മോളെ വാശി കാണിക്കേണ്ട, അപകടം എവിടെ പതിയിരിക്കും എന്നത് നമുക്കറിയില്ല അതു കൊണ്ട് നമ്മുടെ സുരക്ഷിതത്വം നമ്മൾ തന്നെ…

ഹെൽമറ്റ്

എഴുത്ത്: മീനു ഇലഞ്ഞിക്കൽ

=================

“മായേ….മോളെ ദേ ഈ ഹെൽമറ്റ് വച്ചു പോ….ചുമ്മാ അഹങ്കാരം കാട്ടരുതേ…”

അമ്മയുടെ കണ്ണു വെട്ടിച്ചു സ്‌കൂട്ടിയിലേക്ക് കയറിയെങ്കിലും വണ്ടി സ്ററാർട്ട് ആക്കിയപ്പോഴേക്കും ഹെൽമെറ്റുമായി അമ്മ പിന്നാലെ ഓടിയെത്തിയപ്പോൾ മായയ്ക്ക് അരിശമായി

“എന്റെ പൊന്ന് അമ്മാ ഈ പുല്ല് വച്ചിട്ട് തലവേദനയെടുക്കുന്നുണ്ട് എനിക്ക്. ഞാൻ വളരെ പതിയെ ആണ് പോകുന്നത് പിന്നെ എന്തിനാ ഈ സാധനം ചുമന്ന് നടക്കുന്നേ “

“മോളെ വാശി കാണിക്കേണ്ട അപകടം എവിടെ പതിയിരിക്കും എന്നത് നമുക്കറിയില്ല അതു കൊണ്ട് നമ്മുടെ സുരക്ഷിതത്വം നമ്മൾ തന്നെ ഉറപ്പ് വരുത്തണം “

അമ്മയോട് കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ല എന്നറിയാവുന്നതുകൊണ്ട് തന്നെ മനസ്സില്ലാ മനസ്സോടെ ഹെൽമറ്റും വാങ്ങി തലയിൽ വച്ചു കൊണ്ട് അവൾ പുറത്തേക്ക് പോയി

റോഡിലൂടെ വണ്ടിയോടിച്ചു പോകുമ്പോൾ തലയിൽ എന്തോ ഭാരം കയറ്റിവച്ചപോലെ അനുഭവപ്പെട്ടു മായയ്ക്ക്. യാത്രയ്‌ക്കിടയിലോ..എന്തിന്, ട്രാഫിക്കിൽ പോലും ചെക്കന്മാർ തന്നെ മൈൻഡ് ചെയ്യാത്തത് കണ്ടപ്പോൾ അരിശം കയറി അവൾക്ക് ‘ഈ ചട്ടി തലയിൽ വയ്ച്ചിട്ടാ ആരും മൈൻഡ് പോലും ചെയ്യാത്തത് ‘ കുറച്ചു കൂടി മുന്നിലേക്ക് പോയ ശേഷം വണ്ടി റോഡരുകിൽ നിർത്തി ദേഷ്യത്തോടെ ഹെൽമറ്റ് ഊരി മാറ്റുമ്പോൾ സ്വർഗം കിട്ടിയ പ്രതീതിയായിരുന്നു മായയ്ക്ക്.

‘ഇനി ചെക്കൻമാർ മൈൻഡ് ചെയ്യുമോ എന്ന് നോക്കാമല്ലോ’ ആത്‌മ സംതൃപ്തിയോടെ അവൾ യാത്ര തുടരവേ ഹെൽമറ്റ് വണ്ടിയുടെ മുന്നിൽ തൂങ്ങിയാടി

“കുട്ടി ഹെൽമെറ്റ് തലയിൽ വച്ചു പോകൂ…എന്തിനാ അത് ചുമ്മാ വണ്ടിയിൽ തൂക്കിയിട്ടേക്കുന്നത് “

അരികിലൂടെ കടന്നുപോയ ഒരു ടാക്സി കാറുകാരൻ അമ്മാവന്റെ നിർദ്ദേശത്തെ പൂർണ്ണമായും അവഗണിച്ചു കൊണ്ട് തന്നെ അവൾ മുന്നിലേക്ക് നീങ്ങി.

സിറ്റിയോടടുക്കുമ്പോൾ റോഡരുകിൽ പെട്ടെന്ന് ഒരാൾക്കൂട്ടം കണ്ടാണ് മായ വണ്ടി സ്‌പീഡ് കുറച്ചത്

“എന്താ ചേട്ടാ…എന്താ സംഭവം…”

ആൾക്കൂട്ടത്തിനു മുന്നിൽ വണ്ടി നിർത്തി കൂട്ടത്തിൽ ഒരാളോട് അന്യോഷിക്കുമ്പോൾ അവളുടെ മിഴികൾ ആൾക്കൂട്ടത്തിനു നടുവിൽ തന്നെ പരതുകയായിരുന്നു.

“ഒരു ആക്സിഡന്റണ് പെങ്ങളെ…ഒരു ചെക്കൻ ഓവർ സ്‌പീഡിൽ ബൈക്ക് ഓടിച്ചു വന്ന് ദേ ആ ഡിവൈഡറിൽ ഇടിച്ചു വീണു. ജീവനുണ്ടോ ന്ന് അറിയില്ല”

ആ മറുപടി കേൾക്കേ ഒരു നഴ്സു കൂടിയായ മായ പെട്ടെന്ന് വണ്ടിയിൽ നിന്നും ചാടിയിറങ്ങി ആൾക്കൂട്ടത്തിനിടയിലൂടെ ഉള്ളിലേക്ക്  കയറുമ്പോൾ അവൾ കണ്ടു തല പൊ ട്ടി ചോ രയൊലിപ്പിച്ചു നിലത്തു കിടക്കുന്ന പതിനെട്ട് വയസോളം മാത്രം പ്രായമുള്ള ഒരു പയ്യനെ. കണ്ട മാത്രയിൽ തന്നെ നിലത്തേക്കിരുന്ന് അവനെ താങ്ങി എടുത്ത് മടിയിലേക്ക് കിടത്തി ആദ്യം മായ നോക്കിയത് ജീവനുണ്ടോ എന്നാണ്. അവനിൽ ഹൃദയമിടിപ്പ് തിരിച്ചറിയവേ അവൾക്ക് ആവേശമായി

“ചേട്ടന്മാരേ….ആരെലുമൊന്ന് സഹായിക്കൂ…ഇവന് ജീവനുണ്ട്..തൊട്ടടുത്തല്ലേ സിറ്റി ഹോസ്പിറ്റൽ നമുക്കിവനെ അവിടെയെത്തിക്കാം”

സഹായത്തിനായി ചുറ്റും കൂടി നിന്നവരെ മാറി മാറി നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം

“മോളെ ആവശ്യമില്ലാത്ത പൊല്ലാപ്പിന് പോകേണ്ട കേട്ടോ നമ്മുടെ പോലീസുകാരാ ഒടുവിൽ വാദി പ്രതിയാകും പൊലീസിനെ വിളിച്ചിട്ടുണ്ട് അവർ വരട്ടേ “

കൂട്ടത്തിൽ ഒരാളുടെ മറുപടി മായയെ ഏറെ അതിശയിപ്പിച്ചു

“ചേട്ടാ…ഈ ചോ ര വാർന്ന് കിടക്കുന്നത് ഒരു മനുഷ്യ ജീവനാന്. നിങ്ങടെ ഒക്കെ ആരേലുമാണ് ഇത് എങ്കിലും ഇങ്ങനെ തന്നെ പ്രതികരിക്കുമോ നമ്മൾ ഇപ്പോൾ സഹായിച്ചാൽ ഇവന്റെ ജീവൻ രക്ഷിക്കാനാകും “

അടക്കാനാകാത്ത രോക്ഷത്തോടെയാണവൾ അയാൾക്കു നേരെ തട്ടിക്കയറിയത്

“കൊച്ചു ചുമ്മാ ഹീറോയിസം കാണിക്കേണ്ട…അവനെ കണ്ടില്ലേ…ആകെ തലയ്ക്ക് മാത്രമാ പരിക്ക് വേറൊരു കുഴപ്പവുമില്ല…ഹെൽമറ്റ് എന്ന് പറയുന്ന സാധനം കാണാനല്ല ഉള്ളത് തലയില് വയ്ക്കാനാണ്. അതുണ്ടായിരുന്നേൽ ഇവനീ ഗതി വരില്ല. സ്വയം വരുത്തി വയ്ച്ചതല്ലേ അനുഭവിക്കട്ടേ “കൂടി നിന്നവർ നിഷ്കരുണം പറഞ്ഞവസാനിപ്പിക്കുമ്പോൾ ജീവനുമായി മല്ലിടുന്ന അവനെയും താങ്ങിപ്പിടിച്ചു ദയയ്ക്കായി ചുറ്റും പരതി മായ. അവളുടെ മിഴികൾ തുളുമ്പി

‘മോളെ ഹെൽമറ്റ് വച്ചു വണ്ടിയോടിക്കണം അപകടം എവിടെയാ പതിയിരിക്കുന്നത് എന്ന് നമുക്കറിയാൻ കഴിയില്ല ‘

പലപ്പോഴും താൻ അവഗണിച്ചിട്ടുള്ള അമ്മയുടെ വാക്കുകൾ അറിയാതെ അവളുടെ മനസ്സിലെക്കോടിയെത്തി

****************

മിനിസ്റ്റർ പങ്കെടുത്ത പരിപാടിയുടെ ലൈവ് ടെലികാസ്റ്റിങ് കഴിഞ്ഞു വരുന്ന വഴി അരികിൽ കണ്ട ചായ കടയിൽ നിന്നും ചൂട് ചായ വാങ്ങി തിരിയുമ്പോഴാണ് കേരളദേശം ചാനൽ റിപോർട്ടർ ആ കാഴ്ച കാണുന്നത്

“രാജേഷേ ക്യാമറ എടുത്തോ അളിയാ…ഒരു കലക്കൻ എക്സ്ക്ലൊസീവ്വ് ഉണ്ട് “

ഒരു നിമിഷം അന്ധാളിച്ചു നിന്ന ശേഷം അവൻ വിളിച്ചു കൂകിക്കൊണ്ട് വണ്ടിയുടെ നേരെ പാഞ്ഞു. വാങ്ങി വച്ച ചായ പോലും കുടിക്കാതെ നിമിഷങ്ങൾക്കകം അവർ പായുമ്പോൾ ചായക്കടക്കാരനും ഒന്നും മനസ്സിലാകാതെ നോക്കി നിന്നു

നിമിഷങ്ങൾക്കകം കേരള ദേശം ചാനലിലൂടെ വീഡിയോ അടക്കം ആ വാർത്ത നാടെങ്ങും പരന്നു

“ആക്സിഡന്റ് പറ്റി ആരും സഹായിക്കുവാൻ തയ്യാറാകാത്തതിനെ തുടർന്ന് റോഡരികിൽ കിടന്ന യുവാവിനെ സ്വന്തം സ്‌കൂട്ടിയിൽ പിന്നിൽ തന്നോട് ചേർത്തു വച്ചു കെട്ടി സാഹസികമായി അഞ്ചു കിലോമീറ്റർ ദൂരെയുള്ള ഹോസ്‌പിറ്റലിൽ എത്തിച്ചു മലയാളിയായ യുവതി. തിരുവനന്തപുരം സ്വദേശിയും സ്വകാര്യ ഹോസ്‌പിറ്റലിൽ നഴ്സുമായ മായയാണ് ഈ സാഹസിക യാത്ര നടത്തി ഒരു ജീവൻ രക്ഷിച്ചത് “

ക്ഷണനേരം കൊണ്ട്  വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകവേ…സിറ്റി ഹോസ്‌പിറ്റലിനു മുന്നിൽ മാധ്യമ പ്രവർത്തകർ നിറഞ്ഞു. ര ക്ത ക്കറ പുരണ്ട വസ്ത്രങ്ങളോടെ തന്നെ മായ പുറത്തേക്ക് വരുമ്പോൾ അവൾക്കു ചുറ്റും മൈക്കുകൾ നിരന്നിരുന്നു

“പറയു മായ…ഇത്തരമൊരു സാഹസിക തീരുമാനം എടുക്കുവാനുള്ള സാഹചര്യമെന്തായിരുന്നു “

ആ ചോദ്യത്തിനു മുന്നിൽ അൽപസമയം നിശബ്ദയായി നിന്നു അവൾ. എന്നിട്ട് പതിയെ സംസാരിച്ചു തുടങ്ങി

“ഒരു നഴ്സ് ആണ് ഞാൻ….അതാകാം ആ ജീവന്റെ വിലയെന്ത് എന്ന് എനിക്ക് വേഗത്തിൽ തിരിച്ചറിയുവാൻ കഴിഞ്ഞത് “

“എന്താണ്….എന്താണ്  മായ സത്യത്തിൽ സംഭവിച്ചത്…ശക്തമായി പ്രതികരിക്കൂ ഈ അവസരത്തിൽ മായയ്ക്ക് സമൂഹത്തോട് എന്തെങ്കിലും പറയുവാനുണ്ടോ “

ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചപ്പോൾ മായ ആദ്യം നോക്കിയത് കയ്യിലിരുന്ന ഹെൽമറ്റിലേക്കാണ് പതിയെ അത് വായുവിൽ ഉയർത്തി അവൾ തുടർന്നു…

“എനിക്ക് പറയാനുള്ളത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഈ ഹെൽമറ്റ് ഇത് തലയിൽ വച്ചു വണ്ടിയോടിക്കുന്നത് നമ്മുടെ തന്നെ സുരക്ഷയ്ക്കു വേണ്ടിയാണ് എന്ന ബോധം നമുക്കെല്ലാവർക്കും ഉണ്ടാകേണം. ഞാനും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ ഇന്ന് ഹെൽമറ്റ് ഉണ്ടായിരുന്നേൽ അവന് ഈ അവസ്ഥ വരില്ലായിരുന്നു. രണ്ട്…..മനുഷ്യജീവന് അൽപമെങ്കിലും വില കല്പിക്കുവാനുള്ള മനസ്സ് നമുക്ക് വേണം. പലർക്കും മനുഷ്യ ജീവന്റെ വിലയറിയണമെങ്കിൽ സ്വന്തം ചോ രയ്ക്ക് എന്തേലും പറ്റണം. പിന്നെ ഇനി കഴിഞ്ഞതോന്നും ചികയുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല “

പുഞ്ചിരിയോടെ തന്റെ സ്‌കൂട്ടിയ്ക്ക് അരികിലേക്ക് നടക്കുമ്പോൾ വല്ലാത്ത സംതൃപ്തി തോന്നി മായയ്ക്ക്…വണ്ടി സ്റ്റാർട്ട് ചെയ്ത് ഹെൽമറ്റ് തലയിലേക്ക് വയ്ക്കുമ്പോൾ അന്നാദ്യമായി ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെട്ടില്ല അവൾക്ക്…

~മീനു ഇലഞ്ഞിക്കൽ