനമുണ്ടായില്ല….ഈ വീടും എന്റെ മുറിയും വിട്ടു പോകുന്നതോർത്തപ്പോൾ ചങ്കു പിടയുന്നുണ്ടായിരുന്നു…ഇടയ്ക്കെപ്പോഴോ ഓർമകളിൽ ഇടറി വീണ പോലെ..അസഹ്യമായ വേദന….നെഞ്ച് പൊത്തിപ്പിടിച്ചു ഭാമേ എന്ന് വിളിച്ചത് മാത്രം ഓർമയുണ്ട്….
കണ്ണ് തുറന്നപ്പോൾ ആശുപത്രിയിൽ ആണെന്ന് മനസ്സിലായി.. കാണാൻ അനുവദിച്ചപ്പോൾ ആദ്യം കുട്ടനാണ് വന്നത്…ഭാമയെ തിരക്കിയപ്പോൾ അവന്റെ മുഖം പെട്ടെന്ന് മാറിയത് എന്ത് കൊണ്ടാണെന്നു മനസ്സിലായില്ല.
“കുട്ടാ അമ്മ എവിടെ… ??”
“എനിക്കറിയില്ല..രാവിലെ ആരോടും ഒന്നും പറയാതെ പോയതാണ്..എവിടെ പോയതാണെന്ന് ആർക്കറിയാം..അച്ഛൻ ഈ അവസ്ഥയിൽ ഇവിടെ കിടക്കുന്ന കാര്യമെങ്കിലും ഓർമ്മ വേണ്ടേ.. ?”
താൻ ഇവിടെ കിടന്നപ്പോൾ പുറത്ത് എന്തോ നടന്നിട്ടുണ്ട്..മക്കളുമായി വഴക്ക് ഉണ്ടാക്കി കാണും..ചില കാര്യങ്ങൾ അയാളെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.
അടുത്ത ദിവസം റൂമിലേക്ക് മാറ്റി…ഓരോരുത്തരായി വന്നു യാത്ര പറഞ്ഞ് പോയി..ഭാമയോട് ആരും യാത്ര പറയുന്നത് കണ്ടില്ല…സാധാരണ അമ്മയോടാണ് ഏറ്റവും കൂടുതൽ ഇഷ്ടം കാണിക്കുന്നത്…ഇതിപ്പോ ഭാമ കാര്യമായിട്ട് തന്നെ കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു.
എന്തായാലും ഇത്തവണ രക്ഷപെട്ടു…ഇനി അടുത്ത തവണ അവധിക്കു വരുമ്പോൾ വീണ്ടും ഇതേ ആവശ്യം തന്നെ പറയാതിരിക്കില്ല….അത് അപ്പോഴല്ലേ എന്നോർത്തു സമാധാനിക്കാം…
കുറച്ച് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്ക്…ഭാമയാണ് എല്ലാം ഓടിനടന്നു ചെയ്തത്…ബില്ല് തീർത്തു വണ്ടിയിൽ കയറുമ്പോൾ ഒരു ചെറു ചിരിയോടെ ഭാമ ചോദിച്ചു..
“എങ്ങോട്ടാ പോകേണ്ടത്….സ്വന്തം മുറിയിലേക്കോ അതോ കൂട്ടുകാരന്റെ സ്നേഹസദനത്തിലേക്കോ…??”
“അതിന് മക്കൾ പോയില്ലേ…എന്റെ വീട്ടിലേക്ക് പോയാൽ മതി… “
“ആരാ പറഞ്ഞത് അത് മാഷിന്റെ വീടാണെന്ന്… “
“ശരിയാണല്ലോ….എന്നാൽ പിന്നെ തിരുത്താം നിന്റെ പേരിലുള്ള എന്റെ വീട്ടിലേക്ക് പോകാം…. “
ഭാമയുടെ മുഖത്ത് ഒരു പുഞ്ചിരി തത്തിക്കളിച്ചു നിന്നു…വീടിനോട് അടുക്കും തോറും സന്തോഷവും സമാധാനവും എവിടെ നിന്നൊക്കെയോ ഓടി വരുന്നത് പോലെ…
ഗേറ്റിനരികിലേക്ക് വണ്ടി ഓടിയടുത്തപ്പോഴാണ് ആ വലിയ ബോർഡ് കണ്ണിൽ പെട്ടത്..
“സ്നേഹസദനം “
അത്ഭുതത്തോടെ ഭാമയെ നോക്കി…ഒന്നും മനസ്സിലാകുന്നില്ല..
“വൃദ്ധസദനത്തിൽ പോകാം എന്നല്ലേ അന്ന് പറഞ്ഞത്….സ്വന്തം മുറി ഉപേക്ഷിക്കാൻ സങ്കടവും.. “
“ഞാൻ നോക്കിയപ്പോൾ എല്ലാത്തിനും ഒരു അവസാനം വേണം…ഇനിയും മക്കൾ വെട്ടി മുറിക്കാനും വില പേശാനും വരരുത്..നമ്മുടെ മുറി ഒഴികെ ബാക്കിയെല്ലാം ഞാൻ സ്നേഹസദനത്തിനു എഴുതി കൊടുത്തു…നമ്മുടെ കാലശേഷം മുഴുവൻ സ്വത്തുക്കളും അവർക്ക് ചെന്നു ചേരും… “
“ആദ്യം വിചാരിച്ചത് എല്ലാം വിട്ടു കൊടുത്തു് നമുക്ക് സ്നേഹസദനത്തിലേക്കു മാറാം എന്നാണ്..പക്ഷെ അവിടെ ചെന്ന് അവസ്ഥ കണ്ടപ്പോൾ…ചെറിയ മുറികളിൽ ബുദ്ധിമുട്ടി കഴിയുന്ന കുറച്ച് കുഞ്ഞുങ്ങളും പ്രായമായവരും…പിന്നെ ഒന്നും ആലോചിച്ചില്ല…എന്റെ ഇഷ്ടത്തിന് മാഷ് എതിര് നിൽക്കില്ല എന്ന വിശ്വാസം…”
മക്കൾ അമ്മയോട് മുഖം തിരിച്ചതിന്റെ കാരണം പിടികിട്ടി…ഭാമ ചെയ്തതാണ് ശരിയായ തീരുമാനം..തക്ക സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കാത്തതിന്റെ പേരിലാണ് പലരും അവസാന നാളുകൾ ഇരുണ്ട മൂലകളിൽ നരകിച്ചു തീർക്കുന്നത്. തങ്ങളോട് സ്നേഹമില്ലാത്ത മക്കൾക്ക് മുൻപിൽ സ്നേഹവാതിൽ കൊട്ടിയടക്കാൻ മാതാപിതാക്കളും പഠിക്കേണ്ടിയിരിക്കുന്നു.