അവൾ ആ എന്ന് തലയാട്ടി. കാറിൽ കയറാൻ ഒരുങ്ങിയ മോളുടെ കയ്യിൽ മക്കൾ ചിലവിന് അയച്ച പൈസയിൽ നിന്നും…

കുടുംബം

Story written by Shaan Kabeer

===================

“ഇക്കാ, ചിലവിന് ഇനിമുതൽ പത്തായിരം പോരാന്നാ ഉമ്മ പറയുന്നേ”

“അതെന്താ മുബീ, പത്തായിരം തികയാത്തെ…? ഞാൻ മാത്രമല്ലല്ലോ ഇക്കയും പത്തായിരം അയക്കുന്നില്ലേ മാസാമാസം”

“അതൊന്നും ഇൻക്കറീല ഇക്കാ, ഉപ്പ ഇവിടെ കിടന്ന് എന്തൊക്കെയോ പറയുന്നുണ്ട്. സാധനത്തിന് വിലകൂടി എന്നും രണ്ടുപേരും അയക്കുന്ന പത്തായിരം കൊണ്ട് എന്താവാനാ എന്നൊക്കെ. കുട്ട്യേക്ക് രാവിലെ കോഴിമുട്ട പൊരിച്ച് കൊടുക്കുമ്പോൾ വരെ കണക്ക് പറച്ചിലാ ഇപ്പൊ”

മുജീബിന് വല്ലാതെ ദേഷ്യം പിടിച്ചു

“ഞാനും ഇക്കയും ഉള്ളത് ഗൾഫിലാ, പിന്നെ നമ്മുടെ വീട്ടിലുള്ളത് നീയും നമ്മുടെ മോനും, ഇത്തയും അവന്റെ രണ്ട് കുട്ടികളും ഉപ്പയും ഉമ്മയും. നിങ്ങള് അഞ്ചാറുപേർക്ക് ഇരുപതിനായിരം രൂപക്കൊണ്ട് ഒരുമാസം സുഖായിട്ട് ചിലവ് നടത്തിക്കൂടെ”

ഒന്ന് നിറുത്തിയിട്ട് മുജീബ് തുടർന്നു

“പിന്നെ ഉപ്പാന്റെ ഷോപ്പിൽ നിന്നും കിട്ടുന്ന വരുമാനവും ഇല്ലേ…? ഇവിടെ മനുഷ്യന്റെ വിസയുടെ കടം ഇതുവരെ തീർന്നിട്ടില്ല”

മുബീന മുജീബിനെ സമാധാനിപ്പിച്ചു

“ഇങ്ങള് വെറുതേ ടെൻഷൻ അടിക്കേണ്ട. ഉമ്മയും ഉപ്പയും പറഞ്ഞത് നിങ്ങളോട് സൂചിപ്പിച്ചന്നേ ഒള്ളൂ. എന്റെ പണയത്തിലിരിക്കുന്ന സ്വർണത്തിലേക്ക് പലിശ മാത്രമേ പോവുന്നുള്ളൂ. ഇതുവരെ മുതലിലേക്ക് ഒന്നും അടച്ചിട്ടില്ല. സാരല്ല, ഇൻശാഅല്ലാഹ്‌ ഇങ്ങളെ വിസന്റെ കടം തീർന്നിട്ട് നമുക്ക് മുതലിലേക്ക് അടക്കാം”

പെട്ടെന്ന് അവരുടെ സംസാരത്തിനിടക്ക് വീട്ടിലേക്ക് ഒരു കാർ വന്നു. മുബീന എത്തിനോക്കി

“ഇങ്ങളെ പെങ്ങളും അളിയൻ ഷാൻ കബീറും വന്നിട്ടുണ്ട്. ഞാൻ പിന്നെ വിളിക്കാം”

മുബീന ഫോൺ കട്ട് ചെയ്ത് റൂമിൽ നിന്നും ഇറങ്ങി. ആ സമയം ഉമ്മ കട്ട കലിപ്പിൽ ആയിരുന്നു

“എന്താ ഇവിടുത്തെ കോലം, രണ്ട് മരുമക്കൾ ഉള്ള വീടാ ഇത്. രണ്ടും ഇരുപത്തിനാല് മണിക്കൂറും ഫോണിലും കുത്തിയിരിക്കാണ്. ഇത് ഷാനു മോൻ കാണേണ്ട. അവന് ഇതൊന്നും പറ്റൂല”

കുട്ടികൾ ഹാളിൽ പരത്തിയിട്ടിരിക്കുന്ന ടോയ്‌സുകൾ പെറുക്കിമാറ്റി ഉമ്മ പിറുപിറുത്തു. ഇത്തയും മുബീനയും പെങ്ങളുടെ അടുത്തേക്ക് പോയി. ഷാൻ കബീർ കാർ ലോക്ക് ചെയ്ത് കീ കയ്യിലിട്ട് തിരിച്ച് വീട്ടിലേക്ക് ഓടിക്കയറി

“ഉമ്മാ, കാറിന്റെ കളർ എങ്ങനുണ്ട്”

ഉമ്മാന്റെ മുഖത്ത് വല്ലാത്ത സന്തോഷം

“നല്ല കളറാ, അല്ലേലും മോന് എന്തും നോക്കീം കണ്ടുമല്ലേ എടുക്കൂ” ഷാൻ ഉപ്പയെ നോക്കി

“അളിയന്മാർ വിളിച്ചിരുന്നോ ഉപ്പാ” ഉപ്പയുടെ മുഖത്ത് പുച്ഛം

“ആ, വിളിക്കാറുണ്ട്. അവരുടെ പായേരം ഇതുവരെ തീർന്നിട്ടില്ല”

ഷാൻ കബീർ പൊട്ടിച്ചിരിച്ചു. ഉമ്മ ഷാനിന്റെ അടുത്തേക്ക് വന്നു

“മോനേ പുതിയ വിസക്ക് പോവാന്ന് പറഞ്ഞിട്ട് വല്ലതും ശരിയായോ…?”

പെട്ടെന്ന് ഉപ്പാന്റെ മുഖം ചുവന്നു

“അവന് ഗൾഫിൽ പോയി കഷ്ടപ്പെടുന്നത് എന്തിനാ…? ഇവിടെ വല്ല ബിസിനസും നോക്കിയാൽ പോരെ”

ഉപ്പ പറഞ്ഞ് തീർന്നതും മുബീനയും ഇത്തയും അലമാരയിൽ ഇരിക്കുന്ന വീടിന്റെ ആധാരത്തിലേക്ക് നോക്കി എന്നിട്ട് പരസ്പരം നോക്കി ദീർഘശ്വാസം വിട്ടു.

അന്ന് ഉച്ചക്ക് മോനും മരുമോനും വേണ്ടി ഉപ്പയും ഉമ്മയും ഗംഭീര വിരുന്നൊരുക്കി. ആട്, പോ ത്ത്, കോഴി, കാട, ചെമ്മീൻ മുതൽ ഇളനീർ പുഡ്ഡിംഗ് വരെ ടേബിളിൽ നിരന്നു. ഷാൻ കബീർ നന്നായി ഫുഡ്‌ കഴിച്ച് പല്ലിലും കുത്തി രണ്ട് അളിയന്മാരേയും തന്നെകൊണ്ട് പറ്റുന്നപോലെ പുച്ഛിച്ച് പരിഹസിച്ച് ഇളിച്ചോണ്ടിരുന്നു. അതുകേട്ട് ഉപ്പയും ഉമ്മയും മോളും പൊട്ടിച്ചിരിച്ചു.

അന്ന് വൈകുന്നേരം പോവാൻ നേരം തേങ്ങ മുതൽ കോഴിമുട്ടവരെ ഉമ്മയും ഉപ്പയും താങ്ങിപ്പിടിച്ച് കാറിന്റെ ഡിക്കിയിൽ വെച്ചുകൊടുത്തു. കാറിൽ കയറാൻ നേരം ഷാൻ ഉമ്മയേയും ഉപ്പയേയും നോക്കി

“ന്നാ ശരി, ഞങ്ങൾ പിന്നെ വരാം. കാറിന്റെ അടവ് പത്തായിരത്തിന്റെ അടുത്ത് വരും. അതൊന്ന് മുടങ്ങാതെ അടക്കാൻ പറ്റിയാൽ ഞങ്ങൾ ഹാപ്പിയാണ്”

അടുത്ത് നിക്കുന്ന ഭാര്യയെ ഷാൻ നോക്കി

“അല്ലേടീ…”

അവൾ ആ എന്ന് തലയാട്ടി. കാറിൽ കയറാൻ ഒരുങ്ങിയ മോളുടെ കയ്യിൽ മക്കൾ ചിലവിന് അയച്ച പൈസയിൽ നിന്നും പതിനായിരം രൂപയെടുത്ത് മടക്കി കൊടുത്ത് ഉമ്മ അവരെ സന്തോഷത്തോടെ യാത്രയാക്കി.

കുറച്ച് സമയം കഴിഞ്ഞ് ഉപ്പ മുജീബിനെ വിളിച്ചു

“ആ മുജീബേ, ഇനി പത്തായിരം കൊണ്ടൊന്നും ചിലവ് നടത്താൻ പറ്റൂലട്ടാ. കുട്ട്യോളൊക്കെ വലുതായിക്കിണ്. പിന്നെ സാധനങ്ങൾക്ക് ഇരട്ടി വിലയും ആയി. അതോണ്ട് അടുത്ത മാസം മുതൽ ഒരു അഞ്ചുറുപിയ കൂടുതൽ അയക്കോണ്ടി രണ്ടാളും”

മുജീബ് കൂടുതൽ ഒന്നും പറഞ്ഞില്ല, പറഞ്ഞത് ഒറ്റക്കാര്യം

“ആയിക്കോട്ടെ ഉപ്പാ, ഞാൻ അയക്കാം. ഇനി അളിയൻ വല്ല ലോറിയോ ബസ്സോ എടുത്താൽ ഞങ്ങളുടെ കി ഡ്നി വി റ്റ് പൈസ അയക്കാൻ മാത്രം പറയരുത്”

സ്പെഷ്യൽ നോട്ട്: കല്യാണം ഒരു തടവറ ആവുന്നതും, നാല് ചുവരുകൾക്കുള്ളിൽ വിങ്ങി ഞെരുങ്ങി ജീവിക്കേണ്ടി വരുന്നതുമൊക്കെ ഇങ്ങനെയുള്ള ഇപ്പോഴും ഈവക കലാപരിപാടികൾക്ക് വംശനാശം സംഭവിക്കാതെ നിലനിൽക്കുന്ന “ചില കുടുംബങ്ങൾ” കാരണം മാത്രമാണ്. ഭാര്യയും ഭർത്താവും പരസ്പരം മനസിലാക്കാൻ സാധിക്കാതെ പാതി വഴിയിൽ ഡിവോഴ്സായി പിരിഞ്ഞതിനേക്കാൾ നൂറ് മടങ്ങ് ഡിവോഴ്സ് നടക്കുന്നത് ഇങ്ങനെയുള്ള ഇപ്പോഴും നേരം വെളുക്കാത്ത കുടുംബങ്ങൾ കാരണമാണ്.

~ഷാൻ കബീർ