ഒരു പോസിറ്റീവ് റിപ്ലൈ പ്രതീക്ഷിച്ചില്ലെങ്കിലും ഇത്തരത്തിൽ ഒരു കളിയാക്കൽ നിറഞ്ഞ മറുപടി പ്രതീക്ഷിക്കാതെ ഇരുന്നത് കൊണ്ട്….

Story written by Sajitha Thottanchery
=======================

ഫാമിലി കോർട്ടിൽ നിന്നും കേസ് കഴിഞ്ഞു ഇറങ്ങുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി അഞ്ജലി വരുണിനെ കണ്ടത്. മുന്നിൽ വന്നു പെറ്റു പോയത് കൊണ്ട് ഒഴിഞ്ഞു മാറാനും പറ്റിയില്ല.

“താനെന്താടോ ഇവിടെ” വർഷങ്ങൾക്കിപ്പുറം കണ്ട പരിചയം പുതുക്കാനായി വരുൺ ചോദിച്ചു.

“അത്…ഞാനിവിടെ….” മറുപടി പറയാനായി അഞ്ജലി പരുങ്ങുന്ന കണ്ടപ്പോൾ ആ ചോദ്യം വേണ്ടായിരുന്നു എന്ന് വരുന്നിന് തോന്നി.

“നമ്മൾ കണ്ടിട്ട് കുറെ ആയില്ലേ. സത്യം പറഞ്ഞാൽ തന്റെ കല്യാണത്തിന് ശേഷം ഇപ്പോഴാ നമ്മൾ കാണുന്നത് അല്ലേ?” വിഷയം മാറ്റാൻ എന്നവണ്ണം വരുൺ പറഞ്ഞു.

“അതെ വരുൺ. നാലു വർഷം കഴിയുന്നു നമ്മൾ കണ്ടിട്ട്.” അഞ്ജലി പറഞ്ഞു.

“സുഖമല്ലേ തനിക്ക് “?വരുൺ ചോദിച്ചു.

അതെ എന്ന അർത്ഥത്തിൽ അഞ്ജലി തലയാട്ടി. അവളുടെ മുഖത്തു തന്നെ അവൾ പറഞ്ഞത് കള്ളമായിരുന്നെന്നു വ്യക്തമായിരുന്നു.

പണ്ടത്തെ ആ ഐശ്വര്യമൊക്കെ ആ മുഖത്തു നഷ്ടമായിരിക്കുന്നെന്നു വരുൺ മനസ്സിലോർത്തു. ഓഫീസിൽ പുതിയതായി ജോയിൻ ചെയ്ത സുന്ദരി പെൺകുട്ടി തന്റെ മനസ്സിൽ കയറി പറ്റിയതും, ഒരു വർഷത്തോളം മനസ്സിൽ കൊണ്ട് നടന്നതിനു ശേഷം കൂടെ ഉള്ളവരുടെ നിർബന്ധപ്രകാരം അവളെ പോയി പ്രൊപ്പോസ് ചെയ്തതുമൊക്കെ അവന്റെ മനസ്സിൽ മിന്നി മാഞ്ഞു.

“എനിക്ക് തന്നെ ഇഷ്ടമാണ്….തനിക്ക് എതിർപ്പൊന്നും ഇല്ലെങ്കിൽ ഞാൻ എന്റെ വീട്ടുകാരെ കൂട്ടി തന്റെ വീട്ടിലേക്ക് ആലോചനയുമായി വന്നോട്ടെ?” ഒരു ദിവസം ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു സീറ്റിലേക്ക് നടക്കുന്നതിനിടയിൽ വരുൺ അഞ്ജലിയോട് ചോദിച്ചു.

കളിയാക്കിയ പോലുള്ള ഒരു ചിരി ആയിരുന്നു ആദ്യ പ്രതികരണം

“ഇവിടുത്തെ ജോലി കൊണ്ട് കിട്ടുന്ന ശമ്പളം വച്ചു എങ്ങനെ ജീവിക്കാനാ വരുൺ. ഞാൻ എന്റെ വീട്ടിൽ ഒറ്റ മോളാ. കുറച്ചൂടെ ബെറ്റർ ആയ ഒരു ലൈഫ് ആണ് ഞാൻ പ്രതീക്ഷിക്കുന്നത്. വരുണിന്റെ വീട്ടിലെ സാഹചര്യം ഒന്നും എനിക്ക് പറ്റില്ല. ഇവിടെ നിന്ന് കിട്ടുന്ന സാലറി എനിക്ക് അറിയാലോ. ഇതും വച്ചു എന്ത് ചെയ്യാനാ ” അഞ്ജലിയുടെ മറുപടി പെട്ടെന്നായിരുന്നു.

ഒരു പോസിറ്റീവ് റിപ്ലൈ പ്രതീക്ഷിച്ചില്ലെങ്കിലും ഇത്തരത്തിൽ ഒരു കളിയാക്കൽ നിറഞ്ഞ മറുപടി പ്രതീക്ഷിക്കാതെ ഇരുന്നത് കൊണ്ട് അവൻ നിന്ന നിൽപ്പിൽ ഭൂമിക്കടിയിൽ പോയ പോലെ ആയിപ്പോയി. അവന്റെ കാഴ്ചപ്പാടിൽ ജീവിക്കാൻ ഉള്ള വരുമാനം ഒക്കെ അവനുണ്ട്. ഒരുപാട് സമ്പാദ്യം ഒന്നും ഇല്ലെങ്കിലും കടങ്ങൾ ഒന്നും ഇല്ലാതെ, വീട്ടിലെ കാര്യങ്ങളും നോക്കി സമാധാനമായി പോകുന്ന ലൈഫ് ആണ് അവന്റെ. അഞ്ജലി ആണെങ്കിൽ ഇടത്തരം കുടുംബം ആണെന്നാണ് അവനും തോന്നിയിട്ടുള്ളത്. അത് കൊണ്ടാണ് ഇത്രേം ധൈര്യത്തിൽ അവൻ അവളോട് ചോദിച്ചതും.

“നീ അത് വിട്ടേക്കെടാ. അവൾക്ക് വരുന്ന കല്യാണലോചനകൾ മുഴുവൻ നടക്കാതെ പോകുന്നത് ഇവളുടെ പിടിവാശി കൊണ്ടാണെന്നു അവളുടെ വീടിനടുത്തുള്ള ഒരു ചേട്ടൻ എന്നോട് ഇന്നലെ ആണ് പറഞ്ഞത്. നേരത്തെ അറിഞ്ഞിരുന്നേൽ നമുക്ക് ഈ സംസാരം തന്നെ ഒഴിവാക്കായിരുന്നു. സാരല്യ. അവൾ പോട്ടെ.” ഒരാഴ്ച്ചക്ക് ശേഷവും അവന്റെ വിഷമം മാറാതെ കണ്ടപ്പോൾ കൂടെ ജോലി ചെയ്യുന്ന ശരത് പറഞ്ഞു.

“ഏയ്, അവൾ വേണ്ട എന്ന് പറഞ്ഞതിൽ എനിക്ക് വല്യേ വിഷമം ഒന്നുമില്ല. പക്ഷേ പറഞ്ഞ രീതി, എനിക്ക് എന്നെ പറ്റി ഉള്ള കോൺഫിഡൻസ് മൊത്തത്തിൽ പോയ പോലെ” എന്തോ ആലോചിച്ചു വരുൺ പറഞ്ഞു.

അവിടന്ന് കുറച്ചു മാസങ്ങൾക്ക് ശേഷം അവൾ ആഗ്രഹിച്ച പോലെ ഉള്ള ഒരു ബന്ധം അവൾക്ക് വന്നതും കല്യാണം ശരിയായതുമൊക്കെ എല്ലാവരോടും വന്നു പറയുന്ന കേട്ടപ്പോൾ താൻ ചെറുതാകുന്ന പോലെ വരുണിനു തോന്നി. ഒരിക്കലും അവളോട് പോയി ഒന്നും പറയരുതായിരുന്നു എന്ന് പോലും അവൻ ചിന്തിച്ചു. അവിടെ ഉള്ള കൂട്ടുകാർ നിർബന്ധിച്ചത് കൊണ്ട് മാത്രം ആയിരുന്നു അവൻ ആ കല്യാണത്തിന് പോലും പോയത്.

“വരുൺ എന്താ ഇവിടെ?” അഞ്ജലിയുടെ ആ ചോദ്യത്തിലാണ് അവൻ ഓർമകളിൽ നിന്നും ഉണർന്നത്.

“എന്റെ വൈഫ്‌ ഇവിടെയാണ് വർക്ക് ചെയ്യുന്നത്. അവളെ കൂട്ടാൻ വന്നതാ.” ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു.

“വരുണിന്റെ കല്യാണം കഴിഞ്ഞത് ആരോ പറഞ്ഞു ഞാൻ അറിഞ്ഞിരുന്നു. കുട്ടി ഇവിടെയാണോ ജോലി ചെയ്യുന്നത്. ” അഞ്ജലി ചോദിച്ചു.

“അതെ, അവൾ അഡ്വക്കേറ്റ് ആണ്. ഇപ്പൊ ഇവിടെ ആണ്. ഞാൻ ജോലി കഴിഞ്ഞു തിരിച്ചു പോകുമ്പോൾ കൂടെ കൂട്ടും.” അവൻ പറഞ്ഞു.

“നമ്മുടെ പഴയ ഓഫീസിൽ തന്നെ ആണോ വരുൺ ഇപ്പോഴും”. അഞ്ജലി ചോദിച്ചു.

“അതെ, അവിടെ തന്നെ. അവിടെ എന്താ കുഴപ്പം. ജീവിക്കാൻ ഉള്ള വരുമാനം ഒക്കെ അവിടന്ന് കിട്ടും. പിന്നെ പൈസ അല്ലാലോ എല്ലാം”. കഴിഞ്ഞ കാര്യങ്ങൾ ഓർത്തു പോയ അവന്റെ നാവിൽ നിന്നും അറിയാതെ മറുപടി വീണു.

“അല്ല ഞാൻ അങ്ങനെ ഉദ്ദേശിച്ചു ചോദിച്ചതല്ല. വെറുതെ ചോദിച്ചതാ”. അഞ്ജലി പറഞ്ഞു.

“അയ്യോ, ഞാനും ഒന്നും ഉദ്ദേശിച്ചില്ല ട്ടോ, സോറി, അറിയാതെ അങ്ങ് വന്നു പോയതാ” ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു.

“എന്തെങ്കിലും ഉദ്ദേശിച്ചാലും എനിക്ക് കുറ്റം പറയാൻ പറ്റില്ല. എന്റെ ചിന്തകളും തെറ്റായിരുന്നെന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു. വരുണിനെ മാത്രം അല്ല, ഒരുപാട് പേരെ ഞാൻ കളിയാക്കിയിട്ടുണ്ട്. അവസാനം….. ” അവൾ പകുതിയിൽ നിറുത്തി.

“അതൊക്കെ പോട്ടെ. ലൈഫ് ഇനിയും ബാക്കി അല്ലേ. തന്നെ പറ്റി കൂടുതൽ ഞാൻ ചോദിക്കുന്നില്ല. എന്ത് തന്നെ ആയാലും മുന്നോട്ട് നന്നായി തന്നെ ജീവിക്കു.” വരുൺ പറഞ്ഞു.

“പോകാം വരുൺ…. ” ശ്യാമ വന്നു വരുണിന്റെ തോളിൽ തട്ടി പറഞ്ഞു.

വരുൺ ശ്യാമയെ അഞ്‌ജലിക്ക് പരിചയപ്പെടുത്തി. തന്നെ അവൻ പറഞ്ഞു അവൾക്ക് അറിയാമെന്നു അവളുടെ പെരുമാറ്റത്തിൽ അഞ്‌ജലിക്ക് മനസ്സിലായി. അല്പസമയത്തിന് ശേഷം അവളോട് യാത്രയും പറഞ്ഞു കളിചിരികളോടെ പോകുന്ന ശ്യാമയെയും വരുണിനേയും കണ്ടപ്പോൾ അഞ്‌ജലിക്ക് കുറച്ചൊരു കുറ്റബോധം തോന്നാതിരുന്നില്ല…..

~Sajitha Thottanchery