Story written by Shaan Kabeer
=================
“നീ എന്ത് ധൈര്യത്തിലാടീ സ്വന്തം ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസ് കൊടുത്തത്. ഒരുകാര്യം ഞാൻ പറഞ്ഞേക്കാം, കുട്ടികളേം കൊണ്ട് ഇങ്ങോട്ട് കയറി വരാനാണ് ഉദ്ദേശം എങ്കിൽ അത് നടക്കില്ല”
ഫോണിലൂടെ അമ്മ രമ്യക്കെതിരെ പൊട്ടിത്തെറിച്ചു. കണ്ണീരോടെ രമ്യ എല്ലാം കേട്ടുനിന്നു
“കല്യാണം കഴിച്ചാൽ ഭർത്താവിന്റെ വീട്ടിൽ പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകും. അതൊക്കെ സഹിക്കാൻ പറ്റണം, അതാണ് പെണ്ണ്. അങ്ങനെയുള്ള പെണ്ണുങ്ങളേ ജീവിതത്തിൽ ജയിച്ചിട്ടൊള്ളൂ”
“അമ്മ എന്താ ഈ പറയുന്നേ… സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ അമ്മേ… എന്നും വഴക്കാ, ഒരു സമാധാനമില്ലാത്ത ജീവിതം. ഞാനൊന്ന് ചിരിച്ചിട്ട് എത്ര നാളായി അറിയോ അമ്മക്ക്”
രമ്യയുടെ ശബ്ദം ഇടറി. അവൾ തന്റെ രണ്ട് കുട്ടികളേയും ചേർത്ത് പിടിച്ച് തേങ്ങി
“ക* ള്ള് കുടിച്ച് വന്ന് അടിക്കാണ് അമ്മേ അയാളെന്നെ… എന്നെ മാത്രല്ല മക്കളേയും. കയ്യിൽ കിട്ടിയതെടുത്ത് അടിക്കാ. അയാളുടെ വീട്ടുകാർ പിടിച്ച് കൊടുക്കാ എന്നെ അടിക്കാൻ… എനിക്ക് പറ്റണില്ലമ്മേ”
അവൾ പറഞ്ഞ് തീർന്നതും അമ്മ ആശ്വസിപ്പിക്കാൻ ശ്രമിച്ചു
“ഭർത്താക്കന്മാരാവുമ്പോൾ രണ്ടെണ്ണം കിട്ടിയെന്നൊക്കെ ഇരിക്കും. അതൊക്കെ സാധാരണമാണ്. നിന്റെ അച്ഛൻ ആരായിരുന്നു മോൻ, ഞാൻ മാറ്റിയെടുത്തല്ലേ അങ്ങേരെ… അത് നമ്മൾ പെണ്ണുങ്ങളുടെ മിടുക്കാണ്”
“അമ്മേ, ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് എട്ട് വർഷായി. ഇനി എപ്പോ മാറാനാണ് അയാൾ”
അവൾ എന്തൊക്കെ പറഞ്ഞിട്ടും അമ്മ അവളെ ന്യായീകരിക്കാൻ ശ്രമിച്ചില്ല. ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങിയാൽ താനും കുട്ടികളും പെരുവഴിയിലാവും എന്ന് പേടിച്ച് രമ്യ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഭർത്താവിനും വീട്ടുകാർക്കും എതിരെ കൊടുത്ത കേസ് പിൻവലിക്കാൻ തീരുമാനിച്ചു.
തന്റെ അടുത്ത കൂട്ടുകാരിയുടെ വീട്ടിൽ ഒരു ദിവസം നിന്നിട്ട് മനസ്സൊക്കെ ഒന്ന് റിലാക്സാക്കി പോലീസ് സ്റ്റേഷനിൽ പോയി കേസ് പിൻവലിക്കാം എന്നവൾ കരുതി. തന്റെ കുട്ടികളേയും കൂട്ടി രമ്യ കൂട്ടുകാരിയുടെ വീട്ടിലേക്ക് തിരിച്ചു. ട്രെയിനിൽ ആയിരുന്നു യാത്ര. രണ്ട് മണിക്കൂറിനടുത്ത് വേണം കൂട്ടുകാരിയുടെ വീട്ടിലേക്കെത്താൻ.
രമ്യ കുട്ടികളേയും കൂട്ടി ട്രെയിനിൽ കയറി. അത്ര തിരക്കുണ്ടായിരുന്നില്ല. ട്രെയിൻ മുന്നോട്ട് പോയികൊണ്ടിരുന്നു. അവളുടെ മനസിലൂടെ ഓരോ ചിന്തകൾ കടന്നുപോയി. അപ്പോഴാണ് തന്റെ തൊട്ടുമുന്നിലുള്ള സീറ്റിൽ ഒരു ഉപ്പയും ഉമ്മയും കൈക്കുഞ്ഞുമായി ഒരു പെൺകുട്ടിയും ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചത്. അവരുടെ സംസാരം രമ്യയുടെ കാതിലേക്ക് മെല്ലെ കയറി
പെൺകുട്ടി: ഉപ്പാ, എനിക്കിനി അയാളോടൊപ്പം ജീവിക്കേണ്ട. അയാൾക്ക് മറ്റൊരു പെണ്ണുമായി ബന്ധമുണ്ടെന്ന് തുറന്ന് സമ്മതിച്ചിട്ടും പിന്നേം എന്നെ എന്തിനാ അയാളോടൊപ്പം ജീവിക്കാൻ നിർബന്ധിക്കുന്നേ…
ഉപ്പ: എത്ര പൈസ ചിലവാക്കിയാ അന്നെ കെട്ടിച്ച് വിട്ടത് അറിയോ…? എന്നിട്ടിപ്പോ തൊട്ടതിനും പിടിച്ചതിനും വഴക്കുണ്ടാക്കി വന്നിരിക്കേണ്…
ഉമ്മ: ആണുങ്ങളാവുമ്പോൾ ചില ബന്ധങ്ങൾ ഒക്കെ ഉണ്ടാകും. അത് ശരിയാക്കിയെടുക്കേണ്ടത് നമ്മൾ പെണ്ണുങ്ങളുടെ മിടുക്കാണ്…
പെൺകുട്ടി: ഞാൻ വല്ല ജോലിക്കും പോയി എന്റെ മോനെ നോക്കിക്കോളാം. എന്നാലും ആയാളുടെ ഒപ്പം എന്നെ കൊണ്ടാക്കല്ലേ. അയാൾക്ക് ഇപ്പൊ എന്നെ വേണ്ടാ. എന്നോട് വെറുപ്പോടെയാ സംസാരിക്കുന്നെ. നല്ലോണം അടിക്കേം ചെയ്യും
ഉപ്പ: ഇജ്ജ് മിണ്ടാതെ പൊയ്ക്കാ അവിടുന്ന്. ഞങ്ങൾ ഇപ്പൊ അന്നെ അവന്റെ വീട്ടിൽ കൊണ്ടാക്കും. ഞങ്ങൾ അവനോട് സംസാരിച്ച് എല്ലാം ഓക്കേ ആക്കാം
പെൺകുട്ടി: എത്ര തവണ സംസാരിച്ചതാ ഉപ്പാ, എന്നിട്ടും അയാൾക്ക് ഒരു മാറ്റവും ഇല്ലല്ലോ. അയാൾ എന്നേം മോനേയും എങ്ങനേലും തലയിൽ നിന്നും ഒഴിവാക്കാൻ നിക്കാണ്
ഉമ്മ: ഈ ഒറ്റ പ്രാവശ്യം കൂടി നോക്കാ. എന്നിട്ടും ഓൻ ശരിയായില്ലേൽ നമുക്ക് കാണിച്ച് കൊടുക്കാം
തന്നെ മനസ്സിലാക്കാതെ ഉപ്പയേയും ഉമ്മയേയും ദയനീയമായി നോക്കി അവൾ തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ തുടച്ചുമാറ്റി.
കുറച്ച് സമയത്തിന് ശേഷം രമ്യക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തി. ആ പെൺകുട്ടിയെ ഒന്ന് നോക്കി അവളും കുട്ടികളും ഇറങ്ങി…
കൂട്ടുകാരിയുടെ വീട്ടിൽ പോയി കുളിച്ച് ഫ്രഷായി അവൾ തന്റെ സങ്കടത്തിന്റെ ഭാരം അവിളിലേക്കിറക്കി…
അടുത്ത ദിവസം…
രാവിലെ തന്നെ കൂട്ടുകാരിയേയും കൂട്ടി ഭർത്താവിനെതിരെ കൊടുത്ത കേസ് പിൻവലിക്കാൻ പോലിസ് സ്റ്റേഷനിലേക്ക് പോകാൻ നേരമാണ് ടീവിയിൽ രമ്യ ആ വാർത്ത ശ്രദ്ധിച്ചത്
“കാമുകിക്ക് വേണ്ടി ഭർത്താവ് ഭാര്യയേയും പിഞ്ചു കുഞ്ഞിനേയും വെ ട്ടി കൊ* ലപ്പെടുത്തി”
കൊ* ല്ലപ്പെട്ട പെൺകുട്ടിയുടേയും കുഞ്ഞിന്റെയും ഫോട്ടോ വാർത്തക്കൊപ്പം കണ്ടപ്പോഴാണ് രമ്യ ശരിക്കും ഞെട്ടിയത്…
ഇന്നലെ ട്രെയിനിൽ വെച്ച് കണ്ട പെൺകുട്ടിയും കുഞ്ഞുമായിരുന്നു അത്… അവരുടെ മൃ” തദേഹത്തിനരികിൽ ഉമ്മയും ഉപ്പയും വാവിട്ട് കരയുന്നു…
വാർത്ത കണ്ട ഷോക്കിൽ നിക്കുമ്പോഴാണ് അമ്മയുടെ കോൾ വരുന്നത്. അവൾ കോളെടുത്തു
“മോളേ, നീ സ്റ്റേഷനിൽ എത്തിയോ…?”
“ഇല്ല…”
“അതെന്താ…? വേഗം പോയിട്ട് ആ കേസ് പിൻവലിച്ചിട്ട് വാ… എന്നിട്ട് ഞാനും അച്ഛനും വന്ന് നിന്റെ ഭർത്താവിന്റെയും വീട്ടുകാരുടെയും കാല് പിടിച്ചിട്ടാണേലും ശരി എല്ലാം ശരിയാക്കികോളാം. ഇനിയെങ്കിലും ന്റെ മോള് അവരെ അനുസരിച്ച് നിക്കാൻ നോക്ക്”
അമ്മ പറഞ്ഞതിനുള്ള മറുപടി രമ്യ കൊടുത്തത് പെട്ടന്നായിരുന്നു
“സൗകര്യം ഇല്ല…”
ഞെട്ടലോടെ അമ്മ
“എന്ത്…?”
“ഇനി അവന്റെയും വീട്ടുകാരുടേയും അടിയും കു ത്തും കൊണ്ട് ജീവിക്കാൻ സൗകര്യം ഇല്ലാന്ന്”
“ആഹാ, ഇങ്ങനെ അഹങ്കാരം കാണിച്ചാൽ ആരും ഉണ്ടാകില്ല. ഇങ്ങോട്ട് വരാൻ നിക്കേണ്ട”
അമ്മ പറഞ്ഞ് മുഴുമിപ്പിക്കും മുന്നേ രമ്യ പറഞ്ഞ് തുടങ്ങിയിരുന്നു
“വരുന്നില്ല. ഞാൻ ജോലി ചെയ്ത് എന്റെ കുട്ടികളെ നോക്കും. നല്ല അന്തസ്സായി ജീവിക്കും. ജീവിതത്തിൽ ഏറ്റവും വലിയ ലക്ഷ്യം കല്യാണം കഴിക്കുക എന്നതല്ല എന്ന് എന്റെ മക്കളെ പഠിപ്പിക്കും…”
അമ്മ എന്തോ പറയാൻ ഒരുങ്ങിയപ്പോൾ അവൾ തടഞ്ഞു
“അമ്മ ഇനി കൂടുതൽ ഒന്നും പറയേണ്ട. ഇതെന്റെ ഉറച്ച തീരുമാനമാണ്. ഞങ്ങളെ ഇനീം അവിടെ കൊണ്ടാക്കിയാൽ ഒന്നെങ്കിൽ അവരെന്നെയും മക്കളേയും അടിച്ച് കൊ* ല്ലും അല്ലേൽ പീ* ഡനം സഹിക്ക വയ്യാതെ ഞങ്ങൾ ആ ത്മ ഹത്യ ചെയ്യും. ഞാനും മക്കളും ച ത്ത് മലർന്ന് കിടക്കുമ്പോൾ ഒഴുക്കുന്ന നിങ്ങളുടെയൊക്കെ കണ്ണീരിന് പുല്ല് വിലയേ ഒള്ളൂ…”
ഒന്ന് നിറുത്തിയിട്ട് അവൾ തുറന്നു
“തനിക്ക് ഒരിക്കലും പൊരുത്തപ്പെട്ട് മുന്നോട്ട് പോവാൻ സാധിക്കില്ല എന്ന് ഉറപ്പുള്ള ജീവിത പങ്കാളിയോടൊപ്പം മരിക്കുവോളം എല്ലാം സഹിച്ച് ഒരിക്കലും സന്തോഷം അനുഭവിക്കാതെ ജീവിച്ച് തീർക്കുന്നതാണ് നല്ല വീട്ടിൽ പിറന്ന ലക്ഷണം എങ്കിൽ… ഞാൻ ഈ നിമിഷം മുതൽ അങ്ങനൊരു പെണ്ണല്ല അമ്മേ… ഈ ഡിവോഴ്സ് എന്ന് പറയുന്ന സാധനത്തെ എന്ന് മുതൽ പെൺകുട്ടികളും അവരുടെ വീട്ടുകാരും ഭയമില്ലാതെ നോക്കി കാണുന്നുവോ അന്ന് മുതൽ പല പെൺകുട്ടികളും ഈ ഭൂമിയിൽ ഒരുപാട് കാലം ജീവിക്കും…. ഏതോ ഒരുത്തന്റെ അടികൊണ്ട്, ചവിട്ട് കൊണ്ട്, മാനസിക പീ ഡനം സഹിച്ച്, ജീവിതകാലം മുഴുവൻ കരഞ്ഞ് വീട്ടുകാരെയും നാട്ടുകാരേയും പേടിച്ച് അവന്റെ കാൽ കീഴിൽ തന്നെ അടിമയായി ജീവിക്കുന്നതാണ് പെണ്ണ് എങ്കിൽ…. ആ വീട്ടുകാരോടും സമൂഹത്തോടും പോയി പണി നോക്കാൻ പറഞ്ഞ് ജോലി ചെയ്ത് ജീവിക്കുന്ന ഒരു പെണ്ണായി ഞാൻ തുടരും”
ഇതും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്ത് തന്റെ മക്കളുടെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു… തല ഉയർത്തി തന്നെ….
~ഷാൻ കബീർ