പൊരുത്തം….
Story written by Suja Anup
================
കൈ പിടിച്ചു കൂടെ പോരുമ്പോൾ തിരിഞ്ഞു നോക്കി…
എല്ലാവരുടെയും മുഖത്തു ദുഖമാണ്..
അനിയൻ്റെ മുഖo മാത്രം മനസ്സിൽ വിങ്ങലായി നിന്നൂ..
ആഹാ…ഞാനായിട്ട് ഇറങ്ങി പോന്നതല്ലല്ലോ…
സമയമായി…കെട്ടിച്ചു വിടണം എന്നും പറഞ്ഞു വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച ബന്ധമാണ്…
എൻ്റെ ദുഃഖo ആരെങ്കിലും അറിയുന്നുണ്ടോ…ഒരാഴ്ചയായി മര്യാദയ്ക്ക് ഉറങ്ങിയിട്ട്..ഉള്ളിൽ മൊത്തം ഭയമാണ്..പരിചയമില്ലാത്ത വീട്…ചെറുക്കനോട് മര്യാദയ്‌ക്കൊന്നു സംസാരിച്ചിട്ട് കൂടിയില്ല. അല്ല കണ്ടിട്ട് കൂടിയില്ല..
പെട്ടെന്ന് കല്യാണം ഉറപ്പിച്ചതാണ്. ശരിക്കു പറഞ്ഞാൽ പെണ്ണ് കണ്ടു പോയി വൈകിട്ട് തന്നെ അവർ വിളിച്ചു പറഞ്ഞു
“പെണ്ണിനെ ഇഷ്ടം ആയി എന്ന്”
ചെറുക്കൻ്റെ പെങ്ങളുടെ കുടുംബം ഇപ്പോൾ നാട്ടിലുണ്ടത്രെ..രണ്ടുമാസത്തെ അവധിക്കു വന്നതാണ്..ഇനി ഒരാഴ്ച കുടി മാത്രമേ നാട്ടിലുണ്ടാവൂ. അതിനു മുൻപേ വിവാഹം നടത്തണം…
കൊള്ളാം..അടിപൊളി..
എൻ്റെ സമ്മതം ആരും ചോദിച്ചില്ല…
“ഇനി ഇപ്പോൾ കരഞ്ഞിട്ട് എന്തിനാണ്.?പതിയെ മതി വിവാഹം എന്നൊക്കെ ഞാൻ പറഞ്ഞതല്ലേ”
കുറ്റം പറയരുത്. ചെറുക്കൻ കാണുവാൻ കൊള്ളാം..എല്ലാം തികഞ്ഞ ബന്ധം ആണത്രേ..
അവരുടെ വീട്ടിൽ എത്തിയിട്ടും എനിക്ക് എന്തോ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാൻ സാധിച്ചില്ല..
ചുറ്റിനും ധാരാളം ആളുകൾ.. കളിയാക്കലുകൾ വേറെ..
മുറിയിൽ കയറിയ ഉടനെ ഒന്ന് കിടന്നു ഒന്നുറങ്ങണം എന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ….
അപ്പോഴേയ്ക്കും പുള്ളിക്കാരൻ കയറി വന്നൂ..
ബാഗിൽ ഞാൻ ഒരു കുഞ്ഞു പായ കരുതിയിട്ടുണ്ടായിരുന്നൂ..
ഏതായാലും ഒരു തലയിണ വേണം എന്ന് വിചാരിക്കുമ്പോഴാണ്..അദ്ദേഹത്തിൻ്റെ വാക്കുകൾ ഒരു കുളിർമഴ പോലെ കാതിൽ വീണത്..
“എനിക്ക് നിന്നെ മനസ്സിലാവും. മര്യാദയ്ക്ക് പരിചയപെട്ടിട്ടു കൂടിയില്ല. പെട്ടെന്നുള്ള വിവാഹം ആയതുകൊണ്ട് എല്ലാത്തിനും ഞാൻ തന്നെ ഓടേണ്ടി വന്നൂ. അതാണ് ഒരു ഫോൺ പോലും ചെയ്യുവാൻ പറ്റാതിരുന്നത്. നീ വിഷമിക്കേണ്ട. തല്ക്കാലം ഒരു കൂട്ടുകാരനായി കരുതിയാൽ മതി. പിന്നെ നിലത്തു കിടന്നു ബുദ്ധിമുട്ടണം എന്നില്ല. കൈയ്യിലുള്ള പായ ഇങ്ങു തന്നേക്കു. ഞാൻ നിലത്തു കിടന്നോളാം..”
എന്നാലും ഇതാര് പറഞ്ഞു. എനിക്ക് ആകെ ഒരു വിമ്മിഷ്ടം.. ആകെ അറിയാവുന്നതു അനിയന് മാത്രം ആണ്..
അതിനുള്ള മറുപടിയും പെട്ടെന്ന് കിട്ടി..
“അനിയൻ വൈകുന്നേരം വിളിച്ചിരുന്നൂ..”
ഏതായാലും ആദ്യത്തെ അകൽച്ച പതിയെ മാറി..
പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട് എൻ്റെ മനസ്സിലുള്ളത് പോലും ഞാൻ പറയാതെ മനസ്സിലാക്കുന്നല്ലോ എന്ന്..
ഇന്നിപ്പോൾ ഏട്ടൻ ഇല്ലാതെ ഞാൻ എങ്ങോട്ടും പോവില്ല..എന്ന് മാത്രമല്ല ഏട്ടനെ കാണാതെ ഒരു നിമിഷം മാറി നിൽക്കുവാനും വയ്യ..
എന്തിനും ഏതിനും തുണയായി ഏട്ടൻ കുടെയുണ്ട്. നല്ല ദിശയിൽ മുന്നേറുവാൻ കൂടെ നിന്നിട്ടുള്ളൂ..
അതുകൊണ്ടാണല്ലോ..
വിവാഹം കഴിഞ്ഞു ബിരുദാനന്ത ബിരുദത്തിനു പഠിക്കുവാൻ വീട്ടതും ഒരു ജോലി കിട്ടുവാൻ സാധിച്ചതും..
ഒരു പക്ഷെ ഇതായിരിക്കുമോ പത്തിൽ പത്തു പൊരുത്തവും എന്ന് വീട്ടുകാർ പറഞ്ഞത്..