Story written by Joshitha Vattakkunnel
=======================
എൻ്റെ രണ്ടാമത്തെ കുഞ്ഞ് വയറ്റിൽ ഒമ്പത് മാസമായപ്പോഴാണ് എന്റെ ഭർത്താവിന്റെ മരണവാർത്ത ഞാൻ അറിയുന്നത്.
നിറവയറുമായി ഞാൻ എൻ്റെ വീടിന്റെ പടി ചവിട്ടി വീട്ടിൽ എത്തി. എന്റെ അമ്മയും ഒമ്പത് മാസവും തികഞ്ഞു പേറ്റ് നോവാവാറായി നിൽക്കുന്നു.
എന്റെ എളേവർ ആറ് പേരുണ്ട്. ഇനി എന്റെ പ്രസവം, എന്റെ മൂത്ത മകൻ്റെ ചിലവ് ഒന്നും നോക്കാൻ അമ്മയ്ക്ക് കഴിയില്ല എന്ന് അമ്മ പറഞ്ഞു.
അപ്പൻ തികഞ്ഞ മ-ദ്യപാനി ആയത് കൊണ്ടും ഞാൻ കൂടുതൽ നേരം അവിടെ നിന്നില്ല, ഞാൻ എന്റെ പരേതനായ ഭർത്താവിന്റെ വീട്ടിലേക്ക് പോയി, അവിടെ നിന്നും എന്നെ നിഷ്കരുണം സംരക്ഷിക്കാൻ കഴിയുകയില്ല എന്ന് പറഞ്ഞപ്പോൾ എന്റെ ഭർത്താവും ഞാനും കഴിഞ്ഞിരുന്ന ഓലഷെഡിലേക്ക് തന്നെ പോയി
മൂത്ത മകൻ വിശന്നു തളർന്നു. എനിക്ക് ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പ് ഉണ്ട്, എന്റെ വയറ്റിൽ ഒരു കുഞ്ഞ് ഉള്ളത് കൊണ്ടും എന്റെ പൊന്നു മകൻ്റെ മുഖം നോക്കുമ്പോഴും എനിക്ക് മരിക്കണം എന്ന് അന്ന് തോന്നിയില്ല..
എന്റെ അവസ്ഥ കണ്ടിട്ട് ആയിരിക്കും അയൽപക്കത്തെ ഒരുമ്മയും മകനും എനിക്കും മകനും ഭക്ഷണം കൊണ്ട് തന്നു.
അന്ന് യാത്ര ചെയ്ത് ക്ഷീണിച്ചതുകൊണ്ടാണോ എനിക്ക് പ്രസവവേദന വന്നു, ഞാൻ ആ ഓലഷെഡിലേക്ക് രണ്ടാമത്തെ മകനേയും പ്രസവിച്ചു. എനിക്ക് ആരും ഒരു സഹായം ഇല്ല ദൈവവും എന്നെ കൈവിട്ടിരിക്കുന്നുവോ….
കബനി നദി ആർത്തൊഴുകുകയാണ്. അതിൻ്റെ ആഴങ്ങളിൽ കാണുന്ന ചുഴിയിൽ എനിക്കും മക്കൾക്കും വിശപ്പ് ഉണ്ടാവില്ല, പ്രസവിച്ച് ഒട്ടിയ വയറുമായി ഞാനും മകനും നദിയുടെ അരികിലേക്ക് പോയി.
മോൻ പറഞ്ഞു, അമ്മാ ഇരുട്ട് എനിക്ക് പേടിയാകുന്നു. ആഴങ്ങളിൽ നോക്കിയപ്പോൾ മോൻ എൻ്റെ സാരിത്തുമ്പിൽ പിടിച്ചു പറഞ്ഞു എനിക്ക് വിശക്കുന്നു. എൻ്റെ കൈയിലെ രണ്ടാമത്തെ കുഞ്ഞും വലിയ വായിൽ കരഞ്ഞു എൻ്റെ മാറ് ചുരന്നു. എൻ്റെ വസ്ത്രങ്ങളിൽ നിറയെ പാൽ മണം.
എൻ്റെ മാതാവേ, എൻ്റെ ദൈവമേ ഈ രാത്രിയിൽ ഭൂമി പിളർന്ന് എന്നെ ഏറ്റെടുത്തു എങ്കിൽ…..
എൻറെ മാതാവേ എൻറെ ദൈവമേ എന്നെ കൈവിടരുതേ .എന്ന് പ്രാർത്ഥിച്ചു.
ആ ഇരുട്ടിൽ ഒരു വെളിച്ചം, മുജീബ് ഒരു ടോർച്ച് മായി വരുന്നത് കണ്ടു.
അമ്മിണി. എന്താ ഇവിടെ? വാ പോകാം എന്ന് പറഞ്ഞു മുജീബ് എൻറെ കൈയ്യിൽ പിടിച്ചു, എൻറെ കുഞ്ഞിനെ കൈയ്യിൽ എടുത്തു എൻറെ മൂത്ത മകൻറെ കൈയിൽ പിടിച്ചു,
ഈ അസമയത്ത് നീയെന്തിനാണമ്മിണീ ഇവിടെ നിൽക്കുന്നത് എന്ന് പറഞ്ഞു എന്നെ കൂടെ കൊണ്ടുപോയി,,,
എൻറെ പ്രസവസമയത്ത് എനിക്ക് വേണ്ട മരുന്ന് വെള്ളം എത്തിച്ചു തന്നിരുന്നത് അയൽപക്കത്തെ മുജീബും മുജീബ് ൻറെ ഉമ്മയുമാണ്, എൻറെ ഭർത്താവ് നെ ആരോ മനപൂർവ്വം തലയിൽ അടിച്ചു കൊ- ന്നതാണ് എന്നും ഹോട്ടലിൽ ജീവനക്കാരനായിരുന്നതിനാൽ മറ്റ് ആരൊക്കെ യോ ആയി സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നു എന്നതും വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്…പോലീസ് കേസെടുത്തു പിന്നെ തെളിവില്ലാതെ പോയി.
ഉമ്മയ്ക്ക് തീരെ സുഖമില്ല എന്നും മോനെ കൂട്ടിന് കൊണ്ട് പോകുന്നു എന്ന് പറഞ്ഞു മുജീബ് ആശുപത്രിയിൽ പോയി പിന്നീട് അറിഞ്ഞത് മരണവാർത്ത യാണ്..
ചെറിയ സ്വർണ പണിയെടുത്താണ് ഇരുപത് വയസ്സുള്ള മുജീബും ഉമ്മയും ജീവിച്ചിരുന്നത് ഉമ്മ മരിച്ചപ്പോൾ മുജീബ് തീർത്തും ഒറ്റപ്പെട്ടു,
ഒരു ദിവസം രണ്ട് മക്കളും ഉറങ്ങിപ്പോൾ എന്നെക്കഴിഞ്ഞും രണ്ടു വയസ് ഇളയ അദ്ദേഹം എൻറെ കൂടെ വന്ന് കിടന്നു, എനിക്കും എൻറെ മക്കൾക്കും അന്നം തരുന്ന ദൈവത്തോട് എനിക്ക് പ്രണയമായിരുന്നു. തുടർന്ന് മുജീബ് എൻറെ അഞ്ചു മക്കളുടെ ഉപ്പ ആയി. ഞാൻ അമ്മിണി യിൽ നിന്നും ആമിന ആയി. മുജീബ് ൻറെ ഒരേയൊരു പത്നി ആയി,
യാ അള്ളാഹു. അന്ന് മുതൽ വിരിഞ്ഞ ഓരോ പുലരിയും അള്ളാഹു വിൻറെ ദാനമാണ്
ഇന്ന് അദ്ദേഹത്തിന്റെ മരണക്കല്ലറയിൽ ഞാൻ പൂവും വെച്ച് തിരിച്ചു വന്നിരിക്കുന്നു…
കഥ കേട്ടു കഴിഞ്ഞപ്പോൾ ഞാൻ ഉമ്മയോട് ചോദിച്ചു, ചുമ്മാ ഒരു രസം…
ആദ്യ ഭർത്താവിനെയാണോ ഉമ്മയ്ക്ക് ഇഷ്ടം.(ഔസേപ്പിച്ചാൻ) അതോ രണ്ടാമത്തെ മുജീബ് നെയാണോ?
ഉമ്മ ചിരിച്ചോണ്ട് പറഞ്ഞു, സുന്ദരൻ ഔസേപ്പിച്ചാൻ ആണ് ആറടിയോളം പൊക്കം സുമുഖനായ മനുഷ്യൻ…എൻറെയും എൻറെ മക്കളുടെയും മുന്നിൽ തിരക്ക് കഴിഞ്ഞാൽ രാത്രി മാത്രം വരുന്ന ഒരു വിരുന്നു കാരനേപോലെ ആയിരുന്നു ഔസേപ്പിച്ചാൻ. എൻറെയും മക്കളുടെയും വിശപ്പ് അയാൾ കണ്ടിരുന്നില്ല, അയാൾ മരിച്ചു. വിശപ്പ് എന്ന വികാരത്തിന്റെ മുന്നിൽ എനിക്ക് പ്രണയനൈരാശ്യെത്തക്കുറിച്ച് നിന്നെപ്പോലെ കവിത എഴുതാൻ പറ്റിയില്ല, എൻറെ മക്കളുടെ വിശപ്പ് അകറ്റിയവൻ എൻറെ മുജീബ് ആയിരുന്നു. അവൻറെ രൂപത്തിലല്ല, അവൻറെ മനസ്സിൽ ആയിരുന്നു സൗന്ദര്യം. കുഞ്ഞായിഷൂൻറുപ്പ അവനെയാ എനിക്ക് ഇഷ്ടം..
പട്ടിണി കിടക്കുന്നവൾക്ക് വരുന്ന പ്രണയം അവളുടെ അന്നമാണ്. അത് കൊണ്ട് അന്നം കൊണ്ട് തന്നവൻ അവൾക്ക് ദൈവമാണ്…..
എനിക്ക് പ്രണയം എൻറെ മുജീബ് നോടാണ്……….❤️
~Joshitha Vattakkunnel