അടിയന്തിരമായി ഒരു മരുന്ന് പുറത്തു നിന്ന് വാങ്ങി കൊണ്ട് വരാൻ ഡോക്ടർ പറഞ്ഞപ്പോഴാണ് അവൾ ഇളയ ചെറുക്കൻ്റെ…

കാലാന്തരം…

എഴുത്ത്: നിഷ പിള്ള

==============

ഇരുട്ടിനെ കീറിമുറിച്ചു വന്ന വാഹനത്തിൻ്റെ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി കണ്ടു.

ഭാസ്കരയണ്ണൻ!!

അവളാകെ വിറച്ചു. അയാളും തന്നെ കണ്ടു കാണും. ഭയം കൊണ്ട് അവളുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. കിതപ്പും വെപ്രാളവും കൊണ്ട് നടക്കാൻ വയ്യ.

അടിയന്തിരമായി ഒരു മരുന്ന് പുറത്തു നിന്ന് വാങ്ങി കൊണ്ട് വരാൻ ഡോക്ടർ പറഞ്ഞപ്പോഴാണ് അവൾ ഇളയ ചെറുക്കൻ്റെ കൈയും പിടിച്ച്  മെഡിക്കൽ സ്റ്റോറിലേയ്ക്ക് ഓടിയത്. പലകടകളിലും ആ മരുന്നില്ല, കൊച്ചിൻ്റെ ജീവനാപത്താണെന്ന്. അവൾ അടുത്ത മെഡിക്കൽ ഷോപ്പിലേയ്ക്ക് നടന്നു.

ഇല്ല ,അവിടെയും ആ മരുന്നില്ല.

ചെറുക്കൻ്റെ ഹുക്ക് പൊട്ടിപോയ നിക്കർ ഒരു കൈ കൊണ്ട് പിടിച്ച്  അവൻ അവളുടെ വേഗതയ്ക്കൊപ്പം അഡ്ജസ്റ്റ് ചെയ്തു നടക്കുകയാണ്. അവളുടെ തോളിൽ ഒരു കൈ പതിച്ചു.

“സരസ്വതീ നീ ഇവിടെ.?”

അവൾ പകച്ചു പിന്നോട്ട് മാറി.

“അണ്ണാ, ഞാൻ ആ പണി നിർത്തി. കൊച്ച് ആശൂത്രിയിലാ. മരുന്ന് വാങ്ങാനിറങ്ങിയതാ. അണ്ണാ, ഞാനിനി ആ പണി ചെയ്യില്ല. പട്ടിണി കിടന്ന് ചത്താലും. വയ്യ.”

അയാൾ വെളുത്ത ബൊലേറോയുടെ വാതിൽ തുറന്നു പിടിച്ചു.

“നീ കയറ്.”

“അയ്യോ അണ്ണാ, എൻ്റെ കൊച്ച്. മരുന്ന് കിട്ടിയില്ലെങ്കിൽ അവൾ ചത്തു പോകും.”

“കയറാനല്ലേ നിന്നോട് പറഞ്ഞത്.”

അയാളുടെ മുഖം ഭയാനകമായി. വസൂരികല നിറഞ്ഞ തടിച്ച കവിളുകളും ചുവന്ന കണ്ണുകളും അവളെ വല്ലാതെ പേടിപ്പെടുത്തി. അവൾ ചെറുക്കന്റെ കയ്യും പിടിച്ചു വണ്ടിയിൽ കയറി. വണ്ടി റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് തിരിഞ്ഞു.

അവിടെ തലയുയർത്തി നിൽക്കുന്ന അഞ്ചു നിലയുള്ള ഹോട്ടൽ കണ്ടപ്പോൾ അവളുടെ ഉള്ളിലെ തീ ആളിക്കത്താൻ തുടങ്ങി. ഒരു മെഡിക്കൽ ഷോപ്പിൻ്റെ മുന്നിൽ വണ്ടി നിർത്തി.

“ഏതാ മരുന്ന്, നീ പോയി വാങ്ങി വാ “

അവളുടെ കയ്യിൽ നിന്നും ഡോക്ടറുടെ ചീട്ടു വാങ്ങി അയാൾ ഡ്രൈവറെ ഏല്പിച്ചു. ഡ്രൈവർ മരുന്ന് വാങ്ങി വന്നപ്പോൾ അണ്ണൻ അവളുടെ നേരെ തിരിഞ്ഞു ചോദിച്ചു

“മെഡിക്കൽ കോളേജല്ലേ?”

വണ്ടി ആശുപത്രിയുടെ മുന്നിലെത്തിയതും, അവൾ മരുന്നും കൊണ്ട് അകത്തേക്കോടി. നഴ്സിനെ ഏല്പിച്ചു.

ഐ സി യു വിനു മുന്നിൽ നിന്നും തിരിഞ്ഞു നോക്കുമ്പോൾ ഭാസ്കരയണ്ണൻ ചെറുക്കന്റെ കയ്യും പിടിച്ചു നടന്നു വരുന്നു. നടപ്പിലൊരു വല്ലായ്മ. ഒരു വേഗതക്കുറവ്. അവളുടെ കണ്ണുകൾ അയാളുടെ മടക്കികുത്തിയ മുണ്ടിന്റെ താഴേക്ക് നീണ്ടു.

വലത്തേകാല് കൃത്രിമമാണ്. കർമ്മഫലമാണോ? എത്ര പെൺകുട്ടികളെ ഉപദ്രവിച്ച എത്ര പേരുടെ കുടുംബം താറുമാറാക്കിയ മനുഷ്യനാണ്. പക്ഷെ മദ്ധ്യവയസ്സ്  പിന്നിട്ട അയാളുടെ വേച്ചു വേച്ചുള്ള   നടപ്പ് അവളിൽ സഹതാപമുണ്ടാക്കി. അവളുടെ അടുത്ത് വന്നെത്തിയപ്പോൾ അയാളിങ്ങനെ മൊഴിഞ്ഞു.

“ചെയ്തതെല്ലാം പലിശയും കൂട്ടി പത്തിരട്ടിയായി തിരിച്ചു കിട്ടി. കുടുംബം നശിച്ചു. ഭാര്യ ആ ത്മഹത്യ ചെയ്തു. ഇപ്പോൾ പഴയതെല്ലാം ഉപേക്ഷിച്ചു.നല്ല നടപ്പിന് ശ്രമിക്കുന്നു. എല്ലാവർക്കും പാഠമാകേണ്ട ജീവിതം.”

അയാളത് പറഞ്ഞപ്പോൾ പഴയ ശൗര്യമൊക്കെ നഷ്ടപെട്ട പോലെ അവൾക്കു തോന്നി.

അയാളുമൊന്നിച്ചു ഡോക്ടറെ കണ്ടപ്പോൾ ഈ മരുന്ന് താത്കാലിക ശമനത്തിന് മാത്രമേ ഉപകരിക്കൂവെന്നും അടിയന്തിര ശസ്ത്രക്രിയ ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും ഡോക്ടർ പറഞ്ഞു.

ഹൃദയ വാൽവിനു ജന്മനാ ഉണ്ടായിരുന്ന പ്രശ്നമാണ്. ഇപ്പോൾ കുട്ടിക്ക് ശ്വസിക്കാൻ പോലും ബുദ്ധിമുട്ടായി തുടങ്ങി.

“ഡോക്ടർ പൈസ ഒരു പ്രശ്നമല്ല. ശസ്ത്രക്രിയ ഉടനെ ചെയ്യണം. കുട്ടിയെ രക്ഷിക്കണം. ഏത് ആശുപത്രിയിൽ വേണമെങ്കിലും കൊണ്ട് പോകാം.” അണ്ണൻ പറഞ്ഞു.

കുട്ടിയെ നഗരത്തിലെ പ്രശസ്തമായാ ആശുപത്രിയിലേക്ക് മാറ്റി. പിറ്റേന്ന് തന്നെ ശസ്ത്രക്രിയ നടത്തി. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു.

ഒരിക്കൽ തന്നെ കടിച്ചു കീ റിയ, പി ച്ചി ചീ ന്തിയ ചെ കുത്താൻ ഇപ്പോൾ തന്റെ മുന്നിൽ മാലാഖയായി അവതരിച്ചത് അവളെ അത്ഭുതപ്പെടുത്തി. അച്ഛനാര് എന്ന് ചൂണ്ടി കാണിക്കാൻ ആളില്ലാതെ, തന്റെ ചൂടും ചൂരും പറ്റി വളർന്ന രണ്ടു കുട്ടികളെയും കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ നന്നായി അവൾ പാടുപെട്ടു. പഴയ വേഷം മടുത്തു അഴിച്ചു വച്ചതിനു ശേഷം പല പല വേഷങ്ങൾ കെട്ടിയാടിക്കൊണ്ടിരുന്നു. സ്കൂളിൽ വച്ച് കൂടെ കൂടെ തലകറങ്ങി വീഴുന്ന മകൾ, അവളുടെ രോഗ വിവരം അറിഞ്ഞപ്പോൾ തളർന്നു പോയി. താങ്ങനൊരാളില്ലാത്ത ഒറ്റയാൾ പോരാട്ടമാണ്. ഇപ്പോൾ ഭാസ്കരയണ്ണൻ  ദൈവ രൂപത്തിലെത്തി തന്റെ മകളെ രക്ഷിച്ചിരിക്കുന്നു. അവൾ മുകളിലേക്ക് നോക്കി കൈകൂപ്പി.

“മോളുടെ അസുഖം ഒക്കെ മാറി. അവൾ ആരോഗ്യവതിയാകുമ്പോൾ സ്കൂളിൽ വിടണം. അത് കഴിഞ്ഞു നീ ഈ അഡ്രസിലേക്ക് വരണം. എന്റെ ട്രാൻസ്‌പോർട്ട് സെർവീസിന്റെ ഓഫീസിൽ ആണ്. അവിടെ ക്‌ളീനിംഗ് സ്റ്റാഫിന്റെ ആവശ്യമുണ്ട്. മാന്യമായ ശമ്പളം തരാം.”

അയാൾ ഒരു വിസിറ്റിംഗ് കാർഡും കുറെ പണവും അവളെ ഏല്പിച്ചു.

“കടമായിട്ടു കരുതിയാൽ മതി. ഇവന് നല്ല ആഹാരവും വസ്ത്രങ്ങളും വാങ്ങി കൊടുക്ക്. ഇവൻ വളർന്നു വന്നു നിന്നെ സംരക്ഷികേണ്ടവനാണ്.”

അയാൾ വരാന്തയിലൂടെ തിരഞ്ഞു നടന്നു പോകുന്നതും നോക്കി അവൾ നിന്നു.അവൾ ഇളയ ചെറുക്കനെ നെഞ്ചോടു ചേർത്ത് പിടിച്ചു.

അവന്റെ കയ്യിൽ അയാൾ വാങ്ങി നൽകിയ ചിപ്സിന്റെ പാക്കറ്റ് ആയിരുന്നു. അവൻ തിരക്കിട്ടു അതിൽ കയ്യിട്ടു വാരി തിന്നുകയായിരുന്നു.

അയാളുടെ താടിയിലുള്ളതു പോലൊരു വെട്ടു അവന്റെ താടിയിലും അവളുടെ വിരലുകൾ കണ്ടു പിടിച്ചു. മുൻപൊരിക്കലും താൻ അത് ശ്രദ്ധിച്ചില്ലല്ലോയെന്നവൾ അത്ഭുതപ്പെട്ടു.

ആ വെട്ടുകളിലൂടെയവൾ തലോടി കൊണ്ടിരുന്നു…

✍️നിശീഥിനി