ന്നാലും ഇങ്ങനെയുണ്ടോ പെണ്കുട്ട്യോള്..ഞാൻ ആദ്യമായിട്ട് കേൾക്കുകയാ ഇങ്ങനെയൊരു ജന്മത്തെ..

Story written by Abdulla Melethil

===================

“ന്നാലും ഇങ്ങനെയുണ്ടോ പെണ്കുട്ട്യോള്..ഞാൻ ആദ്യമായിട്ട് കേൾക്കുകയാ ഇങ്ങനെയൊരു ജന്മത്തെ..!

‘എല്ലാത്തിനും ഒരുമ്പെട്ട് അരയും മു ല യും മുറുക്കി ഇറങ്ങാ..എന്നിട്ട് ഒരുളുപ്പുംല്യാണ്ട് ക്യാമറകൾക്ക് മുന്നിൽ നിന്ന് പറയുക..കലികാലം എന്നല്ലാണ്ട് എന്താ പറയുക..

‘മുത്തശ്ശി ഹാളിൽ ഇരുന്ന് വാർത്ത കേൾക്കുമ്പോൾ ആരോടെന്നില്ലാതെ വിളിച്ചു പറയുകയാണ്..അവരെയെങ്ങാനും മുന്നിൽ കണ്ടാൽ തല്ലാനും മടിക്കില്ല മുത്തശ്ശി അത്രയ്ക്കുണ്ട് രോഷം.. !

‘ഞാൻ പുറത്തിറങ്ങാൻ നിന്നതായിരുന്നു..അപ്പോഴാണ് മുത്തശ്ശിയുടെ അഭിപ്രായ പ്രകടനങ്ങൾ കേട്ടത്..ഉടുത്തിരുന്ന മുണ്ട് ഒന്ന് കൂടി മുറുക്കിയെടുത്ത് ഞാൻ റൂമിലെ കണ്ണാടിയിൽ കുറച്ചു നേരം കൂടി നോക്കി നിന്നു..ഇപ്പോൾ അങ്ങോട്ട് പോയാൽ ചോദ്യങ്ങളൊക്കെ തന്നോടാവും.. !

‘താടി രോമങ്ങളിൽ ചിലയിടത്തെല്ലാം നര കയറിയിട്ടുണ്ട്..ഭാഗ്യ നരയാണ് എന്നൊന്നും ഇനി പറയാൻ പറ്റില്ല വയസ്സ് നാൽപ്പതായി…യൗവ്വനം പതിയെ വിട പറയുന്നു..ചെറിയൊരു ഭയപ്പെടുത്തലോടെ..അമ്മയുടെ മുടി മുക്കാലും നരച്ചു വെഞ്ചാമരം പോലെ ആയിട്ടുണ്ട്..എന്നാൽ മുത്തശ്ശിയുടെ ഒറ്റ മുടി പോലും നരച്ചിട്ടില്ല..!

‘മുത്തശ്ശി വാർത്താ ചാനലുകൾ മാറി മാറി വെക്കുന്നുണ്ടെങ്കിലും എല്ലായിടത്തും പാവാട വള്ളിയിൽ കുടുങ്ങിയ പുരുഷ ജന്മങ്ങളെ കുറിച്ചുള്ള വാർത്തകളാണ്..അതിനെ കുറിച്ചുള്ള മലയാള പദാവലിയോട് കൂടിയുള്ള വിലയിരുത്തലുകളും..

‘സദാചാര ബോധങ്ങളും സന്മാർഗ്ഗ ചിന്തകളും സ്വീകരണ മുറിയിൽ തുണിയഴിഞ്ഞു വീഴുന്നു..വീണിടത്ത് നിന്ന് തിരിച്ചു ഉടുക്കാൻ കഴിയാത്ത വിധം മലീമസമായിരിക്കുന്നു..

‘ദൗപ്രദിക്ക് വസ്ത്രം നൽകാൻ ഒരു കൃഷ്ണനെങ്കിലും ഉണ്ടായി പുരുഷാരങ്ങൾക്കിടയിൽ..

‘ഇവിടെ തുണി അഴിഞ്ഞു വീഴുന്നത് പുരുഷാരവങ്ങൾക്കാണ്..പച്ചില പോലുമില്ല ഒന്ന് നാണം മറക്കാൻ..

‘ഇപ്പോൾ ഒച്ചയും ബഹളവും ഒന്നുമില്ല മുത്തശ്ശി ടിവി ഓഫ് ചെയ്ത് കാണും..ചിലപ്പോൾ ഇരിക്കുന്ന ചാരി കസേരയിൽ തന്നെ ഇരുന്നൊന്ന് മയങ്ങും..

‘രഘു പുറത്തേക്കിറങ്ങി..

രഘു എങ്ങോട്ടാ.. !

‘മുത്തശ്ശി ഉറങ്ങിയിട്ടില്ല..

ഞാനൊന്ന് പുറത്ത് പോയി വരാം.. !

‘കുറച്ചു നാൾ മുമ്പാണ് മുത്തശ്ശി ചോദിച്ചത്..ഏതാടാ രഘു ഈ സണ്ണി ലയോ എന്ന്..

‘അന്നും വാർത്തയിൽ അവതാരിക വാ തോരാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..ആൾക്കൂട്ടങ്ങൾ നടുവിൽ നിൽക്കുന്ന സണ്ണിയുടെ വീഡിയോയും…

‘ഇംഗ്ളീഷ് സിനിമകളിൽ ഒക്കെ അഭിനയിക്കുന്ന നടിയാണ് മുത്തശ്ശി..സണ്ണി ലിയോണ്.

‘വായന ശാലകളിലും ചർച്ചകൾ പൊടി പൊടിക്കുമ്പോൾ രഘു ഒരിക്കലും കിട്ടാൻ സാധ്യത ഇല്ലാത്ത ഏതെങ്കിലും റേഡിയോ സ്റ്റേഷൻ സെർച്ച് ചെയ്യുകയാകും..അത്തരം ചർച്ചകളിൽ രഘു മനഃപൂർവ്വം പങ്കെടുക്കാറില്ല..

‘രഘുവിന്റെ മേമയും പണ്ടേതോ കാലത്ത് ഒരു അന്യമതക്കാരന്റെ കൂടെ പോയിരുന്നു..അവരിപ്പോഴും സുഖമായി ജീവിക്കുന്നുണ്ടെങ്കിലും ഇത്തരം ചർച്ചകൾ വരുമ്പോൾ ചിലർക്കെങ്കിലും ഓക്കാനം വരുമ്പോൾ പഴയതും ശർദ്ധിക്കും..ഒന്ന് കുത്താൻ കിട്ടുന്ന അവസരം ചിലർ ഉപയോഗപ്പെടുത്തും..

‘പിടിക്കപ്പെടും വരെയുള്ള , അറിയപ്പെടും വരെയുള്ള സദാചാര വരമ്പത്ത് ഇരുന്ന് എല്ലാവരും ഘോരം ഘോരം പ്രസംഗിക്കുന്നു..

‘കഴിഞ്ഞ ദിവസമാണ് അച്യുതൻ മാഷ് നീലിയുടെ ചെറ്റ പുരയിൽ നിന്നിറങ്ങി വരുന്നത് കാണുന്നത്..ഘന ഗാംഭീര്യത്തോടെ തല ഉയർത്തി നടന്നിരുന്ന അച്യുതൻ മാഷ് തല താഴ്ത്തി മുന്നിലൂടെ കടന്ന് പോകുമ്പോൾ പതിയെ പറഞ്ഞു..ആരോടും പറയരുത്..!

‘രഘു ആരോടും പറഞ്ഞില്ല..പറയാതിരിക്കുക എന്നുള്ളതിൽ മാത്രം ഉയർന്ന് നിൽക്കുന്ന അഭിമാനവും അന്തസ്സും..

‘പറയാതിരിക്കുമ്പോൾ അതിനൊക്കെ പ്രതിഫലവും കിട്ടും..

‘വായന ശാലയുടെ പ്രസിഡന്റ് കൂടിയായ അച്യുതൻ മാഷ് ആയിരം രൂപയാണ് തന്റെ മാസ ശമ്പളത്തിൽ വർദ്ധന വരുത്തിയത്..

‘നാലാൾ അറിഞ്ഞാൽ പ്രളയം ഉണ്ടാകുകയും ആരും അറിഞ്ഞില്ലെങ്കിൽ രണ്ട് പേരുടെ മാത്രം സ്വകാര്യ നിമിഷങ്ങൾ ആകുന്നതും ര തി ക്രീ ഡ ക്ക് മാത്രമാണ്..

‘രഘു വായന ശാല ലക്ഷ്യമാക്കി നിരത്തിലൂടെ നടന്നു..വായന ശാല പാർട്ടി ഓഫീസ് യുവജന ക്ലബ്ബ് എല്ലാം അങ്ങാടിയിൽ ഒരിടത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് എപ്പോഴും ആളുകളെ കൊണ്ട് നിറഞ്ഞിരിക്കും..പഞ്ചായത്തിൽ ചെറിയൊരു ജോലിയും പിന്നെ വായന ശാലയും രഘുവിന്റെ ജീവിതം അങ്ങനെ പോകുന്നു..

‘വായനശാലയുടെ ഒരു തിരിവ് ഇപ്പുറം വെച്ചാണ് ഒരു കാർ വന്ന് രഘുവിന്റെ അടുത്ത് നിർത്തിയത്..

‘ഗ്ലാസ്സ് താഴ്ത്തിയ പ്പോഴാണ് ആളെ കണ്ടത്..അബു.. ! കോളേജിലെ സഹപാഠി സുഹൃത്ത്..

‘അബു ഭാര്യയെ പരിചയപ്പെടുത്തി രണ്ട് കുട്ടികളെയും..രഘു താടി ഒന്നമർത്തി തടവി നരച്ചവ ഉള്ളിലേക്ക് ഒളിഞ്ഞു നിൽക്കാൻ ..

‘നിന്റെ കാര്യങ്ങൾ എന്തായി..

‘അബുവിന്റെ വിശേഷങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ രഘുവിന്റെ കാര്യങ്ങൾ ചോദിച്ചു…

‘ഒന്നുമായില്ല..എവിടെയും എത്തിയില്ല..രഘു അബുവിന്റെ ഭാര്യയെ നോക്കി ഒന്ന് ചിരിച്ചു..ഒരു പരാജിതന്റെ ചിരി..

‘അപ്പോൾ രാജി..? അബു ചോദിച്ചു..

‘കല്ല്യാണം കഴിഞ്ഞു..അബു പിന്നെ ഒന്നും ചോദിച്ചില്ല..യാത്ര പറഞ്ഞു പോയി…

‘രഘു വായന ശാലയിൽ ചെന്നിരുന്നു..

‘കണ്ട ചോന്നത്തി പെണ്ണിനെയൊന്നും ഈ വീട്ടിൽ കയറ്റില്ല..അമ്മക്കും മോനും ഇഷ്ടമാണെങ്കിൽ എന്റെ കാല ശേഷം ആയിക്കോളൂ…! മുത്തശ്ശി മറു ചോദ്യത്തിനോ ഉത്തരത്തിനോ ഇട നൽകാതെ കർശനമായി പറഞ്ഞപ്പോൾ രാജി പറഞ്ഞത് കാത്തിരിക്കാം എന്നായിരുന്നു..

‘ഇഷ്ടപ്പെടാനോ പ്രണയിക്കാനോ ജാതിയോ മതമോ പ്രശ്നമല്ല..പക്ഷേ ഒന്നാകാൻ ജാതിയും മതവും എല്ലാം വലിയ തടസ്സങ്ങളാണ്..

‘പിന്നീട് ഇടക്കെല്ലാം കാണും സംസാരിക്കും പ്രതീക്ഷകൾ ഉണ്ടായിരുന്നു..എന്നെങ്കിലും ഒന്നാകാൻ കഴിയുമെന്ന്..

‘ഒരിക്കൽ മുത്തശ്ശിയുടെ മടിയിൽ തല വെച്ചു കിടക്കുമ്പോഴാണ് മുത്തശ്ശി ചോദിച്ചത്..രഘുവിന് മുത്തശ്ശിയോട് ദേഷ്യമുണ്ടോ എന്ന്..

‘രഘു ഇല്ലെന്ന് പറഞ്ഞു..അച്ഛൻ നേരത്തെ പോയെങ്കിലും അമ്മക്കും തനിക്കും ഒരു തണലായി അന്നും ഇന്നും മുത്തശ്ശി മാത്രമാണ്.. !

‘നിനക്ക് അത്രയും ഇഷ്ടമാണെങ്കിൽ അവളെ ഇങ്ങോട്ട് കൊണ്ട് പോരൂ… !

‘അന്നത്തെ സന്തോഷത്തിന് അതിരില്ലായിരുന്നു..മുത്തശ്ശി സമ്മതം തന്നിരിക്കുന്നു അമ്മക്ക് മുമ്പേ തന്നെ എതിർപ്പില്ലായിരുന്നു..രഘു രാത്രിയാകാൻ കാത്തിരുന്നു..

‘രാത്രികളിൽ ആയിരുന്നു രാജിയുമായുള്ള കൂടി കാഴ്ച്ചകൾ ഏറെയും പരന്ന് വിശാലമായി കിടക്കുന്ന പാടത്തിന് സൈഡിലുള്ള വീടുകളിലെ ആദ്യത്തെ വീട്..രാജിയും അമ്മയും മാത്രം..അമ്മാവന്മാരുടെ വലിയ വീടുകൾ അവിടെ നിന്ന് നോക്കിയാൽ കാണാം..അമ്മാവന്മാരാണ് പിതാവ് നഷ്ടപ്പെട്ട രാജിയുടെയും അമ്മയുടെയും സംരക്ഷണം..

‘വീടിനകത്തോ പുറത്തോ ഇരുന്ന് പുലരുവോളം സംസാരിച്ചിരിക്കുക..അമ്മക്കും ഇഷ്ടമായിരുന്നു ഈ ബന്ധം..

‘പാടത്തൂടെ രാജിയുടെ വീട് ലക്ഷ്യമാക്കി പോകുമ്പോൾ കൈയ്യിൽ കുറച്ചു മുല്ല പൂക്കൾ കരുതിയിരുന്നു..വീടിന്റെ മിറ്റത്ത് തന്നെ പുഷ്പിച്ചവ…

‘അന്ന് രാജി അരികിലേക്ക് വരുമ്പോൾ പതിവ് സന്തോഷമൊന്നും കണ്ടില്ല..

‘മുല്ല പൂക്കൾ കൈയ്യിൽ തന്നെ മുറുകെ പിടിച്ചു..

‘ഏട്ടൻ വരാൻ ഒരു ദിവസം വൈകി…

‘പരിചയപ്പെട്ട അന്ന് മുതലേ ഏട്ടനെന്നെ വിളിക്കാറുള്ളൂ അവൾ..ആ വിളിയിലെ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയില്ല..

‘ഇന്നെന്റെ നിശ്ചയമായിരുന്നു..ഒരു മാസം കൂടി കഴിഞ്ഞാൽ കല്ല്യാണം.. !

‘പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല..അമ്മാവന്മാർ അമ്മയുടെ കരച്ചിൽ…

‘രഘു ഒന്നും മിണ്ടിയില്ല..മുല്ല പൂക്കൾ കൈയ്യിൽ ഇരുന്ന് ഞെരിഞ്ഞമർന്നു..

‘ഇനിയെന്നെ കാണാൻ ഏട്ടൻ വരേണ്ട..രാജി നിന്ന് കരഞ്ഞു..രഘു അവളെ ചേർത്ത് പിടിച്ചു…നല്ലതേ വരൂ.. !

‘രഘു പുതിയതായി വന്ന പുസ്തകങ്ങളിൽ നമ്പർ ഇടുകയായിരുന്നു..

‘ആളുകൾ ഓരോരുത്തരായി അങ്ങാടിയിലേക്ക് വന്ന് കൊണ്ടിരുന്നു..

‘അന്ന് മുത്തശ്ശി ഒന്നും മിണ്ടാതെ കുറച്ചു നേരം ഇരുന്നു..

‘പിന്നെ ഒരു കുറ്റബോധം പോലെ പറഞ്ഞു..എത്ര പുരോഗമനം പറഞ്ഞാലും നമ്മുടെ മനസ്സുകളിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളെ നാം വേർതിരിച്ചു കൊണ്ടിരിക്കും…

‘സാരമില്ല മുത്തശ്ശി ഒരുമിക്കാൻ യോഗണ്ടാവില്ല…

‘അന്ന് വലിയ ചർച്ചകൾ ഒന്നും ഉണ്ടായില്ല അത് കൊണ്ട് രഘു റേഡിയോയിൽ കളിക്കാനും നിന്നില്ല..

‘പത്ത് മണി ആയപ്പോൾ വായന ശാല അടച്ചു അങ്ങാടിയിൽ നിന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ചു…

സ്നേഹത്തോടെ അബ്ദുള്ള മേലേതിൽ