അപ്പോൾ ഇനിയെന്നും അഞ്ജന തനിച്ചാണോ ജീവിക്കുന്നെ..ആരുമില്ലാതെ ഇങ്ങനെ ഒറ്റപ്പെട്ട്..

_upscale

നിലാവ് പോൽ

Story written by Neethu Parameswar

=================

സമയം സന്ധ്യയോടടുത്തിരുന്നു.. ഇന്ന് ഓട്ടം നേരത്തേ മതിയാക്കാമെന്ന് കരുതി…കുറേ നാളായി ഒരു വീടെന്ന സ്വപ്നത്തിന്റെ പുറകിലായിരുന്നു അത് യാഥാർഥ്യമാക്കാൻ  ഒരേ അലച്ചിലായിരുന്നു..ഇപ്പോൾ സ്വസ്ഥമായിരിക്കുന്നു..ചെറിയ തലവേദന എന്നെ അലട്ടാൻ തുടങ്ങിയിരുന്നു..അധികം ആൾസഞ്ചാരമില്ലാത്ത റോഡ്  എത്തിയപ്പോഴാണ് ഒരു പെൺകുട്ടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്..ആ പെൺകുട്ടി എനിക്ക് നേരെ കൈനീട്ടി ..

ഇന്നിപ്പോൾ ഓട്ടം മതിയാക്കാം എന്ന് കരുതിയതാണ് പക്ഷേ എനിക്കപ്പോൾ ആ പെൺകുട്ടിയെ കടന്നു പോവാൻ കഴിഞ്ഞില്ല..ബ്രേക്ക്‌ ഇട്ട് ഓട്ടോ അവൾക്കരികിലായി നിർത്തി..

നിഷ്കളങ്കമായ ഒരു കുസൃതിചിരി അവളുടെ  മുഖത്ത് പടർന്നിരുന്നു..കണ്മഷി കൊണ്ട് കണ്ണെഴുതി വലിയ വട്ടപ്പൊട്ടും ചന്ദനവും ചാർത്തി ഒരു നാടൻ പെൺകുട്ടി..

“അതേ ഈ ചുങ്കത്തേക്ക് എത്ര രൂപയാ” അവൾ ചോദിച്ചു..കുട്ടി കേറിക്കോളൂ  ഇവിടെ തനിയെ നിൽക്കണ്ട..ഞാനത് പറയുമ്പോൾ മറ്റൊന്നും ചിന്തിക്കാതെ അവൾ ഓട്ടോയിൽ കയറി..

ഒരു എക്സാമിന് വന്നതാ ചേട്ടാ..പെട്ടെന്ന് ബസ് പണിമുടക്ക് വന്നത് കൊണ്ട് പെട്ടുപോയി..പൈസ കുറവായത് കൊണ്ടാണ് എത്രയാണെന്ന് നേരത്തേ ചോദിച്ചത്..അവളുടെ മുഖത്ത് ഒരു പരിഭ്രമം തെളിഞ്ഞിരുന്നു…

ഓ അത് കുഴപ്പല്യ ഉള്ളത് തന്നാൽ മതി നമ്മളൊക്കെ മനുഷ്യരല്ലേ..ഇങ്ങനെയൊക്കെ അത്യാവശ്യങ്ങളിലല്ലേ സഹായിക്കണ്ടേ..ഞാനത് പറയുമ്പോൾ ആ പെൺകുട്ടിയുടെ മുഖത്തെ മങ്ങൽ മാറി പകരം മനോഹരമായ പുഞ്ചിരി തെളിഞ്ഞു..

ടാറിട്ട റോഡും കടന്ന് ചെമ്മൺ പാതയിലൂടെ ഓട്ടോ ഒരു പഴയ തറവാടിന് മുൻപിൽ ചെന്ന് നിന്നു..നിറയെ മരങ്ങളും ചെമ്പരത്തിപൂക്കളും തെച്ചി പൂക്കളുമൊക്കെയായി പഴമ വിളിച്ചോതുന്ന പഴയ ഓടിട്ട ഇരുനിലവീട്..

അവളെ കണ്ട മാത്രയിൽ ഒരു നാല്  വയസ് തോന്നിക്കുന്ന പെൺകുട്ടി അമ്മേയെന്നും വിളിച്ച് ഓടി വന്ന് അവളെ വട്ടം പിടിച്ചു…ആ മാലാഖകുട്ടിയെ എടുത്തു കൊണ്ട് അവൾ എനിക്ക് നേരെ പൈസ നീട്ടി..

“ചേട്ടാ ഇത് നൂറ്റമ്പത് രൂപയുണ്ട്.. ഇതേ എന്റെ കയ്യിലുള്ളൂ..അതിൽ നിന്നും നൂറു രൂപ വാങ്ങി ഞാൻ തിരികെ നടന്നു..

“അച്ഛാ..” കുഞ്ഞുമാലാഖ കുട്ടിയുടെ ആ വിളി എന്റെ കാതിൽ മുഴങ്ങി..തിരിഞ്ഞ് നോക്കിയപ്പോൾ അവൾ രണ്ടു കയ്യും എനിക്ക് നേരെ നീട്ടി പാൽപല്ലുകൾ കാട്ടിച്ചിരിക്കുന്നു..ഞാനവൾക്ക് നേരെ കൈനീട്ടിയപ്പോൾ ഒറ്റച്ചാട്ടം എന്നിട്ട് തോളിൽ പറ്റിച്ചേർന്നങ് കിടന്നു..പിന്നീട് ആ പെൺകുട്ടി കൈനീട്ടിയിട്ടും പോകാതെ തോളിലൂടെ കയ്യിട്ട് അവൾ കിടന്നു…ഞാൻ അവളെ തിരികെ ഏൽപ്പിച്ച്  പോന്നിട്ടും “അച്ഛാ..അച്ഛാ..എന്നവൾ കൊഞ്ചി കൊണ്ട്  വിളിക്കുന്നുണ്ടായിരുന്നു…തിരികെ നോക്കി നോക്കി വരുമ്പോൾ എന്റെ മനസ്സും ഒന്നിടറി..

“അച്ഛൻ ” എന്ന വാക്കിന് ഇത്രയേറെ സൗന്ദര്യം ഉണ്ടെന്ന് അപ്പോഴാണ് എനിക്ക് തോന്നിയത്..ആരുമല്ലാത്ത ഒരു കുട്ടി തന്നെ അച്ഛാ എന്ന് വിളിച്ചപ്പോൾ..ആ വിളി വീണ്ടും വീണ്ടും  കാതിൽ മുഴങ്ങുന്നു..എന്നിട്ടും എങ്ങനെയാണ് ഒരച്ഛൻ തന്റെ മക്കളെ ഉപേക്ഷിച്ച് പോവുന്നത് ഞാനാലോചിച്ചു..അവളുടെ അച്ഛൻ എവിടെയായിരിക്കും..എന്തായാലും ചെറുപ്പത്തിലേ അച്ഛന്റെ സ്നേഹം നഷ്ടപ്പെട്ട എനിക്ക് ആ വിഷമം മനസ്സിലാവും..പക്ഷേ ഞാൻ അച്ഛനെ ഒരിക്കലും കാത്തിരുന്നിട്ടില്ല..മരിച്ചുപോയവർ ഒരിക്കലും തിരിച്ചു വരില്ലല്ലോ..എന്നാൽ ആ കുഞ്ഞു മനസ്സ് അവളുടെ അച്ഛനെ പ്രതീക്ഷിക്കുന്നുണ്ട്..കാത്തിരിക്കുന്നുണ്ട്.

പിന്നെയുള്ള ദിവസങ്ങളങ്ങനെ കടന്നുപോയി…എന്റെ മാലാഖകുട്ടിയെ ഒന്നുകൂടി കാണണമെന്ന് തോന്നിയെങ്കിലും എന്തിന്റെ പേരിൽ അങ്ങോട്ട് പോകുമെന്നത് എന്നെ അലട്ടി..പിന്നീട് ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഞാനവളെ മനപൂർവം മറന്നു..

കുറേ മാസങ്ങൾക്ക് ശേഷം ഞാനവളെ വീണ്ടും കണ്ടു…സിറ്റി ഹോസ്പിറ്റലിലേക്ക് ഒരു ഓട്ടവുമായി വന്നതാണ് കൂട്ടുകാരന്റെ അമ്മ ആയതിനാൽ ഡോക്ടറുടെ ക്യാബിന് പുറത്തായി കാത്ത് നിൽക്കുകയായിരുന്നു..അപ്പോഴാണ് ആ പെൺകുട്ടി തിരക്കിനിടയിൽ തിക്കി തിരക്കി കൊണ്ട് കടന്നു വരുന്നത് കണ്ടത്..

ആരെങ്കിലും പരിചയകാരുണ്ടോ എന്നവൾ എല്ലാവരുടെ മുഖത്തേക്കും മാറി മാറി നോക്കി..എന്നെ കണ്ടതും അവളുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരാശ്വാസം തെളിയുന്നത് കണ്ടു…

ചേട്ടാ…ഒന്നൂടെ ഒരു ഹെല്പ് ചെയ്യോ അവളെന്നോട് പെട്ടെന്ന് ചോദിച്ചു.

ഹോസ്പിറ്റലിൽ എന്താ എന്തുപറ്റി..ഞാനവളോട് ചോദിച്ചു…

മോൾക്ക് തീരെ സുഖല്ല്യ രണ്ടു ദിവസായി പനി..ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ കുട്ടികളുടെ ഡോക്ടറെ കാണിക്കാനാണ് പറഞ്ഞത്..ഇന്നിപ്പോൾ വല്ലാത്ത പനി..ടെസ്റ്റ്‌കൾ ഒക്കെയായി കയ്യിലുണ്ടായിരുന്നതൊക്കെ തീർന്നു..മോള് തനിച്ചേയുള്ളൂ..ഇതൊന്ന് കൊണ്ട് പോയി വിറ്റ് പൈസ കൊണ്ട് വരാമോ..കയ്യിൽ നിന്ന് മോതിരം ഊരി എനിക്ക് നേരെ നീട്ടി കൊണ്ടവൾ പറഞ്ഞു..ഇപ്പോൾ എന്തായാലും ഞാൻ മരുന്ന് വാങ്ങി വരാം..അവളുടെ കയ്യിലെ ലിസ്റ്റ് പിടിച്ചു വാങ്ങി കൊണ്ട് ഞാൻ പറഞ്ഞു..

വേറെ ഒരു ഓട്ടോ വിളിച്ച് കൂട്ടുകാരന്റെ അമ്മയെ പറഞ്ഞ് വിട്ട് മരുന്നും വാങ്ങി ഞാൻ ചെല്ലുമ്പോൾ അമ്മുക്കുട്ടി ബെഡിൽ കിടക്കുന്നുണ്ട്..അരികിൽ അവളുടെ അമ്മയും..ആ മുഖത്ത് ആധി നിറഞ്ഞ് നിന്നിരുന്നു…

അമ്മുക്കുട്ടി….ഞാനരികിലിരുന്നവളെ വിളിക്കുമ്പോൾ അവളുടെ കുഞ്ഞി കണ്ണുകൾ മെല്ലെ തുറന്നു…അച്ഛാ..അവൾ വിളിച്ചു..

അമ്മുക്കുട്ടി..ഇത് മോളൂന്റെ അച്ഛ…ആ പെൺകുട്ടിയെ പറയാൻ സമ്മതിക്കാതെ ഞാൻ വേണ്ട എന്ന് തലയാട്ടി…ആ വിളിയിൽ വല്ലാത്ത ഒരു സുഖം എനിക്ക് അനുഭവപെട്ടിരുന്നു..കുഞ്ഞിനെ വിഷമിപ്പിക്കണ്ട എന്ന് തോന്നിയതുകൊണ്ടാവും ആ പെൺകുട്ടി പിന്നെയൊന്നും പറയാതിരുന്നത്..

ആ വലിയ വീട്ടിൽ അവളും മോളും തനിച്ചേയുള്ളൂ എന്നെനിക്ക്.മനസിലായി. സഹായിക്കാൻ ആരുമില്ലാതെ..തനിയെ ഇങ്ങനെ..എനിക്കവളെ കുറിച്ച് കൂടുതൽ  അറിയണമായിരുന്നു..പക്ഷേ അവളോടൊന്നും ചോദിക്കാൻ തോന്നിയില്ല..എന്തുകൊണ്ടോ അവളെ പിന്നെയും സങ്കടപ്പെടുത്താൻ തോന്നിയില്ല..

അവൾ അഞ്ജന..ഒരു കുട്ടിയായി എല്ലാ മോഹവും തീർന്നപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു..ഭർത്താവിന്റെ വീട്ടിൽ കുറേ അനുഭവിച്ചു ആ പെൺകുട്ടി..സ്ത്രീധനം ആയിരുന്നു ഒരു കാരണം..അല്ലെങ്കിലും വേണ്ടാതായാൽ ചേർത്ത് നിർത്താൻ ആയിരം കാരണങ്ങൾ ഉണ്ടായാലും ഒഴിവാക്കാനുള്ള ഒരു കാരണം കണ്ടു പിടിക്കും നമ്മൾ മനുഷ്യർ..

സഹോദരനും ഭാര്യയും വേറെ പോയി അഞ്ജനയെ ഒഴിവാക്കി..കുറച്ച് മാസങ്ങൾക്ക്  മുൻപ് അമ്മയും മരിച്ചതോടെ അവൾ തീർത്തും തനിച്ചായി..ഇപ്പോൾ ചെറിയൊരു ജോലിയുണ്ട്..വിവാഹം ബന്ധം വേർപ്പെടുത്തിയതോടെ പിന്നീട് അമ്മുകുട്ടിയുടെ അച്ഛൻ മോളെ കാണാൻ വന്നതേയില്ല..അവളുടെ അച്ഛനിലുള്ള എന്തെങ്കിലും ഒരു സാമ്യം മോളെന്നിൽ കണ്ടെത്തിയിട്ടുണ്ടാവാം ഞാനോർത്തു…

പിന്നീട് പല തവണ അഞ്ജന എന്നെ വിളിച്ചു…മോളെയും കൊണ്ട് പാർക്കിലേക്ക് പോവാൻ..ഉത്സവത്തിന് പോവാൻ..ഷോപ്പിങ്ങിന് പോവാൻ..അങ്ങനെ.. അങ്ങനെ..പക്ഷേ അവളുടെ മുഖത്ത് ഒരിക്കലും ഞാൻ സങ്കടം കണ്ടതേയില്ല..നിറയെ കുപ്പിവളകളണിഞ്ഞ് കിലുങ്ങുന്ന പാദസരം ഇട്ട് ഇഷ്ടമുള്ള ഡ്രെസ്സുകളിട്ട്..അമ്മുക്കുട്ടിയോടൊപ്പം ഉറക്കെ ചിരിച്ച് അവൾ പാറി നടന്നു..

ഞാനുള്ളപ്പോഴെല്ലാം അമ്മുക്കുട്ടി എന്നെ അച്ഛാ എന്ന് വിളിച്ചു..ആ വിളി കേൾക്കാനായി മാത്രം കൈ നിറയെ ചോക്ലേറ്റുമായി ഞാനവിടേക്ക് ചെല്ലും അവളെ എടുക്കും കൊഞ്ചിക്കും തിരികെ പോരും..ചിലപ്പോഴൊക്കെ അഞ്ജന എനിക്ക് ചായ ഇട്ട് തരും..ഞങ്ങൾക്കിടയിൽ വേറെയൊന്നും തന്നെയുണ്ടായില്ല..ഞങ്ങളെ ബാധിക്കുന്ന പൊതുവായ സന്തോഷം അമ്മുക്കുട്ടി മാത്രമാണെന്നെനിക്ക് തോന്നി..

എങ്കിലും ആളുകൾ ഓരോന്ന് പറയാൻ തുടങ്ങി..പക്ഷേ അത് എന്നെയും അവളെയും തെല്ലും ബാധിച്ചില്ല..ഞങ്ങൾക്കറിയാമായിരുന്നു ഇതുവരെ ഞങ്ങൾ അരുതാത്തതൊന്നും ചിന്തിച്ചിട്ടില്ലെന്ന്..പക്ഷേ ബന്ധം വേർപ്പെടുത്തിയോ ഭർത്താവ് മരിച്ചതോ ആയ ഒരു പെൺകുട്ടിക്ക് സമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ വളരെ വലുതാണെന്ന് എനിക്ക് ഇതോടെ മനസിലായി…ആരും സഹായിക്കാനുണ്ടാവില്ല എന്നാൽ അവൾ നന്നായി ഒരുങ്ങി നടന്നാൽ സ്ഥിരമായി ഒരു വണ്ടി വിളിച്ചാൽ എല്ലാം നാട്ടുകാർക്കാണ് പ്രശ്നം..പക്ഷേ അഞ്ജന അതൊന്നും കാര്യമാക്കാതെ എന്നെ അത്ഭുതപ്പെടുത്തികൊണ്ടിരുന്നു…

ഒരു ദിവസം ഞാനവളോട് ചോദിച്ചു.. “അഞ്ജന ഇത്രയൊക്കെ പ്രശ്ങ്ങളിലൂടെ കടന്നുവന്നിട്ടും നിനക്കെങ്ങനെയാണ് ഇങ്ങനെ ചിരിക്കാൻ കഴിയുന്നത്..

അതുകേട്ടതും അവൾ മനോഹരമായ പുഞ്ചിരി സമ്മാനിച്ചു..അപ്പോൾ എന്നെക്കുറിച്ചെല്ലാം അന്വേഷിച്ച് അറിഞ്ഞൂലെ..എന്റെ മാഷേ നമ്മൾ ചെറിയ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ മാത്രമേ ജീവിതത്തിന് മുൻപിൽ പകച്ചുനിൽക്കൂ..വല്യ പ്രശ്നങ്ങൾ വരുമ്പോൾ എങ്ങനെയെങ്കിലും ജീവിച്ചാൽ മതിയെന്നാവും.. അവിടെ നിന്നും നമുക്ക് സ്വയം കരുത്ത് കിട്ടും..എനിക്ക് മരിക്കാൻ കഴിയില്ലായിരുന്നു..കാരണം അമ്മുക്കുട്ടിക്ക് വേണ്ടി ജീവിച്ചേ തീരൂ…എന്തായാലും ജീവിക്കണം അപ്പോഴെന്തിനാ ഇങ്ങനെ വിഷമിച്ച് കഷ്ടപ്പെട്ട് ജീവിക്കുന്നെ..ഉള്ള കാലം എല്ലാം മറന്ന് സന്തോഷത്തോടെ ജീവിച്ചൂടെ..ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു പിന്നീട് ചിന്തിച്ചു നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടെന്ന്..അന്നു മുതൽ ജീവിതം ഹാപ്പിയാണ്.

മാഷ് എന്റെ കൂടെ കൂടി ഉള്ള പേര് കളയണ്ടാട്ടോ..എനിക്കിനി ഒന്നും നോക്കാനില്ല..പക്ഷേ നിങ്ങൾക്കെങ്ങനെയല്ലല്ലോ..

അപ്പോൾ ഇനിയെന്നും അഞ്ജന തനിച്ചാണോ ജീവിക്കുന്നെ..ആരുമില്ലാതെ ഇങ്ങനെ ഒറ്റപ്പെട്ട്..

അങ്ങനെയൊന്നുമില്ല..തീർച്ചയായും എനിക്കൊരു കൂട്ട് വേണം..അമ്മുക്കുട്ടിക്ക് സുഖമില്ലാതാവുമ്പോൾ പ്രതേകിച്ചും രാത്രിയിലൊക്കെയാവുമ്പോൾ എനിക്ക് വല്ലാതെ പേടി തോന്നുന്നുണ്ട്..പക്ഷേ എന്റെ കൂട്ടുകാരൻ അവൾക്ക് അച്ഛനാവണം..അങ്ങനെയൊരാൾ വരുമെങ്കിൽ തീർച്ചയായും ഞങ്ങൾ പുതിയൊരു ജീവിതം വീണ്ടും തുടങ്ങും..

അതുവരെയില്ലാത്ത എന്തോ ഒരു തിളക്കം ആ കണ്ണുകളിൽ എനിക്ക് കാണാൻ സാധിച്ചു..അവൾ  പറഞ്ഞ് നിർത്തുമ്പോൾ  എന്റെ മനസ്സിൽ ഒരു മഴ പെയ്യുന്നുണ്ടായിരുന്നു..സങ്കടങ്ങൾ പെയ്തൊഴിയുന്ന ഒരു സ്നേഹമഴ…

കളിക്കുന്നിടത്ത് നിന്ന് ഓടി വന്ന് അമ്മുക്കുട്ടി “അച്ഛാ..”എന്നെന്നെ വിളിച്ച് ഞങ്ങൾക്കിടയിൽ വന്നിരിക്കുമ്പോൾ ഞാനവളെ എടുത്തെന്റെ നെഞ്ചോട് ചേർത്തു..വളരും തോറും അവളെന്റെ സ്വന്തമായി മാറണം..ബാല്യത്തിൽ തന്നെ അവൾക്ക് ഒരച്ഛന്റെ വാത്സല്യം കിട്ടണം…ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ അഞ്ജനക്ക് ഏറ്റവും നല്ല ഒരു കൂട്ടുകാരനാവണം..ദാമ്പത്യം എന്നാൽ എന്താണെന്ന് അവൾക്ക് മുൻപിൽ വരച്ചുകാണിക്കണം..

അമ്മുക്കുട്ടിയെയുമെടുത്ത് അവളോടൊപ്പം നടന്നുനീങ്ങുമ്പോൾ ആദ്യമായി ഞാൻ അഞ്ജനയുടെ കയ്യിൽ മുറുകെ പിടിച്ചു..ഇനി മുതൽ ശിവനും അഞ്ജനയും അമ്മുക്കുട്ടിയും ഒന്നായിരിക്കും.. ഈ കൈകൾ ഇനി ഒരിക്കലും വിട്ടുകളയില്ലെന്ന് ഞാനവളോട് കാതിൽ പറയുമ്പോൾ എനിക്കുറപ്പുണ്ടായിരുന്നു ഞങ്ങൾക്കൊരുമിച്ചൊരു സ്വർഗം തീർക്കാൻ കഴിയുമെന്ന്…അവിടത്തെ രാജകുമാരിയെന്നും ഞങ്ങളുടെ അമ്മുക്കുട്ടി ആയിരിക്കുമെന്ന്..

~Neethu Parameswar