പ്രണയത്തിന്റെ അതിമധുരം  നുണയാൻ തുടങ്ങിയതു മുതൽ ഒരു കാര്യം മനസിലായി….

Story written by Pratheesh

==================

നിങ്ങൾ മരണപ്പെടാൻ പോകുന്നു. നിങ്ങൾക്ക് ഒരേയൊരു കോൾ വിളിക്കാനുള്ള സമയം മാത്രമേ നിങ്ങളിൽ അവശേഷിക്കുന്നുള്ളൂ…

എങ്കിൽ നിങ്ങൾ ആരെ വിളിക്കും….??

നിങ്ങളുടെ അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ് കാമുകൻ കാമുകി, മകൻ, മകൾ എന്നിവരിൽ ആരെ നിങ്ങൾ തിരഞ്ഞെടുത്ത് വിളിക്കും…?

ഒരിക്കൽ ഞാൻ കേട്ട ഒരു ചോദ്യമായിരുന്നു ഇത് ഞാനും ആ ചോദ്യത്തിനുത്തരം കുറെ ആലോചിച്ചു പക്ഷെ വളരെ വ്യക്തമായ ഒരു ഉത്തരം അന്ന് എനിക്കും ഇല്ലായിരുന്നു,

എന്റെ ചെറുപ്പക്കാലത്ത് കവിതയെഴുതുന്ന ഒരു സ്വഭാവം എനിക്കുണ്ടായിരുന്നു, വലിയൊരു കവയത്രിയാവണം എന്നൊരു മോഹവും, എന്നാൽ പഠിപ്പല്ലാതെ മറ്റൊന്നും എന്റച്ഛൻ പ്രോത്സാഹിപ്പിച്ചില്ല,

പക്ഷെ എന്റെ ചെറിയച്ഛൻ അങ്ങിനെയായിരുന്നില്ല ചെറിയച്ഛൻ എന്നെ എല്ലാ കാര്യത്തിലും പ്രോത്സാഹിപ്പിച്ചിരുന്നു,

ഞാനെഴുതുന്ന പലതും അപ്പനറിയാതെ വാരികക്ക് അയച്ചു കൊടുക്കാൻ ആ കാലത്ത് ചെറിയച്ഛൻ എന്നെ വളരെയധികം സഹായിച്ചിരുന്നു,

പക്ഷെ അയക്കുന്നതെല്ലാം അതിനേക്കാൾ വേഗത്തിൽ തിരിച്ചു വരുന്നതും പതിവായിരുന്നു,

എന്നാൽ ആ കാലത്ത് മേരിക്ലയറിന്റെ കവിതകൾ വല്ലാതെ ജനശ്രദ്ധ ആകർഷിച്ചവയായിരുന്നു, അവർ മറ്റുള്ളവരെ പോലെ മുഖ്യധാരയിലെക്കിറങ്ങിവന്ന്  പ്രശസ്തയാവാൻ ആഗ്രച്ചിരുന്നില്ല, ഒരു പക്ഷെ അതാവാം അവരുടെ കവിതകൾക്ക് ഇത്ര ആരാധകർ എന്നെനിക്കു തോന്നിയിട്ടുണ്ട്,

അവരെക്കാൾ നന്നായി കവിതയെഴുതാൻ എനിക്കു കഴിയും എന്നതു കൊണ്ടാവാം എനിക്കവരുടെ കവിതകൾ അത്ര മഹനീയമായി തോന്നിയില്ല,

അസൂയ എന്നൊക്കെ നിങ്ങൾ പറയുമായിരിക്കും എന്നാൽ അതസൂയയല്ല, അതെന്റെ ആത്മവിശ്വാസമാണ്,

ഒരിക്കൽ കോളേജ് മാഗസിനിൽ എന്റെ ഒരു കവിത അച്ചടിച്ചു വന്നപ്പോൾ എനിക്കു വല്ലാത്ത സന്തോഷം തോന്നി അമ്മയും ചെറിയച്ഛനും എന്റെ വിജയത്തിൽ പങ്കു ചേർന്നെങ്കിലും, മാഗസിനിലെ കോളം നിറക്കാൻ വേണ്ടി ഉൾപ്പെടുത്തിയതാവും എന്റെ കവിത എന്ന പേരിൽ അച്ഛനത് മുഖവിലക്കെടുത്തില്ല,

സത്യത്തിൽ വളരെ ചെറുതാണെങ്കിൽ കൂടി അച്ഛനിൽ നിന്ന് ഒരു പ്രോത്സാഹനം ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷെ അച്ഛന് എന്നെ വിശ്വാസമില്ലാത്തതിനാലാവാം അച്ഛൻ ഈ കാര്യങ്ങളിൽ ഒട്ടും താൽപ്പര്യം പ്രകടിപ്പിച്ചില്ല,

എങ്കിലും ഞാനത് നിധി പോലെ എന്റെ സ്വകാര്യപ്പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചു വെച്ചു,

എന്നാൽ അവിടെയാണ് കഥയാരംഭിക്കുന്നത്,

മാഗസിനിൽ അച്ചടിച്ചു വന്ന കവിത കണ്ട് കോളേജിലെ ഒരാൾക്ക് എന്നോടു ഭയങ്കര പ്രണയം, മേരിക്ലയറിന്റെ കവിതകളോടു കിടപ്പിടിക്കും എന്നു കൂടി അവൻ പറഞ്ഞതോടെ അവനോട് എനിക്ക് കുറച്ചു ഇഷ്ടമൊക്കെ തോന്നിയെങ്കിലും മുഴുവനായും ഞാനവനു പിടി കൊടുത്തില്ല,

കാരണം ഒരു യുവ കവയത്രിയേ പ്രണയിക്കാൻ മാത്രം കഴിവവനുണ്ടോ എന്നൊന്നറിയണമല്ലോ…

കുറച്ചു ദിവസമൊക്കെ എനിക്ക് പിടിച്ചു വെക്കാൻ പറ്റി പക്ഷെ ഈ പ്രണയത്തിനൊരു പ്രശ്നമുണ്ട് പ്രണയത്തിന്റെ വിത്ത് നമ്മൾക്കുള്ളിൽ വീണാൽ അത് പെട്ടന്നങ്ങ് മുളപ്പൊട്ടാനും തളിർക്കാനും തുടങ്ങും,

പിന്നെ സിരകളിൽ രക്തത്തിനേക്കാൾ ശക്തമായി പ്രണയം ഒഴുകാൻ തുടങ്ങും, അതു തന്നെ ഇവിടെയും സംഭവിച്ചു,

ഇരു കരളിലും ഒരേയളവിൽ പ്രണയം ജനിച്ചതോടെ എന്റെയുള്ളിൽ പിന്നെ അവൻ മാത്രമായി,

മോഹങ്ങളുടെയും, ആശകളുടെയും, ആഗ്രഹങ്ങളുടെയും നൂൽപ്പാലത്തിലൂടെ പനംതത്തകളെ പോലെ മൂന്നു വർഷം ഞങ്ങൾ പാറി പറന്നു,

പ്രണയത്തിന്റെ അതിമധുരം  നുണയാൻ തുടങ്ങിയതു മുതൽ ഒരു കാര്യം മനസിലായി, ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ലഹരി പ്രണയമാണെന്ന്..!

മറ്റെല്ലാം അതുപയോഗിക്കുന്ന നേരത്തേക്കു മാത്രമാണ്, പ്രണയം മാത്രം പഴകും തോറും വീര്യം കൂടുന്ന വീഞ്ഞാണെന്നു മനസിലായി..

പക്ഷെ പ്രണയം എന്ന വീഞ്ഞ് അൽപ്പം മാത്രം നുണയാനുള്ള വിധിയേ എനിക്കുണ്ടായിരുന്നുള്ളൂ,

ആഗ്രഹിക്കാനേ നിങ്ങൾക്കവകാശമുള്ളൂ വിധി എന്റെയാണ് എന്നു പറയാതെ പറഞ്ഞു കൊണ്ട് ദൈവം എന്റെ സ്വപ്ന ജീവിതത്തിനടിയിൽ ഒരു ചുവന്ന വരവരച്ചു,

ഞാൻ കണ്ട സ്വപ്നങ്ങൾക്കെല്ലാം അവസാനം നിശ്ചയിച്ചു കൊണ്ട് യാഥാർത്ഥ്യം അതിന്റെ ഗർഭപാത്രം തുറന്ന് പുറത്ത് വന്നു,

ഡോക്ടർക്കു തോന്നിയ സംശയം ശരിയായിരുന്നു, ബ്ലഡ്കാൻസർ “

അല്ലെങ്കിലും മരണത്തിനു പണ്ടെ യുവ കവയത്രികളോട് വല്ലാത്ത ഒരു വാത്സല്യമാണ്,

അന്നേരം മരണം എന്നതിനേക്കാൾ ഞാനത്രയേറെ ആഗ്രഹിച്ച അവനോടൊത്തുള്ള ഒരു ജീവിതം കൈയെത്തും ദൂരത്ത് കൈവിട്ടു പോകുന്നതിലുള്ള മനോവിഷമമായിരുന്നു,

എനിക്ക് അതിനേക്കാൾ അപ്പോൾ വിഷമം തോന്നിയത് ആ നിമിഷം തൊട്ട് അവനെ എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി നിർത്തണമല്ലോ എന്നോർത്തിട്ടായിരുന്നു,

എനിക്കവനെ സ്നേഹിച്ചു മതിയായില്ലായിരുന്നു,

അവനെ കണ്ടു മതിയായില്ലായിരുന്നു,

അവനെ സ്വപ്നം കണ്ട് മതിയായില്ലായിരുന്നു,

അവനോട് സംസാരിച്ച് തീർന്നിട്ടില്ലായിരുന്നു,

അവന്റെ ശബ്ദം കേട്ട് മതിയായില്ലായിരുന്നു,

എന്റെ മനസിൽ നിന്നും ശരീരത്തിൽ നിന്നും അവനെ പിഴുതു മാറ്റുക എന്നത് അത്ര എളുപ്പമായിരുന്നില്ല, കാരണം അവനെന്റെ ശരീരത്തിന്റെ ഒരോ അണുവിലും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,

ഞാൻ എത്രയൊക്കെ ശ്രമിച്ചാലും അവനെ ഒഴിവാക്കുന്നതിൽ പൂർണ്ണമായും വിജയിക്കുക എനിക്ക് സാധിക്കുകയുമില്ല,

എന്നിട്ടും അവനെ കാണാതിരിക്കാനായി എന്റെ ഒരു കൂട്ടുകാരി വഴി ഞാനവനൊരു എഴുത്തു കൊടുത്തു വിട്ടു അതിൽ ഞാനെഴുതി,

കേൾക്കാൻ ആഗ്രഹിച്ചതെല്ലാം നിന്റെ കാലൊച്ചകളാണ്, എന്നാൽ കേൾക്കുന്നതൊക്കയും മരണത്തിന്റെ കാലൊച്ചകൾ മാത്രമാണ്,

ഇനി ഒരിക്കലും എന്നെ കാണാൻ നീ ശ്രമിക്കരുത്, കാരണം ഇനി നിന്നെ കാണുന്ന നിമിഷം നിന്റെ മുഖം ഒരിക്കലും ഉള്ളിൽ നിന്നു മായാത്തവിധം മനസ്സ് പച്ച കുത്താൻ തുടങ്ങും,

എന്നാൽ ഈ ജന്മത്തിലെ നിന്റെ അവകാശി ഞാനല്ല, വരും ജന്മങ്ങളിൽ നമുക്ക് ഇനിയും ഒന്നിക്കാം “

ഡോക്ടർമാർ എനിക്കു വിധിച്ചിരിക്കുന്നത് മൂന്നു മാസത്തെ കാലയളവ് മാത്രമാണ്,

ആ നാളുകൾ പ്രകാശത്തേക്കാൾ വേഗത്തിൽ എന്നെ വിട്ടകന്നു കൊണ്ടെയിരുന്നു,

എന്നോള്ളം തന്നെ അവനെ പ്രിയമുണ്ടായിരുന്നിട്ടും അവനെ പൂർണ്ണമായും ഒഴുവാക്കാൻ ശ്രമിച്ചത് ഉള്ളിൽ ഒരു ഭ്രൂ ണമായി മുളപ്പൊട്ടിയതു മുതൽ എന്നെ ഒന്നു കാണാതെയും,  ഞാൻ എങ്ങിനെയാണെന്നു കൂടി ഒരു നിശ്ചയമില്ലാതെയും എന്നെ സ്നേഹിച്ചു തുടങ്ങിയ രണ്ടു പേരുണ്ട് ഈ ഭൂമിയിൽ അവരെ മറക്കാൻ ഞാൻ ആഗ്രഹിക്കാത്തതു കൊണ്ടു കൂടിയാണ്,

കാരണം അവൻ എന്റെ മാത്രം സന്തോഷമാണ് എന്നാലവർ ഈ ഭൂമിയിലെ എന്റെ ദൈവങ്ങളാണ്…!

എന്റെ അച്ഛനെനിക്ക് എന്തൊക്കെ നിഷേധിച്ചാലും ആ മനസിൽ ഞാൻ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ എന്നെനിക്കറിയാം,

അങ്ങിനെ എന്റെ അവസാന നാളുകളൊന്നിൽ ഞാൻ എന്റെ അച്ഛനോടു മാത്രമായി ഒരു ആഗ്രഹം പറയാനുണ്ടെന്നു പറഞ്ഞതും അച്ഛനെനെ ഒന്നു നോക്കി,

അച്ഛൻ വിചാരിച്ചത് മറ്റു കാൻസർ പേഷ്യൻസിനെ പോലെ അവരുടെ ഉള്ളിൽ ആരാധിക്കുന്നവരെ കാണാൻ ആഗ്രഹിക്കും പോലെ എന്റെ അവസാന ആഗ്രഹമായി ഞാൻ മേരിക്ലയറെ കാണണമെന്ന് ആവശ്യപ്പെടുമെന്നാണ്

പക്ഷെ ഞാനച്ഛനോടു പറഞ്ഞത്,

“അച്ഛാ എനിക്കൊരാളെ ഇഷ്ടമാണ് അവനോട് അച്ഛൻ എന്നോടെന്ന പോലെ സ്നേഹമായി പെറുമാറണം ” എന്നു മാത്രമായിരുന്നു,

ഞാനതു പറഞ്ഞതും ഒരിറ്റു കണ്ണീർ അച്ഛനിൽ നിന്നടർന്നു വീണു,  തുടർന്നെന്റെ കൈ ചേർത്തു പിടിച്ച് അച്ഛനെന്റെ അരുകിൽ തന്നെയിരുന്നു,

ആ നിമിഷം ഞാൻ അച്ഛനിൽ കണ്ടൊരു മുഖമുണ്ട് അച്ഛനെനിക്കു നഷ്ടപ്പെടുത്തിയതൊക്കയും എനിക്കു വാങ്ങി നൽകാൻ തയ്യാറായ മുഖമായിരുന്നു അച്ഛനപ്പോൾ,

ആ സമയം അച്ഛൻ അങ്ങേയറ്റം ഉള്ളിൽ വേദനിക്കുകയായിരുന്നു എന്നെനിക്കു മനസിലായി എനിക്കു നിഷേധിച്ചതെല്ലാം വിലക്കു വാങ്ങി തരാൻ കഴിയുമായിരുന്നെങ്കിൽ അന്നേരം അച്ഛനതും ചെയ്തേനെ…!

തുടർന്നും ഞാൻ അച്ഛനോടു ചോദിച്ചു കോളേജ് മാഗസിനിൽ അച്ചടിച്ചു വന്ന എന്റെ ആ കവിത ഞാൻ എന്റെ രഹസ്യപ്പെട്ടിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അതൊന്നു എടുത്തു കൊണ്ടു വരാമോയെന്ന്..?

അച്ഛനതിനു തലയാട്ടിയതും ഞാനതിന്റെ താക്കോൽ എന്റെ വസ്ത്രത്തിനുള്ളിൽ നിന്നെടുത്തു അച്ഛനു കൊടുത്തു,

അച്ഛനതു വീട്ടിൽ കൊണ്ടു പോയി  എന്റെ കട്ടിലിനടിയിൽ നിന്നു ആ പെട്ടി വലിച്ചെടുത്ത് അതു തുറന്നതും,

അതിൽ ഞാനിങ്ങനെ എഴുതി വെച്ചിരുന്നു

“ഈ രഹസ്യം എന്റച്ഛൻ മാത്രം അറിഞ്ഞാൽ മതി… “

അതു കണ്ടതും അച്ഛന്റെ ഹൃദയം ഒരേ സമയം സന്തോഷം കൊണ്ടും സങ്കടം കൊണ്ടും വീർപ്പു മുട്ടി…!

ഒന്നിനു പകരം അച്ചടിച്ചു വന്ന കുറെയധികം കവിതകൾ അതിനുള്ളിലുണ്ടായിരുന്നു,

അതു കണ്ടതും അച്ഛന്റെ ഹൃദയം തേങ്ങി, അതുവരേയും പിടിച്ചു വെച്ച അച്ഛന്റെ കണ്ണുകൾ അന്നെനെ ഓർത്ത് ധാരധാരയായി ഒഴുകി അച്ഛനാകെ നിശബ്ദനായി,

അച്ഛനെ അത്ഭുതപ്പെടുത്തിയത് ആ കവിതകളൊന്നും എന്റെതായിരുന്നില്ല എന്നതാണ്,

എന്നാൽ അച്ഛൻ കരഞ്ഞത് ആ കവിതകളെല്ലാം മേരിക്ലയർ എന്ന പേരിൽ ഞാൻ തന്നെ എഴുതിയവയായിരുന്നു എന്നു കണ്ടാണ്…!

ഇപ്പോൾ എന്റെ അച്ഛനറിയാമായിരിക്കും ഒരു വാക്ക് ഉച്ചരിക്കാനുള്ള സമയമേ എന്നിൽ അവശേഷിക്കുന്നുള്ളു എങ്കിൽ പോലും,

എന്റെ ചുണ്ടുകൾ മന്ത്രിക്കുക  “അച്ഛൻ” എന്നു മാത്രമായിരിക്കുമെന്ന്….!

~Pratheesh