എഴുത്ത്: കർണൻ സൂര്യപുത്രൻ
========================
“സമയം എട്ടുമണി ആയി നിനക്കിന്നു ജോലിക്ക് പോകണ്ടേ..?”
ഒരു സ്ത്രീശബ്ദം കേട്ട് ഞാൻ ഞെട്ടിപ്പോയി…നല്ല ഉറക്കമായിരുന്നു…തലേ ദിവസത്തെ ഹാങ്ങ് ഓവർ വിട്ടു മാറിയിട്ടില്ല…
“ചോദിക്കാനും പറയാനും ആരുമില്ലാത്തതിന്റെ അഹങ്കാരമാ ഈ കാണിച്ചു കൂട്ടുന്നത്..”
അടുക്കളയിൽ നിന്നാണ് ശബ്ദം എന്ന് മനസിലാക്കിയ ഞാൻ പണിപ്പെട്ട് എഴുന്നേറ്റ് ലുങ്കി എടുത്ത് ചുറ്റി അങ്ങോട്ട് നടന്നു…വേറാരുമല്ല എന്റെ ചേച്ചി തന്നെ…ഇവളെങ്ങനെ ഇവിടെത്തി?
“നീയെപ്പോ വന്നു..?”
“വന്നതാണോ കുറ്റം?” അവൾ തിരിഞ്ഞ് നിന്ന് കൈകൾ മാറിൽ കെട്ടി…
“എന്ന് ഞാൻ പറഞ്ഞോ? ഇത് നിന്റേം കൂടി വീടാ…എപ്പോ വേണമെങ്കിലും വരാം….”
“ഉം…ഞാൻ രാവിലെ വന്നതാ…വാതിലൊന്നും ലോക്ക് ചെയ്യാതെയാ ഉറങ്ങിയത് അല്ലേ?…”
“ഇവിടെ നിധിയൊന്നും ഇരിപ്പില്ലല്ലോ അടച്ചു പൂട്ടി വയ്ക്കാൻ…”
അവളെന്നെ രൂക്ഷമായി നോക്കി…
“പല്ല് തേച്ചിട്ട് വാ….കഴിക്കാൻ എടുക്കാം…”
“അതവിടെ നിൽക്കട്ടെ…ഇത്രയും രാവിലെ നീ വരണമെങ്കിൽ എന്തെങ്കിലും കാരണം ഉണ്ടാകുമല്ലോ…അത് പറ..?”
“ഏയ് ഒന്നുമില്ലെടാ..നിന്നെയൊന്നു കാണണമെന്ന് തോന്നി…”
” ഉവ്വ..വിശ്വസിച്ചു… ” ഞാൻ ചിരിച്ചു കൊണ്ട് സ്റ്റൂൾ വലിച്ചിട്ട് ഇരുന്നു…
“ഭർത്താവിനെയും ഉപേക്ഷിച്ചു സ്വന്തം കാലിൽ നിൽക്കുന്ന ധീരവനിതയ്ക്ക് എന്നുമുതലാ സഹോദരസ്നേഹം തുടങ്ങിയത്?…”
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ നിശബ്ദതപാലിച്ചു…അങ്ങനെയൊരു പതില്ലാത്തതാണ്….ചെറുപ്പം മുതൽ ആരാണോ എന്താണോ എന്ന് നോക്കാതെ മുഖത്തടിച്ചത് പോലെ മറുപടി കൊടുക്കുന്നയാളാണ് ചേച്ചി…അവൾ ആണും ഞാൻ പെണ്ണുമായിട്ട് ജനിക്കേണ്ടതായിരുന്നു എന്ന് എല്ലാവരും പറയും…കൂടപ്പിറപ്പുകൾ ആണെങ്കിലും ഞങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും പോലെയാണ്…എന്നും വഴക്ക്….അവൾ കുത്തിയിരുന്ന് പഠിച്ച് ഓരോ ക്ലാസ്സിലും നല്ല മാർക്കോടെ പാസാകുമ്പോൾ ഞാൻ ഉഴപ്പി നടന്ന് അദ്ധ്യാപകരുടെയും അച്ഛന്റെയും അടി ഒരു മടിയുമില്ലാതെ വാങ്ങിക്കൂട്ടി. പ്രോഗ്രസ് കാർഡ് ചുരുട്ടി എറിഞ്ഞ് അച്ഛൻ എന്നെ തല്ലുന്ന സമയത്ത് ചേച്ചിയുടെ മുഖത്ത് പരിഹാസച്ചിരി ഉണ്ടാകും…അന്ന് തൊട്ടാണ് ഞാൻ അവളെ വെറുത്തു തുടങ്ങിയത്….
ഞങ്ങളുടെ ബാല്യത്തിൽ തന്നെ അമ്മ മരിച്ചു പോയി…ഓട്ടോ ഡ്രൈവർ ആയിരുന്ന അച്ഛനും എന്നേക്കാൾ മൂന്ന് വയസു മൂത്ത ചേച്ചിയും ഞാനും ആയിരുന്നു വീട്ടിൽ….എത്ര കഷ്ടപ്പെട്ടിട്ടായാലും മക്കൾക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കുന്ന അച്ഛന് പക്ഷേ സ്നേഹം പ്രകടിപ്പിക്കാനൊന്നും അറിയില്ലായിരുന്നു…പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതം…അമ്മയില്ലാതെ വളർന്നതിനാലും പ്രായത്തിൽ മുതിർന്ന കുട്ടികളുമായി കൂട്ട് കൂടിയതിനാലും ഞാൻ എന്നും ഓരോ കുരുത്തക്കേടുകൾ ഒപ്പിക്കും…അതിന് അച്ഛൻ ത-ല്ലിപിഴിയുകയും ചെയ്യും….അച്ഛൻ അറിയാതെ ചെയ്യുന്ന കാര്യങ്ങൾ ചേച്ചി യാതൊരു മടിയുമില്ലാതെ അച്ഛനെ അറിയിച്ച് എനിക്ക് കിട്ടാനുള്ളത് വാങ്ങി തരും….ആ പ്രായത്തിൽ ഇവൾ ച-ത്തു പോകണേ എന്ന് വരെ പ്രാർത്ഥിച്ചിട്ടുണ്ട്…
വളർന്നപ്പോൾ എന്റെയുള്ളിലെ വെറുപ്പും വളർന്നു….നന്നായി പഠിക്കുന്ന, വീട്ടുജോലിയൊക്കെ കൃത്യമായി ചെയ്യുന്ന ചേച്ചിയോടായിരുന്നു അച്ഛന് അടുപ്പം…ചേച്ചി കാരണമാണ് അച്ഛന് എന്നെ ഇഷ്ടം അല്ലാത്തതെന്ന വിശ്വാസം മനസിൽ ഉറച്ചു..കുട്ടിക്കാലത്ത് വഴക്കടിച്ചിരുന്നു എങ്കിലും പിന്നീട് മിണ്ടാതായി…ഒരു വീട്ടിൽ അപരിചിതരെ പോലെ….
അവളുടെ വിവാഹം അപ്രതീക്ഷിതമായിരുന്നു…അതിൽ ഏറ്റവും സന്തോഷിച്ചത് ഞാനാണ്…അത് സ്നേഹം കൊണ്ടൊന്നുമല്ല…നല്ലൊരു ജോലി എന്ന അവളുടെ സ്വപ്നം തകർന്നു വീണതിലുള്ള സന്തോഷം…രോഗബാധിതനായ അച്ഛന്റെ ആഗ്രഹമായിരുന്നു മകളുടെ കല്യാണം…അച്ഛന് വേണ്ടി അവൾ സമ്മതിച്ചു. ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ അറ്റൻഡർ ആയ പ്രമോദിന്റെ ഭാര്യയായ് അവളീ പടി ഇറങ്ങിയപ്പോൾ ശല്യമൊഴിഞ്ഞ ആശ്വാസം ആയിരുന്നു എനിക്ക്.
വിവാഹത്തിന് ശേഷം വല്ലപ്പോഴും മാത്രമാണ് അവൾ വരാറുള്ളത്. നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി ഒരിക്കൽ കാണാൻ പോയ എന്നെ അവളുടെ ഭർത്താവും വീട്ടുകാരും പരിഹസിച്ചതോടെ പിന്നെ ആ ഭാഗത്തേക് പോയില്ല…അവസാനം അവളിവിടെ വന്നത് അച്ഛൻ മരിച്ചപ്പോഴാണ്..ഒരു വർഷം മുൻപ്….എനിക്ക് ഇന്നും അതോർമ്മയുണ്ട്…ചടങ്ങുകളെല്ലാം കഴിഞ്ഞ ശേഷം ചേച്ചി എന്റെ അടുത്തു വന്ന് ഇരുന്നു…അന്നും ഞങ്ങൾക്ക് സംസാരിക്കാനൊന്നുമുണ്ടായിരുന്നില്ല..
“സാരമില്ല…ദൈവം വിളിച്ചാൽ പോകാതിരിക്കാൻ കഴിയില്ലല്ലോ…?”
ഏറെ നേരത്തേ നിശബ്ദതയ്ക്ക് ശേഷം അന്ന് അവൾ പറഞ്ഞു…
“നീ സങ്കടപ്പെടണ്ട…”
“ആർക്ക് സങ്കടം?” ഞാൻ പുച്ഛത്തോടെ ചിരിച്ചു..
“കിടപ്പിലായതിനു ശേഷം അച്ഛനെ നല്ല രീതിയിൽ തന്നെയാ ഞാൻ നോക്കിയത്..കുരുത്തംകെട്ടവൻ, മുടിയനായ പുത്രൻ, ഗുണം പിടിക്കാത്തവൻ തുടങ്ങി ഒരുപാട് പേരുകൾ എനിക്ക് സമ്മാനിച്ച അച്ഛനെ ഒരു കുട്ടിയെ എന്നപോലെ പരിചരിച്ചു. പിന്നെന്തിന് സങ്കടപ്പെടണം?.. ആഹാരം വാരിക്കൊടുത്തതും മ-ലവും മൂ-ത്രവും വൃത്തിയാക്കിയതും എല്ലാം ഞാൻ. പക്ഷേ കണ്ണടയുന്ന സമയത്തും മോളേ ശ്യാമേ എന്നാ അച്ഛൻ വിളിച്ചത്….ഞാൻ ഇത്രയും നാൾ കഷ്ടപ്പെട്ടതൊക്കെ വെറുതേ…അച്ഛന് മോള് തന്നെയാ വലുത്…എന്നും…”
ആത്മരോഷം അടക്കാനായില്ല അന്നെനിക്ക്…
“എന്റെ ജീവിതത്തെ കുറിച്ച് അച്ഛൻ ഒരിക്കലും ചിന്തിച്ചിട്ടില്ല..മോളുടെ കല്യാണം ഗംഭീരമാക്കാൻ നാടുനീളെ കടം വാങ്ങി. പോരാഞ്ഞിട്ട് ഈ വീടും പറമ്പും പണയപ്പെടുത്തി…ആ കടങ്ങളെല്ലാം തീർക്കാൻ രാപ്പകൽ ഇല്ലാതെ ഇന്നും ഞാൻ കഷ്ടപ്പെടുകയാ..പകരം തിരിച്ചു കിട്ടിയതോ?…നന്ദികേട് മാത്രം…നിന്റെ പുന്നാരകെട്ടിയോൻ പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല..അയാളെ കുറ്റപ്പെടുത്താൻ പറ്റില്ല, കാരണം സ്വന്തം അച്ഛനും ചേച്ചിക്കും ഇല്ലാത്ത സ്നേഹമൊന്നും പുറത്തുനിന്നുള്ള ഒരാൾക്ക് ഉണ്ടാവില്ലല്ലോ…”
അവൾ എന്തോ പറയാനൊരുങ്ങി..പക്ഷേ അപ്പോഴേക്കും ചടങ്ങുകളിൽ പങ്കെടുക്കാൻ വന്ന ആരോ വിളിച്ചു…അതോടെ സംഭാഷണം അവസാനിപ്പിച്ച് അവൾ മുറിവിട്ടിറങ്ങി…
അച്ഛൻ മരിച്ചതിന്റെ പതിനാറാം നാൾ ഇവിടെ നിന്നും പോയവളെ ഇന്നാണ് പിന്നെ കാണുന്നത്…വീട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായെന്നും അവൾ ദൂരെ ഒരു വാടകവീടെടുത്ത് താമസിക്കുകയാണെന്നും അവിടെ തന്നെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയാണെന്നും അറിഞ്ഞിരുന്നു. പക്ഷേ എന്നോട് ഒരു വാക്ക് പറയാഞ്ഞതിനാൽ അന്വേഷിക്കുകയോ ആ വഴി പോകുകയോ ചെയ്തില്ല…
ഇന്ന് എന്റെ ജീവിതം നൂലറ്റ പട്ടം പോലെ ലക്ഷ്യമില്ലാതെ പറക്കുകയാണ്…അച്ഛൻ ഉണ്ടാക്കിയ കടങ്ങൾ തീർക്കാൻ ജോലിക്ക് പോകുന്നു..കിട്ടുന്നതിന്റെ ഒരു പങ്ക് മ-ദ്യപിക്കാൻ എടുക്കുന്നു. അത്രമാത്രം…ഈ ഏകാന്തതയെ ഞാൻ പ്രണയിച്ചു കൊണ്ടിരിക്കുമ്പോൾ എന്തിനാണ് ഇവൾ വീണ്ടും വന്നത്? “
“നീ ഏതു ലോകത്താ?” ചേച്ചിയുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി..
“ഏയ്, പഴയതൊക്കെ ഓർത്തു ..”
ഞാൻ എഴുന്നേറ്റു..
“പോയി കുളിച്ചിട്ട് വാടാ..ചായ തണുത്ത് പോകും…”
ഞാൻ അനുസരിച്ചു…കുളി കഴിഞ്ഞ് വന്നപ്പോഴേക്കും മേശപ്പുറത്ത് ചൂട് ദോശയും കറിയും ചായയും നിരത്തി വച്ചിട്ടുണ്ട്…
“നീ കഴിക്കുന്നില്ലേ?” ഞാൻ എന്തുകൊണ്ട് അങ്ങനെ ചോദിച്ചു എന്നത് എനിക്കും അറിയില്ലായിരുന്നു.
അവൾ അത്ഭുതത്തോടെ എന്നെ നോക്കി…ആ കണ്ണുകൾ നിറഞ്ഞു…ഒന്നും മിണ്ടാതെ അവൾ അടുത്തിരുന്നു…പണ്ട് അവൾ കഴിക്കാൻ വരുമ്പോൾ ഞാൻ പ്ളേറ്റുമെടുത്ത് ഉമ്മറത്തേക്ക് പോകുന്ന രംഗം ഓർമയിലെത്തി…ഇതാ ജീവിതത്തിൽ ആദ്യമായി ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. സന്തോഷമാണോ സങ്കടമാണോ തോന്നേണ്ടത്….?
“നീയിപ്പോ സോമേട്ടന്റെ കൂടെ കൂലിപ്പണിക്കാ പോകുന്നത് അല്ലേ?”
അവൾ ചോദിച്ചു..
“ഉം…”
“ഇപ്പൊ ജോലിയൊക്കെ ഉണ്ടോ?”
“അത്യാവശ്യം ഉണ്ട്…”
“നിന്റെ കൂട്ടുകാരൻ ഷഫീഖ് ഗൾഫിൽ നല്ല നിലയിലാണല്ലോ…അവനോട് സഹായിക്കാൻ പറഞ്ഞൂടെ? നാട്ടിൽ നിന്നിട്ട് ഒരു കാര്യവുമില്ല..”
“ഓ എനിക്ക് ഇവിടിങ്ങനെ കഴിഞ്ഞു കൂടിയാൽ മതി.. വലിയ മോഹങ്ങളൊന്നുമില്ല..”
“നിനക്കൊരു കുടുംബമൊക്കെ വേണ്ടേ…? ഇങ്ങനെ കുടിച്ചു വല്ല അസുഖവും വന്നാൽ നോക്കാൻ പോലും ആരുമില്ല എന്ന് ഓർമ്മ വേണം..”
ഞാൻ മിണ്ടാതെ ഭക്ഷണം കഴിച്ചു തീർത്ത് എഴുന്നേറ്റ് കൈ കഴുകി…പിന്നെ തിരിച്ച് വന്നിരുന്നു…പാത്രങ്ങൾ കഴുകി വച്ച ശേഷം അവളും വന്നിരുന്നു..
“ഞാൻ ആലോചിക്കാറുണ്ട് എന്തുകൊണ്ടാ നമ്മൾ ഇങ്ങനെ ആയെന്ന്…ആകെ മൂന്ന് പേരുള്ള കുടുംബം..പക്ഷേ പരസ്പരം മിണ്ടാതെ, സ്നേഹിക്കാതെ എന്തിനാ ജീവിതം നശിപ്പിച്ചത്…?”
“ആര് ഞാനോ? കുട്ടിക്കാലം മുതൽ അവഗണിക്കപ്പെട്ടത് ഞാനല്ലേ..? ശ്യാമ നന്നായി പഠിക്കും സഞ്ജു മണ്ടനാ…എന്ന് കേൾക്കാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല…നീ കാരണം എന്നും അടിയും വഴക്കും…എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ആകില്ലായിരുന്നു…”..
ഒരു കരച്ചിൽ തൊണ്ടക്കുഴിയിലെത്തി വാക്കുകളെ തടസപ്പെടുത്തിയപ്പോൾ ഞാനൊന്ന് നിർത്തി ശ്വാസം വലിച്ചെടുത്തു..
“എന്റെ കൂട്ടുകാരുടെയൊക്കെ ചേച്ചിമാരും അനിയത്തിമാരും അവരോട് സ്നേഹത്തോടെ പെരുമാറുന്നത് കാണുമ്പോൾ ചങ്കു തകരുന്ന വേദനയാ…ഇവിടെ മാത്രം ഇങ്ങനെ….നിന്റെ വാക്കുകൾക്ക് മാത്രമായിരുന്നു ഇവിടെ വില…നിന്നെ ഒരിക്കൽ പോലും അച്ഛൻ തല്ലിയിട്ടില്ല..പക്ഷേ എന്നെയോ? “
അവൾ സഹതാപത്തോടെ എന്നെ നോക്കി..
“ഞാൻ പഠിച്ചത് ഒരു ജോലി വാങ്ങണം എന്ന ലക്ഷ്യം ഉള്ളത് കൊണ്ടാ..നിനക്കും ശ്രമിച്ചിരുന്നെങ്കിൽ സാധിക്കുമായിരുന്നു…അതിന് കഴിവ് ഉണ്ടായിരുന്നിട്ടും ചെയ്യാതിരുന്നത് എന്റെ തെറ്റാണോ? ഞാൻ കല്യാണം കഴിഞ്ഞ് ഏതെങ്കിലും ഒരുത്തന്റെ കൂടെ പോയി ജീവിക്കും…പക്ഷേ നല്ലൊരു ജോലി കിട്ടണമെങ്കിൽ നീ നന്നായി പഠിച്ചേ തീരൂ..അതുകൊണ്ട് അച്ഛൻ ദേഷ്യപ്പെട്ടു, തല്ലി…അതൊന്നും സ്നേഹമില്ലാഞ്ഞിട്ടല്ല. തന്നെ പോലെ മോനും കഷ്ടപ്പെടരുത് എന്നാഗ്രഹം ഉള്ളത് കൊണ്ടാ…നീ പക്ഷേ വാശി കാണിച്ചു…എന്നും അച്ഛനെ ധിക്കരിച്ചു തുടങ്ങി..ഭാര്യ മരിച്ചിട്ട് മക്കൾക്ക് വേണ്ടി വേറൊരു വിവാഹം പോലും കഴിക്കാതിരുന്ന ആ മനുഷ്യനെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ലായിരുന്നു..അതുകൊണ്ട് അച്ഛൻ പറയുന്നതൊക്കെ അനുസരിച്ചു..സ്വാഭാവികമായും എന്നോട് അടുപ്പകൂടുതൽ കാണിച്ചിട്ടുണ്ടാകും..ചെറുപ്പത്തിൽ നിനക്ക് വേർതിരിവ് അനുഭവപ്പെട്ടത് മനസിലാക്കാം. പക്ഷേ ഇന്നും നീ ഇതൊക്കെ മനസ്സിൽ വച്ചിട്ട് എന്നെ വെറുക്കുന്നുണ്ടോ?”
“എനിക്ക് വെറുപ്പൊന്നുമില്ല..”
“സ്നേഹമുണ്ടോ?”
“അത്…” ഞാൻ പതറി..
“ഇല്ല എന്നറിയാം..കാരണം നിനക്ക് ഞാനത് തന്നിട്ടില്ല…കൊടുത്തതല്ലേ തിരിച്ചു കിട്ടൂ….”
അവൾ ചുമരിലേക്ക് ചാരി കണ്ണുകൾ അടച്ചു..
“അമ്മയില്ലാത്ത അനിയന് അമ്മ ആകേണ്ടത് ചേച്ചിയാണ്. പക്ഷേ എനിക്ക് അതിന് കഴിഞ്ഞില്ല….നിന്നോട് സ്നേഹമൊക്കെ ഉണ്ടായിരുന്നെടാ…കുരുത്തക്കേടുകൾ അതിര് വിടുമ്പോ ഞാൻ പറഞ്ഞാൽ നീ കേൾക്കാത്തത് കൊണ്ടാ അച്ഛനെ അറിയിച്ചിരുന്നത്….എന്റെ ഭാഗം ന്യായീകരിക്കുന്നതൊന്നുമല്ല…എന്റെ കൂടെപ്പഠിച്ചിരുന്ന കുട്ടികളുടെയൊക്കെ അനിയന്മാരും അനിയത്തിമാരും അവരെ ചേച്ചീന്ന് വിളിക്കുമ്പോ നീ ഒരിക്കലെങ്കിലും അങ്ങനെ വിളിക്കുന്നത് കേൾക്കാൻ കൊതിച്ചിട്ടുണ്ട്..അത് സാധിക്കാതായപ്പോൾ ദേഷ്യം തോന്നി…അത്കൊണ്ട് മാത്രം സ്വയം ഒതുങ്ങിക്കൂടിയതാ…സ്നേഹം എന്നത് ഉള്ളിലൊതുക്കേണ്ടതല്ല എന്ന തിരിച്ചറിവ് ഇപ്പോഴാ വന്നത്. അപ്പോഴേക്കും ഒത്തിരി വൈകി….”
പിന്നെ നീണ്ട നിശബ്ദത…
“ഭർത്താവിനെ ഉപേക്ഷിക്കാൻ എന്തായിരുന്നു കാരണം?”
“അത് വിടെടാ..കഴിഞ്ഞതല്ലേ..?”.
“പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട..”
“ഏയ് ബുദ്ധിമുട്ടൊന്നും ഇല്ല…ആദ്യമൊക്കെ നല്ലതായിരുന്നു….പിന്നെ ചെറിയ ചില പ്രശ്നങ്ങൾ….അതങ്ങ് കൂടിക്കൂടി വന്നു…നീയന്ന് വീട്ടിൽ വന്നപ്പോൾ മോശമായി പെരുമാറിയതിനെ ഞാൻ ചോദ്യം ചെയ്തപ്പോൾ തൊട്ട് ഞാൻ അവർക്ക് ശത്രുവായി…എന്നും വഴക്ക്, ഉപദ്രവം…ഇങ്ങോട്ട് ഒന്ന് വരണമെങ്കിൽ കരഞ്ഞു കാലു പിടിക്കണം..അച്ഛൻ മരിച്ചിട്ട് പതിനാറ് ദിവസം ഇവിടെ നിന്നിട്ട് ഞാൻ തിരിച്ചു പോയ ദിവസം അവിടെ എത്തിയപ്പോൾ രാത്രി ആയി…ആ കുറ്റത്തിന് പിറ്റേന്ന് രാവിലെ വരെ എന്നെ പുറത്തു നിർത്തി…അതും പെരുമഴയത്ത്…..”
ഉള്ളിൽ അലയടിക്കുന്ന സങ്കടക്കടൽ അവളുടെ കണ്ണുകളിൽ എനിക്ക് കാണാമായിരുന്നു..
“പരമാവധി ഞാൻ സഹിച്ചു…ക്ഷമിച്ചു…പക്ഷേ എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ…അതുകൊണ്ട് രണ്ടും കല്പിച്ച് ഇറങ്ങി…”
“ഇങ്ങോട്ട് വരാമായിരുന്നല്ലോ? എനിക്ക് ഈ വീട് എഴുതി തന്നിട്ടൊന്നുമില്ല…”
അവൾ ചിരിച്ചു…
“അച്ഛൻ ഉണ്ടായിരുന്നെങ്കിൽ വന്നേനെ…പക്ഷേ എന്നെ ഇഷ്ടമല്ലാത്ത നിന്റെ അടുത്ത് വരുന്നതിനേക്കാൾ തനിച്ചാണ് നല്ലതെന്ന് തോന്നി…എന്നാലും ഇപ്പോൾ ഒത്തിരി ഹാപ്പി ആണ്..ചങ്ങലയ്ക്കിട്ട പട്ടിയെ പോലെ ജീവിക്കണ്ട…ഞാനും എന്നെപ്പോലെയുള്ള മൂന്ന് പേരും ചേർന്ന് വാടകയ്ക്ക് എടുത്ത വീടാ…സമാധാനം ഉണ്ട്…”
ഞാനൊന്നു മൂളി…വീണ്ടും ഞങ്ങൾക്കിടയിൽ മൗനം കനത്തു..
“സഞ്ജൂ ഞാനൊന്ന് ചോദിച്ചോട്ടെ…?”
“എന്താ..?”
“ഇനിയുള്ള കാലമെങ്കിലും നമുക്ക് സ്നേഹിച്ചൂടെ?…മനുഷ്യന്റെ കാര്യമല്ലേ, എപ്പോ വേണമെങ്കിലും എന്തും സംഭവിക്കാം….അതുകൊണ്ട് ആയുസ്സ് എത്തുന്നത് വരെ എങ്കിലും നിനക്ക് എന്റെ അനിയൻ ആയിക്കൂടെ?..എനിക്ക് വേറൊന്നും വേണ്ടെടാ….നിന്നെ ശല്യപ്പെടുത്താൻ ഇങ്ങോട്ട് ഇടയ്ക്കിടെ വരികയുമില്ല…വല്ലപ്പോഴും ഒരു ഫോൺ വിളി…സുഖമാണോ എന്ന വാക്ക്…മനസ് തളർന്നു പോയാൽ സാരമില്ല എല്ലാം ശരിയാകും എന്ന ആശ്വസിപ്പിക്കൽ..ഇത്രയൊക്കെ മതി..പറ്റില്ലെന്ന് പറയല്ലേ…പ്ലീസ്….”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…എനിക്ക് ഹൃദയത്തിൽ കൊളുത്തി വലിക്കുന്ന വേദന അനുഭവപ്പെട്ടു…എന്റെ രക്തമാണ് സ്നേഹത്തിന് വേണ്ടി യാചിക്കുന്നത്…എന്തൊരു നികൃഷ്ടനാണ് ഞാൻ…
“ഓണത്തിനും വിഷുവിനുമൊക്കെ നിനക്ക് ഒരു ജോഡി ഡ്രസ്സ് എങ്കിലും വാങ്ങി തരാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്..പക്ഷേ അതിനും ഞാൻ അയാളുടെ മുന്നിൽ കൈ നീട്ടണം…ജോലിക്ക് പോകണമെന്ന് കൊതിച്ചത് ഇതൊക്കെ കൊണ്ട് തന്നെയാ…”
അവൾ എഴുന്നേറ്റ് സാരിത്തുമ്പാൽ മുഖം തുടച്ചു..പിന്നെ കണ്ണാടിയിൽ നോക്കി മുടി ചീകി. അതിന് ശേഷം മേശപ്പുറത്ത് ഇരുന്ന കവർ എടുത്ത് എനിക്ക് നേരെ നീട്ടി….
“എന്തായിത്?”
“ഇന്നലെയാ ആദ്യത്തെ ശമ്പളം കിട്ടിയത്…ഉടനെ നിനക്കൊരു ഡ്രസ്സ് എടുത്തു… “
കുറ്റബോധത്തോടെ ഞാനത് വാങ്ങി..
“ഞാൻ പോട്ടെ?..ഒന്നുകൂടി ഞാൻ ആവശ്യപ്പെടുകയാ.. ഇനി കുടിക്കരുത്…മ–ദ്യം കൊണ്ട് ആളുകൾ നന്നായിട്ടില്ല..നശിച്ചിട്ടേയുള്ളൂ…..”
അവൾ ബാഗ് തോളിലിട്ടു പുഞ്ചിരിച്ചു, പിന്നെ വാതിലിനു നേരെ നടന്നു…
“ചേച്ചീ…” ഞാൻ പെട്ടെന്ന് വിളിച്ചു. അവൾ ഞെട്ടിത്തിരിഞ്ഞു..
“നീ..എന്താ വിളിച്ചത്?”
“ചേച്ചി പോകണ്ട..ഇവിടെ നിൽക്ക്..എനിക്ക്…എനിക്ക് വേറെ ആരുമില്ലല്ലോ…”
അവളുടെ തോളിൽ നിന്നും ബാഗ് നിലത്തേക്ക് ഊർന്ന് വീണു…അബോധാവസ്ഥയിൽ എന്നപോലെ അവൾ കസേരയിൽ ഇരുന്ന് എന്നെത്തന്നെ നോക്കി…പിന്നെ ഒരു കരച്ചിലായിരുന്നു…തുലാവർഷം പോലെ……
ബാല്യത്തിൽ അവളൊന്ന് കരഞ്ഞു കാണാൻ കൊതിച്ചിരുന്ന എനിക്ക് ഇന്ന് അത് കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. അടുത്ത് ചെന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ച് നെഞ്ചോട് ചേർത്തു.
എന്റെ ചേച്ചി….ആ വികാരം ആദ്യമായി മനസ്സിൽ മഞ്ഞുപെയ്യിക്കുകയാണ്…ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ എനിക്ക് ആകെ ഉള്ള ഒരാൾ…എന്തിനു വേണ്ടി ഇത്രയും കാലം അവഗണിച്ചു?..എന്തിന് വെറുത്തു…?ഇതുപോലെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ പ്രശ്നങ്ങളെല്ലാം തീരുമായിരുന്നില്ലേ? അനാഥരെ പോലെ രണ്ടു നാടുകളിൽ എന്തിന് കഴിഞ്ഞു? എന്തിന് ജീവിതം പാഴാക്കി?ഉത്തരങ്ങൾ തേടാതെ ഞാൻ അവളുടെ മുതുകിൽ തലോടിക്കൊണ്ടിരുന്നു…..
പെട്ടെന്ന്…ഒരു ശബ്ദം….എന്റെ മൊബൈൽ ശബ്‌ദിക്കുന്നതാണ്…
ശല്യം..ആരാണ് ഈ സമയത്ത്…? ഞാൻ ഫോൺ തപ്പിയെടുത്ത് കാതോട് ചേർത്തു…
“സഞ്ജൂ…ഞാൻ ഹരിതയാണ്…ഒന്നിങ്ങോട്ട് വരാമോ…? അവളുടെ കുറച്ചു സാധനങ്ങൾ ഇവിടെ ഒഴിഞ്ഞു പോയിട്ടുണ്ട്…എനിക്ക് ജോലിത്തിരക്ക് ആയത് കൊണ്ടാ..അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വന്നേനെ….”
കാൾ കട്ടായി…
“ചേച്ചിയുടെ കൂട്ടുകാരിയാ ഹരിത…അങ്ങോട്ട് പോണമെന്ന്..”
ചേച്ചി ഒന്നും മിണ്ടിയില്ല..ഞാൻ കണ്ണുതുറന്നു…ചുറ്റും ഇരുട്ട്….
ചേച്ചിയെവിടെ?.. ലൈറ്റിന്റെ സ്വിച്ച് തപ്പി ഓൺ ചെയ്തു… ആരുമില്ല…. പക്ഷേ ഓറഞ്ച് നിറമുള്ള ഒരു സാരി ഞാൻ നെഞ്ചോട് ചേർത്തു പിടിച്ചിട്ടുണ്ട്….എന്റെ ചേച്ചിയുടെ സാരി…തലയിണയുടെ മീതെ ഒരു ഡയറി…അതിലെ അവസാന പേജിലെ വരികൾ…..
“സഞ്ജൂ….എന്നോട് ക്ഷമിക്ക് മോനേ…ഇനിയുള്ള കാലമെങ്കിലും നിനക്ക് നല്ലൊരു ചേച്ചിയായി..അതിലുപരി അമ്മയായി ജീവിക്കണമെന്നുണ്ട്…പക്ഷേ ദൈവം സമയം തരുമെന്ന് തോന്നുന്നില്ല…സാരമില്ലെടാ…അടുത്ത ജന്മം ഞാൻ നിന്റെ ചേച്ചിയായി തന്നെ ജനിക്കും…നിന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും…എന്നെ വെറുക്കാതിരുന്നാൽ മതി…പറ്റുമെങ്കിൽ അച്ഛന്റെയും അമ്മയുടെയും അടുത്ത് തന്നെ എനിക്കുറങ്ങാൻ ഇടം തരണം…..അനാഥയെ പോലെ എവിടെങ്കിലും എരിഞ്ഞു തീരാൻ പേടി ആയതു കൊണ്ടാ…..
ഒത്തിരി സ്നേഹത്തോടെ നിന്റെ ചേച്ചി….”
ചുട്ടുപഴുത്ത കണ്ണുനീരിൽ കുതിർന്ന ആ പേജിലൂടെ ഞാൻ വിരലോടിച്ചു…പിന്നെ ജനൽ തുറന്നിട്ടു…തണുത്ത കാറ്റ് മുറിയിലേക്ക് ഇരച്ചു കയറി…
അവിടെ അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറയ്ക്ക് അരികിൽ രണ്ടാഴ്ച മുൻപ് ജന്മമെടുത്ത ഒന്ന് കാണാമായിരുന്നു….ചേച്ചി ഉറങ്ങുകയാണ്…ശാന്തമായി….സമാധാനമായി…..
ഡയറിയിൽ ചേച്ചിയുടെ ജീവിതമായിരുന്നു…അമ്മയില്ലാതെ വളർന്ന ഒരു പെൺകുട്ടി നേരിട്ട ബുദ്ധിമുട്ടുകൾ…അനിയനോട് സ്നേഹം പ്രകടിപ്പിക്കാൻ കഴിയാതിരുന്നതിലുള്ള കുറ്റബോധം…കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ….ഭർത്താവിന്റെ വീട്ടിലെ ദുരനുഭവങ്ങൾ…അവിടുന്ന് സ്വാതന്ത്ര്യം നേടിയെടുത്ത് വാശിയോടെ ജീവിക്കാനുള്ള ശ്രമം…പക്ഷേ അതിനെ തടഞ്ഞു കൊണ്ട് വിധി കാണിച്ച ക്രൂ-രത….തന്റെ ഹൃദയമിടിപ്പുകൾ ഓരോ ദിവസവും ദുർബലമാവുകയാണ് എന്ന തിരിച്ചറിവ്….ഒരിക്കൽ കൂടി അനിയനെ കാണണമെന്നും മതിമറന്നു സ്നേഹിക്കണമെന്നും ഉള്ള ആഗ്രഹം…..പക്ഷേ….
സ്വകാര്യബസിൽ യുവതി കുഴഞ്ഞു വീണു മരിച്ചു എന്ന വാർത്ത നഗരത്തിലെ ബാ-റിലെ ടിവിയിൽ കാണുകയായിരുന്ന ഞാൻ അറിഞ്ഞില്ല, വെറും ഒന്നര കിലോമീറ്റർ അകലെ വച്ച് നടന്ന ഈ ദാരുണമായ സംഭവത്തിൽ പൊലിഞ്ഞത് എന്റെ ചേച്ചിയാണെന്ന്….എന്നെ കാണാൻ വേണ്ടി കൂട്ടുകാരി ഹരിതയോടൊപ്പം വരികയായിരുന്നു ചേച്ചി…എന്നാൽ വിധി രണ്ടാമത് ഒരവസരം നൽകാൻ തയ്യാറായിരുന്നില്ല…ആരിൽ നിന്നോ നമ്പർ സംഘടിപ്പിച്ച് ഹരിത എന്നെ ഫോൺ ചെയ്ത് വിവരമറിയിച്ചു…ഞാൻ ചെന്നപ്പോഴേക്കും ചേച്ചിയെ വെള്ളത്തുണിയിൽ പൊതിഞ്ഞ് യാത്രയ്ക്ക് ഒരുക്കിയിരുന്നു…..
“വൈകിപ്പോയല്ലോ സഞ്ജൂ…..” പൊട്ടിക്കരച്ചിലോടെ ഹരിതചേച്ചി പറഞ്ഞു…
“ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കുമ്പോൾ നീയെങ്ങനെ പ്രതികരിക്കും എന്നൊക്കെ സങ്കൽപ്പിച്ചു കൊണ്ട് എന്റെ തൊട്ടടുത്തിരുന്നവളാ…ബസ്റ്റാന്റിൽ ഇറങ്ങാൻ നേരം തലകറങ്ങുന്നു വെള്ളം വേണം എന്നു പറഞ്ഞു..പിന്നെ നിലത്തേക്ക് വീഴുകയായിരുന്നു…നിന്നെയൊന്നു കാണാൻ പോലും അവൾക്ക് പറ്റിയില്ലല്ലോ….”
ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി. ഉറങ്ങുകയാണ്….എഴുന്നേൽക്കട്ടെ…വച്ചിട്ടുണ്ട് ഞാൻ….എന്നെ കാണാൻ നിന്നില്ലല്ലോ….ഒന്ന് ശാസിക്കാൻ പോലും ആരുമില്ലാത്തവന്റെ വേദന മനസിലാക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ ഇതിന് മുൻപേ എന്റെ അടുത്തേക്ക് വന്നേനെ…
പക്ഷേ വാശി…അതെങ്ങനാ, എന്റെയല്ലേ ചേച്ചി….ഞാനാ കവിളിൽ ഒന്ന് തലോടി….ബുദ്ധിവികസിക്കാത്ത കാലത്ത് ഇവളൊന്ന് മരിച്ചു പോകണേ ദൈവമേ എന്ന് പ്രാർത്ഥിച്ചത് മനസിലേക്ക് ഓടിയെത്തിയപ്പോൾ ഞാൻ അടിമുടി വിറച്ചു…കണ്ണുകളിൽ ഇരുട്ട് കയറി….ചേച്ചിയുടെ തണുത്ത ദേഹത്തേക്ക് വീഴുമ്പോൾ ആരൊക്കെയോ ഓടി വരുന്നത് അവ്യക്തമായി ഞാൻ കണ്ടു…
********************
“നിന്റെ ചേച്ചിയെ കുറിച്ച് ഞാൻ പറഞ്ഞു തരുന്നത് വിഡ്ഢിത്തമാണെന്നറിയാം…”
ഹരിതചേച്ചിയുടെ ശബ്ദം പതിഞ്ഞിരുന്നു….സംസ്കാരം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വാടകവീട്ടിൽ നിന്നും ചേച്ചിയുടെ സാധനങ്ങളുമായി വന്നതായിരുന്നു അവർ…ആദ്യശമ്പളം കിട്ടിയപ്പോൾ ചേച്ചി എനിക്കായി വാങ്ങിയ മുണ്ടും ഷർട്ടും അതിൽ ഉണ്ടായിരുന്നു…
“നിങ്ങളെ കുറിച്ചോർക്കുമ്പോൾ ഒത്തിരി സങ്കടമുണ്ട്…കൂടെയുള്ളപ്പോൾ വെറുത്തും വഴക്കിട്ടും മനസുകൊണ്ട് ഒത്തിരി അകന്നു….ഒടുവിൽ അടുക്കാൻ തീരുമാനിച്ചപ്പോൾ ആയുസ്സ് തന്നെ ഇല്ലാതായി…ചില നേരത്ത് ദൈവം ക്രൂ-രത കാണിക്കും…”
“ദൈവം ക്രൂ-രനല്ല ഹരിത ചേച്ചീ…” ഞാൻ അവരെ നോക്കി…
“എനിക്ക് ആ സ്നേഹം അനുഭവിക്കാനുള്ള അർഹത ഇല്ല…കാരണമില്ലാത്ത ദേഷ്യം കൊണ്ടുനടന്നവൻ ഞാനാ… “
“അല്ല സഞ്ജൂ…നിനക്കും അവളോട് ഉള്ളിന്റെ ഉള്ളിൽ സ്നേഹം ഉണ്ടായിരുന്നു…പക്ഷേ നിങ്ങൾക്ക് രണ്ടുപേർക്കും അത് പ്രകടിപ്പിക്കാൻ അറിഞ്ഞില്ല…നിങ്ങളുടെ അമ്മ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു….സ്നേഹം പുറത്ത് കാണിച്ചിട്ടില്ലാത്ത അച്ഛൻ വളർത്തിയ മക്കൾ ഇങ്ങനെ ആയില്ലെങ്കിലേ അതിശയമുള്ളൂ…സാരമില്ല…അവളുടെ ആഗ്രഹം പോലെ അടുത്ത ജന്മത്തിലെങ്കിലും സ്നേഹത്തോടെ ജീവിക്കാൻ നിങ്ങൾക്ക് കഴിയട്ടെ……”
ഹരിതചേച്ചിയുടെ വാക്കുകൾ ഇന്നും കാതിൽ മുഴങ്ങുന്നു…
അങ്ങനെയൊന്ന് ഉണ്ടാകുമോ?…അറിയില്ല…
ഞാനാ സാരി എടുത്ത് നിവർത്തി..എന്നെകാണാൻ വേണ്ടിയുള്ള ചേച്ചിയുടെ അവസാനയാത്രയ്ക് മുൻപ് ധരിച്ചിരുന്നതാണ്…ഞാനത് മുഖത്തോട് അടുപ്പിച്ചു…എന്റെ കൂടപ്പിറപ്പിന്റെ ഗന്ധം….മൂന്ന് വയസ്സ് മൂപ്പ് ഉള്ളവളെ ചേച്ചി എന്ന് വിളിക്കില്ല എന്ന പ്രതിജ്ഞ എന്നേ മറന്നു കഴിഞ്ഞു….ഇന്ന് ഓരോ ശ്വാസത്തിലും ഞാൻ ചേച്ചീ എന്ന് വിളിക്കുന്നുണ്ട്..പക്ഷേ അത് കേൾക്കാൻ കൊതിച്ചവൾ കൂടെയില്ല…ഒരു നിമിഷത്തേക്ക് എങ്കിലും അവൾ തിരിച്ചു വന്നെങ്കിൽ ആ കാലിൽ പിടിച്ചു മാപ്പ് പറയാമായിരുന്നു…….
സാരിയിൽ മുഖം പൂഴ്ത്തി ഞാൻ ഉറക്കെ കരഞ്ഞു..കേൾവിക്കാരില്ലാത്ത ഒരു അനാഥന്റെ കരച്ചിൽ…..
അസ്ഥിത്തറകൾ കടന്നു വന്ന് എന്നെ തഴുകുന്ന കാറ്റിൽ കരച്ചിൽ പതിയെ അലിഞ്ഞു ചേർന്നു…
❤