പ്രണയത്തിനപ്പുറം
എഴുത്ത്: ദേവാംശി ദേവ
===================
അത്യാവശ്യമായി വീട്ടിലേക്ക് വരണമെന്ന് അമ്മ വിളിച്ചു പറഞ്ഞതുകൊണ്ടാണ് അന്നുതന്നെ വീട്ടുലേക്ക് വന്നത്. പാതിരാത്രി വീട്ടിലെത്തിയപ്പോൾ അമ്മ ഉറങ്ങിയിട്ടില്ലെന്ന് അറിയിച്ചുകൊണ്ട് ഉമ്മറത്തെ ലൈറ്റ് കത്തുന്നുണ്ടായിരുന്നു.
വണ്ടിയുടെ ശബ്ദം കേട്ടതും അമ്മ വാതിൽ തുറന്നു..കൂടെ അനിയത്തിയും ഉണ്ടായിരുന്നു..
“എന്താ അമ്മ അത്യാവശ്യമായി വരാൻ പറഞ്ഞത്..”
“ആദ്യം നീ അകത്തേക്ക് കയറി വാ അനന്ദു..കുളിച്ച് എന്തെങ്കിലും കഴിക്ക്..എന്നിട്ട് സംസാരിക്കാം.”
“അതൊക്കെ ചെയ്യാം..അമ്മ കാര്യം പറയ്.” ഞാൻ ദൃതി കൂട്ടിയതും അമ്മയൊന്ന് മടിച്ചു നിന്നു.
“എന്തായാലും ഏട്ടനെ കുരുതി കൊടുക്കാൻ അമ്മ തീരുമാനിച്ചല്ലോ..പിന്നെ എന്തിനാ വെച്ച് താമസിപ്പിക്കുന്നത്..അങ്ങോട്ട് പറഞ്ഞൂടെ..” അനിയത്തി ദേഷ്യത്തോടെ അമ്മയോട് പറഞ്ഞു.
“അനു..നീ മിണ്ടാതിരിക്ക്..ഞാൻ സംസാരിച്ചോളാം അവനോട്.”
“ആരെങ്കിലും ഒന്ന് പറയ് എന്താ കാര്യമെന്ന്.” മനുഷ്യന്റെ ക്ഷമ നശിച്ചു തുടങ്ങി.
“അനന്തു…സുരഭി മോളുടെ വിവാഹം മുടങ്ങി.”
അമ്മയത്ത് പറഞ്ഞപ്പോ ഒരു ഞെട്ടലായിരുന്നു എനിക്ക്.
സുരഭി..അച്ഛന്റെ അനുജത്തിയുടെ മകൾ..എന്റെ മുറപ്പെണ്ണ്..അതിലൊക്കെ ഉപരി എന്നോ ഹൃദയത്തിൽ പതിഞ്ഞുപോയ സ്വപനം.
അവൾക്ക് വിവാഹലോചന വരുന്നു എന്നറിഞ്ഞപ്പോളാണ് എന്റെ പ്രണയം ഞാൻ അവളോട് തുറന്നു പറഞ്ഞത്.
“അനന്തുവേട്ടന് ഇത് എന്നോട് എങ്ങനെ പറയാൻ തോന്നി..അനന്തുവേട്ടന്റെ ഭര്യയായി ജീവിത കാലം മുഴുവൻ ഞാൻ ഈ നാട്ടിൻ പുറത്ത് കിടന്ന് നരകിക്കണമെന്നാണോ പറയുന്നത്…”
“സുരഭി ഞാൻ…”
“അനന്തുവേട്ടൻ കൂടുതലൊന്നും പറയേണ്ട…അർഹിക്കുന്നത് മാത്രം ആഗ്രഹിക്ക്.” മുഖത്ത് അടിച്ചതുപോലെ പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നപ്പോൾ വേദനയോടെയാണെങ്കിലും എന്റെ പ്രണയവും വലിച്ചെറിഞ്ഞു…കുറച്ചു ദിവസത്തിനകം അറിയപ്പെടുന്നൊരു കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ഞാൻ അങ്ങോട്ടേക്ക് പോയി…രണ്ട് വർഷം കഴിഞ്ഞു..പിന്നെ സുരഭിയുടെ വിവാഹം നിശ്ചയിച്ചതൊക്കെ അമ്മ പറഞ്ഞാണ് അറിഞ്ഞത്.
“എങ്ങനെയാ മുടങ്ങിയത്.”
“അമ്പത് പവനാണ് അവർ ചോദിച്ചത്. അത് കൊടുക്കാൻ നിന്റെ അമ്മാവൻ സമ്മതിച്ചതാ..എന്നാൽ രണ്ട് ദിവസം മുൻപ് പയ്യന് ഗവർമെന്റ് ജോലി കിട്ടി…അതോടെ നൂറു പവൻ വേണമെന്നായി. അതിനുള്ള ഗതിയൊന്നും അവർക്ക് ഇല്ലല്ലോ…”
“അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ അമ്മേ..”
“അനന്തു..നിന്റെ അമ്മാവനും അമ്മായിയും തകർന്നു നിൽക്കുവാ..നീ വിചാരിച്ചാൽ അവരെ ഈ നാണക്കേടിൽ നിന്നും രക്ഷിക്കാൻ കഴിയും..നിനക്ക് സുരഭിയെ വിവാഹം കഴിച്ചു കൂടെ.”
“അമ്മക്ക് ഭ്രാന്താണ്..ഏട്ടൻ ഇതിന് സമ്മതിക്കരുത്..അവളെ പോലൊരു അഹങ്കാരിയെ കെട്ടിയാൽ ഏട്ടന്റെ ജീവിതം തന്നെ തകരും.” അനു ദേഷ്യത്തോടെ പറഞ്ഞു..
അവളും സുരഭിയും കുഞ്ഞുന്നാളിലെ മുതലേ വഴക്കാണ്..സുരഭിയുടെ മറ്റുള്ളവരെ പുച്ഛിച്ചു കൊണ്ടുള്ള സംസാരം തന്നെയാണ് പ്രശ്നം.
“ചുമ്മാതിരിക്ക് അനു..നീയും അവളും കുട്ടിക്കാലത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടായെന്ന് കരുതി ഒരു പെങ്കൊച്ചിന്റെ ജീവിതം വെച്ചല്ല വൈരാഗ്യം തീർക്കാൻ..”
“എനിക്ക് ആരോടും വൈരാഗ്യം ഇല്ല..എന്റെ ഏട്ടന്റെ ജീവിതമാണ് എനിക്ക് വലുത്.”
“മതി..ഇനി ഇതിനെ കുറിച്ച് കൂടുതൽ സംസാരിക്കേണ്ട…വിവാഹത്തിന് എനിക്ക് സമ്മതം തന്നെയാണ്..അവർക്കും സമ്മതമാണെങ്കിൽ നിച്ഛയിച്ച മുഹൂർത്തത്തിൽ വിവാഹം നടക്കും. നാളെ തന്നെ നമുക്ക് അങ്ങോട്ടേക്ക് പോയി സംസാരിക്കാം.” എന്റെ മറുപടി കേട്ടതും അമ്മക്ക് സന്തോഷമായി..അനു ദേഷ്യത്തോടെ അകത്തേക്ക് പോയി..
പിറ്റേന്ന് രാവിലെ തന്നെ അമ്മയെയും അനുവിനെയും കൂട്ടി അമ്മവന്റെ വീട്ടിൽ പോയി..സന്തോഷത്തോടെ അവർ സ്വീകരിച്ചിരുത്തി..അതിലും സന്തോഷത്തോടെ സുരഭി ചായയുമായി വന്നു..എന്നാൽ എന്റെ കണ്ണുകൾ തേടിയത് മറ്റൊരാളെ ആയിരുന്നു..
നാലുപാടും ഓടി നടന്ന് ഒടുവിലെന്റെ കണ്ണുകൾ ജനലിനപ്പുറം അവളെ കണ്ടെത്തി..സുഗന്ധി..
അമ്മാവന്റെ മൂത്ത മകൾ..കറുത്ത് മെലിഞ്ഞ് നീണ്ട മുടിയും കുനിഞ്ഞ മുഖവുമായി അധികമാരോടും സംസാരിക്കത്തൊരു മിണ്ടാപൂച്ച..
എന്റെ അച്ഛന്റെ കൂടെ കൂപ്പിൽ പണിക്ക് വന്ന ആളായിരുന്നു അമ്മാവൻ. ഒരു തമിഴ് നാട്ടുകാരിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ നാടും വീടും ഉപേക്ഷിക്കേണ്ടി വന്ന ആളായിരുന്നു അദ്ദേഹം..സുഗന്ധി ജനിച്ചതോടെ അവളുടെ അമ്മ മരിച്ചു..പിന്നെ അദ്ദേഹം ജീവിച്ചത് അവൾക്ക് വേണ്ടിയായിരുന്നു..ആ മനുഷ്യന്റെ നല്ല സ്വഭാവം ഇഷ്ടപ്പെട്ടാണ് രണ്ടാം വിവാഹമെന്നോ ഒരു കുഞ്ഞുണ്ടെന്നോ നോക്കാതെ അച്ഛൻ, പെങ്ങളെ വിവാഹം കഴിച്ചു കൊടുത്തത്.
അന്ന് സുഗന്ധിക്ക് രണ്ട് വയസ്സ്..ഞാൻ അമ്മയുടെ വയറ്റിലും.
അമ്മായി സുഗന്ധിയെ സ്വന്തം മകളായി നോക്കി…എല്ലാവർക്കും അവൾ സ്വന്തം വീട്ടിലെ കുട്ടി തന്നെയാണ്. അവളുടെ സന്തോഷങ്ങളുടെ മേൽ കരി നിഴൽ വീഴ്ത്തികൊണ്ടാണ് സുരഭി ജനിക്കുന്നത്..
നല്ല നിറവും സൗന്ദര്യവും ഉണ്ടായിരുന്ന അവൾക്ക് എന്നും സുഗന്ധിയോട് പുച്ഛം മാത്രമായിരുന്നു..സുഗന്ധിയെ വേദനിപ്പിച്ച് രസിക്കുന്നത് അവൾക്കൊരു ഹരമായിരുന്നു.
ആരോടും ഒരു പരാതിയും പറയാതെ തന്നിലേക്ക് തന്നെ ഒതുങ്ങുകയായിരുന്നു സുഗന്ധി..പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ തന്നെ അമ്മാവൻ അവളുടെ വിവാഹം നടത്തി..നല്ല ജോലിയും കുടുംബ മഹിമയുമൊക്കെ നോക്കി തന്നെയായിരുന്നു വിവാഹം നടത്തിയത്..പക്ഷെ അയാൾക്ക് വേറൊരു പെണ്ണുമായി ബന്ധമുള്ളത് ആരും അറിഞ്ഞില്ല..അവൻ അവളോടൊപ്പം ജീവിക്കാൻ തുടങ്ങിയപ്പോൾ രണ്ടു വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് കൈ കുഞ്ഞുമായി സുഗന്ധി തിരികെ വന്നു..അന്നുമുതൽ സുരഭിയുടെ കുത്തുവാക്കുകൾ കൂടി അവൾക്ക് കേൾക്കേണ്ടി വന്നു..എന്നിട്ടും ആരോടും പരാതിയും പരിഭവവും ഇല്ലാതെ വീടിനകത്ത് ഒതുങ്ങി കൂടിയവൾ..
“അനന്തുവിന് ഈ വിവാഹത്തിന് സമ്മതമാണെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി മോനെ…സത്യം പറഞ്ഞാൽ ഇവളെ നിന്നെ ഏൽപ്പിക്കണമെന്ന് തന്നെയായിരുന്നു എന്റെ ആഗ്രഹം..പക്ഷെ ഈ നാട്ടിൽ നിന്നൊരു വിവാഹമേ വേണ്ടെന്ന് ഇവൾ വാശി പിടിച്ചതുകൊണ്ടാ…” അമ്മാവൻ സന്തോഷത്തോടെയും വിഷമത്തോടെയും പറഞ്ഞു.
“ഇനി എന്തിനാ അച്ഛാ അതൊക്കെ പറയുന്നത്…അനന്തുവേട്ടന്റെയും എന്റെയും വിവാഹം നിച്ഛയിച്ച മുഹൂർത്തത്തിൽ തന്നെ നടക്കും..” സുരഭി ഒരു പ്രഖ്യാപനം പോലെ പറഞ്ഞെങ്കിലും ഞാനവളുടെ മുഖത്തേക്ക് നോക്കാൻ പോയില്ല.
“അമ്മാവൻ ക്ഷമിക്കണം..എനിക്ക് വിവാഹത്തിന് സമ്മതമാണ്. നിച്ഛയിച്ച മുഹൂർത്തത്തിന് വിവാഹവും നടത്താം..പക്ഷെ എനിക്ക് ഇഷ്ടം സുരഭിയെ അല്ല..സുഗന്ധിയെയാണ്..അവളെ വിവാഹം കഴിക്കാൻ ഞാൻ തയാറാണ്” എല്ലാവരും ഞെട്ടലോടെ എന്നെ നോക്കി..അനുവിന്റെ മുഖം മാത്രം തിളങ്ങി.
“എന്ത് വിഡ്ഢിത്തമാണ് അനന്തുവേട്ടൻ പറയുന്നത്..നിങ്ങൾ തമ്മിൽ എന്ത് ചേർച്ചയാണ് ഉള്ളത്..ഏട്ടനെക്കാളും പ്രായത്തിൽ മൂത്തതല്ലേ അവൾ..പോരാത്തതിന് ഡിവോഴ്സിയും ഒരു കുഞ്ഞിന്റെ അമ്മയും…ഇത് നടക്കില്ല…അനന്തുവേട്ടൻ എന്നെ വിവാഹം കഴിച്ചാൽ മതി.”
“അത് നീയാണോ തീരുമാനിക്കുന്നത്..എന്റെ ഏട്ടൻ ആരെ വിവാഹം കഴിക്കണമെന്ന് ഏട്ടൻ തീരുമാനിക്കും. പ്രായവിത്യാസവും വിവാഹം കഴിഞ്ഞതും കുഞ്ഞുള്ളതുമൊന്നും ഏട്ടന് പ്രശ്നമല്ലെങ്കിൽ ഈ വിവാഹം നടക്കും.” അനുവും വാശിയോടെ പറഞ്ഞു..
“ഇല്ല..അവളെ ഇനി കെട്ടിക്കാൻ ഞങ്ങൾ ഉദ്യേശിച്ചിട്ടില്ല..ആ കൊച്ചിനെയും നോക്കി അവൾ ഇവിടെ ജീവിക്കും.”
“എന്ന് ആര് പറഞ്ഞു..” അമ്മായി മുന്നോട്ട് വന്നു…
“അനന്തുവിന് ഇഷ്ടമാണെങ്കിൽ സുഗന്ധിയുടെ കഴുത്തിൽ അവൻ താലി കെട്ടും..”
“അമ്മേ….ഞാനാണോ അവളാണോ അമ്മയുടെ മോള്.”
“രണ്ടുപേരും എന്റെ മക്കൾ തന്നെയാണ്..ഞാൻ പ്രസവിച്ചില്ലെങ്കിലും അവളെന്റെ മൂത്ത മകൾ തന്നെയാണ്.”
“അമ്മാവാ..ഞാൻ ഈ കാര്യത്തെ പറ്റി സുഗന്ധിയോട് സംസാരിച്ചതാണ്..അമ്മാവന്റെയും അമ്മായിയുടെയും തീരുമാനമാണ് അവൾക്കും എന്നാണ് എന്നോട് പറഞ്ഞത്..സുരഭിയുടെ വിവാഹം കഴിഞ്ഞ് ഞാൻ നേരിട്ട് വന്ന് സംസാരിക്കാൻ ഇരുന്നതാണ്..അമ്മാവൻ സമ്മതിക്കണം..അവളുടെ കുഞ്ഞ് എന്റെ സ്വന്തം കുഞ്ഞായി വളരും.” പ്രതീക്ഷയോടെ ഞാൻ അമ്മാവനെ നോക്കിയപ്പോൾ അമ്മാവൻ അമ്മയെ നോക്കി..
“സുഗന്ധിയും സുരഭിയും എനിക്ക് ഒരുപോലെയാണ്..എന്റെ മോന് സുഗന്ധി മോളെ ഇഷ്ടമാണെങ്കിൽ അവളെ മനസ്സറിഞ്ഞ് സ്വീകരിക്കാൻ എനിക്ക് കഴിയും.” അമ്മയുടെ വാക്കുകൾ കേട്ട് അമ്മാവന്റെ കണ്ണുകൾ നിറഞ്ഞു..
സന്തോഷത്തോടെ അവിടുന്ന് ഇറങ്ങുമ്പോൾ ജനാലക്ക് അപ്പുറം പുഞ്ചിരിയോടെ എന്നെ തന്നെ നോക്കി നിൽക്കുന്ന അവളെ ഒന്നുകൂടി കണ്ടു..കറുത്ത നിറത്തിനുള്ളിൽ നിറഞ്ഞ മനസ്സുള്ളവൾ…
സുഗന്ധി ഒരിക്കലും സുരഭിയോടുള്ള എന്റെ വാശിയല്ല..സുരഭി മനസ്സിൽ നിന്ന് പോയശേഷമാണ് സുഗന്ധിയെ ശ്രെദ്ധിച്ചു തുടങ്ങിയത്..മനസ്സിലാക്കാൻ തുടങ്ങിയത്..പ്രണയത്തിനപ്പുറം ഇന്ന് അവളാണ് എനിക്ക് എല്ലാം…