പ്രണയം
Story written by ADARSH MOHANAN
വിച്ചുവേട്ടാ എന്തേലും ഒരു മറുപടി താ. ഏട്ടനൊന്നു മൂളിയാൽ മതി ഞാൻ എത്ര നാൾ വേണേലും കാത്തിരുന്നുകൊള്ളാം, അതോ എന്നെ മനപ്പൂർവ്വം ഒഴിവാക്കുന്നതാണോ? ആണെങ്കിൽ പറഞ്ഞോളൂ ഒരിക്കലും ഞാനൊരു ശല്യമായി വരില്ല, ഇനി എന്നെക്കാൾ യോഗ്യതയുള്ള മറ്റൊരുത്തിയെ…
പറഞ്ഞു തീരും മുൻപെ വിഷ്ണു അവളുടെ ചുണ്ടുകൾ വലം കൈ കൊണ്ട് പൊത്തി അവന്റെ കലങ്ങിയ ഇരുമിഴികളും ചെമ്പരത്തിപ്പൂ നിറമായിരുന്നു
“മാളു എനിക്ക് നിന്നെ ഇഷ്ടമാണ് എന്റെ ജീവനേക്കാൾ ഏറെ എന്നാൽ അതിനേക്കാൾ ഇഷ്ടമാണ് എനിക്കെന്റെ എച്ചുനെ അവളെ സുരക്ഷിതമായ കൈകളിലേൽപ്പിക്കാതെ ഞാൻ എന്നെക്കുറിച്ച് ചിന്തിക്കുക പോലുമില്ല
എന്റെ അവസ്ഥ നിനക്കറിയാലോ കടങ്ങളെല്ലാം വീട്ടിവരുന്നതേ ഉള്ളു അടുത്തയാഴ്ച എച്ചുന്റെ ഓപ്പറേഷനാണ് കടം വാങ്ങി കുത്തുപാളയെടുത്തു നിൽക്കുന്ന എനിക്ക് നിന്റെ ജീവിതം വെച്ച് പന്താടുവാൻ കഴിയില്ല എന്നത്തേയും പോലെ ഒഴിഞ്ഞു മാറാനാണ് എനിക്കിഷ്ടം ഒരു വാക്കിന്റെ പുറത്ത് നിന്നെ തളച്ചിടുവാനും മാത്രം ശേഷിയെനിക്കില്ലാത്തതുകൊണ്ടാണ്
മനസ്സിലെ മോഹങ്ങൾ ഉപേക്ഷിക്കണം എന്നെയോർത്ത് ജീവിതം പാഴാക്കരുത് നല്ല ശോഭനമായൊരു ഭാവി നിന്നിൽ ഞാൻ കാണുന്നുണ്ട് “
ഉള്ളംകൈയ്യിലിരുന്ന് അവളുടെ ചുണ്ടുകൾ വിറക്കും പോലവനു തോന്നി അവളുടെ കണ്ണിൽ നിന്നും ഊർന്നിറങ്ങിയ നീർത്തുള്ളികൾ അവന്റെ വലതുകരത്തിനെ പൊള്ളലേൽപ്പിച്ചു സന്ധ്യമയങ്ങും മുൻപേ അവൻ വീട്ടിലേക്ക് തിരിച്ചു
ഉമ്മറത്ത് വീൽ ചെയറിൽ ഇരുന്ന് വാരിക വായിക്കുകയായിരുന്നു എച്ചു അവന്റെ മുഖത്ത് മെനെഞ്ഞെടുത്ത കൃത്രിമമായ പുഞ്ചിരിയുടെ അഭിനയം എച്ചു കൃത്യമായി വായിച്ചെടുത്തു . കുളിക്കാനൊരുങ്ങും മുൻപേ എച്ചുവിന്റെ കാലിൽ പുരട്ടുവാനുള്ള കുഴമ്പുമായവൻ അവളുടെ അരികത്തായ് ഇരുന്നു
“അങ്ങനെ ആ കാര്യത്തിന് ഒരു തീരുമാനമുണ്ടാക്കിയല്ലേ വിച്ചുട്ടാ?”
ചോദ്യം കേൾക്കുമ്പോഴും അവന്റെ മുഖത്ത് ഭാവവ്യത്യാസമൊന്നും ഉണ്ടായില്ല അവൻ കുഴമ്പ് ഉള്ളംകൈയ്യിലെടുത്ത് അവളുടെ കാലുകൾ തിരുമ്മിത്തുടങ്ങി
” ഇന്നലെ നീ അത് പറഞ്ഞപ്പോഴേ ഞാനൂഹിച്ചു, എന്തായാലും നല്ല കൊച്ചാർന്നു, നിങ്ങള് തമ്മില് നല്ല ചേർച്ചയും ഉണ്ടാർന്നു, ആ കുട്ടിക്ക് നല്ല വിഷമമായിക്കാണും അല്ലേടാ ? എന്നാലും വേണ്ടാർന്നു “
കുഴമ്പു പുരണ്ട കൈകൾക്ക് അവന്റെ കണ്ണുനീരിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല അവനത് കാവി ഷർട്ടിന്റെ തലപ്പു കൊണ്ട് തുടച്ചു നീക്കി മുഖത്ത് പുഞ്ചിരി മെനെഞ്ഞെടുത്തു കൊണ്ട് മറുപടി പറഞ്ഞു
” എടി എച്ചു ചേച്ചി , നീയെന്നെ തളർത്താൻ നോക്കാണല്ലേ? നിന്നെ കെട്ടിച്ച് വിട്ടിട്ടേ ഞാൻ കെട്ടണുള്ളു. പിന്നെ ആ കൊച്ച് നല്ല രീതിയിൽ നല്ല സാഹചര്യത്തിൽ നല്ല ഭക്ഷണം കഴിച്ച് വളർന്നവളാ, നമ്മുടെ മുക്കാലടുപ്പില് വേവണ റേഷനരിയൊന്നും അവൾക്ക് പിടിക്കില്ലാ. അതു കൊണ്ട് മോള് കൂടുതൽ സെൻറിയടിക്കല്ലേട്ടാ “
എച്ചുവിന്റെ മുഖത്ത് നേർത്ത പുഞ്ചിരി വിടർന്നു അവൾ സംസാരിച്ചു തുടങ്ങി
” ഉവ്വാ, തളർവ്വാതം പിടിച്ച കാലുള്ള എനിക്ക് ഇനിയൊരു വിവാഹമോ? എന്റെ ആദിമുത്തപ്പാ നീയിത് കേൾക്കുന്നില്ലേ?
നടക്കും, നടക്കും…. മോൻ നോക്കിയിരുന്നോ , ആ മോഹമൊക്കെ ഉപേക്ഷിച്ചിട്ട് വർഷങ്ങളായി “
വിഷ്ണു ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു അവൻ വീൽചെയർ തള്ളി നിരക്കിയവളെ മുറിക്കുള്ളിലെ അലമാരിക്ക് മുൻപിൽ കൊണ്ട് നിർത്തി അലമാരിയിലെ കണ്ണാടിക്കുള്ളിലെ പ്രതിബിംബത്തെ നോക്കിയവൻ സംസാരിച്ച് തുടങ്ങി
” എച്ചു , ഈ കാണുന്നതാണ് കഴകംപ്പിള്ളിയിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി , ഇവൾ എന്റെ മുത്ത സോദരിയാണ്, സ്ത്രീധനത്തിന്റെ കച്ചവടക്കരാറുറപ്പിച്ച് വരുന്ന ഒരുത്തനും ഞാനിവളെ വിട്ടുകൊടുക്കില്ല, ഇവളുടെ സുന്ദരമായ മുഖത്തിനുള്ളിലെ സുന്ദരമായ മനസ്സു കണ്ടു മോഹിച്ച് വരുന്നവനെ ഞാനെന്റെ അളിയനാക്കും”
പറഞ്ഞു തീരുമ്പോൾ അവളുടെ കണ്ണിൽ നിന്നും ആനന്ദാശ്രുപതിച്ചു ഒരിക്കലും നടക്കാത്ത കാര്യമാണെന്നവൾക്കുറപ്പുണ്ടായിരുന്നെങ്കിലും അവനെ നിരാശപ്പെടുത്താനവൾ മുതിർന്നില്ല
ഇലട്രിക്ക് പോസ്റ്റിൽ ഫ്യൂസ് വരിഞ്ഞുമുറുക്കുന്നതിനിടയിൽ അവന്റെ സുഹൃത്തായ രാഹുൽഅവനെ കാണാനെത്തി രാഹുലിന്റെ മുഖത്തെ നിരാശയുടെ കാരണമവൻ തിരക്കി
” അളിയാ ഞാൻ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു മാളു നിന്റെ കാര്യം അവളുടെ ഏട്ടനോട് തുറന്നു പറഞ്ഞില്ല, നിന്നോട് വാദിച്ചു നിന്നെങ്കിലും എന്റെ മനസ്സാഗ്രഹിച്ചതും അത് തന്നെയാണ് അവളുടെ ഏട്ടന് നിന്നെക്കുറിച്ചെല്ലാം അറിയാമെന്ന് റഷീദേട്ടൻ എന്നോട് പറഞ്ഞു. എന്നിട്ടും അനന്ദേട്ടൻ അവളോട് ഒന്നും ചോദിച്ചതുമില്ല അവളൊട്ടും പറഞ്ഞതുമില്ല”
വിഷ്ണു ഭാവവ്യത്യാസമില്ലാതെ പുഞ്ചിരിച്ചു നിന്നു ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഏണിയെടുത്ത് മടക്കി സൈക്കിളിന്റെ പിൻസീറ്റിൽ സ്ഥാനമുറപ്പിച്ചു കൊണ്ടവൻ സംസാരിച്ച് തുടങ്ങി
“ഇപ്പോഴും ജയിച്ചത് ഞാനല്ലേടാ, അവളത് പറയില്ലെന്ന് എനിക്ക് നന്നേ ഉറപ്പുണ്ടായിരുന്നു, കാരണം അവൾക്ക് അവളുടെ ഏട്ടനെ അത്രക്ക് ജീവനാണ് . അനന്ദേട്ടന് 15 വയസ്സുള്ളപ്പോൾ അച്ഛനേം അമ്മേനേം ഒരുമിച്ച് നഷ്ടമായതാണ് പറക്കമറ്റ കൈക്കുഞ്ഞിനെ വളർത്തി വലുതാക്കി ഇന്ന് ഈ സ്ഥിതിയാലെത്തിച്ചത് അങ്ങേരുടെ ഒറ്റ പ്രയത്നം കൊണ്ട് മാത്രമാണ്, ഇന്ന് നാട്ടുകാരെല്ലാം അയാളുടെ ഉയർച്ചയിൽ അസൂയപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം അദ്ദേഹത്തിന്റെ കഴിവു മാത്രമാണ്. ഇത്രയൊക്കെ കഷ്ടപ്പെട്ട് അവളെ ഇത്രത്തോളമാക്കിയ ഏട്ടനെ വാക്കു കൊണ്ടെന്നല്ല ഒരു നോക്കു കൊണ്ട് പോലും നോവിക്കില്ല അതാണെടാ രക്തബന്ധം. എനിക്കവളെയോർത്ത് അഭിമാനമാണിപ്പോൾ തോന്നുന്നത് “
” പ്രണയത്തിനും സൗഹൃദത്തിനുമപ്പുറമാണ് രക്തബന്ധത്തിന്റെ സ്ഥാനം അത് അങ്ങിനയേ പാടുള്ളൂ”
വിച്ചുവിന്റെ വാക്കുകൾ കേട്ടപ്പോൾ രാഹുലിന്റെ മുഖത്ത് പുച്ഛഭാവമാണുണർന്നു വന്നത് അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
“രക്ത ബന്ധം മണ്ണാങ്കട്ട “
വിഷ്ണു അത് കേട്ടിട്ടും കേൾക്കാത്ത ഭാവം നടിച്ചു നിന്നു ദീർഘ നിമിഷത്തെ മൗനത്തിനു ശേഷം രാഹുൽ വീണ്ടും വാചാലനായി
“അന്ത്യശ്വാസം വലിച്ച് ആശുപത്രിയിക്കിടക്കയിൽ കിടന്നപ്പോൾ കണ്ടില്ല ഞാൻ ഈപ്പറഞ്ഞ രക്തബന്ധത്തെ, ചത്തോ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും അന്വേഷിച്ചിട്ടില്ല അമേരിക്കയിലുള്ള എന്റെ ബിസ്സിനസ്സ്മാൻ ഏട്ടൻ, പിന്നെയുണ്ടൊരുത്തി അയലത്തേക്ക് കെട്ടിച്ചയച്ചവൾ നാട്ടു വിവരങ്ങൾ അന്വേഷിച്ച് നടക്കണ പഞ്ചായത്ത് മെമ്പർ എല്ലാം കഴിഞ്ഞ് കാണാൻ വന്നിരുന്നു ഞാൻ പറഞ്ഞു ചത്തിട്ടില്ല എന്ന്
അനങ്ങാൻ കഴിയാതെ ആശുപത്രിയിൽ കിടക്കുമ്പോഴും എച്ചു ന്റെ മാല പണയം വെച്ച് എന്റെ ഓപ്പറേഷനുള്ള പൈസ കൊണ്ടുവന്നത് നീയല്ലേടാ ക ഴുവേറി, കൂടെപ്പിറന്ന ഒരെണ്ണത്തിനേം ഞാൻ കണ്ടില്ല അന്ന്, അതു കൊണ്ട് രക്ത ബന്ധത്തിന്റെ മഹത്വം നീ എന്നോട് പറയരുത് “
പറഞ്ഞു തീരുമ്പോൾ രാഹുലിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി വിച്ചു അവനെ മാറോട് ചേർത്തു
“ടാ കുരിപ്പെ നീ എനിക്ക് അന്യനാണോടാ എന്റെ അമ്മ വാരിത്തന്ന ചോറ് എന്നേക്കാൾ കൂടുതൽ തിന്നിട്ടുള്ളത് നീയല്ലേടാ ഒരു വയറിൽപ്പിറന്നില്ലേലും നീ എനിക്ക് കൂടപ്പിറപ്പല്ലാതെ പോകുമോ? നീ വീട്ടിലേക്ക് വാ അമ്മ നൂലപ്പം ഇണ്ടാക്കീണ്ട് നൂലപ്പക്കൊതിയനെയും കൊണ്ട് ചെല്ലാൻ പറഞ്ഞ് വിളിച്ചിണ്ടാർന്നു “
സൈക്കിൾ ഉന്തിക്കൊണ്ട് രണ്ടാളും വീട്ടിലേക്ക് നടന്നു ഉമ്മറത്തെത്തിയപ്പോൾ അകലേ നിന്നും പരിചിതമല്ലാത്ത മുഖങ്ങൾ ഉമ്മറത്തിണ്ണയിൽ കണ്ടു അടുത്ത് വന്നപ്പോൾ മനസ്സിലായി മാളുവിന്റെ ഏട്ടനും പിന്നെ കുറച്ച് ബന്ധുക്കളും ആയിരുന്നു അവന്റെ മനസ്സിൽ സംശയങ്ങൾ ഉണർന്നു
“പണി തരാൻ വന്നതാണോ? ഏയ്യ് അല്ല എല്ലാർടേം മുഖത്ത് സന്തോഷം മാത്രമാണ് , ഈശ്വര ഇനി എനിക്ക് വേണ്ടി മാളുനെ അലോചിക്കാൻ വന്നതാണോ?”
മുഖത്തൽപ്പം ഗൗരവമുണർത്തിക്കൊണ്ട് അവൻ ഉളളിലേക്ക് കടന്നു ചെന്നു, അനന്ദുവിന്റെ മുഖത്തേക്ക് നോക്കി ഒന്നു പുഞ്ചിരിച്ചു, രാഹുൽ പിന്നാമ്പുറത്തേക്ക് ഓടി അടുക്കളയിൽ സ്ഥാനം ഉറപ്പിച്ചു പലഹാരങ്ങൾ പ്ലേറ്റിൽ നിരത്തിക്കൊണ്ടിരുന്ന അമ്മയോടവൻ കാര്യം തിരക്കി
“അമ്മേ നമ്മുടെ വിച്ചൂന് വന്ന ആലോചനയാണോ?
അമ്മ മുഖം കേറ്റിപ്പിടിച്ചിട്ട് അവനെയൊന്നു പിച്ചി, എന്നിട്ട് പറഞ്ഞു
“ഒന്നു പോടാ ചെക്കാ , ആരെങ്കിലും ആണ് കാണാൻ വരോ ആലോചനയും കൊണ്ട്? ഇത് എച്ചൂ നെ കാണാൻ വന്ന പയ്യനാ…എല്ലാം അറിഞ്ഞിട്ട് വന്നതാ അവന് അവളെ നേരത്തേ അറിയാമത്രേ കോളേജിൽ പഠിക്കുമ്പോ അവൾടെ സീനിയർ ആയിരുന്നു “
വീട്ടിലെ തിരക്കുകളൊന്നും എച്ചു അറിയുന്നുണ്ടായിരുന്നില്ല ഇരുളടഞ്ഞ മുറിയിൽ അവൾ ഒറ്റക്ക് വിഷാദയായ് ഇരിക്കുന്നുണ്ടായിരുന്നു പിറകിൽ കാൽപ്പെരുമാറ്റം കേട്ടവൾ തിരിഞ്ഞു നോക്കി. അനന്ദു ആയിരുന്നു അത്
” ദുർഗ്ഗ എന്നെ മനസ്സിലായോ? എങ്ങനെ മനസ്സിലാകാനാണ് തന്നെ ഇഷ്ടമാണെന്നു പറഞ്ഞ അനേകം ചെറുപ്പക്കാരിൽ ഒരുവൻ, അന്നു ഞാൻ എം ബി എ ഫൈനൽ ഇയറിൽ പഠിക്കുകയായിരുന്നു. ഇന്നുവരെ ഞാൻ പറഞ്ഞ ഇഷ്ടത്തിന് നീ മറുപടി പറഞ്ഞിട്ടില്ല, ഇന്നതിന് ഒരു തീർപ്പുണ്ടാകുമെന്ന് വിശ്വസിക്കുന്നു
ഇത്രയും കാലം എന്തുകൊണ്ട് അന്വേഷിച്ച് വന്നില്ല എന്ന് നീ ചോദിച്ചാൽ എനിക്ക് മറുപടിയൊന്നുമില്ല കേട്ടോ. ഇപ്പോഴാണ് ഉചിതമായ സമയം എന്ന് എനിക്ക് തോന്നി കുടുംബഭാരം ചുമലിലേൽക്കുമ്പോഴും മനസ്സിന്റെ ഒരു മൂലയിൽ നിന്നെ ഞാൻ സൂക്ഷിച്ചിരുന്നു, നിനക്കിഷ്ടമാണെങ്കിൽ ഞാൻ കൊണ്ടു പൊക്കോട്ടെ നിന്നെ എന്റെ ജീവിതത്തിലേക്ക്? ആലോചിച്ചിട്ട് മറുപടി തന്നാൽ മതി ഞാൻ കാത്തിരുന്നോളാം”
ഉമ്മറത്തിണ്ണയിൽ ഇരുന്ന് അമ്മാവൻമാരുമായി സംസാരിച്ചിരുക്കുന്ന വിഷ്ണുവിന്റെ അരികിലേക്ക് അനന്ദു നടന്നടുത്തു എന്നിട്ടവനോടായ് പറഞ്ഞു
“ഒരു പന്തലിൽത്തന്നെ രണ്ട് വിവാഹം നടത്തണമെന്നാണ് എന്റെ ആഗ്രഹം ഇനി ദുർഗ്ഗയുടെ മറുപടി എന്തു തന്നെയായാലും അതിലൊരു വിവാഹം നടക്കുക തന്നെ ചെയ്യും, എന്താവശ്യത്തിനും എന്നെ വിളിക്കാൻ മടിക്കരുത് “
വിച്ചു സ്വപ്ന ലോകത്തിലെന്ന പോലെ സ്തംഭിച്ചു നിന്നു ആഹ്ലാദം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി .
അപ്പോഴും എച്ചു പുസ്തകങ്ങൾക്കിടയിൽ എന്തൊക്കെയോ തപ്പുന്നുണ്ടായിരുന്നു, അവളുടെ മനസ്സ് ആനന്ദത്താൽ ആർമ്മാദിക്കുന്നുണ്ടായിരുന്നു വെപ്രാളത്തിൽ തിരഞ്ഞുകൊണ്ടിരുന്ന ഡയറിയവൾ പൊടി തട്ടിയെടുത്തു , തനിക്ക് കിട്ടിയ നൂറുകണക്കിന് പ്രേമ ലേഖനങ്ങളും കത്തിച്ചു കളഞ്ഞപ്പോൾ ഒന്നവൾ മയിൽപ്പീലിയിൽ പൊതിഞ്ഞ് സൂക്ഷിച്ച് വെച്ചിരുന്നു
മുഷിഞ്ഞ ആ കടലാസു കഷ്ണമവൾ എടുത്ത് വായിച്ചു ആയിരം തവണ ആവർത്തിച്ചു വായിച്ചപ്പോഴും തോന്നാത്ത ഒരു പുതുമ അവൾക്കപ്പോൾ തോന്നിയിരുന്നു
” ഹൃദയം കവർന്നവൾക്കെന്റെ ഹൃദയം സമർപ്പിക്കുന്നു സൂക്ഷിച്ചാലും ഇല്ലെങ്കിലും ഒരു നാൾ ഞാനത് തിരിച്ചു ചോദിക്കുവാൻ വരും അന്ന് നീ എനിക്ക് നിന്റെ ഹൃദയം തിരിച്ച് നൽകേണ്ട അതിനുള്ളിൽ നിറഞ്ഞു നിന്ന നിന്റെ പ്രണയം എനിക്ക് നൽകണം”
എന്ന് അനന്ദു
പാതി ഉറുമ്പരിച്ച ആ കടലാസു കഷ്ണത്തിലേക്ക് അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീരടർന്നു വീണു അവൾ മനസ്സിൽ പറഞ്ഞു
വിച്ചു നീ പറഞ്ഞ പോലെ എന്റെ സുന്ദരമായ മനസ്സിനേ എന്നേക്കാൾ അധികം സ്നേഹിക്കുന്ന ആളെ ഞാൻ കണ്ടു ഇന്ന്, ഞാൻ പറയാതെ പോയ എന്റെ ആദ്യ പ്രണയം, എന്റെ അനന്ദുവേട്ടൻ