കല്യാണന്ന് കേട്ടാലെങ്കിലും ഇവക്കൊരു പക്വതേം ബോധോമൊക്കെ ഉണ്ടാകുമല്ലോ എന്ന് കരുതിയാണ് നല്ല ആലോചന വല്ലതും ഉണ്ടെങ്കിൽ കൊണ്ടരാൻ ദിവാകരേട്ടനോട് പറഞ്ഞത്…

എഴുത്ത്: അമ്മാളു

എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ ഈ പെണ്ണിതെന്ത് ഭവിച്ചോണ്ടാ കിടന്നുറങ്ങുന്നേ…നാളെ നേരം മറ്റൊരു വീട്ടിൽ ചെന്ന് കയറേണ്ട മൊതലാ..നേരം എത്രയായിന്ന് വല്ല വിചാരവും ഉണ്ടോ ഈ കുരിപ്പിന്.. ആളുകൾ ഒക്കെ വരാനും പെണ്ണിനെ അന്നോഷിക്കാനും തുടങ്ങി. ഇതുവല്ലതും ഈ കുട്ടിപ്പിശാശ്ശറിയുന്നുണ്ടോ.

ഇവളെ ഞാനിന്ന്….?

കല്യാണിയമ്മ അടുക്കളയിൽ നിറച്ചു വെച്ച ബക്കറ്റിൽ നിന്നും ഒരു കപ്പ് വെള്ളം കൊണ്ടന്ന് പാർവതിയുടെ തലവഴി കമഴ്ത്തി.

പെട്ടന്നുള്ള ആക്രമണം ആയിരുന്നതിനാലും മുന്നിൽ അമ്മയായതിനാലും ചാടിയെണീറ്റവൾ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു. ഒപ്പം മുന്നിൽ സംഹാരരുദ്രയായി നിൽക്കുന്നത് അമ്മയാണെന്ന് ബോധ്യമായപ്പോൾ കക്ഷി വേഗം നനഞ്ഞൊട്ടിയ തലമുടി കോതിക്കൊണ്ട് ഒരു വളിച്ച ചിരി പാസ്സാക്കി കല്യാണിയമ്മക്ക് നേരെ.

പെട്ടന്ന് അത് കണ്ടപ്പോൾ അമ്മയുടെ മുഖത്തും നേരിയ ഒരു ചിരി പടർന്നെങ്കിലും അവരത് പുറമെ ഭാവിച്ചില്ല. പകരം അവളുടെ ചെവിക്ക് പിടിച്ചു മുറിക്ക് പുറത്തേക്ക് നടന്നു.

കല്യാണന്ന് കേട്ടാലെങ്കിലും ഇവക്കൊരു പക്വതേം ബോധോമൊക്കെ ഉണ്ടാകുമല്ലോ എന്ന് കരുതിയാണ് നല്ല ആലോചന വല്ലതും ഉണ്ടെങ്കിൽ കൊണ്ടരാൻ ദിവാകരേട്ടനോട് പറഞ്ഞത്.

കാള പെറ്റൂന്ന് കേക്കാൻ നിന്ന മാതിരി ദിവാകരേട്ടൻ കേട്ടപാതി കേക്കാത്തപാതി അങ്ങേരടെ ലിസ്റ്റിൽ ഉള്ള ഒരു നിര തന്നെ അമ്മക്ക് മുന്നിൽ നിരത്തി.

അമ്മയും അച്ഛനും പിന്നെ പറയണോ പത്തരമാറ്റ് തങ്കം തന്നെ തിരിഞ്ഞെടുക്കുന്നതിന്റെ തിരക്കിലായിരുന്നു.

എന്തായാലും ഒരേയൊരു മകളല്ലേ അപ്പൊ സെലക്ഷൻ ങ്ങനായാലും തെറ്റില്ല എന്ന് പാർവതിക്ക് നന്നേ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയും അവൾ ആ ഭാഗത്തേക്ക്‌ ശ്രദ്ധിക്കാനേ നിന്നില്ല.

എല്ലാം ശരിയാവുമ്പോ അവര് തന്നെ കാര്യങ്ങളുടെ കിടപ്പുവശം തനിക്ക് നേരെ എറിഞ്ഞോളും എന്നറിയാവുന്നതിനാൽ ഇടയ്ക്കിടെ ചെന്ന് അമ്മയെ ശല്യപ്പെടുത്താനും കക്ഷി മുതിർന്നില്ല.

ആ സമയം കൂടി അവൾ തന്റെ അലമ്പത്തരങ്ങൾക്ക് മാറ്റ് കൂട്ടാൻ കൂട്ടുകാരോടൊത്ത് പിന്നിടുന്ന ദിവസങ്ങൾ ആഘോഷമാക്കാൻ തന്നെ തീരുമാനിച്ചു. എന്തായാലും, വിചാരിച്ചപോലെ തന്നെ അച്ഛനും അമ്മയും തനിക്കായി പ്രതിശ്രുത വരനെ അവൾക്കായി തിരഞ്ഞെടുക്കുകയും തങ്ങളുടെ വിവാഹനിശ്ചയം നടത്തുകയും ചെയ്തു.

അങ്ങനെ കല്യാണം നടത്താൻ ആറുമാസക്കാലയളവ് വേണന്നുള്ള കരാറിൽ ഇരുവീട്ടുകാരും തമ്മിൽ ഒപ്പുവെക്കുകയും അത് വരേ വധു വരന്മാരെ നാട്ടുനടപ്പനുസരിച്ച് “പ്രേമം” എന്ന കോഴ്സ് പഠിപ്പിക്കാനും തീരുമാനിച്ചു.

കാര്യം എന്തൊക്കെയാണേലും തങ്ങളുടെ മകൾ ഇന്നേവരെ ഒരു പുരുഷകേസരിയെ പോലും പ്രേമിച്ചിട്ടില്ലെന്നും പ്രേമം എന്നത് എന്താണെന്ന് പോലും അറിവില്ലാത്തതുമായ കുഞ്ഞു പൈതലാണ് അവളെന്നും മാത്രം വിശ്വസിച്ചു പോന്നിരുന്ന അച്ഛനുമമ്മയ്ക്കും അവളെ സാധാരണ പെൺകുട്ടികളെ പോലെ കാലുകൊണ്ട് കളം വരയ്ക്കുന്ന ഒരു നാട്ടിന്പുറത്തുകാരി പെൺകൊച്ചാക്കാനും ലവലേശം പക്വത തൊട്ടുതീണ്ടാത്തവളെ എല്ലാം ഒന്നിരുത്തി പഠിപ്പിക്കാന്നൊക്കെ വിചാരിച്ചായിരുന്നു ആറു മാസക്കാലയളവിന് ഒപ്പ് വെച്ചതെന്ന് അമ്മായിമാരോട് അമ്മ പറയുന്നത് കേട്ടപ്പോൾ സത്യം പറഞ്ഞാൽ പാർവ്വതിക്ക് കിളി പോയ അവസ്ഥയായിരുന്നു.

“പ്രേമമെന്നാലെന്താണ് പെണ്ണേ “എന്ന് ഏതോ സിനിമയിൽ രാജുവേട്ടൻ പാടിയപോലെ ന്യു ജെൻ പ്രേമങ്ങളും അതിനൊത്ത തേപ്പിനും വാർപ്പിനും കോൺക്രീറ്റ് ചെയ്യലാരുന്നു തങ്ങളുടെ മകൾക്ക് ഇക്കഴിഞ്ഞ നാല് കൊല്ലം കോളേജിൽ പണി എന്ന് എന്തെ ഹതഭാഗ്യരായ ആ മാതാപിതാക്കൾ അറിഞ്ഞില്ലിതുവരെ എന്നവൾ അവളോട് തന്നെ ഒരു നിമിഷം ചോദിച്ചു പോയി.

ങ്ഹാ എല്ലാം തന്റെ വിധി എന്ന് കരുതി സമാധാനിക്കാം എന്നവൾ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും ഉള്ളിലൊരായിരം വർണപ്പൂത്തിരി കത്തുന്ന സന്തോഷമായിരുന്നുവപ്പോൾ പാർവതിക്ക്.

അങ്ങനെ ആറു മാസം വീണ്ടും അലമ്പതരത്തിനുള്ള ലൈസൻസ് കിട്ടിയ സന്തോഷത്തിൽ അവൾ ആ നാളുകൾ ആഘോഷമാക്കി.

അതിനിടയിൽ ചെക്കൻ വീട്ടുകാർ തന്ന പുതിയ സ്മാർട്ട്‌ ഫോൺ കൊണ്ട് ഭാവി വരനുമായുള്ള ശൃംഗാരസല്ലാപങ്ങളും നല്ല രീതിക്ക് മുന്നോട്ടു കൊണ്ടുപോകാനും കക്ഷി മറന്നില്ല.

അങ്ങനെ എങ്ങനെയൊക്കെയോ നിശ്ചയിച്ചുറപ്പിച്ച കരാറിന്റെ കാലാവധി കഴിഞ്ഞു
ചോദിച്ചു വാങ്ങിയ സമയം കഴിയാൻ പോകുവാണെന്നറിഞ്ഞിട്ടും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പെണ്ണിനെ കൊണ്ട് കളം വരപ്പിക്കാനും നേരത്തും കാലത്തും എഴുന്നേൽപ്പിക്കാനും മാത്രം കല്യാണിയമ്മക്ക് സാധിച്ചില്ല.

അവർ അന്നാദ്യമായി ആറു മാസക്കരാറിൽ ഒപ്പ് വെച്ചുപോയതിനെ കുറിച്ചോർത്ത് പശ്ചാത്തപിച്ചു. വിചാരിച്ച സംഗതികളൊന്നും മകളിൽ പയറ്റാൻ അവർക്ക് കഴിഞ്ഞില്ല എന്നത് തന്നെയായിരുന്നു അതിന് കാരണവും.

ദൈവമേ നാളെ തൊട്ട് അമ്മായിയമ്മയുടെ വായിലിരിക്കുന്ന ചീത്തവിളിക്ക് ഇവൾ വഴിയൊരുക്കുമ്പോൾ നാമമാത്രമാകേണ്ടി വരുന്നത് താനായിരിക്കുമല്ലോ എന്നോർത്ത് കല്യാണിയമ്മക്ക് തെല്ലൊരൊന്നാന്തരം ആശങ്ക തന്നെ ആയിരുന്നു മനസ്സിലുടനീളം.

അങ്ങനെ വിവാഹം കഴിഞ്ഞ് വധൂവരന്മാർ യാത്രയായി. വധുവിന്റെ വീട്ടിൽ നിന്നും വരന്റെ വീട്ടിലേക്ക് അത്യാവശ്യം നല്ല ദൂരമുണ്ടായിരുന്നതിനാൽ കല്യാണം കഴിഞ്ഞ് നാലാംനാൾ ആണ് പെണ്ണ് വീട്ടുകാർക്കുള്ള വിരുന്ന് ഒരുക്കിയിരുന്നത്.

എന്നാൽ ഒറ്റയടിക്ക് കാര്യങ്ങൾ തീർക്കേണ്ടതിനു പകരം ഏത് നേരത്താണാവോ ദേവ്യേ ഈ വിരുന്ന് സൽക്കാരം നാലു നാൾ വരെ നീട്ടാൻ തോന്നിയതെന്നോർത്ത് അന്ന് കല്യാണിയമ്മ ചിന്താകുലയായതിന് പകരം ഇന്ന് ചിന്താകുലനായത് പാവം ചെറുക്കന്റച്ഛനായിരുന്നു.

കാരണം വർഷങ്ങളിത്രയായിട്ടും ഉറക്കപ്പിശാശായ ഭാര്യേ വെള്ളംകുടം കമിഴ്ത്തി തലേലൊഴിച്ചു എണീപ്പിക്കുന്ന ഒരു ഹതഭാഗ്യനായ ഭർത്താവാണല്ലോ താൻ എന്ന് ലംബോദരൻ ഒരു നിമിഷം ചിന്തിച്ചു പോയി.

സീതേ… എടി സീതേ….

ലംബോദരന്റെ ഒച്ചയെടുത്തുള്ള ആ വിളിയിൽ അവരൊന്ന് മൂളിയെങ്കിലും മേത്തു കിടന്ന പുതപ്പിനാൽ തലവഴി ഒന്നൂടതൊന്നു മൂടി വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.

ഇവളെ ഞാനിന്ന്….?

ലംബോദരൻ അടുക്കളയിൽ നിറച്ചു വെച്ച വെള്ളംകുടം കൊണ്ടന്ന് സീതയുടെ തലവഴി കമിഴ്ത്തിയപ്പോഴാണ് സ്ഥലകാലബോധം വീണ്ടെടുത്ത അവർ ഒറ്റച്ചാട്ടത്തിനെണീറ്റ് കുത്തിയിരുന്നത്. ശേഷം പ്രിയതമനെ നോക്കിയൊരു വളിച്ച ചിരിയും പാസ്സാക്കി കുളിമുറി ലക്ഷ്യം വെച്ചൊരോട്ടമായിരുന്നു.

വെറും ഇരുപത്തിയേഴ് വയസ്സ് മാത്രം പ്രായമുള്ള നിന്റെ കല്യാണം ഇത്ര പെട്ടന്ന് നടത്തിയത് തന്നെ വന്നു കയറുന്ന മരുമകളെ വിചാരിച്ചെങ്കിലും നിന്റെ അമ്മയുടെ ഈ നശിച്ച ഉറക്കം മാറുമല്ലോ എന്ന് കരുതിയ എനിക്ക് എട്ടിന്റെ പണിയാണല്ലോടാ പൊന്നുമോനെ നീയും തന്നത്.

അതെന്താണച്ഛാ എന്ന മട്ടിൽ പ്രതീഷ് അച്ഛനെ നോക്കിയപ്പോളാണ് അച്ഛൻ തന്റെ മുറിക്കുള്ളിലേക്ക് നോക്കി നെടുവീർപ്പിടുന്നത് കണ്ടത്.

അപ്പോഴാണ് കുടം കമഴ്ത്തൽ പ്രക്രിയക്ക് അച്ഛന്റെ പാത തന്നെ തനിക്കും പിൻതുടരാൻ ഉള്ള മൊതല് തന്നാണല്ലോ തന്റെ മുറിയിലും കിടന്നു കൂർക്കം വലിക്കുന്നതെന്നോർത്തപ്പോൾ ലംബോദരന്റെ ആ നോട്ടത്തിനു മുന്നിൽ ലെവലേശം ഉളുപ്പില്ലാതെ ഇളിക്കാൻ മാത്രെമേ അപ്പോൾ പ്രതീഷിനു സാധിച്ചുള്ളൂ.

അതേ സമയം മുറിക്കു പുറത്ത് അമ്മായിയച്ഛന്റെയും ഭർത്താവിന്റെയും സംസാരശകലം ഒരു വരി പോലും വിടാതെ കാതോർത്തു കിടക്കുന്ന പാര്വ്വതിയപ്പോൾ മകളെ ചട്ടം പഠിപ്പിക്കാൻ ആറുമാസക്കരാറിന് ഒപ്പ് വെച്ച കല്യാണിക്കുട്ടിയെ ഓർത്ത് തലയിണയിൽ മുഖമമർത്തി ചിരി കടിച്ചമർത്താൻ പാട് പാടുപെടുകയായിരുന്നു…

**********

വെറുതെ തട്ടിക്കൂട്ടിയതാന്.. പോരായ്മകൾ വേണ്ടുവോളം ഉണ്ട്.. ആയതിനാൽ കൂട്ടുകാർ ഈ ഒരു തവണതേക്ക് ക്ഷമിക്കണം..?
ഒപ്പം ഒരു വരി എനിക്കായ്…?