Story written by Saran Prakash
================
”ഒരു വഹ കൊള്ളില്ല്യാ… വൃത്തീല്ല്യാ… വെടുപ്പൂല്ല്യാ…”
അടുക്കളപിന്നാമ്പുറത്തിരുന്ന് നാണിത്തള്ള ആരോടെന്നില്ലാതെ പരിഭവിച്ചു…
ലളിതേച്ചിയെ പറ്റിയാണ്… നാണിത്തള്ളയുടെ ഒരേയൊരു മരുമോള്…
പെണ്ണും പിടയും വേണ്ടെന്ന് പറഞ്ഞുനടന്നിരുന്നിരുന്ന നാരായണേട്ടനെ, തറവാട് അന്യം നിന്നുപോകുമെന്ന പിടിവാശിയിൽ നാണിത്തള്ള തെന്നെയാണ് ലളിതേച്ചിയെ കണ്ടെത്തി നാല് ദിവസം മുൻപ് കെട്ടിച്ചത്…
പക്ഷേ കെട്ടിയതിന്റെ പിറ്റേന്ന് മുതൽ നാണിത്തള്ളക്ക് ലളിതേച്ചിയിൽ കുറ്റങ്ങളും കുറവുകളുമേയുണ്ടായിരുന്നുള്ളു…
”ഇന്നെന്താ നാണിയേടത്തി പ്രശ്നം…?”
അടുക്കളക്കകത്ത് നിന്നും തേങ്ങ ചിരകിക്കൊണ്ടിരുന്ന അമ്മ ആവേശത്തോടെ വിളിച്ചു ചോദിക്കുന്നുണ്ട്….
അല്ലെങ്കിലും മറ്റൊരാളുടെ കുറ്റങ്ങളിലും കുറവുകളിലും ആവേശം കൊള്ളാൻ പെണ്ണുങ്ങൾക്കെന്നുമൊരു ഉത്സാഹമല്ലേ….
”കാർന്നോന്മാരുടെ കാലം തൊട്ടേ, കുളിച്ചു തൊഴുതേ അവിടത്തെ അടുക്കളയിലേക്ക് പെണ്ണുങ്ങൾ കയറാറുള്ളൂ… പക്ഷേ ആ അസത്ത് ഇന്നത് തെറ്റിച്ചു.. ചോദിച്ചപ്പോൾ മറുപടി തർക്കുത്തരോം….”
നാണിത്തള്ള നെടുവീർപ്പിട്ട്, അകലങ്ങളിലേക്ക് കണ്ണുമിഴിച്ചു…
”നാരായണേട്ടനെക്കൊണ്ട് നിർബന്ധിച്ച് കെട്ടിച്ചതുകൊണ്ടല്ലേ….”
അടുക്കളത്തിണ്ണയിൽ കണ്ണിമാങ്ങയും ചവച്ചിരുന്ന ഞാൻ, എന്റെ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ നാണിത്തള്ളയുടെ മുഖമൊന്നു കനത്തു…
”വല്ല്യോര് കാര്യമായി സംസാരിക്കുമ്പോൾ, കുട്ട്യോള് മിണ്ടരുത്…”
അതിലെന്താ തെറ്റെന്നു ചോദിച്ചതേ ഓർമ്മയുള്ളു… മറുപടി നൽകിയത് അമ്മയുടെ തേങ്ങാപ്പീര നിറഞ്ഞ കൈകളായിരുന്നു… അതും എന്റെ കവിളത്ത്…
”വല്ല്യോര് പറയണതങ്ങു കേട്ടാ മതി…”
സംശയങ്ങൾ പിന്നെയുമേറിയെങ്കിലും, കവിളത്തെ വേദനയിൽ ഞാൻ അതെല്ലാം കടിച്ചമർത്തികൊണ്ടേയിരുന്നു…
”ഇതിന്റെ കുറവ് തന്ന്യാ അവിടുള്ളോൾക്കും… അതൊന്നു ആ നാരായണനോട് പറയാന്നുവെച്ചാൽ അവനെയൊന്നു അടുത്ത് കിട്ടണ്ടേ… പെണ്ണുകെട്ടിയേപ്പിന്നെ പൂവങ്കോഴി കണക്കെയാണ് അവന്റെ നടപ്പ്…”
നാണിത്തള്ള പിന്നെയും പിന്നെയും പരിഭവിച്ചുകൊണ്ട് പടിയിറങ്ങിപ്പോയി…
അമ്മയുടെ മുഖത്ത് ഒരു നേർത്ത പുഞ്ചിരി പൊട്ടിയൊഴുകാൻ കൊതിക്കുന്നുണ്ടായിരുന്നു…
നാരായണേട്ടന്റെ ഈ മാറ്റത്തെ പറ്റി ഇന്നലേംകൂടി അമ്മ അച്ഛനോട് പറഞ്ഞിരുന്നു…
പറമ്പില് പണിയെടുക്കുന്ന ലളിതേച്ചിക്കൊപ്പം കൈസഹായവുമായി നിന്നിരുന്ന നാരായണേട്ടനെ ഒരു ചെറുചിരിയോടെ അമ്മ ഓർത്തെടുത്തു..
ആ കൈസഹായം പറമ്പില് മാത്രമായിരുന്നില്ല, അകത്തളങ്ങളിലും അടുക്കളയിലുമുണ്ടെന്ന നാണിത്തള്ളയുടെ പരിഭവം അമ്മയിലുളവാക്കിയത് ഒരത്ഭുതമായിരുന്നു…
അല്ലേലും, കുളിക്കാനുള്ള ചൂടുവെള്ളത്തിനുപോലും കുളിമുറിയിൽനിന്നും അലറുന്ന അച്ഛനെ മാത്രം കണ്ടു ശീലിച്ച അമ്മക്ക് ഇതെല്ലാം ഒരത്ഭുതമായി തോന്നിയില്ലെങ്കിലല്ലേ അതിശയിക്കേണ്ടൂ…!!
എല്ലാം മൂളികേട്ടതിനുശേഷം അച്ഛൻ പറഞ്ഞത് ഒന്നു മാത്രമായിരുന്നു…
”പെങ്കോന്തൻ….!!!”
അപ്പോഴും നാണിത്തള്ള പരിഭവിച്ചത് മറ്റൊന്നായിരുന്നു…
വന്നു കയറിയ അസത്ത് തലയണമന്ത്രമോതി വശീകരിച്ചതാത്രേ….
മൂവാണ്ടൻമാങ്ങയുടെ പുളിയും നുകർന്നങ്ങനെ ചിന്തകളിൽ മുഴുകിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വീണ്ടും അമ്മയുടെ കൈത്തടങ്ങൾ എന്റെ കവിൾത്തടങ്ങളെ വേദനിപ്പിച്ചത്…
”കൊമ്പത്തുകേറിയിരുന്നു കാലാട്ടരുതെന്ന് എത്ര വട്ടം പറഞ്ഞാലും കേൾക്കില്ലാ…അസത്ത്….”
രുചിയേറിയ മൂവാണ്ടനിൽ അലിയുമ്പോഴെല്ലാം, പലപ്പോഴായി അമ്മ കാതിലോതിയ ശകാരങ്ങളെ ഞാൻ മറന്നിരുന്നു…
വെള്ളിക്കോലിസിന്റെ താളത്തിനൊപ്പം ചുവടുവെച്ചിരുന്ന പാദങ്ങൾക്ക് ഞാൻ ആ നിമിഷം കടിഞ്ഞാണിട്ടു… ഒപ്പം അവയെ തമ്മിൽ ചേർത്തുവെച്ചു…
പെൺകുട്ടികളിരിക്കുമ്പോൾ കാലുകൾ ചേർത്തുവെക്കണംത്രേ….
മൂവാണ്ടന്റെ രുചിയിൽ പലപ്പോഴുമതെല്ലാം മറന്നുപോകുമ്പോൾ, ഓർമ്മപ്പെടുത്തുന്ന അമ്മയുടെ കരങ്ങളോട് കണ്ണീരോടെ പലയാവർത്തി ചോദിച്ചിട്ടുണ്ട്…
”ഇതിലെന്താ തെറ്റ്…”
അപ്പോഴും മറുപടിയുയർന്നത് ആ കൈകളിൽനിന്നുമായിരുന്നു…
”മൂത്തോരോട് തറുതല പറയുന്നോ…!!!”
അയലത്തെ കൃഷ്‌ണേട്ടന്റെ ഇളയ സന്തതി ചൂളമടിക്കാൻ പഠിപ്പിക്കുമ്പോഴും, ത്രിസന്ധ്യക്ക് മുൻപേ മേല് കഴുകാൻ അമ്മ നിർബന്ധിക്കുമ്പോഴും, മാസമുറയിൽ മുറ്റത്തെ തുളസിയില നുള്ളുമ്പോഴുമെല്ലാം വേദനിപ്പിക്കുന്ന അമ്മയുടെ കരങ്ങളോട് പിന്നെ പിന്നെ ചോദ്യങ്ങളില്ലാതായി…
അപ്പോഴെല്ലാം അതിലെന്താ തെറ്റെന്നുള്ള എന്റെ സംശയങ്ങളെ അപ്പാടെ ഞാൻ വിഴുങ്ങിക്കൊണ്ടേയിരുന്നു….
”തിണ്ണയിലിരുന്നു കാലാട്ടണത് കൊണ്ട് എന്താ ഏടത്തി പ്രശനം…”??
അടികിട്ടിയ കവിളും തടവിയിരിക്കുമ്പോഴായിരുന്നു, വേലിയരികിൽനിന്നും ലളിതേച്ചിയുടെ ശബ്ദമുയർന്നത്….
മറുപടി നൽകാനാകാതെ അമ്മയൊന്നു ശങ്കിച്ചു…
”അതുപിന്നെ.. പെൺകൊച്ചല്ലേ ലളിതേ… ഇച്ചിരി അടക്കോം ഒതുക്കോം ഒക്കെ വേണ്ടേ..”
നാളിതുവരെ ഞാൻ തേടി നടന്ന ഉത്തരം ഇതായിരുന്നുവോ….!!!!
”അപ്പൊ ഏടത്തിക്കും അറിയില്ലാന്ന് സാരം… അമ്മക്ക് അറിയോ..??”
ഒരു ചെറുചിരിയോടെ ലളിതേച്ചി നാണിത്തള്ളയെ നോക്കി…
”കൊമ്പത്തിരുന്ന് കാലാട്ടണത് കുടുംബത്തുള്ളോർക്ക് ദോഷാ… ഇതിലെന്താ ഇത്ര അറിയാൻ…”
സംശയം ലവലേശമേതുമില്ലാത്ത ആ മറുപടിയിൽ, പത്താം തരാം എഴുതി വിജയം കൈവരിച്ചവരുടെ അതേ പ്രതീതി തന്നെയായിരുന്നു നാണിത്തള്ളയുടെ മുഖത്തന്നേരം….
അപ്പോഴും ലളിതേച്ചിയുടെ മുഖത്തുമാത്രം പുഞ്ചിരിയേറിക്കൊണ്ടേയിരുന്നു… ആ മറുപടിയിലും ലളിതേച്ചി തൃപ്തിയടഞ്ഞില്ലെന്ന പോലെ…
ആ ചിരി കണ്ടിട്ടാകാം, നാണിത്തള്ളയുടെ മുഖം പിന്നെയും കനത്തു…
തിണ്ണക്കരികിലെ നീളൻ ചൂലുമെടുത്ത് അമ്മ വേഗത്തിൽ അകത്തളത്തേക്ക് കടന്നു…
നാരായണനേട്ടനെക്കൊണ്ട് എത്രയും വേഗത്തിൽ ഇതിനെല്ലാം ഒരു തീരുമാനമാക്കണമെന്ന ചിന്തയോടെ നാണിത്തള്ള രംഗത്തിൽ നിന്നും പിന്നാമ്പുറത്തേക്കും…
മൂവാണ്ടൻമാങ്ങയും കാരിക്കൊണ്ട്, ഞാൻ പതിയെ വേലിയരികിലെത്തി…
”സത്യത്തിൽ ഇവരിലാരാ ശരി ലളിതേച്ചി..??”
പറമ്പിലെ ചവറടിച്ചുകൂട്ടി തീയിട്ടിരുന്ന ലളിതേച്ചി തലയുയർത്തി എന്നെ നോക്കി വീണ്ടും പുഞ്ചിരിച്ചു…
”ഇവര് രണ്ടാളുമല്ല ശരി…”
“പിന്നെ…??” എന്നിൽ ആകാംക്ഷയേറി…
”ഇതിലെന്താ തെറ്റെന്നു ചോദിച്ച നീയാണ് ശരി… നമ്മളാണ് ശരി…”
എന്റെ മൂക്കിൻ തുമ്പിൽ നുള്ളിക്കൊണ്ടുള്ള ലളിതേച്ചിയുടെ ആ മറുപടിക്ക് എന്നിലെ സംശയങ്ങളെ സാധൂകരിക്കാനായില്ല…
കണ്ണുകൾ ചുളിച്ചു ഞാൻ നിൽക്കവേ, ഒരു കഥയെന്ന പോലെ ലളിതേച്ചി വീണ്ടും പറഞ്ഞു… ഒരു കാലഘട്ടത്തെക്കുറിച്ച്…
ചിമ്മിനിവെട്ടത്തിന്റെ ഇത്തിരി വെളിച്ചത്തിൽ മാത്രം ജീവിച്ചിരുന്നവരെപ്പറ്റി…. അടച്ചുറപ്പില്ലാത്ത കൂരക്കുള്ളിൽ ജീവിതം പടുത്തുയർത്തിയിരുന്നവരെപ്പറ്റി…ആ ജീവിതത്തിൽ അവർ മെനഞ്ഞെടുത്ത അവരുടെ അലിഖിത നിയമങ്ങളെപ്പറ്റി…..
കട്ടിലിനടിയിലും മറ്റും സൂക്ഷിച്ചുവെച്ചിരുന്ന ഭരണികളെ തട്ടിമറിച്ചിടാതിരിക്കാൻ അവർ കണ്ടെത്തിയ സൂത്രമായിരുന്നത്രെ കൊമ്പത്തുകേറി കാലാട്ടിയാൽ കുടുംബത്തിന് ദോഷമാണെന്ന പല്ലവി…
ഇരുളിൽ മാടിയൊതുക്കുന്ന മുടിയിഴകൾ കൊഴിഞ്ഞുവീഴുന്നതെവിടേക്കെന്നറിയാത്തതിനാലത്രെ രാത്രികളിൽ മുടിചീകലിന് ബന്ധനമേർപ്പെടുത്തിയത്…
ആ ചിട്ടകളും രീതികളും, അവർ കൈമാറ്റം ചെയ്തുകൊണ്ടേയിരുന്നു…എന്തിനെന്നോ ഏതിനെന്നോ അറിയാതെ പുത്തൻ തലമുറകൾ, അവ ഏറ്റെടുത്തുകൊണ്ടേയിരുന്നു..
മാറിമറിഞ്ഞ കാലഘട്ടങ്ങളിലേക്ക് അപ്പോഴും, കണ്ണുകൾ തുറന്നാരും നോക്കിയില്ല… കാതുകളാരും കൂർപ്പിച്ചില്ല…
അപ്പോഴെല്ലാം അവർ പറഞ്ഞതിത്രമാത്രം…
“കാർന്നോന്മാര് പറഞ്ഞിട്ടുണ്ട്……”
കാലം മാറിയിട്ടും ആ ചിട്ടകളിനിയുമെന്തിനെന്ന് ആരും ചോദ്യം ചെയ്തതുമില്ല…
അല്ലെങ്കിൽ, ചോദ്യംചെയ്തവരെ അവർ അടിച്ചമർത്തിക്കൊണ്ടേയിരുന്നു…
അമ്മയുടെ അടിയേറ്റുവാങ്ങിയ എന്റെ കവിളിൽ ലളിതേച്ചി പതിയെ തലോടി….
വെളിച്ചം വീണിട്ടും,, ഇന്നും തെളിയാത്ത ജീവിതങ്ങൾ….!!!!
അതേ… ലളിതേച്ചിയാണ് ശരി… നാളിതുവരെ ഉള്ളിലുടലെടുത്ത സംശയങ്ങൾക്കെല്ലാം ഇന്ന് അറുതിവീണിരിക്കുന്നു… ഒന്നിനൊഴികെ….
”അല്ല ലളിതേച്ചി,, അപ്പൊ കുളിക്കാതെ അടുക്കളയിൽ കേറിയതിന് നാണിത്തള്ള പരിഭവിക്കുന്നതോ…???”
അണയാത്ത ആ സംശയത്തിനുള്ള മറുപടിയെന്നോണം ലളിതേച്ചിയൊരു നെടുനീളൻ നെടുവീർപ്പിട്ടു…
”കട്ടില് കണ്ടാൽ നാരായണേട്ടൻ ശ വമായി മാറുമെന്ന് അവർക്കറിയില്ലല്ലോ….!!!”
ലളിതേച്ചിയുടെ ആ നെടുവീർപ്പിന്റെ പൊരുളറിഞ്ഞില്ലെങ്കിലും, കുട്ട്യോള് അറിയാൻ പാടിലാത്ത ചിലതൊക്കെയുണ്ടെന്ന് ആ മുഖത്തെ പുഞ്ചിരി എന്നെ ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു…
അപ്പോഴും, അകത്തളത്തിൽനിന്നും അമ്മ വിളിച്ചുകൂവുന്നുണ്ട്…
”വിളക്ക് വെക്കണ നേരത്ത് ഊരുതെണ്ടരുതെന്നത്ര പറഞ്ഞാലും കേൾക്കില്ല്യാ…അസത്ത്…..”!!!!