ഫോൺ എടുത്ത് നോക്കുമ്പോൾ ഒരു നിമിഷമെന്റെ ഹൃദയം നിലച്ചത് പോലെ തോന്നിയെനിക്ക്….

ആയിരത്തൊന്നു നുണകൾ….

Story written by Bindhya Balan

=========================

ആർത്തലച്ചു പെയ്യുന്ന മഴ പകരുന്ന തണുപ്പിൽ കുളിർന്ന് , ആ പെരുമഴയുടെ താളമൊരു സംഗീതം പോലെ ആസ്വദിച്ച്‌ പുതപ്പിനുള്ളിലേക്ക് ഒന്ന് കൂടി ചുരുണ്ടു കൂടുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്യുന്നത്.

പുതപ്പിനു പുറത്തേക്ക് കൈയ്യിട്ട് ഫോൺ തപ്പിയെടുത്ത് സൈലന്റ് മോഡിലേക്കിട്ട് വീണ്ടും ഉറക്കത്തിലേക്ക് വീഴുമ്പോൾ ഫോൺ പിന്നെയും റിംഗ് ചെയ്തു.

വെളുപ്പാൻ കാലത്ത് ഉറക്കം കളയാൻ ഏതവനാണോ വിളിക്കുന്നത് എന്ന് പിറുപിറുത്തു കൊണ്ട് ഞാൻ ബെഡിൽ എഴുന്നേറ്റിരുന്നു ഫോൺ എടുത്ത് നോക്കുമ്പോൾ ഒരു നിമിഷമെന്റെ ഹൃദയം നിലച്ചത് പോലെ തോന്നിയെനിക്ക്. ഫോണിന്റെ വാളിൽ ശ്രീ എന്ന് തെളിഞ്ഞു നിൽക്കുന്നത് കാൺകേയൊരു നിർവികാരത എന്നെ പൊതിയുന്നത് ഞാനറിഞ്ഞു.

മനസ് ഞാനറിയാതെ ഏഴു കൊല്ലം പിന്നിലേക്ക് പോയി…

ശ്രീ…എന്റെ ആദ്യ പ്രണയം…എന്നോ എന്നിലേക്ക് വന്ന് എന്നിൽ ചേർന്നവൾ… എന്റെ പ്രാണനായവൾ….എന്നും രാവിലെ എന്നെ വിളിച്ചുണർത്തി ഒരു നറു ചിരിയോടെ എന്റെ കണിയാകുന്നവൾ…അവളുടെ മുഖം കണ്ടല്ലാതെ ഉറക്കമുണരില്ല എന്ന് വാശി പിടിച്ചു അവൾ വിളിക്കുന്നിടം വരെ കിടക്കയിൽ തന്നെ എന്നെ കിടത്തിയവൾ..എന്റെ ജീവനും ജീവിതവും സ്വപ്നവും ഒക്കെ ആയവൾ….കൈ വെള്ളയിൽ വച്ച് ഒരു രാജകുമാരിയെപ്പോലെ ഞാൻ കൊണ്ട് നടന്നവൾ….ഒരു താലിച്ചരടിൽ സ്വന്തമാക്കി ഏഴ് ജന്മങ്ങളിലും എന്റെയാക്കാൻ ഞാനേറെ കൊതിച്ചവൾ…പിന്നെയെപ്പോഴോ എന്നിൽ നിന്ന് മറ്റൊരാളിലേക്ക് ചിരി മാറ്റിയവൾ…എന്നെ വെറുപ്പാണെന്നു പറഞ്ഞു മുഖം തിരിച്ചു പോയവൾ…പ്രണയവും പ്രാണനും എന്നിൽ നിന്ന് പറിച്ചെടുത്തു നിർദ്ദയമെന്നേ ചവിട്ടിയരച്ചു കടന്ന് പോയവൾ…

മരണത്തിന്റെ വക്കോളമെന്നെ കൊണ്ട് പോയവൾ…

സ്വയം ഉരുകി ഉരുകി ചങ്ക് പൊട്ടിക്കരയാൻ വിട്ട് എന്നെന്നേക്കുമായി എന്നെ വലിച്ചെറിഞ്ഞു പോയവൾ..

അവളാണ്… അവളാണ് ഈ കാലമത്രയും കഴിഞ്ഞു വീണ്ടുമെന്നെ വിളിക്കുന്നത്.

കൈയിലിരുന്നു ഫോൺ പിന്നെയും റിങ് ചെയ്യാൻ തുടങ്ങിയപ്പോ മെല്ലെ റിസീവർ ബട്ടണിൽ തൊട്ട് ഞാൻ കോൾ എടുത്തു.

എനിക്ക് മുന്നിൽ, നീണ്ട ഏഴു കൊല്ലങ്ങൾക്ക് ശേഷം ആ മുഖം…കുറച്ചു നേരത്തെക്ക് ആരുമാരും മിണ്ടിയില്ല…

“സുഖമാണോ?”

ഏറെ നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ ചോദിച്ചു

“മ്മ്മ് ” ഞാൻ മെല്ലെ മൂളി..

“ഈ സമയത്ത് വിളിച്ചു ഉറക്കം കളഞ്ഞു അല്ലേ ഞാൻ…”

അവളൊരു ചിരിയോടെ ചോദിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ മൗനം കണ്ടാവണം അവൾ ചോദിച്ചത്

“ചേട്ടായിക്ക് എന്നോട് വെറുപ്പുണ്ടോ ഇപ്പോഴും?”

“എനിക്ക് എന്തിനാണ് നിന്നോട് വെറുപ്പ്.. അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ കുട്ടി… ഞാൻ അതൊക്കെ വിട്ടു “

ഞാനും ഒരു ചിരിയോടെ പറഞ്ഞു.

“ഞാൻ ചേട്ടായിയെ ഒത്തിരി വേദനിപ്പിച്ചു അല്ലേ. ചേട്ടായിയെ വിട്ട് പോയതിൽ പിന്നെ ഇന്നോളം ഞാൻ സ്വസ്ഥമായി ഉറങ്ങിയിട്ടില്ല.. എനിക്ക് അറിയാം ഞാൻ ചേട്ടായിയോട് ചെയ്തതിനു ഈശ്വരൻ എനിക്ക് തന്ന ശിക്ഷ ആയിരിക്കും ഞാൻ ഇപ്പൊ അനുഭവിക്കുന്നത്”

ഒരിടർച്ചയോടെ അവൾ പറഞ്ഞു നിർത്തുമ്പോൾ ഞാൻ സംശയഭാവത്തിൽ അവളെയൊന്നു നോക്കി.

എന്റെ നോട്ടത്തിലേക്കൊരു നനഞ്ഞ ചിരിയെറിഞ്ഞു കൊണ്ട് അവൾ പറഞ്ഞു

“ചേട്ടായിക്ക് മനസിലായില്ലല്ലേ.. ഞാൻ പറയാം,അന്ന് ചേട്ടായിയെ വേണ്ടാന്ന് വച്ച് ഞാൻ അജിത്തിന്റെ കൂടെ പോയില്ലേ..അവൻ എന്നെ കല്യാണം കഴിച്ചു. പക്ഷേ അതിന് ശേഷം ആണ് എനിക്ക് മനസിലായത് അവനൊരു സാഡിസ്റ്റ് ആയിരുന്നു എന്ന് . എന്നും തല്ലും വഴക്കും.. സംശയവും .. കൂട്ടത്തിൽ കുട്ടികൾ ഉണ്ടാകാതിരുന്നപ്പോൾ അതിനും കുറ്റം എന്റെ മാത്രം.. പിന്നെ ഉപദ്രവം അതിന്റെ പേരിൽ ആയി. ഒടുക്കം സഹിക്കാൻ പറ്റാതെ ആയപ്പോ ഞാൻ ഇറങ്ങി പോന്നു. പിന്നെ കേസ് കോടതി ഒക്കെ ആയി കുറച്ചു നാളുകൾ. രണ്ട് ദിവസം മുൻപ് ആണ് ഡിവോഴ്സ് അനുവദിച്ചു കൊണ്ട് കോടതി വിധി വന്നത്. അപ്പൊ തുടങ്ങി ചേട്ടായിയെ ഒന്ന് കാണണം എന്ന് മാത്രം ആയിരുന്നു മനസ്സിൽ…”

ഒരു കരച്ചിലിന്റെ വക്കിലെത്തി അവൾ പറഞ്ഞു നിർത്തി.ഞാൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കിയിരുന്നു.

“എനിക്ക് ഇപ്പൊ മനസ്സിലാകുന്നുണ്ട് ചേട്ടായി എന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന്.. ചേട്ടായീടെ ശ്രീ ആയിരുന്ന ആ നാളുകൾ ആണ് ശരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങൾ.ഞാനൊന്നു ചോദിച്ചോട്ടെ…. എനിക്ക്…എനിക്ക് വീണ്ടും ചേട്ടായീടെ ശ്രീ ആകാൻ പറ്റുമോ..?

പെട്ടന്ന് അവളെങ്ങനെ ചോദിക്കുമെന്ന് ഞാൻ കരുതിയില്ല. എന്റെ ഞെട്ടൽ കണ്ടാവണം അവൾ പറഞ്ഞത്

“ചേട്ടായി ഉടനെ ഒരു മറുപടി പറയണ്ട. എന്നോട് പെട്ടന്ന് ക്ഷമിക്കാൻ പറ്റില്ല എന്നറിയാം. ഒന്ന് കൂടെ അറിയാം, ചേട്ടായിക്ക് എന്നോട് ഇപ്പോഴും സ്നേഹം ആണെന്ന്. അതല്ലേ.. അതല്ലേ ഞാൻ പോയ ഈ കാലമത്രയും തനിച്ചിങ്ങനെ ജീവിച്ചത്?അത് കൊണ്ടല്ലേ എന്റെ നമ്പർ പോലും ബ്ലോക്ക്‌ ചെയ്യാതെ ഫോണിൽ കൊണ്ട് നടക്കുന്നത്..കഴിഞ്ഞതൊക്കെ മറന്നൂടെ ചേട്ടായി. ഒന്നിച്ചൊരു പുതിയ ജീവിതം തുടങ്ങിക്കൂടെ നമുക്ക്?”

പ്രതീക്ഷയോടെ അവളെന്നെ നോക്കി.

അവളെ കുറച്ചു നേരം കണ്ണെടുക്കാതെ നോക്കിയിരുന്നിട്ട് ഞാൻ പറഞ്ഞു

“എന്നെ വേണ്ട എന്ന് പറഞ്ഞു അവന്റെ കൈ പിടിച്ചു നീ പോയ ദിവസം ഇന്നും എന്റെ ഓർമ്മയിലുണ്ട് ശ്രീ…അന്ന് ഞാൻ ചങ്ക് പൊട്ടി കരഞ്ഞത് നീ കേട്ടില്ല.. എന്റെ സ്നേഹം എന്റെ ജീവിതം ഇതൊന്നും നിനക്ക് പ്രശ്നം ആയിരുന്നില്ല..നീ പോയതിൽ നീറി പിടഞ്ഞു ചാകാൻ ശ്രെമിച്ചവനാണ് ഞാൻ. പക്ഷേ മരണത്തിനു പോലും എന്നെ വേണ്ടായിരുന്നു. പാതി ചത്തു മരണത്തിൽ നിന്നു തിരിച്ചു വന്നവന് മറ്റൊരു മുഖം ആയിരുന്നു. എല്ലാത്തിനോടും വെറുപ്പ് മാത്രം.. മനസ്സിൽ നിന്ന് അന്നോളം ഉണ്ടായിരുന്നു മൃദുത്വമെല്ലാം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു…എങ്കിലും ശരിയാണ് നീ പറഞ്ഞത്, നിന്നെ ഞാൻ കാത്തിരുന്നിട്ടുണ്ട് ശ്രീ… ഒന്നിച്ചൊരു ജീവിതം തുടങ്ങാൻ….”

ഞാൻ പറഞ്ഞു തുടങ്ങുമ്പോൾ വാടിയ അവളുടെ മുഖം ഞാൻ പറഞ്ഞു നിർത്തുമ്പോൾ പൂ പോലെ വിടർന്നു.

“കഴിഞ്ഞതിനെക്കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞ് വേദനിക്കാം എന്നല്ലാതെ ഒരു പ്രേയോജനവുമില്ലല്ലോ ചേട്ടായി.. അതൊക്കെ വിട്.. ഇനി നമുക്ക് ഒന്നിച്ചൊരു ജീവിതം തുടങ്ങാം… എനിക്ക് എന്റെ ചേട്ടായീടെ ആ പഴയ ശ്രീക്കുട്ടി ആവണം”…

അവളുടെ ചോദ്യത്തിനു ഒരു പൊട്ടിച്ചിരിയായിരുന്നു എന്റെ പ്രതികരണം. അവളാകെ അമ്പരന്ന് പോയി. ചിരിയൊന്നൊതുങ്ങിയപ്പോ ഞാൻ അവളോട് പറഞ്ഞു

“ഞാൻ ചിരിച്ചത് എന്തിനാണെന്നു മനസിലായില്ലല്ലേ നിനക്ക്.. ഞാൻ പറയാം.. അതിനു മുൻപൊരു കാര്യം കൂടി, ഈ ഒരു ദിവസത്തിനു വേണ്ടി മാത്രമാണ് ശ്രീ ഞാൻ നിന്റെ നമ്പർ കളയാതെ വച്ചത് എന്തിനാണെന്നോ ഇപ്പോഴത്തെ ഞാൻ നിന്റെയല്ല എന്ന് നിന്നെ ബോധ്യപ്പെടുത്താൻ മാത്രം…”

ഞാൻ എന്താണ് പറയുന്നത് എന്ന് മനസിലാവാതെ കണ്ണുകൾ മിഴിച്ചിരിക്കുന്ന അവളുടെ മുഖത്തേക്കൊരു ചിരിയെറിഞ്ഞു കൊണ്ട്, അത്ര നേരം എന്റെയടുത്ത് എന്റെ കൈത്തണ്ടയിൽ ഒരു കൈ കൊണ്ട് മുറുകെ പിടിച്ചു മറുകൈ കൊണ്ട് കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് വരാതെ വായ പൊത്തിപ്പിടിച്ചു വിങ്ങിപ്പൊട്ടുന്ന എന്റെ പെണ്ണിനെ ഇടം കൈ കൊണ്ട് വാരിയെടുത്ത് എന്റെ നെഞ്ചിലേക്ക് കിടത്തി ഞാൻ.

ശ്രീ അത് വരെയില്ലാത്തൊരു ഞെട്ടലോടെ എന്നെ നോക്കി.. അവളുടെ തൊണ്ട വരളുന്നുണ്ടാവാം.. കുറച്ചു വെള്ളം അവൾക്ക് കൊടുക്കാൻ പറ്റാത്ത വിഷമത്തോടെ ഞാൻ പറഞ്ഞു

“എന്നെങ്കിലും ഒരിക്കൽ പുതിയ നുണകളുമായി നീയെന്നെ വിളിക്കും എന്നുറപ്പായിരുന്നു ശ്രീ.. അങ്ങനെ നീ വിളിക്കുമ്പോൾ വേണം എനിക്ക് ദേ എന്റെയീ പെണ്ണിനെ നിനക്കിങ്ങനെ പരിചയപ്പെടുത്താൻ എന്ന് ഞാൻ കരുതിയിരിക്കുവായിരുന്നു.. “

“കല്യാണം കഴിഞ്ഞത് അറിഞ്ഞില്ല.. വിളിക്കില്ലായിരുന്നു ഞാൻ “

വല്ലാത്തൊരു അസ്വസ്ഥതയോടെ മുഖം വെട്ടിച്ചു കൊണ്ടാണവൾ പറഞ്ഞത്.

“നീ എന്താണ് കരുതിയത്.. ഇപ്പോഴും നീ കളഞ്ഞിട്ട് പോയിടത്ത് തന്നെയാണെന്റെ നിൽപ്പ് എന്നോ…? കഴിഞ്ഞതെല്ലാം മറന്നു നീ തിരികെ വിളിക്കുമ്പോ വാലാട്ടി ഞാൻ നിന്റെ പിറകെ ഞാൻ വരുമെന്നോ… ശരിയാണ് നിന്റെ സ്നേഹം നഷ്ടപ്പെടാതിരിക്കാൻ ഒരു കോമാളിയെപ്പോലെ നിനക്ക് ചുറ്റും കറങ്ങിയവനാണ് ഞാൻ.. വാലാട്ടി ഒരു പട്ടിയെപ്പോലെ നടന്നവനാണ് ഞാൻ.. നിന്നോടുള്ള ഭ്രാന്തമായ സ്നേഹം കാരണം. എന്നിട്ട് നീയെനിക്ക് തിരിച്ചു തന്നത് എന്താണ്.. മരണത്തിന്റെ തണുപ്പ്.. നേരത്തെ ഞാൻ പറഞ്ഞില്ലേ മരണത്തിനു പോലും എന്നെ വേണ്ടായിരുന്നു എന്ന്.. അത് അങ്ങനെയല്ല ശ്രീ,അന്ന് മരണമെന്ന തൊടാതെ പോയത് ദേ ഇവൾക്ക് വേണ്ടിയാണു.. എന്താണ് യഥാർത്ഥ പ്രണയം എന്ന് മനസിലാക്കിത്തരാൻ, മരണത്തിലേക്ക് പോകാൻ ഞാൻ സൃഷ്ട്ടിച്ച മുറിവുകളിലൊന്നിൽ ഈശ്വരൻ ഇവളുടെ പ്രണയം ചേർത്ത് വച്ചിട്ടുണ്ടായിരുന്നു… ഇവൾക്ക് വേണ്ടി മാത്രം പുനർജനിച്ചവനാണ് ഞാൻ…”

പറഞ്ഞു നിർത്തി കിതക്കുമ്പോൾ എന്റെ നെഞ്ചിൽ എന്റെ പെണ്ണിന്റെ കണ്ണീർ നനവ് ഞാനറിഞ്ഞു.അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു ഞാൻ.

“എന്നോട് പ്രതികാരം ചെയ്തതാണല്ലേ?”

കല്ലിച്ച മുഖത്തോടെ ശ്രീ ചോദിച്ചു

“പ്രതികാരമായിരുന്നു ഉദ്ദേശിച്ചതേങ്കിൽ എനിക്കത് എന്നേ ആകാമായിരുന്നു.. ഇതൊക്കെ ഒരു റിവെഞ്ച് ആണോ ശ്രീ ഒരിക്കലും അല്ല. ഇത് നിന്നെ പൂർണ്ണമായുമൊന്നു ബോധ്യപ്പെടുത്താൻ മാത്രം ഞാൻ നിന്റെയല്ല എന്ന്….ഇനിയൊരിക്കലും നീയെന്നെ വിളിക്കാതിരിക്കാൻ.. എന്റെ.. അല്ല ഞങ്ങളുടെ ജീവിതത്തിൽ നിന്റെ നിഴൽ പോലും ഉണ്ടാവാതിരിക്കാൻ…”

ഞാൻ ഒരു ചിരിയോടെ അവളോട് പറഞ്ഞു

“ഞാൻ വയ്ക്കുന്നു. ബൈ…”

നീരസത്തോടെ അവൾ കാൾ അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോ ഒന്ന് കൂടി അവളോട് ഞാൻ പറഞ്ഞു

“നിന്നെ പ്രേമിച്ച്‌ നടക്കുന്ന കാലം തൊട്ട് നീയെന്നെ ഇട്ടിട്ട് പോയ നാള് വരെ നോക്കിയാൽ എണ്ണിക്കൊണ്ട് ഒരായിരം നുണകളെങ്കിലും നീ എന്നോട് പറഞ്ഞിട്ടുണ്ട്.. ഇത്തിരി മുൻപു നീ പറഞ്ഞ നുണ അതിൽ ആയിരത്തിയൊന്നാമത്തെ നുണയായി ഞാൻ കരുതിക്കോളാം.. ഏത് നുണ എന്നല്ലേ ഇപ്പൊ നീ ചിന്തിച്ചത്? കുറച്ചു മുന്നേ പറഞ്ഞില്ലേ അവന്റെ സംശയരോഗവും കുട്ടികൾ ആകാത്തത് കൊണ്ടുള്ള അവന്റെ പീഡനവും ഒക്കെയാണ് ഡിവോഴ്സിൽ നിന്നെ എത്തിച്ചതെന്ന്.. അതല്ല അതിന്റെ കാരണം എന്ന് എനിക്ക് അറിയാം ശ്രീ.. നീ എന്നെ ചതിച്ചു അവന്റെ കൂടെ പോയത് പോലെ, അവനെ ചതിച്ചു പുതിയ ഒരുത്തന്റെ കൂടെ പോകാൻ നോക്കിയതാണ് നിന്റെ ജീവിതം കോഞ്ഞാട്ടയാവാൻ കാരണമെന്ന് ഞാൻ പണ്ടേ അറിഞ്ഞതാണ്. ഒരുളുപ്പുമില്ലാതെ പിന്നെയും നീ നുണപറയുന്നത് കേട്ടിട്ടും മിണ്ടാതെ ഇരുന്നത്, പറഞ്ഞു പറഞ്ഞ് നീ എവിടം വരെ പോകുമെന്നറിയാൻ വേണ്ടിയാണ് . അതുമല്ല നിന്റെ ഈ വിളി അന്ന് തൊട്ടേ ഞാൻ പ്രതീക്ഷിച്ചതുമാണ്.. ന്തേ ഇത്ര വൈകിയെ നീ വിളിക്കാൻ ?”

അപ്രതീക്ഷിതമായ എന്റെ പറച്ചിലിൽ മുഖത്തെ ചോര മുഴുവൻ വാർന്നു വിളറി വെളുത്ത് എന്ത് പറയണമെന്നറിയാതെ ഇരിക്കുന്നവളോട് വളരെ മൃദുവായി ഞാൻ പറഞ്ഞു

“അപ്പൊ ശരി ശ്രീ… ഞാൻ വയ്ക്കുവാ. ഇനിയും നിന്നോട് മിണ്ടി ദേ എന്റെ പെണ്ണിന്റെ ദേഷ്യവും സങ്കടവും കൂട്ടുന്നില്ല ഞാൻ… ഇനിയെനിക്കൊന്നു സുഖമായി ഉറങ്ങണം.. നീയൊരു കാര്യം ചെയ്യ് ഒന്ന് നോർമൽ ആയിക്കഴിയുമ്പോ എന്റെ നമ്പർ അങ്ങ് ഡിലീറ്റ് ചെയ്തേക്ക്. എന്നിട്ട് വല്ല പറമ്പിലും കിളയ്ക്കാൻ പോ. ദിവസവും നൂറു രൂപ വച്ചു ചിലപ്പോൾ കിട്ടും. ജീവിക്കാൻ തത്കാലം അത് മതി… അപ്പോ ശരി….. ബൈ “

അവളെന്തെങ്കിലും പറയുന്നതിന് മുന്നേ കാൾ കട്ട്‌ ചെയ്ത് അവളുടെ നമ്പർ ബ്ലോക്ക്‌ ചെയ്തത് ഫോൺ മാറ്റി വച്ച് എന്റെ പെണ്ണിനെ രണ്ട് കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചു ഞാൻ.

പിന്നെ മെല്ലെ നനവ് തിങ്ങിയ അവളുടെ കണ്ണുകളിൽ ചുണ്ട് ചേർത്ത് ഞാൻ പറഞ്ഞു “എന്റെയാകാശവും ഭൂമിയും ആയവളെ… നിന്നോളം ഈ ലോകത്തിൽ എനിക്ക് മറ്റൊന്നുമില്ല പെണ്ണെ… കരഞ്ഞു വെറുതെ നീയെന്റെ ആയുസ് കുറയ്ക്കാതെ…”

ഒരു നനഞ്ഞ ചിരിയോടെ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി

“നീയെന്റെ മാത്രമാണ് ട്ടോ ചെക്കാ “

എന്ന് പറയുന്നവളെ ചേർത്ത് പിടിച്ച് ജനലഴികളിലൂടെ പുറത്തേക്ക് നോക്കി ഞാൻ.

ആ മഴ പെയ്തു തോർന്നിരിക്കുന്നു…

~ബിന്ധ്യ ബാലൻ