രാജു ദ് റോക്ക്സ്…
Story written by Ajeesh Kavungal
================
രാവിലെ വളരെ സന്തോഷത്തോടു കൂടിയാണ് ഉറക്കമുണർന്നത്. ജോലിക്ക് പോയിട്ട് ഒരു മാസം കഴിഞ്ഞ് തിരിച്ചു വന്നതാണ്. രാജുവിനെ കാണാൻ മനസ്സ് ഒരു പാട് കൊതിച്ചു. കഴിഞ്ഞ പ്രാവശ്യം പോവുമ്പോ തന്നെ അറിഞ്ഞതാണ് അവന്റെ കൈയിലെ ഫോണിന് എന്തോ തകരാറുണ്ടെന്ന്. അവനെ ഒന്നു ഞെട്ടിക്കാൻ അധികം വിലയില്ലാത്ത ഒരു ഫോൺ ഞാൻ വാങ്ങിയിരുന്നു. വിളിച്ചിട്ടുകിട്ടാതെ ആയപ്പോൾ ഞാൻ ഉറപ്പിച്ചിരുന്നു ഫോൺ കേടായിട്ടുണ്ടാവുമെന്ന്.
രാവിലെ കുളി ഒക്കെ കഴിഞ്ഞ് ഞാൻ രാജുവിന്റെ വീടിന്റെ പടിക്കലെത്തി..
പ്രതീക്ഷിച്ച പോലെ തന്നെ അമ്മയും മോനും തമ്മിൽ ബഹളം തന്നെ..അകത്തു നിന്നും കല്യാണിയേടത്തി യുടെ ശബ്ദം എന്റെ കാതിൽ വീണു.
“പഠിക്കാൻ വിട്ടപ്പോ പഠിക്കണമായിരുന്നെടാ…അല്ലാതെ കണ്ടത്തിലും കുളത്തിലും മീനും തപ്പി നടന്നാ ഇങ്ങനെ ഒക്കെ ഉണ്ടാവും..വല്യ പഠിപ്പുള്ളവര് എഴുതുന്നത് അവൻ കുറ്റം പറയാൻ വന്നിരിക്കുന്നു.”
അതിന് മറുപടിയായ് രാജുവിന്റെ ശബ്ദം.
“എയ് തള്ളേ…രാവിലെ അകുറാൻ നിക്കാണ്ട് ഈ പേപ്പറിൽ വന്ന് നോക്കി ന്നും .. ‘അച്ഛന്റെ മുമ്പിൽ ബസിടിച്ച് മകൾ മരിച്ചു.’ അച്ഛന്റെ മുമ്പിൽ ബസിടിച്ചാ മകള് എങ്ങനെയാന്നും മരിക്കുന്നേ..അച്ച്ചൻ ന്റെ കൺമുമ്പിൽ എന്നാണ് വേണ്ടത്. ഓരോ പോക്കണം കേട് എഴുതി വെച്ചിട്ട് എനിക്ക് വിവരം ഇല്ലാന്ന് പറയരുത്. അല്ലെങ്കിലും ഈ പത്രക്കാര് ഒക്കെ ഇങ്ങനെ ആണ്. വേണ്ടത് പറയില്ല. ഏതാണ്ട് പത്തായിരത്തോളം പെൺകുട്ട്യോള് ചോറും വെള്ളോം ഇല്ലാണ്ട് സമരം ചെയ്തപ്പോ അതിനെപ്പറ്റി കൂടുതൽ എഴുതാണ്ട് ഒരു പ്രമുഖന്റെ വീരസാഹസികകഥകളും കൊണ്ട് ആൾക്കാരെ കോരിത്തരിപ്പിച്ചതാണ് .. “
പേപ്പർ മടക്കി വെച്ചിട്ട് അവൻ തലയുയർത്തി നോക്കിയത് എന്റെ മുഖത്താണ്. 70 mm ചിരിയുമായ് നിൽക്കുന്ന എന്നെ കണ്ട് അവൻ വിളിച്ചു പറഞ്ഞു. “ഒരു ഗ്ലാസ് ചായന്റ വെള്ളോം കൂടി എടുത്തോളിൻ പട്ടണത്തു ന്ന് മൊതലാളി വന്നിട്ടിട്ടുണ്ട്. “
അവൻ എന്നെ ആക്കിയതാണെന്ന് എനിക്ക് മനസ്സിലായി. അതിന്റെ കൂട്ടത്തിൽ തന്നെ അവൻ വിളിച്ചു പറഞ്ഞു .. “അമ്മോ..മീൻ വല്ലതും വാങ്ങി ട്ടു വന്നാ കൂട്ടാൻ വെക്കുമോ ..”
അതേ സ്പീടിൽ തന്നെ മറുപടിയും വന്നു. “ഇത് കർക്കടകമാസമാണ്. ഇനി ഒരു മാസം ഇറച്ചിം മീനും തിന്നാംന്ന് എന്റെ മകൻ വിചാരിക്കണ്ടാ..നീ പോയി ഇത്തിരി കുമ്പളങ്ങ യോ, മത്ത നോ പയറോ അല്ലെങ്കിൽ തൊടിയിൽ പോയി ചേമ്പിൻ തണ്ടോ ചേനയോ കൊണ്ടു വാ.. “
ഇതു കേട്ടതും രാജുവിന്റെ മുത്ത് വലിയ നഷ്ടബോധം ഉദിച്ചു. അവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു ..
‘അമ്മാ’ ഒരു പ്രത്യേക ശബ്ദത്തിൽ.
എന്താണ്ടാ തൂമെ കാര്യം പറ എന്ന് കല്ല്യാണേട്ടത്തി പറഞ്ഞു.
“എന്നാപിന്നെ ഒരു കാര്യം ചെയ്യണം ഇതൊക്കെ കൂടി ഉണ്ടാവണ തോട്ടം എവിടെയെങ്കിലും ഉണ്ടെങ്കിൽ അതൊന്നു പറഞ്ഞാമതി. ഞാൻ പോയി രാവിലെം വെെകീട്ടും മേഞ്ഞിട്ടുവന്നോളാം.”
ഇത് കേട്ട് എനിക്ക് ചിരിയടക്കാനായില്ല.
“ആ നീ പറയടൊ എന്തൊക്കെയുണ്ട് വിശേഷം. പണിയൊക്കെ എങ്ങനെ പോണൂ”. ഞാൻ പറഞ്ഞു കുഴപ്പമില്ല.
നിന്നെ വിളിച്ചിട്ട് കിട്ടീല്ലാലൊ…അവൻ പറഞ്ഞു ഫോൺ കേടാണ്.
ഞാൻ അല്പം സന്തോഷത്തോടുകൂടി പോക്കറ്റിൽ കിടന്ന മൊബെെലെടുത്ത് അവനുനേരെ നീട്ടി.. അവനത് കെെയ്യിൽ വാങ്ങി തിരിച്ചും മറിച്ചും നോക്കീട്ട് അതേ പടി എൻ്റെ കെെയ്യിൽ തന്നിട്ട് പറഞ്ഞു.. “കാണാനൊക്കെ രസമുണ്ടെടാ. പുതിയതാണോ.? ആ പിന്നെ നിനക്ക് ഇത്തിരി വിവരം ഉളളത്കൊണ്ട് ഈ ഫോണൊക്കെ പറ്റും.”
അപ്പോൾ ഞാൻ പറഞ്ഞു.. “ടാ ഇത് എനിക്കല്ല നിനക്കാണ്.” രാജുവിൻ്റെ മുഖത്ത് ഒരു സന്തോഷം മിന്നിമറഞ്ഞു.
എൻ്റെ തോളിൽ കെെയ്യിട്ട് അവൻ പറഞ്ഞു. “എനിക്കെന്തിനാടാ ഇത്രം വലിയ ഫോൺ. ഇതൊന്നും ഉപയോഗിക്കാൻ എനിക്കറിയില്ലാന്ന് നിനക്കറിയില്ലേ.”
“എന്താ അതിനെ പറയാ ഫേസ് ബുക്കും മെസേജ് അയക്കണ ആ കുന്ത്രാണ്ട മൊക്കെ അറിയണമെങ്കിൽ ഇംഗ്ലീഷ് അറിയണ്ടെ..അല്ലെങ്കിൽ തന്നെ അതിനോടെനിക്ക് താത്പര്യവുമില്ല. എനിക്ക് ഇതൊന്നുമില്ലെങ്കിലും പിള്ളേര് പറയണകേട്ട് ഞാൻ ചിലതൊക്കെ ഊഹിച്ചിട്ടുണ്ട്. “
ഞാൻ രാജ്യനെ ഒന്നു സൂക്ഷിച്ചു നോക്കി..അവൻ പറയട്ടെ എന്നു ഞാനും വിചാരിച്ചു.
“സ്വന്തം ത ന്തക്കും ത ള്ളക്കും കഞ്ഞി കൊടുക്കാത്തവനാണ് ഇതുവരെ കാണാത്തവരെ അമ്മേ അച്ച്ചോ ന്ന് ഒക്കെ വിളിച്ച് ലൈക്കും കമന്റസും കൊണ്ട് സ്നേഹം വാരി വിതറുന്നത്. സ്വന്തം പെങ്ങളെ മോളെ എന്ന് ഒരിക്കലും വിളിക്കാത്തവന് ഒരു നൂറ് ഓമന കുഞ്ഞു പെങ്ങൻമാരുണ്ടാവും. ഇവനൊക്കെ എങ്ങനെയാണാവോ ഒരിക്കലും നേരിൽ കാണാത്ത ആൾക്കാരെ ഇത്രകണ്ട് സ്നേഹിക്കാൻ പറ്റണത്. ഇതൊക്കെ സഹിക്കാം ഇതിനൊക്കെ ചില പെണ്ണുങ്ങളും താളം തുള്ളണ കാണുമ്പോ കലിയാണ് വരുന്നത്. എല്ലാവരും അങ്ങനെയല്ലാന്ന് അറിയാം പക്ഷേ അത് വളരെ കുറച്ച് ആൾക്കാരെ ഉള്ളൂ..
അൽപസമയം രാജുവിന്റെ വീടിന്റെ കോലായിലിരുന്നു. പിന്നെ ഞാൻ പറഞ്ഞു..
“ഡാ രാജു നിനക്ക് അത് വേണ്ടങ്കി നീ ഉപയോഗിക്കണ്ട ഒരു ദിവസം നിന്റെ വായിന്ന് നാല് സരസ്വതി കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ലെ ടാ നിന്റെ ഫോണ് കേട് വന്നപ്പോ എന്റെ കയ്യില് ഇച്ചിരി പൈസ ഉണ്ടായിരുന്നു. അതോണ്ട് വാങ്ങിച്ചതാണ് എന്തായാലും നീ ഇത് വാങ്ങ് ഇനി നിനക്ക് അത്രയ്ക്ക മോശമായ് തോന്നാണങ്കിൽ നീ ഇതിന്റെ പൈസ കുറച്ച് കുറച്ച് ആയി നിക്ക് തന്നോളു അപ്പോ പ്രശ്നം ഇല്ലാലോ “
ഞാൻ രാജുവിന്റെ മുഖത്ത് പ്രതീക്ഷയോടെ നോക്കി..
അവൻ എന്നെ നോക്കിച്ചിരിച്ചു ഞാൻ അത്ഭുതപ്പെട്ടു പോയി.കാരണം ഇത്ര സീരിയസ്സായി ഞാൻ രാജുവിനെ കണ്ടിട്ടില്ല. അവൻ കോലായിന്റെ അറ്റത്തിരിക്കുന്ന റേഡിയോയിലേക്ക് വിരൽ ചൂണ്ടി. “പിന്നെ അതു കണ്ടോ നീ അത് ഇപ്പോഴും പാടുംപിന്നെ ഇറയത്ത് വെച്ചിരിക്കുന്ന മൂന്ന് കട്ടയുടെ ഒരു ടോർച്ച് കാണിച്ച് പറഞ്ഞു. ഇത് ഇപ്പോഴും കത്തും കാരണം അത് കേടാകുമ്പോ ഞാൻ ഇതുവരെ അത് വലിച്ചെറിഞ്ഞ് കളഞ്ഞ് പുതിയത് വാങ്ങാൻ പോയിട്ടില്ല ശരിയാക്കി എടുക്കാണ് പതിവ് ടാ ഞാനൊരു കാര്യം ചോദിക്കട്ടെ.”
ഞാൻ എന്താണ് ഉള്ള ഭാവത്തിൽ അവനെ നോക്കി. ഒന്നു ചിന്തിച്ച ശേഷം അവൻ പറഞ്ഞു.
“ടാ എന്നിക്കൊരു കുഴപ്പം വന്നു അല്ലെങ്കിൽ നിനക്ക് ഇഷ്ട്ടപ്പെടാത്ത വിധത്തിൽ എന്റെ സ്വഭാവം ഒന്നു മാറി ഉടനെ തന്നെ നീ എനിക്ക് പകരം എന്റെ സ്ഥാനത്ത് വേറെ ഒരു പുതിയ ആളെ തിരഞ്ഞെടുക്കുമോ അതോ എന്നെ നീ നേരെയാക്കാൻ ശ്രമിക്കുമോ.. ” ഇതു കേട്ടതും എന്റെ മുഖം കുനിഞ്ഞു കുറച്ചു നേരം ഞാൻ ഒന്നും മിണ്ടിയില്ല.
രാജു എന്റെ അടുത്തു വന്നിരുന്ന് പറഞ്ഞു.
“ടാ പൊലം കെട്ടവനെ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ലാന്ന്. നീ ഒരു കാര്യം ചിന്തിച്ചു നോക്ക് നമ്മണ്ടെ ശാന്തേടത്തി അവര് ന്റെ കെട്ടിയവൻ ഒരു പെണ്ണിന്റെ ഒപ്പം നേരാക്കിയെടുത്തു. ഇപ്പോ അവര് രണ്ടും സന്തോഷായിട്ട് ഇരിക്കുന്നു. ആ സമയം മ്മടെ രാജേട്ടന്റെം കെട്ടിയോൾ ടെം കാര്യം എന്തായി. ചെറിയ ഒരു കാര്യത്തിന് രണ്ടും കൂടി പിരിഞ്ഞു.
രാജേട്ടൻ വേറെ കെട്ടി ആ പെണ്ണ് ഒരാഴ്ച കഴിഞ്ഞ് പിണങ്ങിപ്പോയി. അതുപോട്ടെ കുമാരേട്ടന്റെ മകള് ഇല്ലേ കോളേജി പോണ ഉഷ. അവള് ഇപ്പോ എത്രാമത്തെ കാമുകനെ ആണ് പ്രേമിക്കുന്നേന്ന് അറിയോ…നാലാമത്തെ ആണ്. നാട്ട് കാര് അവളെ കുറിച്ച് പറയണകേട്ട് ട്ടു ണ്ടാ നീ..ഒന്നു ഇത്തിരി മോശം ആണ് ന്നാ അറിഞ്ഞാ ഉടനെ അത് മാറ്റി വേറെ പുതിയ ഒരണ്ണം. അതിന് ഇനി നല്ല ഒരു കല്യാണാലോചനവരുമോ..
അതായത് ഒന്നു കേട്ടു വന്നാ അതിനെ നേരാക്കി എടുക്കാൻ ശ്രമിക്കാതെ പുതിയ തായ് വാങ്ങുന്ന ടിവി ഫോൺ അങ്ങനെയുള്ള സാധനങ്ങളെപ്പോലെ മനുഷ്യൻ മാരുടെ ബന്ധങ്ങളും മാറി. ഈ പുതിയതും ഒരിക്കലെങ്കിലും കേടുവരും എന്നുള്ള സത്യം ആരും മനസ്സിലാക്കുന്നില്ല. ഒന്നു കേടു വരുമ്പോ അത് മാറ്റി പുതിയത് തെരെഞ്ഞെടുക്കാതെ ഒന്നു റിപ്പയർ ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ സ്നേഹം മാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ… “
ഞാൻ മൊബൈൽ എന്റെ പോക്കറ്റിൽ തന്നെ ഇട്ടു. അപ്പോ അവൻ പറഞ്ഞു. “എന്റെ ഫോൺ നേരാക്കി നാളെ കിട്ടും എനിക്കും നിനക്കും വർത്താനം പറയാൻ അത് മതി .ഇത് നീ ആവശ്യക്കാർക്ക് കൊടുക്ക്. അതാണതിന്റെ ശരി. “
ഞാൻ വലിയ സന്തോഷത്തോടെ രാജുവിന്റെ രണ്ടു തോളിലും കൈ വെച്ച് കൊണ്ട് പറഞ്ഞു. “ന്നാ നമുക്ക് ശങ്കരേട്ടന്റെ ക ള്ള് ഷാപ്പിൽ പോയാലോ.. നല്ല മത്തി വറുത്തതും കൂട്ടി രണ്ട് കപ്പ് ‘പുലരി ‘ മോന്തിട്ടു വരാം..”
അത് കേട്ടതും രാജുവിന്റെ മുഖം ചെന്താമര പോലെ വിടർന്നു.അഞ്ചു വയസ്സുള്ള പിള്ളേരെ പോലെ പോലെ പരസ്പരം ഞങ്ങൾ തോളിൽ കൈയിട്ട് വഴിയിൽ കൂടി നടക്കുമ്പോൾ രാജു എന്ന പത്താം ക്ലാസ് കാരന് ഒരു വലിയ സല്യൂട്ട് കൊടുത്ത് മനസ്സിലുറപ്പിച്ചു. ഇനിയെന്റെ ബന്ധങ്ങളുടെ ചങ്ങലക്കണ്ണി അകന്നാൽ ഞാൻ അത് ആദ്യം വിളക്കിചേർക്കാനേ ശ്രമിക്കൂ…
NB : മ ദ്യപാനം ആരോഗ്യത്തിന് ഹാനികരം..
~Ajeesh Kavungal