മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“അതെ ഞാൻ അവസരം കിട്ടിയാൽ പഴയ കാമുകനെ തേടി പോകും .ഭർത്താവിനെ കൊണ്ട് പൊറുതി മുട്ടുന്ന പല ഭാര്യമാരും അത് തന്നെ ചെയ്യും അതാണ് നമ്മുടെ ഈ നാട്ടിൽ അവിഹിതങ്ങളും ഒളിച്ചോട്ടങ്ങളൂം കൂടുന്നത് ..എനിക്ക് ഇപ്പോഴും എന്റെ ഉള്ളിൽ ഗോവിന്ദ് തന്നെയാ .ഞാൻ അവൻ തേടി പോയതുമാണ് .ഇന്നലെ അവന്റെ അരികിലേക്ക് ആണ് ഞാൻ പോയത് “
വിനു ചിരിച്ചു
“എന്നിട് അവനെന്തു പറഞ്ഞു ..നോ പറഞ്ഞില്ലേ ?”.അവൾ അമർഷം കടിച്ചമർത്തി
“നാട്ടിൽ വന്നിട്ട് ഒറ്റയ്ക്ക് വീട്ടിൽ പോകണം എന്ന് നീ പറഞ്ഞപ്പോൾ തന്നെ ഞാൻ അത് ഊഹിച്ചിരുന്നു .നിന്നെ ഞാൻ വിളിക്കാതിരുന്നത് അത് കൊണ്ടാണ് .ഞാൻ ഒരു വിഡ്ഢിയല്ല അഖില .പക്ഷെ എന്നെ അത് ബാധിക്കില്ല ..പക്ഷെ നിന്റെ മുഖത്ത് എന്തൊ ഒരു കള്ളത്തരം ഉണ്ടല്ലോ “
അവളുടെ കയ്യിൽ മറച്ചു പിടിച്ച ഒരു ഹാൻഡ് ബാഗ് ശ്രദ്ധയിൽ പെട്ടപ്പോൾ അവൻ ചോദിച്ചു
അവനവളുടെ ഹാൻഡ് ബാഗ് ബലമായി കൈക്കലാക്കി
“അതിങ്ങ് താ വിനു “
അവളതു പിടിച്ചു മേടിക്കാൻ ശ്രമിച്ചു
“നീ എന്തിനാ പേടിക്കുന്നത് ?ഗോവിന്ദ് തന്ന ഗിഫ്റ്റ് വല്ലാത്തതുമുണ്ടോ ഇതിൽ?” അവൻ അവളിൽ നിന്നു അത് ഉയർത്തി പിടിച്ചു പിന്നെ അവളെ തള്ളി മാറ്റി അത് തുറന്നു നോക്കി
കുറച്ചു മെഡിസിൻസ്
“നിനക്ക് എന്താ അസുഖം ?പ്രെഗ്നന്റ് ആണോ ?”
അവൻ ഗുളികകൾ മെല്ലെ വായിച്ചു നോക്കി
“ക്ളോനോസിപം “
“എനിക്ക് വയ്യ .നല്ല സുഖമില്ല ” അവൾ വിളർച്ചയോടെ പറഞ്ഞു
“നോക്കട്ടെ ധൃതി വെയ്ക്കാതെ ” അവൻ അതിന്റെ പേര് ഗൂഗിളിൽ തിരഞ്ഞു
“ആഹാ കൊള്ളാമല്ലോ ..സ്ലീപ്പിങ് പിൽസ്. നിനക്ക് ഉറക്കമൊന്നുമില്ലേ?”
അടുത്തത് ഒരു ബോട്ടിൽ അടങ്ങുന്ന കിറ്റ്.അവൻ കയ്യിൽ എടുത്തതു നോക്കി
“താലിയം “
“ഹെവി ആണല്ലോ?ടെൻ മില്ലിഗ്രാമിൽ ആള് തീരുമല്ലോ?ഓഷോയെ വായിച്ചിട്ടുണ്ടല്ലേ? പുള്ളിക്ക് പണി കിട്ടിയത് ഇതിലായിരുന്നു. അപ്പൊ ഇതെങ്ങനെ എനിക്ക് തരാനായിരുന്നു പ്ലാൻ?”
അഖിലയുടെ മുഖത്തെ ചോര വാർന്നു. അവൾ ഒരക്ഷരവും പറയാത് നിന്നു. അവളുടെ ശരീരം വിയർത്തു തളർന്നു
“ഇതെനിക്ക് എങ്ങനെ നി തരുമായിരുന്നു ? എന്ത് ഫൂൾ ആണ് നീ? അവൻ പൊട്ടിച്ചിരിച്ചു
“ആരാണ് ഈ പൊട്ട ബുദ്ധി ഒക്കെ പറഞ്ഞു തന്നത്?എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പോസ്റ്റ് മാർട്ടം ചെയ്യില്ലേ? താലിയം ഒക്കെ കണ്ടു പിടിക്കും..നിന്നെ അപ്പൊ അറെസ്റ്റ് ചെയ്യില്ലേ?” അവളുടെ തല കറങ്ങുന്നത് പോലെ തോന്നി
“എന്നെ കൊല്ലാൻ മാത്രം വൈരാഗ്യം ഉണ്ടായിരുന്നോ അഖില?”
ഏതോ ഗുഹാമുഖത്തു നിന്നു വിനു ചോദിക്കുന്നു
അവൾ ബോധമറ്റ് ബെഡിലേക്ക് വീണു.
വിനു അൽപനേരം അവളെ നോക്കി നിന്നു പിന്നെ സാധനങ്ങൾ എടുത്തു കൊണ്ട് മുറി വിട്ടു പോയി
“നന്ദൻ എവിടെ പാറു?” പാർവതി തിരിച്ചു പോകാനുള്ള ഒരുക്കത്തിലായിരുന്നു .അവൾ തുണികൾ മടക്കി ബാഗിലേക്ക് വെച്ച് കൊണ്ടിരുന്നു
വിനുവിനെ കണ്ടതും അവളൊന്നു പുഞ്ചിരിച്ചു
“നന്ദൻ തൊടിയിലുണ്ടല്ലോ .കുറച്ചു മാങ്ങാ പറിക്കുകയാണ് ശ്രീകുട്ടിക്ക് വലിയ ഇഷ്ടമാണ് മാങ്ങാ “
“ആഹാ ..നിനക്കും ഇഷ്ടമാണല്ലോ ആ ശർക്കര മാങ്ങാ ..”അവൻ സ്നേഹത്തോടെ പറഞ്ഞു
അവൾ തലയാട്ടി
“ഞങ്ങൾ ഇന്നുച്ചയ്ക്ക് പോകും ശ്രീക്കുട്ടിയുടെ ക്ലാസ് ഇപ്പൊ തന്നെ കുറച്ചു പോയി.ഇനി ഒരു തീരുമാനം ഉണ്ടാകുമ്പോൾ വന്നാൽ മതിയല്ലോ .നന്ദനും എനിക്കും ഓഫീസിൽ പോകണം “
“ശരിയാണ് ..എനിക്ക് പക്ഷെ വലിയ തിരക്കൊന്നുമില്ല .പോകണമെന്ന് തന്നെയില്ല ഇവിടെ വല്ല കൃഷിയും മറ്റു ചെയ്തു ജീവിച്ചാലോ എന്നാ ..അമേരിക്കയൊക്കെ മടുത്തെടോ “
“അപ്പൊ പിന്നെ ഇവിടെ താമസിക്കാമല്ലോ പൗർണമി കൂടി പോയിക്കഴിഞ്ഞാൽ പാവം ഇവിടെ ചിറ്റപ്പനും ജാനകി ചിറ്റയും എന്റെ അച്ഛനുമമ്മയും മാത്രമേ ഉണ്ടാവു ..”
“ആലോചിക്കണം “അവൻ പറഞ്ഞു
“നന്ദനെ എന്തിനാ തിരക്കിയത് ?” അവൾ പെട്ടെന്ന് ചോദിച്ചു
“ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു ..പൗർണമിയുടെ കല്യാണത്തിന്റെ ..”അവൻ എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുന്നതായി അവൾക്ക് തോന്നി
“സത്യം പറ വിനുവേട്ടാ എന്താ കാര്യം ?”
“ഒന്നുല്ലാടി ,,നിനക്ക് പേടിയുണ്ടോ ?”
“എന്തിനു ?”
“ഞാൻ വില്ലനോ മറ്റോ ആണെന്ന് ?”
പാർവതി ചിരിച്ചു
“പിന്നെ എനിക്കറിയില്ലേ വിനുവേട്ടനെ…ഒരു കൊച്ചു നീർക്കോലിയെ കണ്ടാൽ ബോധം കെടുന്ന കക്ഷിയാ..വില്ലൻ പോലും .വിനുവേട്ടൻ പാവാ എനിക്ക് അറിയാം ..”
വിനുവിന്റെ കണ്ണ് നിറഞ്ഞു.
“നീ എന്നെ വെറുക്കരുത് കേട്ടോ ..”അവൻ മെല്ലെ പറഞ്ഞു പിന്നെ വാതിൽ കടന്നു തിരിച്ചു പോയി
പാർവതി കുറച്ചു നേരം കൂടി അങ്ങനെ നിന്നു
“നന്ദാ ഞാൻ കൂടി സഹായിക്കാം ” ഉയരത്തിൽ നില്കുന്ന ഒരു കുല മാങ്ങാ എത്തി പറിക്കുവാൻശ്രമിക്കുന്ന നന്ദനോടവൻ വിളിച്ചു പറഞ്ഞു
നന്ദൻ ഒന്ന് തിരഞ്ഞു നോക്കി
വിനു
അവനൊന്നു ചിരിച്ചു
“ഞങ്ങളിന്നു പോവാ “
“പാറു പറഞ്ഞു.ഞാൻ നന്ദനെ അന്വേഷിച്ചു മുറിയിൽ പോയിരുന്നു “അവൻ മാങ്ങാ കുലകൾ പറിച്ചെടുത്തു നന്ദന് നീട്ടി
“എന്താ കാര്യം ?”നന്ദൻ അത് വാങ്ങി കയ്യിൽ ഇരുന്ന സഞ്ചിയിൽ നിക്ഷേപിച്ചു
“കാര്യം ….”വിനു നന്ദന്റെ തോളിൽ പിടിച്ചു
“നന്ദനോട് എനിക്ക് കുറച്ചു സംസാരിക്കണം ..”
നന്ദൻ അവനെ കുറച്ചു നേരം നോക്കി നിന്നു.
“വെറുതെ ക്ളീഷേ കുറേ പറയുന്നതിൽ അർത്ഥമൊന്നുമില്ല .ഞാൻ ചിലപ്പോ ഉടനെയെങ്ങാൻ മരിച്ചു പോയെങ്കിലോ ..അത് പറയാൻ എനിക്ക് പിന്നീട് കഴിഞ്ഞില്ലങ്കിലോ..”
“നന്ദന് ഒന്നും മനസ്സിലായില്ല
അവന്റെ നിൽപ് കണ്ടു വിനു പൊട്ടിച്ചിരിച്ചു
“എനിക്ക് വട്ടായോ എന്ന് ചിന്തിക്കുകയല്ലേ ?”
“ഏയ് “നന്ദൻ തല വെട്ടിച്ചു
“ചിലപ്പോ ഞാൻ ഉടനെ മരിച്ചു പോയേക്കാം ..ചിലപ്പോൾ എന്നെ ആരെങ്കിലും കൊന്നേക്കാം..”
“എന്താ വിനു ?അവൻ ശാസിച്ചു
“വെറുതെ ഒരു ഇന്റ്യൂഷൻ …എനിക്കിനി അധിക കാലമൊന്നുമില്ല എന്നൊരു തോന്നല്…”അവൻ മെല്ലെ ചിരിച്ചു
“നമുക്ക് അങ്ങോട്ട് ഇരുന്നാലോ ” നന്ദൻ പുഴക്കരയിലേക്ക് കൈ ചൂണ്ടി
അവർ തണൽ നോക്കി ഒരിടത്തിരുന്നു
“ഞാൻ പാർവതിയെ സ്നേഹിച്ചിരുന്നു …അവളെ മറക്കാനാ ഞാൻ അഖിലയെ വിവാഹം ചെയ്തത് ..അതും പരാജയമാണ് ..പാർവതിയുടെ ഭർത്താവു എന്ന നിലയിൽ നന്ദനോട് ഇതൊന്നും പറയാൻ പാടില്ല എന്ന് എനിക്കറിയാം .പക്ഷെ നന്ദനെങ്കിലും എന്നെ മനസിലാക്കണം .എന്നെ അറിയണം .ഞാൻ ഇല്ലാതായാൽ ഈ ഭൂമിയിൽ എന്നെ അറിയുന്ന ഒരാളെങ്കിലും വേണം.നന്ദന് കുറച്ചു സമയമുണ്ടാകുമോ എനിക്ക് തരാൻ ?
നന്ദൻ അവനെ ഒന്ന് ചേർത്ത് പിടിച്ചു
അത്രമേൽ അവനതു ഉള്ളിൽ തട്ടിയാണ് പറഞ്ഞത്
മയക്കം വിട്ടുണർന്ന അഖില കട്ടിലിൽ മെല്ലെ എഴുന്നേറ്റിരുന്നു
ഈശ്വര ഇനി എന്തൊക്കെയാണ് തന്നെ തേടി വരിക..
രേണുകയുടെ വീട്ടിൽ പോയ നിമിഷത്തെ അവൾ ശപിച്ചു. അവളാണ് ബുദ്ധി ഉപദേശിച്ചു തന്നത്. അവളുടെ ഭർത്താവ് പറഞ്ഞതാണ് അപകടമാണെന്ന്. പക ആയിരുന്നു ഉള്ളിൽ.
മരുന്ന് മദ്യത്തിൽ കലർത്തി വെയ്ക്കാനാണ് തീരുമാനിച്ചത്. അത് കുടിക്കുന്ന ആള് തീരുകയും ചെയ്യും. ബാക്കി ആലോചിച്ചില്ല.
വിനു എങ്ങോട്ട് പോയി?എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി എന്തും സംഭവിക്കാം. ഈ നിമിഷം വരെ വിനു മാത്രമേ തന്നെ കണ്ടിട്ടുള്ളു
വീട്ടിലേക്ക് തിരിച്ചു പോകാൻ അവൾ തീരുമാനിച്ചു. എന്തുണ്ടെങ്കിലും ഇനി ഒറ്റയ്ക്ക് അഭിമുഖീകരിക്കാൻ വയ്യ
വിനുവിന്റെ സ്വഭാവം വെച്ചു പ്രതികരണം ഊഹിക്കാൻ പോലും വയ്യ..ബോധം കേട്ട് കിടന്നപ്പോൾ ഇറങ്ങി പോയതാണ്.
അവൾ ബാഗിൽ വസ്ത്രങ്ങൾ നിറച്ചു മുറി അടച്ചു ഇറങ്ങി
“അഖിലെയെവിടേക്കാ ?”
പാർവതി
അഖില ഒന്നും മിണ്ടിയില്ല
“ബാഗ് ഒക്കെ എടുത്തെങ്ങോട്ടാ ?ഇതെപ്പോ വന്നു?”
അഖിലയുടെ ഉള്ളിലുണ്ടായിരുന്ന സകല പകയും അപ്പൊ പാർവതിയോടായി.
ഒക്കെറ്റിനും കാരണം ഇവളാണ്. അവളോടുള്ള വിനുവിന്റെ പ്രേമം. അവളോടുള്ള വിനുവിന്റെ ഭ്രാന്ത്.
ഇവൾ ഉള്ള കാലം വരെ ആ ഭ്രാന്ത് തുടർന്ന് കൊണ്ടേയിരിക്കും
അഖിലയ്ക്ക് തലക്കുള്ളിൽ അപ്പൊ ഒരു ഭ്രാന്ത് നിറഞ്ഞു
വിനുവിനെയല്ലായിരുന്നു ഇവളെയായിരുന്നു കൊല്ലേണ്ടത് .ഇവൾ ചത്താൽ അവൻ നീറി നീറി ജീവിക്കും അവളില്ലായ്മയിൽ അവൻ ഭ്രാന്തനെ പോലെ അലറും കരയും .തന്നെ കരയിച്ചതിന്റെ ആയിരം മടങ്ങവൻ കരയും ‘
അവൾ പാർവതി നിൽക്കുന്നിടത്തേക്ക് നോക്കി
മുകളിൽ ബാൽക്കണിയിൽ പിടിച്ചു താഴേക്ക് തന്നെ നോക്കി നിൽപ്പാണ്.
“ഒരു അത്യവശ്യം ..ഞാൻ അങ്ങോട്ട് വന്നു പറയാം ” അഖില ബാഗ് അവിടെ വെച്ചു അവൾക്കരികിലേക്ക് നടന്നു
പാർവതി നേർത്ത ഒരു ചിരിയോടെ അവൾ കയറി വരുന്നത് നോക്കി നിന്നു
“ഞാൻ വീട്ടിലൊന്നു പോയിരുന്നു “
“ഉവ്വ് അറിഞ്ഞു “പാർവതി മറുപടി പറഞ്ഞു
അവൾ തൊട്ടടുത്തെത്തി
“വിനു പറഞ്ഞിട്ടുണ്ടാകും? “അവൾപൈശാചികമായ ഒരു ചിരിയോടെ ചോദിച്ചു
“വിനുവേട്ടനാണെന്നു തോന്നുന്നു പറഞ്ഞു ” അവൾക്കാഭാവമാറ്റം മനസിലായില്ല
“വിനുവേട്ടൻ ..നിനക്ക് നാണമില്ലേ ഇപ്പോഴും അയാളുടെ പിന്നാലെ അങ്ങനെ നടക്കാൻ ?”
പാർവതി സ്തംഭിച്ചു പോയി
“നീ കാരണമാണ് എന്റെ ജീവിതം തകർന്നത്.സദാ സമയവും പാറു പാറു പാറു ..മടുത്തു കേട്ട് കേട്ട്. വെറുത്തു നിന്നെ ..”
“ഞാൻ അതിന് ഒരു തെറ്റും ചെയ്തില്ലല്ലോ അഖില “പാർവതി വേദനയോടെ പറഞ്ഞു
“നിനക്കവനെ അങ്ങ് കല്യാണം കഴിച്ചൂടായിരുന്നോ? ഞാൻ എങ്കിലും രക്ഷപ്പെട്ടു പോകില്ലായിരുന്നോ ?…”
പാർവതിയുടെ കണ്ണുകൾ നിറഞ്ഞു അവളുടെ ദേഹം തളർന്നു ..ആ നിമിഷം തന്നെ അഖില അവളുടെ പുറകിൽ നിന്ന് അവളെ ആഞ്ഞു തള്ളി
മുകൾ നിലയിൽ നിന്ന് താഴേക്ക് ..താഴേക്ക് ..താഴേക്ക്
തുടരും…