മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“”ഒരു വട്ടമെങ്കിലും എന്നെ തിരക്കി വന്നൂടാരുന്നോ…പവിയേന്നും വിളിച്ച് ഇങ്ങനെ ഒന്ന് ചേർത്ത് പിടിച്ചൂടാരുന്നോ…””
പെട്ടന്നാ മുഖം ഉയർത്തി എന്നെ നോക്കിയതും നിറഞ്ഞ ചിരിയോടെ ആ കലങ്ങിയ കണ്ണുകൾ വിടരുന്നതും ഞാനറിഞ്ഞു…
“”അതിന് ഞാൻ നിന്നെയിനി വിട്ടാൽ അല്ലേ..നീയിനി എങ്ങോട്ട് പോയാലും തൂക്കി എടുത്ത് ഞാനിങ്ങ് കൊണ്ട് പോരും…
പവിയേ നമുക്ക് കല്യാണം കഴിക്കണ്ടെടീ…””
കുസൃതിയോടെ ആ ചോദ്യമുയർന്നതും ആ നെഞ്ചിലേക്ക് മുഖം ചേർത്തു ഞാൻ പൊട്ടിച്ചിരിച്ചു പോയി…
ഇത്രമേൽ കരുതലും സ്നേഹവും ഭ്രാന്തും നിറഞ്ഞൊരുത്തൻ…..
ആ കരവലയത്തിനുള്ളിൽ നെഞ്ചിലെ ചൂടേറ്റ് ഞാനങ്ങനെ ചേർന്ന് കിടന്നപ്പോൾ ഇനിയൊരു തിരിച്ചു പോക്കിന് ഞാനും ഒരുക്കമായിരുന്നില്ല…
ദൈർഘ്യമേറിയ ചില നിമിഷങ്ങൾക്ക് ശേഷം ഞാനടർന്നു മാറിയപ്പോൾ ഇനിയും കൊതിതീരാത്ത പോലെ വീണ്ടുമാ കരങ്ങൾ ചേർത്തുപിടിക്കാനായിഎനിക്ക് നേരെ കള്ളചിരിയോടെ ഉയർത്തുന്നത് ഞാനറിഞ്ഞു…
വല്ലാതെ സന്തോഷമാണവന്…കാലങ്ങളായുള്ള കാത്തിരിപ്പിനാൽ വന്നുചേർന്ന, തനിക്ക് സ്വന്തമായവളെ ഇനിയൊരുവിധിക്കും വിട്ടു നൽകാത്തവിധം കരുത്തോടെ അടക്കി പിടിക്കാനവൻ ശ്രമിക്കുകയാണെന്ന് ഞാനറിഞ്ഞു…
പതിയെ ഞാനവനരികിൽ നിന്നും മുറിവിട്ട് പുറത്തേക്ക് ഇറങ്ങുമ്പോഴും എന്നിലേക്ക് നീണ്ടു വരുന്ന ആ കണ്ണുകളെ ചിരിയോടെ ഞാൻ നോക്കി നിന്നുപോയി…
എന്റെ വീടിന്റ ഓരോ കോണും ആദ്യമായെന്നപോലെ ഞാൻ നോക്കികാണുകയായിരുന്നു…
പിൻ വാതിലിലൂടെ ഞാൻ നടന്നു ചെന്ന് ആ കുഴിമാടങ്ങൾക്കരികിലേക്ക് നിന്നപ്പോൾ നെഞ്ചിൽ വല്ലാതെ നോവ് പടരുന്നത് ഞാനറിഞ്ഞു…മെല്ലെയാ നിലത്തേക്ക് ഞാനിരുന്നു ചിതറിക്കിടക്കുന്ന അരുളിപ്പൂക്കൾക്കുമേൽ മെല്ലെതലചായ്ച്ചു…
ഓർമ്മകളുടെ പുതുമണങ്ങൾ കണ്ണീരിന്റെ അകമ്പടിയോടെ പുറത്തേക്കിറ്റു വീഴുന്നു..
“”അമ്മേ…. “” അറിയാതെ ഞാൻ പതിയെ വിളിച്ചു പോയി….
ഞാനൊരുപാട് സംസാരിച്ചു അമ്മയോട്…പരിഭവങ്ങൾ പറഞ്ഞു…ചില നിമിഷങ്ങൾക്ക് ശേഷം നിലത്തുനിന്നുമെഴുനേറ്റ് കണ്ണുകൾ അമർത്തിത്തുടച്ചു ഞാൻ തിരിഞ്ഞപ്പോഴേക്കും എന്നിലേക്ക് വന്നു ചേർന്നു നിൽക്കുന്ന സൂരജിന്റെ കണ്ണുകൾ നിറയുന്നത് ഞാനറിഞ്ഞു….
അടുത്ത നിമിഷം എനിക്ക് നേരെ ഉയർന്നു വന്ന പൊന്നിൽ കോർത്ത ആ ചെറിയ ആലിലത്താലിയിലേക്ക് നോക്കി ഞാൻ ചലനമറ്റ് നിന്നുപോയി…അനുവാദത്തിനായെന്നോണം ആ കണ്ണുകൾ എന്റെ മുഖത്തേക്ക് നീളുമ്പോൾ നിഷേധിക്കപ്പെടുമോ എന്ന ഭയത്താൽ ആ മുഖം കനക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു…
കണ്ണുകൾ അടച്ചു കൈകൾ കൂപ്പി അവന് നേരെ സമ്മതമെന്നോണം ഞാൻ ശിരസ്സ് താഴ്ത്തി നിന്നു… എന്റെ നെഞ്ചോരമാ താലി ചേർന്നപ്പോൾ വീശിയടിച്ച കാറ്റിൽ അരളിച്ചെടിയുടെ നനഞ്ഞ പൂക്കൾ ഞങ്ങൾക്ക് മേൽ അനുഗ്രഹവർഷമായി ചൊരിയുന്നത് ഞാനറിഞ്ഞു…അമ്മയും അച്ഛനും ഏട്ടനുമൊക്കെ അങ്ങ് സ്വർഗത്തിൽ ഇരുന്ന് ഈ മംഗളമുഹൂർത്തത്തെ കാണുകയാകുമെന്ന് ഞാനോർത്തു…
കൈകളിലിരുന്ന കുങ്കുമചെപ്പിൽ നിന്നും അവന്റെ വിരലുകളിലെ സിന്ദൂരമെന്റെ നെറുകയെ ചുമപ്പിച്ചതും ആ കൈകൾ എന്നെ വലയം ചെയ്തു അടക്കി മാറോട് ചേർത്തിരുന്നു..
“”വെറുക്കല്ലേ പവിയേ….ഒന്നിനും വേണ്ടിയല്ലടീ…ഇങ്ങനെ കൂടെ ഉണ്ടായാൽ മതി…ഈ വീട്ടിൽ തന്നെ എന്റെ മരണം വരെ നിന്നെ ഞാൻ നോക്കിക്കോളാം…””
കാതോരം പറഞ്ഞ ആ വാക്കുകളിൽ അവന്റെ ഹൃദയത്തിനുള്ളിൽ തീർത്ത ഞാനെന്ന ലോകത്തെ തുറന്നു കാട്ടുകയാണെന്ന് ഞാനറിഞ്ഞു..
തിരികെ നടന്നു വന്നതും ഉമ്മറത്തെ പുതിയ ചാരുകസേരയിൽ അധികാരിയെ പോലെ നിവർന്നിരിക്കുന്ന അവന്റെ ചുണ്ടിലെ കുസൃതി ചിരി കാൺകെ ഞാനും അരികിലായുള്ള തൂണിൽ ചാരി അൽപനേരമവനെ നോക്കി നിന്നുപോയി…നെഞ്ചോരം ചേർന്ന താലിയുടെ സുരക്ഷാ കവചം ഹൃദയത്തിൽ പറ്റിചേർന്നെന്നെ പൊതിഞ്ഞു പിടിക്കുന്നത് ഞാനറിഞ്ഞു…
എന്തോ ഓർത്തപോലെ ഞാൻ അകത്തേക്ക് നടന്ന് ബാഗിലിരുന്ന മൊബൈൽ ഫോണിലേക്ക് നോക്കിയതും ജെനിയുടെയും സിദ്ധുഏട്ടന്റെയും മിസ്സ് കാളുകൾ കാൺകെ ഞാൻ തിരികെ വിളിച്ചു…
സിദ്ധുവേട്ടനോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ ആളുടെ മറുപടികളും സന്തോഷം നിറയ്ക്കുന്നതായിരുന്നു…ആ സന്തോഷങ്ങൾക്കിടയിൽ ഞാനറിയാത്ത പല സത്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട് എന്ന് ഞാനറിഞ്ഞു…കൂടുതൽ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തപ്പോൾ എന്തോ എനിക്ക് വല്ലാതെ വിഷമമായിപ്പോയി…ഇത്രയും കാലം സംരക്ഷിച്ച, ഒരു കൂടെപ്പിറപ്പിനെ പോലെ കരുതിയ സിദ്ധുഏട്ടനെ, ഞാനറിയാതെ എന്റെ പ്രവർത്തികൾ എന്തെങ്കിലും വേദനിപ്പിച്ചുവോ എന്ന ആലോചനയോടെ നിന്നുപോയി….
ഇടയ്ക്ക് കാവേരിച്ചേച്ചിയുടെ വോയിസ് മെസ്സേജുകൾക്കും ഞാൻ മറുപടി കൊടുത്തു…എന്തോ റിസെർച്ചിന്റെ ഭാഗമായി ഹൈദ്രാബാദിലാണെന്ന് പറഞ്ഞപ്പോൾ ഇവിടെയുണ്ടായിരുന്നെങ്കിൽ ഞാൻ വന്നതറിഞ്ഞു ചേച്ചിയും ഓടിത്തിയേനെ എന്ന് ഞാനോർത്തു…
ജെനിയെ ഞാൻ വീഡിയോ കാൾ ചെയ്തതും അവൾ പതിവ് പോലെ തന്നെ കയ്യും കാലും വരെ ഉയർത്തി ആംഗ്യം കാണിക്കുകയാ…എനിക്ക് ചിരി വന്നു പോയി…പരിഭവങ്ങളും ദേഷ്യവുമൊക്കെ കാട്ടിക്കൊണ്ടു എന്നെ വഴക്ക് പറയാനായി അമ്മച്ചിയുടെ കയ്യിലേക്കവൾ ഫോൺ കൊടുത്തു…പാവം.. ഇതുപോലൊരു പെണ്ണ്…
നേരിട്ട് അവിടേക്ക് ചെല്ലുമെന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്…അതിനിടയിൽ നടന്നവയൊന്നും ഊഹിച്ചിരുന്നത് പോലുമല്ലല്ലോ എന്നുഞാനോർത്തു….എനിക്കായി അമ്മച്ചി അപ്പവും ബീഫ്ഫ്രൈയുമൊക്കെ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനാകെ വല്ലാതെയായിപ്പോയി…ഇടയ്ക്കെപ്പോഴോ ഞാൻ സൂരജിനോടൊപ്പമാണെന്നറിഞ്ഞപ്പോൾ അവളുടെ സന്തോഷം കാണണമായിരുന്നു…
വീട്ടിലേക്ക് വരാമെന്ന് പറഞ്ഞവളെ ആശ്വസിപ്പിച്ചുകൊണ്ട് ഫോൺ കട്ടാക്കി ഞാൻ തിരിഞ്ഞതും എല്ലാം കണ്ടും കേട്ടും കൗതുകത്തോടെ ചിരിച്ചുകൊണ്ട് ഭിത്തിയിൽ ചാരിനിൽക്കുന്ന സൂരജിനെ കാൺകെ ചമ്മലോടെ ഞാൻ മുഖം കുനിച്ചുപോയി…
ആളുടെ താടിയും മുടിയുമെല്ലാം വല്ലാതെ വളർന്നു കിടക്കുകയാ…നിക്ക് ശെരിയാക്കിത്തരാം എന്ന ഭാവത്തോടെ ആ മുഖത്തേക്ക് നോക്കി ഞാൻ ചിരിച്ചപ്പോൾ കാര്യം മനസ്സിലായെന്ന ഭാവേന ഒരു ടീഷർട്ടുമിട്ട് കള്ള ചിരിയോടെയവൻ പുറത്തേക്ക് പോകുന്നുണ്ടായിരുന്നു…
അധികം സംസാരിക്കുകയൊന്നുമില്ല…ആളുടെ പഴയ ആ ഗൗരവത്തിനു മാത്രം തീരെ മാറ്റമില്ല…എന്തിനേറെ വേണം ആ ഒരു നോക്കിൽ ആയിരം വാക്കുകൾ ഞങ്ങൾക്ക് കൈമാറാൻ കഴിയുമെന്ന് ഞാനറിഞ്ഞു…
ദൂരേക്ക് അകന്നു പോകുന്ന ബുള്ളറ്റിന്റെ ശബ്ദം എന്റെ കാതിലേക്ക് വന്നടിച്ചതും ആള് പുറത്തേക്ക് പോയെന്നെനിക്ക് മനസ്സിലായി…
മൃണാളിനിമാടത്തെ വിളിച്ചു എത്തിച്ചേർന്ന വിവരം പറഞ്ഞപ്പോൾ മാധവൻ സാറിനെപ്പറ്റിയും എന്നോട് സംസാരിച്ചു…എന്തോ മനസ്സാകെ നിറയുന്ന സന്തോഷം എന്റെ ഓരോ അണുവിലും പൊതിയുന്നത് ഞാനറിഞ്ഞു….
ആ സാന്നിധ്യവും ഭ്രാന്തും ദേഷ്യവും സ്നേഹവും കരുതലുമാണ് എന്നിലെ സന്തോഷമെന്ന സത്യം ഹൃദ്യമെന്നിൽ നിന്നും കാലങ്ങളായി മറച്ചു പിടിക്കുകയായിരുന്നു..ചിന്തകളുടെ കൂമ്പാരങ്ങൾക്കു മേൽ മനസ്സ് ചെന്ന് നിന്നപ്പോൾ മുറ്റത്തേക്ക് വന്നു നിന്ന കാറിന്റെ ഇരമ്പൽ കേൾക്കെ ഞാൻ ഉമ്മറത്തേക്ക് നടന്നുചെന്നു…
പടികളിറങ്ങി മുറ്റത്തേക്ക് ചെന്ന് ഞാൻ സിദ്ധുഏട്ടന്റെ കൈകളിൽ നന്ദിയോടെ മുറുകെ പിടിച്ചു…ആൾക്കെല്ലാം അറിയാം…ചിരിയോടെ നോക്കി നിൽക്കുകയാണ്…
“”എല്ലാം എന്നോട് മറച്ചു വയ്ക്കണമാരുന്നോ സിദ്ധുഏട്ടാ…””
നിറകണ്ണുകളോടെ ഞാനത് ചോദിച്ചതും എന്റെ കൈകൾ വിടുവിച്ചു സിദ്ധുഏട്ടൻ വരാന്തയുടെ തിട്ടയിലേക്കിരുന്നു…
“”ജപ്തി ഒഴിവാക്കിയിട്ട് പണവുമടച്ച് വീട് തന്റെ പേരിലേക്ക് രജിസ്റ്റർ ചെയ്യാൻ ഓടി നടന്നത് സൂരജാ…അന്ന് ഞാനറിഞ്ഞതാ അവനെ…അവനോടങ്ങ് ക്ഷമിച്ചേക്കടോ….അതുകൊണ്ടു മാത്രമല്ല…ആൾക്ക് നീയെന്ന് വച്ചാൽ ജീവനാ…””
എന്റെ തോളിൽ മെല്ലെ തട്ടിക്കൊണ്ടു സിദ്ധുവേട്ടനത് പറഞ്ഞതും എന്റെ ഹൃദയമിടിപ്പുകളുയരുന്നത് ഞാനറിഞ്ഞു…ഉറക്കെ വിളിച്ചുപറയണമെന്ന് തോന്നി അവനേക്കാളേറെ ഞാനവനെ സ്നേഹിക്കുന്നുവെന്ന്…അവനോടു പൊറുക്കാതിരിക്കാൻ എനിക്കാകില്ലെന്ന്…
“”പല്ലവിയെപ്പറ്റി അവനെന്നോടൊന്നും ചോദിച്ചിട്ടില്ല കേട്ടോ…ആശാൻ അങ്ങനെ ആരോടും മിണ്ടില്ലെന്ന് തോന്നുന്നു…ഒരിക്കൽ സൂരജിന്റെ അച്ഛൻ മാധവൻസാറെന്നെ കാണാൻ വന്നിരുന്നു പല്ലവിയെക്കുറിച്ച് അറിയാൻ…തന്നെയോർത്ത് മനോനിലതെറ്റി ഭ്രാന്തെടുത്ത് നടക്കുന്ന സൂരജിനെപ്പറ്റി എന്നോട് പറയാനായിട്ട്….””
ഒരു കഥപോലെ കഴിഞ്ഞകാല സംഭവങ്ങൾ പലതും സിദ്ധുവേട്ടൻ എനിക്ക് പറഞ്ഞു തന്നപ്പോൾ ആ ഭൂതകാലങ്ങളെ ഞാനും എന്റെ സങ്കല്പങ്ങളിലെക്ക് കൊണ്ടുവന്നു…
“”ഒരു കാര്യം എനിക്കുറപ്പുണ്ട് പല്ലവി…ഈ ലോകത്ത് അവനെപ്പോലെ നിന്നെ സ്നേഹിക്കാൻ മറ്റാർക്കും പറ്റില്ലടോ…ജീവൻ കളഞ്ഞു തന്നെ നോക്കിക്കോളും…കാരണം അവന്റെ ലോകത്ത് അന്നും എന്നും നീ മാത്രമാ…””
എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി…ഇത്രമേൽ ഒരാൾക്ക് ഒരു പെണ്ണിനെ സ്നേഹിക്കാൻ കഴിയുമോ എന്ന് ഞാനോർത്തുപോയി…
“”എന്റെ പൊന്ന് പല്ലവി നീയിനി ഇങ്ങനെ കരയല്ലേ…അല്ല ആളെവിടെ കണ്ടില്ലല്ലോ…
നമ്മളെ കണ്ടാൽ ആശാൻ നല്ല മസിൽ പിടുത്തമാ…ഒരൊറ്റ വാക്ക് മിണ്ടത്തില്ല…””
ആ ചുണ്ടിൽ വിടർന്ന ചിരിയെ ഞാനും പകുത്തെടുത്തു…വല്ലാതെ മനസ്സ് നിറയുന്നു…ആളൊരു മുരടൻ ആണെന്ന് സിദ്ധുവേട്ടനോട് പറയാൻ പറ്റുവോ…വീണ്ടും ഞാൻ നിറഞ്ഞു ചിരിച്ചുപോയി…ആള് യാത്രപറഞ്ഞു പോകാനിറങ്ങിയതും ഞാൻ പിന്നാലെ നടന്നു ചെന്നു…
“”സിദ്ധുഏട്ടാ…നമ്മുടെ ജെനി…””
ചോദിച്ചതും പിന്നിലേക്ക് തിരിഞ്ഞ് എന്നെ നോക്കി ഒരു കള്ളച്ചിരി…അറിയാമെനിക്ക് ആ മനസ്സിനെയും..മൗനമായ ആ പ്രണയത്തെയും…
“”ഉണ്ട്… ഒരു ജോലി ആവട്ടെ പല്ലവി…എന്റെ പെണ്ണിനേയും കൂടെ കൂട്ടണം…അലോഷി ഒരു പാരയാകുവോ എന്തോ…””
ചൂണ്ടുവിരലിൽ താക്കോൽ കറക്കി വല്ലാത്ത ഭാവത്തിൽ ആള് ചിരിക്കുന്നുണ്ട്…
“”എന്തിന്…കണ്ണും പൂട്ടി ദേ ഈ കയ്യിൽ ചേർത്ത് തരും അലോഷിച്ചായനവളെ…ആള് ട്രെയിനിങ്ങ് ഒക്കെ കഴിഞ്ഞിങ്ങു വന്നോട്ടെന്നേ…””
ആത്മവിശ്വാസത്തോടെ ഞാനാ കൈ കവർന്നെടുത്ത് ആ കൈവെള്ളയിലേക്ക് മെല്ലെ തട്ടി…ചിരിയോടെ മൂളിക്കൊണ്ടു എന്റെ നെറുകയിൽ തഴുകി സിദ്ധുഏട്ടൻ യാത്രപറഞ്ഞിറങ്ങി…
പുറത്തുനിന്നും തിരികെ വന്ന സൂരജിന്റെ മുഖം കാൺകെ കണ്ണെടുക്കാതെ ഞാൻ നോക്കിയിരുന്നു പോയി…താടിയും മുടിയുമൊക്കെ വെട്ടിയൊതുക്കി സുന്ദരനായിട്ടുണ്ട്….ആരാ അവനെ ഇഷ്ട്ടപ്പെടാത്തത്…ഗൗരവത്തോടെ എന്നെ നോക്കി നിൽക്കുന്നത് ഞാനറിഞ്ഞു…എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാനാണ്…പക്ഷേ ആള് വാ തുറന്ന് ചോദിക്കില്ല…
എന്റെ ചിരികൾ ആ കണ്ണുകളിൽ കുസൃതി നിറച്ചപ്പോൾ വേഗമെനിക്കരികിൽ വന്നെന്നെ ചേർത്തു പിടിച്ചുകൊണ്ട് എന്റെ കാതിൽ ഇക്കിളി കൂട്ടി…ആളുടെ ദേഹം മുഴുവൻ മുടിയാണ്…
“”അയ്യേ അപ്പടി മുടിയാ സൂരജേ…””
ഞാനത് പറഞ്ഞതും അബദ്ധമായി എന്ന് തോന്നിപ്പോയി…ഒന്നുകൂടി ആ താടിയും തലയുമൊക്കെ എന്റെ ദേഹത്തിട്ട് ഉരുട്ടുന്നു…ഇടയ്ക്കെപ്പോഴോ കള്ളച്ചിരിയോടെ എന്നെ നോക്കികൊണ്ട് അടർന്നുമാറുമ്പോൾ ഒരിക്കലും ഈ സ്നേഹമെനിക്ക് അന്ന്യമാകരുതേ എന്ന് ഞാനാശിച്ചു പോയി…
“”ഈ വീടും വസ്തുവുമൊക്കെ..””
ഞാൻ പറഞ്ഞു തുടങ്ങും മുന്നെ എന്റെ വാക്കുകളെ തടയാനായി അവനാ കൈ ഉയർത്തിയിരുന്നു…
“”എന്റെ പവീടെ വീടെന്ന് വച്ചാൽ എന്റേം അല്ലെ…വിട്ടുകളയാൻ പറ്റുവോ പവിയേ…””
ആ കൈകൾ കൂട്ടിപ്പിടിച്ചു ഞാൻ ചുണ്ടോടു ചേർക്കും മുന്നേ ആ കൈകളെന്നെ പൊതിഞ്ഞുപിടിച്ചിരുന്നു…
എവിടേക്കോ പോകണം, റെഡിയാകണമെന്ന് പറഞ്ഞപ്പോൾ എന്നിൽ ഉയർന്ന ആശങ്കയെ മറച്ചുകൊണ്ട് ഞാൻ മുറിയിലേക്ക് നടന്നു…
ബുള്ളറ്റിൽ കയറി ക്ഷമയോടെ കാത്തിരിക്കുന്നുണ്ടവൻ…എന്നെ കണ്ടതും മൊബൈലിൽ നിന്നും മുഖമുയർത്തി നോക്കുന്നുണ്ട്… കയറാൻ പറഞ്ഞതും തെല്ല് പതർച്ചയോടെ പിന്നിലേക്ക് ഞാനിരുന്നു…
“”ആ കയ്യെടുത്ത് എന്റെ തോളിലേക്ക് പിടിക്കന്റെ പവിയേ നീ.. “”
ചെറുചിരിയോടെ കണ്ണിറുക്കി അവനത് പറഞ്ഞതും യാന്ത്രികമായി എന്റെ കൈകൾ ആ തോളിലേക്ക് ഞാൻ അമർത്തിയപ്പോൾ തലതിരിച്ചു എന്റെ വിരലുകളിലേക്കവൻ ചുണ്ടമർത്തി…എന്നിൽ വിരിഞ്ഞ ചിരികളെ സൈഡ് മിററിലൂടെ ആ കണ്ണുകൾ ഒപ്പിയെടുക്കുന്നത് ഞാനറിഞ്ഞു…ഒരിക്കൽ അവന്റെ നിർബന്ധത്തിന് വഴങ്ങി ഈ ബുള്ളറ്റിന് പിന്നിലിരുന്ന് യാത്രചെയ്യേണ്ടിവന്ന ആ സായാഹ്നത്തിലേക്ക് എന്റെ ഓർമ്മകൾ പാറി വീണു…
ജെനിയുടെ വീടിന്റെ മുറ്റത്തേക്കാണ് ബുള്ളറ്റ് ചെന്ന് നിന്നതെന്ന് ഞാനറിഞ്ഞപ്പോൾ ആശ്ചര്യപ്പെട്ടുപോയി…പിന്നിൽ നിന്നിറങ്ങി ആ മുഖത്തേക്ക് നോക്കിയപ്പോൾ യാതൊരു ഭാവമാറ്റവുമില്ലാതെ എന്നെ നോക്കിയിരിപ്പുണ്ട്…
ജെനിയെന്നെ കണ്ടതും പടികൾ ചാടിയിറങ്ങി ഓടിവന്നെന്നെ ഇറുക്കെ കെട്ടിപ്പുണർന്നു…ഏങ്ങലടിച്ചു കരയുകയാണവൾ..കുറേ ആയി കണ്ടിട്ട്…അമ്മച്ചിയും അപ്പയും ഒക്കെ വാതിൽക്കൽ നിന്നുകൊണ്ടു ഞങ്ങളെ സന്തോഷത്തോടെ നോക്കി നിൽക്കുകയാണെന്ന് ഞാനറിഞ്ഞു…
“”എന്റെ പെണ്ണെ നീയിങ്ങനെ കരയല്ലെടീ…””
എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു പോയി…എന്നെ നുള്ളുകയും അടിക്കുകയും ഒക്കെ ചെയ്തു പരിഭവം തീർക്കുന്നുണ്ടവൾ…വർഷങ്ങൾ എത്ര കഴിഞ്ഞു കണ്ടിട്ട്…ഞാനല്ലേ എല്ലാവരെയും കാണാതെ ഒളിച്ചോടിച്ചത്…
ഇടയ്ക്കെപ്പോഴോ ഒരു യാത്രപോലും പറയാതെ ബുള്ളെറ്റുമെടുത്ത്ദൂരേക്ക് അകന്നുപോയ സൂരജിനെ നോക്കി നെഞ്ചിലാളുന്ന തീയുമായി ഞാൻ തറഞ്ഞു നിന്നുപോയി…
ഇവനിതെന്ത് പറ്റിയെന്നോർക്കേ എനിക്കാകെ സങ്കടമായി….കൊണ്ടുവരേണ്ടിയിരുന്നില്ല സൂരജേ നീയെന്നെ…അറിയാമെനിക്ക് ആരെയും ഇങ്ങനെ അഭിമുഖീകരിക്കാനൊന്നും നിനക്ക് പറ്റില്ലെന്ന്..അതാകും പോയതെന്ന്…അപ്പച്ചനും അമ്മച്ചിയും പോലും വല്ലാതെയായി എന്ന് ഞാനറിഞ്ഞു….പക്ഷേ ജെനിയെന്നെ സമാധാനിപ്പിച്ചുകൊണ്ട് കൈ പിടിച്ചു അകത്തേക്ക് കയറ്റി…കുറെ നാളത്തെ ബാക്കിവെച്ച വിശേഷങ്ങൾ പരിഭവങ്ങൾ സങ്കടങ്ങൾ എല്ലാം ആവേശത്തോടെ ആംഗ്യം കാട്ടിപ്പറയുകയാ അവളെന്നോട്…
അവളിപ്പോൾ പി ജി ചെയ്യുകയാ…തോളൊപ്പം വെട്ടിയിട്ട ചുരുണ്ട മുടി അല്പം കൂടിവളർന്നിറങ്ങി ഒരു കൊച്ചു മാലാഖയെപോലവൾ ഒത്തിരി സുന്ദരിയായി…ഇടയ്ക്കെപ്പോഴോ സിദ്ധുഏട്ടന്റെ കാര്യം തിരക്കിയപ്പോൾ നാണത്തോടെ ചിരിച്ചുകൊണ്ട് തലകുനിച്ചു നിൽക്കുകയാ കള്ളി..അത് കാൺകെ ചിരിവന്നുപോയി എനിക്ക്…എന്റെ കൈ അവൾ വിട്ടിട്ടില്ല…എന്നെ ചേർന്നിരിക്കുകയാ…
സൂരജിന് ജെനിയോട് വലിയ കാര്യമാണെന്ന്…അന്ന് ഞാൻ പോയ ശേഷം കോളേജിൽ ജെനിയോട് ഇടയ്ക്കൊക്കെ സംസാരിക്കുമായിരുന്നെന്ന്…ഒരാശ്വാസത്തിനായി അവളോട് എന്നെപ്പറ്റി ചോദിച്ചറിയുമെന്ന്…
“”എന്നെങ്കിലും എന്റെ പവി എന്നെ സ്നേഹിക്കുമോ ജെനി”” എന്ന് ചോദിക്കുമായിരുന്നു എന്ന്…എല്ലാം കേട്ടപ്പോൾ സൂരജിനെ ഓർക്കേ
നെഞ്ചിലേക്കൊരു വിങ്ങൽ ആഴ്ന്നിറങ്ങുന്നത് ഞാനറിഞ്ഞു…
അമ്മച്ചി സ്വന്തം മകളെപ്പോലെ വാത്സല്യത്തോടെയെന്നെ ചേർത്തുപിടിച്ചു…
“”പണ്ട് ഒരുദിവസം രാത്രി ഭ്രാന്തെടുത്ത് ആ കൊച്ചൻ മോളെപ്പറ്റി എന്തോ അറിയണോന്നും പറഞ്ഞ് ജെനിയെ തിരക്കി ഇവിടെ വന്നായിരുന്നു…അന്ന് അലോഷി ഇവിടെ ഉണ്ടാരുന്നു…ഇവിടെ കയറ്റിയില്ല…ജെനിയെ കാണൻ പറ്റത്തില്ലെന്നും പറഞ്ഞ് ദേഷ്യപ്പെട്ടപ്പോൾ അലോഷിയെ അടിക്കാനായിട്ടൊക്കെ വന്നു…അങ്ങനെ ഇറങ്ങിപ്പോയതാ…അതാരിക്കും ഇന്ന് കയറാതെ പോയത്…””
അമ്മച്ചിയത് പറഞ്ഞതും ഞെട്ടലോടെ ഞാൻ ഒന്നും മിണ്ടാനാകാതെ ഇരുന്നുപോയി…
“”എന്റെ കൊച്ച് അവനെ അങ്ങ് കെട്ടിക്കോ…നിനക്ക് ചേർന്ന പയ്യനാന്നെ…എനിക്കറിഞ്ഞൂടെ ആ ഭാവവും പടുതീം ഒക്കെ കാണുമ്പോൾ…ഇങ്ങനുള്ള വെട്ടൊന്ന് തുണ്ടം രണ്ടെന്ന ആണുങ്ങളൊക്കെ സ്നേഹിച്ചാൽ ചങ്കും പറിച്ചു കൊടുക്കും…””
എന്റെ കവിളിൽ നുള്ളി വലിച്ചുകൊണ്ടു അമ്മച്ചി ഒരു പ്രത്യേക ഈണത്തിലത് പറയുമ്പോൾ വാതിലിൽ കള്ളച്ചിരിയോടെ നോക്കി നിൽക്കുന്ന അപ്പച്ചനെ കാൺകെ ചമ്മികൊണ്ട് അമ്മച്ചി മുഖം പൊത്തിപ്പിച്ചിച്ചു…
എന്റെ ചുണ്ടിൽ വിടർന്ന ചെറു ചിരിയോടെ താലിയിൽ അമർത്തി പിടിച്ചപ്പോൾ മനസ്സ് നിറയെ ഇപ്പോൾ സൂരജ് മാത്രമാണെന്ന് ഞാനറിഞ്ഞു…ജെനിയും എന്നെ നോക്കി കളിയാക്കിച്ചിരിക്കുന്നുണ്ട്…അവൾക്കറിയാം എല്ലാം…എന്തോ ആവശ്യത്തിനായി പുറത്തേക്കിറങ്ങാനൊരുങ്ങിയ ജെനിയുടെ അപ്പ “” മോള് എല്ലാം കഴിച്ചിട്ട് പോയേക്കണം…അപ്പച്ചൻ വരാൻ വൈകും “”എന്ന് പറഞ്ഞതും ഞാൻ ചിരിയോടെ തലയാട്ടി…
കുറെ കഴിഞ്ഞതും വണ്ടിയുടെ ശബ്ദം കേൾക്കെ ഞാൻ പുറത്തേക്ക് വന്നപ്പോൾ കയ്യിൽ കുറെ കവറുകളുമായി മുറ്റത്ത് നിൽക്കുന്ന സൂരജിനെ കാൺകെ ഞാനന്തിച്ചു പോയി…
കണ്ണിൽ ചിരി നിറച്ചു ഗൗരവത്തോടെ എന്നെ തലയാട്ടി വിളിച്ചതും ഞാനരികിലേക്ക് ചെന്നപ്പോൾ കവറുകളെല്ലാം എന്റെ കയ്യിലേക്കവൻ പിടിപ്പിച്ചു…ഇവിടെ എല്ലാവർക്കും വേണ്ടി വാങ്ങിയ ഡ്രെസ്സുകൾ ആണെന്ന്…അവനെ മനസ്സിലാക്കുന്തോറും എന്തോ വല്ലാതെ സ്നേഹം തോന്നിപ്പോകും…
അകത്തേക്ക് കയറാൻ ഭാവമില്ലാത്ത പോലെ നിന്ന സൂരജിന്റെ കൈത്തണ്ടയിൽ ബലമായി പിടിച്ചു വലിച്ചുകൊണ്ട് ജെനി വീട്ടിലേക്ക് കയറ്റിയപ്പോൾ ചിരിയോടെ അവൾക്ക് പിന്നാലെ ആള് നടന്നുവരുന്നത് ഞാനറിഞ്ഞു…ഇടയ്ക്കെപ്പോഴോ എന്നെ നോക്കി കണ്ണ് ചിമ്മികാട്ടിയവൻ…
അധികം ഒന്നും സംസാരിച്ചില്ലെങ്കിലും സ്വന്തം മകനെ പോലെ അമ്മച്ചിയവനെ പരിപാലിക്കുന്നതും ഊട്ടുന്നതും ഞാനറിഞ്ഞു…അവനിതൊക്കെ പുതിയ അനുഭവങ്ങൾ ആണെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു….
പോകാനിറങ്ങിയപ്പോൾ വീണ്ടും വരണമെന്ന് പറഞ്ഞു അമ്മച്ചിയവനെ ചേർത്ത് പിടിച്ചപ്പോൾ ആ നെറുകയിൽ ചുംബിച്ചവൻ യാത്ര പറയുന്നത് കാൺകെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി…ആ നെഞ്ചിൽ മുഴുവൻ സ്നേഹം മാത്രമാണ്…പക്ഷെ പാകമറിഞ്ഞു വിളമ്പാൻ അവനറിയില്ല എന്നോർത്തു ഞാൻ നിന്നപ്പോൾ എന്റെ കയ്യും പിടിച്ചവൻ പുറത്തേക്ക് നടന്നിരുന്നു…
തിരികെയുള്ള യാത്രയിൽ ഇരു മനസ്സുകളും വല്ലാതെ സന്തോഷത്താൽ തുടിയ്ക്കുകയാണെന്ന് ഞാനറിഞ്ഞു….
വയലേലകൾക്ക് നടുവിലായുള്ള മൺപാതയിലൂടെ അതിവേഗം ബുള്ളറ്റ് പാഞ്ഞുവന്ന് ഇടവഴിയിലേക്ക് കയറിയതും ആ വയറിനു കുറുകെ ഞാൻ കൈ ചേർത്ത് പിടിച്ചപ്പോൾ ആ ചുണ്ടിലൊരു കുസൃതിച്ചിരി വിടർന്നത് ഞാനറിഞ്ഞു…
ദേവർമഠത്തിന്റെ പടിക്കെട്ടുകൾ കണ്ണിൽ തടഞ്ഞതും ആദിയേട്ടനെ പറ്റിയൊക്കെ അറിയണമെന്ന് ആഗ്രഹം തോന്നിയെനിക്ക്…
പഴയ പ്രൗഢി കെട്ട് പോയെന്നും ആരുടെയോ ശാപമേറ്റ പോലെ അടിവേരുകൾ പൊട്ടിയടർന്നുവെന്നും ഞാനറിഞ്ഞു…ആദിയേട്ടൻ രണ്ട് വർഷങ്ങൾക്ക് മുന്നേ ഇവിടെയുള്ള ബിസിനെസ്സുകൾ എല്ലാം ഉപേക്ഷിച്ചു യൂ.കെ യിലേക്ക് പോയ ശേഷം തിരികെ വന്നിട്ടില്ല എന്നും സിദ്ധുഏട്ടനോട് മാധവൻസാർ പറഞ്ഞുവത്രേ…
മുത്തശ്ശി രണ്ട് വർഷം മുന്നേ മരിച്ചുവെന്നും,ദേവർമത്തിന്റെ പടിയിറങ്ങിയ സൂരജ് അവസാനമായി മുത്തശ്ശിയെ കാണാൻ പോലും തിരികെ ചെന്നിരുന്നില്ല എന്ന്…
ഓരോരോ ഓർമ്മകൾ അലതല്ലി നെഞ്ചിൽ ഒരു വിങ്ങലായി പടർന്നു കയറുന്നത് ഞാനറിഞ്ഞപ്പോൾ അവയിലേക്കൊരു മറവിയുടെ തിരശ്ശീലയിട്ടു ഞാൻ തിരികെ മടങ്ങി…
ഒരിക്കലും ഒരു ഭാര്യയുടെ അധികാരമോ അവകാശമോ ഒരു നിമിഷം പോലും എന്നിൽ കാട്ടാതെ സ്നേഹത്തോടെയും വാത്സല്യത്തോടെയും എന്നെയവൻ ഓരോ നിമിഷവും ചേർത്തുപിടിക്കും…
പലപ്പോഴും വല്ലാത്ത ബഹുമാനവും സ്നേഹവും തോന്നുമെനിക്കവനോട്…എന്നെ എത്രമാത്രം സ്നേഹിക്കണം കരുതണം എന്നൊക്കെ അറിയുന്നവൻ…ഈ ഭ്രാന്തിലൊരായിരം ജന്മം ജീവിക്കാൻ കഴിയണേ എന്ന് ഞാൻ നെഞ്ചുരുകി പ്രാർത്ഥിച്ചു പോയി…
പിറ്റേന്ന് ജോയിൻ ചെയ്യാനായി ഓഫീസിലേക്ക് പോകാനിറങ്ങിയതും അമ്മയുടെ ചിത്രത്തിന് മുന്നിലെരിയുന്ന ദീപനാളങ്ങൾക്കു മുന്നിൽ പ്രാർത്ഥനയോടെ കൈകൂപ്പി ഞാൻ അനുഗ്രഹം വാങ്ങി…
പിന്നിലായി ആളെന്നെ നോക്കി നിൽപ്പുണ്ട്…ചിരിയോടെ ഞാനടുത്തേക്ക് ചെന്നപ്പോൾ എന്നെ സ്നേഹത്തോടെ ചേർത്തടക്കി പിടിച്ചു…നെറ്റിയിലും കവിളിലും സ്നേഹത്തോടെ ചുംബിച്ചുകൊണ്ട് എന്റെ നിറകണ്ണുകളെ തുടച്ചുമാറ്റി നെറുകയിൽ മെല്ലെയവൻ തലോടി…
ആളും ഇപ്പോൾ ഓഫീസിലേക്ക് പോകാറുണ്ട്…അച്ഛന് പ്രായമായില്ലേ ബിസിനസ്സൊക്കെ ഒറ്റയ്ക്ക് നോക്കിനടത്താൻ കഴിയില്ലെന്ന്….
ഇടയ്ക്കെപ്പോഴോ ആളെന്നോട് പറയുകയാ
“”എന്റെ പവിയേയും നമുക്ക് ഉണ്ടാകാൻ പോകുന്ന അഞ്ച് മക്കളെയും നോക്കാൻ എനിക്കൊരു നല്ല ജോലി വേണ്ടായോന്ന്…””
“” അഞ്ചോ” എന്ന് ഞാൻ ദയനീയമായി ചോദിച്ചതും “”എങ്കിൽ നമുക്ക് ആറാക്കാം പവിയേ”” ന്ന് പറഞ്ഞിട്ട് ആ കണ്ണിലൊളിപ്പിച്ച കുസൃതി ചിരിയാലെന്നെ തളച്ചിടും…
ഒരു പാവമാണവൻ…ചിലപ്പോൾ അവനോടുള്ള സ്നേഹം കൂടി കൂടി എന്റെ ചങ്ക് പൊട്ടിപ്പോകുമോന്ന് തോന്നിപ്പോകും…
ഒരു ദിവസം ശ്രീലകത്ത് എന്ന സൂരജിന്റെ സ്വന്തം വീട്ടിലേക്ക് എന്നെയവൻ കൂട്ടിക്കൊണ്ടു പോയി…ഇടയ്ക്കിടയ്ക്ക് ഇവിടേക്ക് വന്നു നിൽക്കണമെന്നും എന്റെ മരുമകളുടെ സ്നേഹം അറിയണമെന്നുമൊക്കെ അച്ഛൻ പറഞ്ഞപ്പോൾ ഞങ്ങളിവിടേക്ക് തന്നെ എന്നെന്നേക്കുമായി തിരികെയെത്തുമെന്ന് ഞാൻ ഉറപ്പുകൊടുത്തു…
അച്ഛന്റെ അനുഗ്രഹവും വാങ്ങി ഞങ്ങൾ ഇറങ്ങാനൊരുങ്ങിയപ്പോൾ ആ കൈകൾ ഞങ്ങളെ സ്നേഹത്തോടെ ചേർത്തണച്ചുപിടിച്ചു…
“”ഒരിക്കൽ ഞാനൊരു വാക്ക് പറഞ്ഞിരുന്നു എന്റെ ഉണ്ണീടെ കൂട്ടുകാരിക്ക് പെൺകുഞ്ഞാണെങ്കിൽ അവളെ എന്റെ മോന് കൈപിടിച്ച് കൊടുക്കാമെന്ന്….എല്ലാത്തിനും കാലം സാക്ഷിയായി…”” ചില സ്മരണകളിൽ അച്ഛന്റെ കണ്ണുകളിൽ പൊടിഞ്ഞ കണ്ണുനീർ ഞങ്ങളിലേക്കും വ്യാപിക്കുന്നത് ഞാനറിഞ്ഞു…
ഒന്ന് രണ്ട് ദിവസങ്ങൾ പോയിമറയവെ സൂരജിന്റെ നിർബന്ധപ്രകാരം ഞാൻ ഓഫ് എടുത്തു…രാവിലെ ഞങ്ങൾ ഒരുമിച്ചു ക്ഷേത്രത്തിൽ തൊഴുത്തിറങ്ങിയതും കാർ തിരികെ വീട്ടിലേക്കുള്ള വഴിയിലേക്കല്ല എന്നറിഞ്ഞുകൊണ്ടു ഞാനാശങ്കയോടെ സൂരജിനെ നോക്കവേ ആള് കള്ളച്ചിരിയോടെ എന്നെ നോക്കാതെ ഡ്രൈവ് ചെയ്യുന്നത് ഞാനറിഞ്ഞു..
റെജിസ്റ്റർഓഫീസിന് മുന്നിലേക്ക് കാർ നിന്നതും ആശ്ചര്യത്തോടെ ഞാനവനെ നോക്കും മുന്നേ പുറത്തേക്കിറങ്ങി ഡോർ തുറന്നെന്നെ പുറത്തേക്കിറക്കി…. ആ കൈകൾ കോർത്ത് പിടിച്ചു ഞാനാ പടികൾ കയറിയപ്പോൾ വരാന്തയിൽ പൂമാലയും ബൊക്കയുമൊക്കെ പിടിച്ചു ചിരിയോടെ നിൽക്കുന്ന ആൾക്കൂട്ടത്തെ കാൺകെ ഞാൻ നിശ്ചലമായിപ്പോയി…വല്ലാതെ സങ്കടത്താൽ കണ്ണുകൾ നിറഞ്ഞപ്പോൾ ആ കൈകളെന്നെ കരുതലോടെ ചേർത്തു പിടിക്കുന്നത് ഞാനറിഞ്ഞു …
സിദ്ധുവേട്ടനും കാവേരിച്ചേച്ചിയും ജെനിയും അലോഷിച്ചായനും….സ്വപ്നമാണോ എന്ന് തോന്നിപ്പോയി എനിക്ക്…
“”അളിയാ””….എന്ന് വിളിച്ചുകൊണ്ടു അലോഷിച്ചായനും സിദ്ധുവേട്ടനും എന്നെ വകവെയ്ക്കാതെ സൂരജിനെ ഇരുവശത്തും നിന്നും പുണർന്നപ്പോൾ ഇതെന്ത് എന്നറിയാതെ ഞാൻ ശങ്കിച്ചു നിന്നുപോയി….
ജെനിയുടെ കയ്യിൽ രണ്ട് പൂമാലയാ അനങ്ങാൻ വയ്യവൾക്ക്…അല്ലെങ്കിൽ എന്നെയിവിടെ നേരെ നിർത്തില്ല….അവിടെ നിന്ന് കയ്യുയർത്തി ചിരിക്കുകയാണവൾ…
“”എന്റെ പെണ്ണേ നീയങ്ങ് സുന്ദരിയായിപ്പോയല്ലോടീ…”” ഉറക്കെപ്പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു കാവേരിച്ചേച്ചി..അല്ലേലും ആള് ഇങ്ങനെയാ…
ഇടയ്ക്കെപ്പോഴോ എന്റെ കണ്ണുകൾ സൂരജിലേക്ക് പാറി വീണപ്പോൾ അലോഷിച്ചായനോടും സിദ്ധുഏട്ടനോടും എന്തൊക്കെയോ പറയുന്നുണ്ട്…ഇടയ്ക്കിടയ്ക്ക് മാത്രം ആ മുഖത്ത് വിരിയുന്ന ചിരിയിൽ ആളെ കാണാൻ വല്ലാത്ത ചന്തമാണ്…എന്നാലും എനിക്കുവേണ്ടി സൂരജ് ഇങ്ങനെ ഒരു സർപ്രൈസ് ഒരുക്കുമെന്ന് ഞാനറിഞ്ഞില്ല…ഇടയ്ക്കെപ്പോഴോ തൂണിന്റ മറവിൽ ചേർന്നു നിൽക്കുന്ന സിദ്ധുഏട്ടനും ജെനിയും ഇനിയുമൊരു മൗനപ്രണയത്തിന്റെ നൂലിഴകൾ നെയ്തെടുക്കുന്നത് ഞാനറിഞ്ഞു…
രെജിസ്റ്റാരുടെ ഓഫീസ്മുറിയിൽ നിന്നും ഇറങ്ങി വന്ന അച്ഛനരികിലേക്ക് ചെന്ന് ഞങ്ങൾ അനുഗ്രഹം വാങ്ങി…ആളും ഇവിടെ ഉണ്ടായിരുന്നോ എന്നർത്ഥത്തിൽ ഞാൻ സൂരജിന്റെ കൈത്തണ്ടയിൽ മെല്ലെ നുള്ളിയപ്പോൾ കുസൃതി ചിരിയോടെയെന്നെ കണ്ണിറുക്കി കാണിക്കുന്നു…
രെജിസ്റ്ററിൽ ഒപ്പുവച്ചു പരസ്പരം പുഷ്പഹാരങ്ങളണിഞ്ഞു ഞങ്ങൾ ചേർന്നു നിന്നപ്പോൾ ഞങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ആ ചിരിക്കുന്ന കണ്ണുകളോരോന്നും എന്റെ അതിജീവനത്തിന്റെ ഊന്നുവടികൾ ആയിരുന്നു എന്ന് നന്ദിയോടെ ഞാനോർത്തു…കൂടെപ്പിറപ്പിനെ പോലെ കൂടെ നിന്ന സൗഹൃദങ്ങൾ…മറക്കില്ല ഞാൻ മരണം വരെ…
മിന്നി മറയുന്ന ഫ്ലാഷ് ലൈറ്റുകൾ ഒപ്പിയെടുത്ത ആ ചിത്രം കാലം ഒരേ കണ്ണികളിൽ പണ്ടേ കോർത്തുവയ്ക്കാനിരുന്നതാരിരുന്നു…
എന്നിൽ ചേർത്ത് പിടിക്കുന്ന ആ കൈകൾ ഇനിയൊരിക്കലും വേർപ്പെടുത്താനാകാത്തവിധം കരുത്തോടെ മുറുകുന്നത് ഞാനറിഞ്ഞു…
അടുത്തൊരു ഹോട്ടലിൽ സദ്യവട്ടങ്ങൾ അച്ഛൻ ഒരുക്കിയപ്പോൾ ഞങ്ങൾക്കൊപ്പം അമ്മച്ചിയും അപ്പയും അവിടേക്ക് വന്നുചേർന്നിരുന്നു…മനസ്സും കണ്ണും നിറയുന്ന കാഴ്ചയിൽ കുസൃതി നിറഞ്ഞ ആ കണ്ണുകൾ ഞാനെന്ന ലോകത്തേക്ക് വഴുതിവീഴുന്നത് ഞാൻ ചിരിയോടെ നോക്കിനിന്നുപോയി…
വീട്ടിലെത്തിയപ്പോഴേക്കും നേരം നന്നേ വൈകി…പുറത്ത് തുള്ളിക്കൊരു കുടം പോലെ മഴയും ആർത്തലച്ചു പെയ്യുകയായിരുന്നു…
വീടിനുള്ളിൽ തളംകെട്ടി നിൽക്കുന്ന നിശബ്ദതയിൽ അവന്റെ സാമീപ്യത്തിൽ വല്ലാത്തൊരു അനുഭൂതി നിറയുന്നത് ഞാനറിഞ്ഞു…
എന്റെ കൈകൊണ്ടു വിളമ്പിക്കൊടുത്ത അത്താഴം സ്വാദോടെ അവൻ കഴിക്കുന്നത് നോക്കി ഞാനിരുന്നു…ഇടയ്ക്കെപ്പോഴോ എനിക്ക് നേരെ നീണ്ടു വന്ന ഒരുരുള ചോറ് ഞാനും കഴിച്ചു…ആള് പിന്നെ ഒന്നിൽ നിർത്തിയില്ല രണ്ടായി മൂന്നായി അവസാനം സഹികെട്ട് മതി എന്ന് ആ ഗൗരവമാർന്ന മുഖത്തേക്ക് നോക്കി കെഞ്ചിയപ്പോൾ ആ ചുണ്ടിൽ വിടർന്ന ചിരിയിൽ ഞാനും അലിഞ്ഞുപോയി…
പുറത്ത് മഴ കനക്കുന്നു….ഇരുളിലേക്ക് അടർന്നു വീഴുന്ന മഴത്തുള്ളികളെ നോക്കി ഉമ്മറപ്പടിയുടെ തൂണിൽ ചാരി ഞാൻ നിന്നു.. മുറ്റത്തെ ചെടികളിൽ നിന്നുയരുന്ന പൂമണങ്ങൾ ഒഴുകിപ്പടർന്ന് മഴയിലലിയുന്നത് ഞാനറിഞ്ഞു…ഉമ്മറത്തെ പൊക്കിക്കെട്ടിയ സിമന്റ്തിട്ടയിലേക്ക് ആള് കാലും നീട്ടിയിരിലുണ്ട്…ആ കണ്ണുകൾ എന്നിലേക്ക് തന്നെയാണെന്നെനിക്കറിയാം..
ആ മഴയിൽ നനയാനൊരു കൊതിപോലെ തോന്നിയപ്പോൾ ആവേശത്തോടെ മഴയിലേക്ക് ഞാനിറങ്ങി…കൈകൾ വിടർത്തി കാർമേഘം മൂടിയ മാനത്തേക്ക് നോക്കി ഞാൻ മഴത്തുള്ളികളെ എന്നിലേക്ക് സ്വീകരിച്ചു…മഴയെന്നെ പൊതിഞ്ഞപ്പോൾ മനസ്സാകെ തണുവ് പടരുന്നത് ഞാനറിഞ്ഞു…
എന്റെ വട്ടുകൾ നോക്കി ചിരിക്കുകയാണവൻ…കയ്യാട്ടി ഞാൻ വിളിച്ചതും കള്ളച്ചിരിയോടെ ഓടി അവനും മഴയിലേക്കിറങ്ങി…ഒരുകയ്യകലത്തിൽ ആ കണ്ണുകളിൽ വിടരുന്ന സ്നേഹവും കരുതലും കുസൃതിയുമെല്ലാം എനിക്ക് വേണ്ടി മഴയിലലിഞ്ഞു നിൽക്കുന്നു…
അടുത്ത നിമിഷം ആ കൈകൾ എന്നെ പൊതിഞ്ഞു ആ നെഞ്ചിലേക്കെന്നെ ചേർത്ത് പിടിച്ചു…മഴത്തണുപ്പിലും ചുട്ടുപൊള്ളുന്ന ആ ചൂടിൽ ചേർന്ന് നിന്നപ്പോൾ എന്റെ കവിളിലെ നുണക്കുഴികളെ ആ ചുണ്ടുകളാലവൻ ഒപ്പിയെടുത്തു…
കുസൃതിച്ചിരിയോടെ എന്റെ കവിളിലെ നാണച്ചുവപ്പിൽ മെല്ലെ കടിച്ചപ്പോൾ ദേഹമാകെ ഒരു പെരുപ്പ് പടരുന്നത് ഞാനറിഞ്ഞു…എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു വരാന്തയിലേക്കവൻ പിടിച്ചു കയറ്റി..ഗൗരവം മാഞ്ഞു എനിക്കായി മാത്രമാച്ചുണ്ടിൽ വിടർന്ന ചിരി എന്നിലേക്കും പടർന്നു….
അകത്തേക്ക് ഓടിക്കയറി ഈറൻ മാറിഞാൻ പുറത്തേക്ക് വന്നതും ഉയർത്തിക്കെട്ടിയ തിട്ടയിൽ എന്നെകാത്തെന്നോണം ആള് നനഞ്ഞിരിപ്പുണ്ട്…
ഞാൻ കരുതലോടെ തല തുവർത്തികൊടുത്തപ്പോൾ ആ കൈകൾ എന്നെ ചുറ്റിപ്പിടിച്ചുകൊണ്ടവൻ എന്റെ വയറിലേക്ക് മുഖം പൂഴ്ത്തി…ഒരു കൊച്ചുകുഞ്ഞിനോടെന്നപോലെ വാത്സല്യം തോന്നിപ്പോയി എനിക്കവനോട്…ഏറെ നേരമെങ്ങനെ ചേർന്നിരുന്നശേഷം എന്നിൽനിന്നവൻ അടർന്നു മാറി…
“”പവി പോയി കിടന്നോ…””
എന്നോടവനത് പറഞ്ഞതും ചിരിയോടെ ഞാൻ തലയാട്ടിക്കൊണ്ടു അകത്തേക്ക് നടന്നു…കുഴിമാടത്തിനു നേരെ വിഷാദമുനകളോടെ നീളുന്ന ആ കണ്ണുകൾ കലങ്ങുന്നത് ഹൃദയവേദനയോടെ ഞാനറിഞ്ഞു…
കൺപോളകൾ ഉറക്കത്തെ തടഞ്ഞു വയ്ക്കുന്നപോലെ തോന്നിയെനിക്ക്…ഒരിക്കൽ മടങ്ങിയിടത്തേക്ക് തന്നെ കാലം തിരികെ വിളക്കിച്ചേർത്തിരിക്കുന്നു…നഷ്ടങ്ങൾ മാത്രമാണെങ്കിലും ഇന്ന് സന്തോഷങ്ങൾ ഒരുപാടുണ്ട്…
തുറന്നിട്ട ജനലഴികളിലൂടെ അകത്തേക്കടിക്കുന്ന തൂവാനത്തിന്റെ തണുപ്പിൽ പിച്ചകവും അരുളിയും ചൊരിക്കുന്ന വാസനയും നിറയുന്നു….കണ്ണുകൾ നിദ്രയെ പുൽകാനൊരുങ്ങിയപ്പോൾ എന്നെ വലയം ചെയ്തു പൊതിഞ്ഞു പിടിച്ച ആ കൈകൾ എന്നെയാ നെഞ്ചിലേക്ക് ചേർത്ത് കിടത്തിയപ്പോൾ എന്റെചുണ്ടിലൊരു ചെറുചിരി വിടർന്നുപോയി…
ഹൃദയമിടിപ്പുകൾ ഒരേ താളത്തിലാണെന്ന് ഞാനറിഞ്ഞു…എനിക്കുറങ്ങാനാകാത്ത പോലെ…മെല്ലെയാ കൈകളെന്നെ തലോടിയപ്പോൾ ആളും ഉറങ്ങിയിട്ടില്ലെന്ന് ഞാനറിഞ്ഞു….
“”പവിയേ…ഉറങ്ങിയോടീ….'”
ആ സ്നേഹമാർന്ന വിളിയിൽ ഞാൻ പതിയെ മൂളിക്കൊണ്ടു കണ്ണ് തുറന്നു…എന്നെത്തന്നെ നോക്കി കിടക്കുകയാണ്…
“”ഇത്രയും കാലത്തിനിടെ ഒരിക്കൽ പോലും എന്നെ കാണാൻ തോന്നീട്ടില്ലേ സൂരജേ തനിക്ക്…””
രംഗബോധമില്ലാത്ത കടന്നു വന്ന എന്റെ ചോദ്യം കേൾക്കെ ആ കണ്ണുകൾ കുറുകുന്നതും ചേർത്തു പിടിച്ച കൈകൾ മുറുകുന്നതും ഞാനറിഞ്ഞു..
“”ആരാ പറഞ്ഞെ എന്റെ പവിയെ ഞാൻ കണ്ടില്ലെന്ന്….ഏഹ്..നിന്നെ കാണാതെ എനിക്ക് ജീവിക്കാൻ പറ്റുവോ പവിയേ…എല്ലാം ഒരിക്കൽ സ്വയം നേടി നീ ജയിച്ചു വരട്ടേന്ന് കരുതി…എനിക്ക് ഞാൻ തന്നെ നൽകിയ ശിക്ഷ…പക്ഷേ മനസ്സ് നീയില്ലാതെ താളം തെറ്റിപ്പോയടീ..എന്നാലും പ്രതീക്ഷ ഉണ്ടായിരുന്നു…കാരണം, എനിക്കറിയില്ലേ നിനക്ക് എന്നോട് വല്ല്യ സ്നേഹമാണെന്ന്….””
അവന്റെ ആ നിഷ്ക്കളങ്കമായ മറുപടി കേൾക്കെ ആ ഹൃദയത്തിലേക്ക് ഞാൻ ചുണ്ടുകളമർത്തി…കണ്ണുകൾ വല്ലാതെ നിറഞ്ഞുപോകുന്നു…ആ സ്നേഹത്തിന് മുന്നിൽ ഓരോ നിമിഷവും ഞാൻ തോറ്റുപോകുകയാണെന്ന് ഞാനറിഞ്ഞു…ഏതോ യാമങ്ങളിൽ ആ സ്നേഹവും വാത്സല്യവും കരുതലും നിറഞ്ഞ ആ നെഞ്ചിലെ ചൂടുപറ്റി ഞാനുറങ്ങി…
ഞാനും അവനും മാത്രമുള്ള ഒരു പുതിയ ലോകത്തേക്ക് ഒരായിരം കിനാവുകൾ തേടി ഞങ്ങൾ യാത്രയായി….
“””എന്ന് സ്വന്തം പല്ലവി….””
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇനിയൊരു കാത്തിരിപ്പില്ല.