പ്രതികരിക്കേണ്ട സമയത്തു ഒന്നും ചെയ്യാതെ ഈ അവസരത്തിൽ ചെയ്‌താൽ കാര്യങ്ങൾ കൂടുതൽ വഷളാകും…

Story written by Manju Jayakrishnan

==================

“നാശത്തിനെ എവിടെ എങ്കിലും കൊണ്ടൊന്നു കളയുമോ….ഇപ്പോ മൂന്നാമത്തെ തവണ ആണ് മുണ്ടേൽ സാധിക്കുന്നത് “

അവളുടെ അലർച്ച കേട്ട് അയാൾ ദേഷ്യത്തോടെ അമ്മയുടെ മുറിയിലേക്ക് പാഞ്ഞു…

“അമ്മയ്ക്കെന്താ ടോയ്‌ലെറ്റിൽ പൊയ്ക്കൂടെ…വെറുതെ മനുഷ്യനെ  ബുദ്ധിമുട്ടിക്കാൻ “

“പറ്റണില്ല മോനേ…രണ്ടീസായി വയറിനു  സുഖമില്ലെന്നു പറഞ്ഞിട്ട് നീ തിരിഞ്ഞു നോക്കിയില്ലല്ലോ “

ശരിയാണ്…അമ്മ വയ്യ എന്ന് പറഞ്ഞിട്ടും അവളാണ്…..

“അതൊക്കെ ത ള്ളേടെ അടവാണ്” എന്ന് പറഞ്ഞു മരുന്നു പോലും മേടിക്കാൻ സമ്മതിക്കാത്തത്..

“ഇതോടെ തീർന്നു കിട്ടിയാൽ മതിയായിരുന്നു…നാശം…”

അവളുടെ പിറുപിറുക്കൽ കേട്ടിട്ടും ഒന്നും പ്രതികരിക്കാൻ ഞാൻ പോയില്ല….പ്രതികരിക്കേണ്ട സമയത്തു ഒന്നും ചെയ്യാതെ ഈ അവസരത്തിൽ ചെയ്‌താൽ കാര്യങ്ങൾ കൂടുതൽ വഷളാകും..

കടം കേറി ഒരു മുഴം കയറിൽ അച്ഛൻ ജീവനൊടുക്കിയപ്പോൾ  ‘എന്റെ കൊച്ചിന് വേണ്ടി ഞാൻ ജീവിക്കും’ എന്ന് പറഞ്ഞു കണ്ടവന്റെ  അടുക്കളപ്പാത്രം കഴുകി എനിക്കൊരു ജീവിതമേകിയ അമ്മയാണ്..

നല്ലൊരു ജോലി നേടി സ്വന്തം കാലിൽ  നിന്നപ്പോഴും എന്റെ ഭാവി ജീവിതത്തിനാണ് അമ്മ മുൻ‌തൂക്കം കൊടുത്തത്..

“ചൊരാതെ കിടക്കാൻ ഒരു പെര  വേണ്ടേ കൊച്ചേ… “

എന്ന് പറഞ്ഞു  എനിക്കൊപ്പം അധ്വാനിച്ച അമ്മയാണ്..

ചിക്കിളി ഒള്ള വീട്ടിലെ കൊച്ചിനെ നോക്കിയാൽ ഈ കഷ്ടപ്പാടിന്റെ ആവശ്യം ഇല്ലെന്ന് പറഞ്ഞപ്പോൾ മുഖം നോക്കി ഒരാട്ട് തന്ന അമ്മയാണ്

“ഏതേലും പാവപ്പെട്ട വീട്ടിലെ കൊച്ചു മതീടാ…”

എന്ന് പറഞ്ഞു അവളെ കണ്ടു പിടിച്ചതും അമ്മ ആയിരുന്നു

“പാവപെട്ട വീട്ടിലെ പെണ്ണിനെ കെട്ടിയാൽ നമുക്കൊരു താങ്ങാവും…”

എന്ന ഞങ്ങളുടെ വിശ്വാസം കാറ്റിൽ പറത്തപ്പെട്ടതും വളരെ പെട്ടെന്ന് ആയിരുന്നു..

പലതും അമ്മ കണ്ടില്ല എന്ന് നടിച്ചിട്ടും അവൾ വിട്ടു കൊടുത്തിരുന്നില്ല

“കെട്ടിക്കൊണ്ട് വന്നകൊച്ചിനെ പൊന്നു പോലെ നോക്കണം..നീ അഡ്ജസ്റ്റ് ചെയ്യ്”

എന്ന് പറഞ്ഞു അവൾക്കൊപ്പം നിൽക്കാൻ നിർബന്ധിച്ചതും അമ്മ ആയിരുന്നു..

വിട്ടു കൊടുത്തു കൊടുത്തു….അവസാനം ഞാൻ പൂർണ്ണമായും അവൾക്ക് മുന്നിൽ കീഴടങ്ങി….

ഞങ്ങളുടെ കുഞ്ഞിനെ ഒന്ന് കയ്യിലെടുക്കാൻ പോലും അവൾ അമ്മയെ അനുവദിച്ചിരുന്നില്ല..

ആർത്തിയോടെ കുഞ്ഞിനെ നോക്കി കണ്ണീരു വാർക്കുന്ന അമ്മയെ കണ്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു….

അന്നുണ്ടായ വഴക്കിൽ കുഞ്ഞിനെ അപായപ്പെടുത്തി സ്വയം ഇല്ലാതാകും എന്ന ഭീഷണിയിൽ ഞാൻ അടിയറവു പറഞ്ഞു….

ഒടുവിൽ അവളുടെ അമ്മ കൂടി  ഞങ്ങൾക്കൊപ്പം വന്നപ്പോൾ എന്റെ അമ്മ കൂടുതൽ ബുദ്ധിമുട്ടിൽ ആയി…

കയ്യിലും കാലിലും അടിയുടെ പാടുകൾ തിണർത്തു കിടക്കുന്നതു എന്നിൽ നിന്നും ഒരുപാട് നാള് മറയ്ക്കാൻ അമ്മയ്ക്ക് ആയില്ല….

“എവിടേലും കൊണ്ട് കള മനുഷ്യാ “

എന്നവൾ പറഞ്ഞപ്പോൾ വർഷങ്ങൾക്കു മുൻപ് എന്നെക്കൊണ്ട് എവിടേലും ആക്കി അമ്മയോട് സ്വന്തമായി ജീവിക്കാൻ പറഞ്ഞ അമ്മാവനെ ഓർമ്മ വന്നു…

“എന്റെ കൊച്ചില്ലാതെ എനിക്കൊരു ജീവിതം വേണ്ട “

എന്ന് പറഞ്ഞു നിറുകയിൽ ഒരു മുത്തം തന്ന അമ്മ ഇപ്പോഴും കണ്മുന്നിൽ ഉണ്ടായിരുന്നു..

വിങ്ങിപ്പൊട്ടിയ മനസായി  ഉമ്മറക്കോലായിൽ ഇരുന്നപ്പോൾ  പഴന്തുണി കെട്ടായി പടിയിറങ്ങാൻ  നിന്ന അമ്മയുടെ നോട്ടത്തിൽ ഞാൻ തലതാഴ്ത്തി…

വൃത്തിയാക്കാത്ത മുറ്റവും കുന്നുകൂടിയ മുഷിഞ്ഞ തുണികളും അമ്മയില്ലാത്ത കൊണ്ടാണെന്ന് പറയാതെ പറഞ്ഞിരുന്നു..

അവളുടെ അമ്മ കൂടി പോയപ്പോൾ ‘ഒറ്റക്ക് എന്നെക്കൊണ്ട് പറ്റില്ല ‘ എന്ന് പറഞ്ഞു വഴക്കിട്ട അവളുടെ കരണം പുകഞ്ഞതും അവിടെ അമ്മയില്ലാത്തത് കൊണ്ട് ആയിരുന്നു…

രാത്രി വൈകി എത്തിയ എന്നോട്

“കുറച്ചു കൂടി നേരത്തെ വരുവോ?പേടിയാവാണ് “

എന്ന് പറഞ്ഞ അവളോട്‌…

‘കാവൽ പ ട്ടിയെ കളയാൻ പറഞ്ഞത്  നീയല്ലേ’ എന്ന് പറഞ്ഞ എനിക്ക് മുന്നിൽ അവൾ ആദ്യമായി മിണ്ടാതെ ആയി..

വീണ്ടുമൊരു ജീവൻ അവളുടെ  വയറ്റിൽ കുരുത്തു തുടങ്ങിയപ്പോൾ “അമ്മയെ തിരികെ വിളിച്ചൂടെ ” എന്ന് പറഞ്ഞതും മറ്റാരും ആയിരുന്നില്ല..

“കൊച്ചിനെ നോക്കാനും വീടുപണിക്കും  കൂടെ പതിനയ്യായിരം വേണം” എന്ന് അമ്മ പറഞ്ഞപ്പോൾ

“സ്വന്തം വീട്ടിലെ ജോലിക്ക് കൂലിയോ…” എന്ന് ചോദിച്ച അവളോടായി അമ്മ പറഞ്ഞു

“സ്വന്തമെന്ന് തോന്നിയാൽ തള്ളിക്കളയുമോ…കാശ് കൊടുക്കാതെ കിട്ടുന്ന വേലക്കാരിയെ ആണ്  നിങ്ങൾക്ക് ഇപ്പോൾ ആവശ്യം…ഒരു തവണ മനസ്സിലായാൽ വീണ്ടും വിഡ്ഢിയാവാൻ  നിൽക്കരുത് “

ഇവര് വേണോ വേണ്ടയോ എന്നുള്ള ചോദ്യത്തിന് അവൾ ഒന്നും മിണ്ടാതെ  നിൽകുമ്പോൾ എന്റെ ഉള്ളം തണുത്തിരുന്നു…

അമ്മ ജീവിക്കാൻ പഠിച്ചിരിക്കുന്നു…

“ആർക്ക് കൊടുക്കാനാ കാശൊക്കെ..മ്മക്ക് തന്നെ കിട്ടും “

എന്നുള്ള അവളുടെ അത്യാഗ്രഹത്തെ പൊളിച്ചടുക്കി എല്ലാ മാസവും ആ  പൈസ ഇടാൻ അമ്മ നിന്ന അനാഥാലയത്തിന്റെ അക്കൗണ്ട് നമ്പർ തരുമ്പോൾ ഞാൻ അവളെ  നോക്കി ഒന്നു ചിരിച്ചു…

രണ്ടാമത്തെ പ്രസവം കോംപ്ലിക്കേറ്റ് ആണെന്ന് അറിഞ്ഞപ്പോൾ മനമുരുകി പ്രാർത്ഥിച്ചു കൂടെ നിന്ന അമ്മ  പറയാതെ പറയുന്നുണ്ടായിരുന്നു ആ  നെഞ്ചിലെ കരുതൽ…

കുഞ്ഞിനെയും അവളെയും നന്നായി നോക്കിയ അമ്മയോട് ഞാൻ പറഞ്ഞു

“ഇനി ജോലിക്കാരിയാവേണ്ട…അമ്മ ആയാൽ മതി എന്ന് “

“ചില ബന്ധങ്ങളിൽ ഒരു അകലം  നമ്മൾ പാലിക്കണം കുഞ്ഞേ…ഇല്ലെങ്കിൽ അതു പണ്ടത്തെക്കാൾ വഷളാവും എന്ന്..”

മറുപടിയോ അഭിപ്രായമോ പറയാതെ  ഞാൻ നിന്നു….

കാരണം എനിക്കറിയാമായിരുന്നു അതു മാത്രം ആണ് ശരി എന്ന്…