മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
രാഖിയുടെ സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു അത്
നമുക്ക് ഈ ദിവസം അടിച്ചുപൊളിക്കണം വിവേക് രാഖി പറഞ്ഞു
അതെ…വാ നമുക്ക് എന്തെങ്കിലും സ്പെഷ്യലായിട്ടുണ്ടാക്കാം …
വേണ്ടാ.. ഇന്ന് എല്ലാ ആഹാരവും എന്റെ അമ്മ തന്നെ ഉണ്ടാകട്ടെ..
എത്ര നാളായി വിവേകേട്ടാ ഞാൻ എന്റെ അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ആഹാരം കഴിച്ചിട്ട് രാഖിയുടെ മിഴികളിൽ നനവൂറി
അതു കേട്ടപ്പോൾ മാലാതിക്കും വിഷമമായി. അവൾ രാഖിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു,
എന്നാ എന്റെ മോൾക്കിന്നു അമ്മയുടെ കൈ കൊണ്ടു തന്നെ ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി തരാം…
മാലതി രാഖിയെയും കൂട്ടി അടുക്കളയിലേക്ക് പോയി രണ്ടുപേരും കളിയും തമാശകളുമായി പാചകം ചെയ്യാൻ തുടങ്ങി
രാഖിയുടെ നിർത്താതെയുള്ള വർത്തമാനം കേട്ട് നന്ദനും വിവേകും അൽഭുതപ്പെട്ടു…ഇത്രയും സംസാരിക്കാൻ ഇവൾക് അറിയുമായിരുന്നോ..നന്ദൻ ഓർത്തു..
മാലതി ജയിലിൽ പോയതിൽ പിന്നെ ഇവളുടെ ഒച്ച ഉയർന്നു കേട്ടിട്ടില്ല.. ചിരിച്ചും കണ്ടിട്ടില്ല
ഇത്രയും നാളും ആരോടും അധികമൊന്നും മിണ്ടുന്നതു ആരും കണ്ടിട്ടില്ല. ഈ വീടിൻറെ ചുവരുകൾക്കുള്ളിൽ ഇത്രയും നാൾ ഇവൾ കഴിച്ചുകൂട്ടിയത് ..
ഇത്രയും ആഗ്രഹങ്ങൾ ഉള്ളിലൊതുക്കിയാ യിരുന്നോ
അല്ലെങ്കിലും താനൊരിക്കലും തന്റെ ഭാര്യയുടെയോ, മക്കളുടെയോ ഒരു കാര്യവും ശ്രദ്ധിച്ചിരുന്നില്ലലോ. എല്ലായിടത്തും പരാജിതനായി പോയൊരു പാഴ് ജന്മം.. നന്ദൻ നിന്ദയോടെ ഓർത്തു..
മാലതിയും മോളുടെ ഓരോ കാര്യങ്ങൾ കേൾക്കുകയായിരുന്നു
ഒരുപാട് നാളുകൾക്കു ശേഷം അവൾ സ്വന്തം മകൾക്കും ഭർത്താവിനുമായി പാചകം ചെയുമ്പോൾ അതിൻറെ സ്നേഹവും സംതൃപ്തിയും അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു
ഉച്ചയായപ്പോഴേക്കും പറ്റാവുന്ന വിഭവങ്ങളെല്ലാം മാലതിയും രാഖിയും ചേർന്നുണ്ടാക്കി കഴിഞ്ഞു
നാലു പേരും ഒരുമിച്ച് സന്തോഷത്തോടെ ആഹാരം കഴിച്ചു…
ഊണിനു ശേഷം എല്ലാവരും പൂമുഖത്ത് വന്നിരുന്നു…
വിവേകിന് രാഖിയോട് തനിച്ചൊന്നു സംസാരിക്കണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ അതിനുള്ള അവസരം കിട്ടിയില്ല
അപ്പോഴാണ് വിവേകിന്റെ ഫോൺ ബെല്ലടിച്ചത്. മഹാദേവനായിരുന്നു വിളിച്ചത് ഹലോ അച്ഛാ…
എന്തുണ്ട് മോനേ വിശേഷം പോയിട്ട് ഇത്ര നേരമായിട്ടും ഇങ്ങോട്ടൊന്നും വിളിച്ചില്ലല്ലോ വിവരങ്ങളൊന്നും അറിയിച്ചില്ലല്ലോ
അത് അച്ഛാ ഞാൻ മറന്നു പോയി ഇവിടെ അത്രയ്ക്ക് സന്തോഷമായിരുന്നു വാസന്തിയെ…അപ്പച്ചി തകർത്തു വാരി
അച്ഛൻ അതൊന്നു നേരിട്ട് കാണണമായിരുന്നു
അതെയോ അവൾ ഇറങ്ങിയോ ഒരു എതിർപ്പുമില്ലാതെ
പരമാവധി പിടിച്ചുനിൽക്കാൻ നോക്കി പക്ഷേ നന്ദൻ മാമകൂടി തള്ളി പറഞ്ഞതോടെ അവർക്ക് ഇറങ്ങാതെനിവൃത്തിയില്ലായിരുന്നു
പിന്നെ അപ്പച്ചിയുടെ വക ചെറിയൊരു സദ്യയുണ്ടായിരുന്നു ഞങ്ങൾ നാലു പേരും അടിച്ചുപൊളിച്ച ആസ്വദിച്ച് കഴിച്ചിട്ടു ഇവിടെ ഇരിക്കുകയാണ്
മോൻ അവളെ അവിടെ നിർത്തിയിട്ട് ഇങ്ങുപോരെ നാളെ നമുക്ക് പെണ്ണുകാണാൻ ഒരുമിച്ച് പോകാം
അപ്പോൾ രാഖിയെ അങ്ങോട്ട് കൊണ്ടു വരണ്ടേ
അതെങ്ങനെ ശരിയാകും മോനെ പെണ്ണുകാണാൽ നമ്മുടെ വീട്ടിൽ വെച്ച് എങ്ങനെയാ നടത്തുന്നത്..
തന്നെയുമല്ല അവർ മൂന്നു പേരും കൂടി ഒരുമിച്ച് കുറച്ചുദിവസം അവിടെ താമസിക്കട്ടെ
നന്ദനും മാലതിയ്ക്കു മനസുതുറക്കാൻ അതൊരു അവസരവും ആകും ഇവിടെ ആയാൽ അവർക്ക്തിന് കഴിഞ്ഞെന്നുവരില്ല
എന്തായാലും നമ്മൾ അവരെ അവിടെ നിന്നും മാറ്റും
എന്റെ അനിയത്തി ഇനി എന്റെ കണ്ണിൻ മുന്നിൽ തന്നെ വേണമെന്നാണ് എനിക്ക് ആഗ്രഹം
അതിനു വേണ്ടിയാണ് ഞാൻ ഈ തറവാടിനടുത്തു തന്നെ അവളുടെ ഷെയറിൽ അവൾക്കായി വീട് പണിഞ്ഞത്
അത് അപ്പച്ചി അറിഞ്ഞോ അച്ഛാ..
ഇല്ല നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം എത്തിയിട്ട് വേണം… മൂന്നുപേരെ ഇങ്ങോട്ടേക്ക് താമസം മാറ്റാൻ അതുവരെ ഇക്കാര്യം നമ്മുടെ ഉള്ളിൽ തന്നെയിരിക്കട്ടെ
നീ അവളുടെ കൈയിൽ ഫോൺ കൊടുക്കു ഞാൻ കാര്യം പറയാം
വിവേക് ഫോൺ മാലതിക്ക് കൈമാറി മഹാദേവൻ മാലതിയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി
ശരി ഏട്ടാ ഞാനിവിടെ എന്റെ മോളുടെ കൂടെ കുറച്ചുദിവസം നിൽക്കട്ടെ.. മാലതി ഫോൺ കട്ട് ചെയ്തു
അപ്പോഴാണ് വിവേക് ഓർത്തത്അപ്പച്ചിക്ക് മാറ്റിയുടുക്കാൻ ഡ്രസ്സ് ഒന്നും എടുത്തില്ലല്ലോ നമ്മളിന്നു തന്നെ അങ്ങ് പോണം എന്ന് വിചാരിച്ചു അല്ലേ വന്നത്..
അപ്പോഴാണ് മാലതിയും അതോർത്തത് എങ്കിൽ അപ്പച്ചി വാ നമുക്ക് പോയി വാങ്ങിയിട്ട് വരാം ഇവിടെ അടുത്ത് ഷോപ്പ് ഉണ്ടല്ലോ
ജോലി ചെയ്തു ഞാൻ ആകെ വിയർത്തു നിൽക്കുകല്ലേ.ഈ വേഷത്തിൽ ഇനി ഞാൻ എങ്ങോട്ടുമില്ല ഒരു കാര്യം ചെയ്യ് മോൻ രാഖിമോളെയും കൂട്ടി പോയിട്ട് വാ..
മോളെ നീ വിവേകിന്റെയൊപ്പം പോയി വാ മാലതി രാഖിയോട് പറഞ്ഞു
വിവേകിന് ആ വാക്കുകൾ കാതിൽ കുളിർ മഴയായി പെയ്തു
വന്നിട്ട് ഇത്ര നേരമായിട്ടും അവളോട് തനിച്ച് ഒന്ന് സംസാരിക്കാൻ പറ്റാത്തത്തിന്റെ വിഷമത്തിലായിരുന്നു അവൻ.
രാഖി വേഗം ഒരുങ്ങി ഇറങ്ങി വിവേകിനെപ്പം കാറിൽ കയറി യാത്രയായി…
തനിച്ചായപ്പോൾ മാലതിക്കും, നന്ദനും ഒരു പതർച്ച തോന്നി.. ഇനി എന്താ പറയുക എന്നോർത്ത്.. വാക്കുകൾ നാവിനു അപരിചിതമായ പോലെ…
മാലതി മെല്ലെ അടുക്കളയിലേയ്ക്കു പിൻ വലിഞ്ഞു.. അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലായിരുന്നെങ്കിലും എന്തൊക്കെയോ ജോലിത്തിരക്ക് ഭാവിച്ചു നിന്നു..
അപ്പോഴാണ് പിന്നിൽ ഒരു അനക്കം കേട്ടത്.. തിരിച്ചു നോക്കിയ മാലതി കണ്ടു.. വാതിൽ പടിയിൽ തന്നെയും നോക്കി നിൽക്കുന്ന നന്ദനെ..
ഉള്ളിലെ പതർച്ച മറച്ച് മാലതി ചോദിച്ചു എന്താ നന്ദേട്ടാ എന്തെങ്കിലും വേണോ..
മാലതിയെ തന്നെ നോക്കി നിന്നിരുന്ന നന്ദൻ ആ ചോദ്യം കേട്ടില്ല..
മാലതിക്ക വീർപ്പുമുട്ടുന്ന പോലെ തോന്നി… അവൾ വേഗം തിരിഞ്ഞുനിന്നു…
എന്താ മാലതി എന്നെ ഒന്ന് നോക്കാൻ പോലും നിനക്കു അറപ്പാണോ ഇപ്പോളും ആ പഴയ ദേഷ്യം ഉള്ളിൽ ഉണ്ടോ…
ഉണ്ടാകും എനിക്ക് അറിയാം.. നിനക്കൊരികളും എന്നോട് ക്ഷമിക്കാൻ കഴിയില്ല എന്ന്..
നിന്നോടും ലക്ഷ്മി മോളോടും ഞാൻ അത്രയേറെ ക്രൂരത ചെയ്തില്ലേ..
അതിനൊക്കെ നന്ദേട്ടൻ സ്വയം ശിക്ഷ വിധിച്ചതല്ലേ പിന്നെ എന്തിനാ ഇങ്ങനെ സ്വയം നീറുന്നു…അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ..
നമുക്കിപ്പോ രാഖിമോളെ കുറിച്ചു ആലോചിക്കാം..
നന്ദേട്ടാ നാളെ വിവേക് മോളെ പെണ്ണുകാണാൻ വരുമെന്നു ഏട്ടൻ വിളിച്ചു പറഞ്ഞു…അതൊരു ചടങ്ങ് മാത്രമാണ് അവർ തമ്മിൽ ഇഷ്ടമാണ്
മഹാദേവൻ എന്നെ വിളിച്ചു പറഞ്ഞിരുന്നു. അപ്പോഴാണ് നിങ്ങൾ ഇങ്ങോട്ട് പുറപ്പെട്ട വിവരം ഞാൻ അറിയുന്നത്…
നന്ദേട്ടൻ എവിടെ പോയതായിരുന്നു
ഞാൻ എന്നും നമ്മുടെ തറവാട് വീട് വരെ പോയിവരും ആളനക്കമില്ലാതെ അത് നശിച്ചു പോയാലോ കരുതി ഞാൻ പോയി എന്നും അടിച്ചു വാരിയിടും
ഇന്ന് പക്ഷെ അവിടെ വരെ പോകാൻ പറ്റിയില്ല അപ്പോഴേക്കും മഹാദേവന്റെ കോൾ വന്നു..
എനിക്കറിയാമല്ലോ വാസന്തിയുടെ സ്വഭാവം..അതുകൊണ്ടാണ് ഞാൻ വേഗം തിരിച്ചു വന്നത്
അവിടെ നന്ദേട്ടൻ എന്നും പോകുമോ മാലതിയുടെ ഒച്ച പതറി
ഉം.. ഞാൻ പോകും എന്നും പോയി അടിച്ചുവാരും നമ്മുടെ മക്കൾ അവിടെ തനിച്ചായി പോകില്ലേ അതുകൊണ്ട് ഞാൻ എന്നും പോയി അവരുടെ കുഴിമാടത്തിനരികിലിരിക്കും
ഒരുപാട് സംസാരിക്കും… ഈ പാപിയായ അച്ഛനോട് ക്ഷമിക്കാൻ യാചിക്കും.. ഏതു ഗംഗയിൽ മുങ്ങിയാലാ..മാലു എനിക്കു പാപ മോക്ഷം കിട്ടുക..
ലോകത്തിലേക്കും ഏറ്റവും ക്രൂരനായ ഒരു അച്ഛന്റെ മക്കളായി പിറന്നതാണ് അവർ ചെയ്ത തെറ്റ്
ഒരിക്കൽ പോലും സ്നേഹത്തോടെ അവരെ ഞാനൊന്നു ലാളിക്കുകയോ ചേർത്തുപിടിക്കുക ചെയ്തിട്ടില്ല
പകരം വെറുപ്പും വിദ്വേഷവും മാത്രം മനസ്സിൽ കുത്തിനിറച്ചു.. അതിന്റെ ഫലമാണ് നമ്മുടെ മോൻ അങ്ങനെയായിപ്പോയത്…രാജി മോൾ നിന്നെ വെറുത്തു പോയത്….
ഞാൻ.. ഞാനൊരു നല്ല അച്ഛനാരുന്നെങ്കിൽ നിനക്കോ നമ്മുടെ മക്കൾക്കോ ഇന്നി അവസ്ഥ വരില്ലായിരുന്നു.. ഇല്ലേ മാലതി
മാലതിയിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു
നിനക്ക് നമ്മുടെ മക്കളെ കാണണ്ടേ മാലതി…
വേണം എൻറെ ഉള്ളിലെ ആഗ്രഹം ഞാൻ അടക്കി വെച്ചിരിക്കുകയാണ് അവിടേക്ക് വരാനുള്ള ശക്തി എനിക്കില്ല
ഒരുപക്ഷേ അവിടേക്ക് ഒരിക്കൽ കൂടി വന്നാൽ ചിലപ്പോളെന്റെ സമനില തെറ്റി പോകുമായിരിക്കും
എൻറെ രാഖി മോളുടെ കല്യാണം ഒന്നു കഴിയട്ടെ ഇത്രയും നാള് എൻറെ കുഞ്ഞു ഒരുപാട് സഹിച്ചു ഇനിയെങ്കിലും അവൾ ആഗ്രഹിച്ച ജീവിതം നേടി കൊടുത്തിട്ട് മതി ഇനി അവിടേയ്ക്കൊരു പോക്ക്
എല്ലാം ഒരുപാട് സ്വപ്നം കണ്ടിട്ട് അമ്മയുടെ ഒരു തെറ്റ് കൊണ്ട് എൻറെ കുഞ്ഞു ഇനി ഒരിക്കലും വിഷമിക്കാനിടവരരുത്
അവളെ വിവേകിന്റെ കരങ്ങളിലേൽപിച്ചു കൊടുത്തിട്ടു മാത്രമേ ഞാൻ നമ്മുടെ മക്കളെ കാണാൻ അവിടേക്ക് വരു
അത് മതി മാലു നിനക്ക് എപ്പോൾ പോകണം എന്ന് തോന്നിയാലും എന്നോട് പറഞ്ഞാൽ മതി ഞാൻ കൊണ്ടുപോകാം…
മാലതി കണ്ണുകളമർത്തി തുടച്ചു…
നാന്ദേട്ടാ രാജിയെയും രാജേഷിനെയും വിവരമറിയിക്കേണ്ടെ രാഖിമോളുടെ കാര്യം
അത് ഞാൻ വിളിച്ചു പറയാം നന്ദൻ വിളിക്കാനായി ഫോണെടുത്തു രാജേഷിനെ വിളിച്ചു ചുരുങ്ങിയ വാക്കുകളിൽ വിവരം ധരിപ്പിച്ചു രാവിലെതന്നെ എത്താമെന്ന് രാജേഷ് വാക്കുകൊടുത്തു
മാലതി ഇവിടെയുണ്ടെന്ന് അറിവ് അയാളിൽ ഒരുപാട് സന്തോഷം പകർന്നു… അച്ഛാ അമ്മ ഇവിടെ വന്നപ്പോൾ രാജി അമ്മയെ ഒരുപാട് നോവിച്ചു അതിനു ഞാൻ അച്ഛനോടും അമ്മയോടും മാപ്പ് പറയുന്നു
എന്ത് മാലതി അവിടെ വന്നെന്നോ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ… അപ്പോൾ അമ്മ അച്ഛൻ ഒന്നും പറഞ്ഞില്ലേ
ഇല്ല മാലതി എന്നോടൊന്നും പറഞ്ഞില്ല..രാജേഷ് നടന്ന കാര്യം അയാളെ അറിയിച്ചു… അവന്റെ വാക്കുകൾ അയാളിൽ വല്ലാത്ത വേദനയുണ്ടാക്കി
പാവം എന്റെ മാലു…ഇതിനെല്ലാം കാരണം താൻ തന്നെയാണെന്ന് അയാൾ വേദനയോടെയോർത്തു… അയാൾ ഫോൺ കട്ട് ആക്കി… കസേരയിലേക്ക് തലചായിച്ചു നന്ദന്റെ ഇരു കണ്ണ് കോണിലൂടെയും മിഴിനീരൊഴുകിയിറങ്ങി
സന്ധ്യാ ആകാറായപ്പോഴാണ് വിവേകും രാഖിയും തിരിച്ചുവന്നത് സാമാന്യം നല്ല രീതിയിൽ തന്നെ എന്തൊക്കെയോ വാങ്ങി കൂട്ടിയിട്ടുണ്ട്
എന്തിനാ മോനെ ഇത്രയേറെ ഡ്രസ്സ് എടുത്തത് അവിടെയും ഇരിപ്പുണ്ട്
ഇതെല്ലാവർക്കും ഞാൻ അങ്ങ് എടുത്തു നാളെ രാവിലെ ഇടാൻ ഇവൾക്കും എനിക്കും ഒരേ ജോഡിഡ്രസ്സെടുത്തു
അതിൻറെ ആവശ്യമിപ്പോൾ ഉണ്ടായിരുന്നോമോനെ നന്ദൻ ചോദിച്ചു
വേണം…. ഞാൻ വന്നിട്ട് അവൾക്ക് ഒന്നും വാങ്ങി കൊടുത്തില്ലല്ലോ അതുകൊണ്ടാ
നേരം ഒരുപാടായി ഞാനിനി ഇറങ്ങുവാ അപ്പച്ചി… നന്ദൻ മാമേ എന്നാൽ ഞാൻ ഇനി ഇറങ്ങുകയാണ് നാളെ രാവിലെ കാണാം
ശെരി മോനെ പോയി വാ രാഖിയോടു മിഴികൾ കൊണ്ട് യാത്രാ ചോദിച്ചു അവൻ കാറിൽ കയറി പോയി
പിറ്റേ ദിവസം അതിരാവിലെ തന്നെ രാഖിയും മാലതിയുംകൂടെ എഴുന്നേറ്റ് ജോലി എല്ലാം ഒതുക്കി വീടെല്ലാം വൃത്തിയാക്കി
അവരുടെ വരവിനായി കാത്തിരുന്നുമാലതി അവളെ നന്നായി അണിയിച്ചൊരുക്കി രാജേഷും രാജിയും നേരത്തെ തന്നെ എത്തിച്ചേർന്നു
രാജി മാലതിയെ പരമാവധി അവഗണിച്ചു അവളെ നോക്കുമ്പോഴെല്ലാം പരിഹാസത്തോടെ പുച്ഛം മാത്രമായിരുന്നു രാജിയുടെ മുഖത്തു
രാഖി അങ്ങോട്ട് ചെന്ന് സംസാരിച്ചപ്പോൾമാത്രം അവൾ എന്തോ മറുപടി പറഞ്ഞു അല്ലാതെ അവരുടെ അടുത്തേക്ക് ചെന്നതെയില്ല രാജേഷിന് അതിൽ അവളോട് നല്ല ദേഷ്യമുണ്ടായിരുന്നു
അച്ഛാ ദാ അവരെത്തി രാജേഷ് നന്ദനോട് വിളിച്ചു പറഞ്ഞു… മഹാദേവനും കുടുംബവും എത്തിച്ചേർന്നു പിന്നെ എല്ലാം ഒരു ചടങ്ങിനു വേണ്ടി മാത്രം
എല്ലാവരുടെയും ആ സന്തോഷം രാജിക്ക് അലോസരം ആണ് ഉണ്ടാക്കിയത്
കാരണം അവൾ വിവേകിനെ ഒരുപാട് മോഹിച്ചിരുന്നു അവളുടെ ഇഷ്ടം അവനെ അറിയിക്കുകയും ചെയ്തതാണ് പക്ഷേ ഒരിക്കലും തനിക്ക് അവൾ അങ്ങനെ കാണാൻ പറ്റില്ല എന്നും പറഞ്ഞ് ഒഴിവാക്കി
ഇപ്പോൾ അനിയത്തിക്ക് ആ ഭാഗ്യം കിട്ടുന്നതറിഞ്ഞ് അവളുടെയുള്ളിൽ അസൂയയും പകയും നുരഞ്ഞുപൊന്തി
എന്തായാലും വാസന്തി ചെറിയമ്മ അടിച്ചിറക്കിയത് നല്ലതായില്ല ഇത്രയും നാൾ അവർ ഇവിടെ അല്ലായിരുന്നോ പെട്ടെന്നൊരു ദിവസം എല്ലാരും കൂടി ചേർന്ന് അവരെ ഇറക്കിവിട്ടു
എല്ലാവരുടെയും സന്തോഷത്തിലേക്ക് ഒരു ഇടിമുഴക്കം പോലെ അവൾ പറഞ്ഞു
രാജി നിൻറെ സംസാരം ഇവിടെ നിർത്തിക്കോ നന്ദൻ പറഞ്ഞു….
എന്താ അച്ഛാ ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ അവർ എന്ത് തെറ്റ് ചെയ്ത് സ്വന്തം മക്കളെ കൊല്ലുകയൊന്നും ചെയ്തില്ലല്ലോ
കൊന്നവരെക്കെ അഭിമാനത്തോടെ വീണ്ടും വലിഞ്ഞു കേറി വന്നു യാതൊരു കുറ്റബോധവുമില്ലാതെ ചിരിച്ചുല്ലസിച്ചു നടക്കുന്നു
മഹാദേവൻ എഴുന്നേറ്റു എന്താ നീ പറഞ്ഞത്…… ഞാൻ പറഞ്ഞത് തന്നെയാണ് എനിക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല സ്വന്തം മക്കളെ കൊന്ന ദുഷ്ട…
മഹാദേവൻന്റെ കൈ അവളുടെ കരണത്ത് ആഞ്ഞു പതിച്ചു ഇനി ഒരിക്കൽ കൂടി നീ എൻറെ പെങ്ങളെ ഇത് പറഞ്ഞാൽ നിൻറെ അടുത്ത ചെകിടും പൊട്ടും
രാജി അവളുടെ കവിളിൽ അമർത്തി പിടിച്ചു കൊണ്ട് നന്ദന്റെ അടുത്തേക്ക് ചെന്നു…
അച്ഛാ ഇത് കണ്ടോ എന്നെ അടിച്ചത് അച്ഛനും ഇഷ്ടമല്ലായിരുന്നോ വാസന്തി ചെറിയമ്മയെ….
അവരെ ഇറക്കിവിട്ടിട്ടു ഒരു കൊലപാതകിയെ വീട്ടിൽ കയറ്റി താമസിപ്പിച്ചിരിക്കുന്നു.. അച്ഛനും ഇതിനൊക്കെ കൂട്ടു നില്കുവാണോ
അടുത്തടി നന്ദന വകയായിരുന്നു നീ ഇനിയൊരു വാക്ക് അവളെക്കുറിച്ച് ശബ്ദിച്ചു പോകരുത്
നിന്റെ വീട്ടിൽ അവൾ വന്നപ്പോഴുണ്ടായ സംഭവങ്ങളെല്ലാം രാജേഷ് എന്നോട് പറഞ്ഞു
നിനക്ക് എങ്ങനെ തോന്നിയെടി സ്വന്തം അമ്മയുടെ മുഖത്തു നോക്കി ഇങ്ങനെ പെരുമാറാൻ…
എന്തുകൊണ്ട് പറഞ്ഞു കൂടാ അച്ഛനല്ലേ അമ്മയെ കുറിച്ച് ഞങ്ങളുടെ മനസ്സിൽ വിഷം നിറച്ചത്
അച്ഛനല്ലേ അമ്മയിൽ നിന്നും ഞങ്ങളെ അകറ്റിയത്… നന്ദനിൽ ഒരു പതർച്ചയുണ്ടായി….
ശരിയാ അന്ന് എനിക്ക് പറ്റിയ ഒരു തെറ്റ് എൻറെ വിവേകം ഇല്ലായ്മ ഞങ്ങളുടെ സന്തോഷകരമായ ജീവിതത്തിനിടയിൽ ആദ്യത്തെ ഒരു കുഞ്ഞു വന്നപ്പോൾ അവൾക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞു പോയോ എന്നുള്ള എൻറെ ഒരു അങ്കലാപ്പ് അതെന്നെ സ്വാർത്ഥനാക്കി
ഒരു സ്ത്രീ അമ്മ ആകുന്നതോടെ അവളിൽ മാനസ്സികവും, ശാരീരികമായ മാറ്റങ്ങൾ ഉണ്ടാകും എന്ന് തിരിച്ചറിയാത്ത ഞാൻ അവളെ എപ്പോഴും കുറ്റപ്പെടുത്താൻ ഒറ്റപ്പെടുത്താനും നോക്കി
സുഖമില്ലാത്ത തൻറെ കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിക്കുന്ന പകരം ഞാൻ അവളെ വെറുത്തു
എന്റെ മാലതിയുടെ സ്നേഹം നഷ്ടമാക്കിയ അവളെ ഞാൻ എൻറെ ശത്രുവിനെ പോലെയാ കണ്ടത് എൻറെ തെറ്റ് ശരിയാണ്
നിങ്ങൾ രണ്ടുപേരെയും പോലെ തന്നെയാണ് ഞാൻ രാഖി മോളോടും പറഞ്ഞത് എന്നിട്ട് അവൾ അമ്മയെ വെറുത്തില്ലല്ലോ
അവൾ രണ്ടു കരങ്ങളും നീട്ടി ആണല്ലോ നിൻറെ അമ്മയെ സ്വീകരിച്ചത്
പിന്നെ എന്തുകൊണ്ട് നിനക്കെന്ത് പറ്റിയില്ല നീയും ഒരു അമ്മ അല്ലേ
എനിക്ക് എൻറെ മാലതിയെ നന്നായിട്ടറിയാം ആരെന്തൊക്കെ പറഞ്ഞാലും അവൾ ഒരിക്കലും പിഴച്ചു പോയിട്ടില്ല എന്ന് എനിക്കറിയാം അത് മതി…..
ഒരാണിന് സ്വന്തം പെണ്ണിൽ വേണ്ടത് വിശ്വാസമാണ്… എനിക്കത് അവളിലുണ്ട്
നിങ്ങൾക്ക് ആർക്കും വേണ്ടെങ്കിലും അവളെ എനിക്ക് വേണം… കാരണം അവൾഎന്റെ ഭാര്യയാണ് ഞാൻ താലികെട്ടിയ എന്റെ പെണ്ണ്..അത് ഞാൻ എവിടെയും അഭിമാനത്തോടെ പറയും..
മാലതി നിറമിഴികളോട് നന്ദനെ നോക്കി.. അവിടെ സ്നേഹവും.. ആർദ്രതയും മാത്രമേ അവൾ കണ്ടുള്ളൂ.. മാലതി അറിയാതെ തന്റെ കഴുത്തിലെ മാലയിൽ കിടക്കുന്ന താലിയെ മുറുക്കി പിടിച്ചു..
ബിജി അനിൽ